Skip to main content

Posts

Showing posts from 2015

താക്കോൽ പഴുത്

എല്ലാറ്റിനും അപ്പുറം വീടുവരെ തെരുവ് വലിച്ചു നീട്ടുന്ന  ഒരാൾ അയാൾ വലിച്ചു നീട്ടിയ തെരുവിനും   വീടിനും  ഇടയിലെ ഒരു വിടവ് വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു അതിലെ  വീർപ്പുമുട്ടിയ താക്കോൽ പഴുത് താക്കോൽ ഇല്ലാത്ത നേരം നോക്കി വീടിന്റെ നഗ്നത വാതിലിന്റെ അത്രയും ഉയരത്തിൽ  അഴിച്ചു വെച്ച്  നിഴലിന്റെ നീളം വെച്ച  കുപ്പായം എടുത്തിട്ട് വൈകുന്നേരത്തിലേയ്ക്ക്  ഇറങ്ങി പോകുന്നു വരിമുറിച്ചുവിറ്റു ജീവിക്കുന്ന കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ മുറിച്ചു കടന്നു ചിതറിപ്പോയ കാലുകളിൽ നിന്നും  ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന ഉടഞ്ഞുപോയ ഭൂപടങ്ങൾ ചുറ്റിക്കടന്നു വെയിൽ അവസാനിച്ചു  നിഴൽ തുടങ്ങുന്നതിന്റെ ഓരത്ത് കൂടി അതിന്റെ  അരികിന്റെ തുന്നൽ പോലെ നടന്നു പോകുന്നു ജീവിതവുമായുള്ള തയ്യൽ വിട്ടത് പോലെ  ഒരാൾ സ്വയം കീറി പറിഞ്ഞ ഒരാൾ ജീവിതത്തിന്റെ താക്കോൽ കളഞ്ഞുപോയ ഒരാൾ കണ്ടു കിട്ടിയ താക്കോൽ കണ്ടെടുക്കുന്നത് പോലെ താക്കോൽ പഴുത് കുനിഞ്ഞെടുക്കുന്നു സ്വന്തം മുറിയിൽ വൈകി വന്നു കയറുന്ന താമസക്കാരനെ  പോലെ വന്നു  കയറി താമസിച്ചു തുടങ്ങുന്നു നീണ്ടു നിവർന്ന ഒരുറക്

കൊലുസ്സ് നഷ്ടപ്പെട്ട പെണ്‍കുട്ടി

വെറും കാൽനടയായി നിന്റെ കൊലുസ്സിലേയ്ക്ക് തീർത്ഥാടനം നടത്തുന്ന സഞ്ചാരിയായിരുന്നു ഞാൻ നീയോ എന്നെ തിരഞ്ഞു നടക്കുന്നതിനിടയിൽ കൊലുസ്സ് നഷ്ടപ്പെട്ട പെണ്‍കുട്ടിയും നീ എന്നെയും ഞാൻ നിന്റെ കൊലുസ്സിനെയും തിരഞ്ഞുനടക്കുന്നതിനിടയിൽ വല്ലാതെ കൂട്ടിമുട്ടിപോകുന്ന നമ്മുടെ പാദങ്ങൾ ഘടികാരങ്ങളെ മാത്രം വലം വെച്ച് കടന്നു പോകുന്ന സമയം ഓരോ വലത്തും കാലത്തിനു സമ്മാനിക്കുന്ന ഗണപതി ഉമ്മകൾ ചെമ്മരിയാടുകൾ മേയുന്ന കുന്നിൻ ചെരുവുകളിൽ കളഞ്ഞുപോയ നിന്റെ കൊലുസ് കിലുക്കം കൊടുത്തു വളർത്തുന്ന പള്ളിമണികൾ അവനാലുമണിപ്പൂക്കളെ പോലെ വിരിഞ്ഞു തുടങ്ങുന്ന വൈകുന്നേരങ്ങൾ ആ വൈകുന്നേരങ്ങളിലൊന്നിൽ ചില മണികൾ മാത്രം നിനക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ കൂട്ടമണിയടിച്ചു തുടങ്ങുന്നു..

കുടയ്ക്ക് തീ പിടിക്കുമ്പോൾ

ഇന്നലെയിൽ നിന്ന് നിന്നിലേയ്ക്ക് നടന്നു വരികയായിരുന്നു ഞാൻ ആകാശത്ത് അർദ്ധവൃത്താകൃതിയിൽ ചന്ദ്രക്കല താഴെ അതെ ആകൃതിയിൽ മണ്ണിൽ വീണുകിടക്കുന്ന നിലാവ് ഒരു ജാലകത്തിന്റെ ചതുരം പിടിച്ചു നിലാവിൽ ചവിട്ടാതെ രാവ്  കടക്കുന്ന പുലരി ആ പുലരിയിലെ ഒരു സഞ്ചാരിയായി ഞാൻ തിരിഞ്ഞു നോക്കുമ്പോൾ തെരുവ് നിറയെ വീടുകളുടെ  ആകൃതിയുള്ള കാൽപ്പാടുകൾ നിന്നിലേയ്ക്കുള്ള അകലം അത്രയും അലിഞ്ഞു ഒറ്റരാത്രി കൊണ്ട്  ശുദ്ധജലമായി ഭൂമിയിൽ അത്രമാത്രം കുറയുന്ന ദൂരം കടന്നു പോകുന്ന വാഹനങ്ങളുടെ ജാലകങ്ങളിൽ തൊട്ടടുത്ത്‌ ഒട്ടിച്ചിരിക്കുന്ന അതാത്  യാത്രക്കാരുടെ ലക്ഷ്യങ്ങൾ ഞാൻ നിന്റെ വളരെ അടുത്ത് അടുത്ത് വരുന്തോറും എന്റെ കൂടുന്ന ഭ്രാന്ത്‌ അതിൽ നീ ദൂരെനിന്നും വളർത്തുന്ന ചോപ്പ്നിറമുള്ള ചെമ്പരത്തിമുള്ളുകൾ  അത്രയും വേദനിപ്പിച്ചു അവ കൊണ്ടുകയറുന്ന  ഞാൻ നടന്നു വന്നു കൊണ്ടിരിക്കുന്ന  എന്റെ പൊള്ളുന്ന ഉടലിൽ ഒട്ടിച്ചേർന്നു കിടക്കുന്ന നീ നിന്റെ  അളവിൽ  ഞാൻ കൃത്യമായിഅടങ്ങിയിരിക്കുന്ന ഇന്നലെ  കടന്നു നീ അമിതമായി അടങ്ങിയിരിക്കുന്ന നാളെയിൽ  എത്തുമ്പോൾ വെളിച്ചത്തിന്റെ നനവുള്ള മഴ പെയ്തു തുടങ്ങുന്നു

യാത്ര

കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ ചെയ്യുന്നതെല്ലാം യാത്രയാവും കടന്നു പോകുന്ന ഇടങ്ങളിൽ കാലങ്ങളെ പോലെ ദൂരം അടയാളപ്പെടുത്തി നില്ക്കുന്ന മൈൽകുറ്റികൾ തോരാതെ തിരിച്ചുകുഴിച്ചിട്ട മഴകളാവും യാത്ര ചെയ്തു തളരുമ്പോൾ കയറി നില്ക്കുന്നതും അപ്പോഴങ്ങോട്ട്‌ തോർന്ന ഒരു മഴയുടെ കീഴിലാവും യാത്ര എല്ലാം കഴിഞ്ഞു ചെന്ന് കയറുന്നത് പെയ്യാൻ വെമ്പി ആരെയോ കാത്തിരുന്ന കൂട്ടിവെച്ച ഒരായിരം മഴയുടെ കുളിരിലേയ്ക്ക് തന്നെയാവും..

ഒരു കത്ത്

ഒരു സ്റ്റാമ്പിന്റെ ആകൃതിയിൽ വെട്ടിയെടുക്കണം പെയ്യുന്ന മഴ ഒട്ടിക്കണം സമുദ്രമുദ്ര പതിച്ച തിരമാലയൊന്നിൽ എന്റെ മനസ്സ് തന്നെ 'ഉള്ള'ടക്കമാക്കി; പറക്കുന്ന ശലഭം പോലെ നിന്റെ മേൽവിലാസം എഴുതി നിനക്കയക്കുന്ന കത്തിൽ കാത്തിരിക്കണം ഏതു നിമിഷവും വറ്റിപ്പോയേക്കാവുന്ന ജലം പോലെ  ഒരിക്കലും വരാത്ത മറുപടിയ്ക്കുള്ള അടങ്ങാത്ത  ദാഹവുമായി... 

സവർണവെയിൽ

ഒരു കയറു പോലും ഇല്ലാതെ എന്റെ തൊടിയിലേയ്ക്ക്  കയറി പകലെന്ന കളവും  പറഞ്ഞു ഉള്ള വെള്ളവും കുടിച്ചു ഞാൻ പാടുപെട്ടു വളർത്തുന്ന പച്ചപ്പിൽ  കയറി പുല്ലുപോലെ മേഞ്ഞിട്ടിറങ്ങിപ്പോകുന്നു പശു എന്ന്  പേരുള്ള സവർണവെയിൽ!

ഒറ്റയ്ക്കിരിക്കുന്ന തുമ്പി

 ഉം... ആകാശം മൂടി കെട്ടിയിട്ടുണ്ട് ഒരു മഴ വരുന്നുണ്ട് വരുന്ന മഴ അറിഞ്ഞമട്ടില്ല; പെയ്തുകൊണ്ടിരിക്കുന്ന മഴ ചർക്കയിൽ നിന്ന് നൂൽനൂക്കുന്ന ലാഘവത്തോടെ മഴനൂലുകൾ പോലെ മേഘങ്ങളിൽ നിന്ന് മഴത്തുള്ളികൾ നൂൽത്തെടുക്കുകയാണവ കണ്ട കിനാവുകൾ കൊണ്ട് നനയാനുള്ള മഴ സ്വയം നെയ്തെടുക്കുകയാണവ പ്രണയിക്കുന്നവർ അങ്ങിനാ പ്രണയിക്കുമ്പോൾ അവരൊന്നുമറിയുന്നില്ല അവർക്ക് അപ്പോൾ എവിടെയെങ്കിലും ചെന്നിരുന്നാൽ മതി അതിന് ഒരു തുമ്പിക്കിരിയ്ക്കുവാനുള്ള സ്ഥലം മതി പെയ്യുന്ന ഒരു മഴത്തുള്ളിയിലോ ആടുന്ന ഒരു പുൽക്കൊടിയിലോ എരിയുന്ന ഒരു തീനാളത്തിലോ ഒഴുകുന്ന പുഴയിലെ ഒരോളത്തിലോ എവിടെയും അവ ചെന്നിരിക്കും ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ഒന്നും പറ്റാത്ത ഇണകളാണവർ നമ്മളെ പോലെ അതേ പ്രണയിക്കുന്ന രണ്ടുപേരാണ്; ഒരിടത്ത് ഒറ്റയ്ക്കിരിക്കുന്ന തുമ്പി!

ടൈമിംഗ്

തീ പിടിച്ച പൂച്ചയാണയാൾ പിടിച്ച  തീ അണയ്ക്കുവാൻ അത്രയും തിരക്കുള്ള വഴിയിലൂടെ അയാളുടെ അടുത്തേയ്ക്ക് ഓടി പാഞ്ഞു വരേണ്ട ഫയർഎഞ്ചിനും അയാൾ തന്നെയാണ് വരുന്ന ഫയർ എഞ്ചിന്റെ വേഗത്തിനനുസരിച്ച്  കത്തലിന്റെ വേഗത നിയന്ത്രിക്കുന്ന തിരക്കിലാണ് അയാൾ ആ തിരക്കിനിടയിൽ പെട്ടാണ് അയാളോളം വെള്ളവും കൊണ്ടുവരുന്ന അയാളുടെ ഫയർ എഞ്ചിൻ   അയാളുടെ തീ കാത്തുകിടക്കുന്നത് അവസാനം വല്ലാതെ പിടയ്ക്കുമ്പോഴും  തീയും വെള്ളവും മുഖാമുഖം കാണുമ്പോൾ കൊണ്ട് വന്ന  വെള്ളത്തിന്‌ അണയ്ക്കുവാൻ പാകത്തിന്  കുറച്ചു തീ കെടാതെ കൃത്യമായി കാത്തുസൂക്ഷിക്കുന്ന തിരക്കിലാണയാൾ അപ്പോഴും  പൂച്ചയാണയാൾ

ജീവപര്യന്തം

അത്രമേൽ നിന്നെ  പ്രണയിച്ച തെറ്റിനാവും ശിക്ഷിച്ചത് മഴയുടെ തടവറയിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് തടവ്‌ കഴിഞ്ഞു പുറത്തിറങ്ങും... ഉറപ്പു, നിന്റെ ഉടലിലെയ്ക്ക് തന്നെ, തടവ്‌ ചാടിയ മാതിരി! 

അമ്പലമണിയുടെ ഒച്ചയിൽ മുഴങ്ങുന്ന ഇടി

മഴത്തുള്ളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പ്രദക്ഷിണം വെച്ച് കുളിച്ചു തൊഴാൻ വരുന്ന  മഴയാണ് നീ നീ ചതുരത്തിൽ വെയ്ക്കുന്ന വലത്തിനെ വലം വെച്ച് നിന്റെ കൊലുസ്സിന്റെ താളത്തിൽ ജലമന്ത്രങ്ങൾ ഉരുവിട്ട് പതിയെയൊരു  പുഴയൊഴുകുന്നു നീ ചവിട്ടാതെ ഒഴിഞ്ഞു പോകുന്ന ഇടങ്ങളിൽ യഥാസ്ഥാനത്ത് കൊത്തുപണികളോടെ മേഘങ്ങളിൽ കൊത്തിവെച്ചിരിക്കുന്ന ബലിക്കല്ലുകൾ തൊഴുതു മടങ്ങുമ്പോൾ ശീവേലിക്ക് സമയമായതു പോലെ അമ്പലമണിയുടെ ഒച്ചയിൽ ഒരിടി മുഴങ്ങുന്നു!  

ഒരേമഴയിലെ രണ്ടുതുള്ളികളിലെയ്ക്കു

ഒരേ മഴയിലെ രണ്ടു തുള്ളികളിലെയ്ക്ക് യാത്രപോകുവാൻ കാത്തുനില്ക്കുന്ന രണ്ടു പേരാണ് നമ്മൾ പോകേണ്ട തുള്ളിയിലെയ്ക്കുള്ള വഴി നിനക്കറിയില്ല എനിക്ക് പോകാൻ പ്രത്യേകിച്ച് തുള്ളിയൊന്നുമില്ല അതെ മഴയത്ത് വെച്ച് ഒരു തുള്ളി നനയാതെ നീ എന്നോട് വഴി ചോദിക്കുന്നു ഞാൻ അത്രയും നനഞ്ഞു കൂടെ വന്നു നിനക്ക് വഴി കാട്ടിത്തരുന്നു കാട്ടി തന്ന വഴിയിൽ നീ എന്നെകാണിക്കുവാൻ മൊട്ടില്ലാതെ ചെമ്പരത്തികൾ വിരിയിക്കുന്നു ശിഖരങ്ങൾ ഇല്ലാതെ ഇലകൾ ഇല്ലാതെ വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു അവസാനം ഇറങ്ങാനുള്ള തുള്ളിയിൽ ജീവിതം ഇറ്റിച്ചു നിർത്തുമ്പോൾ; ഒരു വാക്ക് മിണ്ടാതെ, ഒന്ന് തോരുക പോലും ചെയ്യാതെ; ഒരു മഴയായി നീ- ഇറങ്ങി പോകുന്നു!

മുറിവ്

 മുറിവേറ്റവനായിരുന്നു ഞാൻ.. ശരീരം മുഴുവൻ മുറിവുകൾ ചോര പോലും മുറിവ് പക്ഷെ എല്ലാ മുറിവുകളും എന്റെതായിരുന്നില്ല; ഏറെയും നിന്റെ.. പൊറുക്കുമ്പോൾ തിരിച്ചെടുക്കാം എന്ന ഉറപ്പിൽ പലപ്പോഴായി നീ മുറിവേൽപ്പിച്ചു പോയവ! എന്റെ ഹൃദയം പോലും നിന്റെ മുറിവിന്റെ സ്പന്ദിക്കുന്ന- തത്സമയ സംപ്രേക്ഷണം; എന്ന് തിരിച്ചറിയുമ്പോഴേക്കും; വല്ലാതെ പൊറുത്തുപോകുന്ന ഞാൻ... എന്നാലും വേദനിക്കുന്ന പ്രണയത്തിന്റെ പുറത്തു ഉണങ്ങിയിട്ടും തിരിച്ചെടുക്കാൻ മറന്നുപോയ വെറും മുറിവായി ഞാൻ.. ഇനി.. തീയിൽ നിന്നും ചാരത്തിലെയ്ക്കുള്ള കത്തുന്ന കനൽ ദൂരം ചോരയ്ക്ക് പോലും തീ പിടിച്ചിരിക്കുന്നു അവിടെയും എരിയുന്ന പന്തവുമായി നിന്റെ മുറിവ് ഏറ്റെടുക്കാതെ, എന്റെ പൊള്ളലിനു മാത്രം; വഴികാട്ടുന്ന നീ ..

ഒരു ഇലക്കത്ത്

തണലിന്റെ സ്റ്റാമ്പ്‌ ഒട്ടിച്ചു വന്നതാണ്... പച്ചനിറത്തിൽ ഒരു കവർ ആരോ പൊട്ടിച്ചു വായിച്ചതു പോലെ ഉച്ചത്തിൽ പുറത്തെഴുതിയിരുന്നു; മരത്തിന്റെ നിലവിലില്ലാത്ത മേൽവിലാസം.. അകത്ത് ഇലയാവും എന്ന് കരുതി അത്രമേൽ നിശബ്ദമായി പൊട്ടിച്ചതാണ്; എന്നോ മേൽവിലാസംതന്നെ നഷ്ടപ്പെട്ട മരം.. തുറന്നു നോക്കുമ്പോൾ; കാണുന്നു.. അകത്തില്ലാത്ത ഉള്ളടക്കം പോലെ; ദിവസത്തിന് വെളിയിൽ ഒരു പകൽ നിറയെ പറക്കുന്ന പൂമ്പാറ്റകളുടെ ശൂന്യത!

നടക്കുന്നതിനിടയിൽ കാത്തുനില്ക്കുന്ന ഒരാൾ

സ്വന്തം  വൈകുന്നേരം  ചുമന്നു കൊണ്ട് പോകുന്ന ഒരാൾ അയാളുടെ തന്നെ ഇന്നലെ, പുതുക്കിപണിയുവാനായിരിക്കും.. ആ നടപ്പിലും കാത്തുനില്ക്കുകയാണയാൾ; തുറന്നിട്ടില്ലല്ലോ.... കുറഞ്ഞ വിലയ്ക്ക് പഴയ നിലാവ് വില്ക്കുന്ന നാളത്തെ കട 

മനുഷ്യന്റെ ഞെട്ടിൽ പിടിച്ചു കിടക്കുന്ന സമൂഹത്തിന്റെ കുല

ആപ്പിളുകൾ കൂടുതൽ കൂടുതൽ ആപ്പിളുകൾ ആവുകയും ഓറഞ്ചുകൾ കുറെ കൂടി ഓറഞ്ച് നിറത്തിലേയ്ക്കു ഉരുളുകയും ചെയ്യുന്ന കാലം കുലകൾക്ക് പുറത്തേയ്ക്ക് മധുരം കൂട്ടി വിളയുന്ന മുന്തിരികൾ പക്ഷെ അവയൊന്നും മറ്റൊന്നിന്റെ ആകൃതിയിലെയ്ക്കോ പ്രകൃതിയിലേയ്ക്കോ   തലയിടുന്നില്ല പുറത്തേയ്ക്ക് കൈ നീട്ടി മുദ്രാവാക്യം  വിളിക്കുന്ന ചെമ്പരത്തിപ്പൂവിന്റെ കേസരങ്ങൾ പോലും ഇതളുകളുടെ ചുവന്നപരിധിക്കുള്ളിലാണ്  വേരുകീറി മരങ്ങളുടെ രാജ്യസ്നേഹം പരിശോധിക്കുന മണ്ണിൽ.. ഭൂഗുരുത്വാകർഷണം കൂട്ടി സമൂഹത്തിന്റെ ഞെട്ടിൽ പിടിച്ചു  നില്ക്കുന്ന മനുഷ്യന്റെ തലയ്ക്കും മീതെ, ഏതു നിമിഷവും അടർന്നു വീഴാവുന്ന നിലയിൽ തൂങ്ങികിടക്കുന്നു അതേ സമൂഹത്തിന്റെ മറ്റൊരുകുല!

മാവേലിവേരുകൾ

അത്രമേൽ മണ്ണോടു മണ്ണ്ചേർന്ന് ഭരിച്ചിരുന്നതാവും ചോദിച്ചു വന്നതാവും തണൽ; മൂന്നടി... ചോദ്യം മനുഷ്യന്റെ   പേരിലാവും വളർന്നിട്ടുണ്ടാവും ഉയർന്നിട്ടുണ്ടാവും  അളന്നെടുത്തിട്ടുണ്ടാവും മണ്ണും വെള്ളവും ചവിട്ടി താഴ്ത്തിയതാവും വേരിനെ, മാവേലിയെ പോലെ; മനുഷ്യവാമനൻ കൊടുത്തിട്ടുണ്ടാവും മരത്തിന്റെ പേരിൽ ഒരു വരവും ഇന്നും തണലുള്ളിടത്തെല്ലാം  ഉണ്ടല്ലോ കൊണ്ടാടാനെങ്കിലും; ഊഞ്ഞാല് പോലെ, മണ്ണിൽ തൊടാത്ത; ഒരോണം! 

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി അടക്കി തുടങ്ങിയ അസ്തമയസന്ധ്യ ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ കണ്ണ് പൊത്തി   വൈകുവോളം കളിച്ചിട്ടും  കൊതി തീരാത്ത  ഇരുട്ട് ആ ഇരുട്ടത്തും വഴിയിൽ കാണാവുന്ന അന്തിച്ചന്ത.. നല്ല പാകം വന്ന നൃത്തം; മൊത്തവിലയ്ക്കെടുത്തു, ചുവടുകളാക്കി, ആ ചന്തയിൽ ചില്ലറയ്ക്ക്; മുറിച്ചു കൊടുക്കുന്ന മുടന്തൻ മയിൽ.. നീ... ആ മയിൽ എന്ത് വിലകൊടുത്തും എന്നും മോഹവിലയ്ക്കെടുക്കുന്ന മനോഹര നൃത്തം! ഞാനോ ആ   മയിലിന്റെ കാലിലെ ഒടുക്കത്തെ  മാറാത്ത  മുടന്തും ഇന്ന് ആ മുടന്ത് അടക്കിയ കല്ലറയ്ക്ക് മുന്നിൽ.. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;  മയിലിനെ പോലെ നൃത്തവും    വെച്ച്; നീ  കടന്നു പോകുന്നു  .... കാലത്തോടൊപ്പം !

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....    

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

ശലഭത്തിന്റെ ശബ്ദരേഖ

ഉണരാൻ വൈകിയത് പോലെ ധൃതിപിടിച്ചു ഒരു പൂവ് വിരിയുന്നു വലിച്ചെറിഞ്ഞ പത്രം പോലെ  ഇതളിൽ  അലക്ഷ്യമായി കാണപ്പെട്ട തേൻ എടുത്തു പാലുകാച്ചുന്നു മൊട്ടുകൾക്ക് താരാട്ടു പാട്ട് വരച്ചു  കൊടുക്കുന്നു വീട്ടുജോലികൾ തിരക്കിട്ടു  ചെയ്യുന്നത് പോലെ ധൃതിപിടിച്ചു പരാഗണം നടത്തുന്നതിനിടയിൽ കഴിഞ്ഞു കാണുമോ? എന്നാകുലപ്പെട്ടു റേഡിയോ വെച്ചു 'നോക്കുമ്പോൾ' കേൾക്കുന്നു.. ഇതുവരെ കാണാത്ത നിറങ്ങളിൽ  ശലഭത്തിന്റെ കഴിയാറായ  ശബ്ദരേഖ...

ജലത്തിന്റെ ചാരം

എന്നെ അടക്കുമ്പോൾ വെട്ടിമുറിച്ചേക്കാവുന്ന മരം അതിന്റെ കൊമ്പിൽ ഞാൻ മരിക്കുവാൻ കാത്തിരിക്കുന്ന കിളി അതിന്റെ ചിറകിന്റെ മൂർച്ചയിൽ മുറിഞ്ഞു പോയ ആകാശം കാത്തിരിപ്പിന്റെ ചില്ലകൾ കത്തിത്തുടങ്ങിയ ചിത അതിന്റെ വേവുന്ന മരച്ചില്ലകൾ ഇലകളെ ഒരു  ശിശിരത്തിലെയ്ക്ക് അഴിച്ചു കെട്ടുന്ന കാലം അക്ഷരാർത്ഥത്തിൽ ഇറ്റു വീഴുന്ന മരത്തുള്ളികൾ  തണൽ രൂപത്തിൽ കാണുന്ന കത്തുന്ന മരത്തിന്റെ എക്സ്റേ തിരിച്ചറിയാത്തവര്ക്ക് പ്രണയം വെറും തെറ്റിദ്ധാരണകൾ എരിയുന്ന ചോര അതൊഴുകുന്ന ശരീരം ജലത്തിന്റെ ചാരം ആരും കാണാതിരിക്കുവാൻ വെളിച്ചം അണച്ച് ശരീരത്തിന്റെ രൂപത്തിൽ കത്തുന്ന തീ ഖരരൂപത്തിൽ പടരുന്നനാളങ്ങൾ മണ്ണിൽ ജലരൂപത്തിൽ  നേരത്തെ അടക്കിയ വേരുകൾ കണ്ണീർമഴ ശ്വസിച്ച വായു തന്നെയാവും പറക്കുന്ന ചാരത്തിന്റെ അനന്തരാവകാശി പക്ഷെ മരിച്ചു തീരുന്നതിനു മുമ്പ് കത്തി തീർന്ന എന്റെ  ചിത അത് എങ്ങിനെ തിരിച്ചറിയും?

കവിതയിലെ കുറ്റകൃത്യങ്ങൾ

സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരിക്കുന്ന ആഴ്ചപ്പതിപ്പുകൾ അതിൽ കവിതകൾ മാത്രം തീപിടിച്ച പോലെ ഒന്നോടിച്ചു നോക്കുകയായിരുന്നു പേജ് സൂചികകൾ നോക്കി കവിതകൾ 26, 42, 51 എന്നീ പേജുകളിൽ എന്റെ തിടുക്കം കണ്ട് സൌകര്യത്തിനു അവ അടുത്തടുത്ത താളുകളിലേയ്ക്ക് മാറുന്നു ഞാൻ ഓടിച്ചു വായിക്കുന്നു വായിച്ചു തീരുമ്പോഴേക്കും ആഴ്ചപ്പതിപ്പിന് തീപിടിക്കുന്നു പിന്നെ ആരും കാണാതെ ചാരം മടക്കി തിരികെ വെയ്ക്കുമ്പോൾ; കാണുന്നു .. കവിതകൊണ്ട് തീപ്പട്ടിക്കൊള്ളി ഉണ്ടാക്കുന്ന ഒരാൾ പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരാൾ രഹസ്യമായി കവിത തന്നെ വാറ്റുന്ന വേറൊരാൾ എഴുതുന്നത്‌ തന്നെ ഒരു കുറ്റമാകുന്ന ഈ കാലത്ത് .. കവിതയിൽ ഇത്രയേറെ പരസ്യമായ നിയമ ലംഘനങ്ങൾ ഇതെല്ലാം കണ്ടു സംഭ്രമത്തോടെ തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ.. നീ കവിത എഴുതാറുണ്ടോടാ? എന്ന് ചോദിച്ചു ഒരു എക്സൈസ്കാരൻ അടുത്തേയ്ക്ക് വരുന്നു.. എന്റെ അന്ധാളിപ്പ് കണ്ട് വന്നത് കുറഞ്ഞപക്ഷം ഒരു പോലിസുകാരനായിരുന്നുവെങ്കിൽ.. എത്ര നന്നായേനെ! എന്ന് എനിക്ക് വേണ്ടി അയാൾ വിചാരിക്കുന്നു ..

ടേപ്പ് റിക്കോർഡർ വിളിച്ചു ഒരു പാട്ട് വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്നു

ഒരു ടാക്സി വിളിച്ചു ഡോർ ഉച്ചത്തിൽ വലിച്ചടച്ചു ശബ്ദം ഉണ്ടാക്കി സ്വന്തം വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്ന വീട്ടുകാരനെ പോലെ ഒരു ടേപ്പ് റിക്കോർഡർ പിടിച്ചു ഒരു പഴയ പാട്ട് വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്നു.. വേഗത്തിൽ മുന്നോട്ടുകറങ്ങുന്ന കാസ്സറ്റിന്റെ ശബ്ദത്തിൽ മുരടനക്കി കടന്നു വന്ന ദൂരത്തിൽ ഉച്ചത്തിൽ മുട്ടുന്നു അപ്പോൾ വന്നു കതകു തുറക്കുന്ന അപരിചിത വാതിൽ പൊടുന്നനെ കൊട്ടിയടച്ച് കേട്ട ഗൃഹാതുരമായ ശബ്ദത്തിൽ ആണിയടിച്ചു ഒരു മൂളിപ്പാട്ട് തൂക്കിയിടുന്നു..

കാത്തുനിൽപ്പ്

നീ ഓടിച്ചുകൊണ്ട് വരുന്ന വണ്ടി  വിയർത്തൊലിച്ചു നിന്ന് അതിനു ഞാൻ കൈ കാണിക്കുന്നു  ഞാൻ തന്നെ നിർത്തുന്നു എവിടെയോ  വെച്ച് കണ്ട്  ദയ തോന്നി ഇവിടെ കൊണ്ട് ഇറക്കിവിട്ടതു പോലെ നീ ഓടിച്ചു പോകുന്നു നീ നിർത്തി ഞാൻ കയറിപ്പോയത്കൊണ്ട് അവിടെയില്ലാത്തത് പോലെ... ഞാൻ ഇല്ലാതാവുന്നു........ 

തിരശീലയ്ക്ക് പിന്നിൽ

നിലാവിന്റെ നൂല് നൂറ്റു, ഓളത്തിന്റെ കര കൊടുത്തു, തോണിക്കഴഞ്ചിൽ- വെയിലുണക്കി, ഓരോ മീനും;  മുള്ളിൽ വെള്ളം നിറച്ചു, രാപകൽ ഓരോരോ പുതുപുഴ; നെയ്തു കൂട്ടുന്നു... മഴ; അത് നനയാതെ- എടുത്തു വെച്ച്, ഋതുമതിയാകുമ്പോൾ മാത്രം ഓരോന്നായി എടുത്തുടുത്തു, ഒരുങ്ങി;  മാനത്തു ഭംഗി നോക്കുന്നു! ഈ ചിത്രത്തിന്റെ- നീക്കിയിട്ട കാല്പനീക തിരശീലയ്ക്ക് പിന്നിൽ; ഓരോ മീനും; കുറച്ചാഴത്തിൽ കീറിപോയ ഒരു വർത്തമാന പുഴ തുന്നുന്നു!

രണ്ടു ഋതുക്കളിൽ കണ്ടു മുട്ടുന്ന പ്രണയിതാക്കൾ

 ജന്മങ്ങൾക്കു ശേഷം രണ്ടു വ്യത്യസ്ത ഋതുക്കളിൽ കണ്ടുമുട്ടുന്ന രണ്ടു പ്രണയിതാക്കൾ അവർക്കു നമ്മൾ എന്ന് പേരിടുകയാണ് നീയും നീയറിയാതെ മറ്റൊരു ഞാനും മഴത്തുള്ളി ചിറകുകൾ നീർത്തി ഉടൻ പറന്നു തുടങ്ങുന്ന ജലശലഭങ്ങൾ മരിച്ചു പോയ നമ്മുടെ ഉടലുകളെ നമ്മൾ രതി കൊണ്ട് പരിചയപ്പെടുത്തുന്നു എന്റെ ശരീരം അഴിച്ചിട്ട നിന്റെ മുലഞ്ഞെട്ടിൽ നീ ഒളിപ്പിച്ചു വെച്ചിരുന്ന മാതൃത്വവും അതിന്റെ ആകാശ ആകൃതിയുള്ള സ്വപ്നങ്ങളും മറ്റൊരു ആലിംഗനത്തിൽ നമ്മൾ ഒളിപ്പിച്ച കടലും മഴവിൽ നിറമുള്ള തിരമാലകളും നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ വെച്ച് മറന്ന പെയ്തുകൊണ്ടിരുന്ന മഴ എടുക്കാൻ വെച്ചുകൊണ്ടിരുന്ന ചുംബനം മുറിച്ചു അന്നോളം ഇരുട്ട് കണ്ടിട്ടില്ലാത്ത ഏതോ ആദ്യരാത്രി പകുത്തു അടയാളവും വെച്ച് നിന്റെ ഉടലിൽ നിന്നും ഒന്നുമറിയാതെ ഇന്നത്തേയ്ക്ക് മുലപ്പാൽ പോലെ ഒലിച്ചിറങ്ങുകയാണ് അന്ന് ഞാൻ..

ഒരു മഴ പിറകൊട്ടെടുത്തു തിരിച്ചു പോകുന്നു

ഞാനും  പാളങ്ങളും മാത്രമുള്ള ഒരു സ്റ്റേഷൻ നില്ക്കുന്ന ഞാനേത്? നീണ്ടുകിടക്കുന്ന  പാളമേത്    എന്ന്  തിരിച്ചറിയുവാനാകാത്തത് പോലെ മുന്നോട്ടു പോകുവാനാകാതെ ഒരു തീവണ്ടി വന്നു  നിൽക്കുന്നു.. അതിനെ പച്ച നിറത്തിൽ ജീവിതം എന്നാരോ വിളിക്കുന്നു കിട്ടിയ ഓരോ അവസരങ്ങളിലും തുറക്കുവാൻ പരാജയപ്പെട്ടത് കൊണ്ട്  ജനാലകളായിപ്പോയ പരശതം വാതിലുകൾ  ചക്രങ്ങൾ  അല്ലാതെ  ഒന്നും ചതുരത്തിൽ ഇല്ലാത്ത  ബോഗ്ഗികൾ ചക്രങ്ങൾ പോലും അത്രമേൽ ചലിക്കുവാനാകാതെ   നിന്നു പോയതിനാലാവണം  ചതുരങ്ങളായി പോയത് പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ  ചന്ദ്രനുമായുള്ള ബന്ധം നഷ്ടപെട്ട നിലാവുണ്ടാക്കുന്ന  രാത്രിയുടെ അരോചകമായ ഒച്ച നനഞ്ഞ ശബ്ദങ്ങൾ നിലവിളിയായി കിളിച്ചു പോകുമോ എന്ന പേടി ഒരു ചീവിടൊച്ചയായി ഒതുക്കുന്ന ഇരുട്ട് പാളങ്ങളിൽ നിന്ന് തെറിച്ച  ചെളി പോലെ ചക്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന  ഇരുട്ടിനെ പോലും  പലപ്പോഴും കബളിപ്പിക്കുന്ന തിളക്കം ഇനി ചലിക്കുവാനിടയില്ലാത്ത തീവണ്ടിയെ  ഒരു നൂലുണ്ടയായി ചുരുട്ടി അതിന്റെ ലക്ഷ്യത്തിലേയ്ക്ക് എറിഞ്ഞു കളയുന്നതിനെ  കുറിച്ച് ആലോചിക്കുന്നതിനിടയിൽ ആർത്തലച്ചു അത്രയും  ശക്തിയായി പെയ്തു

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ മരങ്ങളിൽ പിടയ്ക്കുന്നു  ഇനിയും തിരിച്ചു വന്നിട്ടില്ല മൈലാഞ്ചി അരച്ചിടാൻ ഒരു കുരുവിയും കൂട്ടി തെരുവിലേയ്ക്ക്  പോയ പച്ചിലകൾ കത്തിക്കിടക്കുന്ന ചുവന്ന വെളിച്ചങ്ങൾ കെട്ടുകഴിഞ്ഞാൽ വാഹനങ്ങളെ; നിങ്ങൾ തെരുവിലെ തിരക്കിലേയ്ക്ക് തുളുമ്പരുതേ.. അനങ്ങരുതേ നടക്കാനിരിക്കുന്നത് തെരുവുകളെ;  മരങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങാണ് ചലിച്ചു കഴിഞ്ഞാൽ നിങ്ങളാവും പിന്നെ ആ മരങ്ങളിലെ ഇലകൾ വെയിലിനെ നേരിട്ട് തണലാക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടിട്ടുണ്ടോ മരങ്ങളുടെ ആവശ്യമില്ലിനി വീതികൂടിയ തെരുവുകൾക്ക്‌ മരങ്ങളുടെ പേര് മതി അതാ മഹാഗണി തെരുവ് അശോക തൈതെരുവ് ചുവന്ന തെരുവിന് ഒരു പേരിന്റെ  ആവശ്യമേ ഇല്ല ഇതൊന്നും കേട്ട് ഭയക്കരുത് ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന കറുത്തപുകയാണ് നല്ലൊരു നാളയെ പോലും ഭൂമുഖത്തുനിന്നും കത്തിച്ചു  കളയാൻ നിങ്ങൾ ഭയക്കുന്ന ആ പുക മാത്രം മതി വികസനം  അതിന്  നല്ലൊരു  മറയാണ്! 

ഒരിലയാക്കാതിരിക്കൂ...

 നീ ഇങ്ങനെ ജലത്തിൽ നൃത്തം വെച്ച് എന്നെ  ഒരിലയാക്കാതിരിക്കൂ മരത്തിന്റെ അമ്മപ്രതിബിംബമേ നോക്കൂ ജലം ശേഖരിച്ച വേരുകൾ എനിക്കും നിനക്കുമിടയിൽ ഒരു ഓളം വൃത്തത്തിൽ വരച്ചു മരം തന്നെ നഷ്ടപ്പെട്ടു ഒരു മഴയിലേയ്ക്ക്  മിന്നലിലൂടെ  തിരിച്ചു പോകുന്നത് നീ ഇനി എന്നെ  ഒരു വിരലിൽ  തൊട്ടെടുത്തു പൊട്ടാക്കി  കാതിൽ പുരട്ടി ആടുന്നൊരു പാട്ടാക്കൂ എന്റെ കാണുന്ന കണ്ണുകൾ നിന്റെ  കേട്ടതാരാട്ടിൽ പൊതിഞ്ഞെടുത്തു പാടുന്നൊരു വീണയാക്കൂ നിന്റെ മടിയിൽ ഒരു കുഞ്ഞായി അതുവരെ  നിഷ്കളങ്കമായി ഞാൻ വീണുറങ്ങട്ടെ!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ജീവിച്ചിരിക്കുവാൻ; അനിയന്ത്രിതമായി തന്നെ...

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ മീനിനെ പോലെ നനയുന്ന നമ്മൾ  ജലം അലിയുന്ന  നിശബ്ദതയിൽ ശ്വാസത്തിന് വേണ്ടി ഉപരിതലത്തിലേയ്ക്ക് പൊങ്ങിവരുന്ന രണ്ടു കുമിളകൾ നമ്മുടെ സ്ഫടിക തുല്യമായ  രണ്ടു തുള്ളികൾ അവ ഒന്നിക്കുന്ന ജലപ്പരപ്പ് ചില പ്രണയങ്ങൾ അങ്ങിനെയാണ് നമുക്ക് പ്രണയിക്കുവാനായി മന:പൂർവ്വം ജലത്തിൽ പോലും ദൈവം  ഒഴിച്ചിടുന്ന സ്ഥലങ്ങൾ നിമിഷങ്ങൾ കടൽ തീരത്ത് അസ്തമയ സൂര്യന്റെ ചുവപ്പ്  കൊറിച്ച് ചരിഞ്ഞു കിടക്കുന്ന, തണുതണുത്ത ഒരു കുപ്പി വെള്ളത്തിന്റെ  നഗ്നതയിൽ ദൈവം നമ്മുടെ ദാഹം  കൊതിയോടെ കണ്ടിരിക്കുന്നു!

കുറച്ചു കവിതകൾ ആറ് മുറിച്ചു കടക്കുന്നു

1. ഒരു യാത്രയുടെ പാതി  _______________________ വാതിലുകൾ കൊട്ടിയടച്ച് ജനാലയിൽ കൂടി ഒരു വീട് പുറത്തേയ്ക്കിറങ്ങുന്നു.. വിശക്കുന്ന വയറിന്റെ ഒരറ്റം, പകുതി വിലയ്ക്ക് തൂക്കിവിറ്റ്; അകലെ പെയ്യുന്ന ചാറ്റൽമഴയുടെ ഒച്ച കീറി, ഒരു പകുതി വിലപേശി വാങ്ങുന്നു.. പതിരാവടുപ്പിച്ചു; ഇരിക്കാൻ ഇരിപ്പിടം ഇല്ലാത്ത, മുത്തുകൾ കളഞ്ഞു പോയ, ഒരു കൊലുസ്സിന്റെ- കിലുക്കത്തിൽ തൂങ്ങിനിന്ന്, യാത്ര ചെയ്തു. ഇല്ലാത്ത വീട്ടിലേയ്ക്കുള്ള വഴിയിൽ നനഞ്ഞിറങ്ങുന്നു.. ************************* 2.  കവിതയെ കുറിച്ച് ഒരു നാടകം _____________________________ കവിതയെ കുറിച്ച് ഒരു നാടകം നടക്കുന്നു അരങ്ങിൽ മരങ്ങൾ കസേര എന്ന അടയാളപ്പെടുത്തിയ വേരുകളിൽ കാണികൾ അവ മരങ്ങൾ അല്ല എന്ന് തിരിച്ചറിയുവാൻ മനുഷ്യരെ പോലെ ചലിക്കുന്നു തിരശ്ശീല കരിയില കൊണ്ട് തുന്നിയതാവും കാറ്റിനേക്കാൾ നേർത്തതാവും അതുയർത്തുവാൻ മറന്ന; ഉറക്കം തൂങ്ങി-  മുഖങ്ങളുണ്ടാവും അഴിഞ്ഞു വീണ തിരശീലക്കിപ്പുറം, ഉറക്കത്തിനിടയിൽ; എല്ലാം കാണുന്നതായി കാണികൾ അതിലും ഭംഗിയായി അഭിനയിക്കുന്നുണ്ടാവും... *************************** 3.ആന ഒളിക്കുന്നു എ

കാഥികന്റെ പ്രതിമ

തെരുവിലേയ്ക്ക് പോകുവാൻ അവസാന വണ്ടിയ്ക്കു കാത്തു നില്ക്കുന്ന ഒരാൾ കാത്തുനിന്നു മടുത്തു വന്ന ബസ്സ്‌  തന്നെ  ബസ്‌ സ്റ്റാന്റായി മാറിയ അതിശയത്തിൽ വല്ലാതെവൈകി യാത്രചെയ്തെത്തുമ്പോൾ ഇറങ്ങേണ്ട സ്ഥലം തന്നെ  അപ്രത്യക്ഷമാകുന്നു അവിടെ ഉണ്ടായിരുന്ന  നാലും കൂടിയ മുക്ക് മുറുക്കാൻ കട അരയാൽത്തറ അമ്പലക്കുളം എല്ലാം ഇല്ലാതായിരിക്കുന്നു ആകെ ഉള്ളത് അങ്ങോട്ട്‌ നോക്കൂ എന്ന് ഓർമിപ്പിക്കുന്ന  ഒരു കാഥികന്റെ അര്ദ്ധകായപ്രതിമ ചുറ്റും തളം കെട്ടി കിടക്കുന്ന  അയാളുടെ ശബ്ദത്തിന്റെ ഘനഗംഭീര നിശബ്ദത! ഇറങ്ങേണ്ട  തെരുവ് പോലും തിരിച്ചറിയാതെ  മടിച്ചുമടിച്ചയാൾ  പിടിച്ചിറങ്ങുമ്പോൾ വണ്ടി തന്നെ  മറ്റൊരു യാത്രക്കാരനായി അയാൾക്ക്‌ പിറകെയിറങ്ങുവാൻ  വാതിലിൽ വല്ലാതെ ധൃതി കൂട്ടുന്നു എല്ലാവരും ഇറങ്ങിതീരും  മുമ്പ് അവിടെ കാത്തുനിന്ന കുറച്ചുപേർ പൂര്ണമായും ഇറങ്ങിതീരാത്ത അയാളിലെയ്ക്ക് ടിക്കറ്റ്‌ എടുത്തുകയറുന്നു കാണേണ്ട സ്വപ്നങ്ങളുടെ പട്ടിക  കൈയ്യിൽക്കൊടുത്തു കയറിയപാടെ  ഉറങ്ങിത്തുടങ്ങുന്നു! 

മുറച്ചെറുക്കൻ

ഉമ്മ വെച്ചുമ്മ വെച്ച് എനിക്ക് ഭ്രാന്താകുമ്പോ എന്റെ മുടിയിൽ ഒരുമയിൽ‌പീലി  കിളിച്ചുവരും.. .. അന്നേരം നിന്റെ ഇമകളിൽ  ആയിരം മയിലുകൾ പറന്നു വരും പറന്നുപറന്നുവന്നവ പലനിറങ്ങളിൽ പീലിനിവർത്തി നൃത്തം വെയ്ക്കും  നീ നൃത്തം; കാണാതെയെഴുതിപഠിച്ചൊരു- പാട്ടാകും.. നിന്റെ പാടുന്ന ചുണ്ടിൽ ഉമിനീരാഴത്തിൽ എന്റെ ചുണ്ട് വെയ്ക്കുന്ന നൃത്തം മഴയാകും പാട്ടിന്റെ താക്കോൽകൂട്ടം  അരയിൽ തിരുകി നീ ചുണ്ടിൽ അറിയാത്തൊരു; ചിരി കിലുക്കും.. ആ കിലുക്കം തിരിച്ചറിഞ്ഞു ഒരു മറുകിന്റെ കറുപ്പണിഞ്ഞു ജന്മത്തിന്റെ പകുതിയിൽ വെച്ച്  ഒരു മൂക്കൂത്തിത്തിളക്കത്തിൽ  കയറിവരുന്ന മുറപ്പെണ്ണിനെ ഞാൻ തിരിച്ചറിയും.. ആ തിരിച്ചറിവ് ഇതുവരെ  ശരീരഭാഷയിൽ മിണ്ടാത്ത, തൊടാത്ത,  പുതിയൊരു   സ്പർശത്തിൻ അറിയാത്ത തണുപ്പാകും. ആ തണുപ്പ് നിന്റെ കാണാത്ത പുഴയുടെ അഴകാകും നീ തമിഴ് ഭാഷയിൽ നിറഞ്ഞൊഴുകുന്ന  പുഴയാവും.. ഞാൻ അതിന്റെ ഓളങ്ങളിൽ തുളുമ്പും നിലാവലിഞ്ഞവെണ്ണയാകും..  അപ്പോ ഞാൻ  നിന്നെ കണ്ണിൽ വെച്ച പഴയ  ഉമ്മകൾ ഇമകളായി തളിരിട്ടു പൂവിട്ടു  തുടങ്ങും                   അപ്പോൾ ഞാൻ  നിന്നെ കണ്ണാന്നു... കാതിൽ വിളിച്ചു  ന

ബിഗ്‌ ബജറ്റ്

ഭൂമിയിൽ ആദ്യം ഷൂട്ട് ചെയ്ത  ബിഗ്‌ ബജറ്റ് ചിത്രങ്ങളായിരുന്നു  മരങ്ങൾ, എല്ലായിടവും ഇല്ലെങ്കിലും ചിലയിടങ്ങളിൽ എങ്കിലും ഇപ്പോഴും നിറഞ്ഞസദസ്സിൽ  ഓടിക്കൊണ്ടിരിക്കുന്നത് അതിൽ സ്വാഭാവികതയ്ക്കു വേണ്ടി അന്ന് സെറ്റ് ഇട്ടു നിർമ്മിച്ചവയായിരുന്നു ഇന്നത്തെ  ഒഴുകുന്ന പുഴകളും മനോഹരമായ പ്രകൃതിയും ഓരോ മരത്തിന്റെയും എഴുതികാണിപ്പ് അവസാനമായിരുന്നു അതായിരുന്നു വേരുകൾ അതിൽ വില്ലന്മാരായി വേഷമിട്ടവരാണ്,  ഇപ്പോഴും; മനുഷ്യരായി അഭിനയിച്ചു-  തകർത്തുകൊണ്ടിരിക്കുന്നത്..

ഉറങ്ങുന്നത് പോലെ നടക്കുന്നു

സമയം എത്രയായി എന്ന് പോലും അളക്കാൻ കഴിയാത്ത  നേരത്ത് നിങ്ങൾ ക്ക് തോന്നുന്ന ഏതോ സമയത്ത് നിങ്ങൾ നടക്കാനിറങ്ങുകയാണ്; ഉറങ്ങാൻ തുടങ്ങുന്നത് പോലെ... ആദ്യം നിങ്ങൾ എഴുന്നേൽക്കുന്നു കിടക്കാൻ തുടങ്ങുന്നത് പോലെ... കാലുകൾ നിവർത്തുന്നു കണ്ണുകൾ അടയ്ക്കുന്ന  പോലെ സാവധാനം നിങ്ങൾ ഒരു നടത്തത്തിലേയ്ക്ക് ഹിപ്നോട്ടൈസ് ചെയ്യപ്പെടുകയാണ് ഇപ്പോൾ നിങ്ങൾ പുറത്തിറങ്ങുകയാണ്‌ ഉറങ്ങുന്നത് പോലെ നിങ്ങൾ പുറം ലോകം കാണുകയാണ് സ്വപനം പോലെ നിങ്ങൾ തെരുവിലൂടെ നടക്കുകയാണ് ഒരു സ്വപ്നാടനത്തിലെന്ന പോലെ തിരക്കുകൾ നിങ്ങളെ ഒഴിഞ്ഞു പോകുന്നു.. നിങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണ് തെരുവിലെ തിരക്കുകൾ നിങ്ങൾ അറിയുന്നില്ല തെരുവ് വിളക്കുകൾ നിങ്ങളെ തിരിച്ചറിയുന്നില്ല അതിനടിയിൽ ഇരുട്ട് വെളിച്ചവുമായി  ചെയ്യുന്ന പ്രകൃതിവിരുദ്ധ ദൃശ്യങ്ങളും നിങ്ങൾ കാണുന്നില്ല നിങ്ങൾ ഇപ്പോൾ സ്വതന്ത്രനാണ് ഒറ്റയ്ക്കാണ് കാലുകൾ പോലും നിങ്ങളെ അലട്ടുന്നില്ല നിങ്ങൾ നടക്കുകയാണ് നിങ്ങൾക്ക് നിങ്ങൾ നഗ്നനാണ് അന്യർക്ക്  വസ്ത്രം  ധരിച്ചപോലെ ഇനി നടത്തത്തിന്റെ വേഗത കുറയ്ക്കുക ചലിക്കുന്നത് പോലെ ചലന നിയമങ്ങൾ പോലും കാറ്റിൽപറത്തി ഇലകൾ പോ

രണ്ടു ദിവസം പഴക്കമുള്ള ഇന്നലെ

രണ്ടു ദിവസം പഴകിയ ഇന്നലെകളാണ് എന്റെ ജനാലകൾ ആ രണ്ടു ദിവസത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് എന്ന് മാത്രം കാരണം ഓരോ തവണയും ദിവസങ്ങളോളം കഴിഞ്ഞു തുറക്കുന്ന ജനാലയിൽ കൂടി കടന്നു വരുന്ന വെളിച്ചത്തിന് ജന്മങ്ങളുടെ പഴക്കമുണ്ട് അത് കൊണ്ട് ഞാനിന്നു തുറന്ന വാതിലിലൂടെ എന്നെ പുറത്താക്കുന്നതിനു മുമ്പ് നാളത്തെ വെയിലൊന്ന് കായട്ടെ മറ്റെന്നാൾ ആ വെയിലിനു കാവിച്ചുവ കാണില്ലെന്ന്; ആര് കണ്ടു?

ഒരു റബ്ബർ കർഷകൻ

മരത്തിനു തടമെടുക്കുകയായിരുന്നു അയാൾ വെയിൽ കൊണ്ട് വിയർത്തത് മഴയായി  നനയുന്നുണ്ട് എടുത്ത തടം മാറ്റിയിട്ടു അടുത്ത തടത്തിനു കുഴിയെടുക്കുന്നതിനിടയിൽ അയാൾ വെച്ച മരം അയാളോട് ചോദിക്കാതെ  പറയാതെ ഒന്ന് ഉൾവലിയുകയാണ് റബ്ബറാവുകയാണ് അത്രത്തോളം റബ്ബറായി റബ്ബർസ്റ്റാമ്പായി പോകുമോ എന്ന ഭയത്തിൽ ആദ്യം  മരം സ്വയം മായ്ക്കാൻ ശ്രമിക്കുകയാണ് പിന്നെ ആ ശ്രമം വെട്ടിമുറിച്ച് നട്ടകർഷകനെ  തന്നെ മായ്ച്ചുകളയാൻ ശ്രമിക്കുകയാണ്; ഒരു കരാറു പോലെ.. അപ്പോഴൊക്കെ ഓരോ തവണയും അയാൾ ഒഴിഞ്ഞു മാറുന്നുണ്ട് ആ തവണയൊക്കെ തിരഞ്ഞെടുപ്പ് വരികയാണ് അയാൾ വമ്പിച്ച ഭൂരിപക്ഷത്തിൽ കൃഷിക്കാരനായി വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണ് ഓരോ തവണയും തിരഞ്ഞെടുക്കപ്പെടുമ്പോൾ അയാൾ ഇറങ്ങി വന്ന വീട് തനിയെ അടഞ്ഞു  കുറച്ചു ദൂരം ഓടി ഒരു വിമാനം പോലെ   പറന്നുപോവുകയാണ് വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ് അയാൾ കൃഷി ചെയ്ത സ്ഥലം വിമാനത്താവളമായി പ്രഖ്യാപിക്കുകയാണ് പൂർണമായി വികസിച്ച ഒരു  മനുഷ്യനായി നാളെ അയാളെ  പ്രഖ്യാപിച്ചേക്കുമോ എന്ന് ഭയന്ന് പോവുകയാണ്   അതിന്റെ മറവിൽ അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട് ഭ

അന്ധമയിലും അതുവെച്ച നൃത്തവും

ഒരു മഴയ്ക്ക്‌ മാത്രം കഷ്ടിച്ച് കടന്നു പോകാവുന്ന വഴി അതിലൂടെ പീലികൾ അഴിച്ചിട്ടു മേലാകെ നൃത്തം അരച്ച്പുരട്ടിയ ഒരു അന്ധമയിൽ നടന്നു വരുന്നു അത് ചുവടുകൾ തെറ്റിച്ചു നൃത്തം വെച്ച് തുടങ്ങുന്നു  നിത്യ പൂജയില്ലാത്ത അടുത്തുള്ള കോവിലിൽ നിന്നും ദൈവത്തിന്റെ തിരക്കും ഭാരവുമില്ലാത്തൊരു   കൃഷ്ണൻ എന്നോകളഞ്ഞു പോയ മയിൽപീലി തിരഞ്ഞു നടന്നുവരുന്നു അന്ധമയിലിനെ കാണുന്നു അതു തെറ്റിച്ചുവെയ്ക്കുന്ന നൃത്തം നോക്കിനില്ക്കുന്നു ഓരോ തെറ്റിലും കൊഴിഞ്ഞു വീഴുന്ന പീലികളെണ്ണുന്നു അതുകുനിഞ്ഞെടുത്തു, അതിൽ;  കാഴ്ചയുള്ള കണ്ണുകൾ  തെളിച്ചുവരയ്ക്കുന്നു തെറ്റിച്ചുവെച്ച നൃത്തച്ചുവടുകൾ കുത്തിയിരുന്നു പെറുക്കിയെടുക്കുന്നു തെറ്റുതിരുത്തി തിരികെ വെച്ചുകൊടുക്കുന്നു കണ്ണടച്ച് മടിയിൽ പിടിച്ചുകിടത്തി  മയിലിന്റെ കണ്ണിൽ തെളിമയുള്ള കാഴ്ച നനച്ചു വരയ്ക്കുന്നു മയിലിനു കാഴ്ച  തിരിച്ചു കിട്ടുന്നു പെയ്തു തോർന്നുപോയ ഒരു മഴയെ തിരിച്ചുവിളിച്ചു ആ കാഴ്ച്ച  ഒറ്റത്തുള്ളിയിൽ   സാക്ഷ്യപ്പെടുത്തുന്നു കൃഷ്ണന്,  ഒരുപീലി, ആയിരം ജന്മത്തെയ്ക്കു മയിൽ; എഴുതി കൊടുക്കുന്നു കാഴ്ച കിട്ടിയ മയിൽ നനുത്ത ഓർമയ

കുലുക്കത്തിന്റെ വിത്ത് കുഴിച്ചിടുമ്പോൾ

തെരുവിൽ അത്രപെട്ടെന്ന് കാണപ്പെടുന്ന  ഒരു കുഴിയിലേയ്ക്ക്; ഒഴിവാക്കുവാനാകാത്തത് കൊണ്ട്, അത്രയും സൂക്ഷിച്ചിറക്കുന്ന വാഹനം; തിരിച്ചു കയറുന്നതിനിടയിൽ, നമ്മുടെ ഒരു കുലുക്കം; വിത്തുപോലവിടെ  കുഴിച്ചിടുന്നുണ്ട്.. പിന്നെയെപ്പോഴോ പെയ്തേക്കാവുന്ന  ഒരു  മഴ, നമ്മളെ പോലെ അത്രയും ധൃതിയുള്ളത്കൊണ്ട് കുറച്ചു നേരത്തെ പെയ്തത് പോലെ ആ  കുഴിയോടൊപ്പം; കുലുക്കവും, നമ്മൾ കുഴിച്ചിടും മുന്നേ നനച്ചിടുന്നുണ്ട്.. അത് മുളച്ചാണ്  നമ്മൾ മുന്നോട്ടു  പോകുന്തോറും കടന്നുവരുന്ന ഓടുന്ന വാഹനങ്ങൾ പോലും നമുക്ക് മുന്നേ; കിളിച്ചുനിൽക്കുന്നതായി കാണപ്പെടുന്നത്.. അപ്പോൾ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധമതി അതിൽ മരണമണമുള്ള ഒരു അപകടം പോലും അത്രയും പെട്ടെന്ന് മൊട്ടിട്ടു, പൂവിട്ടു.. റീത്ത്പോലെ നമ്മുടെ ദേഹത്ത്‌കേറി വല്ലാതെ പൂത്തുലയാൻ!   

തലവര

കഴിഞ്ഞ ജന്മത്തിലെ;  അണ്ണാനായിരുന്നു ഞാൻ.. അന്ന് ഞാൻ കയറിയ മരങ്ങളൊക്കെ ഈ ജന്മത്തിലെ  വെറും വരകളാണ് താമര പോലെ വെള്ളത്തിൽ വരച്ചതല്ല വിരിഞ്ഞതുമല്ല .. കരയിൽ തന്നെ ആരോ- വരച്ചെടുത്ത് വെച്ചവ.. ഇപ്പോ ആ വരയൊക്കെചേർന്ന് എന്റെ പുറത്തുകയറാൻ നടക്കുന്നു.. രാമന്റെ  പേരുംപറഞ്ഞു എന്നെ  ഭരിക്കുവാൻ ആരോ തിരഞ്ഞെടുത്തത് പോലെ...  എന്തൊരു തലവര! 

പരിഭവം

ശരിക്കും മനുഷ്യന്റെ വേരുകൾ  തന്നെയായിരുന്നു  മരങ്ങൾ മരം അത് ആരോടും പറഞ്ഞുമില്ല നാടാകെ വേരോട്ടമുണ്ടായിട്ടും വേരൊട്ടു മിണ്ടിപ്പറഞ്ഞുമില്ല   ചലിക്കുന്നുണ്ടെങ്കിലും ഇളകുന്നുണ്ടെങ്കിലും ആകാശത്തേയ്ക്ക് തുറക്കുന്ന  ജാലകങ്ങൾ തന്നെയായിരുന്നു ഇലകൾ ജലം അതൊട്ട് കണ്ടുമില്ല മഴയോട് മിണ്ടിപറഞ്ഞുമില്ല കണ്ടില്ലെങ്കിലും മിണ്ടിയില്ലെങ്കിലും ചിരിക്കാത്ത ചുണ്ടുകൾ  തന്നെയായിരുന്നു കിളികളുടെ കൂടുകൾ വിരിഞ്ഞിരുന്നെങ്കിലും പറന്നങ്ങു പോയിരുന്നെങ്കിലും കിളികളൊട്ടു   മുട്ടകളോട് പറഞ്ഞുമില്ല വിരിഞ്ഞ മൊട്ടൊട്ടു  പൂക്കളോട് ചോദിച്ചുമില്ല കാണാതിരുന്നിട്ടും മിണ്ടാതിരുന്നിട്ടും ശരിക്കും എന്റേത് തന്നെയായിരുന്നു നീ നിനക്കതറിയാമായിരുന്നിട്ടും എനിക്കതറിയാതിരുന്നിട്ടും നമ്മളൊട്ടു പരസ്പരം പറഞ്ഞുമില്ല നേരം പോയെങ്കിലും പ്രണയിക്കാൻ വൈകിയെങ്കിലും അതിന്റെ  പരിഭവം നമ്മളൊട്ടു പുറത്തൊട്ടുകാട്ടിയുമില്ല!

മറക്കേണ്ടവയുടെ പട്ടിക

ആകാശത്ത് പതിവായി  കിളികളെ കൃഷി-  ചെയ്തുകൊണ്ടിരുന്ന കർഷകൻ പറക്കൽ വിളവെടുക്കുവാനായി മരത്തിൽ കയറി ഭാരമില്ലായ്മയുടെ വിത്ത് വിതച്ചിട്ടിറങ്ങുന്നതിനിടയിൽ ആരോടും ഒന്നും മിണ്ടാതെ അപ്പോൾ കണ്ട ഒരു കിളിയിലെയ്ക്ക്പറന്നു പോകുന്നു കളകൾ പോലെ തോണികൾ കിളിച്ചു നില്ക്കുന്ന പുഴ കഞ്ഞിക്കലത്തിലെ പറ്റുകൾ പോലെ വറ്റിക്കിടക്കുന്ന കുറച്ചു വെള്ളം അതും കെട്ടിക്കിടക്കുന്നു തിളയ്ക്കുന്നു മുറിവുകളിലെയ്ക്കു മുള്ളുകൾ പെറുക്കിവെച്ചുകൊണ്ടിരുന്ന ഒരു മുക്കുവൻ പെറുക്കിവെയ്ക്കുന്നതിനിടയിൽ  ഒന്നും പറയാതെ നീന്തുന്ന മീനിലേയ്ക്ക് പിടച്ച്  പോകുന്നു കായലെന്ന ക്യാൻവാസിൽ പതിവ് പോലെ വരയ്ക്കപ്പെടുന്ന സൂര്യന്റെ ചിത്രം പറന്നകന്നു പോകുന്ന  രണ്ടുകിളികൾ  മീനുകൾക്കിടയിൽ വലയിൽ  മുക്കുവന്റെ ജഡം പതിവ് പോലെ  അയൽക്കാർ മെഴുതിരി വെളിച്ചത്തിൽ ഒരു ബൾബ്‌ കത്തിക്കിടക്കുന്നത് കാണുന്നു നാളെ മറക്കേണ്ടവയുടെ  പട്ടികയിൽ കൃഷിക്കാരനെയും മുക്കുവനെയും  എഴുതിച്ചേർത്തു ഒരാൾ അയാളുടെ കൂട്ടമായി  കൃത്യമായി ഉറങ്ങാൻ പോകുന്നു.. 

റീത്തുകൾ

വെള്ളത്തുള്ളികൾ വെച്ച് ശരിക്കും നടന്നു പോവുകയാണ് മഴ കൈ കാണിച്ചു നിർത്തി മേൽകൂരകൾ വെറുതെ കയറിപോവുകയാണ് ഒരുപക്ഷെ ചോരുന്നത് കൊണ്ടാവാം വീടുകൾ മുക്കുവരുടേതായത് കൊണ്ടാവാം വെള്ളത്തിൽ നിന്നും ചാർജ് ചെയ്തിരുന്ന മൊബൈലുകൾ ആയിരുന്നു മീനുകൾ നീന്തലിന്റെ ഒരു കൂട്ടം ജീവിക്കുവാൻ വേണ്ടി ജീവിതവുമായി ബന്ധപ്പെടുവാൻ മുക്കുവർ മാത്രം ഉപയോഗിച്ചിരുന്നത് നീന്തലിനെ മാത്രം കപ്പലുകൾ പിടിച്ചു കൊണ്ട് പോയപ്പോൾ ജീവിച്ചിരുന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് പിടഞ്ഞു മരിച്ചവർ മരിച്ചപ്പോൾ മീനുകൾ എന്ന് വിളി കൊണ്ട് റീത്ത് വെയ്ക്കപ്പെട്ടവർ ശരിക്കും മരിച്ച മനുഷ്യർക്ക്‌ വൈകി വെയ്ക്കുന്ന റീത്തുകളാണ് മഴകൾ ജീവിച്ചിരിക്കുന്നവരും അത് ഉപയോഗിക്കുന്നു എന്ന് മാത്രം 

ആ ദിവസങ്ങൾ

വിരിച്ച വെയിലിൽ രാവിലെ മുതൽ കിടന്നു ഉണങ്ങിപ്പോയ  സൂര്യനെ എടുത്തു ചാക്കിൽ കെട്ടിവെയ്ക്കുകയാണ് വൈകുന്നേരത്തെ പോലെ നരച്ച മുറ്റം കുറച്ചകലെ കേട്ട പാട്ടിൽ കൈകഴുകി ഒരു പശുവിലെയ്ക്ക് എണീറ്റ്‌ പൊയ്ക്കൊണ്ടിരിക്കുന്നു   ചാണകം വെച്ച്  കളിച്ചു കൊണ്ടിരുന്ന കുട്ടി വരമ്പിലൂടെ നടന്നു  അങ്ങ് തെരുവിലേയ്ക്ക് കയറിക്കഴിഞ്ഞിരുന്നു കൃഷിചെയ്യാൻ മറന്നു തരിശുകിടന്ന  പാടം ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ കൂടെ നടക്കുകയാണ് കൂടെ പഠിച്ച പെണ്ണിനെ പോലെ കെട്ടിയിട്ട തോണിയെ  അഴിച്ചു കളഞ്ഞ പുഴ കുടിച്ച പാലിന്റെ പാട പോലെ തൂത്തുകളഞ്ഞിട്ടും പറ്റിപ്പിടിച്ചിരിക്കുകയാണ്  മധുരത്തിനും പഞ്ചസാരയ്ക്കുമിടയിൽ വല്ലാതെ പിരിഞ്ഞു പോയ ആ ദിവസങ്ങൾ....

നട്ടെല്ല് അഴിച്ചെടുക്കുമ്പോൾ

രാജ്യം ഉപേക്ഷിച്ച കർഷകൻ   അയാളുടെ വേദനകളെ അയാളുടെ തലയിൽ പശുക്കളെ പോലെ മേയാൻ അഴിച്ചു വിട്ടു കണ്‍പോളകളെ ഇരുട്ടിൽ കൊണ്ട് കെട്ടി അയാൾക്ക് ഉപേക്ഷിക്കാനാവാത്ത രാജ്യത്തിൻറെ   നട്ടെല്ലിന്റെ ചോട്ടിൽ ബുദ്ധനെ പോലെ വന്നിരിക്കുന്നു   ഒരു ദീർഘനിശ്വാസത്തിൽ അയാളുടെ മുന്നിലൂടെ വെറുംകരിയില പോലെ പറന്നു പോകുന്നു; കരച്ചിൽ എന്ന വരവിനും ചിരി എന്ന ചെലവിനുമിടയിൽ  കാലങ്ങളായി മിച്ചം പിടിച്ചു വെച്ചിരുന്ന  ചുണ്ടുകൾ   വെയിലിലും  കാറ്റിന്റെ തണൽപച്ച  കാട്ടാത്ത  ഇലകളെ പോലെ ഒന്നുംമിണ്ടാതെ ശബ്ദമുണ്ടാക്കുന്നു ചുറ്റുമുള്ള  നൂറായിരം ചുണ്ടുകൾ അങ്ങിനെയിരിക്കുമ്പോൾ അയാൾക്ക് മാത്രമായി നേരമിരുട്ടുന്നു!      തന്റെ ഭാരം കുട്ടയിലെടുത്തുവെച്ചു തലയിൽചുമന്നു  ഒരുനിമിഷം കൊണ്ട യാൾ കർഷകനല്ലാതായി- മാറുന്നു   ഇരുന്ന നട്ടെല്ല് ആരുടേതാണെന്ന്പോലും നോക്കാതെ യാന്ത്രികമായി അയാൾ കയറുപോ ല ഴിച്ചെടുത്തു തുടങ്ങുന്നു!

മുള്ളുകളുള്ളൊരു അലമാര

നിറയെ മുള്ളുകളുള്ളൊരു അലമാര അതിനെ ഞാൻ  മീനെന്നു വിളിക്കുന്നു ചോരയിൽ അലക്കിയെടുത്ത മുറിവുകൾ അത് അടുക്കി വെയ്ക്കുന്നതിനിടയിൽ കടലെന്ന് മീൻ തിരിച്ചു വിളിക്കുന്നു ഞാൻ ആഴത്തിൽ നിന്ന് കയറി കരയ്ക്കിരിക്കുന്നു കടലാസ്സെന്നു തിരുത്തുന്നു അത് കേട്ട് ഒരു തിര വന്നു എഴുതിയതൊക്കെ മായ്ച്ചു കളയുന്നു കാതിൽ മഴയെന്ന് മന്ത്രിയ്ക്കുന്നു തണുത്ത് വിറങ്ങലിച്ച എന്റെ ശരീരത്തിൽ തിരമാല പുതപ്പിക്കുന്നു ഞാൻ പുഴയെന്ന് തിരുത്തുന്നതിനിടയിൽ തിരിച്ചു പോകുന്നു ഞാനും  മീനും പുഴയും പിന്നെ ഞങ്ങൾ കണ്ട സ്വപ്നവും ഒരു കൊലുസ്സിട്ട തീവണ്ടി പുഴ മുറിച്ച പാളത്തിന്റെ ഒറ്റ വരമ്പിലൂടെ ഒച്ചയുണ്ടാക്കാതെ കടന്നു പോകുന്നു ശവം പോലെ ഒരു തോണി കരയ്ക്കടിയുന്നു അതിൽ ഒരു ഉൽപ്രേക്ഷ മരിച്ചിരിക്കുന്നു...  

ഒരാളിറങ്ങുന്നു അഥവാ കുറേ ആളുകൾ ഉറങ്ങുന്നു

പുഴ അതിന്റെതല്ലാത്ത കര വഞ്ചി അതിന്റേത് മാത്രമായ പുഴ വഞ്ചിയുടേതു മാത്രമല്ലാത്ത ഉലച്ചിൽ അതിന്റെ ഇല്ലാത്ത ചുവരിൽ ചില്ലിട്ടു വച്ചിരിക്കുന്ന പുഴയുടെ ചിത്രം ആ ചിത്രത്തിൽ കാണപ്പെടുന്ന ഉണങ്ങിപ്പോയ മരം അതിന്റെ ചില്ലയിൽ പ്രതിഫലിക്കുന്ന ഒരു കിളിക്കൂടിന്റെ രൂപം അതിൽ കിളിയിട്ടു കൂട്ടിയിരിക്കുന്ന വിരിയാത്ത മുട്ടകൾ അടയിരിക്കാൻ മറന്നു പറന്നുപോയ ഏതോ കിളി വഞ്ചി ഉലയാത്ത ഏതോ ദുർബല നിമിഷത്തിൽ എന്തോ ഓർത്തപോൾ പറന്നുവരുന്ന അതേ കിളി ഒരു മീൻ കൊത്തിയെടുക്കുന്നു പറക്കുന്നു പിടയ്ക്കുമ്പോഴും ആ മീൻ വിടാതെ കടിച്ചു പിടിച്ചിരിക്കുന്ന പുഴ അതിൽ ഒന്നും അറിയാതെ നീന്തുന്ന അതേ മീനിന്റെ കുഞ്ഞുങ്ങൾ ഒന്നുലഞ്ഞു അപ്പോഴും അതിലുള്ള അതേ വഞ്ചി ആ വഞ്ചിയിൽ അത് വരെ ഇല്ലാതിരുന്ന ഒരാൾ കട്ടിലിൽ ഉറങ്ങി കിടന്നിരുന്ന ഒരാൾ പെട്ടെന്ന് കട്ടിലിൽ ഒന്നുലഞ്ഞു മുട്ട വീണുടയുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നയാൾ ആ വഞ്ചിയിൽ ഉണ്ടായിരുന്നത് പോൽ എണീറ്റ്‌ ഉറക്കെ വിളിച്ചു പറയുന്നു ഒരാളിറങ്ങണം

മുല്ലപ്പൂമഴ

ഇന്നലെ എല്ലാം പതിവ് പോലെ കൃത്യസമയത്ത് പടിഞ്ഞാറു തന്നെ അസ്തമിച്ച സൂര്യൻ ഒട്ടും വൈകാതെ ഉദിച്ച ചന്ദ്രൻ ഉദിച്ചതിന്റെ പാകത്തിന് കൃത്യമായി ചേർത്ത നിലയിൽ കാണപ്പെട്ട നിലാവ് മുല്ലയിൽ അവസാന മൊട്ടും വിരിഞ്ഞു കഴിഞ്ഞപ്പോൾ ഇരുട്ടിനെ കൂട്ടിരുത്തി ഉറങ്ങാൻ പോകുന്ന ഞാൻ അതും പതിവുള്ളത് തന്നെ ഉറക്കവും പാകത്തിന് രാവിലെ ഉണരുമ്പോൾ ഞാൻ വെറും കുട്ടി കട്ടിൽ വെറും തൊട്ടിൽ കേൾക്കുന്നതെങ്ങും താരാട്ട് കാണുന്നത് മുഴുവൻ വേണമെങ്കിൽ വീട്ടമ്മമാർ എന്ന് വിളിക്കാവുന്ന അമ്മമാർ അവരുടെ ചിരിയിലൂടെ ഒലിച്ചിറങ്ങുന്ന മുലപ്പാൽ മണം ഉണരണോ ഉറങ്ങണോ എന്നൊരു ശങ്കയിൽ ഞാൻ കിടക്കുമ്പോൾ എന്റെ തൊട്ടടുത്ത്‌ എഴുന്നേറ്റിരിക്കുന്നു എന്റെ കിടക്ക മുഴുവൻ നനച്ചു രാത്രി മുഴുവൻ കിടന്നുപെടുത്ത മുല്ലപ്പൂകുഞ്ഞുങ്ങൾ!

അമ്മ തീവണ്ടികൾ

പുലരി  പോലെ ചിറകടിച്ചു രണ്ടു തീവണ്ടികൾ പറന്നിറങ്ങുന്നു ചുള്ളിക്കമ്പ് പോലെ കുറെ പാളങ്ങൾ കൊത്തി വലിച്ചു അങ്ങോട്ടും ഇങ്ങോട്ടുമിട്ട് കൂട് കൂട്ടുന്നു അതിൽ ഒരായിരം ചക്രങ്ങളിൽ ഉരുണ്ടു കളിക്കുന്ന മുട്ടകളിടുന്നു അതിൽ അമ്മ തീവണ്ടികൾ ഒന്ന് ചിലച്ചു കുറെ ചലിച്ചു വീണ്ടുമൊരായിരം അടയിരിക്കുന്നു മുട്ടവിരിഞ്ഞു ഒരായിരം ജാലക കുഞ്ഞുങ്ങൾ വിരിയുന്നു അവ പല വീടുകളിൽ വിശന്നു ചേക്കേറുന്നു ചിലത് കാര്യാലയങ്ങളിൽ കലണ്ടറുകളിൽ കളങ്ങളിൽ തീയതികളിൽ വീണ്ടും അടയിരിക്കുന്നു മാസാവസാനം ശമ്പളമായി ചിലവെന്നു വിരിഞ്ഞു ചിറകടിച്ചു പറന്നു പോകുന്നു പിന്നെ വിരിയുന്നതെല്ലാം വാതിലുകൾ അതിൽ വിരിയുന്നതെല്ലാം യാത്രക്കാർ ഓരോ തീവണ്ടിയും  വന്നു നിൽക്കുമ്പോൾ യാത്ര വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ പോലെ അവരവരുടെ ആകാശങ്ങളിലെയ്ക്ക് ചിറകു വിരിച്ചു പറന്നു പോകുന്നു  

ചതുരമുട്ടകൾ

നമ്മൾ ആദ്യമായി കണ്ടുമുട്ടി പിരിഞ്ഞപ്പോൾ നിന്റെ ദേഹത്തേയ്ക്ക് കൊഴിഞ്ഞു വീണ എന്റെ തൂവൽ അതിൽ നീ നിന്റെ  ചിറകു വരയ്ക്കുന്നു അറിയാവുന്ന നിറങ്ങൾ എടുത്തു പുരട്ടുന്നു അതെടുത്തു വെച്ച്  നീ ഒരു കൂടുണ്ടാക്കുന്നു തിരികെ പോയ നാല് ചുവരുകൾക്കുള്ളിൽ നീ ചതുരമുട്ടകൾ ഇട്ടു കൂട്ടുന്നു അതിൽ നീ പക്ഷിയെ പോലെ അടയിരിക്കുന്നു മുട്ടകൾ വിരിഞ്ഞു പുറത്തു വരുന്ന നീലാകാശത്തിൽ നീ നിന്നെ ഒരു പുതിയ  മേഘമായി നീലനിറത്തിൽ എടുത്തു വയ്ക്കുന്നു നിറം എന്നിലേയ്ക്ക് പറക്കുന്നു വൈകി എത്തിയ രാത്രിയിൽ നീങ്ങി തുടങ്ങിയ നിലാവിൽ  ചന്ദ്രനെ പോലെ  ഓടിക്കയറുന്ന ഞാൻ കാണുന്ന ഓരോ ജാലകത്തിലും നക്ഷത്രം  പോലെ നിന്നെ  തിരയുന്നു  തൂവലുകളും ചിറകുകളും  ഊരി വെച്ച്  ഇണചേരുന്ന പക്ഷികളെ  മാത്രം  മാനത്ത് കാണുന്നു  

ഹർത്താൽ

ഹർത്താൽ ദിനം എങ്ങും വിജനത അടച്ചിട്ട കടമുറ്റങ്ങളിൽ ചീട്ടുകളിക്കുന്ന  കുണുക്കിട്ട പൂട്ടുകൾ തിരക്കിനെ ഏകാന്തത കൊണ്ട്  ഗുണിച്ച്‌ തെരുവ് തെറ്റി പോയ ഉത്തരം പോലെ  ഏതാനും വാഹനങ്ങൾ  ഓടുന്ന വണ്ടിയുടെ ജാലകത്തിൽ മാത്രം ഒരു മുറുക്കാൻ കട തുറന്നിരിക്കുന്നു ഒരു നനഞ്ഞ കുട മുറിച്ചു നാരങ്ങാവെള്ളം പിഴിയുന്നു മഴമാങ്ങകൾ ആഞ്ഞു വലിക്കുന്ന സിഗററ്റിനുള്ളിലേയ്ക്ക് കയറി പോകുന്ന ഒരാൾ എങ്ങു നിന്നോ തിരക്കിട്ട് ഓടി വന്ന  ഒരു ചില്ലിട്ട കല്ല്‌ ഉച്ചത്തിൽ ഒച്ച ചോദിച്ച് തപ്പുന്നു മുറിവിന്റെ ചില്ലറകൾ..!

ജാലകം കൊത്തുന്നു

ഒരു അലസമായ ഉറക്കവും കഴിഞ്ഞു, ഒരു വിരസമായ-  പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ കണ്ട സ്വപ്‌നങ്ങൾ ഓർമയിൽ, നിറങ്ങളിൽ മഴ തന്നെ മുക്കി  അലക്കിയിടുന്നു   ചൂടിന്റെ നിറം പുരട്ടി ഒരു ചായ വരയ്ക്കുന്നു ചായ ഞാൻ കുടിക്കുന്നു ഞാൻ ഇന്നലെ  പോലെ തണുക്കുന്നു മറവിയിൽ നിന്നും കുറച്ചു നിറമെടുത്ത്‌ ഞാനൊരു പൂവ് വരയ്ക്കുന്നു പൂവ് ഒരു ചെടിയോടു കൂടി ഒരായിരം പൂമൊട്ടു  ഇങ്ങോട്ട് തിരികെ വരയ്ക്കുന്നു ഞാൻ അത് മായ്ക്കാതെ പുതിയൊരു  പൂമ്പാറ്റ വരയ്ക്കുന്നു പൂമ്പാറ്റ പറക്കാൻ മടിച്ചു; അതിന്റെ ചിറകിലെ- ഒരു നിറത്തിൽ ചെന്നിരിക്കുന്നു. പൂവിനേയും പൂമ്പാറ്റയെയും  അതിന്റെ പാട്ടിനു വിട്ടു ഞാൻ ഒരു കിളിയെ വരയ്ക്കുന്നു കിളി ഒരു പാട്ട് പാടി; ആ പാട്ട് തന്നെ കൊത്തി തിന്നുന്നു വരയ്ക്കുന്നതോന്നും ശരിയാവാതെ ഞാനൊരു യാത്ര പോകുവാൻ തീരുമാനിക്കുന്നു ഒരു വഴി വരയ്ക്കുന്നു അതിലൂടെ കൈ വീശി നടക്കുന്നു വീശിയ കൈകൾ വീശലിന്റെ ചുളിവു നിവർത്തി  ഞാനറിയാതെ ഒരു പാളം ഒരുക്കുന്നു വെയിലേറ്റു തിളങ്ങുമ്പോൾ ആ പാളത്തിൽ ജാലകം ഇല്ലാത്ത ദൂരം കയറ്റിയ  ഒരു  തീവണ്ടി  വന്നു നില്ക്കുന്നു ഞാനതിൽ ധൃതി വച്ച് ഒരു ജാലകം കൊത്തുന്

തൊട്ടു മുമ്പ്

ആത്മാവിൽ;  ആകാശത്തിന്റെ വിത്തുമായി,  പെയ്യുന്ന മഴയെ- ഒരു പൂർണ വലം വെയ്ക്കണം,  അപ്പൂപ്പന്താടി പോലെ; മരണത്തിലേയ്ക്ക് പറക്കുന്നതിന്- തൊട്ടു മുമ്പ്..

ജലമാല ചാർത്തുവാൻ

മൂന്നാല് മിന്നലുകൾ ചേർത്ത് വെച്ച്  ഇരുട്ടിന്റെ നഗ്നതയ്ക്ക്-  മിന്നാമിന്നികൾ കുപ്പായം തുന്നുന്ന  രാത്രിയിൽ,  മഴയെ അർദ്ധവലം വച്ച്  പുഴ തെളിക്കുന്ന വഴിയെ നാണത്തിന്റെ- പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലേയ്ക്ക് നിന്റെ കൈമാത്രം പിടിച്ചു  ഒരു തീർത്ഥയാത്ര പോകണം... നിശാ ശലഭങ്ങൾ; മാറ് മറച്ചു വെച്ച്, നിറമില്ലാ ചിറകുകൊണ്ടു ഭാരമില്ലാത്ത കുരവയിടുന്ന വേളയിൽ പളുങ്ക് കൊണ്ട് തുന്നിയ ജലമാല പരസ്പരം ചാർത്തുവാൻ....

ഫയർ എഞ്ചിൻ ചിറകുള്ള ശലഭം

പൂവിൽ നിന്നും തീ പിടിച്ചു ചിറകു കരിഞ്ഞു പോയ ശലഭമുണ്ടാവും അതിനു തീ കൊണ്ട് ചിറകു വരച്ചു കൊടുക്കണം അതിനിഷ്ടമുള്ള നിറങ്ങൾ ചൂടോടെ എഴുതി കൊടുക്കണം ചിറകു ഉറച്ചു കഴിഞ്ഞാൽ പറക്കാൻ പറഞ്ഞു കൊടുക്കണം വീണ്ടും പറന്നു തുടങ്ങിയാൽ പഴയ പൂവിൽ ചെന്ന്  പുതിയ തീ കൊളുത്താൻ പറയണം നോവ്‌ വെന്തു തേൻ  വരുമ്പോൾ കാതിൽ ചെന്ന് തീ ഊതി അണയ്ക്കാൻ പഠിപ്പിക്കണം പ്രണയിക്കുന്ന ആണിനെ പോലെ 

ചോർച്ചയുടെ മേൽവിലാസം എഴുതിയ മഴത്തുള്ളികൾ

മഴ വരുമ്പോൾ-  പിൻ വാതിലിൽ കൂടി; മുൻവാതിൽ- ഇറങ്ങി പോകുന്ന ഒരു വീടുണ്ട്  അപ്പോൾ ഒരു ചോർച്ച അകത്തു കയറി,  കതകു ചേർത്തയ്ക്കും.. വീട്ടിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുയരും.. അപ്പോൾ ജനാല; ഒരു തൂവാലയായി- വീടെടുത്ത് മുഖം തുടയ്ക്കും.. ആ വീട്ടിലെയ്ക്കുള്ള എല്ലാ വഴിയും- പകൽ; അന്നത്തേയ്ക്കു മായ്ച്ചു കളയും.. അന്നത്തെ വിശപ്പ്‌; വീടെടുത്ത് പിറ്റെന്നത്തെയ്ക്ക്- മാറ്റിവെയ്ക്കും!

കാലുകളിൽ നിന്നിറങ്ങി നടക്കുന്നത്

നിന്റെ അടുത്തെത്താനുള്ള- തിടുക്കത്തിൽ,  എന്റെ കാലുകളിൽ നിന്നിറങ്ങി  നടക്കുകയാണ് ഞാൻ..   വഴികൾ തീരുന്ന ഒരി- ടനാഴിയിൽ വെച്ച്,  ഞാൻ- നിന്റെ; കാലുകളിലെയ്ക്ക്, നടന്നു കയറുന്നു.. നീ നിന്റെ കാലുകളിൽ നിന്ന്;  നിന്റെ ഉടലിലെ- യ്ക്കെന്നെ കൈ പിടിച്ചു നടത്തുന്നു.. ഞാൻ  ആ  കൈ കുടഞ്ഞു; ഒരു മഴപെയ്യിക്കുന്നു നീ ആ മഴ എടുത്തുവെച്ച്; ആകാശത്താകെ തോരണം കെട്ടുന്നു.. അതിൽ  നമ്മൾ  പക്ഷികളുടെ; വിത്ത് വിതയ്ക്കുന്നു!

നനഞ്ഞാൽ പനി പിടിക്കുന്ന മീൻ

നനഞ്ഞാൽ ഉടൻ- പനി പിടിക്കുന്ന; ഒരു മീനുണ്ടായിരുന്നു, അതിനെ- ഒരു മഴയുടെ- മരുന്ന് കൊടുത്തു വളർത്തുകയാണ്‌; ഞാനായി, നിനക്ക് വേണ്ടി!   

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" എന്ന് പേരുള്ള പൂച്ചയും ഞാനും

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു"  എന്ന് പേരുള്ള പൂച്ചയും,  പിന്നെ ഞാനും.. ഞങ്ങൾ ഒരു കുറുമ്പിലേയ്ക്ക്; പരസ്പരം മുറിച്ചു കടക്കാനുള്ള രണ്ടുപേർ മാത്രമുള്ള,  മത്സരത്തിനു കാത്തു നില്ക്കുന്നു.. ഞാൻ എന്ന് പറയുന്ന ഇടവേളയിൽ; പൂച്ചയുടെ പുച്ഛം നിറഞ്ഞ തിരിഞ്ഞു നോട്ടത്തിൽ, പട്ടി എന്ന പദം- അടങ്ങിയിട്ടില്ല; എന്ന് വിശ്വസിക്കുവാൻ, ഒരു നിമിഷം ഞാൻ കൂടുതൽ എടുക്കുന്നില്ല.. രണ്ടു പേരെ ഉള്ളു എങ്കിലും; മത്സര സമയം ആകുവാൻ, കടന്നു പോകേണ്ട ഓരോ നിമിഷവും, ഒരു മത്സരാർഥി ആണെന്ന്; ഒരു യുവ കവിയെ പോലെ ഞാൻ; സങ്കല്പ്പിക്കുന്നുമില്ല... അതിനിടയിൽ മുടി അഴിച്ചിട്ടു; എന്റെ മുമ്പിലൂടെ- കടന്നു പോകുന്ന പെണ്‍കുട്ടിയെ ഞാൻ; നോക്കുന്നുണ്ട്;സമയം പോലെ.. കൂടെ കൂടെ.. അവളോടൊപ്പം പോകുന്ന; ആണിന്; എന്നേക്കാൾ സമയം ഉണ്ടല്ലോ, എന്ന് അതിശയിക്കുന്നുമുണ്ട്.. ആ അതിശയത്തിനിടയിൽ നോക്കുമ്പോൾ; എന്റെ വാച്ചിൽ നിന്നും- അവന്റെ വാച്ചിലേയ്ക്ക്; നടന്നു പോകുന്ന; രണ്ടു മൂന്നു മണിക്കൂറുകളും; ഞെട്ടലോടെ കാണുന്നു.. പിന്നെ കണ്ടില്ലെന്നു നടിക്കുവാൻ തീരുമാനിക്കുന്നു! അതിനിടയിൽ ഞാൻ തള്ളി നീക്കുന്ന, വിരസ നിമിഷങ്ങളെ; ആരും കാണാതെ; പൂച്ച- ഒരു മ്യാവൂ ശബ്ദത്തിൽ,

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ, കറങ്ങുന്നതിനിടയിൽ, ഭൂമിക്കു ഒന്ന്; നിർത്തിയിടണം- എന്ന് തോന്നുന്നു.. ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു. ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,  എന്റെ കൊച്ചു വീട്ടു മുറ്റം.. ആ  വീടിന്റെ മുറ്റത്ത്‌, ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ, കുറച്ചു നിരപ്പ് മാത്രം ഉള്ള, മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്- കറക്കത്തിന്റെ വേഗത കുറച്ചു, ഒരു കുലുക്കത്തോടെ, എന്നെ ഒന്ന് ഭയപ്പെടുത്തി ഭൂമി കയറ്റി നിർത്തുന്നു ... അതിൽ നിന്ന് ആദ്യം ഞാനിറങ്ങി എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു.. ആ സമയത്ത്, വീടുകളിലെ ഘടികാരങ്ങൾ; പെട്ടെന്ന് നിലക്കുന്നു. സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു, അതിലൊരു ഘടികാരം താഴെ വീഴുന്നു, ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ; ഒരു തിരക്ക് പോലെ; പുറത്തേയ്ക്കിറങ്ങുന്നു. അത് വിവിധ രാജ്യക്കാരാകുന്നു, അവർ പല ഭാഷ പറയുന്നു, അവരവരുടെ മതക്കാരെ കുറിച്ച് മാത്രം; രഹസ്യമായി തിരക്കുന്നു. മാദ്ധ്യമങ്ങളിൽ; കേരളത്തിൽ- ഭൂമി ഇറങ്ങിയ കാര്യം, ദ്രുത വാർത്തയായി; കടന്നു പോകുന്നു.. അത് ഒരു തീവണ്ടി ആണെന്ന്, ആരും തെറ്റിദ്ധരിക്കുന്നില

നമ്മൾ ഇരുകൊമ്പിൽ മാങ്ങകളായി പിടിക്കുന്നു പരസ്പരം തിന്നുന്നു

ഒരു തിങ്കളാഴ്ച ആണെന്നുള്ള ആലസ്യത്തിൽ മാനത്ത് കുറച്ചു വൈകി ഉദിക്കുന്ന അലസചന്ദ്രൻ താഴെ വിജനതയിൽ ഒഴുകുന്ന തെളിനീർപുഴ കരയിലെ ഒരൊറ്റ മരം  നിലാവിന്റെ വെട്ടത്തിൽ; പുഴ- ഓളങ്ങളിൽ തെറ്റി കാണുന്ന വെട്ടിത്തിളങ്ങുന്ന സ്വപ്നം അതിൽ മരം; ചേറ്റിൽ തെറ്റി വിരിഞ്ഞ രാതാമര പുഴയോ; പൂത്തുലയുന്ന രാത്രി മഴ! നനയുന്ന ഇതൾ നാണങ്ങൾ തീപിടിച്ച ജലത്തുള്ളികൾ ജലശീൽക്കാരങ്ങൾ തോരാത്ത മഴയിൽ ഇടയ്ക്കിടെ നിർവൃതി കുട നിവർത്തി ഇതൾ കുടയുന്ന താമര തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ.. ആകാശം ആ സ്വപ്നം അരണ്ട വെളിച്ചത്തിൽ ഒളിച്ചു കണ്ട മാതിരി മേഘങ്ങൾ മാനത്ത് ഉരുണ്ടു കൂടുന്നു ഇടയ്ക്കിടെ തെളിയുന്ന ഒറ്റനക്ഷത്രത്തിന്റെ മൂക്കൂത്തിത്തിളക്കം അഴിച്ചിട്ട മുടിപോലെ ഇളകുന്ന മേഘങ്ങൾ ആരോ മുത്തി കുടുക്കഴിച്ച പോൽ താഴേക്കിറ്റുവീഴുന്ന ജലത്തുള്ളികൾ അതിന്റെ മുലയാഴങ്ങളിൽ ആരോ പരതിയ പോൽ തെളിയുന്ന വിരിയാൻ കൊതിക്കുന്ന ഞെട്ടറ്റ പൂമൊട്ടുകൾ.. അത് തട്ടിയെന്ന പോൽ പെട്ടെന്ന് ഇരു സ്വപ്നങ്ങളിൽ നിന്ന് ഒരുമിച്ച് ഞെട്ടി ഉണരുന്ന നമ്മൾ അടുത്തടുത്ത്‌ മുട്ടിഉരുമി നില്ക്കുന്ന മകരമാവിലെ ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ അതിൽ പെട്ടെന്ന്

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....