Skip to main content

Posts

Showing posts from August, 2020

വെറുതേ ഒരാൾ

എഴുതിയ കവിതയിൽ  അവസാന വരിയിൽ വീണെരിയുവാൻ അങ്ങോട്ടേയ്ക്ക് പറക്കുകയായിരുന്നു കൈയ്യിലെ  മഴപ്പാറ്റ വിരൽ നീല കൂട്ടി പറന്നുപോകുവാൻ കൂട്ടാക്കാതെ കൈയ്യിൽ ഉടലിൽ ചിറക് കൂട്ടി തുടർന്നു നീലപ്പൊന്മവിരൽ പറക്കുന്നത് മറക്കുവാനുള്ള ശ്രമത്തിലാവണം നടക്കുവാൻ നിലത്ത് കാൽതൊട്ടപ്പോഴൊക്കെ നിലത്ത് പൊടിഞ്ഞുവീണു മൺതരികൾ കൊണ്ട് നിർമ്മിക്കപ്പെട്ട പാദങ്ങൾ അവളുടെ  വിരലുകൾ ഒഴുകുന്ന പാദത്തിൽ ചുംബിച്ചതിന്റെ പാടായി നടക്കുമ്പോഴും ചുണ്ടിലെ പാട്ട് ചെവിച്ചൊരുക്കുള്ള മാംസത്തിന്റെ കോൺക്രീറ്റ് കട്ടയായി തുടർന്നു ഉടൽ അസ്തമയത്തിന്റെ മാംസത്തിനടുത്ത് വെളിച്ചം കുറച്ച് വെച്ച സൂര്യൻ മുന്നിൽ ചരിച്ച് നിർത്തിയ മഴ പുറത്തിറങ്ങി  നടന്നുപോകുന്നതെല്ലാം മഴത്തുള്ളികൾ തോരുന്നത് കൊള്ളുന്ന ആഴമുള്ള സഞ്ചിയാവുന്നു അകത്തും പുറത്തും തുള്ളികൾ  മഴ അരികിൽ കിടക്കുന്ന മാനത്തുകണ്ണി പെണ്ണ് മലയിടുക്കിലേയ്ക്ക് എന്ന പോലെ മഴയിലേയ്ക്കു തന്നെ നടക്കുന്നു  ഒഴുക്കിലേയ്ക്ക് മടങ്ങുന്നു വിൽക്കാത്ത നിറങ്ങളുമായി പുറത്തിറങ്ങുന്ന അത്തറുവിൽപ്പനക്കാരനായ ശലഭം പിന്നെ കൊണ്ടുനിർത്തിയ നെടുവീർപ്പിൽ കയറി യാത്രക്കാരനാവുന്നു  വെറുതെ ഒരാൾ.