Monday, 15 February 2016

ആഴത്തിൽ ഒരു കള്ളം

ഇറ്റുന്നതിനിടയിൽ
ജലത്തിനെ
തുള്ളിയായി ധ്യാനിക്കുന്ന ഒരാൾ

മഴയായി അവൾ പ്രത്യക്ഷപ്പെടുന്നു

അത്രയും ഉയരത്തിൽ
ഭാരക്കുറവിന്റെ രണ്ടു
 ഉടൽമേഘങ്ങൾ

നിറങ്ങളിൽ
ശലഭങ്ങളുടെ ആകാശപ്രജനനം

മുകളിൽ
നിശ്ചലതതിരിച്ചിട്ട
നീലനിറത്തിന്റെ തണുതണുത്തതടാകം

ഉലയുന്ന രണ്ടു  ജലയുമ്മകൾ

ഒന്നെന്നിറ്റുന്ന രണ്ടു  മഴത്തുള്ളികൾ
ഒന്നൂടെ ഒന്നായി ഒന്നിലേയ്ക്കു
തുളുമ്പുന്ന രണ്ടുപേർ
ഒരേതുള്ളിയുടെ രണ്ടറ്റങ്ങൾ

തിരമാലകൾ കഴുത്തിലിട്ട്
അവൾ വെയ്ക്കുന്ന
ചലനരഹിത ജലനൃത്തങ്ങൾ

കാലിൽ കൊലുസ്സായി
തുളുമ്പുന്ന അവളുടെ കടൽ

ജലം വെയ്ക്കുന്ന മീൻ ചുവടുകൾ

സമയം അവളുടെ ജലപ്പൊട്ടിന്റെ
ചോപ്പ്

ഇനിയും എത്ര ആഴത്തിൽ
 വെള്ളപ്പെടണം ഞാൻ
ഇഷ്ടമാണെന്നൊരു കള്ളം
അവളിൽ നനയുവാൻ…

Thursday, 4 February 2016

പകൽ വിസ്മയം

ഒരു ദിവസം ഉറക്കമുണർന്ന്
നോക്കുമ്പോൾ…

കാണുന്നിടത്തെല്ലാം
കൂരിരുട്ട്

കൈയ്യിൽ കിട്ടിയ
ഒരു തീക്കൊള്ളിയുരച്ചു
നോക്കുമ്പോൾ,
കാണുന്നു…

വെളിച്ചത്തിൽ
തെളിയുന്ന ചുറ്റുപാട് പോലെ

തീപ്പട്ടികൂടിന്റെ
വെളിയിൽ
ഒട്ടിച്ചിരിക്കുന്ന
ഒരു പകലിന്റെ ചിത്രം!

ആ പകൽ വെളിച്ചത്തിൽ
പുറത്തിറങ്ങിനോക്കുമ്പോൾ
കാണുന്നു…

ഒളിച്ചുകളിക്കുന്നതിനിടയിൽ

ആരും കണ്ടുപിടിക്കാത്തത് പോലെ
വീടിന്റെ പിറകിൽ

തിളക്കം ഒളിപ്പിച്ച്,
പമ്മിയിരിക്കുന്ന;
ഒരു കൊച്ചുനക്ഷത്രം!

ആ നക്ഷത്രത്തിനെ
കണ്ടുപിടിച്ചത് പോലെ
ചെന്ന്
പതിയെ തൊടുമ്പോൾ…

അതിനുള്ളിൽ
ഒളിച്ചിരുന്നത് പോലെ,
ഇറങ്ങിവരുന്ന..
ഒരു വല്യനീലാകാശവും

പിറകെ
തുരുതുരെ ഇറങ്ങിവരുന്നു
ഒരു കുഞ്ഞുസൂര്യനും...
മേഘങ്ങളും!

Tuesday, 2 February 2016

ഭാവിയിലെ തൊഴിൽ


പച്ചനിറമുള്ള തത്തയുമായി
ഭാവി പ്രവചിക്കാനിരിക്കുന്ന
ഒരാൾ

അയാൾക്ക് തത്തയേക്കാൾ
പച്ചനിറം

പച്ചനിറം തന്നെ അയാൾ
പ്രവചിച്ചതാണെന്ന ഭാവം

പച്ചയുടെ ഭാവിയെന്നോണ്ണം
അയാൾക്ക്‌ തത്തയേക്കാൾ
ചുവന്ന ചുണ്ടുകൾ

തത്ത അയാളുടെ ചുണ്ടുകൾ
കൊണ്ട് മിണ്ടുന്നു

സംസാരത്തിന്റെ
ഭാവിപോലെ
അയാൾ മിണ്ടാതിരിക്കുന്നു

മൌനത്തിന്റെ ഭാഷ പോലെ
ഭാവിയേതുമില്ലാത്ത ഞാൻ
അയാളുടെ മുന്നിലൂടെ
കടന്നു പോകുന്നു

കടന്നു പോകുവാൻ ചീട്ടു പോലെ
ഞാൻ എടുക്കുന്ന ഓരോ ചുവടും
അയാളുടെ കൂട്ടിൽ കിടക്കുന്ന തത്തയുടെ
പകർപ്പ്
പച്ച നിറത്തിൽ എടുക്കുന്നു

അതിനെ ചീട്ടെടുക്കുവാൻ പഠിപ്പിക്കാതെ
ഇന്നലെയിലെയ്ക്ക് കാലം പറത്തിവിടുന്നു

ഞാനിപ്പോൾ തത്തകൾ പറക്കുന്ന
അത്രമേൽ ശൂന്യാമായ നീലാകാശം

അങ്ങിങ്ങ് കാണപ്പെടുന്ന
തെറ്റിയപ്രവചനങ്ങളുടെ മേഘങ്ങൾ

പെയ്യാനും പെയ്യാതിരിക്കുവാനുമുള്ള
ചില മഴസാധ്യതകൾ

അയാൾ എന്റെ ആകാശത്തിനെ
പച്ചനിറത്തിൽ
അടുത്തേയ്ക്ക് വിളിക്കുന്നു

ഞാൻ തത്തയെ പോലെ അയാളുടെ അടുത്തേയ്ക്ക്
കൂടെ അദൃശ്യതയുടെ കൂട്

പറന്നു പറന്നു
കൂട്ടിലേയ്ക്ക്‌ ഞാൻ കയറുമെന്ന് ഭയന്ന്
കൂട്ടിൽ കിടക്കുന്ന തത്ത
ചീട്ടെടുക്കാൻ
എന്ന വ്യാജേന പുറത്തേയ്ക്ക്
ചാടുന്നു

കുഴഞ്ഞ് വീണു മരിക്കുന്നു!

ഒരു പക്ഷേ മരണമാവും
ഭാവിയിൽ
ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
ഭൂമിയിലെ തൊഴിൽ....

വെയ്ക്കാത്ത വീട്ടിലേയ്ക്ക് ഒരു വഴി

വീട് എന്നെഴുതുവാൻ
കാണുന്ന ഓരോ ചുവരുകളും
പെൻസിൽ പോലെ
നോക്കി കൂർപ്പിച്ച്
അപേക്ഷയുമായി നടക്കുന്ന ഒരാൾ

വീട് വെയ്ക്കുവാൻ പാടുപെട്ട്
നടക്കുന്ന അയാളുടെ ഓരോ കാലടിപ്പാടിലും
ഫയലുകൾപോലെ
'ഓരോ' കരിയിലകൾ
കൂനകൂടിക്കിടക്കുന്നു

തൂത്തുകൂട്ടിയാൽ ഒരു മുറ്റം കിട്ടുമായിരിക്കും
കിട്ടിയാൽ തന്നെ
ചുറ്റുമരങ്ങൾക്കെവിടെ പോകും
ഇനിയും തേഞ്ഞുതീർന്നിട്ടില്ല
വെട്ടിക്കളഞ്ഞ മരങ്ങളുടെ
കൂർത്തഅറ്റങ്ങൾ
വെട്ടിയ പെൻസിലിന്റെ
ആകൃതിയുള്ള
ചീളുകൾ പോലെ
മാഞ്ഞുതീരാത്ത
അവയുടെ തണലുകൾക്കിപ്പോൾ
കൂടുതൽ തെളിഞ്ഞ മഞ്ഞനിറം

ഇല്ലാത്ത പാടത്തേയ്ക്ക്
ഉള്ള വരമ്പുകൾ പോലെ
വഴി

പായൽ പോലെ
വിരലുകൾ പിടിച്ചു കിടക്കുന്ന
വഴുക്കുന്ന കാലുകൾ

ഓരോ ചുവടുകളിലും
ഇടറുന്നു
തെന്നുന്നു വഴുക്കുന്നു

വീഴാതെ
വഴികടന്നു
മുറ്റം കടന്നു
ചെരുപ്പഴിച്ചിട്ടിട്ട്
സ്വന്തം വീട്ടിലേയ്ക്ക്കയറാൻ
ചേരാത്ത സ്വന്തം കാലടിപ്പാടുകൾ
ചോരാതെ
ഓടിടാം എന്ന് വെച്ചാൽ
പൊട്ടിപ്പൊളിഞ്ഞ തെരുവുകൾ
കടന്നു
വെയ്ക്കാത്ത വീടെത്തും വരെ
പിടിക്കാൻ നടക്കുന്ന
ഓരോ കാലുകളും
പൊള്ളുന്ന വിധത്തിൽ
ടാറിട്ടിരിക്കുന്നു!