Wednesday, 20 December 2017

അതിര് നോവ് എന്നീ വരകളിൽ മരങ്ങൾ

മരമെങ്ങുമില്ല,
ഇരിയ്ക്കുവാൻ;
നേരവും.

അറിയില്ല
സംസ്കൃതം ,
പറയാനും,
എങ്കിലും നടന്നതാണ്,
കിളിയോളം
പറന്നുനോക്കുവാനായി
മാത്രം
മരങ്ങളോളം

അതിനിടയിൽ,
പോയി ഇരുന്നതാണ്
തിരിഞ്ഞുനോക്കുക പോലും
ചെയ്യാതെ
കടന്നുവന്ന മരത്തിന്റെ
ഓർത്തെടുത്ത
തണലിൽ,
ഒരിത്തിരി നേരം.

ഓർത്തെടുത്തതാണ്;
നേരവും

വിശ്രമിക്കുമ്പോഴും
ഇരിയ്ക്കുമ്പോഴും
ഒട്ടും കുറയ്ക്കുന്നില്ല
നടക്കുന്ന
വേഗവും
ദൂരവും

കുറയ്ക്കുന്നില്ല
മരങ്ങൾ
തണലും,
കൂട്ടുന്നില്ല ചില്ലകൾ, ഇലകൾ
കുറയ്ക്കുന്നില്ല,
പച്ചയും നിറങ്ങളും

തിരുത്തുന്നുമില്ല,
മരങ്ങൾ
മുകളിൽ പറഞ്ഞ
എങ്ങുമില്ല,
എന്ന
വരികൾ പോലും

ഉണ്ടായിരുന്നതാണ്
മരങ്ങൾ
ഇനിയും ഉണ്ടാവും
ചില്ലകൾ
കാടുകൾ
മൃഗങ്ങൾ

ഇല്ലാത്തത് നേരമാണ്
ഉണ്ടായിരുന്നതാണ് അതും,
ഇനിയും ഉണ്ടാവും
ഇപ്പോഴും ഉണ്ട്

ഇല്ലാതായത്
ഞാനാണ്
ഉണ്ടായിരുന്നതാണ്
ഞാനും നിങ്ങളും
ഇനിയും ഉണ്ടാവും
നമ്മളും
അവളും

നടക്കുക എന്നത്
മറ്റൊരാളായി ഇരിയ്ക്കുക
എന്നു തന്നെയാണ്
അതു മാത്രം
ഉറപ്പിക്കുന്നു,
നൃത്തപാഥേയം തുറക്കുന്നു

ആദ്യത്തെ ചുവട് കഴിക്കുന്നു

രണ്ടാമത്തെ ചുവട്
അവൾക്കായി
മാറ്റിവെയ്ക്കുന്നു

മൂന്നാമത്തെ
ചുവടിന്റെ ഉരുള
കൈവെള്ളയിലിട്ട്
ഉരുട്ടുന്നു

കഴിക്കാതെ,
കാലത്തിനായി
മാറ്റിവെയ്ക്കുന്നു

ബാക്കിവരുന്നില്ല
നൃത്തത്തിലും
പാഥേയത്തിലും 
ചുവടും നടത്തവും
ഇരുത്തവും
ഒന്നും

തൊട്ടുകൂട്ടാൻ പോലും
ഒന്നും
ബാക്കി വരുന്നില്ല
അക്ഷരങ്ങളിൽ
പാതി മയങ്ങിയ
അക്കങ്ങളിൽ
പൂർത്തിയാക്കാനാവാത്ത
വരികളിൽ

കേൾക്കുന്ന പാട്ടിൽ പോലും
കാണുന്ന കാഴ്ച്ചയിൽ പോലും
നേരുന്ന നേർച്ചയിൽ പോലും

കണ്ണീർ ഒഴുക്കി
കണ്ണുകളുടെ എച്ചിൽ
കഴുകി കളഞ്ഞത് അവളാണ്
അവളുടെ
കവിളുകൾ

വേരുകൾ കെട്ടിയാടുന്ന
തൈയ്യങ്ങൾ,
മരങ്ങൾ

വിരലുകൾ കൊണ്ട്
തടവുമ്പോൾ
തൂവലുകൾ പോലെ
ശാന്തമാകുന്ന
ഉടലുകളുടെ തടാകങ്ങൾ

കൈകൾ കൊണ്ട്
തൊടുമ്പോൾ
കിളികളെ പോലെ
പറന്നുയരുന്ന കടലുകളുടെ
തിരമാലകൾ

അരുത്
എന്ന വാക്കിനേറ്റ പരിക്കാണ്
നോവിന് മാത്രം
അത് കൊണ്ട്
അതിര് വരയ്ക്കരുത്....

Friday, 8 December 2017

എഴുത്തുമൃഗം

ആത്മഹത്യ ചെയ്ത
ശലഭങ്ങളുടെ
മരണമൊഴികൾ
നിറങ്ങളായി
കുറിച്ചെടുക്കുന്ന ചിറകുകൾ

ചലനങ്ങളുടെ കുരുക്കിട്ട്
ആത്മഹത്യചെയ്ത
സ്വന്തം നൃത്തത്തിലേയ്ക്ക്
എത്തിനോക്കുക മാത്രം
ചെയ്യുന്ന,
കൈനോട്ടക്കാരന്റെ
തത്തയാകുന്നു
ജീവിതം

ഓരോ കവിതയും
ഭ്രാന്തെടുക്കുന്ന തെരുവിലെ
എഴുത്തുമൃഗമാവുന്നു
വീണ്ടും മനുഷ്യൻ...

Friday, 3 November 2017

ഞാനന്തരീക്ഷം

ഞാനന്തരീക്ഷം

പിൻമാറ്റത്തിന്റെ
കുളമ്പടിയൊച്ചകൾ
ഒഴിച്ചിട്ടിരിക്കുന്ന
വിഷാദത്തിന്റെ
കുതിര

എത് നിമിഷവും
മൃതദേഹം കൊണ്ട്
കഴുതയാക്കപ്പെടാവുന്ന
വിവാദത്തിന്റെ
കവിത

മരണശേഷമുള്ള
അലങ്കാരത്തിന്റെ
അവശിഷ്ടങ്ങൾ
കൊത്തി തിന്നുന്ന
കാക്ക

സ്വഭാവത്തിന്റെ
മേച്ചിൽ പുറങ്ങളിൽ
ഒരസ്വഭാവിക മരണം
കാത്തുകിടക്കുന്ന
പള്ളിമണി

ഉയരങ്ങളുമായോ
വെച്ച ശബ്ദങ്ങളുമായോ
മണ്ണുമായോ
യാതൊരു ബന്ധവുമില്ലാത്ത
കൊളുത്ത്

ദൈവമെന്ന പൊള്ളത്തരത്തിൻ
കയറി നിൽക്കുന്ന
എന്നിട്ടും
എന്ന വാക്കിന്റെ
വിശ്വാസി

മറവികൊണ്ട് എന്നോ
ജീവിതവുമായി
ശാരീരികമായി ബന്ധപ്പെട്ട
തരിശ്ശിട്ടിരിക്കുന്ന
ശ്മശാനത്തിന്റെ
വൈഫൈ

പേരിന്റെ പരിചയക്കാരനായിട്ടും
പ്രായം കൊണ്ട്
നാലെന്ന അക്കത്തിന്റെ
ജീവിച്ചിരിക്കുന്ന
അയൽക്കാരൻ

എല്ലാംകൊണ്ടും
ഒഴിച്ചിട്ടിരിക്കുന്ന
അമാവാസി,
പുറത്താക്കപ്പെടുന്നവന്റെ
ഞായറാഴ്ച്ച!

Monday, 30 October 2017

എന്തൊരുശാന്തത

നൃത്തത്തിന്റെ കടവത്ത്
തോണിയുടെ ചുവടുകൾ വെച്ച്
നിലത്തേയ്ക്കിറങ്ങുന്ന കാറ്റ്

തോണിക്കാരൻ
ഒരു പഴയ പാട്ടാണ്
ഓണം കഴിഞ്ഞിട്ടും
ഓണത്തിന് ഉണ്ണിപിറന്നിട്ടും
വരികൾ വിട്ട്
പാട്ട് പുറത്തേയ്ക്കിറങ്ങുന്നില്ല

പാട്ടിന്റെ അക്കരേയ്ക്ക്
തന്നെ
തോണിക്കാരൻ
കേൾവിക്കാരനെ പോലെ
തിരിച്ചുപോകുന്നു

പണ്ട് പണ്ട്
ടേപ്പ് റെക്കോർഡറുകൾ
കണ്ടുപിടിയ്ക്കും മുമ്പ്
എന്തൊരു കാറ്റാണ്
തസ്രാക്കിലെ തുടക്കത്തിലുള്ള
വരികൾക്ക്

കഥാകാരൻ
നായകനിൽ
ഒളിപ്പിച്ച് വച്ചിരിയ്ക്കുന്നത്

അത് കാറ്റു പിടിച്ച പോലെ
ദിനോസറുകൾക്കും
ഓന്തിനുമരികിലേയ്ക്ക്
എഴുതിക്കൊണ്ടിരിയ്ക്കുന്ന
വരികളെ
കൂട്ടിക്കൊണ്ട് പോകുന്നു

കരിമ്പനകളുണ്ടാവുന്ന
വിജനതയുടെ ഗന്ധം

ഒരിടത്തൊരിടത്ത്
എന്നു തുടങ്ങുന്ന
ഒരിടത്തുമില്ലാത്ത സ്ഥലത്തിലെ
കഥയുണ്ടാക്കുവാൻ
കൊണ്ടുപോയിക്കൊണ്ടിരുന്ന
എങ്ങുമില്ലാത്ത ഒരിടം
കവിതയിലേയ്ക്ക് കൊണ്ടുവരുമ്പോൾ
നീയാണ്

നീയില്ലാത്ത കവിതയിലെ
എന്റെ വരികൾ
സ്കൂൾ കുട്ടികളെ പോലെ
നിരന്ന് നിന്ന്
പദ്യം ചൊല്ലി
ത്തുടങ്ങുന്നു

കാറ്റ് അവസാനിക്കുന്നില്ല,
അത് നോക്കിയാൽകാണാത്ത
സ്ക്കൂൾ മുറ്റങ്ങൾ
കൊണ്ട് വരുന്നു

തണുപ്പ് കൊണ്ടുവരുന്നു

സ്കൂൾ കുട്ടികൾ
കാണാതെ പഠിക്കാത്ത
പദ്യങ്ങളും

കുട്ടികൾ ഇപ്പോൾ
പ്രതിജ്ഞ എന്ന ഗദ്യത്തിലാണ്
എന്നിട്ടും
പദ്യം
അവസാനിക്കുന്നില്ല

പ്രതിജ്ഞ ചൊല്ലാത്ത
ഒരു കുട്ടി
ആരും കാണാതെ
തുടരുകയാണ്
കാണാതെപഠിച്ച
പദ്യത്തിൽ

കാറ്റ് അവസാനിക്കുന്നില്ല
കഥകളിക്കാരന്റെ
മുഖമുള്ള
കാറ്റ്

അടിയന്തിരാവസ്ഥക്കാലത്തെ
ഒരിളം കാറ്റിന്
രാജനെന്ന്
പേരിട്ട്

തിരഞ്ഞ് നടന്ന്
അവസാനിച്ച
മറ്റൊരു ശ്വാസത്തിന്
ഈച്ചരവാര്യർ എന്ന്
വിളിച്ച്
അവസാനിപ്പിക്കുന്നു

എന്തൊരു ശാന്തത.......

Thursday, 26 October 2017

പേര് പ്രാർത്ഥന ശ്രമം ദൈവം എന്നിങ്ങനെ

എന്റെ ദൈവമേ!

ഒന്നുമില്ല
കടന്നുപോയ വാഹനത്തിന്റെ
ബോർഡു വായിച്ചതാണ്
നടന്നുപോകുന്ന ദൈവം

നിങ്ങൾക്ക്
വേണമെങ്കിൽ
കണ്ണടച്ചത് പ്രാർത്ഥനയാക്കാം

ഒരു നിമിഷമെങ്കിലും
പ്രാർത്ഥനയിലെ ദൈവം
കൊടിയേറ്റം സിനിമയിലെ
കുത്തിയിരിക്കുന്ന
ഗോപിയെ അനുസ്മരിപ്പിക്കുന്നില്ലേ?

ഓർമ്മകൾ
കാലഘട്ടത്തിലെ
റേഡിയോയാണ്
അലക്കി വിരിയ്ക്കാൻ
തോന്നുന്നില്ലേ?

വിരിയ്ക്കാൻ അയയോ
അലക്കിയിടാൻ
കുപ്പായമോ ഇല്ല
എന്നത്
നിങ്ങളെയോ ദൈവത്തേയോ
അലട്ടുന്നില്ല

ഇടാൻ കുപ്പായമില്ലാത്ത
ഒരു കാലഘട്ടത്തിൽ
ജനിച്ചവരെല്ലാം പുരുഷൻമാരായിപ്പോയ
ഒരു ഗ്രാമത്തിൽ
പുരുഷനാകേണ്ടി വന്ന
ഒരാളാവണം
നഗരത്തിലൂടെ
നടന്നുപോകുന്ന ദൈവം

ഒരു തെരുവ്
കൂടി
കഴിഞ്ഞിരിക്കുന്നു

കിഴവൻ ദൈവം
തന്റെ പഴഞ്ചൻ ടൈപ്പ് റൈറ്ററിൽ
ടൈപ്പ് ചെയ്തുകൊണ്ടിരിയ്ക്കുന്ന
പേപ്പറിൽ
അയാളുടെ പേരില്ല

ഐപാഡിൽ
പാട്ട് കേട്ട്
അതിന്റെ ടച്ച് സ്ക്രീനിൽ
എന്തോ അലക്ഷ്യമായി
കുത്തിക്കുറിച്ച്
തെരുവ്മുറിച്ചുകടക്കുന്ന
കുറച്ചുകൂടി
ചെറുപ്പക്കാരനായ ദൈവം

ആ ദൈവത്തിന്റെ
ലിസ്റ്റിലായിരിയ്ക്കും
നിങ്ങൾ ഉദ്ദേശിക്കുന്ന
ആളിന്റെ പേര്!

Tuesday, 24 October 2017

വീഴ്ച്ച

നടക്കുകയായിരുന്നു,
നൃത്തത്തിന്റെ സമതലങ്ങളിലൂടെ

വീഴ്ച്ച
പാകത്തിന് ചേർത്ത
ജീവിതമായിരുന്നു

അറിയാതെ;
ചവിട്ടിയതായിരുന്നു
അവിശ്വസനീയതയുടെ
പായലിൽ

ഇനിയും
തീരുമാനിച്ചിട്ടില്ല
വീഴണോ?
വേണ്ടയോ
എന്ന്!

അറിവില്ലായ്മകൊണ്ടാണ്...

കേട്ടിട്ടുണ്ട്,
അറിവിനായി
വെയിലിൽ ചവിട്ടിയ രാത്രി
നിലാവായ കഥ

തൽക്കാലം
അറിയില്ല എന്ന വാക്കിൽ
മാത്രം
ചവിട്ടുന്നു!

Friday, 20 October 2017

വസന്തവും കാക്കയും

മരണപ്പെട്ട കാക്കയും
കുടിയൊഴിപ്പിക്കപ്പെട്ട വസന്തവും
തമ്മിലെന്ത്?

ഒന്നുമില്ല
കാക്കയും മരണവും
മരണസമയത്ത് പോലും
തമ്മിൽ
ബന്ധപ്പെടുന്നില്ല

പക്ഷേ രണ്ടും
ഉണ്ടെന്നുള്ള ഒറ്റവാക്കുകൊണ്ട്
എവിടെയൊക്കെയോ
വെച്ച് നിറങ്ങളിൽ
ബന്ധപ്പെട്ടിരുന്നതിന്
തെളിവുകൾ കിട്ടിയിട്ടുണ്ട്

അതിൽ ഒന്നാണ്
കാക്കയുടെ മരണം

കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിന്
കുടിയൊഴിപ്പിക്കുന്നതിന് തൊട്ടുമുമ്പ്
ഇറുത്ത് കൊടുത്ത
രണ്ട് പൂക്കൾ

അത്
വസന്തത്തിന്റെ
മാതാപിതാക്കളാണെന്ന്
തിരിച്ചറിഞ്ഞത്
അനാഥനായ കാക്കയാവണം

കാക്കയ്ക്ക്
ഇല്ലാതെപോയ നിറങ്ങൾ
കാക്ക കണ്ടിരുന്നത്
കുടിയൊഴിപ്പിക്കപ്പെട്ട
വസന്തത്തിലാകണം

ഇതെല്ലാം ഊഹോപോഹങ്ങളായിരുന്നെന്ന്
സ്ഥാപിക്കുവാൻ
കാക്ക കൊല്ലപ്പെടേണ്ടത്
നിറങ്ങളുടെ ആവശ്യമായിരുന്നിരിയ്ക്കണം

ഇനി
കാക്കയുടെ മരണത്തെ
ക്കുറിച്ച്

പറക്കലിന്റെ
ഹൃദയാഘാതം വന്ന
കാക്ക

കറുപ്പ് അത് കൊണ്ടുനടന്ന
പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആ റിപ്പോർട്ട്
പ്രകാരം
മരണപ്പെട്ട
കാക്കയുടെ
രേഖപ്പെടുത്തപ്പെട്ട
നിറം
ഉറപ്പില്ലാത്ത കറുപ്പ്

പ്രായം
ജീവിച്ചിരുന്നപ്പോൾ പോലും
കാക്ക ഒഴിച്ചിട്ടിരുന്ന
കോളമെന്ന നിലയിൽ
പൂരിപ്പിക്കുവാനാകാത്ത
ഒന്ന്

ലിംഗം
കാക്ക ജീവിതത്തിൽ
പുലർത്തി പോന്നിരുന്നനീതി

ഉയരം
തൂക്കം
ഭാരം എന്നിവ
മരിച്ച് പോയവർക്ക്
രേഖപ്പെടുത്തണം എന്ന്
നിർബന്ധമില്ലാത്ത സ്ഥിതിയ്ക്ക്
കാക്കയ്ക്ക്
ബാധകമല്ലാത്ത
ചിലത്

മരണകാരണം
മൃതദേഹം മറയ്ക്കാൻ
ഉപയോഗിച്ചിരുന്ന
കറുപ്പ് പോലെ
പറക്കൽ എന്ന ഹൃദയാഘാതത്തിന്
പുറത്ത്
കണ്ടെത്തുവാൻ
കഴിഞ്ഞിട്ടുണ്ടാവില്ല

എന്നിരുന്നാലും
കാക്കയായിരുന്നു
എന്നത് തന്നെ
മരണപ്പെടാൻ മതിയായ
കാരണമായി
രേഖപ്പെടുത്തിയിട്ടുണ്ടാവും
ഉറപ്പ്!

Friday, 13 October 2017

തത്തക്കൂടുകൾ

അധികമാരും
ഇല്ലാത്ത ഒരിടം

അവിടെ അരികിലേയ്ക്കൊതുങ്ങി
വഴി
തൂക്കി തൂക്കി
വിൽക്കുന്ന മരങ്ങൾ

മഴ
വല്ലപ്പോഴും
അവർ ഉപയോഗിക്കുന്ന
ത്രാസാണ്

അളവുകളിൽ അവ
കാണിക്കുന്ന
കൃത്രിമത്വം കൂടെക്കൂടെ
ദൂരങ്ങളാവുന്നു

വിശ്വസിക്കുമോ
നിങ്ങൾ?

ഇവിടെ
മഴ
ഉണ്ടെങ്കിലും
ഇല്ലെങ്കിലും
മരങ്ങൾ
ഉപയോഗിക്കുന്ന
ഭാരത്തിന്റെ തട്ടികളാണ്
കിളികൾ

അതല്ല രസം
വല്ലപ്പോഴും
ഇതിലേ
കടന്നുപോകുന്ന
ബസ്സുകൾ
ഫുഡ്ബോഡിന്റെ
ആകൃതിയിൽ
തത്തക്കൂടുകൾ
കൊണ്ടുനടക്കുന്ന
കൈനോട്ടക്കാർ മാത്രമാണ്!

Saturday, 7 October 2017

ഉറപ്പ്

മനസ് കൊണ്ട്
ഒരു മലയാകണം
അയാൾ

അവളോ
അവിടെ
ഉടൽ കൊണ്ട് തീർത്ഥാടനത്തിന്
വന്ന
ഒരുവൾ

കയറുന്ന ഉയരവും
അവൾ തന്നെ
കൊണ്ടുവരുന്നതാകണം

കുന്നിറങ്ങി ഊറിവരുന്നുണ്ട്
എന്നോ
അവരുടെ ആരവങ്ങൾ
മുകളിലേയ്ക്ക്
കൊണ്ടുപോയ
കുതിരകൾ

അവ ആദ്യം
അവൾക്കും
പിന്നെ മലയ്ക്കും
മല പതിയേ
എന്നോ
പെയ്ത മഴയ്ക്കും
വഴിമാറി കൊടുക്കുന്നു.

വഴുക്കുന്നുണ്ടാവണം
വഴികൾ

ഇരുട്ടിയിട്ടുണ്ടാവണം

അവന്റെ ചുണ്ടുകൾ
അവളുടെ പണ്ടത്തെ
വഴിവിളക്കുകൾ

ഇപ്പോഴതാരോ
ഊതിക്കെടുത്തിയിരിയ്ക്കുന്നു

അവർക്കിടയിൽ 
ചുംബനങ്ങൾ
ഇപ്പോൾ
വഴിതെറ്റിയ സഞ്ചാരികൾ

രാത്രികൾ
എന്നും
അവർക്കിടയിൽ
അതിശയങ്ങൾ
അവ
ആമ്പൽപ്പൂക്കളായി
വിരിഞ്ഞ് പോകുന്നതാകണം

എന്നിരുന്നാലും
ഞെട്ടു കൊണ്ട് വിയോജിക്കുവാനുള്ള
മൊട്ടിന്റെ മോഹത്തെ
കാലം പൂവാക്കി കൊടുത്തതാവണം

ഉടലരികുകൾ
മാത്രം അകലങ്ങളിലേയ്ക്ക്
വിരിഞ്ഞതാവണം

ശരിയാവണം
ഭ്രമണത്തിന്റെ മൊട്ട്
വിരിഞ്ഞതാവണം
ഭൂമി

നിലാവിന്റെ നീരാവി
അത്രമേൽ ഖനീഭവിച്ച്
ചന്ദ്രനുമായതാവണം

എഴുത്തിന്റെ ഇരുട്ടിൽ
വാക്കല്ല
വായന തന്നെയാണ് സത്യം

അത്രമേൽ ഇരുട്ടത്ത്
കിടന്ന് കളഞ്ഞുകിട്ടിയിട്ടുണ്ട്
വെയിലിന്റെ ഒരു കോശം
ഭൂമിയത്
ആകാശത്തിന്റെ മൈക്രോസ്കോപ്പിലൂടെ
നോക്കി
വലുതാക്കുന്നതാവണം
സൂര്യനാവുന്നതാവണം

മതി
നേരം വെളുത്തു വരുന്നു

കാത്തിരിപ്പിന്റെ പാതിയുമാതി
ഒരാൾക്കെങ്കിലും
തിരിച്ചു പോകേണ്ടതുണ്ട്

ഇനി
ഈ വൈകിയ വേളയിൽ
പൊട്ടാൻ വൈകുന്ന തെറ്റിന്
അവർക്ക്
കുമിളകളുടെ
ദൈവത്തെ ആരാധിക്കേണ്ടതുണ്ടാവും....
ഉറപ്പ്!

Monday, 2 October 2017

രീതി

തീ എഴുത്തിനിരുത്തിയ കുട്ടിയാവണം

ഒരുപക്ഷേ
ചാരങ്ങളിൽ
എഴുതിപഠിച്ചത്

പ്രണയത്തിനോടും
കാമത്തിനോടും
ബലാൽക്കാരമായി
ചേർത്ത് വെയ്ക്കാനാവാത്തത്

എല്ലാം കാണിച്ച് തന്നിട്ട്
ഒരു ഉപമയിലേയ്ക്ക്
അണഞ്ഞുപോയത്

അല്ലെങ്കിൽ
ആദ്യം ബന്ധപ്പെട്ട
രണ്ട് ശരീരങ്ങളുടെ
ആത്മീയ വിധവ

ഒരേ സമയം
ധരിയ്ക്കുന്ന വസ്ത്രവും
മറയ്ക്കാനാവാത്ത
നഗ്നതയും
വേദനയാവുന്നത്

എന്നിട്ടും
വെളിച്ചമണച്ച് കാണപ്പെടുന്ന
സൂര്യനെ
ഇതെല്ലാമായ രതിയ്ക്കിടയിൽ
പ്രത്യക്ഷപ്പെടുന്ന ജാലകത്തിലൂടെ
നോക്കിയിരിയ്ക്കുന്നു....

Monday, 25 September 2017

കവിത എന്ന നായ

വാക്കുകളുടെ
പാർക്കിലിരിക്കുകയായിരുന്നു
ഞാനെന്ന അവസാന വാക്ക്

അണഞ്ഞു കഴിഞ്ഞു
തിരിഞ്ഞുനോട്ടം
എന്ന
ഏറ്റവും അടുത്തുള്ള
വിളക്ക് മരവും

ഇനി
പുറത്തിറങ്ങാൻ
ഞാനും
അപകർഷതാബോധമുണ്ടെന്ന്
തോന്നിക്കുന്ന
ആരുടേതുമല്ലാത്ത മരണവും

പാർക്കിന്റെ വൃദ്ധനായ കാവൽക്കാരൻ
ആർക്കും വരാത്ത ഒരു രോഗം

കൃത്യമായിപ്പറഞ്ഞാൽ
അയാൾ,
പുറത്താക്കിയ ഇടങ്ങളുടെയൊക്കെ
കാവൽക്കാരൻ

ഇനി പുറത്താക്കാനുള്ള
ഒരേയൊരിടം
എന്ന നിലയിൽ
എന്റെ ഉടലിന്റെ കാവൽക്കാരൻ

അയാളുടെ
പേരില്ലാത്ത വയസ്സൻനായ
എന്റെ കവിത!

Saturday, 23 September 2017

ഫലിതമെന്ന നിലയിൽ ഒരാൾ

അയാൾ എന്ന തീയതി വെച്ച്
കാലത്തിന്റെ ബാലൻസ്ഷീറ്റെടുത്ത്
നിലവിലില്ലാത്ത അകലത്തിലേയ്ക്ക്
തിരിച്ചുപോകേണ്ട
ഒരാൾ

കടലാസ് പോലെ
മടങ്ങിപോകുന്നതിന് മുമ്പ്
നിലാവിന്റെ ഒരു കുറ്റിയിലേയ്ക്ക്
അയാളുടെ വിലയില്ലാത്ത
സ്വകാര്യഭ്രാന്തിനെ
ചങ്ങലയുടെ കിലുക്കമില്ലാതെ
മാറ്റിക്കെട്ടാൻ ശ്രമിയ്ക്കുന്നു

മരിച്ചു കഴിഞ്ഞാൽ മാത്രം
ഒരു ചടങ്ങായി
കവിത ആചരിയ്ക്കേണ്ട ഗോത്രത്തിൽ
ജനിച്ച അയാൾ
മരിയ്ക്കുന്നതിന് മുമ്പ്
കവിതയനുഷ്ഠിച്ച തെറ്റിനാവും
ഗോത്രത്തിൽ നിന്നും
പുറത്താക്കപ്പെടുന്നു

ആർക്കും വേണ്ടാത്ത ഒരാളെ
തളച്ച് സ്വന്തമാക്കാൻ ശ്രമിയ്ക്കുന്ന
ഇരുട്ട് പോലെ
അയാളെ മാത്രം
പൊതിഞ്ഞു പിടിച്ചു
അയാളുടെ ഓർമ്മയിൽ
പെയ്യുന്ന മഴ

കാറ്റടിച്ചു മറിച്ച
സുഷിരങ്ങൾ മാത്രമുള്ള
കലണ്ടറിൽ
ഒരു ഓടക്കുഴലാഴ്ച്ചയുടെ
താഴ്ച്ചയിലേയ്ക്ക്
അതിനിടയിൽ
അറിയാതെ വീണു പോകുന്ന
അയാൾ

വീഴുവാൻ ഒരാഴം പോലും വേണ്ടാത്ത
ഒരാൾക്ക്
പിടിച്ചു പനിച്ചുകിടക്കുവാൻ
ദിവസങ്ങളുടെ
വള്ളിപ്പടർപ്പെന്തിന്?

അതാവും
എഴുതിയ പുസ്തകത്തിന്റെ
മൂലയിൽ
വാക്കുകളിൽ
വരികളോളം
കാത്തിരുന്നു ക്ഷീണിച്ച
ചിലന്തിയ്ക്ക്
വലകെട്ടുവാൻ മാത്രമായി
ഒരു ഫലിതം
അയാൾ
സ്വപ്നത്തിൽ
കാണിച്ചു കൊടുക്കുന്നു!

Thursday, 21 September 2017

അപ്പൂപ്പന്താടി ഡോക്ടർ

ശരിയ്ക്കും
രോഗികളാണ്
വേരുകൾ

അവർ മണ്ണിൽ
മരിച്ചവരുടെ രോഗങ്ങൾക്ക്
'താമസിച്ചു' ചികിത്സിക്കുന്നു

മരങ്ങൾ
അതേ വേരുകളുടെ
കൂട്ടിരിപ്പുകാർ

ഓരോദിവസം കഴിയുന്തോറും
ഓ പി വിഭാഗം ഒഴിവാക്കി
ആശുപത്രിയാകുന്ന
ആകാശം

തീർത്തുപറയുവാനാകുന്നില്ല
മേഘങ്ങൾ
രോഗികളാണെന്ന്

എങ്കിലും
പെയ്യുന്തോറും
ശലഭങ്ങളെ കിടത്തിചികിത്സിക്കാവുന്ന
ആശുപത്രിയാവുന്ന
തുള്ളികളുടെ കിടക്കകളുള്ള
മഴ

ഭൂമിയും
ചികിത്സിയിലാണ്
ഉണ്ടായകാലം മുതൽ
അതും
ഓർമ്മയിലെ
സ്വന്തം ഭാരമില്ലായ്മയ്ക്ക്

എന്നിട്ടും
രോഗം മാറിയ
കലണ്ടറായി
ചുവരിൽ
ഭ്രാന്താശുപത്രിയിലെ
ഘടികാരം

സങ്കടമതല്ല
വൈദ്യുതിയായിട്ടു പോലും
അവ
സമയത്തിന്
ഡിസ്ചാർജ്
ചെയ്യപ്പെടുന്നില്ല

ആരെയും
തിരിച്ചറിയാതെയുണ്ട്
കൂസാത്ത
നിലാവ്

തിരിച്ചറിയുന്നവരെ
വെറും സത്രങ്ങളാക്കുന്നുണ്ട്
ചില ദിവസങ്ങളിലെ
രാത്രിയും

കൂടെ പറക്കേണ്ടി വരുന്നുണ്ട്

എങ്കിലും പറയാമല്ലോ
സ്വന്തം ഭ്രാന്തിന്
ചികിത്സിക്കുവാൻ
ആകെയുള്ള ഒരു നല്ല ഡോക്ടറാണ്
അപ്പൂപ്പന്താടി.....

വീട്

തിരിച്ചിട്ട മഴയാകുന്നു
വീട്

തിരിച്ചെടുക്കുമ്പോൾ
ഇറ്റുവീഴുന്ന
മഴച്ചുണ്ടുകൾ
ഇറയത്ത്
ചാരിയിരിയ്ക്കുന്ന
ചുംബനങ്ങളിൽ
അവശേഷിപ്പിക്കുന്ന
ദന്തക്ഷതങ്ങൾ

ഒരു നോക്ക്
കൊണ്ട്
ആലിംഗനങ്ങളിൽ
നിന്നും
ഉരുണ്ട് വീണ്
ചുണ്ടും
കണ്ണുകളുടെ
മുറിവുമായി
മാറിയിരിക്കുന്ന
ഇമകളുള്ള
വാക്കാവുന്നു വീട്....

പകൽ പിറന്നാ'ൾ'

ഒരു മെഴുതിരി കൊളുത്തി
വെച്ച്
സ്വയം ഊതിക്കെടുത്തി
ഹാപ്പി ബർത്ത്ഡേ പറഞ്ഞിട്ടുണ്ടാവും

അത്ര കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നീ
ഇരുട്ടത്തിരുന്ന്
പൊട്ടിക്കരയാൻ
എന്ന് ചോദിച്ചിട്ടുണ്ടാവും
വെട്ടം കെട്ടുപോയ മെഴുകുതിരി

സൂര്യന്റെ
പിറന്നാള് 'തന്നെ'യാവും
അന്ന്!

പക്ഷേ എത്ര പേർക്കറിയാമായിരിയ്ക്കും
ഒന്ന് വിങ്ങിപ്പൊട്ടാൻ പോലും
ചുറ്റും ഇരുട്ടില്ലാത്തവന്റെ
അലച്ചിലാണ്
പകലെന്ന് ....

സംശയങ്ങളുടെ മേക്കപ്പ്മാൻ

തുടക്കം
ഒരു സംശയത്തിലായിരുന്നു

കടൽ ഒരു സിനിമാനടിയാണെന്നും

സൂര്യൻ
കടൽ കൊണ്ടുനടക്കുന്ന
മേക്കപ്പ്മാനാണെന്നും

മേക്കപ്പ് ചെയ്ത
കടൽ അല്ലേ
പകൽ എന്നും

വേഷം മാറിയ ജലമാണോ
വെയിൽ
എന്നും

സംശയം തുടർന്നുകൊണ്ടിരുന്നു

അല്ലെങ്കിൽ വെയിൽ
കാണുമ്പോൾ
ജലം ഉണങ്ങുന്നതെന്തിന്
ചിന്തിക്കാൻ പോയില്ല

ചിന്തിക്കുന്നവർ
മീനുകളാണെന്നും
ചിന്തിക്കുവാനുള്ള സൗകര്യാർത്ഥം
അവർ ജലത്തിൽ
ഒളിച്ചുതാമസിക്കുകയാണെന്നും
തോന്നിയിരുന്നു

തോന്നലുകളെ
സംശയമായി വളർത്തുവാനും പോയില്ല

വേഷം മാറി
മുക്കുവനായി
മീൻ പിടിയ്ക്കുവാൻ
പോകണമായിരുന്നു

എന്നിട്ടും
പിടിച്ചുകൊണ്ടുവരുന്ന
മീനുകൾക്ക്
അവൾ കണ്ണെഴുതി കൊടുക്കുന്നില്ലേ
എന്നും സംശയിച്ചിരുന്നു

ദൈവത്തിന്
കുറച്ച് മേക്കപ്പിന്റെ കുറവില്ലേ?

സത്യത്തിൽ ദൈവമുണ്ടോ?

ശരിയ്ക്കും
ഞാൻ
ജീവിച്ചിരിയ്ക്കുന്നുണ്ടോ?

മനുഷ്യനായി കാണപ്പെടുന്നുണ്ടെങ്കിലും

കൊണ്ടുനടക്കുന്ന
സംശയങ്ങളുടെ
മേക്കപ്പ്മാനായിരിക്കുന്നു
ഞാനിപ്പോൾ!

Tuesday, 19 September 2017

ജാഥയെ കുറിച്ച്

എത്ര ശക്തമായ വാക്കാണ്
ജാഥ

കഥയില്ലാത്തവരുടെ
സ്വതന്ത്രജാഥകളാണ്
കവിതകൾ

ചിലപ്പോൾ വലത്തേയ്ക്കുള്ളവ

ചിലപ്പോൾ
ഇടത്തേയ്ക്ക് ഒരൽപ്പം
ചരിവുള്ള
സാഹിത്യത്തിലെ
സമരരൂപം

കവിതയെഴുതുമ്പോൾ
ഒരു ജാഥയിൽ
പങ്കെടുക്കുകയാണ്
നൃത്തം വെയ്ക്കുന്ന മറ്റൊരാൾ

ജാഥകൾ കാണാൻ
തുറന്നു വെച്ചിരിക്കുന്ന
കടകളാവുന്ന
കവലകൾ

അപ്പോൾ അവിടെ
ഉയർന്ന അളവിൽ
മുദ്രാവാക്യങ്ങൾ
വാങ്ങി
കുറഞ്ഞ ചെലവിൽ
വിൽക്കപ്പെടുന്ന
സമരങ്ങൾ

2

രൂപപ്പെടുന്ന
ഒരലസത
മഴയ്ക്കും മേഘത്തിനുമിടയിൽ
കടന്നുപോകുന്നൊരു മന്ദാരം

എവിടെയോ
അഴിയുന്നൊരു കുടുക്ക്
ജാഥയ്ക്കും
മുലയ്ക്കും
തമ്മിലെന്ത്?

3

അവരവരുടെ ഇടങ്ങളിലേയ്ക്ക്
ജാഥ കഴിഞ്ഞ്
തിരിച്ചുപോകാനുള്ള
വ്യത്യസ്ഥ വേഗതകൾ
ഓർത്തുവെയ്ക്കുന്ന
തിരക്കിലാണ്
കടന്നുപോകുന്നവരുടെ
കാലുകൾ

ഇതിനിടയിലും
ബാനർ പിടിച്ച്
മുന്നിൽ നടക്കുന്ന രണ്ടുപേരുടെ
രണ്ടുതരം നിശബ്ദതകിട്ടുന്ന
ഇടം തേടി
രാത്രി മുഴുവൻ
നടക്കുന്ന നിലാവ്

ആളില്ലാത്ത ജാഥയിൽ
പങ്കെടുക്കുന്ന
രാത്രി

4

കുറച്ചകലെ
മുറിച്ച മൂവാണ്ടൻ മാവിന്റെ
മുറിക്കാതെ നിർത്തിയിരിക്കുന്ന
മൂന്നാമത്തെ കൊമ്പിന്റെ
വിജനതപൂത്തുനിൽക്കുന്ന
ഇടത്തിൽ നിന്നും
ജംഗ്ഷന്റെ
ഇടത്തോട്ടുള്ള
തിരിച്ചു വരാനുള്ള വളവ് ഇനിയും
എടുത്ത് തീർന്നിട്ടുണ്ടാവില്ല
വളഞ്ഞ് വരുന്തോറും
കൈകൾ ഉയർന്നുതാഴുന്ന
അതേ ജാഥയുടെ
പിൻവശം

ചില ജാഥകൾ എങ്കിലും
ജനിച്ച രതിയെ
പിറകിലേയ്ക്ക് പോയി
തൊടലാണ്

ചരിച്ചിട്ട രണ്ട്
സമാന്തരജാഥകളല്ലാതെ
എന്താണ്
പണ്ട് കാലത്തെ രതി

എന്നിട്ടും
മനസ്സിലാകുന്നില്ല
ജാഥ കഴിഞ്ഞ്
തിരിച്ചുപോകുന്ന
ഒരു രാഷ്ട്രീയപാർട്ടിയുടെ
ഏകാന്തത.....

Thursday, 7 September 2017

മിന്നാംമിന്നിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഒരാൾ

വെച്ചിരിക്കുന്ന
കണ്ണട തന്നെയാണ്
ഒന്നു മടക്കിയപ്പോൾ
കടലാസായത്

ഇനി കളിവള്ളമുണ്ടാക്കണോ
വിമാനമുണ്ടാക്കി പറത്തണോ
പുറത്തേയ്ക്കിറങ്ങണോ?

പുറത്ത് മഴയുണ്ടോ?
മഴയ്ക്ക് മുകളിൽ
പഴയ ആകാശമുണ്ടോ?
പണ്ടൊരു കുട്ടിക്കാലമുണ്ടായിരുന്നോ?

നോക്കുവാൻ പോയ
കാഴ്ച്ച തിരിച്ചുവന്നിട്ടില്ല

പല പല
ചോദ്യങ്ങളിൽ
ചാരിയിരിക്കുകയാവണം
സമയവും
ചുവരുകളില്ലാത്ത
ഘടികാരവും

പറത്തിയിട്ടില്ലെങ്കിലും
കടലാസുകളായിരുന്നിരിക്കണം
പലതിനോടും
സൂര്യനോടു പോലും
പകയുണ്ടായിരുന്ന
പകലുകൾ

കാണാനാവുന്നുണ്ടാവുമോ
ചില്ലറകൾക്കെങ്കിലും
ജീവിതത്തിന്റെ
ബാക്കിയുമായി
രാത്രിയിലേയ്ക്ക്
ഇറക്കിവിട്ട
ഒരുയാത്രക്കാരനെ

ഒരു പക്ഷേ
ആരെങ്കിലും
നാളെ കണ്ടെത്തിയേക്കാം
സമനിലവഴങ്ങിയ
ഭ്രാന്തുകൾക്കിടയിൽ
മിന്നാംമിന്നിയെ
കെട്ടിപ്പിടിച്ചുറങ്ങുന്ന
ഒരാളെ!

Saturday, 26 August 2017

ആത്മാഭിമാനത്തെക്കുറിച്ച്


എന്റെ കാക്കകൾക്ക്
തീ പിടിച്ചിരിയ്ക്കുന്നു

അവ
ഞാൻ കാണാതിരിയ്ക്കാൻ
തീ അണച്ചണച്ച് പറക്കുന്നു

പൊതുവേ
കാക്കകൾ
എന്റെ പറക്കുന്ന രാത്രികൾ

ഇരിക്കുമ്പോൾ 
അവ
എന്റെ സ്വകാര്യ പകലിൽ
മനുഷ്യരുടെ കൊത്തുപണികൾ ചെയ്യുന്നു

ഒരേ സമയം
പറക്കുമ്പോൾ
എന്റെ പരാതികളുടെ
സ്വതന്ത്രമായ ആവിഷ്ക്കാരവും
അതേ സമയം ഇരിക്കുമ്പോൾ
എനിയ്ക്കുള്ള
ഉത്തരങ്ങളിൽ നിന്നും
സ്വാതന്ത്ര്യം പ്രഖ്യാപിച്ച
നിഷേധിയായ ചോദ്യചിഹ്നങ്ങളുമാവുകയാണ് കാക്കകൾ

അവ പലപ്പോഴും പറന്നുവന്ന്
എന്റെ എല്ലിന്റെ ചില്ലകളിലിരിയ്ക്കുന്നു

അപ്പോൾ കറുപ്പ്
കാക്കയിൽ നിന്നും  പറന്നകന്ന്
എന്റെ തൊലിപ്പുറത്തിരിയ്ക്കുന്നു

പിന്നെ വെയിലു കൊണ്ട്
കറുത്ത നിറത്തിൽ ചോരയ്ക്ക്
തീ പിടിയ്ക്കുമ്പോൾ
മാത്രം അവ വീണ്ടും പറന്നു പോകുന്നു

അണയുമ്പോൾ
ഞരമ്പിന്റെ മരച്ചില്ലകളിലേയ്ക്ക്  തിരിച്ച്
ചേക്കേറുന്നു
അത്രമേൽ കറുത്ത് രാത്രിയാകുന്നു

എന്റെ വെളുത്ത പകലിനെ
കറുത്ത നിറത്തിൽ
അഭിസംബോധന ചെയ്യാൻ
എന്റെ പരിമിതികൾക്ക് പുറത്ത്
ഞാൻ കൊണ്ട് നടക്കുന്ന
ആത്മാഭിമാനമാണ്
കാക്കകൾ!

(23 ആഗസ്റ്റ് 2016)