Skip to main content

Posts

Showing posts from October, 2015

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി അടക്കി തുടങ്ങിയ അസ്തമയസന്ധ്യ ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ കണ്ണ് പൊത്തി   വൈകുവോളം കളിച്ചിട്ടും  കൊതി തീരാത്ത  ഇരുട്ട് ആ ഇരുട്ടത്തും വഴിയിൽ കാണാവുന്ന അന്തിച്ചന്ത.. നല്ല പാകം വന്ന നൃത്തം; മൊത്തവിലയ്ക്കെടുത്തു, ചുവടുകളാക്കി, ആ ചന്തയിൽ ചില്ലറയ്ക്ക്; മുറിച്ചു കൊടുക്കുന്ന മുടന്തൻ മയിൽ.. നീ... ആ മയിൽ എന്ത് വിലകൊടുത്തും എന്നും മോഹവിലയ്ക്കെടുക്കുന്ന മനോഹര നൃത്തം! ഞാനോ ആ   മയിലിന്റെ കാലിലെ ഒടുക്കത്തെ  മാറാത്ത  മുടന്തും ഇന്ന് ആ മുടന്ത് അടക്കിയ കല്ലറയ്ക്ക് മുന്നിൽ.. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;  മയിലിനെ പോലെ നൃത്തവും    വെച്ച്; നീ  കടന്നു പോകുന്നു  .... കാലത്തോടൊപ്പം !

കാലം നിശ്ചലം.....

അത്രയും നിശബ്ദമായ കാലം.. സമയം പോലും അനക്കം വല്ലാതെ ദീർഘിപ്പിച്ചു ചലിക്കുന്ന ശബ്ദം നന്നായി നേർപ്പിച്ച് ചലനം അടുത്ത നിമിഷത്തേയ്ക്ക് മാറ്റി വെയ്ക്കുന്നു അത്രയും ഏകാഗ്രതയോടെ മനസ്സിനെ ധ്യാനിച്ച് ബുദ്ധനായി തിളക്കത്തോടെ ഏതു നിമിഷവും ഇറ്റുവീണേക്കാവുന്ന ഒരു മഞ്ഞുതുള്ളി ആ മഞ്ഞുതുള്ളിയെ ഉണർത്താതെ അത്രയും നിശ്ചലമായി കാലത്തിന്റെ ജലാശയം ഇതിനു രണ്ടിനും ഇടയിൽ ഒരു തുള്ളിയുടെ ഉടലിൽ ആകാശത്തിന്റെ  മനസ്സുമായി അത്രമേൽ മൌനം ചാലിച്ചു ജലമലയാളത്തിൽ ഞാൻ നിന്റെ പേരെഴുതുന്നു എന്ന് നമ്മൾ ഒന്നാകുന്നുവോ അന്ന് നമ്മുടെ ഇന്ന്, എന്ന് സമയത്തിന്റെ ശബ്ദമില്ലാത്ത ഭാഷയിൽ  കാലം നോക്കി വായിക്കുന്നു ....