Popular Posts

Thursday, 20 February 2014

ഹൈകു ഡി-അഡിക്ഷൻ

1)മഴ നനയാതെ 
വെയിൽ മാറ്റാൻ 
മേഘങ്ങൾ

2)ഓടി കിതച്ചൊരു
ശ്വാസം 
മരണത്തിലേയ്ക്ക്

3)തെരുവ് വിളക്കുകൾ 
തെളിയുമ്പോൾ 
കെട്ടതെരുവുകൾ

4)പുകപ്പുരയിൽ 
തുണ്ട് റബ്ബറായി 
കര്ഷകമനസ്സ്

5)ഒഴിവാക്കാൻ കഴിയാത്ത 
ദുശീലമായി 
മനസ്സ് 


6)ഉണക്കാൻ വെയിൽ
കഴുകി ഇടാതെ 
കടൽ      

7)കഴുകാതെ 
നീലം മുക്കി 
കടൽ  

8)ഒരു കുഞ്ഞു വിഷാദത്തിൽ 
ചേക്കേറി
ആരെയും വേദനിപ്പിക്കാതെ സന്ധ്യ

9)മരിച്ചിട്ടും 
വിതുമ്പുന്നു 
അടക്കാത്ത പൂക്കൾ

10)തണുത്തു വിറച്ചിട്ടും 
നഗ്നമായി 
മഴ

11)നിലവിളിക്ക്‌ മുകളിൽ 
മൊബൈൽ ഷൂട്ട് 
മരണം അഭിനയിച്ചു അപകടം

12)വീട്ടിലേയ്ക്ക് കയറ്റാതെ
നനഞ്ഞൊലിക്കുന്നു 
മഴ

13)തൊഴിൽ അഭിവൃദ്ധിക്കും 
പങ്കാളി പ്രീതിക്കും 
ഫേസ് ബുക്ക്‌ വ്രതം

14)കാറ്റുള്ളപ്പോഴൊക്കെ 
നിസ്കരിക്കുന്നു
മരങ്ങൾ

15)കഴിവതും മഴ നനയാതെ 
മാറി നടക്കുന്നു
പനി പേടിച്ചു സൂര്യൻ

16)കൂടെ കിടന്നിട്ടും 
ഒരുമിച്ചു കണ്ടിട്ടും 
മിണ്ടാതൊരു സ്വപ്നം

17)മഴക്കാറ് കീറി 
മടുത്തൊരു മിന്നൽ
കോടാലി

18)സ്വർണ കൊലുസ്സിട്ടു 
നടക്കുന്നു 
പട്ടു പാവാട

19)എത്ര വേദനിച്ചിട്ടും 
പ്രസവം നിർത്താതെ
മാതൃത്വം ആസ്വദിച്ചു കണ്ണുകൾ

20)ചുവരുകൾ എല്ലാം അഴിച്ചു കളഞ്ഞു
മഴ കൊണ്ട് മേല്ക്കൂര മേഞ്ഞു 
നിലാവ് മെഴുകിയൊരു വീട്

21)നെറ്റിയിൽ ഒരുവിവാഹ പൊട്ടുതോടാൻ 
ഓരോ വിരഹ രാവും 
എടുത്തു വച്ചൊരു പെണ്ണ്

22)കൃത്യ സമയത്ത് മരിക്കുവാൻ
അലാറം വച്ചൊരു ഹൃദയം 
മരിച്ചിട്ടും മറക്കാതെ

23)അശ്വത്ഥാമാവിന്റെ 
ശാപവും പേറി
പാൽ

24)പായൽ പിടിക്കാതെ 
വെള്ള പൂശി 
നിലാവ്

25)ശരീരം കെട്ടിയിട്ടും 
അവിവാഹിതനായി 
മനസ്സ്

26)ശലഭം തേൻ നുകരുമ്പോൾ 
പറക്കുന്നു 
പൂക്കൾ

27)കടം വാങ്ങിയ പ്രകാശത്തിനു 
നിലാപലിശ കൊടുത്തു 
ഇരുളിൽചന്ദ്രൻ

28)അധികാരസ്ഥാനങ്ങളിൽ മണൽ 
പുഴവഴിയിൽ 
കൊടിവയ്ക്കാത്ത ടിപ്പറുകൾ

29)ഇനി ഒരു ജനനം പേടിച്ചു 
മരണം നീട്ടി കൊണ്ട് പോകുന്നു 
ജീവിതം

30)വില ഉയർത്തി നിലവിളിക്കുന്നു 
സ്ത്രീകളുടെ തടവറയിൽ
സ്വർണം

31)തെന്നി വീഴാതിരിക്കുവാൻ 
വരമ്പിനു വഴിമാറി 
പാടങ്ങൾ

32)മഴ തോരും മുമ്പേ
ഇറയത്ത്‌ ഗോലി കളിച്ചു 
മഴത്തുള്ളി

33)പനി ചൂടുമായി 
ആവിയും വിക്സിന്റെ എരിച്ചമ്മന്തിയും 
പുരട്ടി കഞ്ഞി

34)ശസ്ത്രക്രീയക്ക്‌ പണം ഇല്ലാതെ 
സാധുക്കൾ മാത്രം കൊണ്ട് നടക്കുന്നു 
അർബുദം ബാധിച്ച മന:സ്സാക്ഷി

35)നിറവും തൂലികയും ഇല്ലാതെ 
വെള്ളം വച്ച്
മേഘത്തിന്റെ മഴചിത്രം  

36)ഭംഗിയായി പെയ്തിട്ടും 
നനയാൻ കുട മാത്രം 
മഴ മതം മാറി 

37)പണത്തിന്റെ ആത്മകഥ 
പണക്കാരന്റെ കീശയിൽ 
വായിക്കാൻ മറ്റൊരു പണക്കാരൻ

38)ജീവൻ നിലനിർത്തുവാൻ
പുഴ  മരത്തിൽ പിടിക്കുന്നു
മഴ പോലെ

39)മനുഷ്യന്റെ തണലിൽ മരത്തിനെ കെട്ടി 
പശു പുല്ലിനു
പുല്ല് വന്നപ്പോൾ ഒരു "ങേ" 

40)പാലിന് വേണ്ടി 
പ്ലാസ്റ്റിക്‌ കവറു വളർത്തി
മലയാളി

41)എത്ര കറുത്ത രാവും 
വെളുപ്പിച്ചു 
സൂര്യന്റെ ഡ്രൈക്ലീനിംഗ്

42)മനുഷ്യൻ പണയപ്പെടുത്തി 
പുഴ 
വാർക്കപ്പണിയ്ക്ക് മണൽ

43)തൊണ്ണൂറു ഡിഗ്രിയിൽ 
വീണു പോയ മഴ
നൂറ്റിയെമ്പതു ഡിഗ്രിയിൽ പുഴ

44)എത്ര വൈകിയാലും 
ഓഫീസിൽ കൃത്യമായി 
സമയം 

45)ഒളിച്ചോടുന്നു 
ചുണ്ടുകൾ
ലിപ്സ്റ്റിക്കിനൊപ്പം

46)മഠവും മാങ്ങയും 
അമ്മയും തേങ്ങയും 
കല്ലിനൊരു പോലെ

47)പുഴ പ്രതീക്ഷിക്കുന്നു 
പഴകിയ വഴികളി
മണൽ മഴ

48)മതം 
അവിശ്വാസികളുടെ 
മുഖം മൂടി 


49)ജീവിതം കയ്ച്ചു
കെട്ടി തൂങ്ങി 
കയ്പ്പക്ക 

50)കൊള്ളുന്ന കല്ലിൽ 
ഉപ്പു തിരഞ്ഞു 
മാങ്ങ

51)അമ്മയേക്കാൾ 
നല്ലൊരു 
ഹൈകുവില്ല 

52)എന്റെ മഴയിലേക്ക്‌ 
വന്നു കേറുന്നു
നനയാതൊരു കുട

53)അച്ഛനമ്മ നിറങ്ങളിൽ
വീട്ടിലൊരു 
മഴവില്ല്

54)സുബ്രഹ്മണ്യനും ഗണപതിയും 
നിമിഷ മണിക്കൂർ 
സൂചികൾ 

55)ഒരു പരാജയപ്പെട്ട ഉമ്മ 
അധരത്തിലേയ്ക്കു  തിരിച്ചു പോകുന്നു
ചുണ്ടോപ്പം ചിതലെടുക്കാൻ 

56)മഴയിലേക്ക്‌ 
ചോർന്നൊലിച്ച്
നിറം പോയ പൂവ്

57)വെളുപ്പാൻകാലം 
കടലിലേയ്ക്ക് 
ഉറക്കച്ചടവിൽ വള്ളങ്ങൾ


58)നെല്ലി മരച്ചോട്ടിൽ 
കൂട്ടുകാരെ കാത്തു 
സ്കൂളിൽ നിന്ന് കൊഴിഞ്ഞ നെല്ലിക്ക

59)വിശന്ന അഥിതി
പൂവുമായി
പൂവങ്കോഴി

60)തുള്ളികൾ തോറും ദീപാലങ്കാരം 
പുകയും മണവും ഇല്ലാതെ വെടിപ്പടക്കം
മഴയ്ക്ക്‌ പരിസ്ഥിതി സൌഹൃദ ദീപാവലി

61)പ്രണയം കൊഴിച്ചു 
ശിശിരകാല
കലാലയങ്ങൾ

62)കണ്ണടച്ചാൽ കിട്ടുന്ന 
ഇരുട്ട് തേടി 
കണ്ണുകളില്ലാത്ത പ്രകാശം

63)വിടരുന്ന ചുണ്ടിൽ; 
ഇമ പിടഞ്ഞ്- 
ശലഭചുംബനം

64)ഓരോ പെയ്ത്തിലും
കണ്ണീർ വെള്ളം പോലെ ചേർത്ത് 
മഴ 

65)അന്ധന്റെ ആത്മജ്ഞാനത്തിനു
മുമ്പിൽ പകച്ചു
വെളിച്ചത്തിൽ ഒളിച്ച് സൂര്യൻ


66)നിലാവ് അയക്കുവാൻ 
കാത്തു നില്ക്കുന്നു 
വിയർപ്പ്‌ മണക്കുന്ന ചന്ദ്രൻ

67)ഒരു നുള്ള് എരിയിൽ 
മനസ്സിൽ പൂത്ത് നില്ക്കുന്നുണ്ട് 
കൂട്ടുകാരിയുടെ മുഖമുള്ള കാന്താരി

68)അഞ്ചിതളായി വീതം വെച്ച് 
വാടി നില്ക്കുന്നൊരു
പാഞ്ചാലിപ്പൂ

69)വെള്ളമില്ലാത്ത മുടിയിൽ 
മുങ്ങിക്കുളിക്കുന്നു 
ഈറനുടുത്തു തുളസ്സിക്കതിർ

70)മുറ്റത്ത്‌ സമയം 
നോക്കി 
രത്നം പതിപ്പിച്ച പൂവ്

71)തണലില്ലാത്തൊരു മരത്തിൽ 
തുള്ളി ഇല്ലാത്തൊരു മഴയുടെ 
തിളങ്ങുന്ന വെയിൽ പ്രതിമ

72)പള്ളിക്കൂട മാവിൽ 
പുളിമാറാതെ നാവിൽ
കൂടെ പഠിച്ച മാങ്ങാ

73)ചുറ്റമ്പലം ചുറ്റി 
തൊഴുതിട്ടും മടങ്ങാതെ 
കൂടെ ഒരു ദീപം

74)അലക്കി തേച്ചു വടി 
കണ്ണീരിൽ കഴുകി 
ചുളിവു വീണു തുട

75)ചുംബനത്തിൽ ഒളിപ്പിച്ചു 
മാനം കാണാതൊരു 
പ്രണയം

76)വെളുപ്പാൻകാലം 
കടലിലേയ്ക്ക് 
ഉറക്കച്ചടവിൽ വള്ളങ്ങൾ

77)ചിറകുമുറിച്ചിഴയുന്നു 
ഈയാം പാറ്റയുടെ 
മുഖച്ചായയിലൊരുമഴ

78)കാറ്റിൽ കളിവിളക്ക് 
ചിറകിൽ ചുട്ടികുത്തി 
പൂമ്പാറ്റ

79)കാറ്റിനെ 
വീശി തണുപ്പിച്ച് 
കാറ്റാടി

80)കയർ പിരിക്കുന്നു 
ഇരു കിളികൾ 
ഒരു കൂരയ്ക്ക്

81)മഴ നനഞ്ഞു മനസ്സ് 
വെയിലടിച്ചു ശരീരം 
പനിപിടിച്ചു ജീവിതം

82)മുറ്റത്തേയ്ക്ക് പറന്നിറങ്ങി, 
വെയിൽ കൊത്തി 
അരിമുല്ല പ്പൂവുകൾ

83)സുവർണ മണൽ; 
മിഴിനീരിറ്റി
പുഴ

84)വെള്ളപൂശി 
കണ്ണുകൾ
നനവ്‌

85)ഒരു മുഴം 
കയറിൽ ശമിച്ചു 
മരണ ദാഹം

86)ഭയത്തിന്റെ എഴുന്നെള്ളത്ത് 
വിറച്ച് വെഞ്ചാമരം 
ആനവാൽ

87)ഉടഞ്ഞ സ്ലേറ്റിനെ
ആശ്വസിപ്പിച്ചു 
പൊട്ടിയ തുട

88)ഘടികാരം ചുറ്റി സുബ്രഹ്മണ്യസൂചി 
മണിക്കൂർ മടിയിൽ ഗണപതിയും 
അദ്വൈതസമയം

89)കര പറ്റി മക്കൾ 
തിരതള്ളി കടൽ
വൃദ്ധസദനം

90)ചില്ലക്ഷരമെഴുതി 
പായ്‌ക്കപ്പൽ 
മായ്ച്ചെഴുതി കാറ്റ്

91)പൂവിന്റെ മധു പങ്കിട്ടു
ഭംഗിയേറെ ഉണ്ടായിട്ടും 
ഭാരമില്ലാത്തൊരു സ്നേഹം

92)കാട്ടുചോല 
വെള്ളാരങ്കല്ലുകള്‍
ജലമൗനം

93)പുഴയുടെ മാറിൽ കുത്തി 
അധരം പൂട്ടി 
തോണി

94)പുഴ തുഴഞ്ഞു, 
കടലിലേയ്ക്ക്; 
വെള്ളം

95)രാവിന്റെ ഈണം 
മീട്ടി 
മിന്നാമിന്നി ഇലകൾ

96)കിണറിന്റെ ആഴങ്ങളിൽ
ഒരു പഴയ 
സ്കൂൾ ദാഹം

97)നിന്റെ കണ്ണീരിനു 
എന്റെ നാമധേയം 
ദാമ്പത്യം

98)കാറ്റനക്കം
ഒച്ച വയ്ക്കാതെ 
ഇല

99)കണ്ണുകളിൽ 
ഞെട്ടി ഉണർന്നു 
ഇമ

100)പേരിട്ടത് നിന്റെ കണ്ണുകൾ
വിളിച്ചത് നിന്റെ ചുണ്ടുകൾ
പേര് ചുംബനം

101)നിരൂപകവിമർശനം 
സുഖ ശമനം 
കവിത

Saturday, 15 February 2014

ഹൈക്കുവിൽ ഒരു കൈ

1)എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം 
മഴയിലെ 
താഴെ വീഴാത്തൊരു തുള്ളിയാകണം
2)ഉറക്കത്തിനും മരണത്തിനും 
ഇടയിൽ ഗുളികയുടെ 
ഒരു കിടക്ക
3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ
ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു 
നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ്4) വിഷം ഇല്ലാതെ കയറെടുക്കാതെ 
കുറച്ചു സമയം മാത്രം എടുത്തു 
സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ 
തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു
മരണം6) നെഞ്ചിൽ കൊത്തിയ 
രണ്ടു മീസാൻ കല്ലുകൾക്കിടയിൽ 
സ്ത്രീത്വത്തെ അടക്കി കാലം7) തിരയുടെ കൈ പിടിച്ചു 
കരയുടെ തിണ്ണ നിരങ്ങുന്നു
കണ്ണീരോടെ കടൽ8) വിറച്ച ചുണ്ടുകൾ
ഒരു ചുംബനം 
പുതച്ചുറങ്ങുന്നു9) പ്രണയിനിയുടെ മുഖം മേഘം പോലെ
സൂര്യ ചുംബനത്തിൽ 
ചിരി വെയിൽനാളം പോലെ10) പിറന്ന ഉടനെ 
മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു 
കുഞ്ഞി മഴ


11) വൈബ്രേഷൻ മോഡിൽ ഹൃദയം 
എടുക്കുവാൻ മടിച്ചു 
മരണം12) തൊണ്ട നനയ്ക്കുവാൻ
ചില്ലറതെണ്ടി
ആയിരത്തിന്റെനോട്ട്13) ഒരു ചുംബനം 
ചിരിയിൽ നമ്മുടെ 
ചുണ്ട് കൊത്തുന്നു14) സുന്ദരി മഴ 
വീണു കഴിഞ്ഞപ്പോൾ 
വെറും വെള്ളം
15)പിറന്നു വീണ മഴ കുഞ്ഞുങ്ങൾക്ക്‌ 
ഞെട്ട് തിരിച്ചിട്ടു മുല കൊടുക്കുന്നു
ഇലകൾ16)ചുംബനം ചൂട് പിടിച്ച്‌ തീയിലേയ്ക്ക് വീണു നാം 
രതി ആണെന്നറിഞ്ഞ് 
അതണയ്ക്കാതെ സ്വയം കെട്ടു നാം
17)ശുദ്ധമഞ്ഞിൽ
ചൂട് വെയിലൊഴിചു 
കടുപ്പത്തിൽ ഒരു ചുംബനച്ചായ
18)മുടി അഴിച്ചിട്ടു നിലവിളിക്കുന്നുണ്ട്‌ വഴി ..
കൊഴിഞ്ഞു വീണ വെള്ള പുതച്ച 
പൂക്കൾ കണ്ടു
19)അകത്തു അലസിയ ഗർഭം 
ധ്യാന കുപ്പായത്തിൽ 
മുട്ടയുടെ സസ്യേതര അസഭ്യ ചിന്ത
20)രാത്രി, പരിചയമില്ലാത്ത വെട്ടം 
പേടിച്ചരണ്ടു വഴി മാറി 
ഇരുട്ട്
21)കണ്‍പീലികളാൽ കണ്ണുനീരു തുഴഞ്ഞു
വിരഹക്കടൽ കടന്നൊരു 
പെണ്ണ്
22)മഞ്ഞു വെണ്ണ 
സൂര്യന്റെ ഉറിയിൽ 
വെയിലിന് ഉണ്ണിക്കണ്ണന്റെ കള്ള ചിരി   23)ഓരോ ചുംബനത്തിലും അടർന്നു വീണു 
ചുണ്ടുകൾ 
വാകപ്പൂക്കൾ തൻ പ്രണയപൂക്കളം
24)കടലിലേയ്ക്ക് കുളിച്ചു കയറി; 
തിര,
കരയ്ക്ക്‌ ബലി!
25)മരവുരി  
ഇല 
തണുത്ത് നാണം നനഞ്ഞ്‌ മരം
26)ചോരയിൽ കഴുകിയിട്ടും 
നെഞ്ചത്തിട്ട് ഉണക്കിയിട്ടും 
ഹൃദയത്തിൽ മാറാതെ സ്നേഹക്കറ

27)പൊള്ളുന്ന പനി
മഴ 
കൊണ്ടൊരൂഞ്ഞാൽ28)മഴ വരുന്നുണ്ടോ 
വഴിക്കണ്ണുമായി പുഴ 
വഴിവക്കത്ത്
29)ഒരു രാവു മുഴുവൻ ഇരുട്ടിനു വെട്ടം, പുലർന്നപ്പോൾ 
മാവിൻ മൂട്ടിൽ, ഉപേക്ഷിച്ചനിലയിൽ; 
മിന്നാം മിന്നി..
30)രാത്രിവണ്ടി അറിയാതെ കടന്നു പോയി 
നിലാവിന്റെ വിരൽ പിടിച്ചു വിഷാദ ഭാവത്തിൽ 
നടന്നകലുന്നു ചന്ദ്രൻ31)വെട്ടാനൊരുങ്ങും മഴുവിന് 
ഹസ്തദാനം 
മരക്കുട32)മഴയത്തും എടുക്കാതെ 
പുഴയത്തും കുടിക്കാതെ ജലമില്ലാത്തിടത്
ജടുതിയിൽ ഒരു വേനൽദാഹം33)നിലാവിന്റെ പകർപ്പിൽ
മനസ്സെന്ന്
സാക്ഷ്യപ്പെടുത്തൽ34)വെളുക്കെ ചിരിക്കുന്നുണ്ട് 
കണ്ണുകൾ
കറുപ്പൊളിപ്പിച്ചു
35)മാവ് പരുവപ്പെടുത്തി 
മനസ്സിൽ ചുട്ടടുക്കുന്നു 
കനൽ ചിതചിന്തകൾ
36)ചുണ്ടത് വിരിഞ്ഞിട്ടുണ്ടോരുമ്മ 
ആരും കാണാതെ 
നിന്റെ ചിരിയിൽ ചൂടിക്കാൻ!
37)ഒരു പുൽനാമ്പിന്റെ കൈ പിടിച്ചു; 
നടക്കുന്നു, തളർന്നു പോയൊരു- 
ജീവിതം.
38)വഴിമാറാത്ത പ്രകാശം 
അന്ധന്റെ 
സൗമ്യവഴി
39)മഴയെഴുതി 
മിന്നൽ
മിഴികൾ40)ഇരുചക്ര ശലഭ വാഹനം 
ഹെൽമെറ്റു വെയ്ക്കാൻ 
നീ മറന്നുവോ പുഷ്പമേ?41)പലചരക്കു കടയിൽ
കടം പെരുകി കടൽ
എഴുതിത്തള്ളാൻ സുനാമി
42)മഴ നനഞ്ഞ മരങ്ങൾ 
ഇലപ്പീലി നീർത്തി
നടനം43)കൂട്ടി വച്ച പണത്തിൽ 
പെറ്റു പെരുകി 
ദാരിദ്യത്തിന്റെ രോഗാണു
44)നുണക്കുഴിയിൽ നാണം 
ചാലിച്ച് കവിളത്ത് 
മുഖക്കുരുഉമ്മ
45)ഉറഞ്ഞിട്ടും വിറയ്ക്കാതെ സൗമ്യമൌനം 
ഒന്ന് ചൂടാക്കുമ്പോൾ വിറച്ചു സ്വയം നഷ്ടപ്പെട്ടു 
തിളച്ചദേഷ്യം
46)മാങ്ങയാടി 
സമയം പഴുത്തു 
മാവിനെ ചിതയിലേക്കെടുത്തു
47)രാത്രി, പരിചയമില്ലാത്ത വെട്ടം 
പേടിച്ചരണ്ടു വഴി മാറി 
ഇരുട്ട്
48)ജലനീല ശംഖൂതി 
കടൽകൃഷ്ണൻ
തിരകര യുദ്ധം തുടങ്ങി
49)അകം പൊള്ളയായ തുള്ളികൾ 
പുറം പൊള്ളിച്ചു 
കള്ള മഴ
50)ശമ്പളമേ നീ 
വർണ്ണ ശബളിമ പകരാത്ത 
സ്വയം വെളുക്കുന്ന അലക്കുസോപ്പോ?
51)കസ്തൂരി രംഗൻ റിപ്പോർട്ട് 

മരക്കുരിശിൽ 
നിന്ന് മരം പിൻവലിച്ചു
സമരം52)ഒരു ശവം കൊളുത്തി വലിക്കുന്നു

കഴുത്തിൽ കുരുക്കിട്ടു 
മരിച്ച ബീഡി53)വിവസ്ത്രരായി കെട്ടി പുണർന്നു തിര

കടലിന്റെ നീല ചിത്രം ആസ്വദിച്ച്
കര


54)രാജൻ എന്ന് പേരുള്ള മഞ്ഞുതുള്ളി തിരഞ്ഞ് 

ഇലകളിൽ ഉരുളുന്നു 
ഒരച്ഛന്റെ കണ്ണുനീർ55)കണക്കു കൂട്ടൽ തെറ്റിച്ചു മഴ

വഴി കാണിച്ചു കൊടുത്ത് മിന്നൽ
ഒച്ചയെടുത്ത്‌ ഇടി56)മഴ പകുത്തു നമ്മളെ 

ഇടവപ്പാതിയായി 
പുണർന്നു പ്രണയിച്ചു നാം വെള്ളമായി57)കൊത്തംകല്ലാടി കുട്ടി 

മഴത്തുള്ളിയാടി
കല്ല്‌


58)കൂട് വില്പ്പനയ്ക്ക് 

തെരുവിന്റെ ചില്ലയിലേയ്ക്ക്
ഒരു തൂക്കണാം കുരുവി കുടുംബം


59)കൃഷ്ണന്റെ ചുണ്ടിൽ 

ഒരോടക്കുഴൽ
ചിരി60)നിലാവ് കൊണ്ടൊരു താരാട്ട് തഴുകി 
സ്വപ്നം കൊണ്ടോരുമ്മപുതച്ചു
ഉണ്ണിരാവിനു സുഖസുഷുപ്തി
നീ അഴിച്ചിട്ട മുടി മാത്രമേ
ഇപ്പോഴും എന്റെ നെഞ്ചിലുള്ളൂ
അതാണെന്റെ നെഞ്ചുറപ്പുംനട്ടെല്ലൊഴിവാക്കി മഴു; 
പുഴുവായി ഇഴയുന്നു മരങ്ങളിൽ ..
തിരഞ്ഞെടുപ്പ്ഇലമുടി മാടി ഒതുക്കി 
വെയിൽ കണ്ണിൽ 
കള്ളനാണംനീ വിരൽ മുറിച്ചു 
സീമന്ത രേഖയിൽ പുരട്ടുന്ന 
ചോരയായി ഇറ്റുന്നു ഞാൻകത്തുന്ന വിശപ്പ്‌ 
അണയ്ക്കാൻ വിയർപ്പ്
തെരുവിൽ ചുവപ്പണിഞ്ഞ ചുണ്ട്


മഴത്തുള്ളിയ്ക്ക് കൈയും നീട്ടി
തെരുവിൽ, വെയിലുടുത്ത 
മഴവിൽ കുട്ടിതൊട്ടടുത്ത നിമിഷം ജീവിച്ചിരിക്കുവാൻ 
അനുനിമിഷവും ഏതോ മരത്തിന് 
ശ്വാസം കൊണ്ടരപേക്ഷ


മഞ്ഞു; മരത്തിൽ മഴത്തുള്ളി നട്ടു
വെയിൽ കിളിർത്തു
കിളി പൂപറിച്ചു


മേഘശിലകളിൽ 
ചുണ്ടുളിയാൽ ചുംബനഅളവിൽ
ഒറ്റസ്തന മഴത്തുള്ളിശിൽപം


മഴ 

ഒരു കൂട്ടം 
ആശ്ചര്യ ചിഹ്നങ്ങൾ