Tuesday, 26 April 2016

വിരൽതുമ്പി

ചുവരിൽ
ഒളിച്ചിരിക്കുന്ന ജാലകത്തെ
കണ്ടുപിടിച്ചു
മുറിക്കുള്ളിൽ
സാറ്റ് വെച്ച് കളിക്കുന്ന
കുട്ടി

അവർക്കിടയിലെ
കളിപോലെ
വളരുന്ന മുറി

മുറിയുടെ വളർച്ചയെ
പതിയേ മുറിച്ചു

മുറിവ്
ആഭരണങ്ങളാൽ
മറച്ചു

പുതിയൊരു മുറിയായി
മറ്റൊരു വീട്ടിലേയ്ക്ക്
ആർഭാടപൂർവ്വം
കെട്ടിച്ചു വിടുന്ന
കാലം

മുറിയിൽ
പുതിയൊരു കുട്ടിയായി
കുട്ടിക്കാലത്തിന്റെ
മുറിവായ്‌
അവൾ

അവളെ കാണാൻ
പ്രായത്തിന്റെ പ്രാർത്ഥനപോലെ
മിഴിപാതിയടച്ചു
വല്ലപ്പോഴും കടന്നുവരുന്ന
ജാലകം

അവൾ തിരിച്ചടയ്ക്കുമ്പോൾ
അവളെ
കണ്ടുപിടിക്കാൻ കഴിയാത്ത വണ്ണം
അവളിൽ
നോവിന്റെ സാറ്റ് വെയ്ക്കുന്ന
ജന്നൽ

ഉയർന്നു
കേൾക്കുന്ന തേങ്ങലിന്റെ
ഉടഞ്ഞ കുപ്പിവളക്കിലുക്കങ്ങൾ

ജാലക ചില്ലിന്നപ്പുറം
ആ കുപ്പിവളക്കിലുക്കത്തിൽ
അവളെ കണ്ടുപിടിക്കാൻ
എന്നോണ്ണം
പലപ്പോഴും പറന്നു വന്നിരിക്കുന്ന
ഭ്രാന്തിന്റെ തുമ്പി

വിരൽ കൊണ്ട് ജാലകത്തിന്റെ
കൊളുത്ത് നീക്കി
കണ്ടേ
പിടിച്ചേ എന്ന്
ഒന്ന് തൊട്ട തെറ്റിന്
ദ്രോണരെ പോലെ
പിടഞ്ഞ്മാറി
അവളുടെ വിരൽ
മുറിച്ചെടുത്തു
പറന്നു പോകുന്ന
തുമ്പി

അതിന്റെ സുതാര്യചിറകിൽ
ഇപ്പോഴും പറ്റിയിരിക്കുന്ന അവളുടെ
വിരലടയാളം

ആ അടയാളം എഴുത്തെന്നു
തെറ്റിദ്ധരിക്കാതിരിക്കുവാൻ
വേദന കൊണ്ട്
മായ്ച്ചു കളയുവാൻ
ശ്രമിക്കുമ്പോൾ

ചോര പറ്റി
പലപലനിറങ്ങളിൽ
ചിത്രശലഭമായ് പറന്ന
തുമ്പി
താഴേക്ക് എരിയുന്ന
തീയിൽ
ചെന്നിരുന്ന്
ചിറകുകരിച്ച്
വിരലെരിക്കുന്നു!

കിണർ തുന്നുമ്പോൾ

കത്രിക കൊണ്ട്
ജലം മുറിച്ചു
ഒരാൾ
ഒരു കിണർ
വെട്ടി തുന്നുന്നു

മീനിന്റെ വാലിന്റെ ആകൃതിയിൽ
മുറിച്ച
തിളങ്ങുന്നകത്രികയുടെ
പാറുന്ന പതാക

എത്ര കുറച്ചിട്ടും
പാകമാകാത്ത
തൊണ്ടയുടെ
ദാഹം

മൺവെട്ടിയിൽ ഒതുങ്ങാത്ത
ഒരുകുടംമണ്ണിന്റെ
അരക്കെട്ട്

അതിൽ പതിഞ്ഞിരിക്കുന്ന
വരണ്ട വിരലുകൾ
വിണ്ടുകീറിയ കാലുകളുടെ
പാടുകൾ

ഞെട്ടിൽ നിൽക്കുന്ന
മാങ്ങയിൽ
ഇറക്കി കൊടുക്കുന്ന
ഒരുകുല ആഴം

കുഴിക്കുന്തോറും
ഇളകിവരുന്ന
മാമ്പൂക്കൾ

മുല്ലപ്പൂമൊട്ടിന്റെ
കെട്ടിയ മാലയുടെ
മണം

കുഴിക്കുന്തോരും
അഴിക്കാനാവാത്ത വിധം
മുറുകുന്ന ഉറവയുടെ
കുരുക്ക്

ഒരു ദാഹത്തിനും പാകമാകാത്ത
കഴുത്ത്

ഉയരത്തിലേയ്ക്ക്
പിരിഞ്ഞുകയറുന്ന കയർ
ഒരുവശം കാണാതെ പോയത് കൊണ്ട്
കിണറ്റിൽ
ഉയരപ്പെടുത്താനാവാത്ത
ആകാശം

പകുതിയ്ക്ക് വെച്ച് മുറിച്ച
മൊട്ടുകൾ;
ഇതളുകൾ കൂടുതൽ വെച്ച്
താമരയാവുന്ന
നഗ്നത

വിരിഞ്ഞു പോകാതെ മൊട്ടിന്
വെയ്ക്കാൻ
വിട്ടു പോയ ബട്ടൺസ്
വെച്ച് പൂർത്തിയാകാത്ത
കിണറിന് ആരോ
കപ്പി തുന്നുന്നു...

Sunday, 17 April 2016

ഭ്രാന്തമായി ഒരു യാത്ര വായിക്കുന്നു


പോകുന്നിടം
അടയാളപ്പെടുത്താത്ത
ബോർഡ് വെച്ച്
ഒരു ബസ്സ്,
സ്റ്റാൻഡിൽ പിടിക്കുന്നു

അത് ചെസ്സ് ബോർഡിലെ
അപ്രതീക്ഷിതമായ
ഒരു കരുനീക്കത്തേ ഓർമ്മിപ്പിക്കുന്നില്ലേ

ഇനി അടുത്ത നീക്കം
നിങ്ങളുടെതാണ്

നിങ്ങൾ
അതിലും അപ്രതീക്ഷിതമായി
നിങ്ങളുടെ നീക്കം
മാറ്റിവെയ്ക്കുകയാണ്

നിങ്ങൾ കയറുന്നില്ല
എന്നിരിക്കട്ടെ

അതെ ഇരിക്കാൻ
ഇരിപ്പിടം കിട്ടാത്ത
യാത്രക്കാരനിൽ നിന്ന്
'കളി' നിന്ന് കാണുന്ന
കളിക്കാരനിലേയ്ക്ക്
നിങ്ങൾ മാറുകയാണ്

നിങ്ങൾ ഇറങ്ങുമ്പോൾ
നിങ്ങളുടെ സ്ഥലത്തേയ്ക്ക്
കയറുവാൻ നില്ക്കുന്ന
മറ്റൊരാളാണ് ഞാൻ…

അതവിടെ നിൽക്കട്ടെ!

അടുത്ത നീക്കം
നടത്തേണ്ടത് ബസ്സാണ്

നിങ്ങളെ ഒട്ടും
അതിശയിപ്പിക്കാതെ
ബസ്‌
ഒരു കറുത്തനീക്കം
നടത്തുന്നു…

പുകകൊണ്ട്!

കൂടാതെ
അതിനേക്കാൾ കറുത്ത ഒരു
അന്നൗൻസ്മെന്റ്

ബസ്സിന് വേണ്ടി
ബസ്സിന്റെ പേരിൽ

ശരിക്കും അത്
കളങ്ങളെ പോലെ
അതിൽ കയറി
പലയിടങ്ങളിൽ ഇറങ്ങിപോകേണ്ട
സ്ഥലങ്ങളാണ്

സമയത്തിന് ഒരു വിലയുമില്ല
അടുത്ത നീക്കം
നടക്കുന്നുമില്ല

കളി നിങ്ങൾ മതിയാക്കുന്നു

അതറിയാതെ
ബസ്സ്‌
തുടർന്നുകൊണ്ടിരിക്കുന്ന
കളി.

നാളെയാണ്
നാളെ…

അതൊരു അറിയിപ്പ് മാത്രമല്ല
പേടിപ്പെടുത്തുന്ന മുന്നറിയിപ്പ്
കൂടിയാണ്

ഭാഗ്യം നിങ്ങൾക്ക് ഇന്നുണ്ട്
ഭാഗ്യക്കുറി എടുക്കാത്ത
എടുത്ത ഭാഗ്യക്കുറികൾ അടിക്കാത്ത
ധാരാളം ഇന്നലെകളും
ഉണ്ടായിരുന്നു

ഇനി ബസ്സിലെ ജാലകങ്ങൾ
നിങ്ങൾക്ക് കീറിയെടുക്കാവുന്ന തരത്തിൽ
പറന്നുകൊണ്ടിരിക്കുന്ന ഭാഗ്യക്കുറികൾ
ആണെന്നിരിക്കട്ടെ

ഒരെണ്ണം കീറി നാലായി മടക്കി
കീശയിൽ വെച്ച് കഴിഞ്ഞു

കാണുന്ന സ്ഥലപ്പേരു വെച്ച്
എത്തേണ്ട ഇടം ഒത്തുനോക്കേണ്ടതാണ്

അറിയാത്ത സ്ഥലത്തേയ്ക്കുള്ള
യാത്ര അടിക്കും എന്നു
ഉറപ്പുള്ളതു കൊണ്ട് എടുക്കുന്ന
ലോട്ടറിയാണ്
ടിക്കറ്റ്

മുട്ടാതെ കടന്നു പോകുന്ന
ലോറിയ്ക്ക് സ്തുതി

ഇപ്പോൾ
ബസ്സ്‌ പുറപ്പെടുമ്പോൾ
ബസ്സിൽ നിന്നും കേൾക്കേണ്ട
ഇരമ്പൽ
പ്രത്യേകം അന്നൌൻസ് ചെയ്യപ്പെടുകയാണ്
ബസ്സിന്റെ പേരിൽ
കാർ വിൽക്കുന്ന
ഭാഗ്യക്കുറികൾ

ആദ്യം
ഓടിവന്നു കയറുന്നത്
നാല്‌ ടയറുകൾ

ഈശ്വര പ്രാർത്ഥന എന്ന് കൂട്ടിക്കോളൂ

പിന്നീട് ഉരുണ്ടുവന്ന് കയറുന്ന
രണ്ട് പ്രായമായ ടയറുകൾ

അവയ്ക്ക് ഇരിക്കാൻ
നീങ്ങിക്കൊടുക്കുന്ന പിൻടയറുകൾ

ഗീയർ വല്ലാതെ വിറയ്ക്കുന്നുണ്ട്
തണുപ്പുകൊണ്ടല്ല
അതിന്റെ കമ്പിയിലാണ്‌
കുതറുന്ന വണ്ടിയെ കെട്ടിയിട്ടിരിക്കുന്നത്

ചതുരത്തിലേയ്ക്ക് ടിക്കറ്റ് എടുത്തുകഴിഞ്ഞു
ജാലകങ്ങൾ
മണിയിലെയ്ക്ക് കാക്കി നിറത്തിൽ
കടന്നു വരുന്ന
ഒരു ചലനം

ആ ബസ്സിൽ കയറിയിട്ടേയില്ലാത്ത
ഒരാൾ
ആദ്യം ഇറങ്ങാൻ ആവശ്യപ്പെടുന്ന
അയാൾ
ഇത്രയും നേരം
നിങ്ങളിലെയ്ക്ക് യാത്ര ചെയ്ത പോലെ
നിങ്ങളായി
പുറപ്പെടാത്ത ബസ്സ്‌
നിർത്തുമ്പോൾ തന്നെ
അടപ്പില്ലാത്ത വാതിലുമായി
ഇറങ്ങി പോകുന്നു

ആകെയുണ്ടായിരുന്ന ഒരേയൊരു
വാതിൽ നഷ്ടപ്പെട്ട ബസ്‌

എന്താ യാത്രയ്ക്ക് ഭ്രാന്ത്‌ പിടിച്ചോ?

ചില യാത്രകൾ വന്യമായ വായനയാണ്
എഴുത്ത് ഭ്രാന്താകുമ്പോൾ
ചില വായനകൾ യാതനയും

എന്നാലും വായന ഒഴിവാക്കുവാനാവില്ല
പേരുകൾ ഒഴിവാക്കാം
സ്ഥലങ്ങൾ യാത്ര ചെയ്യുന്ന
കാലമാണ്

അത്രയും തണുപ്പിൽ
ജാലകങ്ങൾ ബസ്സിന് പുറത്തേയ്ക്ക്
തിളച്ചുതൂവുന്നത്
ഒരു കാഴ്ച്ചയാണ്
കാണുന്നില്ലേ

എന്നാൽ ഇനി
ഒരു കുട്ടിയ്ക്ക്
കാണാതെ പഠിച്ചോളൂ

ആവർത്തന പട്ടികയിലെ
ഇനിയും കണ്ടുപിടിക്കാത്ത
മൂലകമാണ്
നിറയെ ജാലകങ്ങൾ ഉള്ള ബസ്!  

ജലം മുറിച്ചു പുഴ കടക്കുന്ന ഒരാൾ

ജലം
ആകുവാനാകാതെ
അവിടെയും ഇവിടെയും
ഒഴുകിനടക്കുന്ന
ഒരാൾ

പുഴയെന്നാരും
വിളിക്കാത്തയാൾ

തുഴഞ്ഞിട്ടും
കരയെത്താത്തയാൾ
എന്നിട്ടും
തോണിയെന്നാരും
വിളിക്കാത്തയാൾ

കൃത്യമായി പറഞ്ഞാൽ
ഉള്ള പേരുപോലും
വിളിയ്ക്കുവാൻ ആരും
ഇല്ലാത്തയാൾ

പേരിന്റെ പരോൾ ലഭിക്കാത്ത ഒരാൾ

ഒളിച്ചിരിക്കുവാൻ
ഏണിവെച്ച് കയറി
വെള്ളത്തിൽ
തുള്ളികൊണ്ടയാൾ
പണിയുന്ന
സുഷിരങ്ങൾ

തിരിച്ചിറങ്ങുവാൻ
കയറുമ്പോഴേ
അഴിച്ചുകളയുന്ന
ഏണിപ്പടികൾ

പണിയുന്ന സുഷിരത്തിലൂടെ
ഇരച്ചുകയറുന്ന
സുഷിരങ്ങളുള്ള
വെള്ളം

വെള്ളം കുറവുള്ള വെള്ളം
വെള്ളമെന്ന ആചാരം
നനവ്‌ എന്ന അനാചാരം

അതിൽ
അലിഞ്ഞു പോയേക്കാവുന്ന
അയാളുടെ ഭൂതകാലം

ഭാവികാലത്തിന് കാത്തുനില്ക്കാതെ
വർത്തമാനത്തിലലിയുന്നയാൾ

കുറച്ചു വെള്ളമെടുത്തു
നിലാവുണ്ടാക്കുന്നു
ബാക്കിവെള്ളം
ചന്ദ്രനുണ്ടാക്കുവാൻ
വൃത്തത്തിൽ
മാറ്റിവെയ്ക്കുന്ന
അയാൾ

എന്നിട്ടും
നിലാവെന്നു
വിളിക്കപ്പെടാത്തയാൾ

വിളിക്കപ്പെടാത്ത
വിളികളുടെ മൂർച്ചയിൽ
തുള്ളികളാക്കപ്പെടുന്നയാൾ

മഴയെന്ന് വിളിക്കപ്പെടാത്തയാൾ

ജലം കൊണ്ടുണ്ടാക്കിയ
ഓടക്കുഴൽ
എന്ന സാധ്യതയിലേയ്ക്ക്
നീണ്ടുപോകുന്ന സന്ധ്യകൾ

അതിലേയ്ക്ക്
പാതിവെള്ളമായ
മീനിന്റെ
രൂപത്തിൽ
പടർന്ന്പിടിക്കുന്ന തീ

തീയിൽ
ചുണ്ടുകൊണ്ട്
പല നിറങ്ങളിൽ
അയാൾ
ഇടാൻ ശ്രമിക്കുന്ന
സുഷിരങ്ങൾ

അതിലൂടെ കേൾക്കുന്ന
തീപിടിക്കുന്നപാട്ടുകൾ

പാട്ട് കേട്ട് കേട്ട്
തീ അണയ്ക്കാൻ ശ്രമിക്കുന്ന
കാതുകൾ

കുമിള പോലെ
ഭാവിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുവാൻ
ശ്രമിക്കുന്ന
മരണമെന്ന
സുഷിരം

പണിയുന്തോറും
ഇന്നലെകളിലേയ്ക്ക് പോയി
മഴയായ്‌ തീരുന്ന
പണിതീരാത്ത സുഷിരങ്ങൾ

ഓരോ തവണയും
ഇന്നലെയിലെയ്ക്ക് പോയി
മഴയുടെ
തോർച്ച പണിയുന്ന
അയാൾ

പണിഞ്ഞു പണിഞ്ഞു
സുഷിരങ്ങളാവുന്ന
അയാളുടെ വിരലുകൾ

വെള്ളമാകുന്ന കാലുകൾ
പാതിപുഴയാകുന്ന അയാൾ
പാതി ജലം കടന്ന്
ഉടലാൽ ഒഴുകിത്തുടങ്ങുന്ന അയാൾ

അപ്പോഴൊക്കെ
വെറും പണിക്കുറവാകുന്ന
കടൽ

കടൽ
പണിഞ്ഞു തീരാത്ത
തിരമാലകൾ

കൊത്തികൊത്തി
വെള്ളം പണിഞ്ഞു,
പണിത പുതുവെള്ളത്തിൽ
നീന്തിപോകുന്ന മീനുകൾ

തീ പൂർണമായി
പിടിക്കുന്ന പഴയമീനുകൾ

കത്താത്തമുള്ളിന്റെ
ആകൃതിയിൽ
പിടച്ചിൽ ഒഴിച്ചിട്ട്
തെളിവെള്ളത്തിൽ
പുഴ ഒരുക്കുന്ന
വെള്ളാരംകല്ലുകൾ

കുന്നുകൂടുന്ന
മീനിന്റെ കൂണുകൾ

ചുറ്റിയൊഴുകുന്ന പുഴകൾ

ഉയരത്തിന്റെ കുറവ്
കൊണ്ട്
മേഘങ്ങളാകുവാൻ
കഴിയാതെ പോയ പാറകൾ

അവയ്ക്ക്‌ സ്ഥലം ഒഴിച്ചിട്ട്
ഒഴുകുന്നപുഴകൾ

പകുതിപുഴയായ അയാൾ
എന്നിട്ടും പൂർണമായി
ഒഴുകിതീരാത്ത അയാൾ
ഒഴുക്കിൽ പെട്ട് മരിച്ചുപോകാത്തയാൾ
മരിക്കാത്തയാൾ

എന്നിട്ടും
മരിച്ചവനായി
പലരും വിളിക്കുന്നയാൾ

ഇനി മരണം എന്നത്
ജലം ഏതുനിമിഷവും
എല്ലാ സുഷിരങ്ങളോടും കൂടി
അയാളിൽ
എഴുതിയേക്കാവുന്ന
ചതുരകുമിളയാവും…

 

Friday, 8 April 2016

പോലെ എന്ന വാക്ക് ചരിച്ചു ഉപമ വെള്ളം കുടിക്കുന്നു


കാലിന്റെ കുത്തികെട്ടഴിഞ്ഞ
ഒട്ടകത്തിന്റെ
അക്കങ്ങളുള്ള
കലണ്ടർ 


അതിലെ
ആനയാകാൻ അനുവാദമില്ലാത്ത
കുറച്ച് ദിവസങ്ങൾ
ഒരു ചെറിയഅവധി
മുറിച്ചു കടക്കുന്നു

മുന്നറിയിപ്പ് പോലെ മുന്നിൽ
കാണപ്പെടുന്ന
'കറുപ്പ് കുറച്ച്'
എന്ന
ബോർഡ്

ഇടയ്ക്ക്
കുറുക്ക് ചാടുന്ന
കടക്കുന്നതിനു മുമ്പ്
എന്നോ
ഒഴുകിതീർന്ന
പുഴ

ആകൃതിയോടൊപ്പം
എഴുത്തും മാഞ്ഞുപോയ
മൈൽക്കുറ്റി

നഷ്ടപ്പെട്ട
ദൂരത്തിന്റെ
ഉപമ

ഒത്തനടുക്കെത്തുമ്പോൾ
ഓർത്തെടുക്കുന്ന
കടലിന്റെ പ്രതീതി

വെള്ളം ചരിച്ചുകളഞ്ഞു
തോണിപോലെ
തുഴഞ്ഞു പോകാവുന്ന
കപ്പലിന്റെ പ്രതീക്ഷ

വല്ലാതെ വളർന്ന ശബ്ദം
ക്ഷൗരം ചെയ്ത്
നിശ്ചലതയിലേയ്ക്ക്
മടങ്ങിപോകുന്ന
പള്ളിമണിയുടെ ആത്മീയത

കുറച്ചു ദിവസങ്ങൾ കുറച്ച്
മണിക്കൂറുകൾ
കലണ്ടറിൽ
മുറിവേൽപ്പിച്ച്
കൊത്തുന്ന
ഒരു കൊല്ലത്തിന്റെ ശിൽപം

വെട്ടമില്ലാത്ത വഴി

നന്നായി ചെരിച്ചു
ഒരു ബൈക്ക്
വളവു തിരിയുന്നത് പോലെ,
ഉപമ
എന്ന വാക്ക് ചരിച്ചു
കവിത വെള്ളം കുടിക്കുന്നു!

Wednesday, 6 April 2016

അന്ധയായ നിലാവിനെ കുറിച്ച്


പതിവിലും ശാന്തമായിരുന്നു
ഇന്നലെ
നിലാവ്

മിഴിച്ചുവന്ന
പതിവിന്റെ
കുമിള

പൊട്ടുന്ന
അഞ്ച് ചുവന്ന പൊട്ടിട്ട
രാത്രി

ചതുരത്തിൽ വിടർന്നു
ചുവരിൽ
വൃത്തത്തിൽ
തെന്നിതെന്നി മാറുന്ന
ജാലകം

നക്ഷത്രത്തിലെയ്ക്ക്
നീളുന്ന
അതിന്റെ അദൃശ്യ
കേസരങ്ങൾ

സ്വകാര്യം പോലെ
കാണാതെ പോയ
ആകാശത്തിന്റെ
സുതാര്യത

ഒഴുകിപോകുന്ന
രാത്രിയുടെ
പുഴ

ഒന്നൂടി പോകണമെന്നുണ്ട്
ഇന്നലെയിലെയ്ക്ക്

കുമിളയിലൂടെ
പൊട്ടാതെ

തിരിച്ച്
എന്നെങ്കിലും
ഒഴുകിവന്നേക്കാവുന്ന
നാളെയിലൂടെ

പോകുന്നുമുണ്ട്
ജലത്തിന്റെ
ഓരത്തിലൂടെ
മണൽതരികളിൽ
മുത്തി
കാലടികൾ കൊളുത്തി

എത്താത്തതാണ്
നരയുടെ
പത പുതച്ചദൂരം കടന്ന്
വാർദ്ധക്യത്തിന്റെ ആനന്ദം

മരത്തിന്റെ കര
ഇലയുടെ തീരം
വെളുപ്പിന്റെ ആകൃതിയിൽ
പാതിശബ്ദമായി മാറിക്കഴിഞ്ഞ
ശംഖ്

കരയുടെയും
ജലത്തിന്റെയും
അറുപത്തിനാലു കളങ്ങൾ
ആറെന്നും
നൂറ്റൊന്നു എന്നും
രണ്ടുനിറങ്ങൾ

രാജാവ്തൊട്ട്
കാലാൾ വരെ
മാറ്റിയെഴുതപ്പെട്ട പഴങ്കഥ
പുഴയുടെ കരു
വസ്ത്രം നടത്തുന്ന നീക്കം
ആകാശത്തിന്റെ
ഇടവേള

അതാ
ചന്ദ്രന്റെ വിത്തുമായി
ഇന്നലെയിലെയ്ക്ക്
വീണ്ടും
പറന്നിറങ്ങുന്ന
നിലാവിന്റെ
അപ്പൂപ്പന്താടികൾ

നാളെയും
രണ്ടക്ഷരം മാത്രമുള്ള
നിലാവും
അവർ തിരയുന്ന
ഒരക്ഷരം

അതേ
പറയുന്നത്
ഇരുട്ടെന്ന ധൃതരാഷ്ട്രരെ കെട്ടി
കണ്ണ് മൂടിക്കെട്ടിയ
നിലയിൽ
എന്നും വിലാപം പോലെ
കാണപ്പെടുന്ന
ഗാന്ധാരി നിലാവിനെ
കുറിച്ച് തന്നെയാണ്!