Skip to main content

Posts

Showing posts from May, 2015

നട്ടെല്ല് അഴിച്ചെടുക്കുമ്പോൾ

രാജ്യം ഉപേക്ഷിച്ച കർഷകൻ   അയാളുടെ വേദനകളെ അയാളുടെ തലയിൽ പശുക്കളെ പോലെ മേയാൻ അഴിച്ചു വിട്ടു കണ്‍പോളകളെ ഇരുട്ടിൽ കൊണ്ട് കെട്ടി അയാൾക്ക് ഉപേക്ഷിക്കാനാവാത്ത രാജ്യത്തിൻറെ   നട്ടെല്ലിന്റെ ചോട്ടിൽ ബുദ്ധനെ പോലെ വന്നിരിക്കുന്നു   ഒരു ദീർഘനിശ്വാസത്തിൽ അയാളുടെ മുന്നിലൂടെ വെറുംകരിയില പോലെ പറന്നു പോകുന്നു; കരച്ചിൽ എന്ന വരവിനും ചിരി എന്ന ചെലവിനുമിടയിൽ  കാലങ്ങളായി മിച്ചം പിടിച്ചു വെച്ചിരുന്ന  ചുണ്ടുകൾ   വെയിലിലും  കാറ്റിന്റെ തണൽപച്ച  കാട്ടാത്ത  ഇലകളെ പോലെ ഒന്നുംമിണ്ടാതെ ശബ്ദമുണ്ടാക്കുന്നു ചുറ്റുമുള്ള  നൂറായിരം ചുണ്ടുകൾ അങ്ങിനെയിരിക്കുമ്പോൾ അയാൾക്ക് മാത്രമായി നേരമിരുട്ടുന്നു!      തന്റെ ഭാരം കുട്ടയിലെടുത്തുവെച്ചു തലയിൽചുമന്നു  ഒരുനിമിഷം കൊണ്ട യാൾ കർഷകനല്ലാതായി- മാറുന്നു   ഇരുന്ന നട്ടെല്ല് ആരുടേതാണെന്ന്പോലും നോക്കാതെ യാന്ത്രികമായി അയാൾ കയറുപോ ല ഴിച്ചെടുത്തു തുടങ്ങുന്നു!

മുള്ളുകളുള്ളൊരു അലമാര

നിറയെ മുള്ളുകളുള്ളൊരു അലമാര അതിനെ ഞാൻ  മീനെന്നു വിളിക്കുന്നു ചോരയിൽ അലക്കിയെടുത്ത മുറിവുകൾ അത് അടുക്കി വെയ്ക്കുന്നതിനിടയിൽ കടലെന്ന് മീൻ തിരിച്ചു വിളിക്കുന്നു ഞാൻ ആഴത്തിൽ നിന്ന് കയറി കരയ്ക്കിരിക്കുന്നു കടലാസ്സെന്നു തിരുത്തുന്നു അത് കേട്ട് ഒരു തിര വന്നു എഴുതിയതൊക്കെ മായ്ച്ചു കളയുന്നു കാതിൽ മഴയെന്ന് മന്ത്രിയ്ക്കുന്നു തണുത്ത് വിറങ്ങലിച്ച എന്റെ ശരീരത്തിൽ തിരമാല പുതപ്പിക്കുന്നു ഞാൻ പുഴയെന്ന് തിരുത്തുന്നതിനിടയിൽ തിരിച്ചു പോകുന്നു ഞാനും  മീനും പുഴയും പിന്നെ ഞങ്ങൾ കണ്ട സ്വപ്നവും ഒരു കൊലുസ്സിട്ട തീവണ്ടി പുഴ മുറിച്ച പാളത്തിന്റെ ഒറ്റ വരമ്പിലൂടെ ഒച്ചയുണ്ടാക്കാതെ കടന്നു പോകുന്നു ശവം പോലെ ഒരു തോണി കരയ്ക്കടിയുന്നു അതിൽ ഒരു ഉൽപ്രേക്ഷ മരിച്ചിരിക്കുന്നു...