Skip to main content

Posts

Showing posts from July, 2018

ജീവിതമാകുന്നത്

ഇന്നാണത് ശ്രദ്ധിച്ചത് ഇന്നലെത്തെ ചന്ദ്രന്റെ പകുതിവലിപ്പമേയുള്ളു ഇന്നത്തെ ചന്ദ്രൻ എന്നുകരുതി ചന്ദ്രന്റെ മുമ്പിൽ പതിവായി ഒഴിച്ചുവെയ്ക്കാറുള്ള പതവരുന്ന ആകാശത്തിന്റെ അളവൊട്ടു കുറഞ്ഞിട്ടുമില്ല ദ്രവീകരിക്കപ്പെടുന്ന ആകാശം പണ്ട് കൃഷ്ണനാകുന്നുണ്ടായിരുന്നു, അതും നീലനിറത്തിന്റെ ചാറുള്ള കൃഷ്ണൻ ഇപ്പോ അറിയില്ല ആരുടെ അസ്ഥികൂടമാണോ ആകാശം കൃത്യമായാണ് നോക്കിയത് ആകാശത്തിന്റെ അളവും തൂക്കവും അതും സ്വന്തം കണ്ണുകൾ കൊണ്ട് അതിലേയ്ക്ക് കണ്ണുകൾ രണ്ടും അത്രയും സാവകാശം ചരിച്ച് തുലാസിന്റെ തട്ടുകളാക്കുകയായിരുന്നു തട്ടിയായി എടുത്ത് വെച്ചത് മാത്രം ശരീരത്തിന്റെ സ്വന്തം ഭാരം അപ്പോഴാണ് അറിഞ്ഞത് പരിക്രമണത്തിന് ശേഷം ചന്ദ്രന്റെ പരിവൃത്തിയിൽ വരുന്ന മാറ്റങ്ങൾക്കപ്പുറം, ഇടയ്ക്കുള്ള ചില ദിവസങ്ങളിലും ഇതേപോലെ കൃത്രിമം നടക്കാറുണ്ട് പല ദിവസങ്ങളും തലേന്നിന്റെ പകുതിമാത്രമുള്ളവ ചിലത് തിരിച്ചറിയാതിരിയ്ക്കുവാൻ വെളിച്ചവും പകലും ചേർത്ത് പൂർത്തിയാക്കിയവ ഇടയ്ക്ക് പൂർണ്ണമായി തന്നെ പുലരാതെ പോയ, രാത്രിപോലെ കാണാതെ പോയ ദിനങ്ങൾ പിടിച്ചുനിൽക്കുന്നതെല്ലാം മരങ്ങളും വള്ളികളും വളളിച്ചെടികളുമാകുന്നിടത്ത

ശബ്ദം ബ്രാക്കറ്റിലിട്ട ഒന്ന്

ഒരു പ്രാവിനെ മീട്ടിയിരിയ്ക്കുന്നു പ്രാവ് പലവട്ടം തലയാട്ടി പ്രാവല്ല എന്ന് സമ്മതിയ്ക്കും വരെ അതുവരെ പ്രാവിനെ അനുസ്മരിപ്പിച്ച്, തോരുന്ന മഴ തോളിലിട്ട് കാത്തുനിന്ന് മടുത്ത് കയറുന്ന വാതിൽ തോർത്തിനെ പോലെ എടുത്തുകുടഞ്ഞ് ഒരു പ്രൈവറ്റ് ബസ്സിനെ എടുത്തുടുത്ത് നടന്നുപോകുന്നു വേദന എന്ന ബസ്സ് വേദന എന്ന് പേരുള്ള പൂച്ചകുഞ്ഞ് അതിന്റെ കണ്ണുകൾ രണ്ട് മുലഞ്ഞെട്ടുകൾ അത്  എന്റെ ദുഃഖങ്ങൾക്ക് സ്വകാര്യമായി പാലൂട്ടുന്നു പേരല്ലാത്തപ്പോൾ പൂച്ചക്കുട്ടിയ്ക്ക് പുറത്ത് വേദന ഒരാധാർ കാർഡാണ് അത് ഒരുവിധം എല്ലാകോശങ്ങളുമായും ബന്ധിച്ചിരിയ്ക്കുന്നു പൂച്ചയുടെ കണ്ണുകളേക്കാൾ സ്വതന്ത്ര്യമായി ഒന്നുമില്ല അത് കാണുന്ന കാഴ്ച്ചകളിൽ നിന്നുപോലും സ്വതന്ത്രൻ ആകാശം വായിച്ചുമടക്കിവെച്ച ഇലകളെ പോലെ ഒറ്റഞെട്ടുകളിൽ മാത്രം ശിശിരങ്ങളിൽ കാറ്റുവന്ന് വിളിയ്ക്കും വരെ ഉയരങ്ങളിൽ ബന്ധിതൻ ആകാശത്തിന്റെ എത്രാമത്തെ സ്വാതന്ത്ര്യമായിരിയ്ക്കും മരം ഇന്നുവായിക്കുന്ന അധ്യായം ബസ്സിൽ വെച്ചിരിയ്ക്കുന്ന പാട്ട് ബസ്സിന് പുറത്ത് മരത്തിന്റെ ഉയരമാവുന്നു അകത്ത് പൂച്ചകുഞ്ഞിന്റെ മയക്കവും പൂച്ചകുഞ്ഞിനെ തട്ടിയുണർത്തുവാൻ വിരലുകൾ വേണം

തണുപ്പ്

നിന്റെ അസ്ഥികൂടത്തിലെ ഏറ്റവും ഏകാന്തമായ ഒരസ്ഥിയുടെ തണുപ്പാണ് ഞാൻ അതിനോട് അത്രയും പറ്റിച്ചേർന്നുകിടന്ന് ഒരു പക്ഷേ മജ്ജയോളം അല്ലെങ്കിൽ പുരാതനമായ മാംസത്തോളം ഇഴകിചേർന്ന് കിടന്ന് അതിന്റെ വെളുപ്പിന് അതിന്റെ മങ്ങിത്തുടങ്ങിയ വെളുപ്പിന് ഒരു കഥ പറഞ്ഞുകൊടുക്കുകയാണ് എന്റെ ചുണ്ടിന്റെ പണ്ട് ഉമ്മവെച്ചുറക്കിയ ഗോത്രക്കറുപ്പ്. നമ്മൾ നേരം വെളുത്തിട്ടും കെടാൻ മറന്നുപോയ കഥകളുടെ, തീ പിടിച്ച രണ്ടു ചിതകൾ..

ഇടം

പകൽ തീരെ ഇടമുണ്ടായിരുന്നില്ല രാത്രിയിലേയ്ക്ക് നീക്കിവെച്ചതിൽ ജീവിതവും ഒരു കാക്കയും  ഒരിത്തിരി കറുപ്പും കറുപ്പ് ഇരുട്ടായി പിടിച്ചുനിന്നു ചേക്കേറാൻ മറന്ന കാക്കയും ജീവിതവും ബാക്കിയായി പതിവായി വരുന്നത് മൂന്ന് നാല് മിന്നാമിന്നികൾ ഒരു രാത്രിയും പാകമാകാത്തത് പലതും ഇടമില്ലാത്തത് കൊണ്ട് വെളിച്ചം പോലും അണച്ചുപിടിച്ചത് ഇന്ന് അഞ്ചാമതൊരണ്ണം വന്നു അതും സ്വന്തം വെളിച്ചവുമായി രാത്രിയ്ക്കും അതിന്റെ വെളിച്ചത്തിനും ഇടയിൽ ഇറുകുന്ന അതിന്റെ ശരീരം ഒപ്പം എന്റെ ഉപമയും എനിയ്ക്കും പാകമാകുന്നില്ല ഒരു നോവും കൂടെ നിന്ന് വിരിഞ്ഞ പൂവിനെ മാത്രമെടുത്ത് യൗവ്വനം നരയിൽ പൊതിഞ്ഞ് കൊണ്ടുകളയാനൊരുങ്ങുന്നു കൂടെ കാക്കയേയും അതിന്റെ കറുപ്പിനേയും എടുക്കുന്നു മാത്രമെന്ന മുകളിൽ പറഞ്ഞ വാക്ക് പോലും ഇപ്പോൾ അധികപറ്റ് ഒരു നാളത്തിന്റെ ആഴം ഒരു  മെഴുകുതിരി ചുരുൾ എരിയുന്തോറും ചുരുളുന്ന തീ വായിക്കുന്തോറും ചുരുളുന്ന പേജ് ഇറങ്ങുമ്പോൾ ലൈബ്രറിയുടെ ലായനി കലക്കി ചുവരിലൊഴിക്കുന്നു ചുവടുകൾ ഒരുപാടുണ്ട് പലതും പുതിയത് എന്നിട്ടും നടക്കുവാൻ പഴയ ചുവടുകൾ തന്നെ തിരഞ്ഞെടുക്കുന്നു എതിരെ വരുന്നത് സ്വന്തം ഭാരം,

നോട്ടം

ഒരു പഴകിയ ചെമ്പരത്തിയുടെ വിരിയൽ കടമെടുക്കുന്നു കൈയ്യിലുണ്ട് ഉദാസീനതയുടെ ഞെട്ട് മൊട്ടിനുള്ളിൽ ഭ്രാന്തും ഇതളുകൾക്കകത്ത് ചെമ്പരത്തിയ്ക്ക് പുറത്ത് ബ്രാക്കറ്റിനുള്ളിൽ ഒരിത്തിരി ചുവപ്പും വെച്ച്, ഒരു നോട്ടം പുറത്തേയ്ക്കിട്ട് കാത്തിരിയ്ക്കുന്നു.. എന്നെങ്കിലും അവളുടെ കൈയ്യക്ഷരമാകുമായിരിയ്ക്കും..

ചരിവ്

മഴ, സുഷിരങ്ങൾ കൊണ്ടുവരുന്നു ചോരുമെന്ന് ഉറപ്പിച്ച് മാത്രം, ചാരിവെച്ച തുള്ളികൾ കൊണ്ടുവരുന്നു.. പെയ്യുന്നതിന് മുമ്പ് തോർന്ന പോലെ, ഒരാളിലേയ്ക്ക് മഴ ചരിഞ്ഞിരിയ്ക്കുന്നു..

തൂവലുള്ള ജനൽ

ജനലിനരികിൽ ഇരിക്കുകയായിരുന്നു ജനലിനപ്പുറം ആത്മഹത്യ ഒരു മൃഗമാണ് മുറിയ്ക്കുള്ളിൽ ഞാനൊരു മനുഷ്യനും ജനലും മുറിയും മുറിച്ചുകളഞ്ഞാൽ മുകളിലെ വരിയിൽ ഞാനൊരു മീനായേക്കാം ജനലിനപ്പുറം ശൂന്യത ജനലിനിപ്പുറവും ശൂന്യത കൂടെ ഒരിറ്റ് ആഴവും പക്ഷേ അത് ഞാൻ ജനലിൽ നിന്നും നിൽക്കുന്ന മുറിയിൽ നിന്നും മറച്ചുവെച്ചിരിക്കുന്നു ജനലിനരികിൽ നിന്നും കളഞ്ഞുകിട്ടിയതാണ് ഒരേയൊരു തൂവൽ ഞാനെന്തിന് കളയണം? വയലിനാണെന്ന് സങ്കൽപ്പിക്കുന്നു.. തിരിച്ചുവരുമ്പോൾ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ ഒരു പേജ് മാത്രം പുഴയായിരിക്കുന്നു..

രണ്ടുദിവസം

രണ്ടുദിവസത്തേയ്ക്ക് പൂവരശ്ശിന്റെ മരമായിരിയ്ക്കും, എന്ന അറിയിപ്പ് കൊടുക്കുവാനാണ് പോയത് അവിടെ ചെല്ലുമ്പോൾ ഇതിനോടകം തന്നെ രണ്ടുദിവസം ഒരൊറ്റ മഹാഗണിമരമായി മാറിയിരിക്കുന്നു തിരിച്ച് പോകാനുള്ള വഴിയായിരിയ്ക്കുന്നു അറിയിപ്പ് ഇനി ബാക്കിയുള്ളത് എവിടെയും അങ്ങിനെ ഉപയോഗിക്കാതിരുന്ന സൂക്ഷിക്കുക എന്ന വാക്കാണ് അതിനെ പൂക്കളാക്കി പൂവരശ്ശാകേണ്ട രണ്ടുദിവസത്തിന്റെ ചോട്ടിലിട്ട് തിരിച്ചുപോകുന്നു... തുറന്നുകിടക്കുമായിരിയ്ക്കും ബുദ്ധനിറങ്ങിപ്പോയ വീട്!