Skip to main content

Posts

Showing posts from July, 2019

നോക്കിന്റെ ദൈവഭാരം

സൂര്യൻ പങ്കിടുന്നുണ്ട് ഭാരം ഭൂമിയുമായി പകലിന്റെ ഓരം ചേർന്ന് വെയിലിന്റെ ഭാരം കിളികൾ ഭാരത്തിന്റെ തെരുവോര വിൽപ്പനക്കാർ അപ്പൂപ്പന്താടിയും വിത്തും ഒരു നേരത്തിന്റെ വിത്ത് വാങ്ങിക്കൊണ്ട് പോകുന്നു അപ്പൂപ്പന്താടിയുടെ ഭാരം ഭാരമില്ലായ്മയുടെ നടരാജ വിഗ്രഹം പോലെ ഭാരത്തിന്റെ നൃത്തചോട്ടിൽ ചലനത്തിന്റെ ജടവളർത്തിയ ഒരപ്പൂപ്പന്താടിശിവൻ. നേരം ഒരപ്പൂപ്പന്താടി ശിവൻ ശലഭം യുഗങ്ങളോളം പഴക്കമുള്ള ഒരു സതി യുഗങ്ങളോളം പഴക്കമുള്ള ആൺഭ്രാന്താവുകയാണ് ദൈവം ഒരു  പെൺപൊട്ടിച്ചിരികൾക്കും തളയ്ക്കുവാനാകാതെ ചന്ദ്രന് താഴെ ചുരുട്ടിവെച്ച പുഴ താഴേയ്ക്ക് നീട്ടി അരയ്ക്ക് താഴേയ്ക്ക് മാത്രം കിടക്കുവാൻ തുടങ്ങുകയാണ് എന്റെ ദൈവം അകാരണമായി പരിഭ്രാന്തനാവുകയാണ് എന്റെ ദൈവം. ഒഴുക്കുള്ള ശ്മശാനത്തിലെ ഒഴുകുന്ന ജഡത്തിലേയ്ക്ക് ഞാൻ മാറിക്കിടക്കുന്നു. നിശ്ചലമായി ഒഴുകിപ്പോകുവാൻ എന്റെ  നിശ്ശബ്ദനൃത്തത്തെ അനുവദിയ്ക്കുമായിരിയ്ക്കും ഒരു നോക്കിന്റെ ദൈവഭാരം.

കറുപ്പ് കാത്തിരിയ്ക്കുന്നത് കാക്കയാവും വിധം

രാവിലെ ഉണർന്നു. ഉണർന്നു എന്നുറപ്പിയ്ക്കുവാൻ പോയി അടുത്തുള്ള മരത്തിന്റെ വേരായി തിരിഞ്ഞുനോക്കിയില്ല മരം എന്നേക്കാൾ മുമ്പേ വേരായതിനെയൊക്കെ എന്റെ മുകളിലൂടെ ഒഴിച്ചു മുരിങ്ങമരമാവാനുള്ള ശ്രമത്തിൽ നിന്നും നിവർന്നുനിന്നു മരം മരത്തിന്റെ ചോട്ടിൽ എന്നേക്കാൾ മുമ്പേ മീൻ കഴുകിയ വെള്ളത്തിന്റെ മണമുണ്ടായി മീൻകഴുകാൻ വന്നവളുടെ വയറ്റിൽ ചെതുമ്പലുണ്ടായിരുന്നു ഞാൻ മത്തി മണമുള്ള ഉമ്മയുമായി മത്തിക്കണ്ണുള്ള പൂച്ചയിലേയ്‌ക്ക് വേരറിയാതെ വെള്ളമറിയാതെ ചുരുണ്ടുകൂടി അവൾക്ക് മത്തി മണമുണ്ടായി മുകളിലേയ്ക്ക് നോക്കി കാക്കയുണ്ടായിരുന്നു കാക്ക കറുപ്പിനും പിറകിലേയ്ക്ക് പോയി അന്നൊക്കെ അച്ഛനും അമ്മയ്ക്കും ഒരുപാട് മക്കളുണ്ടായിരുന്ന കാലമാവണം വിരുന്നുകാരുണ്ടാവും വീട്ടിൽ അവൾ മത്തി മണത്തിലേയ്ക്ക് കയറിപ്പോയി കാക്ക വേരിലും ഞാൻ കാക്കയിരുന്ന കൊമ്പിലും ഞാനും കാക്കയും കറുപ്പ് കാത്തിരിയ്ക്കുന്നു. കഴിയുന്നില്ല ആരുടേയും കാത്തിരിപ്പ് ഭ്രമണത്തിന്റെ പൂക്കളുണ്ടാവട്ടെ ഭൂമി, പകരത്തിന്റെ മൊട്ടെല്ലെന്നാരു കണ്ടു.

പുഴയും

ഞാനക്കരേയ്ക്കാണ് കടന്നുവന്ന വള്ളക്കാരനോട് ഉറക്കേപ്പറഞ്ഞു. അയാൾ തുഴ കാത് വള്ളം അക്കരെ എന്നിവ പതിയെ എന്റെ അരികിലേയ്ക്കടുപ്പിച്ചു. അയാളുടെ കാത് ശരീരത്തെ കറുപ്പിയ്ക്കുന്ന ജോലി ചെയ്തുകൊണ്ടിരിയ്ക്കുന്നതായി എനിയ്ക്ക് അനുഭവപ്പെട്ടു. അത് എന്റെ രഹസ്യത്തെ അയാളുടെ കാതുകളിലേയ്ക്ക് വലിച്ചടുപ്പിയ്ക്കുമോ എന്ന് ഞാനും പുഴയും ഭയന്നു. അയാളുടെ ചുണ്ടുകളിൽ കിളി കൂടുകൂട്ടുന്നുണ്ടായിരുന്നു അടുപ്പിച്ച വള്ളത്തിൽ നിന്നും അരക്കെട്ടുകൾ കൊഴിഞ്ഞുപോയ രണ്ട് പൂക്കൾ വെള്ളത്തിൽ വീണു. പുഴ വറ്റുന്ന കാലത്തിലേയ്ക്ക് നടന്ന് അക്കരെ കടക്കുവാൻ കാത്തുനിൽക്കുന്ന എന്തിനേയും ഒഴിവാക്കുവാൻ ഒന്ന് തിരിഞ്ഞ് മഴയായി ഞാൻ തിരിച്ചുനടക്കുന്നു. ഞാനും മഴയും എന്ന് തിരുത്തി രാത്രിയാകുവോളം കാത്തിരുന്നു വിളക്ക് കെടുത്തി പുഴയും കിടന്നുകാണും.

കഥ കേൾക്കുന്ന കുട്ടി

കരിങ്കല്ലിട്ട് കെട്ടിയതായിരുന്നില്ല നിശ്ശബ്ദത. അത് കൊച്ചുകുട്ടികൾ പഠിയ്ക്കുന്ന ഒരു സ്കൂളിലെ ബ്ലാക്ക് ബോർഡായി തുടർന്നു രാത്രി ഒരു വേശ്യയായിരുന്നു അവൾ ബൗസിന്റെ ഉള്ളിൽനിന്നെടുക്കുകയായിരുന്നു, ഇരുട്ട്. കരിങ്കല്ലിട്ട് കെട്ടിയതായിരുന്നു പെയ്തുകൊണ്ടിരുന്ന മഴയിലെ ഒരു തുള്ളിയെ. കൂലികൊടുക്കുമ്പോൾ മാത്രം ഇതൊരു മോശം തൊഴിലാണോ എന്ന് ഞാൻ സംശയിച്ചു. തോരുന്ന മഴയിലെ തുള്ളികൾ മാത്രം ശരിയ്ക്കും അവൾക്ക് കൂലിയായി. ജീവിതം എന്ന അജ്ഞാതന്റെ നിശ്ശബ്ദതയെ കവിതയെന്ന് വിളിയ്ക്കും വിധം മഴ തുടർന്നു. ഞാൻ കഥ കേൾക്കുന്ന കുട്ടിയായി.

നൃത്തത്തിന്റെ കുരിശ്ശുള്ള സെമിത്തേരി

നൃത്തത്തിന്റെ കുരിശ്ശുള്ള സെമിത്തേരിയാണ് നീ ഞാൻ അതിൽ അടക്കിയിരിക്കുന്ന നർത്തകന്റെ ശവം. വിജനമാകുമ്പോൾ സെമിത്തേരിയോട് ചേർന്നുള്ള പള്ളിയിലെ മണി പോലും നൃത്തം ചെയ്ത് തുടങ്ങും കൊഴിഞ്ഞുവീഴുന്ന ഇലകൾ കവാടത്തിനടുത്തുള്ള, ഒറ്റ മരത്തിന്റെ വേരുകൾ തുടങ്ങിയവ, നൃത്തത്തിൽ പതിയേ പങ്കെടുത്തുതുടങ്ങും തുടക്കം കൊണ്ട് കളഞ്ഞ മഴ ഇടയ്ക്കുവെച്ച് പെയ്തുതുടങ്ങും ചില ശവങ്ങളെ അവ നനയ്ക്കും. മറ്റു ചില ശവങ്ങളെ നനയ്ക്കാതെ അനാഥമാക്കിയിടും മരിയ്ക്കുന്നതിന് മുമ്പുള്ള എന്റെ ശ്വാസം നിന്റെ ശ്വാസത്തിനരികിൽ, അത്രയും ചേർന്ന്. കാൽവിരലുകളിലെ കെട്ടുപോലും പൊട്ടിയ്ക്കാതെ അതിലും ചേർന്ന് നമ്മുടെ അരക്കെട്ടുകൾ ഇരിയ്ക്കുന്നതിനും കിടക്കുന്നതിനും ഇടയിലാണ് നമ്മുടെ യൗവ്വനം ഉറപ്പുണ്ട് നരവീണു തുടങ്ങിയ പള്ളിയിലച്ചന് ഇനി തടയുവാനാവില്ല, നമ്മൾ ചെയ്യുവാൻ പോകുന്നതൊന്നും. ഒരു നിമിഷം നിശ്ചലത. അടക്കുവാനായി കൊണ്ടുവന്നിരിയ്ക്കുന്നതാകും എന്നോ മരിച്ച കാറ്റിന്റെ മൃതദേഹം ഇപ്പോൾ കേൾക്കാം എനിയ്ക്കാ കാറ്റിന്റെ മൃതദേഹമായാൽ മതി എന്ന കൊഴിഞ്ഞ് വീഴുന്ന ഏതോ കുഞ്ഞുപൂവിന്റെ വാശി നീ കുഞ്ഞുങ്ങളുടെ ശവക്കല്ലറകളിൽ ചെന്ന്, കുഞ്ഞു

മനുഷ്യന്റെ ചരമകോളം എന്ന നിലയിൽ മഴ

കുടകളുടെ ചരമകോളമായി മഴ. ഉള്ളിൽ നിന്ന് എണ്ണി അതിന്റെ ഏഴാം പേജ് ചിത്രങ്ങൾ കൊടുക്കാതെ ഒഴിച്ചിട്ടു മഴ തോർന്നപ്പോൾ ഉള്ളിൽ ആരുമില്ലാത്ത കുടകൾ അതിനകത്ത് എപ്പോഴോ ഉണ്ടായിരുന്ന ആൾക്കാരില്ലാതെ തനിയെ മടങ്ങി. തനിയെ എന്ന വാക്കില്ലാതെ മടങ്ങി മഴയും മടുപ്പിന്റെ ഞൊറികൾ ഒരിത്തിരി നേരം കറുത്ത നിറത്തിൽ പാറി അതിന്റെ കറുപ്പിൽ നിന്നും പുറത്തേയ്ക്ക് പറന്നു കാക്ക പെയ്ത്തിന്റെ സ്റ്റാമ്പ് ഒട്ടിച്ച ജീവന്റെ തപാൽ പെട്ടികൾ ചുവപ്പ് നിറത്തിൽ നടക്കുന്ന രൂപത്തിൽ പച്ചനിറത്തിന്റെ കരയ്ക്കടിഞ്ഞു കടൽ എന്നൊന്നു ഉണ്ടായിരുന്നതായി നടിച്ചില്ല എരിയുന്ന നിശ്ചലതയുള്ള തീ ഞാൻ തീയതി നീക്കിയിടുന്നു മഴത്തുള്ളി സാക്ഷ. പെയ്ത്ത് മടക്കുന്നു എന്താണ് വ്യത്യാസം അറിയുന്നതും അറിയാത്തതും തമ്മിൽ? ഓ ഒന്നുമില്ല. നോക്കിനിൽക്കേ തുള്ളികളിൽ മനുഷ്യന്റെ ചരമകോളമാകുന്നു മഴ.