Popular Posts

Sunday, 27 September 2015

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ
ദൈവം ഒരു കോട്ടുവായിടും
പിന്നെ എന്നെ തോണ്ടി വിളിക്കും

ഡാ ഇങ്ങോട്ട് നോക്കിക്കേ
ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ...

ഈയിടെയായി ദൈവത്തിനു ഇത് പതിവാണ്

കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ
കണ്ടാലും
എന്നെ വിളിച്ചു കാണിക്കും

ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും

ഞാൻ ഇത്തവണ
ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി

ആ കൃഷ്ണമണികൾ
ഒരു അന്ധനെ പിടിച്ചു നടത്തുകയാണ്

നല്ല തിരക്കുള്ള തെരുവ് ..

ഞാൻ അന്ധനെ നോക്കി
അയാളും പ്രണയിക്കുന്നുണ്ടായിരുന്നു

അത്രമേൽ കാഴ്ചയുള്ള ഏതോ
സുന്ദരിയായ പെണ്‍കുട്ടിയെ!

ദൈവം അതു കണ്ടിരിക്കുകയായിരുന്നു ....

ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു
ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി

ഏതു പെണ്ണ്?
ഞാൻ ചോദിച്ചു..

അന്ധൻ സ്നേഹിക്കുന്ന
അന്ധൻ കണ്ടിട്ടില്ലാത്ത
പെണ്ണിനെ
ദൈവം എനിക്ക് കാണിച്ചു തന്നു

അതു നീയായിരുന്നു!!!!

ഞാൻ അതിശയത്തോടെ
ദൈവത്തിനെ നോക്കി...
അവിശ്വസനീയമായ രീതിയിൽ
ഞാൻ അന്ധനായി കഴിഞ്ഞിരുന്നു...

ഇപ്പോൾ ഞാൻ അന്ധമായി
നിന്നെ പ്രണയിക്കുകയാണ് പെണ്ണെ...
ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

Thursday, 24 September 2015

ശലഭത്തിന്റെ ശബ്ദരേഖ

ഉണരാൻ വൈകിയത് പോലെ
ധൃതിപിടിച്ചു
ഒരു പൂവ് വിരിയുന്നു

വലിച്ചെറിഞ്ഞ പത്രം പോലെ
 ഇതളിൽ  അലക്ഷ്യമായി കാണപ്പെട്ട
തേൻ എടുത്തു
പാലുകാച്ചുന്നു

മൊട്ടുകൾക്ക് താരാട്ടു
പാട്ട് വരച്ചു  കൊടുക്കുന്നു

വീട്ടുജോലികൾ തിരക്കിട്ടു
 ചെയ്യുന്നത് പോലെ
ധൃതിപിടിച്ചു
പരാഗണം നടത്തുന്നതിനിടയിൽ

കഴിഞ്ഞു കാണുമോ?
എന്നാകുലപ്പെട്ടു
റേഡിയോ വെച്ചു 'നോക്കുമ്പോൾ'
കേൾക്കുന്നു..

ഇതുവരെ
കാണാത്ത നിറങ്ങളിൽ
 ശലഭത്തിന്റെ
കഴിയാറായ  ശബ്ദരേഖ...

Monday, 21 September 2015

ജലത്തിന്റെ ചാരം

എന്നെ അടക്കുമ്പോൾ
വെട്ടിമുറിച്ചേക്കാവുന്ന മരം
അതിന്റെ കൊമ്പിൽ
ഞാൻ മരിക്കുവാൻ കാത്തിരിക്കുന്ന
കിളി

അതിന്റെ ചിറകിന്റെ മൂർച്ചയിൽ
മുറിഞ്ഞു പോയ ആകാശം

കാത്തിരിപ്പിന്റെ ചില്ലകൾ

കത്തിത്തുടങ്ങിയ ചിത
അതിന്റെ വേവുന്ന മരച്ചില്ലകൾ
ഇലകളെ ഒരു  ശിശിരത്തിലെയ്ക്ക്
അഴിച്ചു കെട്ടുന്ന കാലം
അക്ഷരാർത്ഥത്തിൽ ഇറ്റു വീഴുന്ന
മരത്തുള്ളികൾ


 തണൽ രൂപത്തിൽ കാണുന്ന
കത്തുന്ന മരത്തിന്റെ എക്സ്റേ

തിരിച്ചറിയാത്തവര്ക്ക് പ്രണയം
വെറും തെറ്റിദ്ധാരണകൾ

എരിയുന്ന ചോര
അതൊഴുകുന്ന ശരീരം
ജലത്തിന്റെ ചാരം

ആരും കാണാതിരിക്കുവാൻ
വെളിച്ചം അണച്ച്
ശരീരത്തിന്റെ രൂപത്തിൽ
കത്തുന്ന തീ

ഖരരൂപത്തിൽ പടരുന്നനാളങ്ങൾ
മണ്ണിൽ ജലരൂപത്തിൽ
 നേരത്തെ അടക്കിയ
വേരുകൾ

കണ്ണീർമഴ

ശ്വസിച്ച വായു തന്നെയാവും
പറക്കുന്ന ചാരത്തിന്റെ അനന്തരാവകാശി
പക്ഷെ മരിച്ചു തീരുന്നതിനു മുമ്പ്
കത്തി തീർന്ന എന്റെ  ചിത
അത് എങ്ങിനെ തിരിച്ചറിയും?

Sunday, 6 September 2015

കവിതയിലെ കുറ്റകൃത്യങ്ങൾ


സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരിക്കുന്ന
ആഴ്ചപ്പതിപ്പുകൾ

അതിൽ കവിതകൾ മാത്രം
തീപിടിച്ച പോലെ
ഒന്നോടിച്ചു നോക്കുകയായിരുന്നു

പേജ് സൂചികകൾ നോക്കി

കവിതകൾ
26, 42, 51 എന്നീ പേജുകളിൽ

എന്റെ തിടുക്കം കണ്ട്
സൌകര്യത്തിനു അവ
അടുത്തടുത്ത താളുകളിലേയ്ക്ക്
മാറുന്നു

ഞാൻ
ഓടിച്ചു വായിക്കുന്നു

വായിച്ചു തീരുമ്പോഴേക്കും
ആഴ്ചപ്പതിപ്പിന് തീപിടിക്കുന്നു

പിന്നെ ആരും കാണാതെ
ചാരം മടക്കി തിരികെ വെയ്ക്കുമ്പോൾ;
കാണുന്നു ..

കവിതകൊണ്ട്
തീപ്പട്ടിക്കൊള്ളി ഉണ്ടാക്കുന്ന ഒരാൾ

പടക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരാൾ

രഹസ്യമായി
കവിത തന്നെ വാറ്റുന്ന വേറൊരാൾ

എഴുതുന്നത്‌ തന്നെ ഒരു കുറ്റമാകുന്ന
ഈ കാലത്ത് ..
കവിതയിൽ ഇത്രയേറെ
പരസ്യമായ നിയമ ലംഘനങ്ങൾ

ഇതെല്ലാം കണ്ടു സംഭ്രമത്തോടെ
തിരിച്ചിറങ്ങാൻ തുടങ്ങുമ്പോൾ..

നീ കവിത എഴുതാറുണ്ടോടാ?
എന്ന് ചോദിച്ചു
ഒരു എക്സൈസ്കാരൻ
അടുത്തേയ്ക്ക് വരുന്നു..

എന്റെ അന്ധാളിപ്പ് കണ്ട്

വന്നത് കുറഞ്ഞപക്ഷം
ഒരു പോലിസുകാരനായിരുന്നുവെങ്കിൽ..
എത്ര നന്നായേനെ!

എന്ന്

എനിക്ക് വേണ്ടി അയാൾ
വിചാരിക്കുന്നു ..

Saturday, 5 September 2015

ടേപ്പ് റിക്കോർഡർ വിളിച്ചു ഒരു പാട്ട് വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്നു


ഒരു ടാക്സി വിളിച്ചു
ഡോർ ഉച്ചത്തിൽ വലിച്ചടച്ചു
ശബ്ദം ഉണ്ടാക്കി
സ്വന്തം വീട്ടിന്റെ മുറ്റത്ത്‌
വന്നിറങ്ങുന്ന
വീട്ടുകാരനെ പോലെഒരു ടേപ്പ് റിക്കോർഡർ
പിടിച്ചു ഒരു പഴയ പാട്ട്
വീട്ടിന്റെ മുറ്റത്ത്‌ വന്നിറങ്ങുന്നു..

വേഗത്തിൽ മുന്നോട്ടുകറങ്ങുന്ന
കാസ്സറ്റിന്റെ ശബ്ദത്തിൽ
മുരടനക്കി
കടന്നു വന്ന ദൂരത്തിൽ
ഉച്ചത്തിൽ മുട്ടുന്നു

അപ്പോൾ വന്നു
കതകു തുറക്കുന്ന അപരിചിത
വാതിൽ
പൊടുന്നനെ കൊട്ടിയടച്ച്
കേട്ട ഗൃഹാതുരമായ ശബ്ദത്തിൽ
ആണിയടിച്ചു
ഒരു മൂളിപ്പാട്ട് തൂക്കിയിടുന്നു..

കാത്തുനിൽപ്പ്

നീ ഓടിച്ചുകൊണ്ട് വരുന്ന വണ്ടി

 വിയർത്തൊലിച്ചു നിന്ന്
അതിനു ഞാൻ
കൈ കാണിക്കുന്നു

 ഞാൻ തന്നെ നിർത്തുന്നു


എവിടെയോ  വെച്ച് കണ്ട്
 ദയ തോന്നി
ഇവിടെ കൊണ്ട് ഇറക്കിവിട്ടതു പോലെ
നീ ഓടിച്ചു പോകുന്നു


നീ നിർത്തി
ഞാൻ കയറിപ്പോയത്കൊണ്ട്
അവിടെയില്ലാത്തത് പോലെ...
ഞാൻ
ഇല്ലാതാവുന്നു........ 

Friday, 4 September 2015

തിരശീലയ്ക്ക് പിന്നിൽ


നിലാവിന്റെ നൂല് നൂറ്റു,
ഓളത്തിന്റെ കര കൊടുത്തു,
തോണിക്കഴഞ്ചിൽ-
വെയിലുണക്കി,
ഓരോ മീനും; 
മുള്ളിൽ വെള്ളം നിറച്ചു,
രാപകൽ ഓരോരോ പുതുപുഴ;
നെയ്തു കൂട്ടുന്നു...


മഴ; അത് നനയാതെ-
എടുത്തു വെച്ച്,
ഋതുമതിയാകുമ്പോൾ മാത്രം
ഓരോന്നായി എടുത്തുടുത്തു,
ഒരുങ്ങി; 

മാനത്തു ഭംഗി നോക്കുന്നു!

ഈ ചിത്രത്തിന്റെ-
നീക്കിയിട്ട
കാല്പനീക തിരശീലയ്ക്ക് പിന്നിൽ;
ഓരോ മീനും;
കുറച്ചാഴത്തിൽ കീറിപോയ
ഒരു വർത്തമാന പുഴ തുന്നുന്നു!