Tuesday, 24 March 2015

ചതുരമുട്ടകൾ

നമ്മൾ ആദ്യമായി
കണ്ടുമുട്ടി
പിരിഞ്ഞപ്പോൾ
നിന്റെ ദേഹത്തേയ്ക്ക് കൊഴിഞ്ഞു വീണ
എന്റെ തൂവൽ

അതിൽ നീ നിന്റെ  ചിറകു വരയ്ക്കുന്നു
അറിയാവുന്ന നിറങ്ങൾ എടുത്തു പുരട്ടുന്നു
അതെടുത്തു വെച്ച്
 നീ ഒരു കൂടുണ്ടാക്കുന്നു

തിരികെ പോയ നാല് ചുവരുകൾക്കുള്ളിൽ
നീ ചതുരമുട്ടകൾ ഇട്ടു കൂട്ടുന്നു

അതിൽ നീ പക്ഷിയെ പോലെ അടയിരിക്കുന്നു

മുട്ടകൾ വിരിഞ്ഞു പുറത്തു വരുന്ന
നീലാകാശത്തിൽ
നീ നിന്നെ ഒരു പുതിയ  മേഘമായി
നീലനിറത്തിൽ
എടുത്തു വയ്ക്കുന്നു

നിറം എന്നിലേയ്ക്ക് പറക്കുന്നു

വൈകി എത്തിയ രാത്രിയിൽ
നീങ്ങി തുടങ്ങിയ നിലാവിൽ
 ചന്ദ്രനെ പോലെ  ഓടിക്കയറുന്ന ഞാൻ

കാണുന്ന ഓരോ ജാലകത്തിലും
നക്ഷത്രം  പോലെ നിന്നെ  തിരയുന്നു

 തൂവലുകളും ചിറകുകളും
 ഊരി വെച്ച്
 ഇണചേരുന്ന പക്ഷികളെ
 മാത്രം  മാനത്ത് കാണുന്നു  

Thursday, 12 March 2015

ഹർത്താൽ

ഹർത്താൽ ദിനം

എങ്ങും വിജനത

അടച്ചിട്ട കടമുറ്റങ്ങളിൽ
ചീട്ടുകളിക്കുന്ന
 കുണുക്കിട്ട പൂട്ടുകൾ


തിരക്കിനെ ഏകാന്തത കൊണ്ട്
 ഗുണിച്ച്‌ തെരുവ്

തെറ്റി പോയ ഉത്തരം പോലെ 
ഏതാനും വാഹനങ്ങൾ 


ഓടുന്ന വണ്ടിയുടെ
ജാലകത്തിൽ മാത്രം
ഒരു മുറുക്കാൻ കട
തുറന്നിരിക്കുന്നു

ഒരു നനഞ്ഞ കുട മുറിച്ചു
നാരങ്ങാവെള്ളം പിഴിയുന്നു
മഴമാങ്ങകൾ

ആഞ്ഞു വലിക്കുന്ന
സിഗററ്റിനുള്ളിലേയ്ക്ക്
കയറി പോകുന്ന ഒരാൾ

എങ്ങു നിന്നോ
തിരക്കിട്ട് ഓടി വന്ന
 ഒരു ചില്ലിട്ട കല്ല്‌
ഉച്ചത്തിൽ
ഒച്ച ചോദിച്ച്
തപ്പുന്നു
മുറിവിന്റെ ചില്ലറകൾ..!

Monday, 9 March 2015

ജാലകം കൊത്തുന്നു

ഒരു അലസമായ ഉറക്കവും കഴിഞ്ഞു,
ഒരു വിരസമായ-
 പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ

കണ്ട സ്വപ്‌നങ്ങൾ
ഓർമയിൽ, നിറങ്ങളിൽ
മഴ തന്നെ മുക്കി
 അലക്കിയിടുന്നു  

ചൂടിന്റെ നിറം പുരട്ടി
ഒരു ചായ വരയ്ക്കുന്നു
ചായ ഞാൻ കുടിക്കുന്നു
ഞാൻ ഇന്നലെ  പോലെ തണുക്കുന്നു


മറവിയിൽ നിന്നും കുറച്ചു
നിറമെടുത്ത്‌ ഞാനൊരു
പൂവ് വരയ്ക്കുന്നു

പൂവ് ഒരു ചെടിയോടു കൂടി
ഒരായിരം പൂമൊട്ടു  ഇങ്ങോട്ട്
തിരികെ വരയ്ക്കുന്നു

ഞാൻ അത് മായ്ക്കാതെ
പുതിയൊരു  പൂമ്പാറ്റ വരയ്ക്കുന്നു

പൂമ്പാറ്റ പറക്കാൻ മടിച്ചു;
അതിന്റെ ചിറകിലെ-
ഒരു നിറത്തിൽ ചെന്നിരിക്കുന്നു.

പൂവിനേയും പൂമ്പാറ്റയെയും
 അതിന്റെ പാട്ടിനു വിട്ടു
ഞാൻ ഒരു കിളിയെ വരയ്ക്കുന്നു

കിളി ഒരു പാട്ട് പാടി;
ആ പാട്ട് തന്നെ കൊത്തി തിന്നുന്നു

വരയ്ക്കുന്നതോന്നും ശരിയാവാതെ
ഞാനൊരു യാത്ര പോകുവാൻ
തീരുമാനിക്കുന്നു

ഒരു വഴി വരയ്ക്കുന്നു

അതിലൂടെ കൈ വീശി നടക്കുന്നു

വീശിയ കൈകൾ വീശലിന്റെ
ചുളിവു നിവർത്തി  ഞാനറിയാതെ
ഒരു പാളം ഒരുക്കുന്നു
വെയിലേറ്റു തിളങ്ങുമ്പോൾ
ആ പാളത്തിൽ
ജാലകം ഇല്ലാത്ത
ദൂരം കയറ്റിയ  ഒരു  തീവണ്ടി
 വന്നു നില്ക്കുന്നു

ഞാനതിൽ ധൃതി വച്ച്
ഒരു ജാലകം കൊത്തുന്നു
അവിടെ  ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു
അവൾ ജാലകം പകുതി തുറന്നു
കുറച്ചു വെളിച്ചം മുറിച്ചു വാങ്ങുന്നു
അതിൽ   പച്ച വെളിച്ചം പുരട്ടുന്നു
അവളുടെ കഴുകി ഇട്ടിരുന്ന കൊലുസ്സിന്റെ
ഒച്ച എടുത്തുടുത്തു
തീവണ്ടി ചലിച്ചു തുടങ്ങുന്നു

കയറുവാനായി
വാതിൽ കൊത്തിക്കൊണ്ടിരുന്ന
ഞാൻ
സ്തബ്ധനായി നിന്ന് പോകുന്നു

ഇപ്പോൾ   അതേ നിൽപ്പിൽ
അവിടെ തന്നെ നിന്നു ഞാൻ-
അതേ  തീവണ്ടിയുടെ
അടുത്ത സ്റ്റേഷൻ,
 കാത്തുനില്പ്പ്കൊണ്ട്;
കൊത്തിതുടങ്ങുന്നു!

Thursday, 5 March 2015

തൊട്ടു മുമ്പ്

ആത്മാവിൽ; 
ആകാശത്തിന്റെ വിത്തുമായി, 
പെയ്യുന്ന മഴയെ-
ഒരു പൂർണ വലം വെയ്ക്കണം, 
അപ്പൂപ്പന്താടി പോലെ;
മരണത്തിലേയ്ക്ക് പറക്കുന്നതിന്-
തൊട്ടു മുമ്പ്..

ജലമാല ചാർത്തുവാൻ

മൂന്നാല് മിന്നലുകൾ ചേർത്ത് വെച്ച് 
ഇരുട്ടിന്റെ നഗ്നതയ്ക്ക്- 
മിന്നാമിന്നികൾ കുപ്പായം തുന്നുന്ന 
രാത്രിയിൽ, 
മഴയെ അർദ്ധവലം വച്ച് 
പുഴ തെളിക്കുന്ന വഴിയെ
നാണത്തിന്റെ-
പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലേയ്ക്ക്
നിന്റെ കൈമാത്രം പിടിച്ചു 
ഒരു തീർത്ഥയാത്ര പോകണം...
നിശാ ശലഭങ്ങൾ;
മാറ് മറച്ചു വെച്ച്,
നിറമില്ലാ ചിറകുകൊണ്ടു
ഭാരമില്ലാത്ത കുരവയിടുന്ന വേളയിൽ
പളുങ്ക് കൊണ്ട് തുന്നിയ ജലമാല
പരസ്പരം ചാർത്തുവാൻ....

ഫയർ എഞ്ചിൻ ചിറകുള്ള ശലഭം


പൂവിൽ നിന്നും തീ പിടിച്ചു
ചിറകു കരിഞ്ഞു പോയ ശലഭമുണ്ടാവും
അതിനു തീ കൊണ്ട്
ചിറകു വരച്ചു കൊടുക്കണം
അതിനിഷ്ടമുള്ള നിറങ്ങൾ ചൂടോടെ
എഴുതി കൊടുക്കണം
ചിറകു ഉറച്ചു കഴിഞ്ഞാൽ
പറക്കാൻ പറഞ്ഞു കൊടുക്കണം
വീണ്ടും പറന്നു തുടങ്ങിയാൽ
പഴയ പൂവിൽ ചെന്ന്
 പുതിയ തീ കൊളുത്താൻ പറയണം
നോവ്‌ വെന്തു തേൻ  വരുമ്പോൾ
കാതിൽ ചെന്ന്
തീ ഊതി അണയ്ക്കാൻ പഠിപ്പിക്കണം
പ്രണയിക്കുന്ന ആണിനെ പോലെ 

ചോർച്ചയുടെ മേൽവിലാസം എഴുതിയ മഴത്തുള്ളികൾ

മഴ വരുമ്പോൾ- 
പിൻ വാതിലിൽ കൂടി; മുൻവാതിൽ-
ഇറങ്ങി പോകുന്ന ഒരു വീടുണ്ട് 
അപ്പോൾ ഒരു ചോർച്ച അകത്തു കയറി, 
കതകു ചേർത്തയ്ക്കും..
വീട്ടിൽ നിന്ന് അടക്കി പിടിച്ച തേങ്ങലുയരും..
അപ്പോൾ ജനാല; ഒരു തൂവാലയായി-
വീടെടുത്ത് മുഖം തുടയ്ക്കും..
ആ വീട്ടിലെയ്ക്കുള്ള എല്ലാ വഴിയും-
പകൽ; അന്നത്തേയ്ക്കു മായ്ച്ചു കളയും..
അന്നത്തെ വിശപ്പ്‌; വീടെടുത്ത്
പിറ്റെന്നത്തെയ്ക്ക്-
മാറ്റിവെയ്ക്കും!

Wednesday, 4 March 2015

കാലുകളിൽ നിന്നിറങ്ങി നടക്കുന്നത്

നിന്റെ അടുത്തെത്താനുള്ള-
തിടുക്കത്തിൽ, 
എന്റെ കാലുകളിൽ നിന്നിറങ്ങി 
നടക്കുകയാണ് ഞാൻ..
 വഴികൾ തീരുന്ന ഒരി-
ടനാഴിയിൽ വെച്ച്, ഞാൻ-
നിന്റെ; കാലുകളിലെയ്ക്ക്,
നടന്നു കയറുന്നു..
നീ നിന്റെ കാലുകളിൽ നിന്ന്;

 നിന്റെ ഉടലിലെ-
യ്ക്കെന്നെ കൈ പിടിച്ചു നടത്തുന്നു..
ഞാൻ 
 കൈ കുടഞ്ഞു;
ഒരു മഴപെയ്യിക്കുന്നു
നീ ആ മഴ എടുത്തുവെച്ച്;
ആകാശത്താകെ തോരണം കെട്ടുന്നു..
അതിൽ 
നമ്മൾ പക്ഷികളുടെ;
വിത്ത് വിതയ്ക്കുന്നു!

നനഞ്ഞാൽ പനി പിടിക്കുന്ന മീൻ

നനഞ്ഞാൽ ഉടൻ-
പനി പിടിക്കുന്ന;
ഒരു മീനുണ്ടായിരുന്നു,
അതിനെ-
ഒരു മഴയുടെ-
മരുന്ന് കൊടുത്തു
വളർത്തുകയാണ്‌;
ഞാനായി,
നിനക്ക് വേണ്ടി!
  

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" എന്ന് പേരുള്ള പൂച്ചയും ഞാനും

"ശ്ശൊ ഇവനെക്കൊണ്ട് തോറ്റു" 
എന്ന് പേരുള്ള പൂച്ചയും, 
പിന്നെ ഞാനും..
ഞങ്ങൾ ഒരു കുറുമ്പിലേയ്ക്ക്;
പരസ്പരം മുറിച്ചു കടക്കാനുള്ള
രണ്ടുപേർ മാത്രമുള്ള, 
മത്സരത്തിനു കാത്തു നില്ക്കുന്നു..
ഞാൻ എന്ന് പറയുന്ന ഇടവേളയിൽ;
പൂച്ചയുടെ പുച്ഛം നിറഞ്ഞ തിരിഞ്ഞു നോട്ടത്തിൽ,
പട്ടി എന്ന പദം-
അടങ്ങിയിട്ടില്ല; എന്ന് വിശ്വസിക്കുവാൻ,
ഒരു നിമിഷം ഞാൻ കൂടുതൽ എടുക്കുന്നില്ല..
രണ്ടു പേരെ ഉള്ളു എങ്കിലും;
മത്സര സമയം ആകുവാൻ,
കടന്നു പോകേണ്ട ഓരോ നിമിഷവും,
ഒരു മത്സരാർഥി ആണെന്ന്;
ഒരു യുവ കവിയെ പോലെ ഞാൻ; സങ്കല്പ്പിക്കുന്നുമില്ല...
അതിനിടയിൽ
മുടി അഴിച്ചിട്ടു; എന്റെ മുമ്പിലൂടെ-
കടന്നു പോകുന്ന പെണ്‍കുട്ടിയെ ഞാൻ; നോക്കുന്നുണ്ട്;സമയം പോലെ.. കൂടെ കൂടെ..
അവളോടൊപ്പം പോകുന്ന;
ആണിന്;
എന്നേക്കാൾ സമയം ഉണ്ടല്ലോ,
എന്ന് അതിശയിക്കുന്നുമുണ്ട്..
ആ അതിശയത്തിനിടയിൽ നോക്കുമ്പോൾ;
എന്റെ വാച്ചിൽ നിന്നും-
അവന്റെ വാച്ചിലേയ്ക്ക്;
നടന്നു പോകുന്ന;
രണ്ടു മൂന്നു മണിക്കൂറുകളും;
ഞെട്ടലോടെ കാണുന്നു..
പിന്നെ കണ്ടില്ലെന്നു നടിക്കുവാൻ തീരുമാനിക്കുന്നു!
അതിനിടയിൽ ഞാൻ തള്ളി നീക്കുന്ന,
വിരസ നിമിഷങ്ങളെ;
ആരും കാണാതെ; പൂച്ച-
ഒരു മ്യാവൂ ശബ്ദത്തിൽ,
എന്റെ സമയത്തിൽ തന്നെ,
കൊണ്ടൊട്ടിക്കുന്നുമുണ്ട്..
രണ്ടു പേര് മാത്രം ഉള്ളൂ-
എന്നുള്ളത്കൊണ്ട് തന്നെ;
കാത്തിരിപ്പിൽ ഉടനീളം;
ആംഗലേയ ഭാഷയിലെ-
ക്യൂ എന്ന അക്ഷരം;
കുറച്ചു വില കൂടുതൽ കിട്ടാൻ വേണ്ടി,
ഞാൻ ഒഴിവാക്കുകയാണ്..
അതിനിടയിൽ,
കുറച്ചു വിലയ്ക്ക് വേണ്ടിയല്ലേ-
മനുഷ്യനെന്ന നിലയിൽ
നമ്മളൊക്കെ കഷ്ടപ്പെടുന്നത്?
എന്നുള്ള എന്റെ എഴുത്തിന്റെ ലിപിയിലുള്ള, ആത്മഗതം;
അച്ചടി ഭാഷയിൽ ചോരുന്ന ഒച്ച;
ഞാൻ കേൾക്കുന്നു..
അതിനിടയ്ക്ക് നടക്കുന്ന മത്സരത്തിനെ;
ഒരു സമ്മേളനം,
എന്ന് ആരൊക്കെയോ; തെറ്റിദ്ധരിക്കുന്നുണ്ട്..
അത് അവര്ക്ക്-
ഈ മത്സരത്തെ കുറിച്ച്;
ഒരു ചുക്കും;
അറിയാത്തത് കൊണ്ടാണെന്ന്- സമാധാനപ്പെടുന്നുമുണ്ട്..
ജയിച്ചു കുറുമ്പിൽ എത്തിയാൽ,
ആ കുറുമ്പുകളെ വെറും;
ഉറുമ്പുകൾ ആക്കാം...
മധുരത്തിലെയ്ക്ക് പോലും..
വരി വരിയായി നടത്താം...
എന്നും ഞാൻ വീമ്പു പറയുന്ന പോസ്റ്റർ;
ഒട്ടിച്ചു കഴിഞ്ഞിരിക്കുന്നു!
പൂച്ചയോട് മത്സരിക്കുന്ന,
മനുഷ്യൻ എന്ന നിലയിൽ,
തലയുയർത്തി നിൽക്കുന്നതിനിടയിൽ;
ഞാൻ പങ്കെടുക്കുന്നതിനു മുമ്പ്തന്നെ-
മത്സരം തുടങ്ങുകയാണ്...
എന്റെ തലയ്ക്കു മുകളിലൂടെ,
പൂച്ച ചാടി കടന്നു പോകും;
എന്നുള്ള;
എല്ലാവരുടെയും പ്രതീക്ഷകളെ,
അസ്ഥാനത്താക്കി,
പൂച്ച തന്റെ;
വില തന്നെ കളഞ്ഞുകുളിച്ച്,
എന്റെ കാലിന്റെ ഇടയിലൂടെ-
വിജയം എന്ന് വിളിക്കുവാനാകാത്ത;
ജയത്തിലെയ്ക്ക്; കുറുക്കെ-
നടന്നു കയറുകയാണ്..
മനുഷ്യൻ എന്ന വില,
കളയാനാവാത്തത് കാരണം;
ഞാൻ പങ്കെടുക്കാതെ തന്നെ;
തോറ്റു കൊടുക്കുന്നു..
മനുഷ്യൻ എന്ന വില-
നിലനിർത്തിയെങ്കിലും;
തോറ്റത് കാരണം;
കുറെയേറെ പേര്; അവരുടെ വില കളഞ്ഞു-
എന്നെ പട്ടിയെന്ന് വിളിക്കുന്നു..
തോറ്റെങ്കിലും;
മനുഷ്യനെന്ന നിലയിൽ;
ജയിച്ചത്‌ കാരണം;
ഇനി മത്സരം പട്ടിയോടായിരിക്കും എന്ന് തിരിച്ചറിഞ്ഞു;
കുരയ്ക്കുവാൻ പഠിക്കുവാൻ വയ്യാതെ;
ഞാൻ മത്സരത്തിൽ നിന്ന്; പിൻമാറുന്നു..
തോറ്റു പോയെങ്കിലും;
പങ്കെടുത്തില്ല എന്നുള്ള തെറ്റ് പോലും
എന്റേതല്ല; എന്നുള്ള ദാർഷ്ട്യത്തിൽ-
നാളെ കൂടി നീണ്ടു നിന്നെക്കാവുന്ന;
ഈ മത്സരത്തിന്റെ പന്തൽ;
ഇന്നേ ഞാൻ അഴിച്ചു തുടങ്ങുന്നു...

Tuesday, 3 March 2015

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ,
കറങ്ങുന്നതിനിടയിൽ,
ഭൂമിക്കു ഒന്ന്; നിർത്തിയിടണം-
എന്ന് തോന്നുന്നു..
ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു.
ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി
മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,
 എന്റെ കൊച്ചു വീട്ടു മുറ്റം..
ആ  വീടിന്റെ മുറ്റത്ത്‌,
ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ,
കുറച്ചു നിരപ്പ് മാത്രം ഉള്ള,
മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്-
കറക്കത്തിന്റെ വേഗത കുറച്ചു,
ഒരു കുലുക്കത്തോടെ,
എന്നെ ഒന്ന് ഭയപ്പെടുത്തി
ഭൂമി കയറ്റി നിർത്തുന്നു ...
അതിൽ നിന്ന് ആദ്യം ഞാനിറങ്ങി
എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു..
ആ സമയത്ത്,
വീടുകളിലെ ഘടികാരങ്ങൾ;
പെട്ടെന്ന് നിലക്കുന്നു.
സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു,
അതിലൊരു ഘടികാരം താഴെ വീഴുന്നു,
ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ;
ഒരു തിരക്ക് പോലെ;
പുറത്തേയ്ക്കിറങ്ങുന്നു.
അത് വിവിധ രാജ്യക്കാരാകുന്നു,
അവർ പല ഭാഷ പറയുന്നു,
അവരവരുടെ മതക്കാരെ കുറിച്ച് മാത്രം;
രഹസ്യമായി തിരക്കുന്നു.
മാദ്ധ്യമങ്ങളിൽ; കേരളത്തിൽ-
ഭൂമി ഇറങ്ങിയ കാര്യം,
ദ്രുത വാർത്തയായി;
കടന്നു പോകുന്നു..
അത് ഒരു തീവണ്ടി ആണെന്ന്,
ആരും തെറ്റിദ്ധരിക്കുന്നില്ല.
അത് കൊണ്ട് കേരളം പെട്ടെന്ന്;
പാളം തെറ്റുന്നുമില്ല.
പക്ഷെ തീവണ്ടി ചക്രങ്ങൾ; പുതുതായി,
ചതുരത്തിന് പഠിച്ചു തുടങ്ങുന്നു.
പൊടുന്നനെ-
കേരളത്തിലെ എല്ലാ വീടുകളും,
'കടകൾ' എന്ന് നാമകരണം ചെയ്യപ്പെടുന്നു,
തങ്ങളെ ഒഴിച്ച്,
ഓരോരുത്തരും കയ്യിലുള്ളതെല്ലാം,
വില്പ്പനയ്ക്ക് വെയ്ക്കുന്നു.
ആഗോള വല്ക്കരണം എന്ന് ചാനൽ ചർച്ച
വൈകി ഉണരുന്ന ഭരണകൂടം,
മുതലാളിമാർ  അവസരം മുതലെടുക്കുന്നു.
എല്ലാവരും തിരിച്ചു കയറി പോകാൻ,
തയ്യാറെടുക്കുന്ന ഭൂമിയിലേയ്ക്ക്,
റിയൽ എസ്റ്റേറ്റ്‌ കഷ്ണങ്ങളായി മുറിച്ച
കടലാസുമായി, അവർ-
വില്പ്പനയ്ക്ക് കയറുന്നു..
ഓരോരുത്തരുടെയും മടിയിലിട്ടു
കാശിനു കൈ നീട്ടുന്നു..
കാശു വാങ്ങി ഇറങ്ങുന്നതിനു മുമ്പ്,
ഭൂമി മുമ്പോട്ടെടുക്കുന്നു...
മുന്നോട്ടെടുത്ത ഭൂമിയിൽ;
കേരളം പറ്റിപിടിച്ചുപോയ വാർത്ത‍,
നാളത്തെ പത്രത്തിൽ..
ഇന്നേ ഒട്ടിപ്പിടിച്ചു തുടങ്ങുന്നു!