Skip to main content

Posts

Showing posts from December, 2016

അൽപ്പം ഉലയാം അല്ലേ?

എന്നും കലാപകാരികളാണ് പൂക്കൾ; എന്നിട്ടും മൊട്ടുകളിൽ പൂരിപ്പിക്കാതെ ഇട്ടിരിക്കുന്ന ലഹളയുടെ കോളങ്ങൾ ഒപ്പിയെടുത്തു ദൂരേയ്ക്ക് പറന്നു പോവുകയാണ് സമാധാനശലഭങ്ങൾ. ഘടികാരത്തിന്റെ ആകൃതിയിൽ പിള്ള വാതത്തിന് അച്ചുക്കുത്തിയ, സമയത്തിന്റെ മടുപ്പിനോട് കാത്തിരിപ്പിന്റെ പഞ്ഞി ചോദിക്കരുത്: കാത് തന്നെ പഞ്ഞിയുടെ ആകൃതിയിൽ വെച്ച കാലമേ., എന്നാലും വരൂ... ഇനി വെറുതേയിരിക്കണ്ട.. നമുക്ക് കഴിഞ്ഞ കാലത്തേയ്ക്ക് പോകാം.. അവസാനത്തെ രണ്ടുദിവസത്തെ നിലാവിനെ പിടിച്ച് പരസ്പരം ഇരുട്ടിന്റെ അറ്റത്ത് കെട്ടിയിടാം. ചന്ദ്രൻ പിടിച്ചുവലിയ്ക്കുമ്പോൾ; ഇന്നലെകൾ ഉലയുന്നത് കാണാമല്ലോ!

പരാതി

ബൾബുകൾ പരമ്പരാഗതമായി സ്വർണ്ണപ്പണിക്കാരാണ് അണയുന്നതിന് മുമ്പ് അവ ഓരോ മണിക്കൂറിനും ഓരോ പണത്തൂക്കം വീതം നാണം പണിഞ്ഞു കൊടുക്കുന്നു നീലബെറികൾ പിടിച്ചു കിടക്കുന്ന രാത്രിയുടെ കരിനീലിച്ച ചുണ്ടുകൾ കറുത്തത് കൊണ്ടാവും പുറത്തിറങ്ങാതെ എന്റെ ഉടലിൽ പറന്നുനടക്കുന്ന അവളുടെ മുടന്തൻശലഭം പരമ്പരാഗതമായി ചങ്ങലകൾ കിളിച്ചു വരുന്നത് അവളുടെ കാലുകളിലാകണം എന്റെ ഉടലിൽ പോലും ഇറങ്ങി നടക്കുവാനാവാത്ത അവളുടെ വന്യമായ ഭ്രാന്തിനെ ഞാനിനി ഏത് നിറത്തിൽ ഉമ്മവെച്ച് സമാധാനിപ്പിക്കും കെട്ടുപോയ വെളിച്ചമേ?