Popular Posts

Saturday, 30 June 2018

നുകം

ഒരു നുകം
കുറച്ച് പഴക്കം ചെന്നത്
അതിന്റെ ഒരറ്റത്ത് മഴ
മറ്റേ അറ്റത്ത്
ആഴം

മഴയ്ക്കും
ആഴത്തിനും ഇടയിൽ
അയാൾ

നുകവും
ആഴവും
അയാളും
മഴ കൊണ്ടുള്ളത്

മഴയുടെ തോർച്ച മാത്രം
മണ്ണുകൊണ്ടുണ്ടാക്കിയത്

അയാളുടെ
ഉടൽ നിറയെ
എകാന്തത അച്ചുകുത്തിയ പാടുപോലെ
മഴത്തുള്ളികൾ

നൃത്തം കൊത്തിവെച്ചവ

അയാൾക്കും
നൃത്തത്തിനും ഇടയിൽ
ചിലച്ചുകൊണ്ട് പറന്നുപോകുന്ന
പക്ഷികൾ

അതും ഒന്നും കൊത്താത്തവ

അവയിലൊന്നും
നിലത്തു വീഴുന്നില്ല

എന്തൊരു നിശ്ശബ്ദതയാണ്
ഇല്ല എന്ന വാക്കുകൾക്ക്

ഇവിടെയൊന്നുമില്ല
എന്ന് പറഞ്ഞ്
പലതവണ
കൊട്ടിയടച്ച വാതിലുകൾ തന്നെ സാക്ഷി

ശരിയ്ക്കും
എല്ലാ വാതിലുകളും
ഒറ്റത്തവണ മാത്രം അടയുന്നവ
പിന്നെ നടക്കുന്നവയെല്ലാം
അതിന്റെ നഗ്നമായ അനുകരണങ്ങൾ

അപ്പോൾ കതകുകൾ
ഒരേസമയം
പുറത്തേയ്ക്ക് പോയ കാലുകളെ
വെറുതെ അനുഗമിക്കുന്നവ
അതേസമയം
അകത്തുള്ള കാലുകളെ
ശരിയ്ക്കും അനുകരിക്കുന്നവ

ഏത് സംഗീതവും
ഉണ്ടാവുന്നതിന് മുമ്പുള്ള
ആ ഒരു വല്ലാത്ത നിശ്ശബ്ദതയില്ലേ?

ഒരു കാലും ഇട്ടുനോക്കിയിട്ടില്ലാത്ത
കൊലുസ്സിന്റെ
പണി ആദ്യമുത്തിൽ തുടങ്ങി
മണി എന്ന് പേര്
മനസ്സിലിട്ട്
മനസ്സിലിട്ട് താലോലിച്ച്
തുടങ്ങുന്ന കാലം

അതേ..
പണ്ട് ഒരുവളുടെ മുടിയിലെ
നരയായിരുന്നയാൾ

അന്നവർ
വറ്റാത്ത
ഒരു കിണറിന്റെ
രണ്ടാഴങ്ങൾ

ഇപ്പോൾ
അയാൾ
തോർച്ച ഒഴിച്ചിട്ടിരിക്കുന്ന മഴ

മണ്ണിലിപ്പോൾ
അവർ
വെറും തിരശ്ശീനത മറന്ന
രണ്ടു കുരിശ്ശുകൾ

അയാളുടെ കവിളിലെ
നരയിലേയ്ക്ക്
കാലത്തിനിന്ന്
ഒരു തൊട്ടിവെള്ളം കോരിവെയ്ക്കേണ്ടതുണ്ടാവും...

Wednesday, 27 June 2018

നീക്കത്തിന്റെ ദൈവം

രണ്ടിടവകകളിലും
ഒഴിച്ചുവെയ്ക്കാവുന്ന പള്ളി

ദൈവമാണെന്ന്
മറന്ന്
ദൈവത്തിന്
പുറത്തിറങ്ങുന്ന ദൈവം

ദൈവം കാണാതെ പഠിക്കുന്ന
ദൈവത്തിന്റെ എഞ്ചുവടിയ്ക്കും
ഒരകിടിന്റെ കടമുള്ള പശുവിനും
ഇടയ്ക്ക്
കറവക്കാരന്റെ വീട്

തിരിച്ചിട്ടാൽ
ഏറ്റവും ലളിതമായ
ചെസ് ബോർഡാണ്
പശുവിന്റെ
അകിട്

നാലോ അഞ്ചോ കരുക്കൾ

കറക്കുമ്പോൾ
കറവക്കാരനും
കറക്കാത്തപ്പോൾ
വെറുമെരു ചെസ് കളിക്കാരനുമാകുന്ന
ഒരാൾ

രണ്ട് ദേവാലയങ്ങൾ
ഒരൊറ്റ മുറ്റം

കാത്തിരിപ്പ്
ഒരു നീക്കത്തിന്റെ
ദൈവം...

കരുക്കളുടെ നിറമെന്തായാലും
നമ്മൾ കാണുന്നതിനേക്കാൾ
ഇരുണ്ടതാണ്
അവിടെ കരുവാകാൻ
കാത്തിരിയ്ക്കുന്ന
ഒരു കറുത്തപൂച്ചയുടെ ലോകം

നേരത്തിന്റെ വെളുപ്പിലേയ്ക്ക്
എത്തണമെങ്കിൽ പോലും
അതിന് നടക്കേണ്ടിവരുന്ന
ശരാശരി ദൂരമാണ്
തൊലിപ്പുറത്തെ
കറുപ്പ്..

വഴിയെത്ര കഴിഞ്ഞാലും
വീടിനും മുറ്റത്തിനും ഇടയിൽ
നമ്മൾ നടക്കാത്ത
ഇടങ്ങളുണ്ട്
ഉറപ്പ്.

തിരക്കിന്റെ പുസ്തകം

ഇടവേളകൾ കൊണ്ട്
പൊതിയിട്ട പുസ്തകം

ഷൂട്ട് ചെയ്യുവാൻ
ഒന്നുമില്ലാത്തത് കൊണ്ട്
പാട്ടെഴുതി
കവിതയെന്ന് തിരുത്തി
സിനിമയെന്ന് പേരിട്ട്
വായിക്കുന്നതായി അഭിനയിക്കുന്നു

പഴയൊരു
കാത്തുനിൽപ്പിന്റേയും
മാറ്റിനിയുടേയും
അഭിനയത്തിന്റേയും
ലായനി

പാട്ടുവെച്ചുകെട്ടിയാൽ
എങ്ങോട്ടുവേണമെങ്കിലും
വളഞ്ഞുപോയേക്കാവുന്ന
തീവണ്ടികളുടെ
പേജുകളുടെ
ഒരു കൂട്ടം

നടന്നുപോകുമ്പോൾ
കടന്നുപോകുന്ന തീവണ്ടിയുടെ ജാലകത്തിൽ
കാൽതട്ടിവിഴുന്ന
ഒരു കുട്ടിയുടെ ചിത്രമുണ്ട്
മനസ്സിൽ

തൊട്ടാവാടിയുടെ ഇലകൾ
തൊട്ടുതൊട്ട്
മടക്കിയത്

തൽക്കാലം
നടക്കുന്നിടത്തൊക്കെ
പ്ലാസ്റ്റർ ഓഫ് പാരീസിൽ
ഒരു തിരക്ക് മാത്രം തീർക്കുന്നു..

Saturday, 23 June 2018

തിരിച്ചുവെയ്ക്കുന്നു

നീ കേട്ട ശേഷം
ഞാൻ ശബ്ദം കുറച്ചുവെയ്ക്കുന്ന
പാട്ട്

അല്ലെങ്കിൽ
നീ ഉറങ്ങിയ ശേഷം
അത്രയും സാവകാശം
ഞാൻ പിടിച്ചിട്ടേക്കാവുന്ന
പുതപ്പ്

എന്നിട്ടും
ഒന്നും ചെയ്യുവാനാകാത്ത
ക്രിയ പോലെ
അധികം വരുന്ന
ശേഷം എന്ന വാക്ക്.

ഇപ്പോഴും വരുന്നുണ്ടാവും
ആത്മഹത്യചെയ്ത ഒരാൾക്ക്
പ്രണയത്തിന്റെ മേൽവിലാസത്തിൽ
മരണശേഷം
ഏതോ പെൺകുട്ടി
എഴുതുന്ന കത്തുകൾ

അറിയാം
നേരം വെളുത്തുകഴിഞ്ഞാൽ
വീണ്ടും പൂക്കളുടെ കാക്കിയിട്ട
പോസ്റ്റുമാനായേക്കും
വാക്കുകൾ

തീരെ ശബ്ദമില്ലാതെ
തീരെ വെളിച്ചമില്ലാതെ
ഒരു മിന്നാമിന്നിയെ വായിച്ച്
രണ്ടുപേർ
തിരിച്ചുവെയ്ക്കുന്നു..

അതിഥി

ശലഭത്തിന്റെ
അതിഥിയായിരുന്നു ഇന്നലെ

പൂവിന്റെ ആകൃതിവേണമെന്ന്
വാശിപിടിച്ചില്ല

ഇടയ്ക്ക്
ഇന്നലെയെ
ഒഴിവാക്കിയിട്ടുണ്ട്
ചുവരിലെ ജാലകം

എല്ലായിടവും
താഴുകൾ പിടിച്ചുകിടക്കുന്ന വാതിലുകൾ

അതിനകത്താണ്
വസന്തത്തിന്റെ
പെയിൻറിംങുകൾ

ശ്രദ്ധിച്ചു
മുകളിലെ വരിയിൽ
നിറമെന്നോ
ചിത്രമെന്നോ തിരുത്തുവാൻ
പോയിട്ടില്ല
ഒരു ചുവരുകളും

അതിനറിയാമായിരിക്കും
ചിലവാക്കുകളിൽ മാത്രമുള്ള
നിശബ്ദമായ വേദനകൾ

അകത്തേയ്ക്ക് കയറിയില്ല
പുറത്തേയ്ക്ക് ഇറങ്ങണമെന്ന്
മാത്രം
വാശി പിടിച്ചു

ഇറങ്ങിയോ എന്ന്
ഉറപ്പില്ല

തല്ലിക്കൊഴിച്ച
പൂക്കളുടെ മൃതദേഹത്തിൽ
തട്ടിവീഴുന്ന
കാറ്റിനെ
രൂപമില്ലാതെ കണ്ടിരിയ്ക്കുന്നു..

നടത്തത്തിന്റെ കടം

നിനക്കൊരു ഉമ്മ തരുമ്പോൾ
കടൽ വീണ്ടും തുളുമ്പുന്നു
അപ്പോൾ നിന്റെ ചുണ്ടുകൾ
രണ്ട് മുക്കുവർ കയറിപ്പോയ
വഞ്ചികളാവുന്നു.

ആകെയുള്ള ഒറ്റമുറിയ്ക്കുള്ള
നീ പലവട്ടം ഓർമ്മിപ്പിച്ച
ചോർച്ച
ഞാൻ തിരഞ്ഞുപോകുന്നുണ്ട്

അപ്പോഴൊക്കെ
നമ്മൾ അടുത്തിരിയ്ക്കുമ്പോൾ
വീടിന് പുറത്തിറങ്ങി നിൽക്കുന്ന
മുറിയിലേയ്ക്ക്
ചോർച്ച തിരഞ്ഞ് ഞാൻ
നടക്കുന്നു

മഴ ഇപ്പോൾ നനയ്ക്കുന്നത്
നിന്നെയാണ്

നമ്മുടെ മുറിയിലെ ചോർച്ച
മറ്റൊരു വീടിന്റെ
വാരിയിലൂടെ ഇറ്റുന്നു
അതിറ്റുവീഴുന്ന
മണ്ണിന്റെ നോവ് നിന്നിലൂടെ
ഞാനറിഞ്ഞ് കിടക്കുന്നു

നമ്മുടെ വീടിനകത്ത് നിന്ന്
ജനലിലൂടെ
പുറത്തേയ്ക്ക് നോക്കുമ്പോ
മഴ കാണണം
കടല് കാണണം
എന്ന നിന്റെ ആഗ്രഹത്തിന്
എനിക്കറിയാം
എന്റെ ഉമ്മയോളം പഴക്കമുണ്ട്

അന്ന് ആ വരിയിൽ
നീ ഉപയോഗിച്ചിരുന്ന വാക്ക് പുരയെന്നായിരുന്നു
വർഷങ്ങൾ കൊണ്ട്
ഞാൻ പുതുക്കി പണിതതാണ്
അതിൽ വീടെന്ന വാക്ക്

ചില ചിത്രങ്ങൾക്ക് മാത്രമേ
വീട് പൂർത്തിയാക്കുവാനാവൂ
എന്നത് അന്നും നിന്നോട് പറയാൻ മടിച്ച കവിതയിലെ
വരികളായിരുന്നു

നിന്റെ നെറ്റിയിലെ പൊട്ട്
പല വെട്ടം
എന്നിൽ
അസ്തമിച്ച സൂര്യനായി കഴിഞ്ഞിരിക്കുന്നു

വിയർപ്പിനും
ഇരുട്ടിനും ഇടയിലെ മൂക്കുത്തി
പലവട്ടം
കൊളുത്തിയ റാന്തലും

ഇനി എണീക്കുമ്പോൾ
എനിക്കൊരു നടത്തത്തിന്റെ
കൂടി കടമുണ്ടാവും.

Friday, 22 June 2018

രാ ഉടൽ

തുടക്കമന്വേഷിച്ചു നടക്കും,
ഓരോ നിമിഷത്തിന്റേയും
കടന്നുപോകും
ഓരോ കവിതയുടേയും
ഇര

എന്നിട്ടും കാടായിട്ടില്ല
ചുറ്റും നുള്ളിയിട്ട കാലടികൾ
ഉടലാകെ തേൻകൂട്

എന്നും
സൂര്യന് ഉദിക്കുവാൻ
വെളിച്ചം ഒഴിച്ചിട്ട കിഴക്ക്

എന്നിട്ടും കടൽ താഴെയിട്ട്
പിടയ്ക്കും
മീനിനെപ്പോലെ പടിഞ്ഞാറിന്റെ
ഉടൽപരിസരങ്ങൾ

ഒരു വശം
മൈദപ്പശ
മറുവശം
മതിലിനുമിടയിൽ
ഏത് നിമിഷവും
മനുഷ്യരുടെ ഇടയിൽ
ഒട്ടിയ്ക്കപ്പെടാവുന്ന
പോസ്റ്ററിന്റെ നിസ്സഹായത.

അയാളിൽ നിന്നിറങ്ങി
വെളിച്ചത്തിന്റെ ഓട്ടോറിക്ഷയ്ക്ക്
കൈകാണിക്കുന്നു
ഒരാന്തരീക കുരിശ്ശ്

മുന്നിൽ
മുറിവിന്റെ മണമുള്ള
മനുഷ്യഭിത്തികെട്ടിയ
ഒരുടൻ കടൽ
പിന്നിൽ അയാൾ
അതേ മനുഷ്യൻ.

Thursday, 21 June 2018

ധ്യാനത്തിന്റെ കടക്കാരൻ

ബുദ്ധൻ വെച്ച
നൃത്തത്തിന്റെ ചോട്ടിലിരിക്കുന്നു
ധ്യാനത്തിന്റെ കടക്കാരൻ

അരികിൽ
വെള്ളച്ചാട്ടത്തിന്റെ ഉടലും
വെള്ളത്തിന്റെ ചുവടുമുള്ള
സന്ന്യാസി

ഒരൽപ്പം ചെരിവുണ്ടായിരുന്നു
ആർക്കെന്ന ചോദ്യത്തിന്

ചെരിവ് പിടിച്ച്,
നിവർത്തിവെച്ച്
ഒരു ഘടികാരം കടത്തികൊണ്ടുപോകുന്ന
രണ്ടുപേർ

ആർക്കോ
വഴികൊടുക്കുന്നത് പോലെ  
അവർ രണ്ടുപേരും
പൊടുന്നനെ
പേരിന്റെ
ഒരു വശത്തേയ്ക്ക് നീങ്ങിനിൽക്കുന്നു

അവർ കയറിയിരുന്നെങ്കിൽ
ഒരു വശത്തേയ്ക്ക്
ചരിയുമായിരുന്ന
വള്ളം

അവരിൽനിന്നും അകന്ന്
അത്രത്തോളം അകലത്തിൽ
അവരുടെ പേരുകൾ

വള്ളത്തിന്
ഒരു സന്ന്യാസിയാകാമെങ്കിൽ
അത് ഇപ്പോൾ
ബുദ്ധനാണ്

വഴികിട്ടിയമാതിരി
ഭാരത്തിന്റെ കട്ടി ഉൾപ്പെടെ
ഒരു ത്രാസ് കടത്തികൊണ്ട് പോകുന്ന
ഒരു കൂട്ടം ആൾക്കാർ

ഉയരങ്ങളിൽ
ഉയരത്തിന്റെ അരികുകൊണ്ട് മുറിഞ്ഞ-
നിലയിൽ
ബുദ്ധൻ,
ധ്യാനത്തിന്റെ കടക്കാരൻ..

Monday, 18 June 2018

ഖനിയേക്കുറിച്ച്

നിശ്ശബ്ദതയുടെ ഖനിയാണ്
എന്റെ കാലുകൾ

അവളുടെ കാലിലെ
കൊലുസ്സ്,
അതിലെ
ഖനിതൊഴിലാളികളും

എന്നാലും
ഒരു സൈക്കിൾ ബെല്ല് കൊണ്ട് അടച്ചുവെയ്ക്കാവുന്ന
നമ്മൾ നടന്നുതീർത്തദൂരങ്ങൾ,
അതിന്റെ ആഴങ്ങളാവുന്നു..

തമ്മിൽ കാണാത്തപ്പോൾ
ഒരു വളവിനപ്പുറം,
അതിലെ ഖനിതൊഴിലാളികൾ
ജോലി കഴിഞ്ഞുവരുന്ന
ശലഭങ്ങളാവുന്നു...

മായ്ക്കുന്നു

തുറന്നുകിടക്കുന്ന
വീട് പ്രസവിച്ച വാതിലിൽ
നാലുപുലിക്കുട്ടികളെ
വരയ്ക്കുന്നു
മായ്ക്കുന്നു

വിജാവരിയിൽ
സുഷിരത്തിന്റെ പൂക്കൾ
ഇരുട്ടിന്റെ മൊട്ടുകൾ

വാതിലടച്ച്
ഒരൊറ്റ പുലിയെ വരയ്ക്കുന്നു
മായ്ക്കുമോ എന്ന്
ഭയക്കുന്നു...

Sunday, 17 June 2018

...

ബുദ്ധന്റെ വളർത്തുനിശ്ശബ്ദതയ്ക്ക്
അജ്ഞാതമായ പേരിടുന്നു

ആ പേരിന്
കാവലിരിയ്ക്കുന്നു..

Tuesday, 12 June 2018

കാക്കയും വാക്കും

പുതിയകാലത്തെ വിശപ്പ്
പഴയവിലയ്ക്ക് മറിച്ചുവിൽക്കുന്ന
കറുപ്പിന്റെ മന്ത്രവാദിയാകുന്നു
കാക്ക

കാക്കയിലേയ്ക്ക്
കയറിപോകാൻ
പഴയകാലത്തിന്
ദിവസേന മൂന്ന് പടവുകൾ

അവ
നെയ്യപ്പവും
കുട്ടിയും
പറ്റിച്ചേ
എന്നീ മൂന്ന് വാക്കുകളാവുന്നു

പടവുകളാണെങ്കിലും
ഉയരം ക്രമീകരിച്ച്
പതിവായ് അവ ഒരിടത്തിരിയ്ക്കുന്നു

ഏതോ പഴയ ഓലടാക്കീസിലെ
എന്നോ നിർത്തിവെച്ച പ്രദർശനങ്ങളുടെ
സഞ്ചരിക്കുന്ന പരസ്യം പോലെ 
കുറച്ച് ഉയരത്തിൽ
മൈക്ക്സെറ്റ് വെച്ചുകെട്ടി
അനൗൻസ്മെൻറ് നടത്തുന്ന
വാഹനമാകുന്നു
പുതുതലമുറയിലെ
കാക്ക

അതിന് പിറകെ 
ഇപ്പോഴും ഓടിവരുന്ന
കുറച്ചധികം മുതിർന്ന്
പറ്റിച്ചേ എന്ന വാക്കോളം
വയസ്സായ
എത്രയോ വർഷങ്ങൾക്ക് മുമ്പുള്ള
കുട്ടികൾ

അവർക്ക്
നോട്ടീസ് പോലെ
പലനിറങ്ങളിൽ
കാക്കയിപ്പോഴും 
എറിഞ്ഞുകൊടുക്കുന്ന
അയ്യോ എന്ന വാക്ക് ...

Sunday, 10 June 2018

വേരെന്ന നാണയം

ഉയരം ഊറിവരുന്ന
മരം,
പയ്യേ പയ്യേ
അത് ആകാശമാകുന്നു

മരത്തിന്റെ
ചോട്ടിൽ വന്ന്
മുകളിലേയ്ക്ക് നോക്കിനിൽക്കുന്ന
ആകാശത്തിന്
ഒറ്റനോട്ടത്തിൽ
അതിശയത്തിലേയ്ക്കുള്ള
വഴികാണിക്കുന്നു
വേരെന്ന വാക്ക്

വാക്ക് താഴെ വീഴുവോളം
മരച്ചോട്ടിൽ
കറങ്ങിക്കറങ്ങി
വേരെന്ന നാണയം..

Tuesday, 5 June 2018

പിരിയൻ കടൽ

ചരിച്ച്
അത്രമേൽ ചരിഞ്ഞ്
അവളുടെ ഉടലിന്റെപിരിയുള്ള പിരിയൻ കടൽ

ഉടലിൽ പലയിടങ്ങളിൽ
പലതവണ കൊണ്ടു കയറുന്ന
പിരിയൻ ദിവസം

ഞാനൊരു
വരയൻ പുലരി
കാടിന് പുറത്ത്
അവളുടെ കാലടിപ്പാടുകൾ
കിടന്നു കിടന്ന് ശംഖുകളാവുന്ന
കടപ്പുറം

ഉണർന്ന്
എണീറ്റ് നിന്ന്
ഒരു മരമാവുന്നു

കിടന്ന് അതിന്റെ വേരും

തണൽ മാത്രം
സൂര്യൻ ചുമന്ന് കൊണ്ടുവരുന്നു

ചുവരിൽ നിന്നിറങ്ങി
ആ തണലിൽ ചാരിയിരിയ്ക്കുന്ന
ഇടംകൈയ്യൻ കലണ്ടർ

ആണി ഒരു ബസ് സ്റ്റാൻഡാവുന്നു...

Monday, 4 June 2018

ഒട്ടകത്തിന്റെ മുതുകുള്ള തീ

ഒട്ടകത്തിന്റെ മുതുകുള്ള തീ

ഒരു കൂട്ടം പരദേശി മീനുകൾ
തീ കായുവാൻ വരുന്ന
പുഴയുടെ കരയിൽ
ഞാൻ അവസാനം വരുന്ന
മീനിന്റെ അടിവയർ

അവിടെ
അവൾ
എവിടെയോ ഇരുന്ന്
സ്വന്തം ചുണ്ടുകൾ കൊണ്ട്
ഒരു കാത്തിരിപ്പിന്റെ പേരെഴുതുന്നു

നെടുവീർപ്പുകൾ നനഞ്ഞ്
മീനത്
വെള്ളം തൊട്ട് മായ്ക്കുന്നു

ഞാൻ ഇവിടെ
പേരുകൊണ്ട്
ഒരു ഈന്ത മരത്തിന്റെ
ഒറ്റപ്പെട്ടുപോയ വേരിന്റെ കൂട്ടിരിപ്പുകാരൻ

ഇവിടെ
ഒട്ടകം ഒരു കെട്ടുകഥയാകുന്നു

പുസ്തകത്തിലെ
അകത്തെ ചിത്രത്തിൽ നിന്നും
എന്നോ വീണുപോയ
ഒരു കെട്ട് വിറക്

ഇപ്പോൾ
അങ്ങകലെ കടൽ
തിരമാലകൾ നിറച്ച ഒരു കുപ്പി

ഞാൻ
ഭ്രാന്തിന്റെ മേൽപ്പാലം
മുറിച്ചു കടക്കുന്ന
നടന്നുനടന്നു കുറുകിപോയ
ഒരു പ്രാവ്

അതായത്
ആരോ എവിടെയോ ഇരുന്നെഴുതുന്ന
കവിതയുടെ
രണ്ടാമത്തെ
പൊക്കിൽകൊടി കളഞ്ഞുപോയ
ഒരു പക്ഷേ
ഇനിയാരും തെരഞ്ഞുവരുവാനില്ലാത്ത
ഒരു വാക്ക്.

ദുശ്ശീലം

ഭ്രമണത്തിന്റെ
തടാകം

ഭൂമി ഒരു മീൻകുഞ്ഞാവുന്നു

ഞാനതിന്റെ കണ്ണും

എല്ലാ കാഴ്ച്ചകളും
കാണുന്ന പക്ഷിയെ പോലെ
ഒഴിച്ചിട്ടത്

വൈകിയാണ് തുടങ്ങിയത്
എല്ലാ ദുശ്ശീലങ്ങളും

വൈകുന്നേരം തന്നെ
ഒരു ദുശ്ശീലമായിരിക്കുന്നു

ആകെ ഒരാശ്വാസം
കാലുകളുടെ ഞൊറിയിട്ട രാത്രികൾ

പാതി അസ്തമിച്ചതാണ്
എന്നും ഉദിയ്ക്കുന്ന സൂര്യൻ

ഇറ്റുവീഴുന്നത്
ഇരുട്ടുതരികളുള്ള
വെളിച്ചത്തിന്റെ തുള്ളികളും

വെള്ളത്തിനും
തുള്ളിയിക്കുമിടയിൽ
കടൽകണ്ട് പനിയ്ക്കുകയാണ്
അരക്കെട്ടിലെ മീൻ

നനവുമാത്രം കൊടുത്തുവളർത്തുന്നത്

അരഞ്ഞാണം പോലും തിന്നുന്നത്

അതിന്
ഭൂമിയുടെ കണ്ണുകൾ
മീനമാസത്തിന്റെ
അരക്കെട്ട്

എന്നാലും
ഞാനിനി എവിടെ കൊണ്ട് പൂഴ്ത്തും
നൃത്തത്തിന്റെ കറപിടിച്ച
എന്റെ കാലുകൾ..

Sunday, 3 June 2018

തരിശ്ശിടാവുന്ന ഒരു മുഖം

നരച്ച താടിയുടെ
ചിലങ്ക അണിഞ്ഞ മുഖം

ഏതു നിമിഷവും
വെച്ചേക്കാവുന്ന ഒരു നൃത്തം
ഉടലിന് വെളിയിൽ
ആ മുഖം
കൊണ്ടുനടക്കുന്നു

ജീവിതത്തിലെ പ്രണയം
ഒരു മരണാനന്തരനൃത്തമാണെന്ന്
മുഖത്തോടൊപ്പം
അയാളും വിശ്വസിക്കുന്നു

ആ വിശ്വാസത്തെ
അരക്കിട്ട് ഉറപ്പിയ്ക്കുവാൻ
ആവർത്തിച്ചാവർത്തിച്ച്
അയാൾ
ശ്വസിക്കുന്നു

ശ്വസിയ്ക്കുക
എന്നാൽ
മറക്കുകയാണെന്ന്
അയാൾ വിശ്വസിക്കുന്നു

ജീവിയ്ക്കുവാൻ
പ്രണയിക്കുവാൻ
മരിയ്ക്കുവാൻ

ശ്വസിക്കാത്തപ്പോൾ
അയാൾക്ക് വേണ്ടി ശ്വസിക്കുവാൻ
ജനാധിപത്യമാർഗ്ഗത്തിൽ
ജനങ്ങളെ
എന്നപോലെ,
അതിന്റെ ചെകിളകളിലൂടെ ശ്വസിച്ച്
അതിന്റെ ചെതുമ്പലുകൾ പുതച്ച്
അയാൾ
കൊണ്ടുനടക്കുന്ന
മീൻ

കടലിന്റെ ഉടമസ്ഥൻ

അതിനേക്കാൾ
അയാളുടെ
ഭ്രാന്തിന്റെ അവകാശി
അയാളുടെ വേദനകളുടെ
അവകാശി
എന്ന നിലയിൽ
സമ്പന്നൻ

ഉറപ്പ്,
ശരീരം ഒരു ഹാഷ് ടാഗാണ്
ഏത് വേദന തിരഞ്ഞെടുക്കണം
എന്ന സൗകര്യത്തിന്
മുമ്പിൽ
മനസ്സില്ലാതെ
മുഖമില്ലാതെ
നിൽക്കുമ്പോൾ.