Skip to main content

Posts

Showing posts from May, 2016

മേൽവിലാസം

വളരെ പ്രാകൃതമായി അയ്യേ എന്നു തോന്നും വണ്ണം ചുണ്ടിനും നാവിനും ഇടയിൽ വെച്ചൊട്ടിച്ച ഒരു പഴയ കത്തിലെ നനഞ്ഞു പോയ മേൽവിലാസമാണ് ഞാൻ നീ സ്റ്റാമ്പായി ഒട്ടിച്ച കടലിലെ, തിരമാലകൾ ഉള്ളടക്കം പോലെ എന്നോ എന്റെയുള്ളിൽ കടന്നു കൂടിയിട്ടുണ്ട് ഇന്നെന്താ വിശേഷം എന്നുള്ള നിന്റെ മീൻ മണമുള്ള വീട്ടമ്മചോദ്യത്തിന്റെ മുമ്പിൽ ഒന്ന് വിയർത്ത് തോർത്ത് മുറുക്കിക്കെട്ടി നിന്റെ മുന്നിൽ ഞാൻ കുടഞ്ഞിടുന്ന പുഴ കടൽ മഴ, കായൽ, കുളം അങ്ങിനെ ധാരാളം കള്ളം പോലുള്ള വെള്ളങ്ങൾ!

ഭ്രാന്തൻ പാമ്പ് നൃത്തം വെയ്ക്കുമ്പോൾ

 ദൈവം പതിവായി ഒളിച്ചൊളിച്ച് ഉമ്മ വെയ്ക്കാൻ വരുന്നിടത്ത് നിന്നും മൂന്നാമത്തെ വളവിലായിരുന്നു എന്റെ വീട് ദൈവം ഉമ്മ വെച്ചിരുന്നിടം ഇപ്പോ ഒരു കാടാണ് അവിടെ ഒരു പാമ്പാണിപ്പോൾ പരസ്യമായി താമസം കൊടിയ വിഷം പലകടികളിൽ ഇറക്കി വിഷമിറങ്ങിക്കഴിയുമ്പോൾ പാമ്പല്ലാതായി മാറി പാമ്പ് ഇഴഞ്ഞിഴഞ്ഞ് പരിഭ്രാന്തനായ് എന്റെടുത്ത് വരും... പത്തി താഴ്ത്തി വന്ന് ഭ്രാന്തമായി നൃത്തം വെച്ച് തുടങ്ങും അന്നേരം വന്യമായി ഞാൻ പാമ്പിലൂടെ ഇഴയും പാമ്പ് വെയ്ക്കുന്ന നൃത്തത്തെ എന്റെ ഉടൽ ചെന്ന് മറ്റൊരു പാമ്പായി കൊത്തും അന്നേരം പാമ്പ് എന്റെ പാട്ടിലൂടെ ഇഴയും എന്റെ വിഷത്തിൽ വെള്ളം ചേർക്കും വിഷം എന്നിൽ നിന്നും ഒരു പുഴയായി ഒഴുകും പാട്ടുകൾ കാടാകും സംഗീതം വന്യമാകും അപ്പോൾ ഹൃദയം മകുടിയാകും സ്വന്തം ചോര പുതിയൊരു പാമ്പാകും ഹൃദയ താളത്തിൽ ചോര നൃത്തം വെയ്ക്കും ഇടയ്ക്കിടെ ഉടലിൽ ആഞ്ഞാഞ്ഞു കൊത്തും ആദ്യ ആർത്തവം പോലെ മരണം കുറച്ച് നേരത്തെ വയസ്സറിയിക്കുമ്പോൾ ദുഃഖത്തെ നാണമായി കുറച്ച് പക്വതയോടെ ഞാൻ പരിഭാഷപ്പെടുത്തി വെയ്ക്കും ഇതൊന്നുമറിയാതെ എന്റെ ഹൃദയമിടിപ്പുകൾ കൊത്തി തിന്നുന്ന പക്ഷി നിനക്ക്

പാറയുടെ പുറമ്പോക്കിൽ ഒരാൾ

ഞാനൊരു പാറ കാണുന്നു പാറയുടെ കറുപ്പ് പൊട്ടിച്ച നിലയിൽ മറ്റൊരിടത്ത് ചോപ്പ് നിറത്തിൽ കാണപ്പെടുന്നു കാണാതെ പോയിരിക്കുന്നു പാറയുടെ ഉറപ്പ് അവിടെ വെള്ളം പോലെ ഇരുട്ട് തളം കെട്ടിക്കിടക്കുന്നു പാറ പൊട്ടിയ്ക്കുന്ന ഒച്ച പാട്ട് പോലെ കേട്ട് തലേക്കെട്ടുള്ള ഉച്ച പാറപ്പുറത്ത് മലർന്ന് കിടക്കുന്നു ഘടികാരം വെച്ച് ഉടച്ച പകൽ ലോറിയിൽ കൊണ്ട് പോകുന്ന പാറമടയിൽ നിന്ന് തമിര് വെച്ച നിലയിൽ തിരിച്ചിറങ്ങുമ്പോൾ ചുമ്മാട് വെച്ച് ഒരാൾ എന്റെ കണ്ണുകൾ ചുമന്ന് കൊണ്ട് പോകുന്നത് കാണുന്നു!