Popular Posts

Saturday, 25 January 2014

നഗരപ്രാന്തത്തിൽ സംഭവിക്കുന്നത്‌....

ഇലകളുടെ പകർപ്പെടുത്തു
തളർന്നൊരു മരം
തണലു കെട്ടുവാൻ 
ഭൂമിയിൽ കുറ്റിയടിക്കുന്നു

അധ്വാനിച്ചു 
മടുത്തൊരു മനുഷ്യൻ 
ആ തണലിൽ ചാരി നിന്ന് 
മരങ്ങളെ തെറുത്തു വലിച്ചു
കുറ്റി വലിച്ചെറിയുന്നു

ഒരു കിടക്കാടം ഇല്ലാതെ 
വെയില് കൊണ്ട്
തളർന്ന മരം 
അവസാന വണ്ടിയും 
കാറ്റ് കൊള്ളാൻ പോയ
തക്കം നോക്കി 
മറ്റൊരു മരത്തിന്റെ 
തണലിനേയും വിളിച്ചു
വഴിയരികിലെ 
വിശ്രമകേന്ദ്രത്തിലേയ്ക്ക് 
ചേക്കേറുന്നു

വ്യഭിചരിയ്ക്കുവാനാണെന്ന് 
ആരും സംശയിക്കുവാനില്ലാത്തത് കൊണ്ട് 
അവർ ഒന്ന് ഉറങ്ങിയിട്ട് 
ഉടൻ പുറത്തേക്കിറങ്ങുന്നു


തുരിശു പൊതിഞ്ഞു കൊണ്ട് വന്ന
പത്രത്തിലെ
കമ്പോളനിലവാരം കണ്ടു 
റബ്ബർ മരം
വീട്ടിന്റെ അടുത്ത് നിന്ന്
താമസം 
കുറച്ചുകൂടി പിറകിലേയ്ക്ക് മാറ്റി
ചിരട്ടയും പിടിച്ചു  
വരിവരിയായ് നിരന്നു 
കുനിഞ്ഞു നില്ക്കുന്നു

വിവാഹസദ്യയിൽ 
മുല്ലപ്പൂ പോലെ ചോറും ഇട്ടും
സ്വർണം പോലെ കറിയിലും മുങ്ങിയ 
കല്യാണ പെണ്ണിനെ പോലൊരു
വാഴയില 
ചടങ്ങ് കഴിഞ്ഞ ഉടൻ
വടക്കേപുറത്തു കാക്കയെ അടിക്കുന്നു

നഗരത്തിലെ പൂട്ടിയിട്ടിരുന്ന 
സമ്പന്നവീട്
ഒന്ന് മഴ കാണുവാൻ വേണ്ടി  മാത്രം 

ഗ്രാമവഴിയിലേയ്ക്ക് 
ഇറങ്ങി നടക്കുന്നു


ഗ്രാമത്തിൽ നിന്ന് 
പട്ടണത്തിലേയ്ക്ക് നീളുന്ന
ഗ്രാമീണ പാത
വഴി തെറ്റി 

ദേശീയ പാത കയറിയിറങ്ങി
ചതഞ്ഞരയുന്നു
 

അപ്പോൾ നനഞ്ഞു 
പനിപിടിച്ചൊരു മഴ  
ചുമച്ചു തുപ്പി
ആരെയും ഗൗനിക്കാതെ 

പറമ്പിലൂടെ അനാഥമായി
വേച്ചു വേച്ചു കടന്നു പോകുന്നു 

Friday, 24 January 2014

ഉടൽമടുപ്പിലേയ്ക്കൊരു യാത്ര

തീക്കൊള്ളി കൊണ്ട്
തല ചൊറിഞ്ഞ ഒരു തീപ്പെട്ടി
നിലത്തു 
തകർന്നു കിടക്കുന്നു

അതിനടുത്ത്
അടക്കുവാനുള്ള ശവം പോലെ
തീയണഞ്ഞൊരു കമ്പ്
അടക്കം കാത്തു കിടക്കുന്നു

കടന്നു പോകുന്ന
തീവണ്ടിയ്ക്കെല്ലാം
തല വെച്ച്,
രണ്ടായി പിളർന്നിട്ടും
മരിക്കാൻ പോലും 
അറിയാത്തപാളം,
ആത്മഹത്യ ചെയ്ത
സംതൃപ്തിയോടെ
വഴിയിൽ
തളർന്നു കിടക്കുന്നു

ഉടൽമടുപ്പെന്ന 
സ്ഥലത്തേയ്ക്ക്
വായ്ക്കരിയുടെ ടിക്കെറ്റും
വാങ്ങി
അവസാനം 
എന്താണെന്നറിയാതെ;
ജീവിതം,
അപ്പോഴും
തിരക്കിട്ട് 
മരണയാത്ര തുടരുന്നു ...

Tuesday, 21 January 2014

ഒരു മറവി ചിത്രം

ചിങ്ങം മുഴുവൻ
കൊത്തിപ്പറക്കിയിട്ടും;
വയറിന്റെ
വിശപ്പ്‌ മാറാതെ,
കണ്ണീരിൽ നനഞ്ഞു കുളിച്ചിട്ടും,
കറുപ്പിന്റെ-
നിറം മാറാതെ,
പട്ടിണി കിടന്നു, മെലിഞ്ഞൊരു;
കാക്ക,
ദാരിദ്ര്യത്തിൽ 
ജോലി ചെയ്യാൻ
കർക്കിടകത്തിലേക്ക്;
തിരിച്ചു പറക്കുന്നു ..

ഉണ്ടായിരുന്ന

മുഴുവൻ ഭൂമിയും,
ഒറ്റക്കാലിൽ
അളന്നെടുത്തു,
മറുകാൽ വയ്ക്കുവാൻ
ഭാവിയോ ഒരു  തലയോ
കണികാണാൻ പോലും
കഴിയാതെ,
ഭൂതകാലത്തിൽ
പുതഞ്ഞുപോയിട്ടും  
വാമനന് ജയിച്ച
കൊക്ക്
അവശേഷിക്കുന്ന ജീവൻ
ഒരുകാലിൽ പിടിച്ചു
തല പൊങ്ങച്ചത്തിൽ
നാണിച്ചൊളിപ്പിച്ചു
ഒരു ഓണത്തിന്റെ
എച്ചിലിലയ്ക്കു
മറുകാൽ,
ഉയർത്തി 
കൈ പോലെ 
നീട്ടി കൊണ്ട് 
തലകുനിച്ചു
ബുദ്ധന് പഠിക്കുന്നു!

Wednesday, 15 January 2014

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും
രാവ് ഒരു പൂവാണെങ്കിൽ
സന്ധ്യ അതിന്റെ മൊട്ടാണെന്ന്
ഭംഗിവാക്ക് പറഞ്ഞു
പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം

കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം
കൈകൂപ്പി തൊഴുതപ്പോഴും
പിടച്ചിട്ടും അണയാതെ
കത്തിനിന്ന ദീപമൊരു നിലവിളക്കാകണം

കാലിടറുമ്പോഴും
നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ
ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത്
എന്നോ വിരമിച്ച
നരച്ചൊരു പോക്കുവെയിലാകണം

പിരിയുമ്പോൾ നിറഞ്ഞ
വയസ്സായ കണ്ണിൽ
കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും
കാഴ്ചകൾ ഒന്നും തെളിയാതെ
നിന്നപ്പോൾ
അകലെ നിന്ന് കൈവീശികാണിച്ചതായി
തോന്നിയതൊരു ചാറ്റൽ മഴയാകണം

അപ്പോൾ കരയുവാനാവാതെ
കവിളിൽ തൊട്ടുതലോടിയത്
ഒഴുകുവാനാകാതെ
തളർന്നു കിടന്നുപോയൊരു 
വാതം പിടിച്ച പുഴയാകണം

അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന
മുഴക്കിയതായി തോന്നിയത്
മഴ മറൊന്നൊരു
പഴകിയ വേഴാമ്പലാകണം

കാത്തു കിടന്നു മുഷിഞ്ഞപോലെ
അവസാനം
സമയത്തിന്റെ വിരലുപിടിച്ചു
സാവകാശം നിഴലിലേയ്ക്ക്
നടന്നകന്നത്
സ്വന്തമായി നട്ട ഏതോ മരത്തിന്റെ
ഉണങ്ങിയ തണലാകണം

എന്നിട്ടും പോകേണ്ടത്
എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ
ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു
ഒറ്റയ്ക്ക് കാത്തു നിന്ന്
അടുത്തൂണ്‍ പോലും ഇല്ലാതെ
കണ്ണ് കലങ്ങി
മുഖം ചുവന്നു
പച്ചപ്പ്‌ വറ്റി
തൊണ്ട വരണ്ടു
യാത്ര പോലും പറയുവാനാകാതെ
പിരിയേണ്ടി വരുന്നത്
അഹോരാത്രം പണിയെടുത്തൊരു
പാവം പ്രകൃതിയ്ക്ക് തന്നെയാവണം!

Tuesday, 14 January 2014

ഒറ്റയാൻ തെങ്ങ്


സ്വന്തമായി
നല്ലൊരു നട്ടെല്ലുണ്ടായിട്ടും,
ഓല മേഞ്ഞ
കെട്ടുറപ്പുള്ളൊരു മേൽക്കൂര
കെട്ടിപ്പടുത്തിട്ടും,
മലയാളി എന്ന മേൽവിലാസം
അധ്വാനിച്ചു സമ്പാദിച്ചിട്ടും,
ഒറ്റത്തടിയുള്ള
ഒറ്റയാനായിപ്പോയതുകൊണ്ടാവും
ഏതു നിമിഷവും
മണ്ടരി  ആക്രമിച്ചേക്കാം  
എന്ന ഒറ്റക്കാരണം
പറഞ്ഞ്
ചുളുങ്ങിയിട്ടും
വളക്കൂറുള്ള കേരളത്തിന്റെ
റിയൽ എസ്റ്റേറ്റ്‌ കടലാസിൽ
എത്ര തെളിച്ചു വരച്ചിട്ടും,
തെങ്ങ്; വെറുമൊരു 
റബ്ബർകഷ്ണം വച്ച്
ഇപ്പോഴും നിഷ്കരുണം
മായ്ച്ചു കളയപ്പെടുന്നത്! 

Wednesday, 8 January 2014

പ്രകൃതി മതം മാറുന്നു

കടൽ കലപില കൂട്ടുന്നു
കപിലവസ്തുക്കൾ  ചിലയ്ക്കുന്നു
ഭൂമിയിൽ അന്നേ ആഗോള താപനം
സിദ്ധാർത്ഥനാമം ആവിയായി പോകുന്നു
പൂർവാശ്രമങ്ങൾ വെറും നാമധേയം
ദു:ഖ നിറമുള്ള മേഘങ്ങൾ-
ആശ നിരാശകളായി പറക്കുന്നു
ജലശ്ചായ ഉള്ള ബുദ്ധമുഖങ്ങൾ-
മൌനം വരഞ്ഞു  ബോധിമരത്തിലേക്കിറ്റുന്നു
മരത്തിന്റെ ചോട്ടിലൊരു സൂര്യനുദിക്കുന്നു
മരത്തിന്റെ മുകളിൽ ശരണത്തണൽ
മരങ്ങൾ ആദ്യമായി തണലറിയുന്നു
ജനങ്ങൾ തണലിലേയ്ക്ക്
മരങ്ങൾ പാലിയിലേയ്ക്ക്
ശിലകൾ പാലി ഭാഷയിലേയ്ക്ക്-
വിവർത്തനം ചെയ്യുന്നു
അന്നേ ഭൂമിയിൽ ശിലാന്യാസം
ശിലകൾക്ക്‌ കട്ടി കൂടുന്നു
മതങ്ങൾ ശിലകളാകുന്നു
ശിലകൾ അടിസ്ഥാനങ്ങളിലേയ്ക്ക്
മരങ്ങൾ ജനലുകളിലേയ്ക്ക്
ജനങ്ങൾ മതം കൊണ്ട് വീട് വയ്ക്കുന്നു
അകത്തു വായുവിനു ശ്വാസംമുട്ട്
പുറത്തു മഴയ്ക്ക്‌ വഴിമുടക്കം
മുകളിൽ ദൈവങ്ങളുടെ ഇടി മുഴക്കം
വെളിയിൽ മതങ്ങളുടെ പ്രലോഭനം
പുഴ പലായനം ചെയ്യുന്നു
പ്രകൃതിക്ക് മനം മാറ്റം
പ്രകൃതി മതം മാറുന്നു;
ബുദ്ധമതത്തോടൊപ്പം പ്രകൃതി
അഹിംസയും വെടിയുന്നു!

Tuesday, 7 January 2014

പ്രണയം മഴപ്പതിപ്പ്

പെണ്ണേ നീ നനയുവാൻ എപ്പോഴും കൂടെ ഉണ്ടെങ്കിൽ 
എനിക്കൊരു മഴയായി പെയ്താലെന്താ?
ഓരോ തുള്ളിയും നുണയുവാൻ നീ കൂടെ ഉണ്ടെങ്കിൽ 
മഴ, ചുംബനം പോലെ ആയാലെന്താ
ചൂടോടെ തോർത്തുവാൻ നിൻ മിഴി കൂടെ ഉണ്ടെങ്കിൽ 
അധരം കൊണ്ടൊരാലിംഗനമായാലെന്താ 
ഇനി നിന്റെ മിഴിയിലെങ്ങാനും വീണു ഞാൻ കരഞ്ഞാൽ 
ചുണ്ടിതൾ പനിനീർപ്പൂ തന്നാലെന്താ
പിന്നെ പൂരത്തിന് കുടമാറ്റം പോലെ 
പരസ്പരം നമ്മേ വെച്ചുമാറി മാറിമറന്നാലെന്താ 
അവസാനം മഴ ഒന്ന് മാറണം എന്ന് തോന്നുമ്പോൾ മാത്രം 
നമുക്ക് മഴവിൽ നിറമായ്‌ തോർന്നാലെന്താ?

എനിക്ക് നനയുവാൻ വേണ്ടി മാത്രം അന്നു നീ 
ഒറ്റത്തുള്ളിയുള്ള മറ്റൊരു  മഴയാകുമെങ്കിൽ മാത്രം  !!!

Saturday, 4 January 2014

പശ്ചിമഘട്ട പൈങ്കിളി

ഒരു കിളി
അത് ആദ്യം മുട്ടയിടുന്നു
മുട്ടയിടുന്നതിനു തൊട്ടുമുമ്പ്
അത് കൂട് കൂട്ടുന്നു
പിന്നെ പറന്നു ചെന്ന് മുട്ടയ്ക്ക്
വെളുത്ത ചായം പുരട്ടുന്നു
ഇതിനിടയിൽ
ഇരതേടി പോകുന്നു
എവിടെയോ
ഇണയെ കാണുന്നു
കിളി തിരികെ കൂടണയുന്നു
മുട്ടയ്ക്ക് അടയിരിക്കുന്നു
കിളി തന്റെ സ്വാതന്ത്ര്യം
കൂട്ടിൽ സൂക്ഷിക്കുന്നു
സൌന്ദര്യം ശാപം പോലെ
ചിറകിൽ കൊണ്ട് നടക്കുന്നു
ഇതിനിടയിൽ
കിളി ഓർത്തു ചെയ്തിരുന്ന
കാര്യങ്ങളുടെ സമയക്രമം
മാസമുറ പോലെ തെറ്റുന്നു
കിളി സ്വയം കൂടാകുന്നു
അത് മുട്ട മറക്കുന്നു
കിളി തന്റെ നിറങ്ങൾ
ഊരി വെയ്ക്കുന്നു
മുട്ടയുടെ  ആകൃതിയിൽ വില്ലത്തരം
കൂട്ടിൽത്തന്നെ ഒളിച്ചിരിക്കുന്നു
അത് കിളിയെ തുറിച്ചു നോക്കുന്നു
കിളി മാനം നോക്കുന്നു
മുട്ട തന്റെ തനി നിറം കാണിക്കുന്നു
ലോകത്തിനു ഒരു മുട്ടത്തോട്
ബാക്കി വെച്ച്
പരിതസ്ഥിതിയ്ക്ക്
കൂട് ഒഴിഞ്ഞുകൊടുത്തു
പുതിയ കിളി
ഗതകാല പരമ്പരകളിലേക്ക്
ഒരു ചിത്രത്തിന്റെ
ചതുരത്തിലൂടെ
ചേക്കേറുന്നു
എല്ലാം കണ്ടും കേട്ടും
മരം മനുഷ്യനെ പോലെ
ഇല്ലാത്ത ഇല വച്ച്   
തലയെങ്കിലും ആട്ടാതെ
അപ്പോഴും
വെറുതെ
വേരാഴ്ത്തി
മുട്ടിൽനില്ക്കുന്നു