Skip to main content

Posts

Showing posts from 2022

കൊടി ഉടൽ കപ്പൽ എന്ന മൂന്ന് പടികൾ

അപകടത്തിൽപ്പെട്ട കപ്പൽ ആടിയുലയും മുമ്പ് ഉയർത്തും കൊടി അപകടത്തിൽപ്പെട്ട കപ്പൽ അപ്പോഴും കപ്പിത്താന്റെ കവിതയിൽ പൊങ്ങിക്കിടക്കും ഒരു വാക്ക് കപ്പലിൽ നിന്നും കടൽ, അപകടം തുടച്ചുമാറ്റുകയും ആടിയുലയുന്നതിനുമപ്പുറം സുരക്ഷിതമായി കപ്പൽ തിരികെവെയ്ക്കുകയും ചെയ്താൽ ഒന്നും ചെയ്യുവാനില്ലാത്ത കൊടി അവിടെ അതിനെ കപ്പൽ പോലും നിലനിർത്തുന്നില്ല കപ്പിത്താൻ കവിതയെഴുതുമ്പോൾ അപകടത്തിൽ പെടും കപ്പൽ, എന്നൊരു ദുസ്സൂചന മാത്രം അപ്പോഴും കവിത  വാക്കുകളിൽ നിലനിർത്തുന്നു. കവിതയ്ക്ക് പുറത്ത്, ദുസ്സൂചനകൾ ഒരു സമുദ്രമാകുന്നു. അകത്ത് ഉടലിലെ കപ്പൽച്ചാൽ കടക്കും, ഉടൽ മുഴുവൻ കൊടിയാവും രതിയെന്ന കപ്പൽ എഴുതി നിർത്തുമ്പോൾ കവിതയിലെ രതിയെന്ന ദുസ്സൂചന ഉടലിൽ നിന്ന്, പൊറ്റ പോലെ അടർന്ന് കവിതയ്ക്ക് പുറത്തേയ്ക്ക് ആടിയുലച്ചിലുകൾ അടർത്തി നഗ്നതകൾ തുടച്ച് തിരികെ ഉടലിൽ വെയ്ക്കുമ്പോൾ രതിയ്ക്കു മുമ്പ്, ആടിയുലഞ്ഞ് ദുസൂചനകൾ കടക്കും ഉടൽ ഉടൽ, രതിയ്ക്ക് മുമ്പും പിമ്പും നടുക്ക് രതി രതി ഒരലങ്കാരമാവും ഇടങ്ങളിൽ പതിയേ രതിയുടെ വ്യാകരണ ഗ്രന്ഥമാവും ഉടൽ രതി ഒരു കിളിക്കൂട് ഉടലുകൾ കിളിക്കുഞ്ഞുങ്ങൾ രതി കഴിഞ്ഞ ഉടൽ  മടങ്ങും കല മുകളിൽ ഒരു ചന്ദ്രനാവുന്നു ഇടം രാത്രിയും വാഹ

മഴ അനുഗമനം അനുസരണ ആനന്ദം എന്ന അടുപ്പ്കല്ല്

മഴയെ അനുഗമിയ്ക്കുന്നു അനുഗമിയ്ക്കുന്നവർ ധരിയ്ക്കും അനുസരണ ധരിച്ച് അരക്കെട്ടിലെ തണലുൽപ്പാദിപ്പിയ്ക്കുന്ന ഇല അതിലെ പച്ചനിറം മറ്റൊരു നിറത്തിന്റെ ഭിക്ഷു ജലം കൊണ്ട് ജലം മലിനമാവുമ്പോലെ മനുഷ്യത്തം കൊണ്ട് മനുഷ്യത്തം മലിനമായ മനുഷ്യനാവുന്നു ഇലകൾ കൊണ്ട് ഇല മലിനമായ മരം എന്നൊരുപമ മരത്തിന്റെ വേരാവുന്നത് പോലെ മണ്ണിൽ തൊട്ടു മലിനം മലിനം എന്ന വാക്കിന്റെ പകരക്കാരനെ കവിതകൊണ്ടുവരുന്നു മലിനമാവുന്നില്ല കവിത മലിനമാവുന്നില്ല വാക്കും തൂവലുകൾ മലിനമായ ഇരട്ടവാലൻകിളി തിരയും  രണ്ടാമത്തെ വാക്ക് കൂടാവുന്നു മുന്തിരിക്കുലകൾക്കിടയിൽ മുന്തിരിയിലയിൽ മലിനം എന്ന വാക്കിനെ ഊതനിറം കൊടുത്തു തൂക്കി കവിതയിലെ ഇലവരി വാക്കുകുടഞ്ഞു മാലിന്യത്തിലേയ്ക്കുലഞ്ഞു മുൾച്ചെടിയിലെ മുള്ളായിതുടർന്നു മലിനം ഓരോ ഇലകളും കഥയാക്കി തുടർന്നു ചെടി മൂളിമൂളി കേട്ടു പെയ്ത്തുതുള്ളികളിൽ മഴ കവിതകൾ അനുഗമനം മഴ എന്നിങ്ങനെയുണ്ടായി താളം   ആകൃതികളുടെ വള്ളിയിൽ മുന്തിരിയിലകളിൽ മഴ, അനുഗമനം, കവിത എന്നിങ്ങനെ തുടർന്നു തുള്ളികൾ കുലകളിൽ പെയ്ത്തു നിറങ്ങളിൽ കുലമണങ്ങളിൽ മുങ്ങിനിവർന്നു മുന്തിരി മലിനമായ വള്ളികൾ ശാസനയുടെ കുരുവുള്ള മുന്തിരി മലിനം എന്ന വാക്കിന്റെ പകരക്കാരനെ മനസ്സ് കൊ

ഒപ്പ് രൂപമുള്ള അപേക്ഷ ലക്ഷ്മിയാവും വിധം

കൈവെള്ളയിൽ വിരിയും  താമരയിൽ രൂപം വരച്ചിരിയ്ക്കുന്നു  ലക്ഷ്മി ലക്ഷ്മി എന്ന് പേരെഴുതി ഒപ്പിടാൻ  എന്റെ അപേക്ഷയുണ്ടാവണം  മുന്നിൽ മഹാലക്ഷ്മീ നമോസ്തുതേ എന്ന് ഒത്തുതീർപ്പുകൾ പാദാരവിന്ദം പണത്തിന്റെ മണമുള്ള  കൈയ്യൊപ്പുകൾ ജലകണങ്ങൾക്കിടയിൽ പെയ്യും മധുമണം കൺതുറക്കുന്നു ദേവി സഹസ്രദളങ്ങളിൽ വിരിഞ്ഞുതീരാത്ത താമരകൾ പൂക്കൾക്കിടയിൽ ഒപ്പുകളാവുന്നു.

ദൈവം താമരയില മറവി എന്നീ മൂന്ന് തുള്ളികൾ

മറവി അതിന്റെ താമരയിലയിൽ ഒരാകൃതി പൊതിഞ്ഞെടുക്കുകയും അതിന് ഒരു പേര് തിരഞ്ഞ് വസന്തം തട്ടിമറിച്ചിടുകയും ചെയ്തു ഞാൻ അതിന്റെ അടുത്ത്, എന്റെ പൂക്കൾ കുരുങ്ങിയ ഉടലുമായി ചെല്ലുന്നു ആദ്യമായി ഉണ്ടായ ദിവസം ആദ്യസന്ധ്യ എടുത്തുനോക്കി സാവകാശം സമയം, തിരികെ വെയ്ക്കുന്നിടത്ത് വിരിയുന്നതെല്ലാം വന്ന്, ഉടലിൽ തട്ടും സുഖം വസന്തത്തിനൊപ്പം തട്ടിമറിഞ്ഞ് വീണുകിടക്കും നീ ഇപ്പോഴങ്ങോട്ട് പെറ്റിട്ട സന്ധ്യ എന്ന വരിയുടെ സാധ്യത പരിശോധിച്ച് മടങ്ങുകയാണ്, കവിത. അരികിൽ  ചേക്കേറലുകൾ അടക്കിപ്പിടിച്ച കിളി അതും, ഉടൽ നിറയെ  കവിതയുടെ മടക്കമുള്ളത് നിന്റെ ഉടലിലെ  ഏറ്റവും മടികൂടുതലുള്ള കോശങ്ങൾ ഉമ്മ വെയ്ക്കാൻ എന്റെ കവിതയിലെ ഒരു വാക്കിന്റെ പുറപ്പാട് അധികം ആരവമില്ലാത്ത  ഒച്ചയാണ് കൂടെ കാലിലെ ചിലമ്പ് അതിന്റെ ഒറ്റപ്പെടലിന്റെ ഒച്ച മറിച്ചുനോക്കിയിരിക്കുന്നു. താളുകളാണ് ഉടലുകൾ ഇമകൾ മറിച്ചുനോക്കലുകൾ കീറലുകൾ അതിലടക്കം കുത്തിക്കെട്ടലുകൾ മാത്രമാണ് ജീവിതം ആദ്യമായി ചേക്കേറാൻ മറന്ന കിളി ചേക്കേറുന്നതിന്റെ ബാലപാഠങ്ങൾ, മറിച്ചുനോക്കിയിരിയ്ക്കുന്നു അസ്തമയത്തിന്റെ ഇലയുള്ള സൂര്യൻ ഒന്ന് മറ്റൊന്നിന്റെ മൊട്ടാവും ഇരുട്ട് ജീവിതം പോലെയല്ല, ആമ്പർഗ്രീസ് പോലെ  ഒരു വ

കടൽകൊള്ളക്കാരന്റെ ഭാര്യ

നീ കടൽക്കൊള്ളക്കാരന്റെ ഭാര്യ ഓരോ കൊള്ളയും കഴിഞ്ഞാൽ അയാളിത്ര നന്നാവുന്നതെന്തിനാണെന്ന് ഞാൻ വിചാരിക്കുന്നു കടൽകൊള്ള കഴിഞ്ഞാൽ അയാൾ ഏറ്റവും കൂടുതൽ സമയം, ചിലവഴിയ്ക്കുന്നത്  നിന്നെ സ്നേഹിക്കുവാനാണെന്ന്  നീ പറയുന്നു അയാൾക്ക് താമരവിരിയുന്ന മണമാണെന്ന്, അയാൾക്ക് മാറത്ത് നീലപ്പൊന്മാൻ നിറമുള്ള ചുണങ്ങുണ്ടെന്ന്, അത് പക്ഷിയോളം പറക്കുമെന്ന് കൊള്ളയുടെ ഭാഗമായി അയാൾ ഭാര്യയും കുഞ്ഞുമുള്ള ഒരു നാവികനെ  അതിക്രൂരമായി കൊന്നിട്ടുണ്ട്. അത് നീ എന്നോട്, ഒരു കൂസലുമില്ലാതെ പറയുന്നു. എന്തിനാണ് അയാളിങ്ങനെ കൊള്ളയടിക്കുന്നത് ? എന്ന് ചോദിക്കുമ്പോൾ നീ ചിരിക്കുന്നു അതും ഉറക്കെയുറക്കെ. പക്ഷികൾ അകന്നകന്നുപോകുമ്പോലെ. അവരുടെ സമയം കൊള്ളയടിക്കുന്നുണ്ടാവും അല്ലാതെ അയാൾ ആരെയും കൊല്ലുന്നുണ്ടാവില്ല സ്വയം ആശ്വസിപ്പിക്കുവാനെന്നോണ്ണം ഞാൻ പറയുന്നു അപ്പോഴും, എന്റെ ഓർമ്മ അതിന്റെ ഗൂഗിളിൽ തിരയുന്നുണ്ട്, എന്തിനാണ് കടൽകൊള്ളക്കാർ അവരുടെ ഒരു കണ്ണ് മറയ്ക്കുന്നത് ? എന്തിനാണ് അവർ  മക്കാവു എന്ന പേരുള്ള തത്തകളെ ഓമനകളായി ചുമലിൽ കരുതുന്നത് കണ്ണുകൾ പാതിമറച്ചാൽ, ഒരു പകൽ കൊള്ളക്കാരനാവുകയാണ് സൂര്യൻ. ജീവിതം പാതി മറച്ചവർ, ഏത് നിമിഷവും കൊള്ളയടിക്കപ്പെട്ടേക്കാ

നാണംകുണുങ്ങികളുടെ ദൈവം

നാണംകുണുങ്ങിയായി ദൈവത്തിന്റെ പരിസരങ്ങളിൽ വന്നുനിൽക്കും, ആദ്യകാലകവിതകൾ നിർവ്വചനങ്ങൾക്കുമപ്പുറം പൂർണ്ണമായി രൂപപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത ഒന്നായി മനുഷ്യർക്കിടയിൽ ഒളിച്ചുംപാത്തും കഴിയും പ്രണയം മനുഷ്യർ കവിതകളെ  അടുത്തേയ്ക്ക് വിളിക്കുന്നു നാണിച്ചും മടിച്ചും  കവിതകൾ,  മനുഷ്യർക്കടുത്തേയ്ക്ക് വരുന്നു കവിതകൾ അടുത്തേയ്ക്ക് വരും, മനുഷ്യരുടെ മുഖത്തും, നാണം അതും കാണാവുന്ന വിധം ദൈവമിപ്പോൾ ആ രംഗം ചിത്രീകരിക്കും സംവിധായകൻ. 2 കാലം, മനുഷ്യരുടെ മുഖത്തേയ്ക്ക് തിരിയും ട്രോളിയുടലുള്ള  പഴഞ്ചൻക്യാമറ ദൈവം ഇപ്പോൾ മനുഷ്യരുടെ കൂടുതൽ അടുത്ത്. കവിതകളിൽ നിന്നകന്ന് പ്രണയം അനേകം നിറങ്ങളിൽ. കാലം,  അതിനും പിന്നിൽ അപ്പോഴും ബ്ലാക്ക് & വൈറ്റിൽ ദൈവത്തിനിപ്പോൾ, ആ നിമിഷങ്ങൾ ആലേഖനം ചെയ്യും  ഛായാഗ്രാഹകന്റെ നോട്ടം, ഭാവം 3 തുടർച്ചയുമായി ഇടകലർന്നിട്ടുണ്ടെന്നേയുള്ളു ദൈവം ഇപ്പോഴും  തന്റെ കറുപ്പിലും വെളുപ്പിലും സംഭാഷണങ്ങൾ പോലും  സംവിധാനം ചെയ്യപ്പെടേണ്ടതുള്ളത് കൊണ്ടാവണം, നിർമ്മിയ്ക്കപ്പെടും ഡോക്കുമെൻറികളിൽ പോലും എന്റെ ദൈവത്തിനിപ്പോൾ അധികം സംസാരങ്ങളില്ല ദൈവമിപ്പോൾ, സംസാരിക്കുവാൻ നാണമുള്ള  ഒരാളെന്ന് നീ അതും കവിതയിൽ. 4 വിരിഞ്ഞുകഴിഞ്ഞ

അടുക്കള ഒരു കറുത്തപക്ഷി

കാക്കക്കാലുകളുടെ ചിമ്മിനി കാക്കക്കാലുകൾക്കരികിൽ അടുക്കള ഒരു കറുത്തപക്ഷി ഒരു കാക്കയെ രണ്ടായി ഉടച്ച് വെളളം കളഞ്ഞ് കരച്ചിൽ തിരുമുകയായിരുന്നു, അടുക്കള  അരികിലിരിയ്ക്കുന്നു ചിമ്മിനി കളഞ്ഞ വെളളം പിന്നെ ഇട്ട കല്ല് വകഞ്ഞ്, കറുപ്പ് ചുട്ടികുത്തി കാക്കയാകുന്നുണ്ട് കഥകളിൽ തിരുകുന്നില്ലെന്നേയുളളു,  ക്ലോക്ക് ഉടച്ച്, നേരം കളയും പൂമുഖം 2 സങ്കൽപ്പത്തിലെ പുഴയുടെ വളവിൽ അടുക്കളയെ  കറുത്തപക്ഷികളായി തുറന്നുവിടുകയാവണം ചിമ്മിനി അതും കറുത്തപുകയുടെ മറവിൽ അടുപ്പ് കാണും സ്വപ്നങ്ങളിൽ, അടുക്കളയൊരു വെളളാരങ്കല്ല് വെളുപ്പിന്റെ വളവെടുക്കും ചിമ്മിനി, ഒരു പുഴ  പുക, അതിന്റെ കറുത്ത ഒഴുക്ക്. ഉയരും ഭ്രാന്തിന്റെ കറുത്തപുക ഉയരങ്ങളിൽ പുക, അതിന്റെ കറുത്ത കല്ല് അടുക്കള ഒരു കറുത്ത കുന്തി പുക അനാഥത്വത്തിന്റെ കറുപ്പുള്ള വെളുത്ത കർണ്ണൻ അകലെ ഒരലക്കുകാരൻ പുലരി 3 വാക്കുകളുടെ ആൽബം എന്ന് കവിതയെ, വിരലുകളുടെ ആൽബം എന്ന് ഉടലിനെ കാക്കകളുടെ ആൽബം മറിച്ചുനോക്കും, പുലരി, പിന്നിൽ അടുക്കള വിരലിൽ പുലരി, ഉടലിൽ അടുക്കള എത്തിനോട്ടം ഭിത്തിയിൽ കുറിച്ചിട്ട് ആകാശം ആലിലയിലെടുത്ത്, എല്ലാ പുലരികൾക്കും പിന്നിൽ ചിമ്മിനി. മുന്നിൽ അടുക്കള എല്ലാ ഫോട്ടോകൾക്കും ചിത്ര

ഒന്നാന്തിപ്പക്ഷി

കലണ്ടറിൽ വന്ന് ഒന്നാന്തി കൊത്തിത്തിന്നുന്ന ഒരു പക്ഷിയുണ്ടായിരുന്നു തീയതികളുടെ കൈ നോക്കാനിരിയ്ക്കും കലണ്ടർ അരക്കെട്ടൊരു മൂളിപ്പാട്ടാണെന്ന്  തീയതികൾ കണ്ടെത്തുന്നു വീട്ടിനകത്ത് ഒഴുകികൊണ്ടിരുന്ന പുഴയേ വീട്ടിനകത്ത് കയറി അഴിച്ചുകൊണ്ട് പോകുന്നു വീടിന് പുറത്ത് കയറുകൾ, ഒഴുക്ക് അഴിച്ചുപണിയുന്നു മീനുകൾക്ക് ഒഴുക്ക് വിതറുന്നു അരക്കെട്ടിലെ കടവൊഴിച്ച് മീനുകൾ ചുറ്റിയാറ്റിക്കുടിയ്ക്കുന്നു ചെരുപ്പുകളിൽ മഴ പെയ്യുന്ന ഒരു രാജ്യമുണ്ടായിരുന്നു ഊരിയിട്ട വിധം അതണിഞ്ഞിരുന്നവർ മാഞ്ഞുപോയിട്ടുണ്ടാവണം മുകളിലേയ്ക്ക്. അതോ താഴേയ്ക്കോ? മഴയിടുന്ന വാറുകളുടെ തുള്ളികളുള്ള ചെരുപ്പ് കാൽനടക്കാർ ഇല്ലാതായ നഗരത്തിൽ, മുറിയെടുത്ത് ജീവിക്കുകയായിരുന്നു, മഴയിൽ തുള്ളിയായി അതും എന്നോ ഇറ്റാൻമറന്ന്. തുള്ളികളുടെ മാനസാന്തരത്തിൽ, തുമ്പിയായി പങ്കെടുക്കുന്നു മാസം മുലയൂട്ടുന്ന തീയതി അതിന്റെ ചുണ്ടിലെ രണ്ടാന്തീയതിയുടെ മണം എല്ലാ മാസവും രണ്ടാന്തി മാത്രം, ഒഴുകുന്ന ഒരു പുഴയുണ്ടായിരുന്നു അതിലെ ഒന്നാന്തി മീൻ കടന്നുപോയി നാരങ്ങാമണത്തിന്റെ വളകൾ, മണ്ണിന്നടിയിലണിയും നാരകത്തിന്റെ വേര് നഗ്നതയുടെ മോതിരമുള്ള വിരലാവുകയായിരുന്നു പതിയേ ഉടൽ ക്ഷമിയ്ക്കണം  നീണ്ടുപോയ

കാറ്റിന്റെ

പഴക്കത്തിനും പുറത്ത് കാണാവുന്ന വിധം പൂശാത്ത ചുവര്   കാറ്റിന്റെ വീടാവണം സന്ദർശകരുടെ ആകൃതിയും ഇലകളും കറുപ്പിലും വെളുപ്പിലും സന്ദർശനങ്ങൾ അടുക്കിവെയ്ക്കും ഇലകൾ  ചുവരിൽ  ഫ്രൈം ചെയ്ത് വെച്ചിരിക്കുന്ന കാറ്റിന്റെ മൂന്ന് ചിത്രങ്ങൾ

ധ്യാനത്തിന്റെ മട്ട്

കുമിളകൾ, അതിന്റെ പകർപ്പ് വെള്ളത്തിലെടുക്കും  ബുദ്ധൻ അതിന്റെ ധ്യാന അക്വേറിയം കിളികളും എടുക്കുന്നുണ്ട് അതിന്റെ പകർപ്പ് ആകാശത്തിൽ പറന്നുപോകുന്നതിന്റെ പകർപ്പ് എന്നാകാശം തിരുത്തുന്നു വളർത്ത് എന്ന  വിരൽത്തുമ്പിലെ വാക്ക് കീറിയിട്ടുകൊടുത്താൽ  പതിയേ എന്ന വാക്കിന്നപ്പുറം  വന്ന് കൊത്തുന്നതെന്തും  മീനാവുന്ന ഇടം നോക്കിനിൽക്കുന്നതെന്തും ബുദ്ധനാവുന്നു സമയമെന്ന വ്യാപനത്തിനപ്പുറം ബുദ്ധൻ നോക്കികാണുന്നതെന്തും കാലമാവുന്നതാവണം തെളിവെള്ളത്തിൽ മഷി കണക്കേ ഉടലിൽ  സമയത്തിന്റെ വ്യാപനം ബുദ്ധന്റെ ധ്യാനമായി ജോലിചെയ്യും ബുദ്ധന്റെ വളർത്തുമീൻ ധ്യാനമെന്ന് പേരിട്ട് ബുദ്ധൻ വിളിയ്ക്കുമ്പോൾ ബുദ്ധന്റെ പാതിയടഞ്ഞ  മിഴികൾക്ക് താഴെ കീഴ്ച്ചുണ്ടായി വന്നുനിൽക്കുന്നവൾ ഇവിടെ ധ്യാനം,  പഴക്കം ചെന്ന ആൽബത്തിലെ  താളുകൾ മറിയും സ്വരം അത് വെണ്ണയുടെ ശബ്ദത്തിൽ ആലില കേൾപ്പിയ്ക്കും ബട്ടർപേപ്പറാണെങ്കിൽ ബുദ്ധൻ, തൊട്ടടുത്ത താളിൽ തൊട്ടടുത്ത ഇലയിൽ ബോധിമരച്ചോട്ടിൽ കറുപ്പുംവെളുപ്പും ഇടകലർന്ന നിറങ്ങളിൽ ഒട്ടിയ്ക്കപ്പെടും ചിത്രം മറിയ്ക്കുന്തോറും താളുകൾക്കിടയിലെ ചിത്രങ്ങൾക്കിടയിൽ മീനും നീന്തുന്നു  വിരലുകൾക്കൊപ്പം അനുഗമിയ്ക്കുന്നു ധ്യാനം കാലടികൾ കഴുകിക്കമഴ

കാതുകളുടെ തൊഴുത്ത്

വേനലിന്റെ ഒരു കട്ടയെ കൊത്തിത്തിന്നുന്നു കാക്കകൾ കാക്കകളുടെ ഭാരത്തെ വെയിലിലേയ്ക്ക് ഇറക്കിവെയ്ക്കും സൂര്യൻ ഇടഞ്ഞ കാക്കയെ മെരുക്കും ആകാശത്തിന്റെ നീല ഇടയുന്ന കാക്കകൾക്കിടയിലൂടെ പുനർജ്ജനി നൂഴും ആകാശം കാക്കകളെ ഇടത്തേയ്ക്ക് സൂര്യനോടിയ്ക്കുന്നു  വെയിലിന്റെ ആകൃതി വീണ്ടെടുക്കുന്നു കാക്കയുടെ പഴയകറുപ്പ് കൊത്തിത്തിന്നും പുതിയ കാക്കകൾ പുഴയെ കൊത്തിയെടുത്ത് പറക്കും ഒഴുക്കിന്റെ കാക്കകാലുകൾ കാക്കകൾ കറുപ്പ്  തങ്ങളിൽ നിലനിർത്തുന്നു ഇലകൾ കടൽത്തീരത്തെ ശംഖുകളാണെന്ന് വേരുകൾ തിരകളാണെന്ന് മരം വിചാരിയ്ക്കുന്നു കടലത് കേൾക്കുന്നു മണ്ണ് ഉടമ മരം വളർത്തുനായ മണ്ണിന്നടിയിൽ വേരുകൾ വാലാട്ടുന്നു മുട്ടിയുരുമുന്നു നമ്മുടെ ശവശരീരങ്ങൾ നമ്മളുടെ വളർത്തുനായകൾ കോട്ടുവായ്കൾക്കിടയിൽ നമ്മൾ ശവശരീരങ്ങൾ അടുക്കുന്നു പുഴ, ഒഴുക്കറുത്ത് തൂക്കും മാംസക്കട മഴ ഒരു റാത്തൽ ഒരു കോട്ടുവായയിൽ റാന്തൽ തൂക്കിയിടുന്നു റോഡ്റോളർ മെറ്റലിൽ   ബുൾഡോസർ മഞ്ഞയിൽ നിശ്ശബ്ദത ഒരു കല്ലിൽ കയറിയിറങ്ങും സ്വരം അവകാശികളില്ലാത്ത  നോവിന്റെ സമാന്തരത ഏകാന്തത എന്ന് കുറിച്ചിടുവാനാകാത്തത് പേറ്റുനോവിന് സമാന്തരമായി പൂക്കുന്നതിന്റെ നോവിനെ  എടുത്തുവെയ്ക്കും പൂക്കൾ അസ്തമയവും അതിന്റെ

നാല് തുള്ളി ജനൽ ഒരു വീടാവും വിധം

വീടിന്റെ മാവ് കുഴച്ച് ജനലുകൾ അപ്പം ചുടുന്നു ജനലുകൾ മേഘങ്ങളല്ല എന്നിട്ടും അവ  മറ്റു വീടുകളുടെ മുറ്റങ്ങളിൽ പതിയേ എന്ന നീക്കങ്ങളുമായി പെയ്യുവാൻ പോകുന്നു നോക്കിനിൽക്കുന്നു എന്ന വാക്ക്  ചെടികളിൽ പൂക്കളായി വിരിയുന്നത് വരെ വിരിഞ്ഞുകഴിഞ്ഞാൽ തിരികെ  വിരിഞ്ഞതിന്റെ ക്ഷീണവുമായി പൂക്കൾ കൊഴിഞ്ഞുവീഴുവാൻ  വരുന്ന ഇടം ഒരു പക്ഷേ ചെടികളിൽ നിന്ന് അതിഥിനിഘണ്ടുവിലെ  ഇനിയും കൊഴിയാത്ത ഒരു വാക്ക് മുറ്റം കഴിഞ്ഞ് വീടാവുന്നു വരണ്ട മേൽക്കൂരപുരണ്ട  മേഘങ്ങളേയും കൂട്ടി വീടിന്റെ വാരിക്കീഴിലേയ്ക്ക്  തോരുവാൻ വരും മഴ വരണ്ടവാക്കുകളുടെ മേൽക്കൂര ചുവരിന് മുകളിൽ നിലത്ത് ചരലിൽ  കുഴികൾ കുത്തി മഴത്തുള്ളികൾ വാരിക്കെട്ടിവെച്ച ചുവരോട് ചേർന്ന വാരിക്കീഴ് ജനലുകൾ ചുവരുമായി  നിരനിരയായി കലരുന്നിടത്ത് വൃത്തത്തിൽ വീടിന്റെ കടവ് നിലത്ത് അകലങ്ങളിലേയ്ക്ക്  അലഞ്ഞലഞ്ഞ് പോകും  വെള്ളത്തിൽ ഓരോ തുള്ളിയും ഇറ്റി ഓളങ്ങളുണ്ടാക്കുന്നു അകന്നകന്നുപോകും  കിളികളുടെ തോണി നാലുതുള്ളി ജനൽ ഒരു വീടാവുന്ന ഇടം അതിലൊരു തുള്ളി  എടുത്തുവെയ്ക്കും മഴ  അത് വീടിന്റെ ഏകാന്തതയെ  മെല്ലെ എന്ന വാക്ക് കലക്കിത്തൊടുന്നു വാതിലാവുന്നുണ്ടാവണം ഇടയ്ക്ക് വന്നുപോകുന്ന ചാറ്റലുകൾ ഇരുട്ട് മാ

പൊന്മാൻ പൊത്ത് കൊത്തി കവിതയെ ആകാശമാക്കും വിധം

കടപ്പുറത്തു കൂടി സഞ്ചരിയ്ക്കും  നിറയെ ജാലകങ്ങളുള്ള വണ്ടി വണ്ടിനിറയെ പൊന്മാനുകൾ പുറത്ത് വണ്ടിയ്ക്ക് പുറത്ത് കൂടെ പറന്ന് വണ്ടിയിൽ കൂടുതൽ ജാലകങ്ങൾ കൊത്തുന്ന പൊന്മാനുകൾ കൊത്തിത്തീരുമ്പോൾ വണ്ടി നിറയെ  പൊത്തുകളുള്ള മരമാകുമോ എന്ന് സംശയിക്കുവാൻ ഒരു ഇലയെ പച്ചപുരട്ടി കൂടെ കൂട്ടിയിരുന്നു ഞാൻ ആ ഇലയാണ് കാറ്റിനെ കൂടെ കൂട്ടിയത് എന്നിട്ടും ഞാൻ കാറ്റിന്റെ കണ്ണിൽ പൊന്മാനുകൾ ജാലകം കൊത്തുന്ന വണ്ടി അകത്ത്  പൊന്മാനുകൾ പൂർത്തിയായ ജാലകത്തിനടുത്ത് വന്നിരിയ്ക്കുന്നു കാഴ്ച്ചകൾ കാണുന്നു അപ്പോഴും മുകളിലിരുന്ന് ഒരു പൊന്മാൻ മഴ കൊത്തുന്നു കൊത്തിപ്പൂർത്തിയായ മഴ  താഴെ വീഴുമ്പോൾ പെയ്ത്തെന്ന് സാക്ഷ്യപ്പെടുത്തുവാൻ വേഴാമ്പലിനെ മഴ കരുതുകയായിരുന്നു സാക്ഷ്യപ്പെടുത്തലിൽ ചേർന്ന് പൂർത്തിയാകാത്ത മഴയിരിയ്ക്കുന്നു  പൂർത്തിയാകാത്തതിനെയൊക്കെ നീയെന്ന് സാക്ഷ്യപ്പെടുത്തി ഞാനും മഴ പെയ്യുമ്പോൾ അതിലൊരു പൊന്മാൻ പിടിച്ചിടും ടാർപ്പായ ജാലകം അപ്പോഴും കടപ്പുറം പിടിച്ചിടുന്നു മഴ എന്നെയും ഞാൻ കൊത്തിത്തീർന്ന ജാലകമാണെന്ന് കരുതി എനിയ്ക്കരിക്കിൽ വന്നിരിയ്ക്കും പൊന്മാൻ മീനിന്റെ അതിഥിയായ ഞാൻ നീ കാതുകുത്തുന്ന കുഞ്ഞ്, കൂടെ കൊണ്ടുപോകും കാതാണെന്ന് കുത്തിക്ക

വാക്കിന്റെ കൈ നോക്കുവാനിരിയ്ക്കുന്നു, അവൾ കവിതയാവുന്നു.

എന്നെ പ്രണയിക്കാത്തപ്പോഴൊക്കെ  അവളുടെ വളർത്തുതത്തയുമായി  കൈ നോക്കുവാനിറങ്ങുന്ന ഒരുവൾ അവൾക്ക് ഇടവും വലവും അവൾ എന്നും അവളുടേത് എന്നും പേരുള്ള രണ്ട് തത്തകൾ അവയ്ക്കിടയിൽ ഫലം പോലെ അവൾ ഒരിയ്ക്കലും എടുക്കാത്ത ചീട്ടിന്റെ അറ്റത്ത് തത്ത നോട്ടത്തിന്റെ അറ്റത്ത് അവൾ അവൾക്ക് പിറകിൽ അവൾ നോക്കിപ്പറയും ഫലം പിടിയ്ക്കും മരമാവും ഭാവി ഞാനതിന്റെ വേരുകൾ, അതും വാക്കുകൾ കൊണ്ടുണ്ടാക്കിയത് വർത്തമാനകാലത്ത് തന്നെ ഭാവിയില്ലാത്തവർ കണ്ടെത്തുന്നത് ഞാനില്ലാതെ  എന്റെ പ്രണയം അതിന്റെ വളർത്തുചെമ്പരത്തി അതിന്റെ വിടർന്ന കേസരം വിരിഞ്ഞ ഇതളുകൾ അവൾക്ക് മുന്നിൽ ചുവന്ന നിറത്തിൽ കൈനോക്കുവാനിരിയ്ക്കുന്നു അവളുടെ ഫലത്തിന്റെ അറ്റത്ത് അവളുടെ കൈയ്യുടെ അറ്റത്ത് അവളുടെ ഉടലിന്റെ അറ്റത്ത് ഞാൻ അവളുടെ തത്തമ്മയുടെ അറ്റത്ത്, ആകാശം അടച്ച തവണയുടെ സ്വർണ്ണവും ഗൃഹാതുരത്വത്തിന്റെ കല്ലുമുള്ള അറ്റമില്ലാത്ത അവളുടെ മൂക്കൂത്തി പോലും  നോട്ടത്തിന്റെ ചീട്ടെടുക്കും തത്തമ്മ കൈ നോക്കുവാൻ കൊണ്ടുപോകാത്തപ്പോഴെല്ലാം  അവളുടെ മതം മാറിയ തത്ത അതിന്റെ  നിസ്ക്കാരത്തൂവൽ മാത്രമെടുത്ത് നിസ്ക്കരിയ്ക്കുവാൻ വരുന്ന  ആകാശം കൊണ്ടുണ്ടാക്കിയ പള്ളിയാവും ഞാൻ പ്രണയിക്കാത്തപ്പോഴൊക്കെ എന

പുറത്തുകടക്കുന്നു

വാക്കിന്റെ സ്വീകരണമുറിയിൽ ഒരതിഥിയായി പണിയെടുക്കുകയായിരുന്നു കവിത ആകാശത്തിന്  വിളമ്പുന്ന ഒരതിഥിമേഘത്തിന്റെ പാതി ആരുടെ നിശബ്ദതയാണ് വാക്ക് എന്ന സംശയത്തെക്കുറിച്ച് പുറത്തേയ്ക്കിറങ്ങി ഒരെത്തിനോട്ടം കുറിച്ചിടുന്നു 2 നിശ്ശബ്ദതയുടെ തുള്ളികൾക്കും കള്ളത്തിനും പിന്നിൽ  ഞാൻ  എനിയ്ക്ക് പിന്നിൽ ആരുമില്ല സത്യം പോലും ഞാൻ മഴ നോക്കുന്ന  കള്ളത്തിന്റെ പഞ്ചാംഗം മഴപെയ്യുമ്പോൾ  വാരിക്കീഴ് ചെയ്യുന്നപണി  എന്റെ കവിതയിലെ ആദ്യവരി ചെയ്യുന്നു ഞാനതിന്റെ കീഴെ മടുപ്പെന്ന് രേഖപ്പെടുത്താവുന്ന ആഴത്തിന്റെ തുടക്കം 32 അലോസരപ്പെടുത്തിയേക്കാം കവിത  അതിന്റെ നീളം കള്ളങ്ങളിൽ തോരണത്തിന്റെ രൂപത്തിൽ കള്ളം മുറിച്ചെടുക്കുന്നു അലോസരങ്ങളിൽ മടുപ്പുകളിൽ നീളത്തിൽ തൂക്കുന്നു കാലത്തിന്റെ അലോസരം സമയമാകുന്നത് പോലെ കൃത്യം ചുണ്ടിൽ  അവസാനം തൊട്ടതിന്റെ പാടുള്ള മടുപ്പിന്റെ മട്ടടിഞ്ഞ കാപ്പിക്കപ്പ് വാക്കിന്റെ കാപ്പിക്കപ്പുകളിൽ കവിത നീക്കി നീക്കി വെയ്ക്കുന്നു ഒപ്പം മടുപ്പും. 34 മഴ പെയ്യുമ്പോൾ അർദ്ധസത്യങ്ങളുടെ കുടം  പുറത്തെടുത്ത് വെച്ച്  ശേഖരിയ്ക്കാറുണ്ടായിരുന്ന ഭൂതകാലത്തിന്റെ ജലം മഴയ്ക്ക് താഴെ പക്ഷി ഒരു പെയ്ത്തുകല്ല്  കുടം പാതി  അതിൽ ജലം പാതി അർദ്ധസത

കവിതകൾ നിർത്തുന്ന വിധം

മിന്നാംമിനുങ്ങുകൾക്ക്  പെറ്റുകിടക്കുവാൻ ഞാനെന്റെ സൂര്യനെ വിട്ടുകൊടുക്കുകയായിരുന്നു പകൽ കൊണ്ട് മറച്ച മുറികൾ പൂച്ചയേപ്പോലെ വെളിച്ചം അതിന്റെ നാവുകൊണ്ട് നക്കി പൊള്ളലേറ്റ സൂര്യൻ അതിലൊരു മിന്നാമിന്നിയുടെ പേറ്റുനോവിന് പകലുകൾ കൊണ്ട് മറച്ച മുറിയിൽ വയറ്റാട്ടിയെ പോലെ  കൂട്ടിരിയ്ക്കും നിന്റെ കാത് കണ്ണുകൾ പ്രസവമെടുക്കുന്നു ഓർമ്മയുടെ വയറ്റാട്ടി മടക്കിവെച്ച കാലുകളിൽ ആടുന്ന തുടയിൽ  വെളിച്ചം ഓർമ്മയുടെ കുഞ്ഞ് നമ്മൾ ആകാശത്തിന്റെ പ്രസവമെടുത്തു തളർന്ന രണ്ടപ്പൂപ്പന്താടികൾ നിന്റെ മൂക്കൂത്തിയിലെ വെളിച്ചത്തിന്റെ കടത്തുകാരൻ കല്ല് ഞാൻ ഒഴുക്ക് ഒളിച്ചുകടത്തും പുഴ നിന്റെ മൂക്കൂത്തിയിലെ സുഷിരം ഒരു മൃഗമാണ് അത് വെള്ളം കുടിക്കുവാൻ വരും അരുവിയായി നിന്റെ മൂക്കൂത്തിക്കല്ലിൽ ഞാൻ തെളിഞ്ഞുകിടക്കുന്നു പ്രതിഫലനങ്ങൾ വെള്ളാരങ്കല്ലുകൾ മീനുകൾ അവ ചുറ്റിപ്പോകുന്നു ആകാശത്തിന്റെ നാഭിക്കുഴികളിൽ ആകാശം ശേഖരിയ്ക്കുന്ന ഒരു നക്ഷത്രമുണ്ടായിരുന്നു എനിയ്ക്ക്  എന്നൊരു കളവ് പറഞ്ഞു കവിത നിർത്തുവാൻ തുടങ്ങുകയായിരുന്നു ഞാൻ കടുംനീലകൾക്ക് പാലൂട്ടും മുലഞെട്ടുകളിലെ ഞാവൽ ശലഭം കയറുമ്പോൾ ഹൈറേഞ്ചിലൊക്കെ ആകാശം എഴുന്നേറ്റ്  സീറ്റൊഴിഞ്ഞു കൊടുക്കുമായിരുന്നു എന്

ജമന്തികളോടൊപ്പം

ജമന്തികളോടൊപ്പം  ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ ബുദ്ധജമന്തി വെയിലിന്റെ പശ  കൊണ്ടൊട്ടിച്ച സൂര്യൻ അന്തിമയങ്ങും മുമ്പ് ജമന്തി ബുദ്ധനോടൊപ്പം ഒരന്തിമയങ്ങിയ പൂവാകുന്നു അധികം വരുന്ന ജമന്തിനിറം ഒരു ബുദ്ധഭിക്ഷു  വസ്ത്രത്തിൽ പുരട്ടുന്നത് പോലെ അധികം വരുന്ന ധ്യാനം തലയിൽ തേച്ച് ഗ്രാമത്തിലേയ്ക്ക് പോസ്റ്റ്മാനേപ്പോലെ  സ്ഥലംമാറി വരുന്നൊരാൾ ബുദ്ധനാണെന്നിരിക്കട്ടെ ഒന്നോർത്താൽ എന്നും ഒരു സന്ധ്യ അധികം വരുന്നയിടം ഗ്രാമമാകുന്നുണ്ട് ഒരു ഓർമ്മ എടുത്തുവെച്ച് ജമന്തിപ്പൂവാകുന്ന ഇടത്തിലൂടെ സഞ്ചരിയ്ക്കുന്ന ഒരാൾ ജമന്തിപ്പാടത്തിലെത്തുമ്പോൾ ജമന്തിപ്പൂവായി തിരിഞ്ഞുനോട്ടം ഇറുത്തെടുക്കും പോലെ ജമന്തിപ്പൂവ് ആവശ്യപ്പെടുന്ന നിർത്ത് ഒരുപക്ഷേ തമിഴ്ഗ്രാമത്തിലൂടെ ഓടുന്ന ഒരു ബസ്സ് പോലെ എന്റെ കവിത പാലിക്കേണ്ടതുണ്ട് അങ്ങിനെ നിർത്തിയാൽ എന്റെ കവിതയിൽ നിന്നും ഇറങ്ങിയേക്കാവുന്ന ജമന്തിപ്പൂവ് നീട്ടിത്തുപ്പ് ഒഴിവാക്കി ബന്ദിചേർത്ത മുറുക്കാൻ മുറുക്കിയിരിക്കും നിറങ്ങൾ ആദ്യം കാണുന്ന നിറത്തിനോട് ചോദിച്ചേക്കാവുന്ന വഴി അതിലൂടെയാണ് ഇനി നടത്തം അതും ജമന്തിപ്പൂക്കൾ പുരണ്ടത് കടന്നുപോകണം പൂക്കളുടെ കൊന്തിത്തൊട്ട് കളിയിലെ ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ് ചെ

ഏത് പൂക്കൾക്കിടയിൽ

അതിന്റെ ചന്ദ്രനേയും കൂട്ടി തലേന്നത്തെ നിലാവ്  വീടിന് പിറകുവശത്ത് പവിഴമല്ലിയാകുവാൻ വരുന്നിടത്ത് നാലിതളുള്ള ജാലകങ്ങൾ നോട്ടം പുരട്ടി കൊഴിഞ്ഞ് വീണ് മുല്ലയായി കിടക്കുന്നിടത്ത് വീട് ഒരു കടവാകുന്ന ഇടത്ത് ജാലകങ്ങൾ പിറകിൽ പുഴയാവുന്ന ഇടത്ത് വസന്തം ഒഴുക്കാവുന്ന പുഴയിൽ നീലനിറത്തിൽ, പൂക്കളുടെ കടത്തുകാരനാവുന്നു എന്നും ഓരോ തോണി അധികം വരുന്നു എന്റെ ഒന്നാം ഏകാന്തത എന്നും നീയാകുന്ന ഇടത്ത് പവിഴമല്ലിയെ രണ്ടാം ഏകാന്തതയാക്കുന്നു ഇന്നലെയുടെ കടത്തുകാരൻ എന്നും  ഇന്നലെയേയും അക്കരെ കടത്തുന്നു അങ്ങനെയിരിക്കേ അവിചാരിതമായി ഒരു ദിവസം അധികം വരുന്ന രണ്ടാം ഏകാന്തത ഒന്ന് ചിന്തിച്ചുനോക്കൂ അങ്ങനേയിരിക്കെ ഒരിക്കൽ തലേന്ന് ഉണ്ടായില്ല ഇന്നലെകൾ നഷ്ടപ്പെട്ടുപോയ ഒരാൾ ഇനി അങ്ങനെയൊരാൾ ഉണരുന്നത്  വേണ്ടാന്ന് വെയ്ക്കുകയാണെങ്കിൽ ഏത് പൂക്കൾക്കിടയിൽ അയാൾ  കൊഴിഞ്ഞുകിടക്കും?

മീനിനെ വിട്ട് പുഴയെ പിന്തിരിപ്പിക്കുവാൻ ശ്രമിയ്ക്കുന്നു

മീനിന് പിന്നാലെ സമയം മുന്നിൽ പുഴ ഞാനിരുപ്പ് നീട്ടുന്നു നീലനിറമുള്ള പകൽ  ഉടലിലെ തീർത്ഥാടന ഗ്രന്ഥിയ്ക്ക് വഴി വഴി തെറ്റിയ ശിശിരം കൂട്ടിവെയ്ക്കുന്നില്ല കൊഴിഞ്ഞ ഇലകൾ  നിശ്ശബ്ദതയുടെ മഞ്ഞുകാലത്തിന് വഴിതെറ്റിയിരിയ്ക്കുന്നു വഴി ചോദിയ്ക്കുന്ന മഞ്ഞുകാലത്തിന് ഇല കൊഴിച്ച്  വഴികാണിച്ചുകൊടുക്കുന്ന ഒറ്റ മരമാവുകയായിരുന്നു ഞാൻ കത്തുമ്പോൾ  തീ പിടിച്ച കടലാസ് വളയുന്നത് പോലെ എഴുതുമ്പോൾ   അക്ഷരങ്ങൾക്ക് താഴേ  വളയുന്നുണ്ടായിരുന്നു ഞാൻ കൈയ്യക്ഷരകോക്കാച്ചി വന്ന് പിടിച്ചുകൊണ്ടുപോകും എന്ന് പറഞ്ഞ് പേടിപ്പിച്ചിരുന്ന എന്റെ അക്ഷരവളവുകൾ  കണ്ണടച്ച് കയറിയിരുന്നാൽ കവിതയിലെത്തിയ്ക്കും എന്ന് വിചാരിച്ചിരുന്ന സങ്കടം എന്ന് പേരുള്ള വാക്കിന്റെ വരയൻകുതിര അത് കരകവിയുന്നതറിയാതെ പുഴയ്ക്കരികിൽ വാക്കുകൾക്കൊപ്പം മേയുന്നു. വിരഹത്തിന്റെ ആകൃതിയുള്ള കാപ്പിപ്പൊടി നിറമുള്ള കാതുകൾ ഒരു ചന്ദ്രക്കല മാത്രമെടുത്ത് എന്റെ കാപ്പിക്കപ്പിന്നരികിൽ വന്നിരിയ്ക്കുന്ന ആകാശം വിദൂരതയെ സൃഷ്ടിയ്ക്കും പുല്ലാങ്കുഴലിലെ ഒരു വിരലിനും അടിപ്പെടാത്ത സുഷിരം കാതുകളിൽ ചാരി ചുണ്ടുകൾ  ആ വിരഹത്തിന് കൂട്ടിരിയ്ക്കുന്നു കൈയ്യെത്താത്ത വിധം കുറച്ചുകൂടി മുകളിലേയ്ക്ക് വെച്ച പക്ഷിക്

കറുക്കുന്ന കാതുള്ളവൾ പാട്ടും

പഴയപാട്ടുകൾ കൊണ്ട് കാതുകഴുകുന്ന ഒരുവൾ അവളുടെ കറുക്കുന്ന കാതിന്നരികിൽ ചുണ്ടുകൾ മാത്രം ചുവന്നിരിയ്ക്കുന്നു ഞാൻ അവളുടെ കറുക്കുന്നപാട്ടുകൾ ഇട്ടുവെയ്ക്കും പെട്ടി അവളുടെ ചുണ്ടുകൾ, മൂളിപ്പാട്ട് മാറിയുടുക്കുവാൻ വരും ഇടം അവൾ കറുക്കുന്ന കാതുകളുടെ, കറുത്തുതീരാത്ത ഉടലിന്റെ ശേഖരമുള്ളവൾ അവൾക്ക് ബ്ലാക്ക് & വൈറ്റിന്റെ മൂക്കുത്തി അതിൽ പാട്ടിന്റെ മൂക്കൂത്തിക്കല്ല് അവൾ പാട്ടുകൾ കോരി പുറത്തേയ്ക്കൊഴിക്കുന്നു അവളുടെ ഗ്രാമ്പൂമണമുള്ള മറുക് വാക്കുകൾ കറുപ്പിയ്ക്കുന്നു നേരം മാത്രം വെളുപ്പിയ്ക്കുന്നു മറുകിന്റെ ചെമ്പരത്തീനിഴൽ സഞ്ചരിച്ച് സഞ്ചരിച്ച് നീങ്ങിനീങ്ങി പാട്ടിൽ ചെന്ന് തട്ടി ഉടൽ കറുക്കുന്നു മിന്നാംമിന്നിയ്ക്കും അവൾക്കും ഒരേ രാത്രി ഒരേ റവുക്ക രണ്ട് വ്യത്യസ്ത ഹൂക്കുള്ള ഇരുട്ടുകൾ.

ജീവിതം എന്ന ഒറ്റമൂലി

നിന്നെ ചുമന്ന്കൊണ്ടുവരുവാൻ ജമന്തിപ്പൂക്കളോട് ആവശ്യപ്പടുകയായിരുന്നു നിറം നിലത്തിട്ട്  വിടരുന്നത് നിലത്തിട്ട് ജമന്തിപ്പൂക്കൾ വളവിൽ ഓളത്തിന്റെ കലയുള്ള ചന്ദ്രൻ കലകളുടെ ചുഴിയാണ് നിശ്ചലതയിൽ മരണവെപ്രാളങ്ങളുടെ ആഴവും ഭൂമിയിലെ ഓരോ മനുഷ്യന്റേയും നോക്കുന്നതിന്റെ കാഴ്ച്ച അത് ചുമക്കുന്നു ഒളിച്ചു എന്ന ഉള്ളടക്കം ചേർത്ത് ചന്ദ്രക്കലയുടെ ആകൃതിയുള്ള ഭ്രാന്തിൽ മാനം അത് ഇരുട്ടിൽ സൂക്ഷിക്കുന്നു ജീവിതത്തോടുള്ള കലഹം നിലാവാക്കിയതിനാൽ ചന്ദ്രൻ കലരും ജലം എന്ന് നിലത്തെഴുതി ജീവിതം എന്ന ഒറ്റമൂലിയ്ക്ക് കാവലിരിയ്ക്കുന്നു

മേഘം കളഞ്ഞുകിട്ടും വിധം

ധമനികാലങ്ങളിലെ രക്തം ഹൃദയം ചുമന്ന് കവിതയാക്കും പോലെ ഉടമസ്ഥനെത്തിരഞ്ഞ് നടക്കും ആകാശം ഉണ്ടാക്കും, ശൂന്യതയുടെ യന്ത്രം കളഞ്ഞുകിട്ടിയ ഒരാൾ തൂവലുണ്ടാക്കുന്ന മെഷീൻ കളഞ്ഞുകിട്ടിയ പക്ഷി ആകാശം ഉപേക്ഷിയ്ക്കുന്ന കുപ്പത്തൊട്ടി തിരഞ്ഞുനടന്ന് അവസാനം നീലനിറത്തിൽ അയാളെ കണ്ടെത്തുക തന്നെ ചെയ്യും വിരലുകൾ കവിതയുടെ കങ്കാരു ജീവിതം അതിന്റെ സഞ്ചിമൃഗം ഋതുക്കൾ ചെമ്മരിയാടുകൾ ആറിടങ്ങളിൽ അവ മേയുന്നില്ല മേയുന്നതിന്റെ ശിൽപ്പങ്ങളിൽ ഇടയന്മാർ ഇടപെടുന്നില്ല അവരുടെ തോളിലെ വടി ഭൂഖണ്ഡങ്ങൾ കടക്കുന്നില്ല നാരങ്ങാനിറമുളള ചെമ്മരിയാടിൻ കൂട്ടങ്ങൾ. ഉന്മേഷങ്ങൾ എന്ന് നിറങ്ങൾ തിരുത്തും നാരങ്ങാമണമുള്ള ഇടയൻ എന്നെ കളഞ്ഞുകിട്ടിയ നീ എന്നൊരുവരി അന്നും നിന്റെ കവിതയിൽ  നാരങ്ങാമണത്തിൽ അധികം വരും ശൂന്യതയുടെ മോർച്ചറിയിൽ നിന്നും മഴ ഏറ്റുവാങ്ങും മിന്നലേറ്റവണ്ണം തുന്നിക്കെട്ടിയ ആകാശത്തിന്റെ ബോഡി തൽക്കാലം അതിലടക്കുവാൻ തുടങ്ങുവായിരുന്നു എല്ലാം തിരിഞ്ഞുനടക്കുന്ന ഒരാളുടെ പിറകുവശം പൊടുന്നനേ  മേഘമാവുന്നു.

പക്ഷിത്തൂവൽ ശേഖരം കൊണ്ട് അവളെ കൊള്ളയടിയ്ക്കും വിധം

നക്ഷത്രങ്ങൾ കാൽ നനയ്ക്കും ചന്ദ്രക്കലയിലെ കടവിനെ അവളുടെ മാലയിലെ  ലോക്കറ്റിന്റെ തണുപ്പിൽ നിന്നും കണ്ടെടുക്കുകയായിരുന്നു ഞാൻ സ്വർണ്ണം കാൽ നനയ്ക്കും ലോക്കറ്റ് അതായിരുന്നു അവളുടെ മാറിൽ കിടക്കുമ്പോഴെല്ലാം  ലോക്കറ്റുമായി തലവെച്ച് മാറുമ്പോഴും ഞങ്ങൾക്കിടയിലെ ധാരണ അപ്പോഴെല്ലാം അവൾ സ്വർണ്ണമായി സ്വർണ്ണത്തിനും മുകളിലേയ്ക്ക് തുളുമ്പീ അവൾ നനവ് നനഞ്ഞ നീല ചുണ്ടുകളും നനഞ്ഞിട്ടുണ്ട് അതിൽ മഴനനച്ച മാവില, ചേർത്തുവെയ്ക്കും മയക്കം തണുപ്പിൽ അതിന്റെ  സ്വർണ്ണമണം കുനുകുനേ . പൊട്ടിയ്ക്കുന്നതിന് മുമ്പ് കുയിൽ കുലുക്കിനോക്കും മഴയിട്ടു വെയ്ക്കും  വേഴാമ്പലിന്റെ കുടുക്ക അവളുടെ ലോക്കറ്റിൽ കൊത്തി മരംങ്കൊത്തി. അധികം ചിലയ്ക്കാത്ത പക്ഷിവശം ശബ്ദവും കുലുക്കങ്ങളുമായി ഞാനെന്റെ കാത് കൊടുത്തുവിടുകയായിരുന്നു അവൾ കൊടുത്തുവിട്ടു മാറത്ത് വെച്ച ചുണ്ടും ചൂടും ചന്ദ്രക്കലയും അടുത്തടുത്ത് അടുക്കിവെച്ച  ചെറിയചതുരങ്ങളിൽ അവളുടെ ഉടലിൽ പ്രാവുകളുടെ കൂടുകൾ നിർമ്മിക്കുന്ന പക്ഷിവളർത്തുകാരനാവുന്നു ഞാൻ ഇടയ്ക്കിടയ്ക്ക് പക്ഷിയും കുറച്ചുകൂടി ഏകാന്തത വേണമെന്ന് തോന്നിയാൽ ഒരു പക്ഷേ പക്ഷിയ്ക്ക് കൂടാവുന്നതുൾപ്പടെ മനുഷ്യൻ ചെയ്യുന്നതെല്ലാം ഇതിനിടയിൽ ചെയ്യുന്നു