Saturday, 31 January 2015

കുറുകെ ചാടിയ തെറ്റിന് ഒരു പുഴയുടെ മാംസം കുറച്ചു ലോറികൾ ചേർന്ന് കറി വച്ച് കഴിക്കുന്നു



പാൽ പൂത്തിരുന്ന
അകിടിൽ നിന്നും
കറവയുടെ
കയർ അഴിച്ചു വിട്ട
കുറെ പശുക്കൾ

ആ പശുക്കൾ  ഒഴിഞ്ഞു  പോയ 
ഒരു തൊഴുത്ത്

ആ തൊഴുത്തിൽ നിന്നും
ഒലിച്ചിറങ്ങുന്ന  ഒരു ലോറി

ആ ലോറി
തിരിച്ചു വരും വഴി
കുറുകെ ചാടുന്ന
ഉറവയിൽ  നിന്നും
 ഒഴുക്കിന്റെ
കയറഴിഞ്ഞു  പോയ
ഒരുപുഴ

ആ പുഴ അറുത്തു
 കിട്ടിയ മാംസം
പണ്ട് മുറിച്ചു കടത്തിയ
 മരത്തിന്റെ തണൽ കൂട്ടി
വഴിയിൽ വെച്ച്
കണ്ടു മുട്ടിയ
കുറച്ചു ലോറികൾ ചേർന്ന്
കറി വച്ച് കഴിക്കുന്നു! 

Wednesday, 28 January 2015

പരിധിവിട്ടു വിരിഞ്ഞ ഒരു പൂവ് കൊഴിയാൻ മടിച്ച് പന്തായി ഉരുണ്ടു പോകുന്നു

സൗഹൃദങ്ങളിലേയ്ക്ക്
360  ഡിഗ്രിയുടെ
 പരിധിവിട്ടു
 വിരിഞ്ഞ പൂവാണ്  പന്ത്

തനിക്കെന്ത് പറ്റിയെഡൊ
എന്ന ചോദ്യത്തിലെ
 ഡൊ പോലെ
എനിക്കെല്ലാ കൈകളിൽ നിന്നും
വഴുതി താഴെ വീഴണം
കുറച്ചു  ദൂരത്തേയ്ക്ക്
പന്തു പോലെ  ഉരുണ്ടു പോകണം
ആരും കാണാത്തിടത്ത് ചെന്ന് ഒളിച്ചു കിടക്കണം
കുട്ടിക്കാലത്തെ കൂട്ടുകാരെ പോലെ
 നിങ്ങൾ പെട്ടെന്ന് മറന്നു
മറ്റൊരു പന്തെടുത്തു കളിക്കുന്നത്
കാണാമറയത്തിരുന്നു
കാണണം
പിന്നെ വരുന്ന മഴയെല്ലാം തനിയെ
നനയണം,
അങ്ങിനെ കണ്ടാൽ പോലും
തിരിച്ചറിയപ്പെടാത്ത വിധം
വെയിലേറ്റ് വികൃതമാകണം  
കാലുമടക്കി ഒന്ന് തട്ടിക്കളയത്തക്കവിധം
വെറുക്കപ്പെടണം
പിന്നെ എന്നന്നേക്കുമായി
 ഓർക്കപ്പെടാത്ത രീതിയിൽ
മറക്കപ്പെടണം!

Tuesday, 27 January 2015

മരിച്ച മഴയുടെ അസ്ഥി

പിണങ്ങി  കഴിഞ്ഞാൽ
പുഴയിൽ  നിന്നും
ആഴം  കയറി
കരയ്ക്കിരിക്കും
ആരെങ്കിലും  മണലെന്നു ചെന്ന്
വിളിക്കുവോളം
 
വിളിച്ചില്ലെങ്കിലോ
മരിച്ച മഴയെ ആഴത്തിൽ
 അടക്കിയ
ചിതപോലെ കത്തുന്ന
 ചുവപ്പ് കുത്തിയൊലിക്കുന്ന
പുഴയിൽ നിന്നും
വെള്ളം പോലെ
എടുത്തു വെച്ച
മരിച്ച മഴയുടെ അസ്ഥി
ഒഴുക്കെന്ന കർമങ്ങൾ
 വഴിപോലെ ചെയ്ത്
കടലോളം ചെന്ന്
കഴുത്തോളം വെള്ളത്തിൽ
മുങ്ങിക്കുളിച്ചു
നിമജ്ജനം ചെയ്യും


പിന്നെ കടലിൽ നിന്ന് പിടിച്ച
പിടയ്ക്കുന്ന മീനിന്റെ അസ്ഥി
 കൊന്നു തിന്ന ശേഷം
ക്രൂരത  കൂർപ്പിച്ച്
മുള്ളെന്നു ചൊല്ലി
കരയിൽ തന്നെ
തള്ളുന്ന
മനുഷ്യന്റെ  മുഖത്തേയ്ക്കു
തിരയുടെ ഭാഷയിൽ ആട്ടി
ഒന്നു നീട്ടി തുപ്പും 

Thursday, 22 January 2015

ഒരു കടലിന്റെ ആഴത്തിലുള്ള മരണം


ആരും ഇല്ലാത്തപ്പോൾ
കടൽ ഒരു തിരയായി
കരയിലേയ്ക്ക് കയറി
തന്റെ കരച്ചിൽ ഉണക്കാനിട്ടു
ഒരു മനുഷ്യനായി കുന്തിച്ചിരിക്കുന്നു

മുക്കുവനെയും മീനിനെയും
തിരിച്ചറിയാതെ വിധിയുടെ വായിൽ
 വലവീശിപ്പിടിച്ച  ഇരയുടെ കണക്ക്
കണ്ണീരിനാൽ മണലിൽ  കുറിച്ചിടുന്നു

ഒഴുകണം എന്ന നിലപാടിൽ ഉറച്ചുറച്ചു
പാറയായി പോയൊരു പുഴയിൽ
ദിശ നഷ്ടപെട്ട ഒരു കപ്പലിന്
ഇടിച്ചു തകരാൻ ഉറപ്പുള്ള ഒരു പാറ
തന്റെ കാലിന്റെ അടിയിലെവിടെയോ
ഒഴുക്കിന്റെ ഭാഷയിൽ നനച്ചിടുന്നു

തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ട്
വെളിപ്പെട്ടു പോയ
പെണ്ണിന്റെ നഗ്നത കൊണ്ട്
 തന്റെ  വെളിവാക്കാനാവാത്ത  ആഴം
സദാചാരത്തിൽ അളന്നിടുന്നു

ആ ആഴത്തിന്റെ ഒഴുക്കിൽ
മനുഷ്യനെ പോലെ
അറിയാത്ത നീന്തലിന്റെ വിത്ത്
ബീജത്തിന്റെ ലിപികളിൽ 
കണ്ണടച്ച്  വിതയ്ക്കുന്നു 

മഴയുടെ ഒച്ച തോരാത്ത
ഒരു ഉച്ചഭാഷിണി
തോർന്ന ഉച്ചയിൽ
ഇലയുടെ വെളുമ്പിൽ
 ഇറ്റുന്ന തുള്ളിയിൽ
 വെച്ച്കെട്ടുന്നു

ഇരുട്ടിന്റെ നിറം
ബലിച്ചോറിൽ വെച്ചു  കെട്ടി
പറക്കുന്ന കാക്കയെ
മറവികൊണ്ട് ആട്ടി ഓടിയ്ക്കുന്നു
   
അങ്ങിനെ കരയിൽ
പതിഞ്ഞ താളത്തിൽ
പിടിച്ചിട്ട പുഴകളെ പതിയെപതിയെ
ഓളങ്ങളിലിട്ട് ഉപ്പിലിട്ടുണക്കവേ  
ഒഴുകി വന്ന
ഒരു ഉണങ്ങിയ പുഴയിൽ 
കടൽ മെല്ലെമെല്ലെ
കരയുടെ തീരങ്ങളിൽ  
അറിയാതെ മുങ്ങിമരിയ്ക്കുന്നു.

Wednesday, 21 January 2015

മഴക്കുപ്പായത്തിലെ ജലനാഗങ്ങൾ

വികാരങ്ങൾ കൊണ്ട്
നഗ്നമാക്കപ്പെട്ട
നിന്റെ ദേഹത്തിന്റെ
അഴകളകുകൾ
എന്റെ ഉടലുകൊണ്ടളന്നു
ആലിംഗനത്തിൽ കുറിച്ചിട്ടു
ഒരു മാത്ര പോലും മുഷിയാതെ
അനുനിമിഷം കഴുകിയിടപ്പെടുന്ന
തുലാമഴ വെട്ടി
ഒരിക്കലും വിരിഞ്ഞു തീരാത്ത
മുല്ലപ്പൂവിന്റെ കുടുക്കുമിട്ടു
നിനക്ക് ഞാനൊരു
കുപ്പായം തുന്നുന്നു


അതിനിടയിൽ
കുപ്പായത്തിൽ നിന്ന് ഊർന്ന്
നമ്മുടെ ഉടലിലെയ്ക്ക്
ഇഴഞ്ഞിറങ്ങുന്ന
ജലനാഗങ്ങളെ
ഒരു നോക്ക് കൊണ്ട് പോലും
നോവിക്കാതെ
കാമവിഷം കൊടുത്തു
നമ്മൾ വളർത്തി വിടുന്നു.. 

Friday, 16 January 2015

ആർത്തവശിൽപ്പം

ആകാശം
അവധിയാണിന്ന്..
മേഘകുഞ്ഞുങ്ങൾ
തിരിച്ചു പോകുന്നു!
ഓളങ്ങൾ ഒഴുകിപ്പോയ
വെള്ളമില്ലാത്ത
 പുഴയിൽനിന്നും
തറഞ്ഞു പോയ
 തോണികൾ കൊണ്ട്  
കുഴിഞ്ഞ കണ്ണെഴുതുന്ന
വരണ്ട  ഇടവേളയിൽ
നിസ്സഹായവേഗത്തിൽ
പാറപോലെ മടങ്ങിയ
തീണ്ടാരിശിൽപ്പത്തിൽ നിന്നും
പൂജയ്ക്ക് എടുക്കപ്പെടാനുള്ള
ആത്മാർത്ഥ നീക്കത്തിനൊടുവിൽ
അൽപ്പം സ്ത്രീത്വത്തോടൊപ്പം
ആര്ത്തവരക്തം മാത്രം
കട്ടെടുക്കുന്നു
കുറച്ചുനിറത്തിന്
വാടിത്തുടങ്ങിയ
പഴയപൂക്കൾ!



Thursday, 15 January 2015

പ്രണയമഞ്ഞൾ

നമുക്കിടയിൽ 
പെയ്യുന്ന മഴകളെ 
ഒരു വിഗ്രഹമായി 
നമുക്കൊന്നുടച്ചു വാർക്കണം
അതിൽ അടർത്തുവാനാകാത്ത
രണ്ടു രൂപങ്ങളായി
സമയം ഇറ്റിറ്റു വീഴുന്ന
വിജനമാം കാവിൽ
മഞ്ഞു പൂക്കും വരെ
പ്രണയമഞ്ഞൾ
പുതച്ചിരിക്കണം..

Wednesday, 14 January 2015

അവസാന പരാഗണം

വെളിച്ചം തുളുമ്പുന്ന
ആയിരം മഴത്തിരികൾ
ഒറ്റവിളക്കിനാൽ
കൊളുത്തിവെച്ച
രാത്രിയിൽ
ഉരുകുന്ന ഉടലിൽ
പിടയ്ക്കുന്ന മനസ്സുമായി
ഈയാമ്പാറ്റ താളത്തിൽ  
മരണത്തിലേയ്ക്ക്
അടർന്നു വീഴുമ്പോഴും;
 ചെയ്യണം, പെയ്യുന്നപോൽ-
എരിയുന്ന തീയുമായി
ഒരു അവസാന പരാഗണം
വിരിയുന്ന ചുണ്ടിൽ
മറ്റൊരു ചിരിയുമായി!  

Tuesday, 6 January 2015

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ
വിവാഹമായിരുന്നു ഇന്ന്
ഒരു പക്ഷെ വരൻ
ഞാനായിരുന്നിരിക്കണം
കാരണം  ഇന്നലെ
വരെ ഞാനൊരു
നനഞ്ഞ ആകാശമായിരുന്നു
ഇനി തോർന്ന മഴയുടെ
 കവിൾക്കരയിൽ കിടന്നു ഞാൻ
ആരുടെയോ കനവുണങ്ങിയ
കണ്ണീർവറ്റൽ കൊറിക്കട്ടെ