Popular Posts

Wednesday, 31 July 2013

കഥകൾ കടുക് വറുത്തത്‌

മനസ്സ് ഒരു അസൗകര്യം 
മനസ്സ് ഓരോ വസന്തത്തിലും പൂക്കാറുണ്ടായിരുന്നു.  അപ്പൂപ്പന്താടി പോലെ പറന്നു പൊങ്ങുന്ന ഒരായിരം പൂക്കളുണ്ടായിരുന്നു. ഓരോ സൗന്ദര്യത്തിലും അത് നിഷ്കളങ്കമായ് ചെന്ന് പറ്റിപ്പിടിക്കാറുണ്ടായിരുന്നു. അവസാനം നിന്റെ പൂക്കൾ കാറ്റിന് പോലും ഭാരമാണെന്ന്  സൗന്ദര്യം തുറന്നു പറഞ്ഞപ്പോഴാണ് മനസ്സ് സ്ലൊട്ടർ വെട്ടാൻ വിട്ടു കൊടുത്തത്.

 ഗജരാജയോഗം
60 വയസ്സ് കഴിഞ്ഞു ആന ചവിട്ടി കൊല്ലാനുള്ള യോഗം ഉണ്ടെന്നു ജ്യോത്സ്യർ പറഞ്ഞപ്പോഴാണ് ചെവിയും തുമ്പിക്കൈയും ആട്ടി ഐശ്വര്യം ആയി തറവാട്ടു മുറ്റത്തു നിറഞ്ഞു നിന്ന ആനയെ വിൽക്കാൻ തീരുമാനിച്ചത്.. പാപ്പാൻ‌ ഒരു ആനവാൽ മുറിച്ചു കൊടുക്കാതിരുന്ന തെറ്റാണു.. കാരണവരുടെ ഗജരാജയോഗത്തെ കീഴ്മേൽ മറിച്ചതെന്ന്  അറിയാതെ..പുതു തലമുറ ആനയായ മണ്ണ് മാന്തി വാങ്ങി മുറ്റത്തിട്ടത്‌. അതിനെന്താ ഒരു ദിവസം കണി കാണാൻ എണീറ്റ്‌ വന്നപ്പോൾ ഒരു ശവക്കുഴി മാന്തി ഇട്ടു മഞ്ഞ മണ്ണുമാന്തി ബാങ്ക് കാരു ജപ്തി ചെയ്തു കൊണ്ട് പോയത്. ആനയ്ക്കില്ലാത്ത   ഒരു CC മണ്ണ് മാന്തിക്കു ഉണ്ടായിരുന്നു അത് മണ്ണ് മാന്തിയുടെ പാപ്പാൻ പറഞ്ഞതും ഇല്ല.

സദാചാര ബോധം
ആരുടെയോ ബഹളം കേട്ടാണ് വീട്ടമ്മ ഓടി ചെന്നത്.. ഓടി ചെന്നപ്പോൾ എന്താ തന്റെ ഭർത്താവിനെ ആരൊക്കെയോ ചേർന്ന് പിടിച്ചു നിരത്തി ക്രോസ് വിസ്താരം ചെയ്യുകയാ?
എന്താ കാര്യം? ഒന്ന് രണ്ടു ദിവസമായി ഞങ്ങൾ ശ്രദ്ദിക്കുന്നു ഇയാൾ ഇവിടെ  വന്നു പോകുന്നു. ശരിയാണ് താമസം ആയിട്ടു മൂന്നു നാലു മാസം ആയെങ്കിലും..കഷ്ടകാലത്തിനു രണ്ടു മൂന്നു ദിവസം മുമ്പാണ് കാലത്ത് ഒന്ന് നടക്കാൻ പോകാം എന്ന് തോന്നിയത് .. മൂന്നു മാസം ആയിട്ടു ഭാര്യയും ഭർത്താവും അവിടെ ആണ് താമസം എങ്കിലും. ഭാര്യയെ മാത്രമേ ഇത് വരെ സദാചാര പോലീസിന്റെ കണ്ണിൽ പെട്ടുള്ളൂ. അത്രയ്ക്കുണ്ട് അവരുടെ കണ്ണിന്റെ സദാചാരം.

 അറബി കടലിന്റെ വിസ
അറബികടൽ വല്യ സന്തോഷത്തിലായിരുന്നു.. എന്താ കാര്യം? അങ്ങിനെ അവസാനം കടലിനക്കരെ പോകാൻ കാത്തുകാത്തിരുന്ന വിസ  ശരിയായി.. ആരാ വിസ ശരിയാക്കി കൊടുത്തതെന്നല്ലേ? മണലാണ്‌ അവരു ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നത്രെ 

കറിവേപ്പില
കറിവേപ്പിൽ പിടിക്കാതെ പോയ ഇലയായിരുന്നു ആത്മാർത്ഥത 

Friday, 26 July 2013

മാറ്റത്തിനു ചില വരികൾ

വെയിൽ നട്ടു സൂര്യനെ കിളിർപ്പിച്ചിടാം
മഴത്തുള്ളി വിതച്ചു മഴ കൊയ്തിടാം
 മിന്നലായി  മഞ്ഞൾ വിളവെടുക്കാം
മഞ്ഞിനെ പുലരിയായ് കണി കണ്ടിടാം

മഞ്ഞിൽ  മഴവിൽ ശലഭമാകാം
പുലരിയിൽ ഉന്മേഷ പൂക്കളാകാം
കണികൊന്ന പൂക്കളായി വസന്തമാകാം
മണലൂറ്റാ പുഴയിലെ മീനായിടാം

പുഴയിലെ ഓളങ്ങളായ് കുളിച്ചു വരാം
പുതയിട്ട്  മണ്ണിന്നു തണലേകിടാം
വിയർപ്പിട്ടു ചാലിട്ടു  നീരോഴുക്കാം
തട്ടിട്ടു  തട്ടായി കൃഷി ചെയ്തീടാം

മരം നട്ടു ചുള്ളിക്ക് കമ്പോടിക്കാം
കുഴികുത്തി മതങ്ങളെ ദഹിപ്പിച്ചിടാം
പൂക്കളെ കല്ലിട്ടു പൂജിച്ചിടാം
ദൈവത്തിനെ നമുക്ക് സ്വതന്ത്രരാക്കാം

മരങ്ങളെ വരിച്ചങ്ങു ജീവിച്ചിടാം
കാട്ടിൽ ഇണ ചേർന്ന് സ്നേഹിച്ചിടാം
കാറ്റു മുറിച്ചങ്ങു ഊർജമാക്കാം
സൂര്യനെ ധ്യാനിച്ച് വിളക്കു വയ്ക്കാം

മദ്യം വെടിഞ്ഞു കൈ കഴുകാം
സ്നേഹ മന്ത്രങ്ങൾ ഉരുക്കഴിക്കാം
പ്രകൃതി മുതലായി സംരക്ഷിക്കാം
മനുഷ്യരായി നമുക്ക് തല ഉയർത്താം
മനുഷ്യരായി നമുക്ക് തല ഉയർത്താം
ഒത്തൊരുമിച്ചു കൈകൾ കോർക്കാം

Wednesday, 24 July 2013

പ്രണയ തൊഴിലാളി

നേരം പര പരാ വെളുത്തു വരുന്നതേ ഉള്ളൂ. പ്രണയത്തിന്റെ പൂന്തോട്ടം വിജനമാണ്. ആദ്യം ഉണരുന്ന കിളികൾക്കേ ഇര കിട്ടൂ എന്ന് എഴുതി  പഠിച്ച ഒന്ന് രണ്ടു കിളികൾ ഒച്ചയുണ്ടാക്കി കടന്നു പോയി, അവയും പ്രണയിക്കുന്നുണ്ടായിരുന്നില്ല.  ഇലച്ചെടി  ആ ഉദ്യാനത്തിലെ ഒരു പ്രണയ തൊഴിലാളിയാണ്. പ്രണയത്തിനു പരസ്യം പോലെ ആ ഉദ്യാനത്തിലേക്ക് പ്രണയിക്കുന്നവരെ ആകർഷിക്കുവാൻ വിദേശത്ത് നിന്ന് എന്നോ ആരോ കൊണ്ട് നട്ടതാണവളേ. പ്രായം അറിയാതിരിക്കുവാൻ ഇലകളും ചില്ലകളും കോതിയാണ് നിർത്തിയിരിക്കുന്നത്. വെള്ളവും വളവും വെളിച്ചവും എല്ലാം ധാരാളം. 

ഇന്ന് ആരെയാണ് പ്രണയിക്കേണ്ടത്? അവൾ ചിന്തിച്ചു... അക്കാര്യത്തിൽ അവൾക്കു പൂർണ സ്വാതന്ത്ര്യം ഉണ്ട്! ആരെ വേണമെങ്കിലും പ്രണയിക്കാം.. ലൈഗിക തൊഴിലാളിയെ പോലെ സ്വാതന്ത്ര്യം ഉള്ള തൊഴിൽ.. പ്രണയിക്കണം അത്രയേ നിർബന്ധം ഉള്ളൂ. അതിനുള്ള കൂലിയാണ് ഈ വെള്ളവും തണലും വെളിച്ചവും എല്ലാം. അവളുടെ പ്രണയം കണ്ടു പ്രണയിക്കുവാൻ പാർക്കിൽ വരുന്ന ആൾക്കാരുടെ സന്ദർശക വരുമാനം കൊണ്ടാണ് അവളുടെ യജമാനൻ ജീവിക്കുന്നത്. 

പാർക്ക്‌ രാവിലെ തന്നെ തുറക്കും. പര പര വെളുക്കുമ്പോൾ  തന്നെ. അപ്പോൾ പക്ഷെ ആരും വരാറില്ല.. വയറു നിറഞ്ഞു ഉച്ചക്കുള്ള ഒരു ഉറക്കവും കഴിഞ്ഞു ഉണരുമ്പോൾ ഒരു ഉന്മേഷത്തിനു വേണ്ടിയുള്ള നാലു മണിക്കുള്ള ഒരു കാപ്പി പോലെ  ആണ് പ്രണയം എന്ന് അവൾക്കു പലപ്പോഴും ആ സമയത്തുള്ള തിരക്ക് കണ്ടു തോന്നിയിട്ടുണ്ട് .  ഉദ്യാനത്തിലെ ഇണക്കുരുവികളെ കാത്തിരിക്കുന്ന ഒഴിഞ്ഞ വയസ്സൻ ബെഞ്ച്‌ പോലും ഉണർന്നിട്ടില്ല. അവൾ ആലോചിച്ചു ഇന്ന് ആരെ പ്രണയിക്കും ഒരു ചേഞ്ച്‌ വേണ്ടേ? അവൾ തീരുമാനിച്ചു ഇന്ന് മുള്ളിനെ പ്രണയിക്കാം. ഒരു അഭിനയത്തിനും അപ്പുറം മുള്ളിനെ അവൾക്കു ഇഷ്ടമായിരുന്നു എന്ത് പൌരുഷം ആണ് അവനു. അവൻ  ഒരു പ്രണയ തൊഴിലാളി ആണെന്ന് പറയില്ല. കാരണം പനിനീര്പൂവിന്റെ മുള്ളാണവൻ, പ്രണയിച്ചാലും ഇല്ലെങ്കിലും പനിനീര് ഉള്ളടത്തോളം അവനു പേടിക്കണ്ട. 

തന്റെ മനസ്സിലിരുപ്പ് അറിഞ്ഞ പോലെ സദാചാര കാറ്റു എന്തോ കാതിൽ കമന്റ്‌ പറഞ്ഞു പോയി ആദ്യം ഒന്നും മനസ്സിലായില്ല.. പിന്നെ അടുത്ത പ്രാവശ്യം തിരിച്ചു വന്നപ്പോഴും അതെ കമന്റ്‌ തന്നെ പറഞ്ഞപ്പോൾ വ്യക്തമായി. പറഞ്ഞത് "ഇലയ്ക്കാണ് കേടു"  എന്നാണ്. ഓ വല്യ സദാചാര ക്കരാൻ ആ പാർക്കിലെ എല്ലാ ചെടികൾക്കും പേടിയാണവനെ വഷളൻ സെക്യൂരിറ്റി യെ പോലെ ശൂളം അടിച്ചു നടക്കും വൃത്തികെട്ട കമന്റും പറഞ്ഞു, യഥാര്ത തൊഴിൽ ഉദ്യാനം തൂത്തു അടിച്ചു വൃത്തി ആക്കലാണ്. എന്നാലും പാർക്ക് ഒരിക്കലും വൃത്തി ആണെന്ന് തോന്നിയിട്ടില്ല, അതിനും അവനു ന്യായീകരണം ഉണ്ട് പൂക്കളെ പോലെ തന്നെ ഭംഗി യുണ്ടത്രേ കൊഴിഞ്ഞ ഇലകൾക്ക്, പ്രേമിക്കുന്നവർ മാത്രം അല്ല പ്രണയിച്ചു അത് ഭംഗം വന്നവരും പാർക്കിൽ വരുമത്രേ അവര്ക്ക് പൂവിനേക്കാൾ, ഇലകളേക്കാൾ ഈ കൊഴിഞ്ഞ കരിയിലകളോടാണത്രേ കൂടുതൽ പ്രിയം.

ഇനിയും പിടിച്ചു നില്ക്കാൻ വയ്യ. പ്രണയം ശ്വാസം മുട്ടിക്കുന്നുണ്ട് ഒരു തൊഴിലിനും അപ്പുറം പ്രണയം ഇപ്പൊ ഒരു വികാരമായി മാറിയിട്ടുണ്ട്. എന്നാൽ പിന്നെ പ്രണയിക്കുക തന്നെ..

പിന്നെ എന്താ തടസ്സം? ഇന്നലെ പൊഴിഞ്ഞ  മഞ്ഞു തുള്ളി തന്നെ. ഇന്നലെ മുഴുവൻ മഞ്ഞായിരുന്നു. ഒരു രാത്രി കഴിയാറായിട്ടും മഞ്ഞുതുള്ളി ഇനിയും പോയിട്ടില്ല, എങ്ങിനെ അതിനെ ഒന്ന് ഒഴിവാക്കും ? ആ കാറ്റു തന്നെ വരട്ടെ ഒന്ന് കുലുക്കി വിടാൻ അവനോടു തന്നെ പറയാം. 

ഇലചെടി മുള്ളിനെ ഒന്നെത്തി നോക്കി. അതാ അവൻ ഉണര്ന്നിരിക്കുന്നല്ലോ. എന്തോ അനങ്ങുന്നുണ്ടല്ലൊ അവിടെ.. മുള്ളാണ് അതിലും ഇറ്റു വീഴാറായ  ഒരു മഞ്ഞു തുള്ളി. കൂര്ത്ത മുള്ള് അതിന്റെ നെഞ്ചത്ത് കുത്തി ഇറക്കി മുള്ള് അതിനെ ഒഴിവാക്കുവാൻ നോക്കുകയാണ്. ഇല സൂക്ഷിച്ചു നോക്കി. അതിനൊരു കണ്ണീരിന്റെ മുഖച്ചായ തന്നെ. എന്തോ തന്റെ പ്രണയ പരവശയായ നെഞ്ചിൽ കൂർത്തു കയറി.  ഇലച്ചെടി ശ്വാസം അടക്കി പിടിച്ചു തന്റെ ദേഹത്ത് പൊതിഞ്ഞിരിക്കുന്ന മഞ്ഞു തുള്ളി വീഴാതെ ഇലകളെ പതിയെ കൂമ്പിച്ചു മെല്ലെ  ഉയർത്തി മഞ്ഞുതുള്ളിയെ തന്റെ മാറോടണച്ചു. ഈ പുലരി പുലരാതിരുന്നെങ്കിൽ.. ഒരു ഇലച്ചാർത്ത് പശ്ചാത്താപ തുള്ളി  പോലെ ഇലയിൽ നിന്ന് താഴേക്ക്‌ പതിച്ചു. അത് മഞ്ഞുതുള്ളി ആയിരുന്നില്ല, ഇലയുടെ ഒരിറ്റു ചാരിത്ര്യ കണ്ണീരായിരുന്നു.

Tuesday, 23 July 2013

ഫെമിനിസ്റ്റിന്റെ കണ്ണുനീർ

കടുത്ത  ഫെമിനിസ്റ്റ് ആയിരുന്നു കണ്ണുനീർ. വിയർപ്പു പൌരുഷവും. രണ്ടു പേരും ഒരേ മേനിയിൽ ആയിരുന്നു താമസം. വിയർപ്പിന് ഒരു അമ്മയുണ്ടായിരുന്നു. രക്തം എന്നായിരുന്നു അമ്മയുടെ പേര്. കണ്ണീരിനു താൻ എവിടുന്നോ "പൊട്ടിവീണതാണ്‌ " എന്നായിരുന്നു ഭാവം. അത് കൊണ്ട് തന്നെ താൻ അനാഥയാണെന്നും  സ്വയം തീരുമാനിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും കണ്ണീരും വിയര്പ്പും ഒരിക്കലും സ്വര ചേർച്ചയിൽ  ആയിരുന്നില്ല.

അവസാനം കണ്ണുനീർ അത് തുറന്നു പറഞ്ഞു  "എനിക്ക് ഇനിയും നിങ്ങളോടൊത്ത് കഴിയുവാനാവില്ല. വിയർപ്പു നാറ്റം ഇനിയും സഹിക്കുവാൻ ആവില്ല. ഒന്നുകിൽ നിങ്ങൾ എന്നെ പോലെ ശുദ്ധമാകണം അല്ലെങ്കിൽ നിങ്ങൾ ഇപ്പോഴും പ്രകീർത്തിക്കുന്ന നിങ്ങളുടെ അമ്മയെ പോലെ രക്തമാകണം, പക്ഷെ നിങ്ങളുടെ അമ്മയെ പോലെ ചുവപ്പ് പാടില്ല നിറം പാടില്ല, എന്നെ പോലെ നിറമില്ലാതെ ആയാൽ  മണം ഇല്ലാതെ ആയാൽ  നിങ്ങൾക്ക് എന്റെ കൂടെ കഴിയാം അല്ലെങ്കിൽ  ഞാൻ പോകണോ നിങ്ങൾ സ്വയം പോകണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം"

കണ്ണുനീരിന്റെ ഔദാര്യം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ വിയർപ്പു പതിവ് പോലെ താഴേക്ക്‌ ഒഴുകിയപ്പോൾ. നിറമില്ലാത്ത രക്തം എന്ന് അപമാനിച്ചത് കേട്ട അമ്മരക്തം തിളച്ചു മേലോട്ട് പൊന്തി. മാതൃത്വത്തിന്റെ സഹനത്തിനും അപ്പുറം പോയ രക്തം തെറിച്ചു കണ്ണുനീരിന്റെ ദേഹത്ത് വീണു.  രക്തം കണ്ടിട്ടില്ലാത്ത എന്നാൽ രക്ത ദാഹിയായ കണ്ണുനീരിന്റെ ദേഹം അത് വളരെ പെട്ടെന്ന് വലിച്ചെടുത്തു. എന്നിട്ടും കണ്ണുനീരിന്റെ ഫെമിനിസ്റ്റ് ഹൃദയത്തിനു ആ രക്തം ഉൾക്കൊള്ളുവാൻ ആയില്ല  അത് പെട്ടെന്ന് അശുദ്ധമായി പുറത്തേക്കൊഴുകി.ആശുദ്ധരക്തം കണ്ണുനീരിൽ കുതിർന്നപ്പോൾ അത് ആർത്തവരക്തമായി മാറി. ആർത്തവം പ്രത്യക്ഷപെട്ടപ്പോൾ ഫെമിനിസ്റ്റുകണ്ണുനീരിൽ സ്ത്രീത്വം തുടിച്ചു. അങ്ങിനെ മണവും ഗുണവും ഇല്ലാത്ത കണ്ണുനീർ ഫെമിനിസ്റ്റ് ഒരു സ്ത്രീയായി മാറി. ഫെമിനിസ്റ്റിൽ ഒരു സ്ത്രീയെ കണ്ട വിയർപ്പിൽ കാമം പൊടിഞ്ഞു, വിയര്പ്പ്  ശുക്ല  പക്ഷത്തിലെ ചന്ദ്രനായി തുടിച്ചു. അത് കണ്ടു ആര്ത്തവ രക്തം നാണിച്ചു ഒളിച്ചു. അത് ഒരു ഒളിച്ചുകളി ആയി അവസാനം കണ്ടുപിടിച്ചപ്പോൾ.കണ്ണുനീരിനു ആനന്ദം  ഒരു അശ്രു ആയി പിറന്നു. ആ ആനന്ദാശ്രുവിൽ അതൊരു സന്തുഷ്ട കുടുംബമായി.   

Sunday, 21 July 2013

കള്ളക്കഥകൾ

പ്രാർത്ഥന
പാടങ്ങൾ പോലെ പകുത്ത രാജ്യങ്ങളുടെ അതിരുകൾ..
നേർത്ത വരമ്പായി  സ്നേഹ മഴയിൽ വീണ  മടപോലെ
ഒലിച്ചു പോയെങ്കിൽ....
പ്രാർത്ഥിച്ചത്‌ അതിർത്തിയിൽ നോക്ക് കുത്തിയായി പാറാവ്‌ നിന്ന് തളർന്ന തോക്ക് 

മിന്നൽ പുഴ
ഭൂമിയിലെ മിന്നലായിരുന്നു പുഴ
ഓരോ വർഷ കാലത്തും ഒന്ന് കനത്തു
മിന്നി വളഞ്ഞു പുളഞ്ഞു ഒഴുകി
കണ്ണിനു മുന്നിൽ കണ്ണീരു പോലെ ഒലിച്ചു പടർന്നു മാഞ്ഞു പോയി

കണ്ണും കാതും
കണ്ണ് മുഖത്തുനിന്നു എപ്പോഴും പുറപ്പെട്ടു പോകും
അത് കൊണ്ടാവും വെളിച്ചം കണ്ണായി അവതാരം എടുത്തപ്പോൾ വെളിച്ചം നിയന്ത്രിക്കുന്ന  ജാലക വാതിൽ ഇമയായി കൂട്ട് വന്നത് അതിൽ പ്രതിഷേധിച്ചാവും  കറുപ്പിലും വെളുപ്പിലും കണ്ണ് ഇപ്പോഴും ജീവിക്കുമ്പോൾ നിറമുള്ള കാഴ്ചകൾ കണ്ടതായി കളവു പറയുന്നത്..
കാതു ആരു വന്നാലും എന്ത് കേട്ടാലും സ്വീകരിക്കും
അതാവും എവിടെയും വിളിക്കാതെ കയറി വരുന്ന കാറ്റു
കാതായി അവതാരം എടുത്തത്‌  

മനുഷ്യന്റെ വാല് 
മനുഷ്യന് എന്തേ വാലു കിട്ടിയില്ല?
തലയിരുന്നിട്ടും ആട്ടുവാൻ വാലില്ലാതെ
തല കുത്തിയിരുന്ന് ആലോചിച്ചു
വളഞ്ഞു പുളഞ്ഞു തല ആട്ടിയും ചരിച്ചും ചിന്തിച്ചു
അപ്പോഴും നേരെ നിന്ന് ചിന്തിച്ചില്ല
അവസാനം ഒരു ഉത്തരവും നേരേ നില്ക്കുന്നില്ല
എന്ന് കണ്ടപ്പോൾ കുഴലിൽ ഇടാൻ മിനക്കെടാതെ
ഉത്തരം ഉറപ്പിച്ചു.
ഇനി എന്തിനു മറ്റൊരു വാൽ? തലയും നട്ടെല്ലും കാലും കയ്യും മുഖവും ഉണ്ടെങ്കിലും
ഒരിക്കലും നേരേ ആവാത്ത ആരുടെയെങ്കിലും വാലു തന്നെ അല്ലേ മനുഷ്യൻ

ഇസങ്ങൾ
ദൈവത്തിന്റെ പരസ്യം ഉണ്ടെന്നു കരുതി
മതം മുതലാളിത്തം നടപ്പിലാക്കിയാൽ കമ്മ്യൂണിസത്തിനും അത്
ആത്മീയം.
കറുപ്പ് പണ്ടായിരുന്നു ഇപ്പൊ സുഖശീതളിമയുടെ ബഹുരാഷ്ട്ര കളറിൽ കാണുമ്പോൾ മതം ആത്മീയം.
മനുഷ്യന്റെ പരസ്യം കൊടുത്തു മതം നടപ്പിലാക്കിയാൽ അത് കമ്മ്യൂണ'ലി'സം.

മതം ഏതായാലും കമ്മ്യൂണിസം നന്നായാൽ മതി എന്ന് ജാഥ നടത്തിയാൽ അത് സോഷ്യലിസം.

മനുഷ്യൻ ഇല്ലെങ്കിലും സമ്പത്ത് ഉണ്ടായാൽ മതി എന്ന് മേലനങ്ങാതെ പറഞ്ഞാൽ അത് മുതലാളിത്തം.

വിധിയുടെ ലിപി 
ഒന്നുമില്ലാത്ത "പൂജ്യവും" എല്ലാറ്റിലും ഉള്ള "ഒന്നും" ചേർന്ന് ബൈനറി ഭാഷയിൽ ലളിതമായി എഴുതിയിട്ടും..വെളുപ്പും കറുപ്പും നിറങ്ങൾ ആയിട്ടും നിറങ്ങൾ തേടുന്ന വിധിക്ക് മാത്രം ഇരുട്ടിൽ വായിക്കാൻ കഴിയുന്ന ബ്രൈലി ലിപി തന്നെ ജീവിതം

പുഴയുടെ വ്യാകരണം
പുഴ ആദ്യം ഒരു വല്യ അതിശയം തന്നെ ആയിരുന്നു!!!
പിന്നെ എന്തേ അത് വളഞ്ഞു പുളഞ്ഞു ഒരു  ചോദ്യ ചിഹ്നം?
പിന്നെ ഒഴുക്കിന്  ഒരു വിരാമം ആയി.
പിന്നെ ഒരു കണ്ണീർപാട് അവശേഷിപ്പിച്ചു തേങ്ങൽ പോലെ ഇല്ലാതെയായി

കാലന്റെ പാസ്റ്റ് ടെൻസ് കാമൻ
കാമൻ കാലന്റെ ഭൂതമാണ്‌
തൊഴിലുറപ്പ് പദ്ധതി പ്രകാരം കാലന്റെ പണി ഉറപ്പിക്കുന്ന വർത്തമാനം
കാമനേയും കാലനേയും ദേവനായി കണ്ടു ഒരു പോലെ വരച്ച വരയിൽ നിർത്തുന്ന ശിവനാണ് ജീവിതം 


Saturday, 20 July 2013

ക്ലാസ്സിഫൈഡസ്

 ഫോട്ടോസ്റ്റാറ്റു
തിക്കി തിരക്കി,  തിര  ഓടി വന്നു കടൽക്കരയിലുള്ള ഫോട്ടോസ്റ്റാറ്റു കടയിലേക്കാണ്. കുറച്ചു ഫൊട്ടൊസ്റ്റാറ്റെ എടുക്കണം... തിരയുടെതാണ്...
തിര കൊണ്ട് വന്നിട്ടുണ്ടോ?
ഉണ്ടല്ലോ ദാ!
അയ്യോ സുനാമി!!!

ബൾബ്‌
പരീക്ഷ അടുക്കാറായി ബൾബിനു ഫ്യുസ് ആവാൻ കണ്ട സമയം ലോഡ്ടെ ഷെദ്ദിങ്ങ് ആയിരിക്കും എന്ന് കരുതി അര മണിക്കൂറും അപ്രഖ്യാപിത കട്ടിനു മറ്റൊരു 30 മിനിറ്റ് പിന്നെ മനസ്സിലായി ഫ്യുസേ പോയതാണെന്ന്
വന്നത് ചന്ദ്രനാണ് മാനത്തെ ചന്ദ്രൻ ബൾബ്‌ മാറ്റി ഇടാൻ
ഫ്യുസ് ആയ ബൾബ്‌ മാറ്റി ഇടാതെ അമാവാസി യാത്രേ അമാവാസി കാലം കൊറേ ആയീ ആളെ പറ്റിക്കാൻ തുടങ്ങീട്ടു  

റിമോട്ട്
മഴയുടെ ഒരു കാര്യം ഒരു റിമോട്ട് കിട്ടിയിരുന്നെങ്കിൽ ഒന്ന് pause  അടിച്ചു ക്രിക്കറ്റ്‌ കളിയ്ക്കാൻ പോകാരുന്നു
മഴ ക്രിക്കറ്റ്‌ കളിക്കുന്ന ഗ്രൌണ്ടിലേക്ക് റിമോട്ട് മഴ നനഞ്ഞിറങ്ങി ബാറ്ററി കേടായി പനിപിടിച്ചു 

മഴവില്ല് 
ഈ മഴവില്ലിനു ഒരു നോട്ടവും ഇല്ല കളർ കോപ്പിക്ക് ഇപ്പൊ എന്താ വില?
എന്നാലും 7 നിറവും വേണം എന്ന് വല്യ നിര്ബന്ധ എന്താ ബ്ലാങ്ക് ആൻഡ്‌ വൈറ്റ് ആയാല്, ഖജനാവിന്  എത്ര കാശു ലാഭമായിരിക്കും! 

 ഒരു അറിയിപ്പ്
മോട്ടോർ ബെൽറ്റ്‌ മാറ്റാനും മറ്റു അറ്റകുറ്റ പണികൾക്കും ഭൂമിയുടെ ഭ്രമണം രണ്ടു ദിവസത്തേക്ക് ഉണ്ടായിരിക്കുന്നതല്ല
വാച്ചുകൾ സമരം തുടങ്ങി! സമയം എങ്ങിനെ പോകും?

പത്ര പരസ്യം
സൂര്യന് ഡ്യുപ്പിനെ ആവശ്യം ഉണ്ട് ഒന്ന് റസ്റ്റ്‌ എടുക്കാനാ സൂര്യനാണ് വിശ്രമം ഡ്യുപ്പിനല്ല ദൈവത്തിന്റെ ഡ്യു പ്പ് ആയി അഭിനയിചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല സംവരണം പാലിക്കപ്പെടും

ഒന്നായ നിന്നെ

തലയും ഹൃദയവും തമ്മിലുള്ള മത്സരം തന്നെ ജീവിതം അതിൽ എപ്പോഴും വിജയിക്കേണ്ടത്  തല തന്നെ തോല്ക്കുന്നതും തോല്ക്കപെടെണ്ടതും ഹൃദയം
പക്ഷെ പലപ്പോഴും ജയിക്കുന്നത് ഹൃദയവും വികാരം ഹൃദയത്തിന്റെ വിചാരം തലച്ചോറിന്റെ
ജ്ഞാനികൾ പറയുന്നത് അതല്ലേ വികാരം വിചാരത്തെ കീഴ്പ്പെടുത്താൻ പാടില്ല
ഹൃദയത്തിനു മുകളിൽ തല വച്ച് നീ എന്റെ തല കാത്തു
അത് കൊണ്ടാവും ഹൃദയം ഇന്ന് ആഘാതം ഏറ്റു മരിച്ചു വീഴുന്നത്
പക്ഷെ തലച്ചോറ് നിലനില്ക്കുന്നത് ഹൃദയം കൊടുക്കുന്ന രക്തം കൊണ്ട് തന്നെ ഒന്നായ നിന്നെ ഇഹ രണ്ടെന്നു കണ്ടളവിൽ പൂന്താനം പറഞ്ഞത് ശരി തന്നെ പക്ഷെ ഹൃദയം നീ തലച്ചോറ് പറയുന്നത് കേൾക്കണം ട്ടോ


റിമോട്ട്

മഴക്കൊരു റിമോട്ട് അതാണെന്റെ വേനൽ
വെയിലിനൊരു റിമോട്ട് അതാണെന്റെ തണൽ
ഉറക്കത്തിനൊരു റിമോട്ട് അതാണെന്റെ ചിന്ത
വിശപ്പിനൊരു റിമോട്ട് അതാണെന്റെ ഭക്ഷണം
രോഗത്തിനൊരു റിമോട്ട് അതാണെന്റെ മരുന്ന്
രതിക്കൊരു റിമോട്ട് അതാണെന്റെ പ്രണയം
ഭരണതിനൊരു റിമോട്ട് അതാണെന്റെ എന്റെ വോട്ട്
അധികാരതിനൊരു റിമോട്ട് അതാണെന്റെ മതം
ജീവനൊരു റിമോട്ട് അതാണെന്റെ മരണം
വെറുതെ ഒരു റിമോട്ട് അതാണെന്റെ ദൈവം
എല്ലാത്തിനും ഒരു റിമോട്ട് അതാണെന്റെ ലക്‌ഷ്യം
റിമോട്ട് ആയി ജീവിക്കുമ്പോഴും റിമോട്ട് തന്നെ റിമോട്ടിന്റെ  ലക്‌ഷ്യം

Friday, 19 July 2013

ആകാശത്തിന്റെ സാരി

സൂര്യദേവൻ വിവാഹിതനാണത്രേ 
ധാരാളം കുഞ്ഞുങ്ങൾ വീട്ടിലുണ്ടെന്നത്രേ
ഭാര്യയോ ആകാശം വീട്ടമ്മയാണത്രേ
സൂര്യനോ ജോലിത്തിരക്കിലുമാണത്രേ 

നക്ഷത്ര കുഞ്ഞുങ്ങൾക്ക്‌ പരാതിയുമാണത്രേ  
അച്ഛനെ ഒരു നോക്ക് കണ്ടിട്ടുമില്ലത്രേ
അമ്മക്ക് അച്ഛൻ പുതുസാരി കൊടുത്തത്രേ 
അമ്മക്ക് എന്നും പുതുസാരി തന്നത്രേ

നക്ഷത്രക്കുഞ്ഞുങ്ങൾ കുശുമ്പ് കുത്താറുണ്ടത്രേ  
സാരി നമുക്കങ്ങ് കീറിയാലെന്തത്രേ 
രാത്രി അമ്മ ഉടുത്തിട്ടിറങ്ങുമ്പോൾ
സാരിയിൽ നക്ഷത്ര കീറലുമുണ്ടത്രേ 

സൂര്യ ദേവൻ സമാധാനിപ്പിക്കാറുണ്ടത്രേ 
മിന്നൽ നല്ലൊരു തയ്യല്കാരനാണത്രേ 
സാരീ രാത്രിയിൽ  തയ്ച്ചു  തരുമത്രേ
ഇടി വെട്ടി കുഞ്ഞിനെ വിരട്ടിനിര്തും അത്രേ 
നക്ഷത്ര കീറൽ അന്ന് കാണത്തേ ഇല്ലത്രെ 

പിറ്റേന്ന് സൂര്യൻ വൈകി ഉണർന്നത്രേ
ആകാശക്കാതിൽ അടക്കം പറഞ്ഞത്രേ 
നിനക്ക് ചേർച്ച ഇളം നീലയാണത്രേ
പഴയ കല്യാണ സാരിയുമാണത്രേ

അത് നീ പകൽമാത്രം ഉടുത്താൽ മതിയത്രേ
നക്ഷത്ര കുഞ്ഞുങ്ങൾ കാണേണ്ട അതുമത്രേ 
നീ എന്നും സുന്ദരി നീലയിൽ തന്നത്രേ 
മേഘത്തിൻ   പുള്ളികൾ ചേർച്ചയുമില്ലത്രേ

ആകാശത്തിനത് കേട്ട് സങ്കടമായത്രേ
കണ്ണ് നീരിറ്റി മഴ തുള്ളികളായത്രേ
അന്ന് മുഴുവൻ മുഖം വീർപ്പിച്ചുരുന്നത്രേ
സൂര്യനെ വെളിയിലോ കണ്ടതുമില്ലത്രേ
പിന്നെ എപ്പോഴോ പോയി മറഞ്ഞത്രേ

രാത്രിയിൽ എപ്പോഴോ  ചന്ദ്രിക വന്നത്രെ
നിലാവ് പോൽ സാരീ കൊടുത്തു ചിരിച്ചത്രേ 
സൂര്യൻ അകലേന്നു  കൊടുത്തങ്ങ് വിട്ടത്രേ 
ആകാശത്തിനു അത് കണ്ടു സന്തോഷം ആയത്രേ 
എങ്കിൽ ശരി എന്ന് പറഞ്ഞിട്ട് പോയത്രേ 
ആകാശം സാരിയിൽ പിണക്കം മറന്നത്രേ


Thursday, 18 July 2013

സ്വാതന്ത്ര്യം ഭാരതം നടത്തുന്ന പ്രതീക്ഷ ബംബർ ഭാഗ്യക്കുറി

സ്വാതന്ത്ര്യം എന്നും നാളെയാണ് നാളെ വരെ ജീവിച്ചിരിക്കുവാൻ വേണ്ടി ഇന്നിൽ നിന്നും  നാളെയിലേക്ക് നീളുന്ന ഇന്നിന്റെ  ഊര്ജം  സ്വാതന്ത്ര്യം
സ്വാതന്ത്ര്യം ഒരു സ്വപ്നമാണ് നിങ്ങൾ അടിമ ആണെങ്കിൽ  അടിമക്ക് ഉറങ്ങുവാൻകഴിയുമെങ്കിൽ ഉറക്കത്തിൽ കാണാവുന്ന സ്വപ്നം സ്വാതന്ത്ര്യം
ഉറപ്പുള്ള മരണത്തിനു ശേഷം മരണത്തിൽ ഉറപ്പുണ്ടെങ്കിൽ മാത്രം പ്രതീക്ഷിക്കാവുന്ന സ്വര്ഗം പോലെ ഒരു പ്രതീക്ഷയാണ് സ്വാതന്ത്ര്യം
കിട്ടിയെന്നു അവകാശപെടുന്ന കൈമാറിയ അധികാരം ആഘോഷ പൂർവ്വം കൊണ്ടാടുന്ന  അടിമകളാണ് സ്വതന്ത്ര ഭാരതത്തിലെ അടിമകൾ
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തു മരിച്ചു വീണ ഒരു ജനതതിയാണ്‌ സ്വാതന്ത്ര്യം കിട്ടി സ്വതന്ത്രരായ സ്വാതന്ത്ര്യ സമര സേനാനികൾ
അവരെ ഓർക്കേണ്ട അവരുടെ സ്വാതന്ത്ര്യ ദിനം  അവരെ മറന്നു ആഘോഷിക്കുന്ന  അടിമകളായ നമ്മൾ ആഘോഷിക്കേണ്ടാതാണ് അടിമ ദിനം
ഭാരതീയൻ എവിടെ പോയാലും കൂടെ കാണുന്ന അടിമത്വം  ആണ് അവന്റെ സ്വാതന്ത്ര്യം
പ്രവാസം ആണ് ഭാരതം അവനു  അവനു വിധിച്ച സ്വാതന്ത്ര്യം
സ്വാതന്ത്ര്യം കൊടുത്തു അവൻ വാങ്ങിയ പ്രവാസ ജീവിത
പരഭാരതം പ്രവാസ ജീവിത പാരതന്ത്ര്യം 

Wednesday, 17 July 2013

പ്രണയം നക്ഷത്രം (ജ്യോതിഷ ഫല പ്രവചനം)

നീലം മുക്കിയിട്ടും നിറം മാറുന്ന ഓന്തത്രേ പ്രണയം
കാറ്റുള്ളപ്പോൾ ഇളകുന്ന സ്വസ്ഥത പ്രണയം
കാന്തത്തിന്റെ വികര്ഷ്ണതിനു മുമ്പുള്ള
വലിയ ആകർഷണം  പ്രണയം
എട്ടിന്റെ പണി കിട്ടിയ ശശിയുടെ രാശിയും പ്രണയം
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു നാണത്തോടെ കിസ്സ്‌ ചെയ്തവന്റെ തലയിൽ വീണ ഇടിത്തീയും പ്രണയം
വെട്ടിയിട്ട ചക്കയും  താഴെ പതിക്കും വരെ മാത്രം പ്രണയം
മാവിൽ നില്ക്കുന്ന മാങ്ങയും ഞെട്ടടരും വരെ പ്രണയം
സവർണൻ അവർണ രാത്രിയിൽ ഇരുന്നു കണ്ട കഥ അറിയാത്ത ആട്ടം പ്രണയം
ചുമട് താങ്ങിയായി വന്നു നിന്ന് പയ്യെ ചുമടായി മാറുന്ന ഭാരവും പ്രണയം
ആരുടെയോ ജാതകം പോക്കറ്റടിക്കുന്നതുവരെ സൂക്ഷിക്കുന്ന ഹൃദയം പ്രണയം
പോക്കറ്റിൽ കിടന്ന പറന്നു  പോയ കാശും പ്രണയം
പശിമ ഉള്ള പശ്ചിമ രാശിയിൽ വീണ ഇളകിയ മണ്ണും പ്രണയം
മേഘത്തിൽ നിന്ന് പിടിവിട്ടു പോയാൽ-
ഭൂമിയിൽ  പതിക്കുന്നത് വരെയുള്ള അസ്വസ്ഥത  പ്രണയം
ചില്ലൂഞ്ഞാലാടുന്ന ശരീരത്തിലെ മനസ്സുതന്നെ പ്രണയം
പണി ഇല്ലാത്തവർക്ക് ഒഴിവുകാല വിനോദവും പ്രണയം
മഴ നനയുന്ന വിറക്കാത്ത  ആരോഗ്യം  പ്രണയം
ജനിച്ച തെറ്റിന്റെ തെറ്റായ പ്രായശ്ചിത്തം പ്രണയം
ഉന്മത്തമായ മനസ്സിൽ അസ്ഥായി  ഭാവം പ്രണയം
വെയിൽ കൊണ്ട് തളരുന്ന ദേഹത്തേക്ക് നീളുന്ന തണലാണ്‌ പ്രണയം
പച്ചപ്പുള്ള ഇലയിൽ നിന്ന് കരിയിലയിലേക്കുള്ള നിറമാറ്റമാണ്‌ പ്രണയം
ഉപഭോഗത്തിനും തിരസ്കരണത്തിനും ഇടയിലെ കൈകാര്യം ആണ് പ്രണയം
ഉറപ്പില്ലാതെ തുടങ്ങി കൃത്യമായി അവസാനിക്കുന്ന യാത്ര പ്രണയം
ഇരുമ്പ് കുടിച്ച ജ്യുസും അതേ പ്രണയം
ആരെങ്കിലും ചെയ്തു വിജയിച്ചെന്നു അവകാശപ്പെടുന്ന തികഞ്ഞ പരാജയം പ്രണയം

Tuesday, 16 July 2013

ദത്തു ഭൂമി

ഭാരതം എന്നോ ആർക്കോ  ഒരു ദത്തു ഭൂമി
ദത്തെടുക്കപ്പെട്ട മക്കൾ എല്ലാവരും  ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന് പഠിക്കും?
ദത്തെടുത്ത പാർട്ടികൾ ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന്  പഠിക്കും?
മതങ്ങൾ മനസ്സിലാക്കും
ദത്തു പുത്രിമാർ മനസ്സിലാക്കും
ഈ ഭൂമി  സ്വന്തം അമ്മ ആണെന്ന് മക്കൾ എന്ന് മനസ്സിലാക്കും 

Sunday, 14 July 2013

അവാർഡ്‌

അരക്കിലോ മഴമേഘം
ഒരു പൈന്റ് അടിച്ച കാറ്റിനോടൊപ്പം ഒളിച്ചോടി
അതറിഞ്ഞു ആകാശം രണ്ടിനെയും  പടി അടച്ചു പിണ്ഡം വച്ച്
രണ്ടും കറങ്ങി നടന്നു
ആദ്യത്തെ കുട്ടി "മഴ" ഉണ്ടായപ്പോൾ ആകാശം ഒന്ന് തണുത്തു
വെയില് കാട്ടി ഒന്ന് ചിരിച്ചു
എല്ലാവർക്കും സന്തോഷമായി മഴവില്ല് അലസമായി ഒരു കവിത അങ്ങട് എഴുതി മാഞ്ഞു
പറന്നു പോകണ്ടിരിക്കാൻ ചക്രവാളം അതിന്റെ മുകളിൽ ഒരു കല്ലെടുത്ത്‌ വച്ചു

ഫ്ലാഷ് ന്യൂസ്‌ കണ്ണേറു    കിട്ടി പാഞ്ഞു

കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......


പംക്തികളേക്കാൾ പ്രസിദ്ധരായ  എഴുത്തുകാരുടെ പേര് പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങൾ കാർക്കിച്ചു തുപ്പി!
 ഫൂ!!!  ഉന്നതങ്ങളിൽ അവന്റെ  ഒരു പിടിപാട് !

താമര പെണ്ണ്

ചെന്താമര എന്നും കുളിക്കാനിറങ്ങുന്നു
ഹരിത മനോഹര പുടവ ചുറ്റി
ചേറുള്ള കുളത്തിൽ മാറുലഞ്ഞു
പൊക്കിൾക്കൊടി കാട്ടി തണ്ടുലഞ്ഞു
പല ദളങ്ങളായി  മുങ്ങി നിവരുന്നു
സൂര്യനെ നോക്കിയാ താമരയാൽ
വെള്ളത്തിലായിട്ടും നീന്തി തുടിക്കുന്ന
വേരോ സുവർണ്ണ പാദസരം
വൈരം പതിപ്പിച്ച മൂക്കൂത്തി പോലെ
വെള്ള തുള്ളികളെങ്ങും തിളങ്ങി നില്പ്പൂ
മാറിലെ മാദക കൂമ്പുകളായി
പൂമൊട്ടു പലതും ഒളിച്ചുനില്പ്പൂ
തേൻ തേടി പാറുന്ന വണ്ടുകളായ്
കണ്ണുകൾ നീളുന്നു നിന്നെ നോക്കി
എൻ മനം കാറ്റായി ഉലച്ചതാണോ
നാണിച്ചു നീ മുഖം കുനിച്ചതാണോ

വാർദ്ധക്യം


കാഴ്ച്ചയെ നീ കറുത്തു തുടങ്ങിയോ
കണ്ണിൽ എഴുതാത്ത വെളുപ്പ്‌ പോലെ
കേൾവിയെ നീ അകന്നു പോകുന്നുവോ
വിളിച്ചാൽ കേൾക്കാത്ത പേര് പോലെ
ഓർമയെ നീ വെറുത്തു തുടങ്ങിയോ
ഭാര്യ ഉപേക്ഷിച്ച പാതി പോലെ
സ്നേഹമേ നീ അടുപ്പം മറന്നുവോ
വേവാത്ത കഞ്ഞിതൻ വറ്റ് പോലെ
കുടുംബമേ നീ കൂട്ട് വെട്ടുന്നുവോ
വാർദ്ധക്യത്തിലെ സദനം പോലെ
മുടിയിഴകളെ നീ വെള്ള പുതച്ചുവോ
ജീവനില്ലാ ദേഹത്തെ  പട്ടു പോലെ
മേഘമേ നീ എനിക്കേകാതെ പോകയോ
കണ്ണ് കൊതിക്കുന്ന നീര് പോലെ
കാലമേ നീ എന്നെ കൂട്ടാതെ പോകയോ
കാണാൻ ഭയക്കുന്ന ഭൂതം പോലെ
വാർദ്ധക്യമെ നീ ശരിക്കും പലർക്കു-
മെന്നും കറുപ്പിലേക്കടുക്കുന്ന വെളുപ്പ്‌ തന്നെ

Saturday, 13 July 2013

നാൽക്കാലി

മഴയത്തും വെയിലത്തും
ഇറയത്തും തെരുവിലും
തൊഴുത്തൊഴിച്ചെല്ലായിടത്തും
ചാണകം നീയൊരു ആണു തന്നെ
ചാകണം നീയൊരു കണ്ണീരു തന്നെ
തൊഴുത്ത് അതൊരു വീടു തന്നെ
വൈക്കോൽ ഒരു കച്ചി തുരുമ്പ് തന്നെ
കാലി നീ ഇരുകാലി ഇണ ചേർന്ന
നീണ്ടു നിവർന്ന സമൂഹം തന്നെ 

ലോക ക്രമം (പഴയത്) പുതിയതും അത് തന്നെ

പുതിയ ലോക ക്രമം ഉരിത്തിരിഞ്ഞു വന്നു
കാണാൻ പോയ മനുഷ്യൻ അതിൽ "തന്നെ" തപ്പി

ഇതിൽ എവിടെ "മനുഷ്യൻ"?

മതം /കമ്പോളം
രാഷ്ട്രീയം
അഴിമതി
അടിമത്തം

ഇതിൽ എല്ലാം ഉള്ളത്  മനുഷ്യൻ തന്നെ മനുഷ്യാ....
നഷ്ടപെട്ട പ്രകൃതിയെ നീ തിരഞ്ഞില്ലല്ലോ!!! തിരിച്ചടിച്ചു പുതിയ ലോക ക്രമം

മനുഷ്യനു  വീണ്ടും സംശയം.... മതത്തിനും.. കമ്പോളത്തിനും ഒരേ സ്ഥാനം???

എന്ത് കൊണ്ട് ആയികൂടാ? തിരിച്ചു ചോദിച്ചു പുതിയ ലോക ക്രമം.....
ലോക ക്രമം തുടർന്നു.. നോക്കൂ .. "രണ്ടും ബ്രാൻഡ്‌ ചെയ്തു ലേബൽ  ചെയ്ത ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ജനനം മുതൽ മരണം വരെ മതം മനുഷനെ ബ്രാൻഡ്‌ ചെയ്യുന്നു അവന്റെ ആഹാരം പേര് വസ്ത്രം പണം ദൈവം  ജനനം മരണം വരെ.. മണ്ണ്.. എണ്ണ.. ഡോളർ. റബ്ബർ എല്ലാം പുതിയ മതങ്ങൾ മണ്ണെണ്ണ പുതിയ ഇന്ധനം"

മനുഷ്യൻ നിര്മിച്ച.. മനുഷ്യരല്ലാത്ത  എല്ലാത്തിനെയും നവ കമ്പോള വ്യവസ്ഥ ബ്രാൻഡ്‌ ചെയ്യുന്നു.. പേറ്റന്റ്‌ ചെയ്യുന്നു.. രണ്ടും ഒന്ന് തന്നെ... ഒന്ന് മനുഷ്യന് വേണ്ടി, മറ്റൊന്ന് മനുഷ്യൻ അല്ലാത്ത എല്ലാത്തിനും വേണ്ടി...
പ്രതികരിച്ചു... പറഞ്ഞു നിർത്തി.  പുതിയ ലോക ക്രമം

മനുഷ്യൻ വീണ്ടും അപ്രത്യക്ഷമായി ലോക ക്രമം പ്രത്യക്ഷമായി 

ആമയും മുയലും വീണ്ടും

അങ്ങിനെ ഓരോ അഞ്ചു വർഷം തോറും നടത്താറുള്ള ആമയും മുയലും തമ്മിലുള്ള വർഗ്ഗീയ  മത്സരം  കാട്ടിൽ അടുത്ത് വരുന്നു...

ഇത്തവണയും ആമക്ക്‌ പ്രയോചകർ ധാരാളം പേരുണ്ട്. ബഹുരാഷ്ട്ര എണ്ണ കമ്പനികൾ, ടയർ കമ്പനികൾ, ആമയുടെ തോടിനോട് ബഹുമാനം ഉള്ള ചില്ലറ വ്യാപാരികൾ, ആമയുടെ വേഗതയിൽ സഹതാപം ഉള്ള മനുഷ്യാവകാശ പ്രവർത്തകർ, ആമ എപ്പോഴും പാവം ആണ് എന്ന് വിശ്വസിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങൾ....

മുയൽ പതിവ് പോലെ കസറത്തു നേരത്തെ തുടങ്ങി, അഹങ്കാരത്തിന് ഒരു കുറവും ഇല്ല! "മുമ്പും ഞാൻ 0 ത്തിൽ നിന്ന് 3 മൈൽ കടന്നത്‌ നിമിഷങ്ങൾ കൊണ്ടാണ്!" "ഞാൻ മണ്ണിന്റെ പുത്രനാണ്", കരയിൽ ഞാനാണ്‌ ആന! ചേന.. മാങ്ങത്തോലി, ആമയെ "ക്ഷ" "റ" വരപ്പിക്കും, നക്ഷത്ര കാൽ എന്ണിക്കും...  ആമ വെള്ളത്തിൽ നിന്ന് വന്നതാണ്‌ എന്നൊന്നും  എന്നൊന്നും പറയണ്ട ...കേട്ടാൽ തന്നെ തൊലി ഉരിയും!

എല്ലാ തവണയും തോല്ക്കുന്ന സഹതാപം കൊണ്ടെങ്കിലും മുയലിനെ  ഒന്ന് പ്രോത്സാഹിപ്പിക്കാം എന്ന് വിചാരിച്ചാൽ മുയൽ ഒന്നുകിൽ ഉറക്കം നടിച്ചു തോൽക്കും, അതല്ലെങ്കിൽ ആമയെ ജയിപ്പിക്കുവാനായി മാത്രം മത്സരിക്കുന്ന  മുയൽ  "മുയലിന്റെ തോലിട്ട ആമ തന്നെ" എന്ന് തോന്നിയ തോന്നിവാസി  കഴുത ഇത്തവണയും മത്സരം കാണാൻ തയ്യാറെടുത്തെങ്കിലും; ജയിച്ചു കഴിഞ്ഞാൽ ആമയുടെ പുറന്തോടിനു പുറത്തു വരുന്ന  അഹങ്കാരത്തിന്റെ മുഖവും ഓർത്ത്  അടുത്ത അഞ്ചു വർഷം വരെ ആമയുടെ ഭാരം ചുമക്കേണ്ട ദുർവിധിയെയും പഴിച്ചു കിടന്നുറങ്ങുവാൻ തന്നെ തീരുമാനിച്ചു.

Friday, 12 July 2013

പ്രണയം (ഐ ലവ് യു ചെയ്തത്)

ജീവിതം സുന്ദരം സൌന്ദര്യ പൂരണവും
മരണം സാന്ത്വനം അനിവാര്യ ഭാജ്യവും
സുന്ദര ജീവിതം സ്വപ്നമായ് കണ്ടിടാം
മരണം കൊതിച്ചങ്ങു സായൂജ്യം നേടിടാം

ഉറക്കത്തിൽ സ്വപ്‌നങ്ങൾ കനവായി മറന്നിടാം
ജീവനിൽ മരണവും സ്വപ്നമായ് കണ്ടിടാം
ദിവാസ്വപ്നങ്ങൾ സ്വപ്‌നങ്ങൾ ആയാലും
പ്രണയവും മരണവും കനവായി കാണുക

ഒരിക്കലും മരിക്കരുതറിഞ്ഞു കൊണ്ടായാലും
പ്രണയമോ ആയിടാം അറിയാതെ ആണെങ്കിൽ
തിരിച്ചു വരവുകൾ എളുപ്പമല്ലെങ്കിലും
വന്നാലോ അത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

പ്രണയിക്കും മുമ്പേ കൃഷ്ണനൊന്നാകിലും
മയിൽ പീലി വർണങ്ങൾ തലയിലുണ്ടാകിലും
മഴവില്ല് കാലം കുടയായ് നിവർത്തീടിലും
പ്രണയ ശേഷം ആരും കർണനായ് ത്യജിച്ചീടാം
മയിൽ പീലി കൾ കറി വേപ്പില ആയിടാം
മഴവില്ലോ അന്ധന്റെ ഇരുട്ടായ്‌ മറഞ്ഞെക്കാം

ജീവിതമോ കുത്തഴിഞ്ഞ പുസ്തകമായീടാം
ആത്മ ഹത്യതൻ കെട്ടു അഴിഞ്ഞങ്ങു വീണേക്കാം
മറിക്കുവാൻ മടിക്കുന്ന താളുകളായേക്കാം
പ്രണയം പൊഴിച്ച തൂവലായ് അടർന്നേക്കാം

ഏതു പുഷ്പവും പ്രണയമായ് തോന്നിടാം
അടർത്തിയാൽ വാടിയ പൂവായ് കൊഴിഞ്ഞീടാം
നില്ക്കട്ടെ കണ്ടോളൂ മോഹമായ് മറന്നോളൂ
പിച്ചല്ലേ ഇറുക്കല്ലേ പൂ മൊട്ടായ് വാടുമേ

കയ്യെത്തും ദൂരത്തു വിടരുന്ന പ്രണയത്തെ
ഇറുക്കാതെ മണത്താലും  കണ്ടങ്ങ്‌ മറന്നാലും
ഇറുത്താലോ പറിച്ചാലോ സ്വന്തമായി ഗണിച്ചാലോ
നിരാശ തൻ താജ്മഹൽ കണ്ണീരിൽ കണ്ടേക്കാം

ഏകനായി പൂക്കൾ വിടരാത്ത വസന്തത്തിൻ
ഏദൻ തോപ്പിൽ നോക്ക് കുത്തിയായി നിന്നേക്കാം
പ്രണയം ഏവർക്കും കൊതിക്കാമെന്നാകിലും
പ്രണയം ഏവർക്കും വിധിച്ചതല്ല ഓർക്കുക

വിധിച്ച പ്രണയം മരണമെന്നോർക്കുക
ജീവിതം പ്രണയമായ് മോഹിച്ചു തീർക്കുക
കരയുന്നതെല്ലാം കാമമെന്നറിയുന്ന കുതിരയും
പ്രണയിച്ചാൽ വെറും കഴുത എന്നോർക്കുക

Thursday, 11 July 2013

കലി കാലം

കാലം കലിയായ്‌ മരണം വരേണ്യമായ്‌
ചിന്തകൾ സങ്കുചിതങ്ങളുമായ്
പുരുഷനായ്, സ്ത്രീത്വമായ്
ജാതിയായ് വർഗമായ്
മതമായ് ദൈവമായ്
മത പരിവർത്തനങ്ങളുമായ്
രാഷ്ട്രമായ് രാഷ്ട്രീയമായി
ഭാഷയായ് അനുചിതങ്ങങ്ങളുമായ്
 പാർശ്വമായ്‌
അടിമയായി അടിമത്തങ്ങളായ്!


യുക്തി ചിന്തകൾ പുലരട്ടെ മണ്ണിൽ,
ചിന്തകൾ ചിതലെടുക്കില്ലോരിക്കലും
സമ്പത്ത് മണ്ണാകാം പൊന്നാകാം എന്നാൽ നശിച്ചേ പോയേക്കാം
ചിന്തകൾക്ക്‌ നാശമില്ലോരിക്കലും നല്ല ചിന്തകൾ കാലം എടുത്തേക്കാം
കാലങ്ങൾ അത് ഏറ്റെടുത്തീടട്ടെ അധരങ്ങൾക്ക് അത് വിശ്രമം ഏകട്ടെ
വ്യായാമങ്ങൾ ശരീരങ്ങൾക്കിരിക്കട്ടെ, കൈകൾ വയറിന്നായ്
അധ്വാനം ചെയ്യട്ടെ , കാലുകൾ ഹൃദയത്തിനായ്‌ വ്യായാമം ചെയ്യട്ടെ
ആരോഗ്യമുള്ള ഹൃദയങ്ങൾ ഒന്നായി പുലരട്ടെ,
ശുദ്ധമാകട്ടെ രക്തവും ചിന്തയും
അടിമത്തങ്ങൾ പോയി തുലയട്ടെ മണ്ണിനടിയിലായി
പേശികൾ ബലമായ്‌ പുലരട്ടെ , സ്വതന്ത്ര മാകട്ടെ ചിന്തകൾ ഭൂമിയിൽ
തൊട്ടു കൂടായ്മകൾ ഭൂതങ്ങളാകട്ടെ, പേടിപ്പെടുത്തട്ടെ ചരിത്രങ്ങളായി പിന്നെ
സ്വതന്ത്ര മാകട്ടെ മണ്ണും മനുഷ്യനും, ശുദ്ധമാകട്ടെ വായുവും വെള്ളവും
സ്വതന്ത്രം ആകട്ടെ മണ്ണും മനുഷ്യനും ശുദ്ധമാകട്ടെ വായുവും വെള്ളവും

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ?
സ്വയം അഗ്നിയായി ബാണമായ് മാറിയോ
സീതതൻ ചാരിത്ര്യ ശുദ്ധിയിൽ
തറച്ചുവോ?
ക്ഷത്രീയ ധർമത്തിൻ
മാനമായി കാത്തുവോ?
ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ
സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ?

രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ
രാജ ധർമം അനുവദിച്ചീടിലും
ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ
മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ
രക്തം തടസ്സമായെങ്കിലോ?
സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ
പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ
പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി
പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ
പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ
എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ
വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ
എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ
ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ്
ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും
ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ
രാമായണംഇനിയും തുണക്കണം 
തുണയായി പഠിക്കണം 
പാരാകെ രാമായണം  ഉരചെയ്തു പുലരണം 
രാമായണം പാരായണം  പാരണ യാകണം
രാമ രാമ രഘു രാമ ജയാ ജയാ
സീത പതേ  രാജ്യ പാലക രാഘവ 

Wednesday, 10 July 2013

ചിതയിൽ ഒരു സതി

ജീവിതത്തെ പ്രണയിച്ചു കൊതി തീര്ന്ന ജഡവും
നട്ടാൽ കുരുക്കാത്ത കള്ളം പറഞ്ഞു വേര് ഉറക്കാത്ത മതങ്ങളും
ആർത്തലച്ചു നടത്തുന്ന പുല അടിയന്തിരങ്ങളിൽ
മരണം ഒരു ആചാരവും അടക്കം ഒരു അനുഷ്ടാനവും
ചിത ഒരു അലങ്കാരവും ആയി ഓച്ചാനിച്ച് നിൽക്കുമ്പോൾ
പല ശവങ്ങളും ഒരു പുരുഷനായി മരിച്ചു കിടക്കാറുണ്ട് ...  നിശ്ചലം


നട്ടു നനക്കാത്ത തൊട്ടു കൂടാത്ത ഗർഭിണി മാവുകൾ
ഞെട്ടിൽ തൂങ്ങി പൊക്കിൾ കൊടി അറുക്കാത്ത മൂവാണ്ടൻ മാങ്ങകൾ
മുല ഞെട്ട് ചോരുന്ന കറ യൂറുന്ന  യൗവന മരങ്ങൾ
ചന്ദന മണ മുള്ള ഇത്തിൾ കണ്ണി പോൽ മുട്ടുള്ള മുട്ടികൾ
വെട്ടി ചിതയിൽ വച്ച് സതി ഒരു അനാചാരമായി അനുഷ്ടിച്ചു
ചിതയിൽ ഒരിക്കൽ കൂടി മരിച്ചു ദഹിച്ചു വീഴാറുണ്ട്‌............ .. ...  സലജ്ജം

മരമേ നിന്നെ അടക്കുന്ന ചിതകളിൽ നിന്നെ ദഹിപ്പിക്കുവാൻ
ഒരു ശവം കൂടി വച്ചതാണെന്നു മാപ്പ് പറഞ്ഞു മരിച്ചു വീഴട്ടെ ഞാൻ.. നിര്ജീവം 

മറവി

ഓർമ നിറമുള്ള കറിവേപ്പിലകൾ
ആവശ്യം കഴിയുന്ന ശുഭ മുഹൂർത്തങ്ങളിൽ
ഉറക്ക കയറുമായി കഴുത്തിന്‌ മുകളിൽ
തൂങ്ങി കയറി കാലത്തിന്റെ ചുറ്റിട്ടു
തലക്കുമുകളിൽ നിന്ന് താഴേക്ക്‌ ചാടി
ആത്മഹത്യാ ചെയ്തു മറന്നു പോകാറുണ്ട്...


ഒരു കൊലക്കുറ്റം   ഒഴിഞ്ഞ ആശ്വാസത്തിൽ 
ഒരു നെടുനിശ്വാസം ഉതിർത്ത്‌
രാമനാമം ജപിക്കുന്ന നാവിലകൾ
മിണ്ടാതെ ചൊല്ലി ആഹ...  പ്രായമായില്ലേ! 

Tuesday, 9 July 2013

മതം പ്രാർത്ഥന


മതം ആരുടെ? എന്റെ മതം 
ഏതെങ്കിലും മതത്തിൽ വിശ്വസിച്ച ആരെങ്കിലും കണ്ടു പിടിച്ച എന്തെങ്കിലും ആണോ മതം?
മതത്തിന്റെ മുമ്പേ നടന്ന മനുഷ്യരുടെ പിറകെ നടന്ന അനധർ വിളിച്ചു കൂവി ദേ മതം അവനല്ലേ മതാന്ധൻ

ജനിച്ചപ്പോൾ നിനക്ക് മതം ഉണ്ടായിരുന്നോ?
ഇല്ല
മരിക്കുമ്പോൾ വേണോ?
ഉം വേണം
എങ്കിൽ പിന്നെ നിനക്ക് മരിച്ചിട്ട് പോരെ മതം?
ഉത്തരമില്ലേ?
ഉണ്ട് ഒരു പഴഞ്ഞൊല്ല
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
മതത്തിൽ വിശ്വസിച്ചാൽ? മതത്തിൽ മാത്രം വിശ്വസിച്ചാൽ ചിലപ്പോൾമതം അധികാരത്തിലേക്കുള്ള കുറുക്കു വഴി
അപ്പൊ ദൈവത്തിലേക്കോ?
എന്താ സംശയം പല വളഞ്ഞ വഴി
പലതോ?
ഉം... മതങ്ങൾ പലതല്ലേ?
ആ  വഴിയിൽ ചില ഇടത്താവളങ്ങളും അതെന്താ
അതെന്തായാലും നീ സത്യ വിശ്വാസി ആയിരിക്കാം പക്ഷെ  ആ ഇടത്താവളങ്ങളിൽ വിശ്രമിക്കുവാൻ നിന്റെ കൂടെ കിടക്കുന്നത് വര്ഗീയ വാദി ആയിരിക്കാം ചിലപ്പോൾ തീവ്ര വാദിയും, നീ കൂടെ കിടക്കുന്നോ? ആ വഴി പോകണോ?
എല്ലാവരും പോകുമ്പോ
എല്ലാവരും പോകുമ്പോ നീ ഒറ്റക്കാവും എന്നാ പേടിയ അല്ലെ
ഉം അതെ
അപ്പോൾ നിന്റെ വിശ്വാസം ഈശ്വരനിലോ അതോ മതത്തിലോ?
അയ്യേ മതത്തിലായിരുന്നു? അല്ലെങ്കിൽ ഞാൻ എന്തിനാ പേടിച്ചേ?
ഈശ്വരനെ വിശ്വസിച്ചാൽ പേടിക്കണോ?


ദൈവത്തിനു മതം ഉണ്ടോ?
ഉണ്ടല്ലോ?
ആരു പറഞ്ഞു
ഞാൻ
എങ്കിൽ പറ ഏതു മതം
ഈശ്വരൻ എല്ലാ മതത്തിലും ഉണ്ടല്ലോ
അപ്പോൾ ഈശ്വരന് മതം ഉണ്ടോ?
ഇല്ല
നിനക്കോ?
ഉണ്ട്
ഈശ്വരന് ഇല്ലാത്ത മതം നിനക്ക് വേണോ?
അയ്യേ ശരിയാ എനിക്കൊന്നും വേണ്ട

മതങ്ങൾ എല്ലാം കലഹരണ പെട്ട ചിന്തകൾ ആകുന്നത്‌
എന്റെ മതം ആണ് ഏറ്റവും ഉദാത്തം എന്ന് ഉറപ്പിക്കുമ്പോൾ ആണ്
സ്വന്തം മതം ഉദാത്തം ആകും മറ്റു മതങ്ങൾ തന്റെ മതം പോലെ ഒരമ്മ പെറ്റത് എന്ന്  ചിന്തിച്ചാൽ, ഏതു മതം ആയാലും ഈശ്വരനിൽ വിശ്വസിക്കുന്നിടത്തോളം, അത്  ഒന്ന് തന്നെ

പ്രാർത്ഥന
ഈശ്വരാ ഞാൻ എന്തൊരു പൊട്ടനാ...ദൈവമേ...
പ്രാർത്ഥിച്ചു  ഞാൻ കാത്തിരുന്നു

ആത്മഗദം എന്ന് കരുതി ഈശ്വരൻ വെറുതെയും

പൊട്ടന് ചെവി കൊടുത്തത് വെറുതെ ആയല്ലോ
ഈശ്വരന്റെ ആത്മഗദം ഞാൻ കേട്ടുവോ

(അവനവന്റെ പണി അവനവൻ ചെയ്താൽ ഈശ്വരന് പണി കുറഞ്ഞു കിട്ടും, അല്ലാതെ മതത്തിൽ വിശ്വസിച്ചു ഈശ്വരന് പണി കൊടുക്കുന്നതല്ല മത വിശ്വാസവും പ്രാർത്ഥനകളും
പ്രാർത്ഥനകൾ കർമങ്ങൾ ആകട്ടെ
സദ്പ്രവർത്തികളും പ്രാർത്ഥിക്കുവാൻ പോലും കഴിയാത്തവർക്ക് വേണ്ടി ആകട്ടെ നമ്മുടെ പ്രാർത്ഥനകൾ? അത് എന്തിനു സ്വാർത്ഥം ആകണം)
അപ്പോൾ എന്റെ പ്രാർത്ഥന?
അത് രഹസ്യമായിരിക്കട്ടെ

പ്രാർത്ഥന രഹസ്യമാകുമ്പോൾ
വിശ്വസിക്കുവാൻ പരസ്യമായി ഒരു മതം എന്തിനു
അതെ മതം ഒരു പരസ്യമാണ് എല്ലാ പരസ്യങ്ങളും പോലെ ഈശ്വരന്റെ പേരിൽ പ്രസിദ്ധീകരിക്കുന്ന മത രാഷ്ട്ര കുത്തകളുടെ ബഹു രാഷ്ട്ര പരസ്യം

മരണത്തിനു അതെ ഭ്രാന്താണ്

ഒരു പൂവിന്റെ നൈർമല്യമായ്
ഒരു നോവിന്റെ സുഖവുമായി
പൂമ്പാറ്റയുടെ നിഷ്കളങ്കതയുമായ്
പല തെറ്റിന്റെ പശ്ചാത്താപമായ്
ജനിച്ച കുറ്റത്തിന് ഹൃദയത്തിനെന്തിനു
കാലം ഇത്ര കരുത്ത് മനക്കട്ടിയായ്
പകർന്നേകുന്നു വയസ്സായ് ആയുസ്സായ്

ഒരു സങ്കടത്തിന്റെ വിങ്ങലിൽ
അതിന്റെ തേങ്ങലിൽ ചങ്കു ഒന്ന്
പൊട്ടിതകർന്നു മരിച്ചിരുന്നെങ്കിൽ
എത്ര ആത്മഹത്യകൾക്ക്‌ അത്
ശാപമോക്ഷമായ് മാറിയേനെ

രക്തം ഹൃദയത്തിൽ ധാര കോരിയേനെ
ആത്മാവ് തണുത്ത് ശാന്തമായേനെ
തണുത്ത മണ്ണിന്റെ ശാന്തമാം
ഗർഭ പത്രങ്ങളിൽ വീണ്ടും ജനിക്കുവാൻ
കടന്നു പോയേനെ
ആരുടെയും കണ്ണിൽ പൊടിയായ്
പെടാതെ
ഒരു കുട്ടിയായി തന്നെ അനാഥമായ്
പോയേനെ
വിളിക്കാതെ ചെല്ലുന്ന അഥിതിയായി
വന്നേനെ
കാലത്തിന്റെ വാതിൽ തള്ളി തുറന്നു
അകത്തേക്ക് അകലത്തേക്ക്
ഓടി മറഞ്ഞേനെ
എല്ലാം മറന്നു ചിരിച്ചേനെ
പൊട്ടി ചിരിച്ചേനെ
കാലത്തിന്റെ പൊട്ടി ചിരി കേട്ട് ഉണർന്നേനെ
മരണത്തിന്റെ ഒച്ച കേൾക്കാതിരുന്നെനെ
മരിക്കാതിരുന്നേനെ ജീവിക്കാൻ കൊതിച്ചേനെ....

മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും
മരിക്കുവാൻ ആർക്കും കഴിയുന്നുമില്ല
അത് തന്നെയത്രേ  ജീവിതം!
ജീവിതവസാന ദു:ഖവും ക്ലേശവും

Monday, 8 July 2013

റമദാൻ പുണ്യംആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ്
മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ്
പിറയായ് നോമ്പായ് സഹനം സ്നേഹമായ്
റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി

മനസ്സും ശരീരവും അവനിൽ അർപ്പിച്ച്
അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി
മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌
ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ്

റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി
നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌
റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌
നന്മകൾ എന്നും ചൊരിയുന്ന  നേരമായി

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി
ഇരുകര കാണാതെ ഒഴുകും നദി
കണ്ണീർ കയങ്ങൾ തീർക്കും നദി
പ്രത്യയ ശാസ്ത്രം മറക്കും നദി

മുഷ്ടി ചുരുട്ടാൻ മറന്ന നദി
കണ്ണുരുട്ടാൻ പഠിച്ച നദി
മർക്കട മുഷ്ടികൾ തീർത്ത നദി
കുലം മറന്നോഴുകുന്ന മരണ നദി

വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി
സംസ്കാരം കുലം കുത്തിയ ദുരന്ത നദി
ജനഹിതം കടപുഴക്കിയ ദുരിത നദി
അടിസ്ഥാന വർഗം മറക്കും നദി

നഗരങ്ങൾ താണ്ടി തടിച്ച നദി
മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി
അറബി കടലിൽ പതിക്കും നദി
എന്തിനോ ഒഴുകുന്ന ഏതോ നദി
         
                                     നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന് 

വേനലിൽ കുളിര് പകർന്ന പുഴ 
ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ
അദ്വാന സ്വേദം അറിഞ്ഞ പുഴ 
മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ 
മുദ്രാവാക്യങ്ങൾ വിളിച്ച പുഴ 
തടസ്സങ്ങൾ പലതും കടന്ന പുഴ
കൃഷിയിടങ്ങൾ നനച്ച പുഴ 
ജനമനസ്സുകളറിഞ്ഞ പുഴ 
നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ
വിഷം കലരാ തെളിനീർ പുഴ 
വിപ്ലവ രക്തം കാത്ത പുഴ  
ധീരമായി ഒഴുകിയ  സഖാവു പുഴ 
സാംസ്കാരിക നായകർ കുളിച്ച പുഴ
അന്ധവിശ്വാസങ്ങൾ കളഞ്ഞ പുഴ 
കമ്മ്യുണിസ്റ്റ്   പച്ചകൾ തളിർത്ത പുഴ 
കൊച്ചണക്കെട്ടുകൾ കടന്നപുഴ
വലിയ ഡാമുകൾ തകർത്ത പുഴ
കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട പുഴ 
നദികൾ വിഴുങ്ങിയ കൊച്ചു പുഴ  Sunday, 7 July 2013

അന്തി കല്യാണം

എന്നും തൃസന്ധ്യയിൽ ചക്രവാളത്തിനു
സീമന്തരേഖയിൽ സിന്ദൂരം
കടലുകൾ സുവർണ പുടവ ചുറ്റി
പവിഴമല്ലികൾ പൂത്തുലഞ്ഞു
പോക്കുവെയിൽ പൊന്നണിഞ്ഞു
കടൽത്തീരമാകെ പുരുഷാരം..... മണൽത്തരി  പോലെ എത്തിയ പുരുഷാരം

കുരവയുമായി എതിരേറ്റു
അലയടിച്ചുയരുന്ന തിരമാല
സൂര്യനാണ് വരനെന്നു അടക്കം പറയുന്നു
വടക്കുനിന്നെത്തിയ കടൽക്കാറ്റു... വടക്കുനിന്നെത്തിയ കുളിർക്കാറ്റു

നെറ്റിയിൽ പൊട്ടു തൊട്ട വരൻ
വൈകി എത്തുന്നു താര തോഴിമാരും
മധു വിധുവിന് തിരക്ക് കൂട്ടുന്നു
തോഴനായ്‌ എത്തിയ ചന്തിരനും.. കള്ള ചിരിയോടെ എത്തിയ ചന്തിരനും

നിലാവോരിത്തിരി കുളിരു പകരുന്നു
എത്തിനോക്കുന്നു താരകളും
ഇരുളിന്റെ കമ്പിളി പുതപ്പുമായി എത്തുന്നു
മണിയറ വാതിലടച്ചു രാത്രി ..... നാണിച്ചു മുഖം താഴ്ത്തി വാതിലടച്ചു രാത്രി 

മഴവില്ലഴക്

മഴവില്ലഴകായ് പുടവ ചുറ്റി
കാർമേഘം നാണിച്ചു മുഖം കുനിച്ചു
സൂര്യനോ കള്ളക്കണ്ണിട്ടു നോക്കി
സുവർണ വെയിലിൻ മാല ചാർത്തി

ഈറൻ മിഴിയുമായ് ഭൂമി വിങ്ങി
കാറ്റോ കലിതുള്ളി പാഞ്ഞു പോയി
തിരമാല തല്ലി കടലു തുളളി
മേഘങ്ങൾ ആർത്തലച്ചു വന്നു

ഓളങ്ങൾ താളം മറന്നു പോയി
ഓടങ്ങൾ പേടിച്ചു കരക്കണഞ്ഞു
പുഷ്പങ്ങൾ വാടി അടർന്നു വീണു
മരിവിൽ പുടവ വലിച്ചെറിഞ്ഞു

മഴവില്ലഴകോ മറഞ്ഞു  പോയി
ഒന്നും മിണ്ടാതെ മാഞ്ഞുപോയി

Thursday, 4 July 2013

നിഴലിന്റെ രഹസ്യം

പകലിനെ മാനഭംഗപ്പെടുത്തിയാണ് ഓരോ രാത്രിയും കടന്നു പോകുന്നത്
എന്നിട്ടും ഒന്നും നഷ്ടപെടാതെ ഒന്നും അറിയാത്ത  പോലെ പകലുകൾ പുലരിയായി ഉറക്കച്ചടവോടെ എഴുന്നേറ്റു കടന്നു വരും.. തീണ്ടാരിയിൽ മാത്രം  മഞ്ഞു കൊണ്ട് ഒരു പുണ്യാഹം വർഷത്തിൽ ചില മഴകളും പകൽ ഇന്നും കന്യക തന്നെ!

 എന്നിട്ടും ഒരു സൂര്യ ഗ്രഹണ നാളിൽ പകൽ വെളിച്ചത്തിൽ നടന്ന ഒരു മാനഭംഗ ശ്രമത്തിനിടയിൽ രാത്രി ആ സത്യം തിരിച്ചറിഞ്ഞു താൻ വെറും ഒരു ഷണ്ഡൻ ആണെന്ന സത്യം എന്നിട്ടും പകൽ രാത്രിയെ വെറുക്കാത്ത രഹസ്യം പുറത്തു വിടാതെ നിലാവ് ഒരു നിഴലായി രാത്രിയുടെ കൂടെ!!

പകൽ എന്നും ഒരു സ്ത്രീ തന്നെ
കമാന്ധരായ ഷണ്ഡൻ മാരുള്ള രാത്രി
ധീരമായി കടന്നു പുലരി കന്യകയായി ഉണര്ന്നു വരേണ്ടവൾഅണിയറയിൽ വേഷമിട്ടവർ

പുരുഷൻ : സൂര്യൻ
അരങ്ങത്തു : അഥിതി താരങ്ങൾ
നിലാവ്: പ്രണയം
നിഴൽ: രതി
തിരക്ക് കാരണം പങ്കെടുക്കുവാൻ കഴിയാതിരുന്നത്: ചന്ദ്രൻ (നിലാവ് വച്ച് അഡ്ജസ്റ്റ് ചെയ്തു)

Wednesday, 3 July 2013

വെറും ശശി

കാലു കൊണ്ട് ചവിട്ടി അരക്കണോ?
കൈയ്യുകൊണ്ട് പുകഞ്ഞു മരിക്കണോ?
ജീവിത ബീഡി ത്തിരി  നായകനോട്
കൃതാവു ചൊറിഞ്ഞു  മരണ ബൂട്ടിട്ട വില്ലന്റെ ചോദ്യം

പോടോ അങ്ങിനെ എന്റെ പ്രിയനേ   നിനക്ക്
ഒലത്തുവാൻ വിട്ടു തരില്ലെന്ന് പറഞ്ഞു
ബീഡി ചുണ്ടിൽ നിന്ന് വലിച്ചെടുത്തു മരണ ബൂട്ടിന്റെ കാല്ക്കലിട്ടു
പ്രണയ നായികയുടെ വീര വാദം

വെറും ശവമായി  നായകനും പുകയായി വില്ലനും
അപ്പോൾ കാണികൾ ആരായി വെറും ശശി
സിനിമയോ വെറും പ്രണയവും

തിര തന്നെ

കൊത്തുപണി ചെയ്ത ശിലയായി ആലിംഗനങ്ങൾ  മുറുകുമ്പോൾ അറച്ചാലും വേരറുത്താലും ചെയ്യുന്ന കർമങ്ങൾ  എന്നും ശരീര പൂജ തന്നെ!
ഒരു യാമ   മിഴിയിൽ  ഇമ പൂട്ടി  ഉറങ്ങുവാൻ  കൊഴിഞ്ഞു വീഴുന്നതോ കൂവളത്തിലകൾ  തന്നെ!
ഭക്തി പ്രഹർഷത്തിലലിയുവാൻ പകുതി വായിച്ച പുസ്തകമായി
മലർന്നു കിടക്കുമ്പോൾ നിശ്വാസ വായുവിൽ മറിയുന്ന താളുകൾ മൃതുന്ജയ മന്ത്രം തന്നെ!
കാറ്റടിച്ചുലയുന്ന മരങ്ങളിൽ ഉലയുന്ന ഇലകളോ നിമി എണ്ണി എരിയുന്ന തിരികൾ തന്നെ!
ദാഹിച്ച തിരകളായ് നനഞ്ഞു കയറുമ്പോൾ ഈറൻ മാറി തോർത്തുന്ന
പുണർതം നാളിനു കുളിരുള്ള ഒരർച്ചന   ബാക്കി  തന്നെ!
രതിയുടെ തിരകളെണ്ണുമ്പോഴും കടലിൻ കാലിൽ ഇക്കിളി ഇട്ടതോ വികാര പരൽ മീൻ കുഞ്ഞു തന്നെ!
ഘടികാര സൂചിയിലോഴുകിയ നിമിഷങ്ങൾ കാലത്തിൽ മഞ്ചത്തിൽ ഇറ്റിറ്റു  വീഴുമ്പോൾ ഹൃദയങ്ങൾ ഓള പരപ്പിൽ ഞെളി പിരി കൊണ്ടുതന്നെ!
മൂല അടുപ്പുകളിൽ തിളക്കുമ്പോൾ തൂകുന്ന പാലിന്റെ  മധുരം  വിരലിറ്റി അറിയുമ്പോൾ പൊള്ളുന്ന നാക്കോ  നോവ്‌ തന്നെ!
ഇരുകൈകൾ കൊണ്ടലസ്സമായി അഴിഞ്ഞ മുടി വാരികെട്ടി ഇരുട്ടിലേക്ക് നടന്നകലുന്ന  സന്ധ്യയുടെ അധരകുങ്കുമം തിരഞ്ഞുഴറുന്ന   ഉമിനീർശീൽക്കാരങ്ങൾ പോക്കുവെയിൽ നാളം തന്നെ!
തിരശീല വീഴുമ്പോൾ കളി വിളക്കിൽ വീണു പിടയുന്ന  ജന്മങ്ങൾ ചിറകറ്റ ഈയാം പാറ്റ തന്നെ!
ആടി തളർന്ന കൃഷ്ണശില ആലിന്റെ ചോട്ടിൽ കൊഴിഞ്ഞ അരയാലിലകളിൽ നാണം മറന്നും ഉറക്കം തന്നെ!!! 

ജീവിതം

ജീവിതം ഒരു കവിതയായ് എഴുതുവാൻ പരതുമ്പോൾ
തട്ടി തടഞ്ഞ അക്ഷരങ്ങൾക്ക് നോവിന്റെ ഉളുമ്പ് മണം
മണമുള്ള അക്ഷരങ്ങൾ കണ്ണ് നീർ  വെള്ളത്തിൽ
കഴുകാനെടുക്കുമ്പോൾ കണ്ണീരിനു അഴുക്കു ചാലിന്റെ ഓർമ നാറ്റം  
കണീർ തുടച്ചു ഉണക്കുവാൻ തേടിയ പട്ടിനു ശവക്കച്ചയുടെ പ്രലോഭനചൂര്
ചൂര് അകറ്റുവാൻ ചൂടിയ പൂവിനോ വിവാഹമാല്യത്തിന്റെ കരിഞ്ഞ ഗന്ധം
തിരിച്ചറിയുന്നു   ജീവിതം വിവാഹ സദ്യയുടെ മൃഷ്ടാന്ന ഭോജനത്തിനിടയിൽ
അറിയാതെ നിലത്തു വീണ  കാക്ക കൊത്തുവാൻ മറന്ന എച്ചിലായിരുന്നെന്ന്‌  

Monday, 1 July 2013

ഫെമിനിസ്റ്റ് പ്രണയം

എന്റെ പ്രണയത്തിനു ഒരു മുഖം മാത്രം
അത് നിന്റെതാണ്, എന്റേതല്ല പിന്നെ
നീ എന്റെതാവുന്നതെങ്ങിനെ? നീ എന്റെതാവാതെ
ഞാൻ പ്രണയിക്കുന്നതെങ്ങിനെ? ഞാൻ പ്രണയിക്കുന്നുമില്ല!

എന്റെ രക്തത്തിന് ഒരു നിറം മാത്രം
അത് എന്റെതാണ്, നിന്റെതല്ല പിന്നെ
അത് നിറമാകുന്നതെങ്ങിനെ? രക്തം നിറമില്ലാതെ
അത് രക്തമാകുന്നതെങ്ങിനെ? എനിക്ക് രക്തവുമില്ല!

നമ്മുടെ ഹൃദയത്തിനു ഒരേ മുറിവ്, മുറിവേറ്റപാട്
അത് ഒരു ഇല പോലെ അടിയിൽ ഒന്നായിരിക്കുന്നു
മുകളിൽ അത് രണ്ടു ഹൃദയങ്ങൾ ചേർത്ത പോലെ
ആ മുറിവിന്റെ പ്രണയമാണോ നമുക്കിന്നു ഹൃദയം?

രക്തമില്ലാതെ ഞാൻ കൊണ്ട് നടക്കുന്ന ഈ ഹൃദയത്തിനു
എന്റെ ശരീരത്തിൽ സ്ഥാനമില്ല, എന്നാലും നിനക്ക് വേണ്ടി
ഞാനിതു സൂക്ഷിച്ചു വയ്ക്കട്ടെ  വെറുമൊരു കളിപ്പാട്ടമായി
പ്രണയിക്കുമ്പോൾ കളിക്കാനൊരു കളിപ്പാട്ടം അത് തന്നെയല്ലേ
നിനക്കെന്റെ ഹൃദയം! ഇനി മറക്കണ്ട നീ  ഇനി പിണങ്ങി കരയേണ്ട  പ്രണയിക്കുമ്പോൾ പിണങ്ങുമ്പോൾ എന്റെ ഹൃദയം വച്ച് കളിച്ചോളൂ

അതിൽ ഈയം ഇല്ല, മായം ഇല്ല, പ്ലാസ്റ്റിക്‌ ഇല്ല, കൃത്രിമ വർണവുമില്ല രക്തമോ ഇല്ലേ ഇല്ല! ഉള്ളത് ഒരു ഉറുമ്പിന്റെ കടി പോലെ ഒരു തരി നൊവുമാത്രം പിന്നെയോ?  അതിൽ നിറഞ്ഞു തുളുമ്പി  നില്ക്കുന്ന നിന്റെ രൂപവും!

അല്ലെങ്കിലും നിങ്ങളിങ്ങനാ എപ്പോഴും  മുള്ള് വച്ചേ സംസാരിക്കു.. എന്ത് പറഞ്ഞാലും.

അയ്യോ! എന്റെ പൊന്നെ.. ചതിച്ചുവൊ? ആ മുള്ള് നീ എന്ത് ചെയ്തു? ഓമലെ?
ഓ... വെട്ടിക്കളഞ്ഞു..വോ? സാരമില്ല.. അതെന്റെ   മുഖത്തെ വെറും രോമം ആയിരുന്നു, ഓ ഞാൻ വീണ്ടും മറന്നു! ഞാൻ എന്ന് പറഞ്ഞാൽ നിനക്ക്  ഒരു രോമം മാത്രമാണല്ലോ!  പക്ഷെ സ്ത്രീത്വം മറന്ന എന്റെ ഫെമിനിസ്റ്റ് സുന്ദരി നീ ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു അത് കൊണ്ട് തന്നെ പറയട്ടെ, നീ ചെയ്തത് വളരെ ഉപകാരമായി, അതിൽ കൂടുതൽ നിനക്ക് എന്താ ചെയ്യാൻ കഴിയുക?

ആത്മഗതം
പോ ചേട്ടാ ഈ ചേട്ടന്റെ ഒരു കാര്യം ( ചേട്ടൻ ഞാൻ കയ്യിൽ നിന്നിട്ടതല്ലേ) എന്റെ (മമ്മൂട്ടി ചേട്ടന്റെ ചില സിനിമയിലെ ഫേമസ് സ്ത്രീ സംബോദന)  നീ എന്നെ ചേട്ടാന്നു വിളിക്കില്ലന്നു എനിക്കറിയില്ലേ എന്റെ കള്ള  ഫെമിനിസ്റ്റ് സുന്ദരി

കടപ്പാട് എന്റെ പെടാപ്പാടു
(മമ്മൂട്ടി ചേട്ടന്റെ ചില സിനിമയിലെ ഫേമസ് സ്ത്രീ സംബോദനയോട്)
(യശ:ശരീരനായ  വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒർമകളോട്  )
ക്ഷമാപണം: എന്നെങ്ങിലും ജീവിചിരുന്നിട്ടുണ്ടെങ്കിൽ ആ യഥാർത്ഥ ഫെമിനിസ്റ്റ് സങ്കൽപ്പത്തോട്