Skip to main content

Posts

Showing posts from November, 2014

മഴത്തുള്ളികൾ

സമയം ധൂർത്തടിച്ച് പലപ്പോഴും വർഷങ്ങളായി പെയ്തോഴുകി പോകുന്ന മറവിയുടെ പെരുമഴകൾ അതിൽ നിന്നും മാറിയ ചില്ലറ പോലെ ഓർത്തെടുക്കുവാൻ ചില ചില്ലകൾ എടുത്തു വയ്ക്കുന്ന നിമിഷങ്ങളുടെ ചെറുതുള്ളികൾ വെറുതെ വന്നിരുന്നു പറന്നുപോകുന്ന   ചെറുകിളിയുടെ അലസചിറകടികൾ അപ്രതീക്ഷിതമായി അതും അടർന്നു  വീഴുമ്പോൾ ഉയർന്ന് താഴുന്ന തെങ്ങോലകൾ അതുതിർക്കുന്ന ചുടുനെടുവീർപ്പുകൾ ആ നെടുവീർപ്പ് അതെ ദു:ഖത്തോടെ കിനാവിലെയ്ക്ക് മഴത്തുള്ളികളോടെ എടുത്തുവയ്ക്കുന്ന ഞാൻ ഒരു ആലിംഗനത്തിന്റെ കുളിരിൽ കുതിർത്ത് ശരീരങ്ങളായി കീറി പ്രണയിനിയുടെ കാലുകൾ കൊണ്ട് മെടഞ്ഞ മടിയിൽ കിടന്നു ചുണ്ടുകൾ കോർത്ത്‌ തീർത്ത  ചുംബനസായാഹ്നത്തിലെയ്ക്ക് ചായുമ്പോൾ ഓർമ്മയുടെ ചോർച്ചയിൽ നനയുവാൻ മഴത്തുള്ളികൾ കൊണ്ടൊരു തോരാമഴയുടെ മേല്ക്കൂര മേയ്ഞ്ഞെടുക്കുവാൻ മാത്രം  

കൊഴിഞ്ഞു വീണ പ്രണയം

കൊഴിഞ്ഞു വീണ പൂവിന്റെ ഇതളിൽ മഞ്ഞു തുള്ളിയുടെ ആഴത്തിൽ ചോരയുടെ നിറം  കൊണ്ടെടുത്ത കുഴിയിൽ ഞാനെന്റെ പ്രണയം എന്ന നുണയുടെ അവസാനമണവും അടക്കി കഴിഞ്ഞു ഇനി വിഷത്തിന്റെ സ്വപ്നം കഴിച്ചു മരിച്ച എന്റെ ഉറക്കം കളഞ്ഞ് ഏകാന്തതയിലേക്ക് മാത്രം വളരുന്ന രാത്രി മരച്ചില്ലയിൽ ഈ വെട്ടം അണഞ്ഞ നിലാവിൽ ചാരി ഒരിത്തിരിനേരം നാളെ വെയിൽ ഇലയാക്കി ഈ രാമരങ്ങൾ വരൾച്ചയിലേക്ക് വേരാഴ്ത്തി  കത്തും മുമ്പേ മഴത്തുള്ളിയേറ്റു മരിച്ച തണുത്ത വെടിയുണ്ടയാകണം ജീവിതമേ നിന്റെ മാറിൽ തന്നെ

തൊട്ടാവാടി പൂച്ച

ഒച്ച കൊണ്ട് മ്യാവൂ ശിൽപ്പം തീർത്ത് ഒരുതൊട്ടാവാടിക്കരികിൽ  തൊട്ടുതൊട്ടില്ല എന്ന മട്ടിൽ അതിൽ  വിരിഞ്ഞ പൂ പോലെ കിടന്നുറങ്ങുന്ന കൊച്ചുപൂച്ച ആ പൂച്ച കാണുന്ന പൂപാത്രം നിറയെ നിറഞ്ഞു തുളുമ്പുന്ന വെളുത്ത പാലിന്റെ നിറമുള്ള അപ്പൂപ്പന്താടിസ്വപ്നം ആ സ്വപ്നത്തെ നക്കി തുടയ്ക്കുന്ന വെള്ളാരം കണ്ണുള്ള കുഞ്ഞുപൂച്ച പൂച്ചയുടെ നാവുതട്ടി ഇക്കിളികൊള്ളുന്ന പഞ്ഞിസ്വപ്നം ആ സ്വപ്നം തട്ടി ഞെട്ടി ഉണരുന്ന തൊട്ടാവാടി ആ തൊട്ടാവാടി പൂച്ചയെ പോലെ ഉണർന്ന് ഇലകളെ  ഉണർത്താതെ ഉറങ്ങുന്ന പൂച്ച അറിയാതെ ദേ  കൊള്ളുന്ന മുള്ളുകുടയുന്നു

വിധി

കൊഴിഞ്ഞു വീണ മുല്ലപ്പൂക്കൾ പെറുക്കി മാലകെട്ടുന്ന ലാഘവത്തോടെ ഒന്നും സംഭവിക്കില്ല എന്നൊരു പേടിയിൽ കണ്ണീരു കൊണ്ട് അണകെട്ടി ജീവിക്കുകയാണ് നമ്മൾ നിറഞ്ഞൊഴുകുന്ന പുഴയ്ക്കു മഴ കൊണ്ട് വേലികെട്ടി ഒഴുക്ക് തടഞ്ഞിടും പോലെ നമ്മുടെ ജാതകം കൊടുത്തു ആരുടെയോ തലയിലെഴുത്ത് വാങ്ങി സ്വന്തം തുരുത്തിൽ  വിഹ്വലതകൾക്ക്‌ കീഴെ ഒരു  വിധിയുടെ പുറത്തു പൂർണസുരക്ഷിതരാവുകയാണ് നമ്മൾ ചോർന്നുപോയ  വാക്കുകൾ കൊണ്ട് നിർമിച്ച ഒരു കരാറിന്റെ ചിതലെടുത്ത ഉറപ്പിന്റെ പുറത്തു പുഴയുടെ അസ്ഥി ഒഴുക്കുവാൻ കാത്തു വച്ചൊരു  സംസ്ഥാനമാവുകയാണ് നമ്മൾ ആശങ്ക അടിക്കണക്കിൽ അളന്നു പഴിക്കാനൊരു ദുർവിധി ബാക്കി വച്ച ദുരവസ്ഥയിലേയ്ക്കു നീറിനീറി തനിയെ ഒരു കടലുടൽ നിമജ്ജനം ചെയ്യുവാൻ ഒരുങ്ങുകയാണ് നമ്മൾ അതിവിശാലമായ ലോകത്ത് ജലത്തിന്റെ നിലവിളികൾക്കു താഴെ ജാഗരൂകരായി ജീവിക്കുവാൻ വിധിക്കപ്പെടുകയാണ് മരണ ഭയത്തോടെ കുറെയേറെ നിസ്സഹായമനുഷ്യർ നമ്മൾ

ധൂമ്ര വിഗ്രഹങ്ങൾ

പുലരികൾ! വീടകങ്ങളിൽ; അഴിച്ചു മാറ്റികെട്ടേണ്ടി വരുന്ന- ജനലുകൾ, പ്രകാശം.. വീടിന്റെ പിൻഭിത്തികൾ! മഴ, കണ്മുന്നിൽ ഇറയത്തു കൂടി- ഒലിച്ചുപോകുന്ന മുറികൾ! കവിൾ മുറ്റങ്ങൾ കണ്ണീരുകൾ, മനസ്സുകൊണ്ട്; ശരീരത്തിനെ തളച്ചിടുന്ന ചങ്ങലകൾ ബന്ധസ്നായുക്കൾ രാത്രികൾ! വികാര അപസ്മാരങ്ങൾ! താക്കോലായി പിടഞ്ഞു വീഴുന്ന ശരീരങ്ങൾ; താക്കോൽ പഴുതുകൾ.. വഴികൾ! കിളിപ്പാട്ടുകൾ.. സഞ്ചരിക്കുന്നതിനിടയിൽ പാട്ട് നിർത്തുന്ന കിളികൾ കൊഴിയുന്ന പൂക്കളിൽ പതിയുന്ന വാടിയ  കാൽപ്പാടുകൾ.. ചടങ്ങുകൾ! നെടുവീർപ്പുകൾ; ചന്ദനത്തിരിവിരിപ്പുകൾ മൌനങ്ങൾക്കിടയിലെ ജന്മഇടവേളകൾ.. ധൂമ്ര വിഗ്രഹങ്ങളിൽ കാക്കയുടെ കരച്ചിൽ  കോർത്ത്‌ കെട്ടിയിട്ട മാലകൾ വെയിലിന്റെ നേർനിഴലുകൾ!

ഒരു അപേക്ഷ

പുഴയുടെ വറ്റാത്ത  ഛായ യുമായി ഇന്നലെകൾ കണ്ണിൽ തറഞ്ഞു പോയ ഓർമ്മചങ്ങാടങ്ങൾ അതു പോലെ വരണ്ട മണ്ണിൽ തറഞ്ഞു പോയ വീടുകൾ തുരുത്തുകൾ വെള്ളം വറ്റിയ പുഴകൾ വരൾച്ച കൊണ്ട് വീട്ടിലേയ്ക്ക് വരയ്ക്കുന്ന വഴിനീളങ്ങൾ അവ വീട്ടിലെയ്ക്കൊഴുകുന്ന വെള്ളമില്ലാത്ത പുഴകൾ പണ്ട് പുഴയൊഴുക്കിലേയ്ക്ക് നീണ്ടിരുന്ന വീടിന്റെ വഴിവേരുകൾ വീടിനകത്തേയ്ക്ക് കയറി വന്നിരുന്ന കാറ്റ് പ്രകൃതിയുടെ ഋതു ഭേദങ്ങളുടെ ക്ഷണക്കത്തുകൾ   മുറ്റങ്ങൾ പുഷ്പങ്ങൾ വറ്റി ഇറ്റുവാൻ   ഇല്ലാതെ പോയ നറുതേൻമണങ്ങൾ ഇല്ലാതായ തണലുകൾ പറക്കുന്ന കിളികളുടെ ചിറകുകൾ കൊണ്ട് മരം വീശിയിരുന്ന വിശറികൾ ചെറുപ്പകാലം തൊഴിലിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ ചുറ്റപ്പെട്ട് നഷ്ടപ്പെട്ട ചുറുചുറുക്കുള്ള ദിനങ്ങൾ ഒരു ഗ്രാമം മുഴുവൻ ചുറ്റി വന്നിരുന്ന ഗണപതിമുഖമുള്ള ആലിലകൾ പടവുകൾ അരയാലുകൾ പകൽ പെയ്തിരുന്ന മഴ വെയിൽ കൊടുത്തു വിട്ടിരുന്ന അവധിക്കുള്ള അപേക്ഷകൾ അത് പറന്നു പോകാതെ എടുത്തു വച്ച കുഴിയാഴങ്ങൾ കിണറുകൾ മണ്ണിൽ കുഴിച്ചിട്ടിരുന്ന നീലജലാകാശം അതെ നമ്മൾ കാലാകാലങ്ങളായി പകുത്തു ശ്വസിച്ച പച്ചപ്പുള്ള ഗ്രാമീണശ്വാസം പക്ഷെ പിന്നെ എല

കാലുകളുടെ മൌനമാണ് നിൽപ്പ്

രായ്ക്ക് രാമാനം ഒരു കാട് വെളുപ്പിക്കുവാനുള്ള വെളുപ്പ്‌ എപ്പോഴുംചിരിയിൽ സൂക്ഷിക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ അവരുടെ തുടർച്ചയായ ചിരിയിൽ വെളുത്തുപോയ കാടുകൾ അതിലെ ഉടയ്ക്കപ്പെട്ട ഊരുകൾ അതിലെ തകർന്ന കുടികൾ അവിടങ്ങളിൽ നിന്ന് കൂട്ടത്തോടെ കുടിയിറക്കപ്പെട്ടവർ വെറും കാലടി ഒച്ചകൊണ്ട്‌ പണ്ട് കാട്ടുമൃഗങ്ങളെ വരെ തിരികെ ഓടിച്ചിരുന്നവർ വെറും കിളികളുടെ ഒച്ച കൊണ്ട് പുരയിടത്തിനു  ചുറ്റും കിളിവേലി കെട്ടിയിരുന്നവർ ഇന്ന് സ്വന്തം കാലടി വെയ്ക്കുവാൻ മണ്ണില്ലാതെ ഭൂമിയില്ലാതെ മുന്നേ നടന്നു പോയ മനുഷ്യന്റെ കാലടിപാടുകൾ മൃഗങ്ങളുടെ കാൽപ്പാടുകളെ പരസ്യമായി പ്രസവിക്കുന്ന നഗരത്തിന്റെ പകലിൽ ചെടികൾ പോലും അടിവസ്ത്രം പോലെ പൂക്കൾ വരെ മാറ്റുന്ന സൂര്യൻ  വിയർത്ത  വെയിലിൽ ഭരണ സിരാ കേന്ദ്രത്തിനു വെളിയിൽ അപകടം  മാത്രം വില്ക്കുന്ന തകർന്ന തെരുവോരത്ത് പച്ച മണ്ണിനു വേണ്ടി നിലനിൽപ്പിനായി നിൽപ്പ് സമരം ചെയ്യുന്നു എന്നിട്ടും ഇതൊന്നും കണ്ടില്ലാന്നു നടിക്കുവോർ അവരുടെ പകലിനെ അന്യമാക്കി അവരുടെ പച്ചസൂര്യനെ സ്വന്തമാക്കി ഓരോ സന്ധ്യയിലും ആ സൂര്യനെ ബാറുകളിൽ കൊടുത്തു , നക്ഷത്രങ്ങളാക്കി ചില്ലറ മാറുന്നവർ , അ

സ്വപ്നം

നല്ല  തിരക്കുള്ള  സമയം റോഡിനു ഇരു വശത്തേക്കും നോക്കി കൈ വിട്ടുപോകാതെ ചേർത്ത്  പിടിച്ചു സൂക്ഷിച്ചു ഒരു കുട്ടിയെ പെട്ടെന്ന് തെരുവ് കടത്തുന്നത് പോലെ മുറിച്ചു  കടക്കാൻ ഒരു കട്ടിൽ മാത്രം ഉള്ള വിജനമായ മുറിയിൽ അപ്രതീക്ഷിതമായി ധൃതിയിൽ നീ എന്നെ ഒരു ചുംബനം കടത്തുന്നു കുട്ടിയെ പോലെ ഞാൻ പേടിച്ചരണ്ട എന്റെ കണ്ണുകൾ കൈകൾ പോലെ എന്റെ ചുണ്ടുകൾ പെട്ടെന്ന് രതി പോലെ ഒരു വാഹനം നമ്മളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഉച്ചത്തിൽ ഒച്ചയുണ്ടാക്കി വേഗത്തിൽ  കടന്നു പോകുന്നു പേടിച്ചു സ്തബ്ദയായി പോകുന്ന  നീ പല തരം   വികാരങ്ങൾ വാഹനങ്ങൾ പോലെ അവിടെ വന്നു ഒന്നിച്ചു കൂടി നമുക്ക് ചുറ്റും ഒച്ച വെച്ച് കടന്നു പോകുവാൻ തിരക്ക് കൂട്ടുന്നു ഉടനെ  തിരിച്ചു നിന്റെ കൈപിടിക്കുന്ന ഞാൻ പെട്ടെന്ന് നിശബ്ദമാകുന്ന തെരുവ് വിദേശത്ത് വച്ച് ഏതോ പൂന്തോട്ടത്തിൽ ചിത്രീകരിച്ച ഗാന രംഗത്തിലെയ്ക്ക് തെരുവ് മാറി ചുവടു വയ്ക്കുന്നു പൂക്കളെ പോലെ നിറമുള്ള വാഹനങ്ങൾ ഇതൾ വിടര്ത്തി സൌമ്യമായി ചക്രം എന്ന ചെടിയിൽ ചതുരത്തിൽ പാർക് ചെയ്യപ്പെടുന്നു വായുവിൽ കുറച്ചു പൊങ്ങി കാലുകൾ  ഉയർത്തി പരസ്പരം കെട്ടിപ്പുണർന്ന് നില്