Popular Posts

Friday, 26 October 2018

ഉയിരിനെക്കുറിച്ച് ചില തിരുത്തലുകൾ

ഇടയ്ക്കിടെ
കൊണ്ടുകളയുന്ന തെരുവിൽ
രണ്ട് ഇടതുകാലുകളുടേതായിരുന്നു
നടത്തം

പലപ്പോഴും മുടങ്ങിയിരുന്നു
ജീവിതം
ഇടയ്ക്കിടയ്ക്ക് മുടന്തിയിരുന്നു
നടത്തം

തെരുവ് കൊണ്ടുകളയുന്നതിന്
വീട്ടിൽ നിന്നും
അടികിട്ടുന്ന കുട്ടിയായിരുന്നു

നൃത്തം ഭക്ഷിച്ചു ജീവിയ്ക്കുന്ന
മീനുകളോടൊപ്പമാണ്
ഇപ്പം താമസം
ചലനങ്ങൾ മാത്രം
ഇട്ടു കൊടുത്താൽ മതിയായിരുന്നു

എത്ര വേദനിച്ചാലും
സഹതാപങ്ങളിൽ വിശ്വാസമില്ലാത്തവനായിരുന്നു

വേദനിയ്ക്കുമ്പോഴെല്ലാം
അളവില്ലാത്ത സഹതാപം
ഒരു ലോറിനിറയെ
കയറ്റി വരുന്നതിനിടയിൽ
പരിധിയില്ലാതെ മറിഞ്ഞുപോയ
ഇനിയും മറിഞ്ഞുതീരാത്ത ലോറിയിലെ
മരിച്ചുപോയ ഡ്രൈവറായിരുന്നു
എന്റെ ദൈവം..

ഇപ്പോൾ
ദൈവത്തിലും
വിശ്വാസമില്ലാതെയായി

ശലഭങ്ങൾക്ക് മാത്രം കൊണ്ടുവരാൻ
കഴിയുന്ന
വസന്തത്തിന്റെ തരിയില്ലേ?

ഉയിരിന്റെ
എന്ന്
തിരുത്തുവാൻ കഴിയുമോ
എന്ന് നിശ്ശബ്ദമായി
ആരായുക മാത്രമാണ്
ഓരോ ഋതുവിലും
ഞാൻ..

Thursday, 25 October 2018

ഉടമ്പടി കവിതകൾ

നിലാവിന്റെ കളം
കരുക്കളിലെ ചന്ദ്രൻ
പകലിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന
ഇന്നലെ

വിരിയാനൊരിടം തേടി
ഇരുട്ടിന്റെ മൊട്ടുള്ള കള്ളൻ

എത്രയെത്ര പ്രതലങ്ങളാണ്
നിശ്ശബ്ദതയ്ക്ക്

സമതലത്തിലേയ്ക്കുള്ള
ഏറ്റവും വലിയ അകലവും അളന്നുവാങ്ങി
നടന്നുതുടങ്ങുന്ന
രണ്ടുകാലുകളുടെ തുള്ളികൾ

കേൾക്കുവാൻ
എത്ര മനോഹരമാണ്
ദൂരങ്ങളുടെ ശബ്ദങ്ങൾ

അരികിൽ
അതിലും ചെറിയ
രണ്ട് ശബ്ദങ്ങളുടെ ഞാത്ത്

അടുത്ത്
വലതുഭാഗത്തിന്റെ മാത്രം പ്രതിമ
അരയ്ക്ക് മുകളിൽ
പ്രത്യക്ഷപ്പെടുന്ന
ചെറിയൊരു പൊട്ടൽ

കാലം കഴിയുന്തോറും
കാണപ്പെടുന്ന വിള്ളൽ പോലെ
പ്രതിമയിൽ
വെളിച്ചം കലക്കിയൊഴിയ്ക്കപ്പെടുന്നു

രണ്ടാമത്തെ നിശ്ശബ്ദത

ഇരുട്ടുമായി ഇണചേർന്നുതളർന്ന
നട്ടെല്ലിന്റ രണ്ടുവെള്ളച്ചാട്ടങ്ങൾ

കിലുക്കം ഊരിവെച്ച രണ്ടരക്കാതത്തിന്റെ
രണ്ടുകൊലുസ്സുകൾ
നാലുകാലുകൾ കൊണ്ടലങ്കരിച്ച
രതിയുടെ മൃതദേഹം.

വരൂ ഇനി നമുക്ക് നരയ്ക്കാം
നടത്തങ്ങൾ തിരുത്താം
ഇനിയുള്ള ഉടമ്പടികൾ
കവിതയിലാകട്ടെ..

Tuesday, 23 October 2018

അരയന്നപ്പാതി

തീരത്തിന് തീയിട്ട്
കര കടക്കുകയാണ്..
ആയിരം അരയന്നങ്ങൾ

മുറുകെപ്പിടിയ്ക്കുവാൻ
ചോരയിലെഴുതിയ
അതിന്റെ നിറത്തിന്റെ ഉറവ.

അരുതാത്തതിന്റെ ചോര,
ചിതലെടുക്കാത്ത കണ്ണീരുമുണ്ട്
വിരൽ അതിന്റെ നഖത്തെ
കടിച്ചെടുക്കുന്നു.

എനിയ്ക്ക്
നിന്റെ ജലത്തിന്റെ ശീലമാവണം
നീ നനയുമ്പോഴൊക്കെ
കരയണം.

Monday, 22 October 2018

ചാവിയും പാവയും

വാങ്ങിയിട്ടുണ്ട്
ചാവി കൊടുക്കാവുന്ന
ഒരു കടലിന്റെ പാവ

കൈയ്യിലുള്ളത്
നിലാവിന്റെ കീ ചെയ്ൻ

പടരുന്നതും
വളരുന്നതും കറക്കിക്കറക്കി
നിൽക്കുന്നത്
പകലിന്റെ വള്ളിച്ചെടികൾ

അടുത്തുതന്നെയുണ്ട്
കല്ലുകൊണ്ട് എറിയാൻ തുടങ്ങുന്ന
ഒരാളുടെ വിഗ്രഹം

കണ്ടിട്ട് ഉടലിന്റെ കടമുള്ള നടനാണ്

ഉറങ്ങുമ്പോൾ മറിയുന്ന
ഒരാളുടെ ഉപമ
അയാളിൽ
കൊത്തിവെച്ചിരിയ്ക്കുന്നു

വെയിലും
കിളികളും അത് കൊത്തികൊത്തി തിന്നുന്നു
ഉപമയും
തിരിയുമ്പോൾ മാത്രം
മറിച്ചിലും

ഓരോ വിരലുകളും
അക്കരെ കടക്കാൻ
കാത്തുനിൽക്കുന്ന കടവാണ്

വിരലിന്റെ ഇടയ്ക്കുള്ള സ്ഥലം
ഉടലുകൾ കൊത്തി തിന്നാൻ
വരുന്ന ഇടവും

ഉള്ളത് പിരിയനാഴം
താഴെ മീൻ പലകകൾ

വെറുതെ നിൽക്കുന്നില്ല
ഞാനും
കീറികീറി
വെള്ളത്തിലേയ്ക്ക് ഇട്ടുകൊടുക്കുന്നുണ്ട്
നിനക്ക് ഭ്രാന്താവുന്ന മണം

അടുത്തടുത്ത്
വരുന്നത്
ശലഭങ്ങളുടെ ജങ്കാർ

എപ്പോഴോ മുഴക്കിയിട്ടുണ്ടാവും
അതിന്റെ വലിപ്പവും
ഗാംഭീര്യവും സൂചിപ്പിയ്ക്കുന്ന
ഒരു ഇടത്തരം ഹോൺ..

Saturday, 20 October 2018

നിന്റെ ഭ്രാന്തിന്റെ പഞ്ഞി

എന്റെ മുറിവുകൾ
നിന്റെ മനസ്സിൽ വെച്ച്
മടങ്ങുകയായിരുന്നു ഞാൻ

തിരികെ
ഉടൽ നിറയെ
നിന്റെ മുറിവിലേയ്ക്കുള്ള
പഞ്ഞിയും കയറ്റി വരുന്ന
ലോറിയാവുന്നു ഞാൻ

രണ്ട് കിളികളാണ്
ഡ്രൈവർമാർ
അതിൽ ഒരാൾ മാത്രം വണ്ടിയോടിയ്ക്കുന്നു
മറ്റയാൾ
നീയെന്ന ചില്ലയിലിരിയ്ക്കുന്നു

നിന്റെ തുടയിലേയ്ക്ക് കയറിപ്പോകുന്ന
ഉറുമ്പ്
അതാണിനി വണ്ടിയ്ക്ക്
കയറുവാനുള്ള തേരി

കടന്നുകഴിഞ്ഞത്
നടുക്ക് ഒടിയ്ക്കാൻ
പാടുള്ള പകലിന്റെ ഗുളിക

കടലും ഒരു ഗുളിക
കഴിക്കാൻ
ഒറ്റരാത്രി മാത്രമുള്ളത്

തീക്കൊള്ളികൾ ഏറെയുണ്ടെങ്കിലും
തീപിടിയ്ക്കുവാനുള്ള സാധ്യത
തീരെയില്ലാത്ത തെരുവാണ്
ദൂരം

വളവുകൾ തീരെയില്ല
പുളയുന്നതിനിടയിൽ
വളവുകൾ ഉണ്ടാക്കുകയാവും
നിന്റെ വേദനകൾ 

വിശ്വസിയ്ക്കൂ നീ
പുറപ്പെടുകയും ചെയ്തു
നിന്നിലേയ്ക്ക് എത്തിയിട്ടുമില്ലാത്ത
രണ്ട് നേരങ്ങളാണ്
നിന്റെ
ഞാനെന്ന ഭ്രാന്തിന്റെ പഞ്ഞി..

കടുവ വരകളിൽ..

ഞാൻ ഓരോ വിളിയിലും
കറുക്കുന്ന അയ്യപ്പൻ

നിന്റെ ചുവക്കുന്ന
അപകർഷതാബോധം
നോക്കിയിരിയ്ക്കുന്നു

എനിക്കറിയാമായിരുന്നു
എന്റെ നിശ്ചലത തേടി നീ വരുമെന്ന്

എന്റെ ഉത്തരങ്ങളിൽ
നിനക്ക് കാത്തിരിപ്പിന്റെ കുത്തക

എന്നിട്ടും
ഒന്നും ചോദിച്ചതുവരെ നീ
എന്ന നിശ്ശബ്ദതയാണ്
നിനക്ക്

എന്റെ ഏകാന്തത
നിന്റെ ബാധ്യതയാകുന്നത് വരെ
നിന്നേ മാത്രം കണ്ട്
നീ വന്നുകൊണ്ടേയിരിയ്ക്കുക.

അതു വരെ
ഉറപ്പ്
പുലിപ്പാൽ ഉറവയ്ക്ക് പുറത്ത്
കടുവ വരകളിൽ
മനുഷ്യൻ കടന്നുവരാത്ത
കാടായിരിയ്ക്കും ഞാൻ..

Friday, 12 October 2018

അനന്തതയുടെ കൊള്ളക്കാരനായ ദൈവം

നിന്റെ
അളന്നെടുത്ത
നാലു ചുവടുകൾ കൊണ്ടുഞാൻ
ദൈവത്തിന്റെ
നൃത്തത്തിന്റെ ഖജനാവ്
അനന്തമായി
കൊള്ളയടിയ്ക്കുന്നു..

എല്ലാ ചലനങ്ങളും കഴിഞ്ഞ്
എന്റെയും നിന്റേയും അവസാന
അനക്കങ്ങൾക്ക്  ശേഷം
നൃത്തങ്ങൾ നഷ്ടപ്പെട്ട ദൈവം
ഇവിടെ ദൈവമില്ല
എന്ന് എഴുതിവെയ്ക്കുമായിരിയ്ക്കും...

അപ്പൂപ്പന്താടിക്കപ്പങ്ങൾ

വെറുതെയെങ്കിലും
ഞാനെന്റെ വിരലുകൾക്ക്
കാടെന്ന് പേരിടുന്നു

അതിന്റെ
അരികിൽ പോയിരിയ്ക്കുന്നു

ഉടലിലൂടെ
ഒഴുകിപ്പോകാൻ
ഒരു കാട്ടാറിന് 
അവസരം കൊടുക്കുന്നു

ഒഴുകുന്ന ശബ്ദമെടുക്കാൻ
മറന്നുപോയത് പോലെ
തിരിച്ചുപോകുന്ന കാട്ടാറ്
അത്രമേൽ
നിശ്ശബ്ദമായ് നീയാവുകയായിരുന്നു

2

നീ ഉവ്വെന്ന വാക്കുകളുടെ കാട്

ഞാനും എന്റെ തുമ്പിയും
നിന്റെ ഹൃദയമിടിപ്പുകളുടെ
വെള്ളാരം കല്ലിനെ
തഴുകിയിരിയ്ക്കുന്നു

എന്തൊരു തുമ്പിത്വമാണ് നിനക്ക്
എന്റെ ഉയിരിന്റെ പാതിയിൽ വന്നിരിയ്ക്കുമ്പോൾ

അപ്പോൾ ഞാൻ
നിന്റെ ഉവ്വെന്ന വാക്കിന്റെ
പാതി

നീ എന്റെ പരിസരങ്ങളിൽ
അവസരങ്ങളുടെ കാട്
എന്റെ വിരലുകളിൽ കുരുങ്ങുന്ന
നമ്മുടെ ഇടവേളകൾ 

3

എന്നെ
വല്ലാതെ കൊതിപ്പിയ്ക്കുന്ന
നിന്റെ കണ്ണിന്റെ വെള്ളയുടെ
ഏകാന്തത

കണ്ണടയ്ക്കുമ്പോഴൊക്കെ
നിന്റെ ഉമ്മകൾ കൊടുക്കേണ്ടിവരുന്ന
അപ്പൂപ്പന്താടിക്കപ്പങ്ങൾ

അപ്പോഴൊക്കെ
എന്റെ ചുണ്ടുകൾ
നിന്റെ കണ്ണിന്റെ വെള്ളയുടെ സുഗന്ധം
വായിക്കുവാൻ എടുത്തുവെച്ച
രണ്ടു വായനശാലകൾ

നിന്റെ കൃഷ്ണമണിയിലേയ്ക്ക് നടത്തുന്ന
തീർത്ഥാടനങ്ങളാവുന്ന
എന്റെ വായനകൾ

കാടുകളും
കടലും മടുപ്പും മടക്കിവെയ്ക്കുന്നു

കിളികളുടെ കാലുകളിൽ തുടങ്ങുന്ന
മരങ്ങൾ കണ്ടുകിടക്കുന്നു..

Tuesday, 9 October 2018

ഇത്രയും

മഴ പെയ്തിരുന്നു

എത്ര പെട്ടെന്നാണ്
നിന്റെ കണ്ണിന് ചുറ്റും
പകലുകൾ മീനുകളായത്

അധികം വരുമോ?
പെട്ടെന്ന് എന്നുള്ള വാക്ക്, എന്ന് ഭയന്നിരുന്നു

ഭയം നിലനിന്നു.
പെട്ടെന്ന് എന്നുള്ള വാക്ക് ഇരുട്ടായി

ആരുടേതുമല്ലാത്ത രാത്രി

ഒറ്റവാക്കിൽ നക്ഷത്രങ്ങൾ

അവ വെളിച്ചം,
വാക്യത്തിൽ പ്രയോഗിച്ചുകൊണ്ടേയിരുന്നു

മറന്നത്
പെയ്തിടത്ത് വെച്ച്,
ആദ്യം പറഞ്ഞ മഴയാണ്

മഴകൊണ്ട് പൂരിപ്പിച്ചത് നിന്നെയാണ്

അത് ഓർത്തെടുക്കുവാൻ
ഇത്രയും പറയേണ്ടി വന്നു...
എന്നുമാത്രം.

Wednesday, 3 October 2018

ശാന്തത

എന്തൊരു ശാന്തതയാണ്
നിന്റെ പേരിന്

വെറുതെയെങ്കിലും
നിന്റെ പേരിന്റെ അരികിൽ
മരിച്ചുപോയി
എന്നെഴുതിവെയ്ക്കാൻ തോന്നുന്നു

അരികിലില്ലാത്ത
കലണ്ടറിൽ
പരതുന്ന ഒരു തീയതി

കഴിഞ്ഞതാവുമോ?
അറിയില്ല

നീ കേൾക്കുന്നത്
തായേ യശോദ എന്ന പാട്ട്

അടുത്തു തന്നെ
വരാനുള്ള
ഒരു തീയതിയിൽ
അറിയാതെ കുരുങ്ങുന്ന
വിരൽ

എന്ത് ഭംഗിയാണ്
നിനക്ക് മരണം

ജീവിച്ചിരിക്കുന്ന ഒരാൾക്ക്
നീ ചേരില്ല
എന്ന് പറഞ്ഞ്
മരിച്ചു എന്ന വാക്കിലേയ്ക്ക്
തീയതിയെഴുതാതെ
തിരിഞ്ഞുനടക്കുന്ന ഞാൻ

അപ്പോൾ
ഞാൻ മരിച്ചാൽ
നീ കരയുമോടാ എന്ന
നിന്റെ ചോദ്യവും,
എന്നെ കരയിപ്പിക്കാനായിട്ട്
നീ മരിയ്ക്കുമോടീ എന്ന
എന്റെ ചോദ്യവും

നീ പോടാ കൊരങ്ങാ
നീ ഓട്രി കൊരങ്ങി
എന്ന വിളികൾക്കിടയിൽ
തമ്മിൽ
ഒരുമ്മയിൽ പുണരുന്നത് കാണുന്നു..