Skip to main content

Posts

Showing posts from April, 2015

ഒരാളിറങ്ങുന്നു അഥവാ കുറേ ആളുകൾ ഉറങ്ങുന്നു

പുഴ അതിന്റെതല്ലാത്ത കര വഞ്ചി അതിന്റേത് മാത്രമായ പുഴ വഞ്ചിയുടേതു മാത്രമല്ലാത്ത ഉലച്ചിൽ അതിന്റെ ഇല്ലാത്ത ചുവരിൽ ചില്ലിട്ടു വച്ചിരിക്കുന്ന പുഴയുടെ ചിത്രം ആ ചിത്രത്തിൽ കാണപ്പെടുന്ന ഉണങ്ങിപ്പോയ മരം അതിന്റെ ചില്ലയിൽ പ്രതിഫലിക്കുന്ന ഒരു കിളിക്കൂടിന്റെ രൂപം അതിൽ കിളിയിട്ടു കൂട്ടിയിരിക്കുന്ന വിരിയാത്ത മുട്ടകൾ അടയിരിക്കാൻ മറന്നു പറന്നുപോയ ഏതോ കിളി വഞ്ചി ഉലയാത്ത ഏതോ ദുർബല നിമിഷത്തിൽ എന്തോ ഓർത്തപോൾ പറന്നുവരുന്ന അതേ കിളി ഒരു മീൻ കൊത്തിയെടുക്കുന്നു പറക്കുന്നു പിടയ്ക്കുമ്പോഴും ആ മീൻ വിടാതെ കടിച്ചു പിടിച്ചിരിക്കുന്ന പുഴ അതിൽ ഒന്നും അറിയാതെ നീന്തുന്ന അതേ മീനിന്റെ കുഞ്ഞുങ്ങൾ ഒന്നുലഞ്ഞു അപ്പോഴും അതിലുള്ള അതേ വഞ്ചി ആ വഞ്ചിയിൽ അത് വരെ ഇല്ലാതിരുന്ന ഒരാൾ കട്ടിലിൽ ഉറങ്ങി കിടന്നിരുന്ന ഒരാൾ പെട്ടെന്ന് കട്ടിലിൽ ഒന്നുലഞ്ഞു മുട്ട വീണുടയുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നയാൾ ആ വഞ്ചിയിൽ ഉണ്ടായിരുന്നത് പോൽ എണീറ്റ്‌ ഉറക്കെ വിളിച്ചു പറയുന്നു ഒരാളിറങ്ങണം

മുല്ലപ്പൂമഴ

ഇന്നലെ എല്ലാം പതിവ് പോലെ കൃത്യസമയത്ത് പടിഞ്ഞാറു തന്നെ അസ്തമിച്ച സൂര്യൻ ഒട്ടും വൈകാതെ ഉദിച്ച ചന്ദ്രൻ ഉദിച്ചതിന്റെ പാകത്തിന് കൃത്യമായി ചേർത്ത നിലയിൽ കാണപ്പെട്ട നിലാവ് മുല്ലയിൽ അവസാന മൊട്ടും വിരിഞ്ഞു കഴിഞ്ഞപ്പോൾ ഇരുട്ടിനെ കൂട്ടിരുത്തി ഉറങ്ങാൻ പോകുന്ന ഞാൻ അതും പതിവുള്ളത് തന്നെ ഉറക്കവും പാകത്തിന് രാവിലെ ഉണരുമ്പോൾ ഞാൻ വെറും കുട്ടി കട്ടിൽ വെറും തൊട്ടിൽ കേൾക്കുന്നതെങ്ങും താരാട്ട് കാണുന്നത് മുഴുവൻ വേണമെങ്കിൽ വീട്ടമ്മമാർ എന്ന് വിളിക്കാവുന്ന അമ്മമാർ അവരുടെ ചിരിയിലൂടെ ഒലിച്ചിറങ്ങുന്ന മുലപ്പാൽ മണം ഉണരണോ ഉറങ്ങണോ എന്നൊരു ശങ്കയിൽ ഞാൻ കിടക്കുമ്പോൾ എന്റെ തൊട്ടടുത്ത്‌ എഴുന്നേറ്റിരിക്കുന്നു എന്റെ കിടക്ക മുഴുവൻ നനച്ചു രാത്രി മുഴുവൻ കിടന്നുപെടുത്ത മുല്ലപ്പൂകുഞ്ഞുങ്ങൾ!

അമ്മ തീവണ്ടികൾ

പുലരി  പോലെ ചിറകടിച്ചു രണ്ടു തീവണ്ടികൾ പറന്നിറങ്ങുന്നു ചുള്ളിക്കമ്പ് പോലെ കുറെ പാളങ്ങൾ കൊത്തി വലിച്ചു അങ്ങോട്ടും ഇങ്ങോട്ടുമിട്ട് കൂട് കൂട്ടുന്നു അതിൽ ഒരായിരം ചക്രങ്ങളിൽ ഉരുണ്ടു കളിക്കുന്ന മുട്ടകളിടുന്നു അതിൽ അമ്മ തീവണ്ടികൾ ഒന്ന് ചിലച്ചു കുറെ ചലിച്ചു വീണ്ടുമൊരായിരം അടയിരിക്കുന്നു മുട്ടവിരിഞ്ഞു ഒരായിരം ജാലക കുഞ്ഞുങ്ങൾ വിരിയുന്നു അവ പല വീടുകളിൽ വിശന്നു ചേക്കേറുന്നു ചിലത് കാര്യാലയങ്ങളിൽ കലണ്ടറുകളിൽ കളങ്ങളിൽ തീയതികളിൽ വീണ്ടും അടയിരിക്കുന്നു മാസാവസാനം ശമ്പളമായി ചിലവെന്നു വിരിഞ്ഞു ചിറകടിച്ചു പറന്നു പോകുന്നു പിന്നെ വിരിയുന്നതെല്ലാം വാതിലുകൾ അതിൽ വിരിയുന്നതെല്ലാം യാത്രക്കാർ ഓരോ തീവണ്ടിയും  വന്നു നിൽക്കുമ്പോൾ യാത്ര വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ പോലെ അവരവരുടെ ആകാശങ്ങളിലെയ്ക്ക് ചിറകു വിരിച്ചു പറന്നു പോകുന്നു