Tuesday, 24 December 2013

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ 
സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ
അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ
ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ
നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ
തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു
തുരു തുരെ തോരാത്ത കനത്ത മഴ

(അത് കൊണ്ടാവുമോ മഴയ്ക്ക്
നിറമുള്ള യുണിഫോംഇല്ലാത്തതു
സ്കൂളിൽ കയറ്റാത്തതും
യുണിഫോം നിര്ബന്ധം ഇല്ലാത്ത
ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം
കുഞ്ഞു മഴ പഠിക്കാൻ വരുന്നതും
കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു
പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ)

പുഴ അത് മഴ തന്നെ 
സൂര്യൻ 
വെയിൽ നീട്ടി 
വേനലെറിയുന്നു
പക്ഷികൾ
തൊണ്ടവരണ്ടു 
ദാഹിച്ചു ചിലയ്ക്കുന്നു 
മഴ മുഴക്കി വേഴാമ്പൽ 
മഴയ്ക്ക് യാചിക്കുന്നു 
പക്ഷിയ്ക്ക്  വേണ്ടി 
മഴ ചുരുട്ടി, 
അതു ചുരുക്കി
മേഘം
മരം പോലെ പെയ്യുന്നു  
മരംകൊത്തി 
അത് കൊത്തി 
മഴത്തുള്ളികളാക്കുന്നു 
അത് കണ്ടു 
പുഴ 
പിണങ്ങിച്ചിണുങ്ങുന്നു 
അത് കേട്ട് 
സഹികെട്ട്
വെള്ളം കൂട്ടി,
മഴ
നീട്ടി
പിന്നെ
പുഴ 
പെയ്യുന്നു!  


ഈയാമ്പുഴ
ഇന്നലെ പെയ്ത മഴയിൽ
പിറക്കുന്നു
ഇന്ന് പറക്കുന്ന
ഈയാമ്പാറ്റകൾ
കടലിൽ പടിഞ്ഞാറു കണ്ട
സൂര്യനെ നോക്കി
ശരിയായി ധരിക്കുന്നവ
ദീപമെന്ന്
കണ്ണാടി ചിറകു വീശി
അങ്ങോട്ട്‌ ഇഴയുമ്പോൾ
കാണുന്നവർ ധരിക്കുന്നവ
പുഴയാണെന്നു
ആയുസ്സ് അത്രയും
കുറവാണെന്നറിഞ്ഞിട്ടും
മനുഷ്യൻ
അറിയുന്നില്ലവ വെറും
ഈയാമ്പുഴ
മാത്രമെന്ന്കുഞ്ഞു മഴ വല്യതിര
കുട പിടിപ്പിച്ചായാലും
നടക്കുവാൻ
എത്ര പഠിപ്പിച്ചിട്ടും
കുട ഒന്ന് മാറ്റിയാൽ
വീണു പോകുന്നുണ്ട്
മഴ
നമ്മുടെ ശരീരത്തിലേക്ക്
മടിയിലേക്ക്‌
മനസ്സിലേക്ക്
നടക്കുവാൻ മടി കാണിക്കുമ്പോഴും
മുട്ടിൽ ഇഴയാൻ
മടി കാണിക്കാത്ത കുഞ്ഞി മഴ

കൈപിടിച്ച്
കൂടെ നടത്തി
ഇഴയാനും  
തുഴയാനും
നീന്തി
അടിച്ചിട്ടോടാനും  
എത്ര പഠിപ്പിച്ചാലും
അവസാനം
കരയിലേക്ക്  എത്ര തവണ
ഉന്തി ത്തള്ളി വിട്ടാലും
കടലോന്നു
തിരിഞ്ഞു തിരിച്ചു നടന്നാൽ
പിന്തിരിഞ്ഞു
പിറകേ ഓടി വരുന്നുണ്ട്
മടി പിടിച്ചു  
പേടിത്തൊണ്ടൻ വല്യതിര

ആഗോള താപനം
ഒരു നീണ്ട പെയ്ത്ത്
നിന്ന് പെയ്തു കഴിഞ്ഞാൽ
വിയർത്തു ഒലിക്കുന്നുണ്ട്
മഴ പോലും
ദാഹിച്ചു വലഞ്ഞു
തൊണ്ട വരണ്ടു
എടുത്തു ചാടുന്നുണ്ടവ
പുഴയിലേക്ക്
അവിടെ
പുഴയിലെ
മലിന ജലം കണ്ടു
കലങ്ങി പോകുന്നുണ്ട്
മനസ്സ് മണ്ണ് പോലെ
അങ്ങിനെ അറിയാതെ
ഒഴുകി പോകുന്നുണ്ടവ
കടലിലേക്ക്‌,
അവിടെ കടലിലെ ഉപ്പു വെള്ളം
കുടിച്ചു ദാഹം ഇരട്ടിച്ചു
തിരിച്ചു പോകുന്നുണ്ടവ
ആകാശത്തിലേക്ക്!

നാണം 
സ്ത്രീമുഖം ഉള്ള തൊട്ടാവാടിയും 
തൊട്ടാൽ ഉടൻ ചുരുണ്ട് കൂടുന്ന 
ആണട്ടയും മണ്ണിൽ നല്ല മുഹൂർത്തത്തിൽ 
പരസ്പരം തൊടാതെ
ഇണ ചേർന്നപ്പോൾ 
പിറന്ന 
ആദ്യ കണ്മണി ആയിരിക്കണം 
കൂസലില്ലാതെ എവിടെയും കയറി വരുന്ന നാണം 


പാലം
ഒരു പാലത്തിൽ 
തുഴ പോലെ പുഴ എടുത്തു വച്ച്
തോണിപോലെ തുഴഞ്ഞപ്പോഴാണ്
കടത്തു അപ്രത്യക്ഷമായത്
പുഴ മണലിലും മണൽ  
കോണ്‍ക്രീറ്റിലും 
കോണ്ക്രീറ്റ് പാലത്തിലും പെട്ടു 
നമ്മൾ എപ്പോഴോ 
നോക്കു കുത്തിയായി പോയത് 


പ്രവാസി
ഓരോ പ്രവാസിയും സഞ്ചരിക്കുന്ന ഒരു വാക്കാണ്‌
വെറുതെ അലഞ്ഞു  തിരിയുന്നവ
എന്നാലും എത്രയോ പ്രവാസവർഷം അകലെ അറിയാതെ എത്തപ്പെടുന്നവ
ഒരു ഉപഗ്രഹമായി മറ്റുള്ളവർക്ക് തോന്നപ്പെടുന്നവ 
നാട്ടിലെ മനക്കോട്ടയിൽ നിന്ന് നിയന്ത്രിക്കപ്പെടുമ്പോഴും  
മറ്റൊരു നാട്ടിലെ മണ്ണിൽ ഓരോ നിമിഷവും തകർന്നു വീഴുന്നവ
അപ്പോൾ മാത്രം മറുനാട്ടിൽ പ്പെട്ടുപോയ ഖബറാണെന്ന് സ്വയംതിരിച്ചറിയപ്പെടുന്നവ  
എങ്കിലും മൂടാൻമാത്രമായി സ്വന്തം നാട്ടിലെ ഒരു പിടി മണ്ണിന് തനിയെ കാത്തുകിടക്കുന്നവ
അത് കൊണ്ട് തന്നെ ഒരു മീസാൻ കല്ലിന്റെ തുണപോലും പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നവ

മുതലാളിത്ത മരം 
ഞാൻ ഒരു മനുഷ്യനാണ്
അടിസ്ഥാനപരമായി  തൊഴിലാളിയാണ്
എന്റെ മുതലാളി  ഒരു ബഹുരാഷ്ട്ര കുത്തകയാണ്
അത് വ്യസ്ഥാപിതമാണ് പല രാജ്യങ്ങളിലും പടര്ന്നു പന്തലിച്ചവയാണ്
അവ അവിടങ്ങളിൽ  ആഴത്തിൽ വേരോടിയിട്ടുട്ടുള്ളവയാണ്
മുതലാളിയുടെ നിറം പച്ചയാണ്
അടിസ്ഥാനപരമായും ആശയപരമായും  ഞങ്ങൾ വിരുദ്ധ ധ്രുവങ്ങളിലാണ്
അത് കൊണ്ടാണോ എന്നറിയില്ല എന്റെ ചോരയും ചേരിയും ചുവന്നതാണ് 

എന്റെ ജീവശ്വാസവും ആഹാരവും എല്ലാം മുതലാളിയുടെത് തന്നെയാണ്
മുതലാളിയുടെ തണലിലാണ് ജീവിതവും
മുതലാളിക്ക് വല്ലപ്പോഴും വേണ്ട കാർബണ്‍ ഡൈ ഒക്സൈഡിനു വേണ്ടിയാണ്
ചെല്ലും ചിലവും 

ഞങ്ങൾ മുതലാളിയുടെ സഞ്ചരിക്കുന്ന കാർബണ്‍ ഡൈ ഒക്സൈഡു നിര്മാണ ശാലകൾ മാത്രമാണ്
മുതലാളി തന്റെ ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവാണ്
ഞാൻ തിരിഞ്ഞിരുന്നു വണ്ടി ഓടിക്കുമ്പോൾ എല്ലാം മുതലാളി ത്രെഡ് മില്ലിൽ പുറകോട്ടു ഓടുന്നത് കാണാറുണ്ട്‌
ഞാൻ മരിച്ചാൽ എന്റെ ശവം പോലും മുതലാളിക്ക് ഉള്ളതാണ്
മുതലാളി അതിന്റെ മുകളിലും ഒരു മരം നടും
അതെ എല്ലാ മരവും ഒരു മുതലാളിയാണ്
മുതലാളിത്ത മരം!


നീല പരിഷ്കാരി ആകാശം 

മഴയെങ്ങും ഇല്ലെങ്കിലും
ദേഹം മുഴുവൻ മൂടിയ
കറുത്ത കുടകൾ കണ്ടു
തുടങ്ങിയപ്പോഴാണ്
കണ്ടാൽ സദാചാരി എന്ന്
തോന്നിക്കുമെങ്കിലും
പച്ച പരിഷ്കാരിയായ
നീല ആകാശം
മഴയായും വെയിലായും
മാറി മാറി വേഷം കെട്ടി
ഇടിഞ്ഞു ഇടിഞ്ഞു
താഴേ വീണു തുടങ്ങിയത്

അയ
ഞാൻ എത്രയോ കാലം ഇട്ടു കൊണ്ട് നടന്ന എന്നെ
കഴുകി  അലക്കി ഉണങ്ങാൻ
പണ്ടേ ആരോ വരച്ചിട്ടു  വരപോലെ ആയിപ്പോയ
അയപോലത്തെ കട്ടിലിൽ  വിരിച്ചിട്ടപ്പോൾ
ഉണങ്ങിയ തക്കം നോക്കി
കല്യാണം എന്ന് പറഞ്ഞു
എടുത്തിട്ട് കൊണ്ട് പോയത് നീയാണ്
ഇപ്പൊ ഉണങ്ങി ഉറങ്ങി കട്ടിലിൽ കിടക്കുന്നത് നീയും
മുഷിഞ്ഞു നനഞ്ഞു ഉറക്കം വരാതെ നിന്റെ
അയയിൽ കിടന്നു തൂങ്ങിയാടുന്നത് ഞാനും 

ഭ്രാന്തൻ മേഘം
ഉന്നതങ്ങളിൽ ഉള്ള
പിടിപാട് വച്ച് ആകാശം
മേഘങ്ങളിലൂടെ
മയക്കു മരുന്ന് കടത്തുന്നു
അത് കടത്തുന്നതിനിടയിൽ മേഘം
കട്ട് രുചിക്കുന്നു
കിറുങ്ങി മത്തടിച്ച മേഘം
കറങ്ങി നടക്കുന്നു
കരയുന്നു ചിരിക്കുന്നു ഓടുന്നു  അലറുന്നു
കെട്ടിപ്പിടിക്കുന്നു
പൊട്ടിത്തെറിക്കുന്നു
അവസാനം ഭ്രാന്ത് പിടിച്ചു
എവിടെയോ കാണാതെ പോകുന്നു

ലോട്ടറി 
കണ്ട സ്വപ്‌നങ്ങൾ
ലോട്ടറി കച്ചവടക്കാരന്റെ
കൈയ്യിലെ
അടിക്കാത്ത ലോട്ടറി ആയി
മിച്ചം വരുമ്പോഴാണ്
എടുക്കാത്ത ലോട്ടറി മാത്രം അടിക്കുന്ന
പ്രതീക്ഷയായി
ഉറക്കം മറ്റൊരു സ്വപ്നം നറുക്കെടുക്കുന്നത് 

ഐ ടി കൃഷി 

വിവര സാങ്കേതികത  എന്ന് പറയുന്നത്
സൌകര്യങ്ങളുടെ കൃഷിയാണ്
അത് വിളവെടുക്കുന്നത് സുഖങ്ങളാണ്
വിളയുന്നത്
ഉപഭോക്താവിന്റെ വിരൽ തുമ്പിലാണ്
അത് നിറയ്ക്കുന്നത് കോർപ്പറേറ്റ്
കളപ്പുരകളുടെ  ബാങ്ക് ബാലൻസുകളാണ്
അത് കുറയ്ക്കുന്നത് ദിവസങ്ങളും മണിക്കൂറുകളും
നിമിഷങ്ങളാക്കിയിട്ടാണ് എന്നിട്ടും അത്
നിലനിർത്തുന്നത്
തൊഴിലാളികളുടെ  ജോലി സമയം
മണിക്കൂറുകളിൽ നിന്ന്
ദിവസങ്ങളാക്കി
ഉയർത്തി തന്നെയാണ് 

ഹോം തീയേറ്റർ 
യുവത്വം പോലും
മുഖത്ത് സെറ്റ് ഇട്ടു ചെയ്തു
വാർദ്ധക്യം
ഡ്യുപ്പിനെ വച്ച് എടുത്ത്
കള്ളപ്പണം
സിനിമ നിർമാണം കൂടി
തുടങ്ങിയപ്പോഴാണ്
ജനം വീട്ടിൽ
തീയേറ്ററിന്റെ സെറ്റ് ഇട്ടു
സി ഡിയുടെ ഡ്യുപ്പിനെ വെച്ച്
പടം കണ്ടു തുടങ്ങിയത്


Monday, 23 December 2013

ഡിസംബറിലെ ആറ്

വർഷത്തിലെ
എല്ലാ മാസങ്ങളിലൂടേയും
ഒഴുകി പരന്നു കിടന്ന
ഒരു ആറുണ്ടായിരുന്നു
അത് ഒരു കലണ്ടറിൽ ഉറച്ച
ഓർമയായി പോയത്
ഒരു ഡിസംബർ ആറിനു
ശേഷമായിരുന്നു

മേഘം പോലെ
മകുടം ഉയർത്തിനിന്ന
ഒരു തണലുണ്ടായിരുന്നു
അത് പെയ്യാൻ അനുവദിക്കാതെ
തകർത്തു
കുറച്ചു കണ്ണീർ കണങ്ങൾ
ബാക്കി വെച്ച്
തുടച്ചു  മാറ്റിയത്
ഒരു ആറിന്റെ കരയിലായിരുന്നു

മതം ഇല്ലാതേയും ജീവിക്കുവാൻ
മതം പകുത്ത
ഒരു രാജ്യമുണ്ടായിരുന്നു
അതിനു മതേതരത്വം
എന്ന് പേരിട്ടു വിളിച്ചത്
അർദ്ധരാത്രിയിൽ ഉദിച്ച
സ്വതന്ത്ര സൂര്യന്റെ
വെള്ളിവെളിച്ചത്തിലായിരുന്നു

ജനിച്ച മതം ഏതായാലും
ജീവിക്കുവാൻ
അദ്ധ്വാനവിയര്പ്പിന്റെ
സുവർണനൂൽ ധരിച്ചു
അഴിമതി ചുമക്കേണ്ട
ജനങ്ങൾ ഉണ്ടായിരുന്നു
അവരെ എണ്ണൽ സഖ്യ പോലെ
ഒരുമിച്ചുകാണാതെ
അഞ്ചിന്റെ ന്യൂനപക്ഷം എന്നും
ഏഴിന്റെ ഭൂരിപക്ഷം എന്നും
വിഭജിക്കുവാൻ
ഒരു ആറു വേണമായിരുന്നു
അത് ഉത്ഭവിച്ചത്‌
ഏതോ ഒരു
തണുത്ത മനസ്സിലെ
അധികാര മോഹത്തിന്റെ
കാണാത്ത
കൊടുമുടിയിൽ നിന്നായിരുന്നു

ഭരിക്കുന്നവർക്ക് ഇരിക്കുവാൻ
അധികാരത്തിന്റെ
ഒരു കസേര വേണമായിരുന്നു
ആ കസേരക്ക് വേണ്ടി
അതിന്റെ അടിയിൽ
മിണ്ടാതെ ഇരിക്കുവാൻ
വാടകയ്ക്കെടുത്ത
ഒരു ചുണ്ട് വേണമായിരുന്നു
അതിൽ ഒട്ടിച്ചു വച്ചിരുന്ന
നിസ്സംഗ മൌനത്തിനെ
ദുരുപയോഗം ചെയ്തത്
ഡിസംബർ മാസത്തിലെ
അതേ ആറിൽ വെച്ചായിരുന്നു

കസേര മോഹിച്ചു
അധികാരം
സ്വപനം കണ്ടവര്ക്ക്
കസേരയിൽ എത്തുവാൻ
ചോരച്ചാൽ ഒഴുക്കുവാൻ
ഒരു പുഴ വേണമായിരുന്നു
അതിനു അവർ തിരഞ്ഞെടുത്തത്
ത്രേതായുഗത്തിലും ഒഴുകിയിരുന്ന
ഇതേ ആറിനെ തന്നെ ആയിരുന്നു

ഇരുകരകളെയും കൂട്ടി ഇണക്കി
ജീവജലം പകർന്നു തന്നിരുന്ന
ആറു മുറിച്ചപ്പോൾ
കരയിൽ ഒരു വശം നിന്ന
ന്യൂനപക്ഷം
നിമിഷ സൂചി പോലെ
നിയന്ത്രണം വിടാതെ
ഓടിയപ്പോൾ
അത് കണ്ടു മറുവശം നിന്ന
ഭൂരിപക്ഷം
മണിക്കൂർ സൂചി പോലെ
അനങ്ങിയപ്പോൾ
ഭാരതത്തിന്റെ
സമയം തെറ്റാതെ കാത്തത്
രണ്ടു സൂചികളുടെയും
മിടിക്കുന്ന ഹൃദയം
ഒന്നായത് കൊണ്ട് മാത്രമായിരുന്നു!

Saturday, 21 December 2013

പുഴയുടെ നിർധാരണം

പുഴയെ തോണി കൊണ്ടളന്നു ഒരു ടിപ്പർ ലോറി കൊണ്ട്
ഭാഗിച്ചപ്പോൾ ശിഷ്ടം മണലു കിട്ടി

ശേഷിച്ച മണലിനെ മഴ കൊണ്ട് ഗുണിച്ച്‌ ഇല്ലാത്ത പുഴയുടെ സ്ഥാനത്ത്
പൂജ്യം കൊടുത്തു കുഴികൾ  കൊണ്ടടച്ചപ്പോൾ  കടലുകിട്ടി

കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

സമ്പാദിച്ചു ക്ഷീണിച്ചു ദാഹിച്ചപ്പോൾ വെള്ളത്തിന്‌ പണവുമായി
ചെന്നപ്പോൾ കുടിക്കുവാൻ ഒരു തുള്ളി വെള്ളം കിട്ടി

പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ  മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി

പിന്നെ പിന്നെ മഴയ്ക്ക്‌ വേണ്ടി എടുത്തു കൂട്ടിയത്
ഒരു വെള്ളത്തുള്ളിയുടെ ഫോട്ടോസ്റ്റാറ്റുകൾ മാത്രം ആയിരുന്നു

Friday, 13 December 2013

മരണം വെറുമൊരു ഭൂഗുരുത്വാകർഷണം

ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ
ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം

നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ
കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം

അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും
കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം

സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു
ഭൂമിയിലേക്ക്‌ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം

മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ
മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി

ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി 
അടർന്നു വീണ  ഫലത്തിൽ ഭൂഗുരുത്വാകർഷണം  കണ്ടു പിടിച്ചു മനുഷ്യൻ

ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
ശ്രമിച്ചു പോയ തെറ്റിന്  മരിക്കാതെ  മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും 

Monday, 9 December 2013

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു
ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു
സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു
ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു 

മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു
ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു
കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു 
ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു

ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു
നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു
ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു...
ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു
സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

Thursday, 5 December 2013

സ്നേഹമിട്ടായി


മുടിയിൽ മുല്ലമാലയും
അധരത്തിൽ പല്ലുമാലയും
ചാർത്തി നീ വരുമ്പോൾ
നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി

അലിഞ്ഞിരുന്നിട്ടും
നീ ഇമയുടെ കവറിൽ പീലി പോലെ
സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ
എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി

ഒരു ദിവസത്തെ ജോലിക്കൊടുവിൽ
ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ
ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി
എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

Wednesday, 4 December 2013

മാവായി പോയ മുത്തച്ഛൻ

മുറ്റത്തിത്തിരി
തണലുമെഴുകാൻ
മരം വളർത്തിയിരുന്നു
മുത്തച്ഛൻ
ഇത്തിരി വെയിലിന്റെ വൈക്കോലും
ബാക്കി വന്ന മഴയുടെ കാടിയും
കൊടുത്തു
മരം പോറ്റി വളർത്തിയിരുന്നു
മുത്തച്ഛൻ

പോത്തിനെ പോലൊരു
കാറ് വന്നപ്പോൾ
കാറിനെ കെട്ടുവാൻ
തൊഴുത്ത് പണിഞ്ഞപ്പോൾ
മുത്തച്ഛനറിയാതെ
അറുക്കുവാൻ കൊടുത്തു
മുത്തച്ഛൻ തണലു കറന്ന
കാതൽ വറ്റാത്ത വളർത്തു മരം

മരമങ്ങു പോയപ്പോൾ
തണലിന്റെ തണുപ്പ്
കുറഞ്ഞപ്പോൾ
ഉണങ്ങിത്തുടങ്ങി
മുത്തച്ഛൻ
തടികസ്സേരയിൽ  ഒറ്റപ്പെട്ടു
മുത്തച്ഛൻ
ഉമ്മറത്തേക്ക് മാറ്റിയിടപ്പെട്ടു
മുത്തച്ഛൻ

തടിയെല്ലാം എടുത്തു
കസേരയും പ്ലാസ്റ്റിക്കിന്
കൊടുത്തു കഴിഞ്ഞപ്പോൾ
പറക്കുന്ന
അപ്പൂപ്പൻതാടി പോലെ
പരിഭവം ആരോടും ഇല്ലാതെ
യാത്ര പോലും
ഒരാളോടും പറയാതെ
ഇന്നലെയിലെ
തൊടിയിലേക്കിറങ്ങി
ഇന്നില്ലാത്ത
മാവായിപ്പോയി
മുത്തച്ഛൻ