Popular Posts

Wednesday, 30 October 2013

സാഡിസ്ടിന്റെ ഗ്രീറ്റിങ്ങ്സ്


അവൾ ഒരു  മനോഹരമായ സ്വപ്നത്തിലായിരുന്നു..

ഒരു ക്രിസ്തുമസ് ആശംസാകാർഡിലെ മഞ്ഞുപോലെ അവൾ ആ സ്വപ്നത്തിൽ പാറിനടന്നു. പതിയെ ഒരുകാറ്റ് എവിടുന്നോ ഒരുനേർത്ത സുഗന്ധം പരത്തി കടന്നുവന്നു. അവൾ ഒരു മാലാഖയെ പോലെ അത് കണ്ണ് പാതിഅടച്ചു ആസ്വദിച്ച് നിൽക്കുമ്പോൾ ആ കാറ്റിന് ശക്തി കൂടി വന്നു. അവൾ പെട്ടെന്ന് ആശംസാകാർഡിലേക്ക് മഞ്ഞായി തന്നെ ഒളിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എവിടുന്നോ ഒരു ലോറിയുടെ ഇരമ്പൽ കേട്ടു....  അത് കാറ്റിനേക്കാൾ വേഗത്തിൽ എവിടെനിന്നോ പാഞ്ഞെത്തി; പെട്ടെന്ന് കാര്ഡ് ആ ലോറിയുടെ ഭീമാകാരമായ ചക്രത്തിനടിയിൽ പെട്ടു.. ആ മനോഹരമായ കാർഡ്‌ നിമിഷനേരം കൊണ്ട്   വെറും ഒരു ടയറിന്റെ പാടായി മാറി.

അവൾ ഞെട്ടി ഉണര്ന്നു എല്ലാം ഒരു സ്വപ്നം ആയിരുന്നെന്നു വിശ്വസിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ഓർമയിലേക്ക് വഴുതി

അവളുടെ പേര് മേനി എന്നായിരുന്നു.. ആ പേര് എന്നും അവൾക്കു അപൂർണമായിരുന്നു.. മുഴുവൻ പേര് മേനിജീവൻ..

അവളുടെ എല്ലാമെല്ലാമായിരുന്നു ജീവൻ. അവളുടെ കളികൂട്ടുകാരൻ..
അവളുടെ ഫാന്റസി അവളുടെ സ്വപ്നം അവളുടെ ധൈര്യം അവളുടെ ജീവൻ പോലും അവനായിരുന്നു. അവളുടെ പ്രണയവും...
 വീട്ടുകാർക്കും അവരുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നില്ല. ഒരുമാതിരി എല്ലാ ബന്ധങ്ങളിലും വില്ലനായി കടന്നു വരാറുള്ള ജാതക പ്പോരുത്തം പോലും നോക്കിയത് ഒരു രസത്തിനായിരുന്നെങ്കിലും അത് നോക്കണമെന്ന് പറഞ്ഞത് അവനായിരുന്നു  അവര്ക്ക്  അത് ഉത്തമവും ആയിരുന്നു ...

എങ്കിലും ഒളിച്ചോടാം എന്നും... അതിന്റെ അനുഭവം അറിയണമെന്നും നിര്ബന്ധിച്ചത് അവനായിരുന്നു.. വീട്ടുകാരെ വേദനിപ്പിക്കുന്നതിന്റെ സുഖം അതിന്റെ പിന്നിൽ ഉണ്ടെന്നു അവൾ അപ്പോൾ അറിഞ്ഞിരുന്നില്ല.  അതിന്റെ ആവേശം മാത്രമായിരുന്നു അവളുടെ ഉളളിൽ. ഒളിചോടുമ്പോൾ ഒരുമിച്ചു മറ്റാരും അറിയാതെ ചെയ്യുന്ന സാഹസം അവന്റെ തീരുമാനങ്ങളോട് ഒട്ടി നിൽക്കുന്നതിന്റെ പൊരുത്തവും ഒരുമയും അവരുടെ ഭാവി ജീവിതം കൂടുതൽ ദൃഡമാക്കും എന്നവൾ വിശ്വസിച്ചു. അതിലെ ഫാന്റസി അവളെ ഉന്മത്തയാക്കി.

അവളുടെ ഓരോ ഫാന്റസിക്കും അവന്റെ സാഡിസ്റ്റ് ചിന്തകൾ ചേരുമ്പടിചേർന്ന് കൊണ്ടിരുന്നു. ആദ്യ രാത്രിയിൽ പോലും അവളുടെ ഫാന്റസി അവന്റെ സാഡിസവും ആയിട്ടായിരുന്നു രതി പങ്കിട്ടത്. ഒരു കുട്ടിക്കളി പോലെ ഒളിഞ്ഞും തെളിഞ്ഞും തുടങ്ങിയ അനാച്ചാദനകർമം പല ഘട്ടത്തിലും ഒരു വസ്ത്രാക്ഷേപത്തിന്റെ നിലയിലേക്ക് തരം താണിരുന്നു. അപ്പോഴക്കെ അവൾക്കു ദ്രൌപദിയുടെ ശ്ചായ തോന്നി. അവൻ ഒരേ സമയം ദുശ്ശാസനനും കൃഷ്ണനും ആയിട്ടും അവൾക്കു തോന്നി. രാത്രിക്ക് ലഹരി ഉണ്ടെന്നു പോലും അവൾക്കു തോന്നി.. രതി രാത്രിയുടെ ലഹരി ആണെന്ന് അവൾ സങ്കല്പ്പിച്ചു.
പിന്നെ പിന്നെ പ്രണയം ഒരു വൃണം പോലെ അവളിലേക്ക്‌  മാത്രം ഒതുങ്ങുന്നതും ആഴ്ന്നിറങ്ങുന്നതും  ഒരു സുഖമുള്ള വേദനയോടെയാണ് അവൾ തിരിച്ചറിഞ്ഞത്. കാരണം ജീവൻ പലപ്പോഴും അവളിൽ അവശേഷിപ്പിച്ചത് പാടുകൾ തന്നെ ആയിരുന്നു. ആദ്യം സ്പര്ശനപ്പാടുകൾ പിന്നെ ച്ചുംബനപ്പാടുകൾ പിന്നെ മുറിപ്പാടുകൾ പിന്നെ വെറും ഒരു പാടായി തന്നെ അവൻ മാഞ്ഞു പോകുന്നത് വരേയ്ക്കും 

ഞാൻ നിന്റെ ആരാണ്?

മധുവിധുവിന്റെ നിമിഷങ്ങളിലൊന്നിൽ ചോദിച്ചത് അവളായിരുന്നു.

അവനു ഉത്തരമായി പറയുവാൻ വാക്കുകൾ  അധികം ഒന്നും ഉണ്ടായിരുന്നില്ല.

വലിച്ചു കീറിയ അവളുടെ അടിവസ്ത്രത്തിൽ ചുംബിച്ചു അവൻ അതിനു ഉത്തരമായി വസ്ത്രം.... എന്ന് മന്ത്രിക്കുമ്പോൾ അവളുടെ ചെവിയിൽ ഒന്ന് അമര്ത്തി കടിച്ചിരുന്നു. ശരീരം മുഴുവൻ അനുഭവപെട്ട സുഖമുള്ള വേദനയിൽ പലയിടത്തും നീറ്റൽ അനുഭവപെട്ടെങ്കിലും അവന്റെ ചൂടുള്ള ശ്വാസം അവിടങ്ങളിൽ പതിഞ്ഞപ്പോൾ ഒരു സുഖം തോന്നി. ശരീരം ചൂടോടെ ചായ ആയി കുടിക്കുന്നതിന്റേയും തണുപ്പിച്ചു ശീതളപാനീയമായി സ്ട്രാ വച്ച് വലിച്ചു കുടിക്കുന്നതിന്റെയും സാദ്ധ്യതകൾ അവൾ തിരിച്ചറിഞ്ഞു.. പിന്നെ പിന്നെ ആ വേദനയും അതിന്റെ നീറ്റലും കല്ലിച്ച പാടുകളും തല്ലും തലോടലും അവൾക്കു  നിത്യസംഭവമായി ..

അതവൾക്ക്‌ പരിചയമുള്ളതുമായിരുന്നു കുട്ടിക്കാലം മുതൽ അവൻ അവളെ അങ്ങിനെ നുള്ളിയും പിച്ചിയും തോല്പ്പിച്ചും പറ്റിച്ചും കരയിപ്പിച്ചും ചിരിപ്പിച്ചും വേദനിപ്പിച്ചും ആശ്വസിപ്പിച്ചും  ആണ് കൂടെ കൊണ്ട് നടന്നിട്ടുള്ളത് പക്ഷെ എപ്പൊഴും കൂടെ വേണം അത് അവനു എത്ര പിണങ്ങിയാലും നിർബന്ധവും ആയിരുന്നു   

ആ ഇഷ്ടവും അടുപ്പവും പലപ്പോഴും കാണിക്കാറുള്ള ആത്മാർഥതയുമാണ്‌ അവൾക്കു അവനോടുള്ള പ്രണയവും വിശ്വാസവും ആയി മാറിയതും

മധുവിധുവിന്റെ ഉഷ്ണക്കാറ്റിൽ എപ്പോഴോ ആണ് അവർ ഒന്നിച്ചു ഒരു സിനിമ കണ്ടത് അതിലെ നായികയുടെ ഒരു രംഗം കണ്ടപ്പോൾ അവൾ തന്നെയാണ് അവന്റെ കയ്യിൽ അമര്ത്തി പിടിച്ചത്. പിന്നെ അവൾക്കു ആ നായികയുടെ വേഷം കെട്ടേണ്ടി വന്നു ഒരു ചിത്രം പോലെ കുളിച്ചൊരുങ്ങി, ചുവന്ന ബ്ലൌസ് ഇട്ടു, മുടി അഴിച്ചിട്ടു, മുല്ലപ്പൂ ചൂടി.. കാച്ചെണ്ണ കരയുള്ള വെള്ള മുണ്ട് ഉടുത്തു.... നെറ്റിയിൽ വലിയ സിന്ദൂര പൊട്ടിട്ടു കണ്ണെഴുതി നില്ക്കണം. പിന്നെ കടും നിറമുള്ള ബ്ലൗസുകൾ മാറിയിരുന്നു പക്ഷെ വേഷം അത് തന്നെയായിരുന്നു . പിന്നെ പിന്നെ ഫ്രെമുകൾ കൂടുതൽ ഇരുണ്ട നിറത്തിലായി അവ അരണ്ട വെളിച്ച്ത്തിലായി അവളെ പൂജിക്കാനെന്ന പോലെ വിവിധ നിറങ്ങളിൽ മദ്യക്കുപ്പികൾ അവളുടെ മുമ്പിലെത്തി അവളെ പോലെ തന്നെ അവ പിന്നെ വിവസ്ത്രരാക്കപ്പെട്ടു. അവന്റെ കാലുകൾ  കുപ്പിയുടെ വസ്ത്രത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച്   ലാസ്യ നൃത്തം വെയ്ച്ചു. അതിനിടയിലൂടെ അവൻ ഊതി വിട്ട പുക അവരുടെ മുമ്പിൽ  ഒരു മായിക ലോകം സൃഷ്ടിച്ചു. അത് രാവേറും തോറും ഒരു ഹോമാക്കളമായി മാറി. അതിൽ അവൾക്കു ശ്വാസം മുട്ടുമ്പോൾ അവന്റെ കണ്ണുകൾ മദ്യം പോലെ തിളങ്ങി. അവന്റെ ശ്വാസം നുര പോലെ പൊന്തി..  ആ മാറ്റങ്ങൾ അവൾക്കു അറിയാവുന്ന "അവനിൽ" നിന്ന് അപരിചിതനായ മറ്റൊരു ആളിലേക്കുള്ള ഒരു മാറ്റമായിരുന്നു ഒറ്റവാക്കിൽ അവനിൽ നിന്നും അയാളിലേക്കുള്ള മാറ്റം
ചിരിപ്പിച്ചു പൊട്ടിച്ചിരിച്ചിരുന്ന അവനിൽ നിന്നും... വേദനിപ്പിച്ചു ചിരി  പോലും ഐസ് ഇട്ടമാതിരി  നേർപ്പിച്ചിരുന്ന അയാളിലേക്കുള്ള മാറ്റം..വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവനിൽ നിന്നും   പല മൌനങ്ങൾ കൂട്ടി വച്ച് വാക്കുകൾ ഏച്ചു കെട്ടി വാചകങ്ങൾ തീർത്തിരുന്ന അയാളിലേക്കുള്ള ദൂരം ..അതിനിടയിലെ ഇടവേളകളിൽ വാക്കുകൾ കൂർപ്പിക്കുവാൻ ശ്രദ്ധിച്ചിരുന്ന പോലെ നാക്ക്‌ ദുർബലമായിരുന്നെങ്കിലും അതിൽ നിന്നും വരുന്ന വാക്കുകൾ അവളുടെ ശരീരത്തിനെ പോലെ മനസ്സിനെയും നോവിക്കുവാൻ ശ്രമിച്ചിരുന്നു...    അവസാനം അവളുടെ നെറ്റിയിലെ സിന്ദൂരം അയാളുടെ നാവു കൊണ്ട് മായ്ച്ചു കളയുന്നത് വരെ പലപ്പോഴും ആ ചടങ്ങുകൾ നീണ്ടു

അതിനിടയിൽ അണലികൾ ദേഹത്തിഴഞ്ഞു അവ വെട്ടിയിട്ടതുപോലെ പലപ്പോഴും നിലത്തു വീണു.. അവിടെ കിടന്നു തന്നെ അവ ഇഴഞ്ഞു മയങ്ങി   അതിനിടയിൽ അവളുടെ ദേഹത്ത് നാണയ വലിപ്പത്തിൽ ദംശനങ്ങളുടെ പാട് രക്തതുടിപ്പുകളോടെ പ്രത്യക്ഷപ്പെട്ടു. അതിൽ അവൻ പിറ്റേന്ന് പൂജയുടെ തെളിവുകൾ കണ്ടു. അവളുടെ ഫ്രൈമുകൾ രാവിൽ നിന്ന് പകലിലേക്ക് നീണ്ടു. പകലുകൾ ഓരോ ദിനാന്ത്യത്തിലും സ്ഫടിക ഗ്ലാസ്സുപോലെ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതും അതിൽ അവന്റെ ഉള്ളിലുള്ള നന്മ മുഴുവൻ ഒരു ഐസ് പോലെ  തണുത്തു ഉറയുന്നതും അതിന്റെ മുകളിൽ രാവിന്റെ മങ്ങിയ നിറം മദ്യം പോലെ പറക്കുന്നതും അതിൽ ഐസ് കഷ്ണങ്ങൾ പിടഞ്ഞു മുങ്ങി ഇല്ലാതാവുന്നതും രാവിന്റെ തിന്മ അവനെ കീഴടക്കുന്നതും അവൾ കണ്ണീരോടെ കണ്ടുനിന്നൂ 


അവളുടെ ദിവസങ്ങൾ പകലെന്ന ഫ്രൈമിലും രാവെന്ന ചിത്രത്തിലും തളയ്ക്കപ്പെട്ടു അതിൽ രതി എന്ന ആസ്വാദനക്കുറിപ്പുകൾ കൂര്പ്പിച്ചു എഴുതപ്പെട്ടു.. എന്നാലും ആ ഫ്രൈമിനുള്ളിൽ അവൾക്കു അനുഭവപ്പെടുന്ന ഒറ്റപ്പെടൽ ചിലപ്പോൾ സുരക്ഷിതത്വത്തിന്റെയും മറ്റു ചിലപ്പോൾ ഏകാന്തതയുടെ അരക്ഷിതാവസ്ഥയും മാറിയും തിരിഞ്ഞും തീർത്തു..  പകലത്തെ വർത്തമാനകാലങ്ങൾക്കും  രാത്രിയിലെ  ഭൂതകാലങ്ങൾക്കും ഇടയിലൂടെ  ഘടികാര സൂചികൾ പലവേഗത്തിൽ ഇഴഞ്ഞു..അതിനിടയിൽ അവളുടെ അവനിൽ നിന്ന് മദ്യത്തിന്റെ അയാളിലേക്ക് ജീവൻ കൂടുതൽ അടുത്തിരുന്നു അവളെക്കാൾ കൂടുതൽ സമയം മദ്യക്കുപ്പികളെ വിവസ്ത്രയക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അവൾ കൂടുതൽ വസ്ത്രങ്ങളിലേക്ക് മറയ്ക്കപ്പെട്ടു മറക്കപ്പെട്ടു തുടങ്ങിയിരുന്നു

നന്മയിലെ അവസാന ഐസും ഉരുകി തീരുന്ന ഏതോ നിമിഷത്തിലാണ് ഒരു തിരിച്ചുപോക്ക് അവൻ ആഗ്രഹിച്ചത്‌. രക്ഷപെടുവാനുള്ള ഒരു വഴി എന്ന നിലയിലാണ് അവൻ ചിത്ര രചന തുടങ്ങിയത്.  അപ്പോൾ പകലിനും രാത്രിയിക്കും ഇടയിലുള്ള സന്ധ്യയായിരുന്നു പകലിലേക്ക് ഇനി ഒരു തിരിച്ചു പോക്ക് രാത്രിയിൽ കൂടിയേ സാധ്യമാകൂ എന്ന് തോന്നിയത് അങ്ങിനെയാണ്. കുറെ ദിവസങ്ങൾക്കു ശേഷം ഒരു ദിവസം ജീവൻ പഴയ അവനായി തന്നെ ഒരു രാത്രി അവളോടൊപ്പം ഒരു പാട് കാര്യങ്ങൾ സംസാരിച്ചിരുന്നതും അവൻ വരച്ച പല ചിത്രങ്ങളും യഥാർത്ഥത്തിൽ ദിവസങ്ങളോളം നീണ്ടു നിന്ന മുറിവുകളായിരുന്നെന്നു അവൻ തിരിച്ചറിഞ്ഞതും

എന്നിട്ടും അവൻ സ്വയം ഒരു ഉണങ്ങാത്ത മുറിവായി മാറുമെന്നു അപ്പോഴും അവളോട്‌ ഒരു സൂചന പോലും കൊടുത്തുമില്ലായിരുന്നു..

അതിനടുത്ത ദിവസം അവൻ വരച്ചത് ഒരു സന്ധ്യയായിരുന്നു അതിൽ ഒരു ഒറ്റയടി പാതയുണ്ടായിരുന്നു അത് അങ്ങ് അകലെ ചക്രവാളത്തിൽ ചുംബിച്ചിരുന്നു അതിൽ ഒരു അസ്തമയ സൂര്യനുണ്ടായിരുന്നു അതിനു ചോരയുടെ നിറമായിരുന്നു..ഇത് നിന്റെ അവസാനത്തെ മുറിവാണെന്നും നിന്റെ എല്ലാ മുറിവും ഈ ചോരകൊണ്ട് ഉണങ്ങും എന്നും പറഞ്ഞു  അതിൽ അവന്റെ  വിരൽ ചേർത്ത് ഒരു മുറിവുണ്ടാക്കി. അപ്പോൾ അവൾ ശ്രദ്ധിച്ചിരുന്നു അത്  അവൻ തന്നെ ആയിരുന്നു.. അവളുടെ പഴയ ജീവൻ അവന്റെ രക്തത്തിൽ അവളുടെ കണ്ണീർ ചാലിച്ചു  അവൻ അതിൽ ഒരു റെയിൽവേ പാളം വരച്ചു ചേർത്തു അതിൽ കുറുകെ വരച്ച വരകൾക്ക് ആരുടെയോ വാരിയെല്ലിന്റെ ചായ തോന്നി. ചിത്രം പൂര്ത്തിയാകുന്തോറും അവൻ അയാളായി മാറുന്നുണ്ടായിരുന്നു അവസാനം   ശൂളം വിളിച്ചു ഒരു ട്രെയിനിന്റെ ശബ്ദം കേൾപ്പിച്ച് അയാൾ അവളുടെ ജീവിത നിന്ന് അന്ന് ഇറങ്ങി പോയി.

ആ രാത്രി ഉരുട്ടി വെളുത്തപ്പോൾ അവൾ അന്ന് വരെ മനസ്സിലാക്കി വച്ചിരുന്ന പല വാക്കുകളുടെയും അർഥം വിപരീതത്തിലേക്ക് മാറിയിരുന്നു എന്നിട്ടും ഒരു വാക്ക് അപ്പോഴും അതിൽ പെടാതെ പുതുതായി കടന്നു വന്നു..കൂട്ടം എന്ന ആ വാക്കും പതിയെ  അവളുടെ അർത്ഥത്തിൽ നിന്ന് വിപരീതത്തിലേക്ക് മാറിയപ്പോഴാണ് അവൾ അവൻ വരച്ചിട്ടു പോയ  മുറിവിന്റെ ചിത്രം  ആഴത്തിൽ അറിഞ്ഞത്

പിന്നെയും  അവിടെ സൂര്യനുദിച്ചിരുന്നു പക്ഷെ അത് പതിവ് പോലെ ആയിരുന്നില്ല അവളുടെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടായിരുന്നു

പിന്നെ അവളുടെ ദേഹത്ത് മുറിവുകൾ ഉണ്ടായില്ല . പക്ഷെ മനസ്സിലൊരു ഉണങ്ങാത്ത മുറിവ് ഉണ്ടായിരുന്നു. ഏതോ ഒരു സാഡിസ്റ്റ് വികലമാക്കിയ ചിത്രം പോലെ അവൾ ജീവിതചുമരിൽ  കൊളുത്തിയിടപ്പെട്ടു

പെട്ടെന്ന് അവൾ ഓര്മയുടെ ചിന്തയിൽ നിന്ന് ഉണര്ന്നു. കണ്ട സ്വപ്നം ഓര്മ വന്നു അവള്ടെ ദേഹത്ത് മുറിവ് പോലെ മൈലാഞ്ചി പാട് കണ്ടു ഞെട്ടി അത് ഒരു ടയറിന്റെ പാട് പോലെ മനോഹരമായിരുന്നു. പെട്ടെന്ന് മേശപ്പുറത്തിരിക്കുന്ന ഒരു ആശംസ കാര്ഡ് അവളുടെ കണ്ണിൽ പെട്ടു. അവൾ അറിയാതെ അവളുടെ കൈ മേശ വരെ നീണ്ടു. മഞ്ഞിന്റെ തണുപ്പുള്ള ആശംസ കാർഡിൽ മഞ്ഞു കണങ്ങൾ ഉരുണ്ടു കൂടിയിരുന്നു.. അതിൽ വിരൽപാടുകൾ പതിഞ്ഞപ്പോൾ വെള്ളത്തുള്ളികൾ കണ്ണുനീര് പോലെ താഴേക്ക്‌ പതിച്ചു. അവളുടെ കയ്യിലിരുന്നു കാര്ഡ് തണുത്തു വിറച്ചു  അവളുടെ ശ്വാസം പോലും വിറയ്ക്കുവാൻ തുടങ്ങി. ശ്വസിക്കുവാൻ ശ്രമിക്കുന്നത് പോലെ  കാർഡ് പകുതി തുറന്നിരുന്നു അതിൽ കോടമഞ്ഞിൽ നില്ക്കുന്ന മരങ്ങളെ പോലെ ചില അക്ഷരങ്ങൾ തെളിഞ്ഞു വന്നു അന്തരീക്ഷത്തിൽ പടരുന്ന മഞ്ഞു... കണ്ണുനീർ പോലെ വകഞ്ഞു അവൾ അത് വായിച്ചു ... അതിൽ ഇങ്ങനെ എഴുതിയിരുന്നു.

"ജീവിക്കുവാനുള്ള ഒരു അവസരവും പാഴാക്കരുത്.. കാരണം ജീവിതം തന്നെ ഒരു അവസരമാണ്" - നിന്റെ ജീവൻ

പ്രണയത്തിൽ നാണിച്ച വരികൾ

പ്രണയത്തെ കുറിച്ച്
കവിതയെഴുതുവാൻ
വരികൾ തേടിത്തിരയുമ്പോൾ
തട്ടിത്തടഞ്ഞു
മുമ്പിൽ വന്നുപ്പെട്ടുപോകുന്ന
ആദ്യവരികൾക്ക്
മുന്നോട്ടു വരാൻ
കഴിയാത്തവിധം
കള്ളനാണം

ആ നാണം കാലിന്റെ
പെരുവിരലിലൊന്നിൽ
കണ്ടു ഞാൻ പിടിക്കുമ്പോൾ
പിടഞ്ഞകന്നു മാറി
ഇമകളെ പോലെ
ഒളിച്ചു കളിക്കുന്നു
അത് കണ്ണുകളിൽ

എന്നാൽ അറിയാതെ
പിന്നിലൂടെ ചെന്ന്
കണ്ണുപൊത്തി
എത്തിപ്പിടിക്കാൻ
നോക്കുമ്പോൾ

നെഞ്ചിൽ
പിടയ്ക്കുന്ന കണ്ണാടിയിൽ
വൃത്തം
ഒരു വട്ടം നോക്കാതെ
ഉപമ
അലങ്കാരശങ്ക ഇല്ലാതെ

വെറുമൊരുവിരലിന്റെ
അറ്റം മുറിച്ചൊരു
അധരവർണ്ണ പൊട്ടുംകുത്തി
മുഖമൊന്നു
വെട്ടിത്തിരിച്ചു..
മുടി
ഒരു വശത്തേക്ക്
മുന്നോട്ടു
നീട്ടിയെഴുതി
മുമ്പിലേക്ക് തിരിയുന്നു
ഒരു കടലാസിലും
എഴുതുവാൻ കഴിയാത്തൊരു
അതി മനോഹര
പ്രണയകാവ്യം

അത് അധരം കൊണ്ട്
വായിച്ചു
കണ്ണടച്ച് കട്ടെടുത്തെഴുതുമ്പോൾ
ആരുടെയോ
കാൽപ്പെരുമാറ്റം കേട്ട്
മനസ്സില്ലാമനസ്സോടെ
ഒരു ഉമ്മ വെച്ച്
അത് മായ്ച്ചു കളഞ്ഞു
ഹൃദയം പറിച്ചെടുത്തു
ചുരുട്ടി കൂട്ടി
നെഞ്ചിൽ
ഇട്ടു
കളയേണ്ടി വരുന്നു  

Tuesday, 29 October 2013

മഴ ഉപ്പിലിട്ട കടൽഭരണി

കടൽ
മണ്ണിന്റെ ഉടലുള്ള
സംഭരണിയാണെന്നും  
എപ്പോഴും
ഉടഞ്ഞുതകരാവുന്ന
ഒരു മണ്‍ഭരണി    

അതിലുള്ളതെല്ലാം
എപ്പോഴും
പൊട്ടിഒലിക്കാം
ഭൂലോകം മുഴുവനും
തകർന്നടിയാം

ഇപ്പോൾ
ആ ഭരണിയിൽ
കേടാകാതിരിക്കുവാൻ
ഉപ്പിലിട്ടു
സൂക്ഷിച്ചിരിക്കുന്നു
നല്ല ഋതുക്കളിൽ
മേഘങ്ങളിൽ
കായ്ച്ച
കൊതിയൂറും
വാടാത്ത മഴക്കനികൾ

അധ്വാനിച്ച
വിയർപ്പുപ്പിൽ
ശരീരം കേടാകാതെ
സൂക്ഷിക്കേണ്ട
മനുഷ്യൻ

എന്നിട്ടും
കടലുപ്പ്‌ വാരി

അത് തിന്നു

കടലും ഉടലും
കടലാസ് പോലെ
ഉപയോഗിച്ച്
എഴുതിതള്ളിക്കളയുന്നു 

Sunday, 27 October 2013

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ
വസ്ത്രം മറച്ചു
നഗ്നത ധരിച്ചു
പുറത്തേക്കിറങ്ങുന്ന ചിലരുണ്ട്
ചില സൗന്ദര്യവർദ്ധകവസ്തുക്കൾ 
സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ
അവരുടെ ചുണ്ടുകൾ
കനലുപോലെ
തിളങ്ങുന്നുണ്ടാവും
നോക്കുന്നവരുടെ കണ്ണുകളെ
അവ
ഒരു സിഗരറ്റ് പോലെ
വലിച്ചു കൊണ്ട് പോകും
അനുഭൂതിയുടെ പുക പെരുക്കി
കണ്ണുകൾ കത്തികയറുമ്പോൾ 
വെറുതെ കാലടി കൊണ്ട്
ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട്

കൃത്രിമം
കൃത്രിമ പച്ചിലചായം
തേയ്ച്ചു 
സൌഹൃദ മരങ്ങളിൽ 
ഉണങ്ങി ഇരിക്കുന്ന 
ചില പുഞ്ചിരികളുണ്ട്
കണ്ടാൽ 
ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ 
ഒരു കാറ്റിന്റെ 
ഔദാര്യത്തിൽ ജീവിക്കുന്നവ 
എന്നിട്ടും
നമ്മളെ 
വെറുമൊരു
കാറ്റായി പരിഗണിക്കുന്നവ
ഓർമ നിറമുള്ള കരിയിലയായ്
അവഗണിക്കേണ്ടിവരുമ്പോൾ
പരിഭവം ഉള്ളിൽ തോന്നാറുണ്ട്

കള്ളനോട്ടം
ആദ്യനോട്ടത്തിൽ  സത്യമെന്ന്
ബോധ്യപ്പെടുമെങ്കിലും
പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ
തിരിച്ചറിയാതെ അതിൽ
തിരുകി വെയ്ക്കുന്നുണ്ട്
ധാരാളം കള്ളനോട്ടങ്ങൾ

വ്യാജനോട്ടുകൾ പോലെ
സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം
അവസാനം
കണ്ടുപിടിക്കപ്പെടുന്നവ
അപ്പോഴേക്കും
രക്ഷപെടാനാകാതെ
തിരിച്ചിറങ്ങാൻ കഴിയാത്തവിധം
പലരും
അകപ്പെട്ടുപോകാറുണ്ട്


ചോർച്ച
കാറുംകോളും ഒന്നുമില്ലാത്ത മുറിയിൽ
ശരീരം ചേർത്തടച്ചു കുറ്റിയിട്ടു
ഒരു ചോർച്ചയും ഇല്ലാതെ
ചേർന്ന് കിടക്കുമ്പോൾ
ഒരു മഴയും പെയ്യാതെ തന്നെ
നനഞ്ഞു കുതിരാറുണ്ട്
ശരീരവും മനസ്സും 

Saturday, 26 October 2013

കുടയ്ക്ക് വേണ്ടി പെയ്യപ്പെടുന്നവ

മഴ
ഒരു സവർണ്ണആചാരമാണ്
നിറം
വെളുത്തിട്ടാണ്‌

പെയ്യുന്നത്
 മന്ത്രം ചൊല്ലിയിട്ടാണ്
പൊഴിയുന്നതു
തലയ്ക്കു മുകളിൽ നിന്നാണ്,

ഉണ്ടാവും
വെള്ളി പൂണൂലും
കല്പ്പിച്ചു ഉണ്ടാവാറുണ്ട്
വെള്ളിടിയും
പുണ്യാഹവും

പറിച്ചു എറിയുന്നുണ്ടാവും
പൂക്കളും ഇലകളും

സവർണ്ണ ആചാരം
ആയതു കൊണ്ടാവും
ഇത് വരെ
ഇതൊന്നും
അനാചാരമായി ഗണിച്ചിട്ടില്ല

എന്നാലും
അത് നനയിക്കുന്നുണ്ട്
ചിലരെ
അവര് ദളിതരാണ്

സവർണ്ണ രാജ്യങ്ങളിൽ
മഴ
അങ്ങനെ പെയ്യാറില്ല,
അവിടെ
മഴ പോലും
സുവർണ്ണ വെയിലാണ്

വെയിലില്ലാത്തപ്പോൾ
നേരവും കാലവും നോക്കി
ചന്ദനം പോലെ
അവിടെ
പ്രസാദമായി
കൊടുക്കുന്നത്
പലപ്പോഴും
മഴ അരച്ച മഞ്ഞാണ്

മഴ
കഴിഞ്ഞാൽ
തൊട്ടടുത്ത
വരേണ്യ വര്ഗ്ഗം
കുടയാണ്

നിറം
കറുത്തിട്ടാകാം
പല വർണ്ണത്തിലുമാകാം
മഴയൊട്ടി ഒലിപ്പിച്ചിട്ടാണ്  നടപ്പ്

എന്നാലും പിടിക്കുന്നവരോട്
ഒരു
പനി  അകലമാണ് സൂക്ഷിക്കാറ്

നില്പ്പിലും ഇരിപ്പിലും നടപ്പിലും
സ്ഥാനം
അവരെക്കാൾ
ഒരു പിടിമുന്നിലെന്നാണ്  വെയ്പ്പ്
അത്  ഒരു പറഞ്ഞു വെയ്പ്പാണ്
മറന്നു പോകാതിരിക്കുവാനാണ്

ചിലപ്പോൾ മഴക്കും മേലേ
കേറി പിടിച്ചു കളയും
മഴയെക്കാൾ ആദ്യം ഉണ്ടായതു
താനാണെന്ന് കേറിപറഞ്ഞുകളയും  

പിടിക്കുന്നവരുടെ
തോളത്തും കയ്യിലും
ഇരിക്കുമ്പോഴും
ഭയപ്പെടുത്തുന്നുണ്ട്
പൂച്ച നഖം പോലെ
മുഖം  കൂർത്ത ചില ജാതി
പഴഞ്ഞൻ കമ്പിഞരമ്പുകൾ

എന്നിട്ടും
പിടിക്കുന്നവന്റെ
തലമാത്രം നനയാതെ
കാത്തു
കാലു മുഴുവൻ നനച്ചു
തോളിൽ കയറി ഇരുപ്പാണ്
കുട
എന്ന സ്ഥാനപ്പേരിൽ

സവർണ്ണർ പണ്ട്
കാര്യസ്ഥനായി
കൊണ്ട് നടന്നത് കൊണ്ട്
മേലാളനായി കാര്യമറിയാതെ
വെറുതെ ഇല്ലാത്ത മഴയ്ക്ക്
ഇപ്പോഴും മറ പിടിച്ചു
കൂടെ നടക്കുകയാണ്
സ്വന്തമായി
നിറം പോലും ഇല്ലാത്ത
നിവർത്തിയാൽ ഉടനെ വളഞ്ഞു
ചരിഞ്ഞു പോകുന്ന
മാനം നോക്കി കുട

Friday, 25 October 2013

കടലിന്റെ വിസ കച്ചവടം

കടലൊരു ബഹുരാഷ്ട്ര കുത്തകയാണിന്ന്
കടലാസ്സിൽ വിസ പോലും അടിച്ചുകൊടുക്കുന്നവൻ
കടലോരത്താകെ അതിൽപെട്ട് കുടുങ്ങിക്കിടക്കുന്നു
കായലെന്നു പേരിൽ  കിടപ്പാടം പണയപ്പെട്ടവർ

കടലെന്ന് വലിയ പേരും നിലയുംവിലയും ആകുംമുമ്പേ
പലയിടങ്ങളിലും കടലവിറ്റു വിലയില്ലാതെ കിടന്നവൻ
അന്നവിടെഎന്നോ കാറ്റ്കൊള്ളാൻ വന്ന അറബിയുടെ
കാലു പിടിച്ചു എങ്ങിനെയോ ഉരുവിൽ അക്കരെ കടന്നവൻ

പിന്നെ അവിടെ കൊച്ചുകൊച്ചു പണിയെടുത്ത്  പച്ച പിടിച്ചവൻ
പിന്നെപിന്നെ പതിയെ കച്ചവടംചെയ്തു വയറുപിഴച്ചവൻ
കോടിക്കണക്കിനു കാശിനു വാണിജ്യവ്യാപാരം നടത്തിയവൻ
വെള്ളംപോലെ കോടിക്കണക്കിന് പണംവാരിയെടുത്തവൻ

പിന്നെ കപ്പൽ വിമാന-അന്തർവാഹിനികൾ വാങ്ങിയവൻ
വിവിധ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്വന്തമായ് തുറന്നവൻ  
എന്നിട്ടും കിഴക്കൻ മലയിലെ ഒരുതുണ്ട് ഭൂമി വിറ്റ  പുഴയുടെ
പൈസ വാങ്ങിവച്ചു സമയത്ത് വിസ കൊടുക്കാതെ പറ്റിക്കുന്നവൻ

നാട്ടുകാർ അടക്കംപറയുന്നു പുഴയ്ക്കു ഉരുൾപൊട്ടി വസ്തു പോയെന്നു
പക്ഷെ ഒരു വിസക്ക് വേണ്ടി എഴുതികൊടുത്തെന്നു പുഴ സത്യംഒളിക്കുന്നു
അക്കരെചെന്ന്പച്ചപിടിക്കുവാൻ വിസ പ്രതീക്ഷിച്ചു കടലിലേക്കൊഴുകുന്നു
കടൽ  തന്റെതിരകളെ വിട്ടു തല്ലിക്കുന്നു ഉപ്പുതിന്നതിനാൽ വെള്ളംകുടിക്കുന്നു
കടലിന്റെ ജലസമ്മർദം കൂടുന്നു പിന്നെ ഉരുണ്ടുകൂടി കടൽക്ഷോഭം നടിക്കുന്നു

അത്കണ്ടു  പുഴ തളർന്നുവീഴുന്നു
കടൽ വെള്ളം കുടിക്കാൻകൊടുക്കുന്നു
പിന്നെഎപ്പോഴോ പുഴയുടെ ബോധംമറയുന്നു  
അപ്പോൾ പുഴയെ കടലിലേക്കെടുക്കുന്നു
പിന്നെ പുഴ എങ്ങോട്ടോ അപ്രത്യക്ഷമാകുന്നു
ശരീരം പോലും കിട്ടാതെ പുഴ വെറും ഓർമയാകുന്നു

അത്കണ്ടു കായൽ വിസ ചോദിയ്ക്കാൻമടിക്കുന്നു
വീടുംപറമ്പും പോയാലും ജീവൻ കൊതിക്കുന്നു
പേടിച്ചരണ്ടു ഇപ്പോഴും പുറമ്പോക്കിൽ  കെട്ടികിടക്കുന്നു
മീൻവളർത്തി കയർപിരിച്ചു വിനോദസഞ്ചാരം നടത്തുന്നു
എങ്ങിനെയൊക്കെയോ ജീവിച്ചുപോകുന്നു

എന്നിട്ടും കഥയറിയാതെ വിസമോഹിച്ചു വരുന്ന പുഴകളെ
കഴിവതും തടഞ്ഞുനിർത്താൻ ശ്രമിക്കുന്നു
അത് കേൾക്കാതെ മുന്നോട്ടുതന്നെ ഒഴുകുന്നപുഴകളെ
കണ്ണീരോടെ അഴിമുഖം കാണിച്ചു കായൽ നിൽക്കുന്നു      

വന്യജീവി

രാജവെമ്പാലയെ ഈയിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ
കണ്ടിട്ടില്ലാത്തവർ പറയും ദാ ഇത് വഴി ഇഴഞ്ഞു പോയി
വെറുതെയാണത് ചുമ്മാതെ പറയുവാ
പാമ്പ് ഇഴഞ്ഞിട്ടു എത്ര കാലമായി!!!

അവരിപ്പോൾ വടി കുത്തി നടപ്പാണ്
ആരുടെയെങ്കിലും മുമ്പിൽ ചെന്ന് പെട്ടുപോയാൽ
അവർ വടി എടുക്കാൻ പോയാൽ
പോയവർ അത് വഴി ഒറ്റപ്പോക്കാണ്
അത് കൊണ്ട് പാമ്പ് വടി കൊണ്ടാണ് നടപ്പ്
പത്തിയിൽ കാണും വിസിറ്റിംഗ് കാർഡും
രണ്ടു മൂന്നു പാമ്പ് പിടിത്തക്കാരുടെ നമ്പരും
ഒരേ ഒരു വ്യവസ്ഥ വെയ്ക്കും
പിടിച്ചാൽ തല്ലികൊന്നാലും
കാട്ടിൽ  കൊണ്ട് പോയി വിടരുത്!

പുതിയ തലമുറ ആനയെ കണ്ടിട്ടുണ്ടോ?
അയ്യോ കണ്ടാൽ മനസ്സിലാകില്ല!
കൊമ്പ് ഒന്നും കാണില്ല
കൊമ്പിൽ കമ്പി ഇട്ടു  ഒതുക്കി
തുമ്പി കൈ വച്ച് മറച്ചു ഗമയിലാ നടപ്പ്
ആനവാല് വേണമെങ്കിൽ കുടഞ്ഞിട്ടു തരും!
പക്ഷേ ഒരു അപേക്ഷ
പിടിച്ചു ആനക്കൊട്ടിലിൽ ഇടരുത്

സിംഹമോ? കണ്ടാൽ തിരിച്ചറിയില്ല!
ക്ലീൻ ഷേവാണ്! റാപ്പ് പോപ്‌ താരങ്ങളെ പോലെ
മുടി പോലും ചെരച്ചു വച്ചിരിക്കും!!
കണ്ടാൽ ഹായ് പറയും പക്ഷെ പിടിക്കരുത്..
പേടിയാണ് വനം വകുപ്പിന് കൈ മാറിയാലോ!

എന്താ കാര്യം?
ഇവര്ക്കൊക്കെ പേടി
വനത്തിൽ പോകാൻ!
അയ്യോ ഇതൊന്നും മൃഗങ്ങളല്ല!
ഇവരൊക്കെ മനുഷ്യരാണ്!!!
നമ്മുടെ ഇടയിൽ ഉള്ള
മറ്റു ചില  മൃഗങ്ങൾക്ക്
അവരെ
തിരിച്ചറിയാൻ കഴിയാതെ
തെറ്റിദ്ധരിക്കുന്നതാണ്!Wednesday, 23 October 2013

പ്രണയത്തൊഴുത്ത്

പ്രണയം വിശുദ്ധമായ പശുവാണ്‌
പശു തരുന്നത് സ്വാദിഷ്ടമായ പാലാണ്
പാലിന്റെ സ്വാദ് അനശ്വരമാണ്
പാല് നൈമിഷികമാണ് പിരിയും
പിരിഞ്ഞു പോകും 
പശു നിൽക്കുന്നത് ഏച്ചു കെട്ടിയ നാലു കാലിലാണ്
അത് കൊണ്ട് തന്നെ അതിനെ കുരിശായി ആരും കാണാറില്ല
കാരണം നിലത്തു കുത്താത്തത്  കാലായി അംഗികരിച്ചിട്ടില്ല
അത് കൊണ്ട് തന്നെ അത് ആരും ചുമക്കാറും ഇല്ല
അത് അകിടായി അടിയിൽ തൂങ്ങി കിടപ്പാണ്
അകിടിന് കാമ്പുകൾ നാലാണ്
സാധാരണ നടക്കുന്നത് കാലാണ്
ഇവിടെ നടക്കുന്നത് അകിടാണ്
അകിട് ഇവിടെ കാലാണ്
അകിട് കെട്ടി ഇടാനാണ്   പശുവിനെ വളർത്തുന്നത്‌
പശുവിനു ഇവിടെ തൊഴുത്തിന്റെ വേഷമാണ്
അകിട് ചുരക്കുന്നത് വരെ പ്രണയം പരിശുദ്ദമാണ്
പശു വിശുദ്ധമാണ്
അത് കഴിഞ്ഞാൽ മോരിലെ പുളി പോലെ
പഴമാംസത്തിലേക്ക് പശു പിരിഞ്ഞു പോകും 

Tuesday, 22 October 2013

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു
ചോരയായി ഇറ്റുന്നു
ചിതലെടുത്ത ഞരമ്പുകളിൽ
തുരുമ്പ് എടുത്തോഴുകുന്നു
എന്നിട്ടും മനുഷ്യന് പുഴ
വെറുമൊരു ഫയലു മാത്രം
വയൽ നനയ്ക്കാനും
മേലുകഴുകാനും
കാണാനും കേൾക്കാനും
കവിത എഴുതാനും

മതിമറന്നു തിരുത്തി എഴുതി
ഉപയോഗിച്ച ശേഷം സേവ്
ചെയ്യാൻ മറക്കുമ്പോൾ
അറിയാതെ മനുഷ്യന്റെ കൈ തട്ടി
ഡിലീറ്റ് ആയി പോകാതിരിക്കുവാൻ
പുഴ സ്വയം എടുത്തു വക്കുന്നുണ്ട്
ഒരു  "ബാക്കപ്പ്"
മലമുകളിലെവിടെയോ ഫോൾഡറിൽ
നീരുറവ  പോലെ  ഒരെണ്ണം

Sunday, 20 October 2013

ഹൃദയത്തിന്റെ പരുക്ക്


അധരങ്ങൾക്കിടയിൽ വിരിഞ്ഞ
ചുവന്നു തുടുത്ത ഒരു പുഞ്ചിരി 
നീ അറിയാതെ പറിക്കുവാൻ
എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ്
ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത്

വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ
നാണിച്ചോതുങ്ങി നിന്ന നഖത്തിൽ
ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ
പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ-
പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

Friday, 18 October 2013

ചില സമാന്തര സ്ലീപ്പർ വ്യവസ്ഥിതികൾ

ഓരോ തീവണ്ടിയും കടന്നുപോകുന്ന ഇടവേളകളിൽ പിടയുന്നുണ്ട്‌
ഇരുമ്പ് പാളത്തിനടിയിൽ അമർന്നു അതിൽ കൊരുക്കപ്പെട്ടു
അതിൽ എന്നോ അകപ്പെട്ടു പോയ ചില സ്ലീപ്പറുകൾ
അതിനെ വേശ്യാലയങ്ങൾ എന്നോ ശൌച്യാലയങ്ങൾ എന്നോ ആരും വിളിക്കാറില്ല
അതിൽ നിന്നും അവരെ രക്ഷപ്പെടുത്തണം എന്നും ആർക്കും നിർബന്ധമില്ല
എങ്ങോട്ടോ പുറപ്പെട്ട ചില യാത്രികരുടെ ആവശ്യമാണത്!
വ്യവസ്ഥിതിയുടെ ഭാഗമാണത്!

അത് പകരുന്നുണ്ട് സ്വന്തം ശരീരം കൽചീളുകളിൽ പിടയുമ്പോഴുംമെത്തയുടെ സുഖം..
സുഖത്തിലും ശുചിയായും സൂക്ഷിക്കുവാൻ വലിച്ചെറിയുന്നുണ്ട് പലരും അതിൽ വിസ്സർജിക്കുന്നതെന്തും!
ട്രെയിൻ കയറി ഇറങ്ങുമ്പോൾ  അറിയാതെ ഉയരാറുണ്ട് ചില ഞരക്കങ്ങൾ മൂളലുകൾ
എന്നാലും ആ നിമിഷത്തിലെ പതിവൃതയെ പോലെ കടത്തി വിടുന്നുണ്ട് ഒരു ട്രെയിൻ മാത്രം ഒരു നേരം
കിടന്നു കിടന്നു തടി എന്നോ മാറി കോണ്‍ ക്രീറ്റ്  ആകുമ്പോഴും
വെളുപ്പ്‌ ഇരുണ്ടു കറുപ്പാകുമ്പോഴും വികാരം പോലും ഉപേക്ഷിച്ചു പോകാറുണ്ട്
നേർത്ത ഞരക്കം പോലെ  ...

അവർക്ക് കുടിലുകൾ പോലും ഉണ്ടാവില്ല
ട്രെയിൻ കടന്നു പോകുമ്പോൾ ഉണ്ടാകും ഒരു മേല്ക്കൂര
എന്നാലും ചോർന്നോലിക്കുന്നുണ്ടാവും ഉടലാകെ
ചുട്ടുപൊള്ളുന്നുണ്ടാവും കൂരിരുട്ടിലും അകവും പുറവും..
ഒന്നു  തണുക്കുന്നതിനു മുമ്പ് കടന്നു വരുന്നുണ്ടാവും അടുത്ത ട്രെയിൻ

മുറിക്കപെട്ട വിലങ്ങുപോലെ ഉണ്ടാകും  ചില കൊലുസ്സുകൾ കൈവളകൾ
വെറുതെ കിലുങ്ങുവാൻ മാത്രം
അതിൽ പിടക്കുന്നുണ്ടാവും മുറിക്കപ്പെടാത്ത കാലുകളും കൈകളും ഒരു കഴുത്തും
അവയൊക്കെ പണി എടുക്കുന്നുണ്ടാവും അധികം പണിയെടുക്കാത്ത ഒരു വയറിനു
അതിലും ഉണ്ടാകും കത്തുന്ന വിശപ്പുകൾ..
വിശപ്പ്‌ എന്ന് പോലും അടയാളപ്പെടുത്താത്തവ..
ചിലപ്പോൾ കാമഭ്രാന്തെന്നു മാത്രം വിളിക്കപ്പെടുന്നവ!

Thursday, 17 October 2013

ആരാണ് എന്താണ്?

മുറ്റത്തിൻ മാനത്ത്‌-
മഴവില്ലായി..
പൂത്തു വിരിഞ്ഞുലഞ്ഞ-
പുഷ്പങ്ങളെ...
തല്ലിക്കൊഴിച്ചു-
പിച്ചവെച്ച-
കുസൃതികുരുന്നിനെ,
പിടിച്ചു;
മടിയിൽ-
ചേർത്തണച്ച്...
വൈരക്കല്ലിറ്റുന്ന-
ചെവിയിൽ
മുഖം ചേർത്ത്,
മെല്ലെ മൃദുവായി;
വാത്സല്യമായി;
മന്ത്രിച്ചു...
മഴയെന്നു,
പേരിട്ടു-
വിളിച്ചതാരോ?

സന്ധ്യയിൽ-
കുളിച്ചുതോർത്തി
കടന്നുവന്ന,
ചന്ദ്രികയുടെ...
പിറകിലൂടെ;
നടന്നുചെന്ന്,
അറിയാതെ
മറഞ്ഞു നിന്ന്
കണ്ണുപൊത്തി,
മങ്ങിയനിലാവിന്റെ-
ഓരത്ത് കൂടി
നിശബ്ദതയുടെ
തീരത്ത്
കൈ പിടിച്ചു
കിടത്തി ..
സ്നേഹത്തിന്റെ
മടിയിൽ
തലചായച്ചു
കിടന്നു
രാവിന്റെ
മുടിയിൽ
വിരലോടിച്ചുമെല്ലെ...
പ്രണയത്തിന്റെ
ലിപിയിൽ
ഹൃദയം
കുത്തികുറിച്ചതെന്തോ? 

Monday, 14 October 2013

ഡിസ്പോസിബിൾ കവിതകൾ

തല
ഒരു തല വച്ചത്  കൊണ്ട് മാത്രം
ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു
എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്..
ഉടൽ പറന്നു പോയത്

വഴി
ഓരോ ഇന്നും ഒരു വഴിയാണ്
എന്നും കാണുന്ന "ആ" പരിചയം വെച്ചാണ്
(കണക്കിന് "ഇ" ആണ് വേണ്ടത്
ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ
അറിയാമോ എന്ന് ചോദിക്കുമ്പോൾ
ഒന്നൂടി നീട്ടി ആാ എന്ന് പറയും
അപ്പോൾ ശരി "ആ" തന്നെ )
നമുക്ക് എത്ര വഴി തെറ്റിയാലും,
തെറ്റുന്നതെല്ലാം വഴിയാക്കി
വഴിക്ക് ആളു തെറ്റാതെ
അവസാനം മരണവീട്ടിൽ തന്നെ
കൊണ്ടെത്തിക്കുന്നത്

 കുട
വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു
പിന്നെ നടന്നപ്പോൾ
ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു
എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ

പേന
വാങ്ങിയപ്പോഴേ കീശ കീറി
എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും
അതിനൊരു കനവും കുറച്ചു ആഴവും
അതും ഇടനെഞ്ഞിൽ തന്നെ
നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം
എഴുതുവാൻ ഒഴിയാതെ കരിമഷിയും
എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ
അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും
വിളിച്ചു പോയത്പെണ്ണെന്നു
പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു
ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്കുന്നുണ്ട് ഒരു പേന
വെറുതെ കവിത എഴുതുവാൻ വേണ്ടി മാത്രം

ടിപ്പ്
ജീവിച്ചിട്ടിറങ്ങുമ്പോൾ മനുഷ്യൻ
ടിപ്പ് കൊടുക്കന്നത്‌ പതിവാണത്രെ
ഒട്ടും കുറച്ചില്ല
നാണം കെടാതിരിക്കുവാൻ
ഞാനും വച്ചു
ടിപ്പ്!
എന്നെ തന്നെ!!
ഇപ്പൊ നാണം കെട്ടതു അവരായിരിക്കും

Friday, 11 October 2013

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ
അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു
ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത്
അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു

ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു
ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ
സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ
മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം
എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ
അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു
നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ
പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ

വിവിധതരം അസുഖങ്ങളിൽ
ബി പി യുടെ ഉയർന്ന ഷെയറുകളിൽ
കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ
ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ
സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ
ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ
മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട്
സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ
അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ
ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ
ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ
നിർത്തി പഠിപ്പിച്ചതിന്റെ കണക്കു
അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ
അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ
തലകുനിച്ചു നിക്ഷേപിച്ചതിന്റെ രസീതികളിൽ
സ്വന്തം ശവമടക്കിനു  രണ്ടു ദിവസം വൈകി ചെന്നിട്ടും
മുന്നിൽ ചെന്ന് പെട്ട തെറ്റിന്  ശവത്തിനെ കൊണ്ട്
എടുപ്പിച്ച  ഇൻഷുറൻസ് പോളിസികളിൽ 

 ജീവിതത്തിന്റെ മടുപ്പുകൾ ഓരോ ദിവസവും
മരണം എന്ന നിക്ഷേപത്തിലേക്ക് ഇതുപോലെ സ്വരുക്കൂട്ടിയതിനാൽ
ഇനി ഒരു വാർദ്ധക്യദൂരം നടക്കേണ്ടി വരില്ലെന്ന് ഓർത്തു
ചുണ്ടിൽ വിരിഞ്ഞ ചിരി കാലം മോർഫു ചെയ്തതാകാമെന്നൊരു തോന്നൽ

Wednesday, 9 October 2013

ഫ്രിഡ്ജിൽ വച്ച മഴ

മഴയെ കുറേ നാളായി കാണുന്നുണ്ട്  ഞാൻ
ഓർമ വച്ച നാൾ മുതൽ പെയ്യുന്നുമുണ്ടത്
എന്നാലും കഴിഞ്ഞ കുറേ ഏറെ നാളായി ശ്രദ്ധിക്കുന്നുണ്ട് ഞാൻ-
പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത

പെയ്യുന്ന മഴയിൽ  കാണുന്നു പലപ്പോഴും
ഏച്ചു നില്കുന്ന ചില  ഏറ്റകുറച്ചിലുകൾ
ആകാശത്തു കാണുന്ന മേഘങ്ങളുടെ അളവിലും, നോക്കിയാൽ കാണാം-
അനുവദിച്ചിട്ടുള്ളത് പെയ്യാറുമില്ലെന്നവ

അന്നന്നുള്ളത്  പെയ്യാതെ പൂഴ്ത്തിവെയ്ക്കുന്നുണ്ടവ
ആരുമറിയാതെ എങ്ങോട്ടോ മാറ്റുന്നുമുണ്ടവ
ഇന്നലെ തന്നെ; പെയ്ത മഴ, ഇന്ന് തനിയെ നുണയുമ്പോൾ, അറിയുന്നു-
ഫ്രിഡ്ജിൽ വച്ച് പഴകി, തണുപ്പ്; മാറ്റാതെ പെയ്തവ!

ഓർമയിൽ പോയി പണ്ടത്തെ മഴ തിരയുമ്പോൾ
അറിയുന്നു ഓർമ്മകൾ പോലും പഴകിയിട്ടുള്ളവ
കുട്ടികാലത്തെ പ്രണയത്തിനു മുമ്പുള്ള ഓർമ്മകൾ പലതുമിപ്പോഴും-
അയവിറക്കുമ്പോൾ, തണുപ്പ് മാറാത്ത  മഷിത്തണ്ടുകൾ!

Sunday, 6 October 2013

ചുവന്ന പൊട്ടിട്ട ടിപ്പർ ലോറി

നിന്റെ നെറ്റിയിൽ കത്തി കിടന്നത്
ഒരു ചുവന്ന പൊട്ടായിരുന്നു
അത് സീമന്ത രേഖയുടെ അടുത്തായിരുന്നു
ഒരു സീബ്ര എന്റെ മുമ്പിലൂടെ മുറിച്ചു ചാടിയിരുന്നു
എല്ലാ ധൃതിയുടെ ഇടയിലും അത്
ഞാൻ ശ്രദ്ധിച്ചിരുന്നു
പക്ഷെ നിന്നിലേക്ക്‌ എത്തുവാനുള്ള
എന്റെ ആവേശത്തിന്  ഇതെല്ലാം ഒരു തടസ്സമായിരുന്നു
അത് അറിയുവാൻ പിറ്റേന്നത്തെ പത്രം നോക്കേണ്ടി വന്നു
ചരമ കോളത്തിൽ
എന്റെ ചിത്രം
ചിരിക്കുന്നുണ്ടായിരുന്നു
നായകൻ ഞാനായിരുന്നെങ്കിലും
വില്ലൻ മൊബൈൽ ആയിരുന്നു  
അന്ന് മിസ്സ്‌ അടിച്ചത്...
നമ്മൾ പരിചയപ്പെട്ടത്‌ !
അതിലൊന്നും എനിക്ക് പരാതി ഇല്ലായിരുന്നു
പക്ഷെ
എന്റെ കൂടെ ചരമകോളത്തിൽ
അന്ന് യാത്ര ചെയ്തവരുടെ കൂട്ടത്തിൽ
ഒരു പുഴയും ഉണ്ടായിരുന്നു
പുഴ ഗര്ഭിണി ആയിരുന്നു
മൂന്നു മാസം പ്രായമായ മണൽ വയറ്റിലുണ്ടായിരുന്നു
പുഴ അന്നും ജോലിക്ക് ഇറങ്ങിയതായിരുന്നു
പുഴയുടെ വഴിയിലൂടെ പോയാൽ മണൽ മാഫിയ
ഗര്ഭം കലക്കുമായിരുന്നു
അത് പേടിച്ചിട്ടാണ് റോഡിലൂടെ ഒഴുകിയത്
പക്ഷെ അവിടെയും പുഴയേയും എന്നെയും ഒരുമിച്ചു
ഇടിച്ചു തെറിപ്പ്പ്പ്പിച്ചു
കടന്നു പോയത് ഒരു ടിപ്പർ ലോറി ആയിരുന്നു
അത് മണൽ നിറച്ചിരുന്നു!
വിധി!
പുഴ പോയതോടെ ആ ഒരു ദേശത്തെ
സംസ്കാരം കൂടി അനാഥമായി!
മരിച്ച പുഴ സന്തോഷവതിയാണിന്നു
പൊട്ടില്ലാത്ത പുഴയുടെ നെറ്റിയിൽ കിടന്നാണ്
ഈ കുറിപ്പെഴുതുന്നത്
ഹ്ല ഹ്ല ഹ്ല
ചിരിച്ചതല്ല
ഒരു പുഴ ഒഴുകിയതാണ്
അതെന്റെ കണ്ണിൽ നിന്നാണ്
നിന്റെ ചുവന്ന പൊട്ടു ഓർത്തു!

ഷണ്ഡൻനിഘണ്ടു
ഷണ്ഡൻ എന്ന പദത്തിന്റെ അർഥം തിരഞ്ഞാണ് ഷണ്ഡൻ നിഘണ്ടു തപ്പി വായനശാലയിൽ പോയത്
അപ്പോൾ നിഘണ്ടു അതിൽ ഇല്ലാത്ത പല പദങ്ങളുടെയും അർഥം തിരഞ്ഞു വേശ്യാലയത്തിൽ ആയിരുന്നു
പല വാക്കുകളുടെയും ത്രിമാന അർഥം അറിയണമെങ്കിൽ ഇനി വേശ്യാലയത്തിൽ തന്നെ പോകണം എന്ന് അവിടെ നിന്നും മടങ്ങി വന്ന നിഘണ്ടു പറയുന്നുണ്ടായിരുന്നു
യഥാർത്ഥ നിഘണ്ടുവിന്റെ ലിന്ഗവ്യാകരണം തിരയുകയായിരുന്നു ഷണ്ഡൻ അപ്പോൾ ഷണ്ഡൻ
ഷണ്ഡൻ പൊട്ടി കരഞ്ഞു വിധി കേട്ട്
തനിക്കു ജീവപര്യന്തം!
 അതും എന്തിനു?
തന്റെ ഷണ്ഡത്ത്വത്തിനു!!
സാരമില്ല... തടവിൽ ജീവിതത്തിൽ  തന്നെ ഏതാണ്ട് ശിക്ഷ കാലാവധി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു...
അടുത്ത കേസ് ഉടനെ ഉണ്ട് ..അതിനെങ്കിലും വെറുതെ വിടുമായിരിക്കും... അത് തന്റെ തെറ്റല്ല എന്ന് പൂര്ണ ബോധ്യവും ഷണ്ഡനു ഉണ്ടായിരുന്നു.
കേസ് വിളിച്ചു കുറ്റം പറഞ്ഞു
കുറ്റം കേട്ട ഷണ്ഡൻ പൊട്ടി ചിരിച്ചു.... ശിക്ഷ;അത് കൊണ്ട് തന്നെ ഷണ്ഡൻ  കേട്ടില്ല.
ശിക്ഷ വിധിച്ചു   "വധശിക്ഷ"!
ചെയ്ത തെറ്റ് "ജനിച്ചു"!!!

ശിക്ഷ വിധി കേട്ട ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് പെട്ടെന്ന് മറന്നുപോയ ജനം കല്ലെറിഞ്ഞു  അവനു അത് തന്നെ കിട്ടണം!!!!

Saturday, 5 October 2013

നവരാത്രി അനുഗ്രഹം


ഒരു മഞ്ഞുതുള്ളിയ്ക്ക് ജന്മമേകി
താമര ഇലയിൽ അഭയമേകി
ശ്വേതസത്യം ആദ്യം നാവിലെഴുതി
അമ്മതൻ മടിയിൽ വീണയാക്കി

അക്ഷരങ്ങൾ കോർത്തമ്മ പേരുമീട്ടി
അമ്മയെന്ന നാമം നാവുമാക്കി
വിരലുകൾ അമ്മ  പിടിച്ചു മെല്ലെ
അക്ഷരങ്ങൾക്കിടയിലൂടെ നടത്തി മെല്ലെ

അക്കങ്ങൾ ഒമ്പതും തംബുരുവാക്കി
ശൂന്യമാം തന്ത്രിയിൽ ശ്രുതി എഴുതി
അക്ഷര മുദ്രകൾ താമരയായി
ഓർമയിൽ കണ്ണുകൾ കൂപ്പി നിന്നു

സംഗീത സാന്ദ്രമാം മഴ പൊഴിഞ്ഞു
കാതിന്റെ ചെവിക്കുട തുറന്നു തന്നു
ചിരിയുടെ ചിലങ്കകൾ കുണുങ്ങി വന്നു
കലിയുടെ കോപവും കൂടി വന്നു

മൌനത്തിൻ ആയുധം ചുണ്ടിൽ തന്നു
അപ്പോഴും അമ്മ കാവൽ നിന്നു
നേർവഴികാണുവാൻ വിദ്യ തന്നു
ഏതു രാജ്യത്തിലും കൂടെ വന്നു

ഏതു താപത്തിലും തണലു തന്നു
കൂരിരുട്ടിലും നിലാചിരി വിരിച്ചു
ഏതക്ഷരത്തിലും ഒളിച്ചിരുന്നു
എപ്പോൾ വിളിച്ചാലും പുറത്തു വന്നു

എന്നാലും എപ്പോഴും കൂട്ടിനായി
മനസ്സിലുണ്ടാവണേ എന്നുമമ്മേ
അമ്മേ മഹാമായേ  ദേവി മഹാമായേ
സർവ്വം മഹാമായേ സരസ്വതിയേ...


Friday, 4 October 2013

നടത്തുവാൻ മൂന്നെണ്ണം

ജീവ മന്ത്രം
ജീവൻ നില നിർത്താൻ വേണ്ടി ഞാൻ
എപ്പോഴും ഒരു മന്ത്രം ജപിക്കാറുണ്ട്
അത് നിന്റെ പേരല്ല എന്റെ ശ്വാസമാണ്
അതായതു ഏതോ  മരത്തിന്റെ നിശ്വാസം

പ്രകൃതി സ്നേഹി 
പെണ്ണിനെ സ്നേഹിച്ചു നാണം  പോയപ്പോഴാണ്
മരത്തിന്റെ സ്നേഹിച്ചു മാനം നോക്കിയത്
അപ്പോഴാണ്‌ മരം ചുറ്റി പ്രേമിക്കാൻ തീരുമാനിച്ചത്
അങ്ങിനെയാണ് നാട്ടിൽ ഒരു പ്രകൃതി സ്നേഹി ഉണ്ടായതു
എന്നിട്ടും മനുഷ്യനേയും മരത്തിനെയും  തിരിച്ചറിയാൻ പഠിക്കാത്ത
മരംകൊത്തിസമൂഹത്തിനു കൊത്താൻ ട്യുഷൻ കൊടുക്കേണ്ടി വരുന്നു
കൊത്ത് മരത്തിന്റെ വെളിയിൽ കൊള്ളാൻ


ഹർത്താൽ
നടക്കുവാൻ ഏറെ ദൂരമുണ്ടെന്നറിഞ്ഞിട്ടും
അളക്കുവാൻ കാലുകൾ വെറും രണ്ടെന്നറിഞ്ഞില്ല
കാത്തു നില്ക്കുവാൻ നിമിഷങ്ങൾ ഏറെ ഉണ്ടെന്നറിഞ്ഞിട്ടും
നിമിഷങ്ങൾ ആരെയും കാത്തു നില്ക്കില്ലെന്നറിഞ്ഞില്ല
അവസാനം കാലുകൾ ചുരുട്ടി വെക്കുവാൻ പെട്ടി ഉണ്ടെന്നറിഞ്ഞപ്പോൾ
അത് ചുമക്കുവാൻ ആരെയും കിട്ടില്ലെന്നറിഞ്ഞില്ല
എങ്കിൽ മരണം ഒന്ന് മാറ്റി വയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ
ശ്മശാനത്തിനെ  ഹർത്താലിൽ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രസ്താവന

മത്സരം


റെഡി... വെടി... തുടക്കം

ഒരുപാട് മഴയെ ഞാൻ  കുടകൊണ്ട്‌ കുത്തി കൊന്നിട്ടുണ്ട്
മഴയുടെ ചോരപ്പാടു ഇറ്റുന്ന കുട ഞാൻ ഒളിപ്പിക്കാതെ
കയ്യിൽ നിവർത്തിപ്പിടിച്ചു നടന്നിട്ടുണ്ട്

പലകുല പൂക്കളെ ഞാൻ ഈ കൈ കൊണ്ട് ഇറുത്തു മണത്തിട്ടുണ്ട്
അതിന്റെ മണം ഞാൻ പലരെയും കൊണ്ട് നടന്നു കാണിച്ചിട്ടുണ്ട്
അത് കൊരുത്തു മാല കെട്ടി ഇട്ടു ഫോട്ടോ എടുത്തു നടന്നിട്ടുണ്ട്

പിടിക്കപ്പെട്ടിട്ടില്ല ....

ധാരാളം പെണ്ണുങ്ങളെ ഞാൻ പ്രണയിച്ചിട്ടുണ്ട് അവരാരും എന്നെ തിരിച്ചു പ്രണയിച്ചിട്ടില്ല,
പിടിച്ചടക്കിയിട്ടില്ല!
തന്നെ പ്രണയിക്കുന്ന പുരുഷന് വഴങ്ങി കൊടുത്താലും, തന്നെ സ്നേഹിക്കുന്ന പുരുഷനെ പ്രണയിക്കാറില്ലവർ!
തന്നെ  പ്രണയിക്കാത്ത മറ്റൊരു പുരുഷനെ പ്രണയിക്കുന്ന തിരക്കിലുമായിരിക്കുമപ്പോഴും അവർ
അത് കൊണ്ട് തന്നെ ഞാൻ ഇപ്പോഴും സ്ത്രീകളെ പ്രണയിച്ചുനടക്കാറുണ്ട്
എന്നെ തിരികെ പ്രണയിക്കാതിരിക്കുവാൻ വേണ്ടി മാത്രം!
ഒരു അറിയിപ്പ്
ക്ഷമിക്കണം തുടക്കത്തിൽ വെച്ച വെടി ഉന്നം തെറ്റി ഒരു മൽസരാർഥിക്ക് കൊണ്ടതിന്റെ സന്തോഷ സൂചകമായി ഒരു കുല മുന്തിരി കൊടുത്തു  ഈ മത്സരം അവസാനിപ്പിച്ചിരിക്കുന്നു! 

പ്രണയവ്യാധിക്ക് ഒരു പ്രതിരോധ കുത്തിവെപ്പ്

പ്രിയേ നിനക്ക് ഇപ്പോൾ ഓർമ്മയുണ്ടോ?
അന്ന് നമ്മൾ പ്രണയിച്ച ദിവസങ്ങൾ!
എന്ത് മനോഹരമായിരുന്നവയന്നു!
ഓർക്കുമ്പോൾ ഇപ്പോഴും മധുരതരം!

അന്ന് പ്രണയത്തിനെന്തെല്ലാം പരസ്യങ്ങൾ!
കഥയിലും കവിതയിലും സിനിമയിലും...
ജീവിത നാടകത്തിന്നിടയിലും
കലാലയങ്ങളിലും കാണിച്ചിരുന്നവ!

അന്നാ പരസ്യം കണ്ടു മോഹിച്ചു-
ജീവിതത്തിന്റെ വില കൊടുത്തു..
വാങ്ങി കബളിപ്പിക്കപ്പെട്ട നാം...
എന്നിട്ടത് വെറും പരസ്യമെന്നറിഞ്ഞപ്പോൾ!
അത് പോലും രഹസ്യമാക്കി മറച്ചുവച്ച നാം!

ഇന്നിപ്പോൾ മക്കൾക്കാ പകർച്ചവ്യാധി
പിടിപെടാതിരിക്കുവാൻ
ഓർക്കണം
അവർക്ക്...
പ്രണയവ്യാധിക്കെതിരെ
ഒരു പ്രതിരോധകുത്തിവെപ്പെങ്കിലും
എടുക്കുവാൻ ....
പ്രായമൊരുപത്തിരുപത്തോന്നാവും  മുമ്പേ!

Thursday, 3 October 2013

നേരെ ആകാത്തവ

എത്രനേരം അരി ഇട്ടാട്ടിയാലും
വെള്ളം എത്രശ്രദ്ധിച്ചു കുറേശ്ശെ ചേർത്തരച്ചാലും
ദോശയ്ക്ക് വേണ്ടി   മാവ് കനംകുറച്ച് മേഘം കലക്കിഒഴിച്ചാൽ
പരുവംതെറ്റി  കിട്ടുന്നത്  മഴനൂൽപലഹാരം തന്നെ

എത്രനീളൻ വര കുത്തും കോമയും ഇട്ടു  നീട്ടി പഠിപ്പിച്ചാലും
വെള്ളച്ചാട്ടത്തിൽ നേരെ  താഴേക്ക്‌ ചാടാൻ  പരിശീലിപ്പിച്ചിട്ടും
മഴ ഒന്ന് മാറി പുഴയോട് തനിയെ ഒഴുകാൻ പറഞ്ഞാൽ
പുഴയുടെ  പോക്ക്  ഇപ്പോഴും വളഞ്ഞുപുളഞ്ഞു തന്നെ

എത്രപ്രാവശ്യം നാലു വരയിൽ റോക്കറ്റ് പറത്തി കാണിച്ചിട്ടും
വരയിട്ടു മഴവില്ല് പോലും വളച്ചു പഠിപ്പിച്ചിട്ടും
മേഘമിപ്പോഴും ആകാശത്ത് പറക്കാനിറങ്ങിയാൽ
പോകുന്നത് അടുക്കുംചിട്ടയും ഇല്ലാതെ തന്നെ

എത്രകാലം അടക്കി കിടത്തിയാലും
മരിച്ചുകഴിഞ്ഞു  അച്ചടക്കം കിടത്തിപഠിപ്പിച്ചാലും
ജനിച്ചു കഴിഞ്ഞു ജീവിതം തുടങ്ങി കഴിഞ്ഞാൽ
മനുഷ്യരിപ്പോഴും ആത്മസംയമനം പാലിക്കാത്തവരു തന്നെ