Friday, 11 March 2016

അപരിചിത കാഴ്ച്ചകൾ


ഒരു ഗ്ലാസ്‌ ചൂടുള്ള രാവിലെ
നട്ടുച്ചപോലെ
കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു
പകൽ


ചായയുടെ ആകൃതിയിൽ
ചുറ്റിച്ചുചുറ്റിച്ചു
ചൂടാറിച്ചു
ആറ്റി ആറ്റി ഉദിച്ചുവരുന്ന
ആവി പറക്കുന്ന സൂര്യൻ

പഴുത്തമാങ്ങപോലെ
ദിവസത്തിന്റെ ഞെട്ടിൽ
പിടിച്ചിരിക്കുന്ന
പുലരിയുടെ ഒരു തുള്ളി

അത് പൂളിപ്പൂളി തിന്നുന്ന
തൊട്ടടുത്ത ദിവസത്തെ
ഒന്നുരണ്ടു
തീയതികൾ

കലണ്ടറിൽ രൂപപ്പെടുന്ന
ഒരു തിക്ക്
കറുത്ത ദിവസങ്ങളുടെ
തിരക്ക്

പരിക്കേറ്റത് പോലെ
അവധിയെടുത്തിരിക്കുന്ന
ചുവന്ന ദിനങ്ങൾ

പകലിലേയ്ക്ക്
മാറ്റിവെയ്ക്കപ്പെടുന്ന
ചില കറുത്തവാവുകൾ

ധൈര്യശാലികളായിരുന്നിരിക്കണം
നമ്മുടെ പൂർവ്വികർ
അവരെ പിടിച്ചു പശ്ചിമരാക്കുവാൻ
അവരെ പേടിപ്പിച്ച്
അടിമകളാക്കുവാൻ
ഇന്നലെയിലെയ്ക്ക് പോയ
പോക്കുവെയിൽ
പേടിച്ചു
തിരിച്ചു വന്നിരിക്കുന്നു

വെയിലിൽ രക്തത്തിന്റെ
പാടുകൾ

ഒഴുകുന്ന പുഴയ്ക്ക് പോലും
കരയിലേയ്ക്ക്
രൂപപ്പെടുന്ന നിഴലുകൾ

രാത്രിമുഴുവൻ ഉറക്കമിളച്ചു
പേടിയ്ക്ക്കാണാതെ പഠിച്ച ഇരുട്ട്
നേരം വെളുത്തപ്പോൾ
പേടിക്കാൻ
മറന്നു പോയത് പോലെ
കാണുന്ന നിഴലിൽ
ഒളിച്ചിരിക്കുന്നു

വെയിലിൽ നിന്നും
നിഴലിനെ പരതിയെടുക്കുന്ന
വിരലുകൾ

മിന്നാമിന്നികൾ കൊളുത്തിവെച്ച
വിരലുമായി
രാത്രിയുടെ ചുരം
കയറുന്ന
ചിലകൈയ്യുകൾ

കാണാതെ പോയ
ഓരോ വിരലിലും തിരമാലകൾ
തിരയുന്ന
കടൽ

കലണ്ടറിൽ കാണപ്പെടുന്ന
ഒരാഴ്ച്ച പോലെ
കടലിൽ രൂപപ്പെടുന്ന
കാലത്തിന്റെ
ഒരപരിചിതതിരമാല

ഉറക്കത്തിൽ കറുപ്പ് വരയ്ക്കുന്ന ഒരാൾ

അയാളുടെ പ്രായത്തിൽ
വന്നിരിക്കുന്ന ഒരീച്ച

വീടില്ലാതെ
തെരുവിൽ
ഉറക്കമുണർന്ന അയാൾ
നോക്കുവാൻ സമയമോ
കാലമോയില്ലാതെ
കിടന്നുറങ്ങിയ ജാലകം
തുറന്നിട്ട്‌
പുറംലോകം കാണുന്നു…

ഒറ്റയിതൾ തെറ്റിച്ചി

 നാലരച്ചു നീരെടുത്തു
മഞ്ഞനിറത്തിൽ
ഉരുളുന്ന
വേനൽ നാരങ്ങ


ഉരുളുന്നതിനിടയ്ക്ക്
ഉപമയുടെ മുള്ളുകൊള്ളാതിരിക്കുവാൻ
ഒന്നുമില്ലാത്തത് പോലെ
ഉരുണ്ടുമാറുന്ന ഭൂപ്രകൃതി

പച്ചനിറത്തിൽ
ഉരുകിയൊലിക്കുന്ന
ഇലകൾ

മണ്ണിലേയ്ക്കു കത്തി
വേരിലേക്ക്
ഉരുകിയിറങ്ങുന്ന
മെഴുകുതിരിമരങ്ങൾ

ഓറഞ്ച് പോലെ
തൊലിപൊളിച്ചു
ആൾക്കാരെക്കൊണ്ട്
നിർബന്ധിച്ചു
കഴിപ്പിക്കുന്ന
പശുവിൻപാലൊഴിച്ച
ചായ
അവർ നീട്ടി തുപ്പുന്ന
രാജ്യസ്നേഹത്തിന്റെ
കുരു

കിളിച്ച കുരുവിൽ ചവുട്ടി
മറിഞ്ഞുവീഴുന്ന കിളികൾ
ആകാശത്തിന്റെ
ദുപ്പട്ടയിട്ടസ്ത്രീകൾ
മുള്ളുകൊണ്ട്
മുറിഞ്ഞ
അവരുടെ വള്ളിച്ചെരുപ്പിട്ട
കാൽസ്തനങ്ങൾ

പട്ടുസാരിയുടെ നിറമുള്ള
തണൽ
മുല്ലപ്പൂമണത്തിന്റെ കരയുള്ള
നാടൻ പാട്ടിന്റെ വരിയുടുത്ത
നിഴൽ

പൂക്കളുടെ
അടപ്പ് തുറന്നു
ഭ്രാന്തിന്റെ സോഡാ
കുടുകുടെകുടിച്ചു
ചവർപ്പിന്റെ നെടുവീർപ്പിടുന്ന
മടുപ്പുകളുടെ
രാഷ്ട്രീയ കേസരങ്ങൾ

കാഴ്ച്ച തുറന്നിട്ട
ജാലകങ്ങൾസഞ്ചരിക്കുന്ന
സൂര്യനെന്ന തീവണ്ടി
ഭൂമിയിലെ
പൊള്ളുന്ന വെയിൽപാളങ്ങൾ

ഉറപ്പില്ലെങ്കിലും
നിർത്തിയേക്കാവുന്ന
വൈകുന്നേരമെന്ന
സ്റ്റേഷൻ

നമ്മൾ എന്ന വാക്കിൽ
വളരെ കുറച്ചുള്ള
കയറാൻ
കറുത്ത തലച്ചോറുമായി
കാത്തുനിൽക്കുന്ന
ഒരാൾ

സ്റ്റേഷനും
തീവണ്ടിക്കുമിടയിലെ
അയാളുടെ
ഹൃദയാകൃതിയിലുള്ള
മരണം

തിരമാലകളുടെ തീയിട്ട്
ഉപ്പിന്റെ കല്ലിട്ട്
ഉടൽ നിറയേ
ജലത്തിന്റെ കഷ്ണങ്ങളിട്ട്
കെട്ടിപ്പൊക്കുന്ന
ഒരു ആൺകടൽ

വെള്ളം തിരിച്ചിട്ട കടലിൽ
അഴുകാനിട്ടിരിക്കുന്ന
ഉടൽചകിരികൾ
മുള്ളുകളിൽ
അടുത്ത ജന്മത്തിന്
കൂടുകൂട്ടിയിരിക്കുന്ന
മീനുകൾ

അയാളുടെ
ചിരിയുടെഅസ്ഥിയുമായി
അസ്വസ്ഥതയുടെ
പാളങ്ങളിൽ
ബലിയിട്ട് മുങ്ങി നിവരുന്ന
ചെമ്പരത്തിമുഖച്ഛായയുള്ള
ഒരുവൾ

ഒറ്റയിതൽ
തെറ്റിച്ചി!

Thursday, 10 March 2016

രണ്ടുടലിഞ്ചികൾ

വീണിടത്ത് കിടന്നുരുളുകയാണ്
രണ്ടു ചുണ്ടുകൾ

പ്രണയത്തിന്റെ ആകൃതിയിലേയ്ക്ക്
രൂപപ്പെടുന്ന
ഒരു വാക്കിന്റെ വൃത്തം

അത് വൃണമായി കൊത്തിവെയ്ക്കുന്ന
ഉടലിടങ്ങൾ

വർത്തമാനകാലത്തിന്റെ
ഭാവി പോലെ
വൃത്താകൃതിയിൽ
ഉരുളുന്ന പ്രണയം

ഇടയ്ക്കൊന്ന്
നിർത്തിയിടാനായി മാത്രം
നെഞ്ഞിനകത്ത് രൂപപ്പെടുത്തുന്ന
പ്രണയത്തിന്റെ
ചതുരം

അവിടെ കാവ്യാത്മകമായി
ഭ്രാന്തെടുക്കപ്പെടുന്ന
വാക്കുകൾ
ചിന്തകൾ

വരികളിൽ നൃത്തം
ചെയ്യുന്ന
ഭ്രാന്തിന്റെ ശീലുകൾ

വയലറ്റിലേയ്ക്ക്
നിറം മാറ്റി വരയ്ക്കപ്പെടുന്ന
രാത്രികൾ

രാത്രിയുടെ
മിന്നാമിന്നികേസരങ്ങൾ

അധ്വാനിക്കുന്നവന്റെ തൊലിപ്പുറത്തേയ്ക്ക്
അഴിച്ചുകെട്ടപ്പെടുന്ന
കറുപ്പ്
ഒലിച്ചിറങ്ങുന്ന വിയർപ്പ്
അതിലെ നനഞ്ഞ മുത്ത്‌

വിശക്കുന്നവന്റെ നനഞ്ഞഭാഷ
അവന്റെ
വിയർപ്പുമണികൾ
കണങ്ങളായടങ്ങിയ
കവിതകൾ

പാടുന്ന
വയലിനുകൾ മാത്രം
പൂക്കുന്ന
രാത്രികൾ

ഭാരമില്ലാത്ത വിരലുകൾ
തൂവലുകളിൽ
പിടിക്കുന്ന
പക്ഷികൾ

ആകാശം തൊട്ടുനോക്കുന്ന ചിറകുകൾ

ഏകകോശജീവിയായി ചുരുങ്ങുന്ന
ആകാശം

കാണുന്നതിന് മുമ്പ്
കട്ടെടുക്കപ്പെട്ട
നാളെയുടെ സ്വപ്നങ്ങൾ
നിറമേഘങ്ങൾ

രാത്രിയുടെ ആർത്തവം പോലെ
നീളുന്ന അമാവാസി മാസങ്ങൾ

ആരോ അഴിച്ചെടുത്ത
ചന്ദ്രന്റെ വൃത്തം
തീണ്ടാരിപൌർണമികൾ


മേഘങ്ങളിൽ
ആകൃതി നഷ്ടപ്പെട്ട്
ഒളിച്ചിരിക്കുന്ന
അമീബചന്ദ്രൻ

ഇണചേരു ന്നതിനിടയിൽ
ചർമം ഏറ്റവും ഉള്ളിലായി മാറുന്ന
രണ്ടു ഉടലുകൾ

അവയവങ്ങൾ തോറും
ഉടഞ്ഞു പോയ പ്രകൃതി
പ്രായത്തിന്റെ വളർച്ചയരച്ച
മഞ്ഞളാകൃതികൾ

ചുണ്ടുകളുടെ ചില്ലയിൽ
കൂട് കൂട്ടിയിരിക്കുന്ന
വാക്കുകൾ
പിരിഞ്ഞു പോയ
നാക്കിന്റെ നാരുകൾ

ഭ്രാന്തെടുത്ത
വെറും വാക്കായി ചുരുങ്ങുന്ന
പ്രണയം

വെച്ച് തീരാത്ത
ഒരു ചുംബനത്തിലേയ്ക്ക്
കാണാത്തപ്പോഴെല്ലാം
പിരിഞ്ഞു പോകുന്ന
നമ്മൾ

മണ്ണിന്റെ മൈലാഞ്ചിയിട്ട
രണ്ടുടലിഞ്ചികൾ