Skip to main content

Posts

Showing posts from October, 2019

പേറ്റൻറ്

പ്രാർത്ഥനയിൽ പോലും അതുണ്ടായിരുന്നില്ല. ദൈവവും അയാളും അവളും കൂടി ചീട്ടുകളിയ്ക്കാനിരുന്ന ഒരു സായാഹ്നത്തിൽ ദൈവമാണത് പറഞ്ഞത് പേറ്റന്റുകളുടെ രാജ്യം നിലവിൽ വരും മനുഷ്യത്വത്തിന്റെ പേറ്റൻറ് ഒരു മതം സ്വന്തമാക്കും ദൈവം അടുത്ത ചീട്ടായി മരുന്നു കുറിയ്ക്കുമ്പോലെ രോഗത്തിന്റെ പേറ്റൻറ് ഇറക്കി രോഗശാന്തിശിശ്രൂഷകൾ വകഞ്ഞു അയാൾ അടുത്ത ചീട്ടിറക്കി അതിൽ പനിയുടെ പേറ്റന്റ് ചൂടോടെ എടുത്തു ഒന്നും മിണ്ടാതെ പ്രണയത്തിന്റെ പകർപ്പവകാശം സ്വന്തമാക്കി അവൾ പിരിഞ്ഞുപോയി മരണത്തിന്റെ പേറ്റൻറ് ഇറക്കി ഗദ്ഗദകണ്ഠനായി ദൈവം പേറ്റൻറ് ഇല്ലാതെ സമയവും കാലവും അലഞ്ഞു പലർക്കും പല സമയങ്ങളുണ്ടായി യുദ്ധത്തിന്റെ പേറ്റൻറ്  യുദ്ധം ചെയ്തു തന്നെ നേടി ഏതോ രാജ്യം മറ്റൊരു രാജ്യം ദേശീയതയുടേത് സ്വന്തമാക്കി അതും അഭിമാനപൂർവ്വം അവിടെയും അനാഥമായി ആരും സ്വന്തമാക്കുവാനില്ലാതെ പൗരന്മാരുടെ പേറ്റൻറ് ഭ്രാന്തുകളുടെ പേറ്റൻറ് നിലവിൽവരും എന്ന് മാത്രം അയാൾ പറഞ്ഞു ഭ്രാന്തനായോ അയാൾ അറിയില്ല. തോൽവികളുടെ പേറ്റൻറ് എടുത്തു അതുവരെ നേരാംവണ്ണം കളിക്കാതിരുന്ന ദൈവം തൊട്ടാവാടിയിലകൾക്കിടയിലേയ്ക്ക് അതിൽ തൊടാൻ അരും ഇല്ലാതിരുന്ന ഒന്നിലേയ്ക

ചുംബിയ്ക്കുമ്പോൾ ചുണ്ടുകളുടെ സംശയങ്ങൾ തബല വായിക്കുന്നു

നടക്കുന്തോറും എന്റെ ഉടലിൽ തലമുറകളുടെ അലിഞ്ഞ ഗോത്രം കലർന്നിരിയ്ക്കുന്നു കടന്നുപോകുന്തോറും സ്വയം കറുക്കുന്ന വെയിൽ ഉരഗങ്ങളുടെ അരക്കെട്ടിനെ തൊടാൻ വിരലുകൾ പുറപ്പെട്ട് പോകുന്നിടത്ത് വെച്ച് ഞാൻ നിന്റെ ഉടലിലേയ്ക്ക് മടങ്ങുന്നു നിനക്ക് വെളിച്ചത്തിന്റെ മണം സൂര്യനെ ഓർത്തു ഞാൻ വെളിച്ചത്തിന്റെ ശബ്ദത്തിൽ വിയർക്കുന്നു ഇരുട്ട് ആർത്തവമാകുന്ന ശബ്ദത്തിന്റെ രക്തം പുരണ്ട സൂര്യൻ വേരോടെ പുഴുതെടുത്ത ഒരു ചെടിയുടെ പാട് മണ്ണിൽ എന്ന പോലെ പെയ്ത മഴയിൽ ആകാശം പുഴുതെടുത്ത ഒരു പാട് ഉപമയിൽ പ്രത്യക്ഷപ്പെടുന്നു നടക്കുന്തോറും ഉപമകൾ നീയാവുന്നു അടിവയറൊഴുകിയ പാട് ചുണ്ട് അമർന്ന ഒച്ച തുടച്ച് കിളിയരക്കെട്ടുകൾ ഒഴിച്ചു വെയ്ക്കുന്ന കുപ്പിയായിരിയ്ക്കുന്നു നീ നിന്റെ മൂക്കുത്തിയെ മുത്താൻ വേണ്ടിമാത്രം ഉദിയ്ക്കുന്ന സൂര്യനെ ഇനിയും തടയുന്നതായി കാണുന്നില്ല ആകാശം നിന്റെ മുക്കൂത്തിയുടെ ഭ്രമണത്തെ പെയ്യുന്ന മഴയിൽ ഒന്നിലും വെച്ച് പോലും ദൈവം സംശയിക്കുന്നില്ല നിന്റെ മൂക്കൂത്തി സായാഹ്നങ്ങൾക്ക് മാത്രം തബല വായിക്കുവാൻ പോകുന്ന പക്കമേളക്കാരനാണോ എന്ന് എന്റെ ചുണ്ടുകൾ മാത്രം വെറുതെ ഇപ്പോഴും സംശയിച്ചുനിൽക്കുന്നു.

പവിഴമല്ലി വിചാരങ്ങൾ

നിറയെ പൂത്ത് കൊഴിഞ്ഞുവീഴാറായ പവിഴമല്ലിയെ കാറ്റ് സമീപിയ്ക്കും വിധം ഞാൻ നിന്നെ സമീപിയ്ക്കുന്നു. നിനക്ക് ഞെട്ടുള്ള കാറ്റിന്റെ വെള്ളനിറം അതേ കാറ്റിൽ പവിഴമല്ലിച്ചോപ്പിന്റെ നിറം കലരും വിധം സമീപനങ്ങളിൽ മാറ്റം വരുത്തുന്ന നമ്മൾ ഇപ്പോൾ നീ പൂത്തെന്ന് വരുത്തുന്നു. ഞാൻ വീശി കാറ്റിന്റെ അറ്റത്ത് നിൽക്കുന്നു നീ ഉലഞ്ഞെന്ന് ഒരു തോണിപ്പൂക്കൾ കൊഴിഞ്ഞെന്ന് കൊഴിഞ്ഞു വീഴുന്നിടം പുഴയായെന്ന് അതിന് പവിഴമല്ലിയൊഴുക്കെന്ന് അതിലൊരു പവിഴമല്ലിപ്പൂവിന് സൂര്യൻ പ്രണയിക്കുന്ന മണമെന്ന് കൊഴിഞ്ഞുവീഴുന്ന മല്ലിപ്പൂക്കൾ അങ്ങിനെ ഓരോന്ന് വിചാരിയ്ക്കുന്ന ശബ്ദത്തിൽ നമ്മൾ ചാരിയിരിയ്ക്കുന്നു. നമുക്കിടയിൽ പവിഴമല്ലിപ്പൂക്കളെ പ്പോലെ വെള്ളയിൽ ചോപ്പ് കലർന്ന ഇരുനിറമുള്ള നിശ്ശബ്ദത നിന്റെ ചുണ്ടിലെ ചോപ്പ് ചുംബനത്തിലേയ്ക്ക് വീണ് എന്റെ കണ്ണിന്റെ വെള്ളയിൽ കലരുന്ന നിശ്ശബ്ദത. ഒരു ചെരിവും ചുവരുമാകുന്നു അസ്തമയത്തിന്റെ പവിഴമല്ലികളിൽ ചാരിയിരിയ്ക്കുന്ന സൂര്യൻ.