Sunday, 21 June 2015

രണ്ടു ദിവസം പഴക്കമുള്ള ഇന്നലെ

രണ്ടു ദിവസം പഴകിയ
ഇന്നലെകളാണ്
എന്റെ ജനാലകൾ

ആ രണ്ടു ദിവസത്തിന്
വർഷങ്ങളുടെ പഴക്കമുണ്ട്
എന്ന് മാത്രം

കാരണം ഓരോ തവണയും
ദിവസങ്ങളോളം
കഴിഞ്ഞു തുറക്കുന്ന
ജനാലയിൽ കൂടി
കടന്നു വരുന്ന വെളിച്ചത്തിന്
ജന്മങ്ങളുടെ പഴക്കമുണ്ട്

അത് കൊണ്ട്
ഞാനിന്നു തുറന്ന വാതിലിലൂടെ
എന്നെ പുറത്താക്കുന്നതിനു മുമ്പ്
നാളത്തെ വെയിലൊന്ന് കായട്ടെ

മറ്റെന്നാൾ ആ വെയിലിനു
കാവിച്ചുവ കാണില്ലെന്ന്;
ആര് കണ്ടു?

Friday, 19 June 2015

ഒരു റബ്ബർ കർഷകൻ

മരത്തിനു തടമെടുക്കുകയായിരുന്നു
അയാൾ

വെയിൽ കൊണ്ട് വിയർത്തത്
മഴയായി  നനയുന്നുണ്ട്

എടുത്ത തടം മാറ്റിയിട്ടു
അടുത്ത തടത്തിനു കുഴിയെടുക്കുന്നതിനിടയിൽ
അയാൾ വെച്ച മരം
അയാളോട് ചോദിക്കാതെ
 പറയാതെ
ഒന്ന് ഉൾവലിയുകയാണ്

റബ്ബറാവുകയാണ്

അത്രത്തോളം റബ്ബറായി
റബ്ബർസ്റ്റാമ്പായി പോകുമോ
എന്ന ഭയത്തിൽ
ആദ്യം  മരം സ്വയം മായ്ക്കാൻ ശ്രമിക്കുകയാണ്

പിന്നെ ആ ശ്രമം വെട്ടിമുറിച്ച്
നട്ടകർഷകനെ  തന്നെ
മായ്ച്ചുകളയാൻ ശ്രമിക്കുകയാണ്;
ഒരു കരാറു പോലെ..

അപ്പോഴൊക്കെ
ഓരോ തവണയും
അയാൾ ഒഴിഞ്ഞു മാറുന്നുണ്ട്

ആ തവണയൊക്കെ തിരഞ്ഞെടുപ്പ് വരികയാണ്
അയാൾ വമ്പിച്ച ഭൂരിപക്ഷത്തിൽ
കൃഷിക്കാരനായി
വീണ്ടും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണ്

ഓരോ തവണയും തിരഞ്ഞെടുക്കപ്പെടുമ്പോൾ
അയാൾ ഇറങ്ങി വന്ന വീട്
തനിയെ അടഞ്ഞു
 കുറച്ചു ദൂരം ഓടി
ഒരു വിമാനം പോലെ
  പറന്നുപോവുകയാണ്

വിമാനം കാണിച്ചു കൃഷിക്കാരനെ കൊതിപ്പിക്കുകയാണ്
അയാൾ കൃഷി ചെയ്ത സ്ഥലം
വിമാനത്താവളമായി
പ്രഖ്യാപിക്കുകയാണ്

പൂർണമായി വികസിച്ച ഒരു  മനുഷ്യനായി
നാളെ അയാളെ  പ്രഖ്യാപിച്ചേക്കുമോ
എന്ന് ഭയന്ന് പോവുകയാണ്  

അതിന്റെ മറവിൽ
അയാളുടെ കൃഷി തട്ടിപ്പറിക്കുന്നുണ്ട്
ഭൂമി കയ്യേറുന്നുണ്ട്  
കൃഷി ചെയ്യാതെ ഭൂമി മാത്രം കച്ചവടം
ചെയ്യുന്ന അയൽക്കാർ
സമ്പന്നരായി അയാളിൽ നിന്ന്
അകന്നു പോവുകയാണ്

അവസാനം ഗത്യന്തരമില്ലാതെ
ഒറ്റപ്പെട്ടു അയാൾ എടുത്ത തടത്തിൽ
 മറ്റൊരു മരമാവുകയാണ്

വേരിറങ്ങി കഴിയുമ്പോൾ
സ്ലോട്ടെർ വെട്ടാറായ മരം പോലെ
അയാൾ തന്നെ
 അയാളെ അടയാളപ്പെടുത്തി
കത്തി കൊണ്ട് വരഞ്ഞു
റബ്ബർപോലെ രക്തം,
ചിരട്ടയിൽ എടുത്തു തുടങ്ങുന്നു!


Thursday, 18 June 2015

അന്ധമയിലും അതുവെച്ച നൃത്തവും

ഒരു മഴയ്ക്ക്‌ മാത്രം
കഷ്ടിച്ച്
കടന്നു പോകാവുന്ന
വഴി

അതിലൂടെ
പീലികൾ അഴിച്ചിട്ടു
മേലാകെ നൃത്തം അരച്ച്പുരട്ടിയ
ഒരു അന്ധമയിൽ
നടന്നു വരുന്നു

അത് ചുവടുകൾ തെറ്റിച്ചു
നൃത്തം
വെച്ച് തുടങ്ങുന്നു

 നിത്യ പൂജയില്ലാത്ത
അടുത്തുള്ള കോവിലിൽ നിന്നും
ദൈവത്തിന്റെ
തിരക്കും ഭാരവുമില്ലാത്തൊരു
  കൃഷ്ണൻ
എന്നോകളഞ്ഞു പോയ മയിൽപീലി
തിരഞ്ഞു
നടന്നുവരുന്നു

അന്ധമയിലിനെ കാണുന്നു
അതു തെറ്റിച്ചുവെയ്ക്കുന്ന നൃത്തം
നോക്കിനില്ക്കുന്നു

ഓരോ തെറ്റിലും
കൊഴിഞ്ഞു വീഴുന്ന
പീലികളെണ്ണുന്നു
അതുകുനിഞ്ഞെടുത്തു, അതിൽ;
 കാഴ്ചയുള്ള കണ്ണുകൾ
 തെളിച്ചുവരയ്ക്കുന്നു


തെറ്റിച്ചുവെച്ച നൃത്തച്ചുവടുകൾ
കുത്തിയിരുന്നു പെറുക്കിയെടുക്കുന്നു
തെറ്റുതിരുത്തി തിരികെ
വെച്ചുകൊടുക്കുന്നു

കണ്ണടച്ച്
മടിയിൽ പിടിച്ചുകിടത്തി
 മയിലിന്റെ കണ്ണിൽ
തെളിമയുള്ള കാഴ്ച
നനച്ചു വരയ്ക്കുന്നു

മയിലിനു കാഴ്ച
 തിരിച്ചു കിട്ടുന്നു

പെയ്തു തോർന്നുപോയ
ഒരു മഴയെ
തിരിച്ചുവിളിച്ചു
ആ കാഴ്ച്ച
 ഒറ്റത്തുള്ളിയിൽ
  സാക്ഷ്യപ്പെടുത്തുന്നു

കൃഷ്ണന്,
 ഒരുപീലി,
ആയിരം ജന്മത്തെയ്ക്കു
മയിൽ;
എഴുതി കൊടുക്കുന്നു

കാഴ്ച കിട്ടിയ മയിൽ
നനുത്ത ഓർമയിലേയ്ക്ക്
നടന്നു പോകുന്നു

കൃഷ്ണനും മയിൽ വെച്ച
നൃത്തവും മാത്രം
തിരിച്ചു പോകുന്നു..


Tuesday, 16 June 2015

കുലുക്കത്തിന്റെ വിത്ത് കുഴിച്ചിടുമ്പോൾ

തെരുവിൽ
അത്രപെട്ടെന്ന് കാണപ്പെടുന്ന
 ഒരു കുഴിയിലേയ്ക്ക്;
ഒഴിവാക്കുവാനാകാത്തത് കൊണ്ട്,
അത്രയും സൂക്ഷിച്ചിറക്കുന്ന വാഹനം;
തിരിച്ചു കയറുന്നതിനിടയിൽ,
നമ്മുടെ ഒരു കുലുക്കം;
വിത്തുപോലവിടെ  കുഴിച്ചിടുന്നുണ്ട്..

പിന്നെയെപ്പോഴോ പെയ്തേക്കാവുന്ന
 ഒരു  മഴ, നമ്മളെ പോലെ
അത്രയും ധൃതിയുള്ളത്കൊണ്ട്
കുറച്ചു നേരത്തെ പെയ്തത് പോലെ
ആ  കുഴിയോടൊപ്പം; കുലുക്കവും,
നമ്മൾ കുഴിച്ചിടും മുന്നേ നനച്ചിടുന്നുണ്ട്..

അത് മുളച്ചാണ്  നമ്മൾ മുന്നോട്ടു
 പോകുന്തോറും കടന്നുവരുന്ന
ഓടുന്ന വാഹനങ്ങൾ പോലും
നമുക്ക് മുന്നേ; കിളിച്ചുനിൽക്കുന്നതായി
കാണപ്പെടുന്നത്..

അപ്പോൾ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ
നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധമതി
അതിൽ മരണമണമുള്ള
ഒരു അപകടം പോലും
അത്രയും പെട്ടെന്ന് മൊട്ടിട്ടു, പൂവിട്ടു..
റീത്ത്പോലെ നമ്മുടെ ദേഹത്ത്‌കേറി
വല്ലാതെ പൂത്തുലയാൻ!   

Friday, 12 June 2015

തലവര

കഴിഞ്ഞ ജന്മത്തിലെ;
 അണ്ണാനായിരുന്നു ഞാൻ..

അന്ന് ഞാൻ കയറിയ
മരങ്ങളൊക്കെ
ഈ ജന്മത്തിലെ
 വെറും വരകളാണ്


താമര പോലെ
വെള്ളത്തിൽ വരച്ചതല്ല
വിരിഞ്ഞതുമല്ല ..
കരയിൽ തന്നെ ആരോ-
വരച്ചെടുത്ത് വെച്ചവ..

ഇപ്പോ ആ വരയൊക്കെചേർന്ന്
എന്റെ പുറത്തുകയറാൻ നടക്കുന്നു..
രാമന്റെ  പേരുംപറഞ്ഞു
എന്നെ  ഭരിക്കുവാൻ
ആരോ തിരഞ്ഞെടുത്തത് പോലെ...

 എന്തൊരു തലവര! 

Sunday, 7 June 2015

പരിഭവം

ശരിക്കും
മനുഷ്യന്റെ വേരുകൾ
 തന്നെയായിരുന്നു
 മരങ്ങൾ

മരം അത് ആരോടും
പറഞ്ഞുമില്ല
നാടാകെ വേരോട്ടമുണ്ടായിട്ടും
വേരൊട്ടു
മിണ്ടിപ്പറഞ്ഞുമില്ല  

ചലിക്കുന്നുണ്ടെങ്കിലും
ഇളകുന്നുണ്ടെങ്കിലും
ആകാശത്തേയ്ക്ക് തുറക്കുന്ന
 ജാലകങ്ങൾ തന്നെയായിരുന്നു
ഇലകൾ
ജലം അതൊട്ട് കണ്ടുമില്ല
മഴയോട് മിണ്ടിപറഞ്ഞുമില്ല

കണ്ടില്ലെങ്കിലും
മിണ്ടിയില്ലെങ്കിലും
ചിരിക്കാത്ത ചുണ്ടുകൾ
 തന്നെയായിരുന്നു
കിളികളുടെ കൂടുകൾ

വിരിഞ്ഞിരുന്നെങ്കിലും
പറന്നങ്ങു പോയിരുന്നെങ്കിലും
കിളികളൊട്ടു   മുട്ടകളോട്
പറഞ്ഞുമില്ല
വിരിഞ്ഞ മൊട്ടൊട്ടു  പൂക്കളോട്
ചോദിച്ചുമില്ല

കാണാതിരുന്നിട്ടും
മിണ്ടാതിരുന്നിട്ടും
ശരിക്കും എന്റേത്
തന്നെയായിരുന്നു നീ
നിനക്കതറിയാമായിരുന്നിട്ടും
എനിക്കതറിയാതിരുന്നിട്ടും
നമ്മളൊട്ടു പരസ്പരം പറഞ്ഞുമില്ല
നേരം പോയെങ്കിലും
പ്രണയിക്കാൻ വൈകിയെങ്കിലും
അതിന്റെ  പരിഭവം
നമ്മളൊട്ടു പുറത്തൊട്ടുകാട്ടിയുമില്ല!

Saturday, 6 June 2015

മറക്കേണ്ടവയുടെ പട്ടിക

ആകാശത്ത് പതിവായി
 കിളികളെ കൃഷി-
 ചെയ്തുകൊണ്ടിരുന്ന കർഷകൻ
പറക്കൽ വിളവെടുക്കുവാനായി
മരത്തിൽ കയറി ഭാരമില്ലായ്മയുടെ
വിത്ത് വിതച്ചിട്ടിറങ്ങുന്നതിനിടയിൽ
ആരോടും ഒന്നും മിണ്ടാതെ
അപ്പോൾ കണ്ട
ഒരു കിളിയിലെയ്ക്ക്പറന്നു പോകുന്നു

കളകൾ പോലെ
തോണികൾ കിളിച്ചു നില്ക്കുന്ന പുഴ
കഞ്ഞിക്കലത്തിലെ പറ്റുകൾ പോലെ
വറ്റിക്കിടക്കുന്ന കുറച്ചു വെള്ളം
അതും കെട്ടിക്കിടക്കുന്നു
തിളയ്ക്കുന്നു


മുറിവുകളിലെയ്ക്കു മുള്ളുകൾ
പെറുക്കിവെച്ചുകൊണ്ടിരുന്ന ഒരു മുക്കുവൻ
പെറുക്കിവെയ്ക്കുന്നതിനിടയിൽ 
ഒന്നും പറയാതെ
നീന്തുന്ന മീനിലേയ്ക്ക്
പിടച്ച്  പോകുന്നു


കായലെന്ന ക്യാൻവാസിൽ
പതിവ് പോലെ വരയ്ക്കപ്പെടുന്ന
സൂര്യന്റെ ചിത്രം
പറന്നകന്നു പോകുന്ന  രണ്ടുകിളികൾ

 മീനുകൾക്കിടയിൽ
വലയിൽ
 മുക്കുവന്റെ ജഡം


പതിവ് പോലെ
 അയൽക്കാർ
മെഴുതിരി വെളിച്ചത്തിൽ
ഒരു ബൾബ്‌ കത്തിക്കിടക്കുന്നത് കാണുന്നു

നാളെ മറക്കേണ്ടവയുടെ  പട്ടികയിൽ
കൃഷിക്കാരനെയും മുക്കുവനെയും
 എഴുതിച്ചേർത്തു
ഒരാൾ അയാളുടെ കൂട്ടമായി
 കൃത്യമായി ഉറങ്ങാൻ പോകുന്നു.. 

Thursday, 4 June 2015

റീത്തുകൾ


വെള്ളത്തുള്ളികൾ വെച്ച്
ശരിക്കും
നടന്നു പോവുകയാണ്
മഴ

കൈ കാണിച്ചു നിർത്തി
മേൽകൂരകൾ
വെറുതെ
കയറിപോവുകയാണ്

ഒരുപക്ഷെ
ചോരുന്നത്
കൊണ്ടാവാം

വീടുകൾ
മുക്കുവരുടേതായത് കൊണ്ടാവാം

വെള്ളത്തിൽ നിന്നും
ചാർജ് ചെയ്തിരുന്ന
മൊബൈലുകൾ ആയിരുന്നു
മീനുകൾ

നീന്തലിന്റെ ഒരു കൂട്ടം

ജീവിക്കുവാൻ വേണ്ടി
ജീവിതവുമായി ബന്ധപ്പെടുവാൻ
മുക്കുവർ മാത്രം ഉപയോഗിച്ചിരുന്നത്

നീന്തലിനെ മാത്രം കപ്പലുകൾ
പിടിച്ചു കൊണ്ട് പോയപ്പോൾ
ജീവിച്ചിരുന്നിട്ട് കാര്യമില്ലാത്തത് കൊണ്ട്
പിടഞ്ഞു മരിച്ചവർ

മരിച്ചപ്പോൾ മീനുകൾ എന്ന്
വിളി കൊണ്ട് റീത്ത് വെയ്ക്കപ്പെട്ടവർ

ശരിക്കും മരിച്ച മനുഷ്യർക്ക്‌
വൈകി വെയ്ക്കുന്ന റീത്തുകളാണ്
മഴകൾ

ജീവിച്ചിരിക്കുന്നവരും അത്
ഉപയോഗിക്കുന്നു എന്ന് മാത്രം 

Tuesday, 2 June 2015

ആ ദിവസങ്ങൾ


വിരിച്ച വെയിലിൽ
രാവിലെ മുതൽ
കിടന്നു ഉണങ്ങിപ്പോയ  സൂര്യനെ
എടുത്തു ചാക്കിൽ കെട്ടിവെയ്ക്കുകയാണ്
വൈകുന്നേരത്തെ പോലെ നരച്ച മുറ്റം

കുറച്ചകലെ
കേട്ട പാട്ടിൽ കൈകഴുകി
ഒരു പശുവിലെയ്ക്ക് എണീറ്റ്‌
പൊയ്ക്കൊണ്ടിരിക്കുന്നു  
ചാണകം വെച്ച്
 കളിച്ചു കൊണ്ടിരുന്ന കുട്ടി

വരമ്പിലൂടെ നടന്നു
 അങ്ങ് തെരുവിലേയ്ക്ക്
കയറിക്കഴിഞ്ഞിരുന്നു
കൃഷിചെയ്യാൻ മറന്നു
തരിശുകിടന്ന  പാടം

ഒഴുകുവാനുള്ള വെള്ളമുണ്ടെങ്കിലും
ഇറങ്ങുവാനുള്ള ആഴമേ ഉള്ളൂ
എന്ന് പറഞ്ഞു ശരിക്കും ഓർമയിൽ
കൂടെ നടക്കുകയാണ്
കൂടെ പഠിച്ച പെണ്ണിനെ പോലെ
കെട്ടിയിട്ട തോണിയെ  അഴിച്ചു കളഞ്ഞ പുഴ

കുടിച്ച പാലിന്റെ പാട പോലെ
തൂത്തുകളഞ്ഞിട്ടും പറ്റിപ്പിടിച്ചിരിക്കുകയാണ്
 മധുരത്തിനും പഞ്ചസാരയ്ക്കുമിടയിൽ
വല്ലാതെ പിരിഞ്ഞു പോയ
ആ ദിവസങ്ങൾ....