Skip to main content

Posts

Showing posts from November, 2015

ഒരു കത്ത്

ഒരു സ്റ്റാമ്പിന്റെ ആകൃതിയിൽ വെട്ടിയെടുക്കണം പെയ്യുന്ന മഴ ഒട്ടിക്കണം സമുദ്രമുദ്ര പതിച്ച തിരമാലയൊന്നിൽ എന്റെ മനസ്സ് തന്നെ 'ഉള്ള'ടക്കമാക്കി; പറക്കുന്ന ശലഭം പോലെ നിന്റെ മേൽവിലാസം എഴുതി നിനക്കയക്കുന്ന കത്തിൽ കാത്തിരിക്കണം ഏതു നിമിഷവും വറ്റിപ്പോയേക്കാവുന്ന ജലം പോലെ  ഒരിക്കലും വരാത്ത മറുപടിയ്ക്കുള്ള അടങ്ങാത്ത  ദാഹവുമായി... 

സവർണവെയിൽ

ഒരു കയറു പോലും ഇല്ലാതെ എന്റെ തൊടിയിലേയ്ക്ക്  കയറി പകലെന്ന കളവും  പറഞ്ഞു ഉള്ള വെള്ളവും കുടിച്ചു ഞാൻ പാടുപെട്ടു വളർത്തുന്ന പച്ചപ്പിൽ  കയറി പുല്ലുപോലെ മേഞ്ഞിട്ടിറങ്ങിപ്പോകുന്നു പശു എന്ന്  പേരുള്ള സവർണവെയിൽ!

ഒറ്റയ്ക്കിരിക്കുന്ന തുമ്പി

 ഉം... ആകാശം മൂടി കെട്ടിയിട്ടുണ്ട് ഒരു മഴ വരുന്നുണ്ട് വരുന്ന മഴ അറിഞ്ഞമട്ടില്ല; പെയ്തുകൊണ്ടിരിക്കുന്ന മഴ ചർക്കയിൽ നിന്ന് നൂൽനൂക്കുന്ന ലാഘവത്തോടെ മഴനൂലുകൾ പോലെ മേഘങ്ങളിൽ നിന്ന് മഴത്തുള്ളികൾ നൂൽത്തെടുക്കുകയാണവ കണ്ട കിനാവുകൾ കൊണ്ട് നനയാനുള്ള മഴ സ്വയം നെയ്തെടുക്കുകയാണവ പ്രണയിക്കുന്നവർ അങ്ങിനാ പ്രണയിക്കുമ്പോൾ അവരൊന്നുമറിയുന്നില്ല അവർക്ക് അപ്പോൾ എവിടെയെങ്കിലും ചെന്നിരുന്നാൽ മതി അതിന് ഒരു തുമ്പിക്കിരിയ്ക്കുവാനുള്ള സ്ഥലം മതി പെയ്യുന്ന ഒരു മഴത്തുള്ളിയിലോ ആടുന്ന ഒരു പുൽക്കൊടിയിലോ എരിയുന്ന ഒരു തീനാളത്തിലോ ഒഴുകുന്ന പുഴയിലെ ഒരോളത്തിലോ എവിടെയും അവ ചെന്നിരിക്കും ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും ഒന്നും പറ്റാത്ത ഇണകളാണവർ നമ്മളെ പോലെ അതേ പ്രണയിക്കുന്ന രണ്ടുപേരാണ്; ഒരിടത്ത് ഒറ്റയ്ക്കിരിക്കുന്ന തുമ്പി!

ടൈമിംഗ്

തീ പിടിച്ച പൂച്ചയാണയാൾ പിടിച്ച  തീ അണയ്ക്കുവാൻ അത്രയും തിരക്കുള്ള വഴിയിലൂടെ അയാളുടെ അടുത്തേയ്ക്ക് ഓടി പാഞ്ഞു വരേണ്ട ഫയർഎഞ്ചിനും അയാൾ തന്നെയാണ് വരുന്ന ഫയർ എഞ്ചിന്റെ വേഗത്തിനനുസരിച്ച്  കത്തലിന്റെ വേഗത നിയന്ത്രിക്കുന്ന തിരക്കിലാണ് അയാൾ ആ തിരക്കിനിടയിൽ പെട്ടാണ് അയാളോളം വെള്ളവും കൊണ്ടുവരുന്ന അയാളുടെ ഫയർ എഞ്ചിൻ   അയാളുടെ തീ കാത്തുകിടക്കുന്നത് അവസാനം വല്ലാതെ പിടയ്ക്കുമ്പോഴും  തീയും വെള്ളവും മുഖാമുഖം കാണുമ്പോൾ കൊണ്ട് വന്ന  വെള്ളത്തിന്‌ അണയ്ക്കുവാൻ പാകത്തിന്  കുറച്ചു തീ കെടാതെ കൃത്യമായി കാത്തുസൂക്ഷിക്കുന്ന തിരക്കിലാണയാൾ അപ്പോഴും  പൂച്ചയാണയാൾ

ജീവപര്യന്തം

അത്രമേൽ നിന്നെ  പ്രണയിച്ച തെറ്റിനാവും ശിക്ഷിച്ചത് മഴയുടെ തടവറയിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് തടവ്‌ കഴിഞ്ഞു പുറത്തിറങ്ങും... ഉറപ്പു, നിന്റെ ഉടലിലെയ്ക്ക് തന്നെ, തടവ്‌ ചാടിയ മാതിരി! 

അമ്പലമണിയുടെ ഒച്ചയിൽ മുഴങ്ങുന്ന ഇടി

മഴത്തുള്ളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പ്രദക്ഷിണം വെച്ച് കുളിച്ചു തൊഴാൻ വരുന്ന  മഴയാണ് നീ നീ ചതുരത്തിൽ വെയ്ക്കുന്ന വലത്തിനെ വലം വെച്ച് നിന്റെ കൊലുസ്സിന്റെ താളത്തിൽ ജലമന്ത്രങ്ങൾ ഉരുവിട്ട് പതിയെയൊരു  പുഴയൊഴുകുന്നു നീ ചവിട്ടാതെ ഒഴിഞ്ഞു പോകുന്ന ഇടങ്ങളിൽ യഥാസ്ഥാനത്ത് കൊത്തുപണികളോടെ മേഘങ്ങളിൽ കൊത്തിവെച്ചിരിക്കുന്ന ബലിക്കല്ലുകൾ തൊഴുതു മടങ്ങുമ്പോൾ ശീവേലിക്ക് സമയമായതു പോലെ അമ്പലമണിയുടെ ഒച്ചയിൽ ഒരിടി മുഴങ്ങുന്നു!  

ഒരേമഴയിലെ രണ്ടുതുള്ളികളിലെയ്ക്കു

ഒരേ മഴയിലെ രണ്ടു തുള്ളികളിലെയ്ക്ക് യാത്രപോകുവാൻ കാത്തുനില്ക്കുന്ന രണ്ടു പേരാണ് നമ്മൾ പോകേണ്ട തുള്ളിയിലെയ്ക്കുള്ള വഴി നിനക്കറിയില്ല എനിക്ക് പോകാൻ പ്രത്യേകിച്ച് തുള്ളിയൊന്നുമില്ല അതെ മഴയത്ത് വെച്ച് ഒരു തുള്ളി നനയാതെ നീ എന്നോട് വഴി ചോദിക്കുന്നു ഞാൻ അത്രയും നനഞ്ഞു കൂടെ വന്നു നിനക്ക് വഴി കാട്ടിത്തരുന്നു കാട്ടി തന്ന വഴിയിൽ നീ എന്നെകാണിക്കുവാൻ മൊട്ടില്ലാതെ ചെമ്പരത്തികൾ വിരിയിക്കുന്നു ശിഖരങ്ങൾ ഇല്ലാതെ ഇലകൾ ഇല്ലാതെ വേരുകൾ മാത്രമുള്ള മരങ്ങൾ കാട്ടി തരുന്നു അവസാനം ഇറങ്ങാനുള്ള തുള്ളിയിൽ ജീവിതം ഇറ്റിച്ചു നിർത്തുമ്പോൾ; ഒരു വാക്ക് മിണ്ടാതെ, ഒന്ന് തോരുക പോലും ചെയ്യാതെ; ഒരു മഴയായി നീ- ഇറങ്ങി പോകുന്നു!

മുറിവ്

 മുറിവേറ്റവനായിരുന്നു ഞാൻ.. ശരീരം മുഴുവൻ മുറിവുകൾ ചോര പോലും മുറിവ് പക്ഷെ എല്ലാ മുറിവുകളും എന്റെതായിരുന്നില്ല; ഏറെയും നിന്റെ.. പൊറുക്കുമ്പോൾ തിരിച്ചെടുക്കാം എന്ന ഉറപ്പിൽ പലപ്പോഴായി നീ മുറിവേൽപ്പിച്ചു പോയവ! എന്റെ ഹൃദയം പോലും നിന്റെ മുറിവിന്റെ സ്പന്ദിക്കുന്ന- തത്സമയ സംപ്രേക്ഷണം; എന്ന് തിരിച്ചറിയുമ്പോഴേക്കും; വല്ലാതെ പൊറുത്തുപോകുന്ന ഞാൻ... എന്നാലും വേദനിക്കുന്ന പ്രണയത്തിന്റെ പുറത്തു ഉണങ്ങിയിട്ടും തിരിച്ചെടുക്കാൻ മറന്നുപോയ വെറും മുറിവായി ഞാൻ.. ഇനി.. തീയിൽ നിന്നും ചാരത്തിലെയ്ക്കുള്ള കത്തുന്ന കനൽ ദൂരം ചോരയ്ക്ക് പോലും തീ പിടിച്ചിരിക്കുന്നു അവിടെയും എരിയുന്ന പന്തവുമായി നിന്റെ മുറിവ് ഏറ്റെടുക്കാതെ, എന്റെ പൊള്ളലിനു മാത്രം; വഴികാട്ടുന്ന നീ ..

ഒരു ഇലക്കത്ത്

തണലിന്റെ സ്റ്റാമ്പ്‌ ഒട്ടിച്ചു വന്നതാണ്... പച്ചനിറത്തിൽ ഒരു കവർ ആരോ പൊട്ടിച്ചു വായിച്ചതു പോലെ ഉച്ചത്തിൽ പുറത്തെഴുതിയിരുന്നു; മരത്തിന്റെ നിലവിലില്ലാത്ത മേൽവിലാസം.. അകത്ത് ഇലയാവും എന്ന് കരുതി അത്രമേൽ നിശബ്ദമായി പൊട്ടിച്ചതാണ്; എന്നോ മേൽവിലാസംതന്നെ നഷ്ടപ്പെട്ട മരം.. തുറന്നു നോക്കുമ്പോൾ; കാണുന്നു.. അകത്തില്ലാത്ത ഉള്ളടക്കം പോലെ; ദിവസത്തിന് വെളിയിൽ ഒരു പകൽ നിറയെ പറക്കുന്ന പൂമ്പാറ്റകളുടെ ശൂന്യത!

നടക്കുന്നതിനിടയിൽ കാത്തുനില്ക്കുന്ന ഒരാൾ

സ്വന്തം  വൈകുന്നേരം  ചുമന്നു കൊണ്ട് പോകുന്ന ഒരാൾ അയാളുടെ തന്നെ ഇന്നലെ, പുതുക്കിപണിയുവാനായിരിക്കും.. ആ നടപ്പിലും കാത്തുനില്ക്കുകയാണയാൾ; തുറന്നിട്ടില്ലല്ലോ.... കുറഞ്ഞ വിലയ്ക്ക് പഴയ നിലാവ് വില്ക്കുന്ന നാളത്തെ കട 

മനുഷ്യന്റെ ഞെട്ടിൽ പിടിച്ചു കിടക്കുന്ന സമൂഹത്തിന്റെ കുല

ആപ്പിളുകൾ കൂടുതൽ കൂടുതൽ ആപ്പിളുകൾ ആവുകയും ഓറഞ്ചുകൾ കുറെ കൂടി ഓറഞ്ച് നിറത്തിലേയ്ക്കു ഉരുളുകയും ചെയ്യുന്ന കാലം കുലകൾക്ക് പുറത്തേയ്ക്ക് മധുരം കൂട്ടി വിളയുന്ന മുന്തിരികൾ പക്ഷെ അവയൊന്നും മറ്റൊന്നിന്റെ ആകൃതിയിലെയ്ക്കോ പ്രകൃതിയിലേയ്ക്കോ   തലയിടുന്നില്ല പുറത്തേയ്ക്ക് കൈ നീട്ടി മുദ്രാവാക്യം  വിളിക്കുന്ന ചെമ്പരത്തിപ്പൂവിന്റെ കേസരങ്ങൾ പോലും ഇതളുകളുടെ ചുവന്നപരിധിക്കുള്ളിലാണ്  വേരുകീറി മരങ്ങളുടെ രാജ്യസ്നേഹം പരിശോധിക്കുന മണ്ണിൽ.. ഭൂഗുരുത്വാകർഷണം കൂട്ടി സമൂഹത്തിന്റെ ഞെട്ടിൽ പിടിച്ചു  നില്ക്കുന്ന മനുഷ്യന്റെ തലയ്ക്കും മീതെ, ഏതു നിമിഷവും അടർന്നു വീഴാവുന്ന നിലയിൽ തൂങ്ങികിടക്കുന്നു അതേ സമൂഹത്തിന്റെ മറ്റൊരുകുല!

മാവേലിവേരുകൾ

അത്രമേൽ മണ്ണോടു മണ്ണ്ചേർന്ന് ഭരിച്ചിരുന്നതാവും ചോദിച്ചു വന്നതാവും തണൽ; മൂന്നടി... ചോദ്യം മനുഷ്യന്റെ   പേരിലാവും വളർന്നിട്ടുണ്ടാവും ഉയർന്നിട്ടുണ്ടാവും  അളന്നെടുത്തിട്ടുണ്ടാവും മണ്ണും വെള്ളവും ചവിട്ടി താഴ്ത്തിയതാവും വേരിനെ, മാവേലിയെ പോലെ; മനുഷ്യവാമനൻ കൊടുത്തിട്ടുണ്ടാവും മരത്തിന്റെ പേരിൽ ഒരു വരവും ഇന്നും തണലുള്ളിടത്തെല്ലാം  ഉണ്ടല്ലോ കൊണ്ടാടാനെങ്കിലും; ഊഞ്ഞാല് പോലെ, മണ്ണിൽ തൊടാത്ത; ഒരോണം!