Popular Posts

Sunday, 4 December 2016

അൽപ്പം ഉലയാം അല്ലേ?

എന്നും
കലാപകാരികളാണ്
പൂക്കൾ;


എന്നിട്ടും
മൊട്ടുകളിൽ
പൂരിപ്പിക്കാതെ ഇട്ടിരിക്കുന്ന
ലഹളയുടെ
കോളങ്ങൾ ഒപ്പിയെടുത്തു
ദൂരേയ്ക്ക്
പറന്നു പോവുകയാണ്
സമാധാനശലഭങ്ങൾ.

ഘടികാരത്തിന്റെ
ആകൃതിയിൽ
പിള്ള വാതത്തിന്
അച്ചുക്കുത്തിയ,
സമയത്തിന്റെ മടുപ്പിനോട്
കാത്തിരിപ്പിന്റെ പഞ്ഞി
ചോദിക്കരുത്:
കാത് തന്നെ പഞ്ഞിയുടെ
ആകൃതിയിൽ വെച്ച
കാലമേ.,

എന്നാലും വരൂ...

ഇനി
വെറുതേയിരിക്കണ്ട..

നമുക്ക്
കഴിഞ്ഞ കാലത്തേയ്ക്ക്
പോകാം..

അവസാനത്തെ രണ്ടുദിവസത്തെ
നിലാവിനെ പിടിച്ച്
പരസ്പരം
ഇരുട്ടിന്റെ അറ്റത്ത്
കെട്ടിയിടാം.

ചന്ദ്രൻ പിടിച്ചുവലിയ്ക്കുമ്പോൾ;
ഇന്നലെകൾ ഉലയുന്നത്
കാണാമല്ലോ!

പരാതി

ബൾബുകൾ
പരമ്പരാഗതമായി
സ്വർണ്ണപ്പണിക്കാരാണ്

അണയുന്നതിന് മുമ്പ്
അവ ഓരോ മണിക്കൂറിനും
ഓരോ പണത്തൂക്കം വീതം
നാണം
പണിഞ്ഞു കൊടുക്കുന്നു

നീലബെറികൾ പിടിച്ചു കിടക്കുന്ന
രാത്രിയുടെ
കരിനീലിച്ച ചുണ്ടുകൾ

കറുത്തത് കൊണ്ടാവും
പുറത്തിറങ്ങാതെ
എന്റെ ഉടലിൽ
പറന്നുനടക്കുന്ന
അവളുടെ
മുടന്തൻശലഭം

പരമ്പരാഗതമായി
ചങ്ങലകൾ
കിളിച്ചു വരുന്നത്
അവളുടെ
കാലുകളിലാകണം

എന്റെ ഉടലിൽ
പോലും ഇറങ്ങി നടക്കുവാനാവാത്ത
അവളുടെ
വന്യമായ ഭ്രാന്തിനെ
ഞാനിനി ഏത് നിറത്തിൽ
ഉമ്മവെച്ച്
സമാധാനിപ്പിക്കും
കെട്ടുപോയ വെളിച്ചമേ?

Wednesday, 30 November 2016

ആരാധനഞാനൊരിക്കലും തെറ്റിച്ചു
നടന്നിട്ടില്ല

കുപ്പായമോ
അതിന്റെ കുടുക്കോ
സ്ഥാനം തെറ്റിച്ചിട്ടിട്ടില്ല

മറ്റൊരാളുടെ കുപ്പായക്കുടുക്ക്
അനുവാദമില്ലാതെ
അഴിച്ചിട്ടില്ല

തെറ്റുകാരൻ അവനാണ്
ഞങ്ങളുടെ തുന്നൽക്കാരൻ

അയാൾ
അറ്റമില്ലാത്ത നൂലിൽ
തിരിച്ചിട്ട തുന്നൽ യന്ത്രങ്ങളിൽ
തല തിരിഞ്ഞിരുന്നു മാത്രം
എപ്പോഴും
ഞങ്ങളുടെ കുപ്പായങ്ങൾ
തുന്നുന്നു

സ്വന്തമായി
ഞങ്ങൾക്ക്
വസ്ത്രങ്ങളില്ല

സ്വന്തമായി അയാൾക്ക് യന്ത്രങ്ങളും

ആകെയുള്ളത്
നഗ്നതയ്ക്ക്
സ്ത്രീധനം പോലെ
കിട്ടിയ സ്വാതന്ത്ര്യമാണ്

സ്വാതന്ത്ര്യത്തേക്കാൾ
നഗ്നമായി
ഞങ്ങളുടെ നാട്ടിൽ ഒന്നുമില്ല

അത് ഞങ്ങളിൽ നിന്നും
മറച്ചുപിടിക്കുവാൻ
ഞങ്ങളെ ഓരോരുത്തരേയും കൊണ്ട്
മറ്റാരുടേയോ
അളവിൽ തുന്നിയ വസ്ത്രങ്ങൾ
കാലാകാലങ്ങളായി ഞങ്ങളെ
നിർബന്ധമായി
ധരിപ്പിക്കുന്ന
ചടങ്ങാണ്
ജനാധിപത്യം

ജനങ്ങളെന്ന നിലയിൽ
ഞങ്ങളോരോരുത്തരുടേയും
നഗ്നത കുറഞ്ഞു വരുന്ന
സാഹചര്യത്തിൽ

ശിശിരകാലമരങ്ങളെ മാതൃകയാക്കി
ശരീരങ്ങളിൽ നിന്നും
വസ്ത്രങ്ങൾ അഴിച്ചു വാങ്ങി,
താഴേയ്ക്ക്
തിരിച്ചു തുന്നിയ കീശകളെ
കുപ്പായമായി പ്രഖ്യാപിക്കുവാനുള്ള
നടപടികൾ
ഏതാണ്ട്
പൂർത്തിയായിക്കഴിഞ്ഞിരിക്കുകയാണ്

അതിനിടയിൽ,

നഗ്നമാക്കപ്പെട്ട ഇടവേളയിൽ
സ്വന്തം ഉടലിൽ
ആത്മഹത്യയുടെ ശിൽപ്പം
കൊത്തിക്കൊണ്ടിരുന്ന
ഒരു കൂട്ടം ആൾക്കാർ,
അത് പൂർത്തിയാക്കാതെ;
കൈയ്യിൽ കിട്ടിയ
കച്ചിൽ തുരുമ്പിനെ
യുദ്ധകാല അടിസ്ഥാനത്തിൽ
ആരാധിക്കുന്ന തിരക്കിലാണ്!

Sunday, 27 November 2016

പ്രണയം എന്ന് വിളിക്കുന്നതിനെ 'ചൊല്ലി' ഒരു പിൻകുറിപ്പ്

പ്രണയിക്കുന്ന രണ്ട് പേർ
എനിയ്ക്ക് മുന്നേ
നടന്നുപോകുന്നു

എപ്പോഴും
പ്രണയിക്കുന്നവർ
കാലത്തിന് മുന്നേ
നടന്നവരാകണം

അവർക്ക്
മുന്നേ നടന്നിട്ടുള്ളത്
അവരുടെ കാൽപ്പാടുകൾ
മാത്രമാവണം

നടക്കുന്നതിനിടയിൽ
അവർ തൊടുന്നു
പരസ്പരം പിടിക്കുന്നു
തമ്മിൽ നിൽക്കുന്നു

നിൽക്കുമ്പോൾ
അവരുടെ കാലടിപ്പാടുകളിൽ
തൂവലുകൾ കൊഴിച്ചിട്ട കിളികൾ
അവരുടെ ചുണ്ടുകൾ കൊണ്ട്
ചിലയ്ക്കുന്നു.
അവരുടെ വിരലുകളിൽ
കൂടുകൂട്ടുന്നു..

എത്ര പെട്ടെന്നാണ്
ആകാശം കുശുമ്പിന്റെ
പര്യായപദമാവുന്നത്

അവർക്കിടയിൽ
തോരാത്ത
ഒരു മഴ
പണിതുവെയ്ക്കുന്നത്

അതെന്തായാലും
അവരിലൊരാൾ
സ്പർശം കൊണ്ട് ഞാനാണ്

തങ്ങളിൽ അകലമുണ്ടെങ്കിലും
മറ്റേയാളുടെ ശൂന്യതയെ
നിന്നേക്കൊണ്ട്
പൂരിപ്പിക്കുവാനുള്ള
എന്റെ വിനീതശ്രമത്തെയാവണം
കാലം
പ്രണയമെന്ന് വിളിക്കുന്നത്! 

ഭരണപ്പെടുത്തൽ

ട്രാഫിക്ക് സിഗ്നലിനടുത്ത്
നിൽക്കുന്ന മരം
മാറുന്ന നിറങ്ങളെ
ചാഞ്ഞു നിൽക്കുന്ന
സ്വന്തം ഇലകൾക്ക്
എന്തിനെയാവും
പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടാവുക?

തെളിയുന്ന പച്ചയെ
വെളിച്ചത്തിന്റെ ഇലകൾ എന്ന്
അവ
തെറ്റിദ്ധരിക്കുന്നുണ്ടാവുമോ?

അവരുടെ
പ്രകാശസംശ്ലേഷണ വേഗത
കണ്ട്
അസൂയപ്പെടുന്നുണ്ടാവുമോ?

അപ്പോൾ
കടന്നു പോകുന്ന പലനിറങ്ങളിലുള്ള
വാഹനങ്ങളെ
വസന്തങ്ങൾ
എന്ന്
അതിശയിക്കുന്നുണ്ടാവുമോ?

വേഗത കുറച്ച്
വിരിഞ്ഞു വരുന്ന മഞ്ഞയെ
ഹായ് പൂക്കൾ!
എന്ന് പറഞ്ഞ്
കൊതിക്കുന്നുണ്ടാവുമോ?

തൊടാൻ തുടങ്ങുമ്പോൾ
ചോരയിലേയ്ക്ക് നിറം മാറുന്ന
ചുവപ്പിനേ കണ്ട്
ഭരണം എന്ന് ഭയക്കുന്നുണ്ടാവുമോ?

Sunday, 20 November 2016

തിരിച്ചറിവുകൾ

ആകുലപ്പെടുവാനുള്ള
ഒരവസരവും
പാഴാക്കിക്കളയാത്തവരാവും
വാഴ്ത്തപ്പെട്ടവരാൾ
ഭൂമിയിൽ
മനുഷ്യരായി ഉയർത്തപ്പെട്ടിട്ടുണ്ടാവുക

ആകുലപ്പെടുവാൻ
ഒരു പക്ഷേ നാളെ
നമ്മളില്ലെങ്കിലൊ?
നമ്മളേക്കാൾ നന്നായി
ആകുലപ്പെടുവാൻ
മറ്റൊരാൾക്ക് കഴിയില്ല
എന്ന ധാരണ തന്നെയാവണം
നാളെയും
ജീവിച്ചിരിക്കുവാൻ
അവരെ പ്രേരിപ്പിക്കുന്നുണ്ടാവുക.

ആകുലതകൾ നിറഞ്ഞ
ഇന്നലെകൾ പിൻവലിയ്ക്കുവാൻ
നാളെയ്ക്ക് വേണ്ടി
ഇന്നെന്ന വരിയിൽ
കൂടുതൽ കൂടുതൽ
കാത്തുനിൽക്കുന്നവരാവുകയാണ്
ഓരോ നിമിഷവും
നമ്മൾ

വരിയിൽ നിൽക്കുന്നവരൊക്കെ
ഒരു പക്ഷേ
കാത്തുനിൽക്കുവാൻ
ആരുമില്ലാത്തവരാകണം

ഒറ്റപ്പെടലല്ലാതെ
അവർക്ക്
കൂടുതൽ ഒന്നും
പിൻവലിയ്ക്കുവാനുമുണ്ടാകില്ല

എന്നിട്ടും അവർ വരിനിൽക്കുന്നത്
നമ്മളിൽ ഒരാളായി
തോളോട് തോളുചേർന്ന്
നമ്മളോട് ഒട്ടി നിൽക്കുവാൻ
മാത്രമാവും

ഇപ്പോൾ നിങ്ങൾക്ക് കാണാനാവും
കാത്തുനിന്നു
കിളികളെ പിൻവലിച്ചു
പറന്നുപോകുന്ന ഒരാൾ

വരി നിന്ന് കാലുകൾ പിൻവലിച്ച്
നടന്നു പോകുന്ന വേറൊരാൾ

പുഴ പിൻവലിച്ച്
ഒഴുകി പോകുന്നവർ

കുടയുമായി വന്ന്
മഴ പിൻവലിച്ച്
നനഞ്ഞു കൊണ്ട്
തിരിച്ചു പോകുന്ന പലർ

ഒരാളായി വന്ന്
അക്കങ്ങൾ പിൻവലിച്ചു
പലരായി ചിതറി പോകുന്ന ചിലർ

തനിയ്ക്ക് പിന്നിൽ നിൽക്കുവാനുള്ള
ഒരു വരിയെ തന്നെ
ഒറ്റയ്ക്ക് വന്ന്
പിൻവലിയ്ക്കുന്ന
മറ്റൊരാൾ

ചിറകുകളിൽ
തൂവലുകളുമായി വന്ന്
പറക്കുവാനുള്ള ആകാശത്തെ പിൻവലിച്ചു
തിരിച്ചുപോകുന്ന കിളികൾ

എന്നാലും

കാത്തു നിന്നു
സ്വന്തം ഒറ്റപ്പെടലിനെ
തന്റെ തന്നെ ഒരു വരിയെപോലെ
പിൻവലിച്ചുകൊണ്ട് പോകുന്ന
ഒരാളെ കണ്ടുമുട്ടുന്നത് വരെ
കാഴ്ച്ചകൾ തുടരും

പിന്നെ
മനുഷ്യനെന്ന നിലയിൽ
എന്തും പിൻവലിയ്ക്കാൻ മാത്രം
കഴിയുന്ന
ഒരു മെഷീനായി
സ്വയം മാറുന്നത്
അത്രമേൽ വൈകി
തിരിച്ചറിയും വരെ .......

Saturday, 5 November 2016

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത


കൂട്ടത്തിലിരിയ്ക്കുമ്പോൾ
നിരന്തരമായ അവഗണന
ആവശ്യപ്പെടുകയും

അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ
ജീവിച്ചിരിയ്ക്കുവാനാവാത്ത
അവസ്ഥയിലേയ്ക്ക്
എത്തിച്ചേരുകയും
ചെയ്തിരിയ്ക്കുന്ന
ഒരാളും,
കഴിഞ്ഞ മാസത്തിലെ
ഒരു
തീയതിയും.
അങ്ങിനെ
ഒറ്റയ്ക്കിരിക്കണം,
അവഗണിക്കപ്പെടണം,
എന്ന് തോന്നിയിട്ടാവണം;
വിജനമായ പാർക്കിൽ ചെന്ന്
ഒരാൾ
തനിച്ചിരിയ്ക്കുന്നത് പോലെ
കലണ്ടറിൽ നിന്നും
ഇറങ്ങിവന്ന്
ഒരു തീയതി
അയാളുടെ അരികിലിരിയ്ക്കുന്നു.
കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക്
യാത്ര ചെയ്യുന്ന ഒരാൾ
എന്ന നിലയിൽ
പൊടുന്നനെ
വിജനമായ ഒരിടമാകുന്ന
അയാൾ
കാറ്റടിയ്ക്കുമ്പോൾ
ഇളകുന്ന കലണ്ടറിൽ
ഒഴിഞ്ഞുകിടക്കുന്ന
ആ തീയതിയുടെ കള്ളി
അവിടെ
ഏതെങ്കിലും
കൂടില്ലാത്ത കിളി
ചേക്കേറുമോ,
കൂടു കൂട്ടുമോ;
എന്ന ഭയം
പുതിയ മാസമാവുന്നു
ആ മാസത്തിൽ
തീയതിയാവാനുള്ള
ഒരു സാധ്യത
തള്ളിക്കളയാനാവാത്ത വിധം
അയാളുടെ
ജീവിതമാവുന്നു
കൈയ്യിലാകെയുള്ളത്
മണ്ണിന്റെ ഒരിത്തിരി വിത്താണ്
വിരലുകൾ കിളിർത്തുവന്നത്
ഉടയോന്റെ നെഞ്ച് നടാൻ
നിമിഷങ്ങളെണ്ണി
കാത്തുവെച്ചത്
കവിത എന്നത്
അവഗണിക്കപ്പെടുവാനുള്ള
എഴുത്തപേക്ഷയാവുന്നിടത്ത്,
അവഗണന
ഒരു തീയതിയാവണം
അണയ്ക്കുവാനാവാത്ത വിധം
ഏത് നിമിഷവും
തീ പടർന്നുപിടിയ്ക്കുവാൻ
സാധ്യതയുള്ളത്
തീ പിടിക്കുമോ
ചിന്തകളുടെ ചിതയാവുമോ
എന്നൊന്നും അറിയില്ല
എന്തായാലും
അന്നാവണം
അയാളും
ആ തീയതിയും
അടുത്ത ഒരു കൊല്ലത്തേയ്ക്ക്
ജീവിതം
സ്വകാര്യമായി
പുതുക്കേണ്ടിയിരുന്നത്!

Wednesday, 5 October 2016

വായനയുടെ മൃതദേഹം

 മരിയ്ക്കാത്ത എന്റെ മൃതദേഹമാവണം
ഓരോ തീയതിയും

വായന പോലെ
നിനക്കത്
കടന്നു പോകാനാവുമെങ്കിൽ മാത്രം
എന്റെ രാത്രികൾക്കായി നീ
സാരിയെടുത്തുടുക്കുക

എന്റെ കലണ്ടറിൽ പതിയ്ക്കുന്ന
നിലാവാവുക...

ഇന്നലെകളുടെ മുല്ലപ്പൂ ചൂടിയ
ജനാലകളാവണം
നാളെ മുതൽ
നിന്റെ ദിവസങ്ങൾ
ഒരു പക്ഷേ തീയതികൾ
ഇല്ലാത്തത്

എന്നാലും
ഈശ്വരൻ
നിമിഷങ്ങളെ പോലെ
ഒളിച്ചുതാമസിയ്ക്കുന്ന ഘടികാരത്തിലും

ദൈവമില്ലാതെ
ഒഴിഞ്ഞുകിടക്കുന്ന ദേവാലയത്തിലെ
അഴിഞ്ഞു പോയ മണി
നിശ്ശബ്ദം
മേഞ്ഞിട്ട് വരുന്ന
ഓരോ രാത്രിയിലും

പത്രങ്ങൾ പോലെ
എല്ലാ മിന്നാമിന്നികളും
നക്ഷത്രങ്ങൾ വരുത്തുന്ന
യാമങ്ങളിലും

ഓരോ ചുവന്നചുംബനങ്ങളിലും
അറിവ് പോലെ
പുതുക്കപ്പെട്ട്
നീ
എന്റെ ചുണ്ടിൽ പച്ചകുത്തപ്പെടുന്ന
സൂഫീസംഗീതമാവുക!

ഞാനല്ലാത്ത ഒരാൾ


നഗരം അതിന്റെ തിരക്കിനുള്ളിലേയ്ക്ക്
ഒരാളെക്കൂടി കൂട്ടുവാനുള്ള
തയ്യാറെടുപ്പിലാണ്

അതിനിടയിൽ
എന്റെ
തിരക്കിനെ
മറ്റൊരാളെ വിട്ടു ലാളിയ്ക്കുന്നു
താരാട്ടുന്നു
ഉറക്കുന്നു

ഉറങ്ങിക്കഴിഞ്ഞാൽ
ഉമ്മ വെച്ച്
നഗരം
മറക്കുന്ന
ഒരാളെന്ന നിലയ്ക്ക്
ഇനി
എന്തിന് എന്ന വാക്കിനെ
എനിയ്ക്ക്
ഇറക്കി വിടണം

പക്ഷേ
എവിടെ?
എങ്ങിനെ?
എന്ന ചിന്തയിലാണ് ഞാൻ

അങ്ങിനെ ചിന്തിയ്ക്കുമ്പോൾ
ഞാൻ തന്നെ
എന്തിന്
എന്ന
വാക്കാകുന്നു

ആരോടും
ഒന്നും പറയാനാവാത്തത് പോലെ
വിക്കുന്നു
വിങ്ങുന്നു

അടക്കാനാവാത്തത്
പോലെ കരയുന്നു

വലിയ്ക്കുന്ന പുക പോലെ
അടുക്കാനാവാത്ത കാലുകളിൽ
നടന്നു പോകുന്ന ചിലർ
എന്നേ നോക്കി
ചിരിയ്ക്കുന്നു

നേർത്ത് നേർത്ത്
ഒരു വരയെന്ന നിലയിൽ
ഒരു വരിയിലും
ഇറക്കിവിടാനാവാതെ
അധികം തിരക്കില്ലാത്ത
ഒരുനിറത്തിലേയ്ക്ക്
ഒറ്റനോട്ടത്തിൽ
കയറിപ്പോകുന്ന ഞാൻ

ഐസ് കട്ട ഇട്ട
ഗ്ലാസിൽ നിന്നും
ഊഷ്മാവിനേയും
സുതാര്യതയേയും
പുറത്താക്കുന്ന ലാഘവത്തോടെ
ലഹരി എന്ന നൃത്തം
നിറത്തിൽ നിന്നും
എന്നെ പുറത്താക്കുന്നു

കറുപ്പെന്ന നിറം മാത്രം
ചെറുപ്പമാകുന്ന രാത്രിയിൽ
ജലവും
ഗോളാകൃതിയും
പകലോളം
വൃദ്ധരാകുന്നത്
എന്തിനെന്നറിയാതെ
ഞാനല്ലാത്ത
ഒരാൾ
നോക്കിനിൽക്കുന്നു!

Saturday, 17 September 2016

നിറങ്ങൾക്ക് പുറത്ത്

നിറങ്ങളിൽ ഊർജം
നിറയ്ക്കുകയായിരുന്നു
അവൾ

നീലയിൽ മാത്രം
കണ്ണുകളാവണം
ഒരു തുള്ളി തുളുമ്പാതെ
വെള്ളം നിറച്ചു വെച്ചിരിയ്ക്കുന്നു

നിറം മാറുന്നോ എന്ന
സാധ്യതകളിലേയ്ക്ക്
നോക്കി നിന്നാവണം
അത്രമേൽ കറുക്കേണ്ട രാത്രി
പലദിവസങ്ങളിലും
ഒരോന്തായി പോകുന്നുണ്ട്

ഏകാന്തതയും ശൂന്യതയും
നിറയ്ക്കുവാനാകാത്ത
രണ്ട് നിറങ്ങളാണെന്ന്
അവൾ തിരിച്ചറിഞ്ഞത്
സ്വയം നിറഞ്ഞാവണം

എന്നിട്ടും ഒരു കൊളളിയിൽ
തീ നിറച്ച്
അന്നന്ന് അവൾ
അടുപ്പ് വരയ്ക്കുന്നുണ്ട്

വെള്ളം കൊണ്ട്
മേൽക്കൂര നിർമ്മിച്ച മുറിയിൽ
അവൾ ഇപ്പോൾ തനിച്ചാണ്

അതേ
കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി

അടുക്കളയിൽ
ആകാശം
അടച്ചു വെച്ചിരുന്ന കുപ്പികൾ
ഏതാണ്ട്
ഒഴിഞ്ഞിരിയ്ക്കുന്നു

അതിൽ അടപ്പില്ലാത്ത
രണ്ടു മൂന്ന് ജനാലകൾ മാത്രം
സ്ഥാനം തെറ്റിച്ച് കാലം
തുറന്നുവെച്ചിട്ടുണ്ട്

അല്ലെങ്കിലും
പല വീടിന്റേയും
തുറക്കുന്നതും അടയുന്നതുമായ
എല്ലാ വാതിലുകളും
പണ്ടേ
അടുക്കളയിലാണല്ലോ

പൊതിയഴിയ്ക്കാത്ത നിലയിൽ
രാത്രി വാങ്ങിക്കൊണ്ട് പോകുന്നുണ്ട്
രണ്ട് മൂന്ന്
പെൺമിന്നാമിന്നികൾ

ദൂരെ
നിലാവിനെ ആദരിയ്ക്കുന്ന
കറുത്ത പക്ഷി

അതിന്റെ തൂവലിൽ
പറ്റിയിരിയ്ക്കുന്ന
അവളുടെ അനാഥത്വത്തിന്റെ
ഉറക്ക്പാട്ട് കാണുന്നു!

ശലഭശിവൻ

മഴ
ഇറ്റിറ്റു വീഴുന്ന
തുള്ളികൾ ചേർത്ത്
കല്ലുമാലകൾ കോർക്കുകയായിരുന്നു
ജലം

അടയക്കാ നിറങ്ങളിൽ
വെറ്റില ചവച്ചു ചുവന്ന് നിൽക്കുന്ന
തളിരിലകൾ

ജലപാതയിലൂടെ
ഭാരം പേറി
തോണിയായി
നീങ്ങുന്ന മനസ്സ്

പെയ്ത മഴയുടെ
ശീലം പോലെ
ഒഴുകിപ്പോകുന്ന
അതേജലം

കാണാതെ പോയ
നീളം തിരഞ്ഞ്
വീതിയിൽ കലങ്ങിയൊഴുകുന്ന
പുഴകൾ

നിശ്ചലത പച്ചകുത്തിയ പായൽ

ഒളിച്ചു മുഖം നോക്കുന്ന കുളങ്ങൾ

വെള്ളം കുടിച്ച പാടുകളിൽ
തെന്നി വീണു കിടക്കുന്ന
മിന്നൽ

കടലിന്റെ
അരക്കെട്ട് പോലെ
പാതിനഗ്നനത
ഉണക്കിയെടുത്തുടുക്കുന്ന
തിരമാലകൾ

അഗ്നിയുടെ
സുതാര്യത കയറിയിറങ്ങിയ
ചിറകുകൾ
വെറുതെ എടുത്തുടുത്ത് പറക്കുന്ന
തുമ്പികൾ

പൂന്തോട്ടത്തിലേയ്ക്കിറങ്ങും
മുമ്പ്
അച്ചടിച്ച പൂക്കൾ നോക്കുന്ന
ചെടികൾ

അവ പലപല നിറങ്ങളിൽ
പൂക്കുന്ന വായനശാലകൾ

ഒരേസമയം
നൂലും സൂചിയുമായി
വാക്കും പ്രവർത്തിയും കോർക്കുന്ന
തുന്നൽ

നിറയെ നിറങ്ങളിൽ
പൂത്ത് വിടർന്നു നിൽക്കുന്ന
പൂക്കളുടെ മൊട്ട് തിരിഞ്ഞ്
ചെടികളുടെ ഇന്നലെകളിൽ കൂടി
നിലാവിനെ പോലെ
തുളുമ്പുന്ന നമ്മൾ

വസന്തമെഴുതി
തെറ്റിച്ച തെറ്റിന്
വിരിയാത്ത പൂക്കളുടെ
മൊട്ടുകൾക്ക്
കേട്ടെഴുത്തിട്ടു
കൊടുക്കുന്നു, മരിച്ച മനുഷ്യരെ
ആരും കാണാതെ
സമയമാക്കി മാറ്റുന്ന
പൂക്കൾ

അത് കണ്ടെഴുതുന്ന ഘടികാരങ്ങൾ

ഢമരുകം മറിഞ്ഞ്
നിലയില്ലാതെ കാലം
ഒഴുകുന്ന വഴി

അവിടെ വന്ന്
നിലയില്ലാതെ
നിൽക്കുന്ന
സമയം

ഒറ്റ മൊട്ടിനെ നൃത്തം പഠിപ്പിച്ച്
ലോകമായ് വിരിയിച്ച്
നോക്കിന്റെ സർപ്പമില്ലാതെ
വാക്കിന്റെ ഗംഗയാക്കി
അവൻ ....

ശലഭശിവൻ!

(16th April 2016)

ആരവങ്ങൾ ഉണ്ടാവുന്ന വിധംബുദ്ധന്റെ മജ്ജയിൽ നിന്നും
ഇറ്റുവീഴുന്ന കാട്ടുതീയുടെ ഒരു തുള്ളി

ബോധി മരത്തിന്റെ
അസംഖ്യം ഇലകളിലൊന്നിൽ
മാത്രം
പച്ച നിറത്തിൽ
തീപിടിയ്ക്കുന്നു.

ഒന്നുമുണ്ടായില്ല
ബുദ്ധനുണരുന്നു
ഒരു കനലെരിയുന്നത് പോലെ
കണ്ണുയരുന്നു
പുരികം ചിതറുന്നു

കണ്ണുകൾക്ക്
ശിവന്റെ ഛായ

മരങ്ങളിൽ ആദ്യമായി
ബോധിമരത്തിൽ
പുതിയൊരു
തണലുണ്ടാവുന്നു

തണൽ വീണു വീണ്
തീയണയുന്നു

തീ പിടിയ്ക്കും
എന്ന് കരുതിയ ബോധിയിൽ
പിടിച്ചുതുടങ്ങുന്ന
ഇന്നലെയുടെ കായ്കൾ

അന്നത്തെ കാലത്തിലൂടെ
കുറച്ച് വൈകി കടന്നുപോകുന്ന
അനേകം ജാലകങ്ങളുള്ള
ഇന്നത്തെ തീവണ്ടി

അതിന്റെ
അവസാനബോഗിയിൽനിന്നും
പുറത്തേയ്ക്ക്
തെറിച്ചുവീണ വെളിച്ചത്തിൽ
അന്നത്തെ രാത്രിയ്ക്ക്
ചെറിയ ഒരു പൊള്ളലോടെ
ഇന്ന് പുതുതായി തീ പിടിയ്ക്കുന്നു

ഒറ്റ മുറിവിന് തീയിട്ട്
എരിയുന്ന നാളങ്ങൾ ഓരോന്നായി
അന്ന് ഇരുന്ന്
ഊതിയണയ്ക്കുന്ന
നിർവ്വാണ ബുദ്ധൻ

ഓർമ്മയെന്ന നിലയിൽ
ബോധിമരം
ബോധോദയത്തോടൊപ്പം
ബുദ്ധനിൽ നിന്നും
ഒരു നിമിഷം
റദ്ദു ചെയ്യപ്പെടുന്നു

ചോദ്യചിഹ്നങ്ങളുടെ
ഒരു പിടിച്ചാരം

വിരലുകളുടെ വേലി കെട്ടിത്തിരിച്ച
രണ്ടുടുലുകളിലൊന്നിൽ
പുതിയ ബുദ്ധന്റെ പാതി

അതിൽ അർദ്ധബുദ്ധന്
പാതിനനഞ്ഞ ഗണപതീഛായ

ഏകാന്തതയുടെ വിഗ്രഹത്തെ
എടുത്തുകൊണ്ട് പോകുന്ന
ആൾക്കാരുടെ ഒരു കൂട്ടം

നിമജ്ജനം ചെയ്യാൻ
ബുദ്ധന്റെ ഉടലിൽ കടലിന്റെ ഒരു ശിൽപ്പം
ചെയ്യുന്നതിന്റെ സാധ്യതകൾ
അവർ ഉറക്കെ ആരായുന്നതിന്റെയാവാം;
ഉയരുന്ന ആരവങ്ങൾ!

അയാളെക്കുറിച്ചു തന്നെ...

ഒരു സാധാരണക്കാരന്
താങ്ങാനാവാത്ത വിധം
മരണം എന്ന നിലയിൽ
ആത്മഹത്യ
എന്തൊരു ആർഭാടമാണ്

ഇനിയൊരു മേഘത്തിന്റെ
ചാണകം മെഴുകിയ
ഒരിറ്റു തണൽ മുറ്റത്ത്
തളർന്നു കിടക്കുന്നയാൾ
ഓർക്കുന്നു

എന്നിട്ടും
ഒരിത്തിരി ഭാരക്കുറവിന്
ദാഹിച്ചിരിയ്ക്കുന്ന പക്ഷിയ്ക്ക്
വെള്ളത്തിന്റെ ചില്ല
അത്രയും ലളിതമായ് അയാൾ
കാട്ടിക്കൊടുക്കുന്നുണ്ട്
അതിന്റെ തന്നെ നനഞ്ഞ
തൂവലാകുന്നുണ്ട്
തൂവലിന് പുറത്ത്
പറക്കാൻ മറന്ന ആകാശമാവുന്നുണ്ട്

അതുവരെ
അടക്കം കഴിയുമ്പോൾ മാത്രം
അപരന്റെ ഭാഷയിൽ
സംസാരിയ്ക്കപ്പെടുന്ന
വെറുമൊരു
സായാഹ്നമാവണം
അയാൾ!

അവ്യക്തമായ ഉപമയെ പോലൊരു പരിക്ക്

ഒന്നും വ്യക്തമായി കണ്ടില്ല
ഏതോ തുള്ളികൾ ലംബമായി
ഇറ്റുവീഴുന്നത് പോലെ
രണ്ട് മൂന്ന് കിളികൾ
തിരശ്ശീനമായി
പറന്നു പോകുന്നതായി തോന്നി

എന്നിട്ടും
ഇറ്റുവീഴുന്ന തുള്ളികളുടെ ഉപമയിൽ
പറക്കുന്ന കിളികൾ
ചെന്നിടിയ്ക്കുമോ
എന്ന് ഭയപ്പെട്ടു

ഭയന്നാൽ കാണിക്കുവാനുള്ള
കുരിശ് അന്തരീക്ഷത്തിൽ
വരച്ച്
കരുതി വെച്ചിരുന്നു

സൂക്ഷിച്ചു നോക്കുമ്പോൾ
ഇറ്റ് വീഴുന്നതെന്താണെന്ന് നോക്കി
കിളികൾ സുരക്ഷിതമായി
പറന്നു പോകുന്നു

അതിൽ
തിരിഞ്ഞുനോക്കാതെ പറന്ന
മൈനയിൽ നിന്നു മാത്രം
കുറച്ച് കിളികളുടെ തുള്ളികൾ
മഞ്ഞനിറത്തിലിറ്റി
താഴെ നിന്ന എനിയ്ക്കും
മുകളിൽ പറക്കുന്ന കിളിയ്ക്കും
ഒരേസമയം പരിക്കേറ്റിരിയ്ക്കുന്നു!  

പിന്നയോ?

പിന്നെ എന്താ
ഞാനെന്റെ
നനഞ്ഞ വാക്കുകളുമായി
നിന്റെ നരച്ച മുടിയിഴകളിലൊന്നിലേയ്ക്ക്
ഓടിക്കയറും

അത് കാണാതെ
ഉടൽ പൊളിച്ച്
കറുപ്പ് പഴയ വിലക്കെടുക്കുന്ന
ഒരാളൊട്
വിലപേശുകയാവും
നീ അപ്പോൾ!

Friday, 9 September 2016

ഒന്നിനും രണ്ടിനുമിടയിൽ മൂന്നിന്റെ സാധ്യതകൾ

നിലാവ് കീറിയുടുത്തവനാകണം
അവൻ

അവന്റെ തുടയിലൂടെ
ഒരു പഴുതാരയിഴയുന്നു

പഴുതാര നഗ്നൻ

പഴുതാരയ്ക്കും
അതിന്റെ അസംഖ്യം
കാലുകൾക്കുമിടയിൽ
അവൻ പാടിയ ഒരു പാട്ട്
മടി പിടിച്ച് കിടക്കുന്നു

അവന്റെ ഉള്ളിൽ നിന്നും
പിടിച്ച തീയാകണം
പഴുതാരയുടെ കാലുകളിൽ
കെടാതെ
കത്തിക്കിടക്കുന്നു

ആരും തൊടാനില്ലാത്തത് കൊണ്ടാവണം
അവന്റെ വിരലുകളിൽ
പിടിച്ചു കിടക്കുന്ന
വാടാത്ത തൊട്ടാവാടികൾ

കൈയ്യാകെ
മൂർച്ച കൂട്ടി മുരളുന്ന മുള്ളുകൾ

ആരും കെട്ടിപ്പിടിക്കാനില്ലാത്തത് കൊണ്ടാവും
ചുടുകട്ട ഇട്ട് കെട്ടിയ മാതിരി
അങ്ങിങ്ങ്
ഉടൽ
വിണ്ട് കീറി തുടങ്ങിയിരിയ്ക്കുന്നു

അവനാവില്ല
ആരോ
പരതി നോക്കിയിരിയ്ക്കുന്ന
പാടുകൾ
മനസ്സും എന്നോ ഉപയോഗിച്ച് തീർന്നിട്ടുണ്ടാവണം

പതിവായി വരുന്ന പത്രക്കാരൻ
വലിച്ചെറിഞ്ഞതാവും
അടുത്ത് തുറക്കാതെ കിടക്കുന്നുണ്ട്
രണ്ട് കണ്ണുകൾ

അവനെ കണ്ടാൽ പേടിച്ചേക്കാവുന്ന
ഒരു പൂച്ച
അതിന്റെ അരണ്ട കണ്ണിലൂടെ
അവനെ നോക്കുകയാണ്

നോക്കുമ്പോൾ
അവനും
വെള്ളത്തിനുള്ളിലെ
ഓരോ മൂന്നാമത്തെ മീനും
ഒരേ മുള്ള് പങ്കിടുന്നതായി കാണുന്നു!

തിരക്കിന്റെ തുള്ളികളെക്കുറിച്ചോർത്ത് ഇറ്റുന്ന ചില വാക്കുകൾ

തല മാത്രം ചിതലെടുത്ത്
കാലിലേയ്ക്ക് മടങ്ങിപ്പോകുന്ന
കാലത്തിന്റെ
ചിതലുകൾ

പകുതിയോളം കട്ടിൽ
തിരിച്ചിട്ട്
ഉടൽ ഉറങ്ങാൻ കിടക്കുന്നു

പൂർണ്ണമായും ഇരുട്ടാതെ
രാത്രി തരിശ്ശിട്ടിരിയ്ക്കുന്ന
ഇടങ്ങളിൽ
പറ്റിപ്പിടിച്ചിരിയ്ക്കുന്ന
ഉറക്കത്തിന്റെ തരികൾ

ചരിത്രത്തിന്റെ അരിക് കൊണ്ടാവണം
അങ്ങിങ്ങ് ഉടൽ മുറിഞ്ഞിട്ടുണ്ട്

ഒരു പക്ഷേ അനുസരണയുടെ
പരിക്കുകൾ
അല്ലെങ്കിൽ
വേദനയുടെ കൃത്രിമ ഉപഗ്രഹങ്ങൾ
വിക്ഷേപിക്കപ്പെടുന്ന
ഇടങ്ങൾ

ഉറുമ്പിനേ പോലെ ഇര തേടാൻ
വരിവരിയായി
ഇറങ്ങി നടക്കുന്നുണ്ട്
ജലം
അഥവാ
തിരക്കിന്റെ തുള്ളികളെക്കുറിച്ചോർത്ത്
ഇറ്റുന്ന
ചില വാക്കുകൾ

ഓറഞ്ചിനും നിലാവിനുമിടയിലാവണം
അടുത്ത സ്റ്റോപ്പ്....

പെയ്യാൻ മറന്ന മഴ
തോരാൻ തിരക്ക് കൂട്ടുന്നത് പോലെ
കയറുവാൻ മറന്ന ഒരാൾക്ക്
ഇറങ്ങുവാൻ ഒരിത്തിരി തിരക്ക്
കൂടുതൽ
കൂട്ടേണ്ടതുണ്ട്!

കാണ്മാനില്ല

ഇതിലും നല്ലൊരു ആകാശം
കാണാതെ പോകുന്നതിന് മുമ്പ്
മരങ്ങൾക്ക്
ഉണ്ടായിരുന്നിരിയ്ക്കണം

വിരസമായ പുതിയ ആകാശം
കണ്ട് മടുത്തിട്ടാവണം
തണലുകളോട് പിണങ്ങി
അകലങ്ങളിലേയ്ക്ക്
നടന്നു പോകാൻ
മരങ്ങൾ
ആഗ്രഹിച്ചത്

കാലം മായ്ക്കാൻ ശ്രമിച്ച
ആ കാലടികൾ
അതേ മരങ്ങളിൽ
ഇലകളായി ഇപ്പോൾ
പിടിച്ചിട്ടുണ്ട്

ഉയരങ്ങളിലേയ്ക്ക് മാത്രം
നടന്നു പോകാൻ
പാകത്തിന്
വേരുകൾ അത് തിരഞ്ഞ്
പിടിച്ചു
മായുന്നതിന് മുമ്പ്
ചില്ലകളിൽ
തിരികെ
തൂക്കിയിടുന്നതാവാം!

ചിലയ്ക്കുന്നതിന് മുമ്പ്
കിളികളുടെ
പേരെഴുതി വെയ്ക്കുന്ന
ഇലകൾ

കാറ്റ് വരുമ്പോൾ അത്
പറഞ്ഞു കൊടുക്കുമെന്ന്
ഭയന്ന്
ചില്ലകൾ കുലുക്കി
ഇലകൾ
പൊഴിച്ചു കളയുന്നുണ്ട്;
കിളികൾ

പറക്കുന്നതിനിടയിൽ
ചിറകിൽ നിന്നും കൊഴിയുന്ന തൂവലുകൾ
അതറിഞ്ഞ് കാറ്റ്
പക്ഷികൾക്ക്
ശിക്ഷയായ് കൊടുക്കുന്നതാവാം

അനന്തമായ വേരിന്റെയറ്റത്ത്
ഒരു തുള്ളി വെള്ളത്തിന്റെ
ശിൽപം കൊത്തി
മഴ തളർന്നിരിയ്ക്കുന്നു

ഇതിനിടയിൽ
ഇതൊന്നും ശ്രദ്ധിക്കാതെ
മരക്കൊമ്പിൽ
ഇലയനക്കങ്ങൾ കൊണ്ട്
കാറ്റ് പണിഞ്ഞു കൊണ്ടിരുന്ന
അപ്പൂപ്പന്താടിയെ
പണികഴിഞ്ഞ കാറ്റിനോടൊപ്പം തന്നെ
കാണാതെപോയിട്ടുണ്ട്.......

ഞാനെഴുതേണ്ടിയിരുന്ന കവിതകളിൽ ഒന്ന്

അൽഷിമേഷ്സ് ബാധിച്ച
മഴയെ
പിടിച്ചു കൊണ്ട് നടക്കുകയാണ്
ആകൃതി നഷ്ടപ്പെട്ട
മേഘങ്ങൾ

നനഞ്ഞു കൊണ്ടായാലും
അറിയാവുന്ന ഒരു തുള്ളിമരുന്നു
മഴയ്ക്ക്
ഓർമ്മയിൽ നിന്നും
കുറിച്ച് കൊടുക്കണമെന്നുണ്ട്

ജലസന്ന്യാസം കഴിഞ്ഞ്
താടിയും ജഡയും നീട്ടിവളർത്തി
ഏതോ വെള്ളച്ചാട്ടത്തിൽ
നിവർന്നിരിയ്ക്കുകയാണ്
പുഴകൾ

ചതുരത്തിലുള്ള ജലത്തിനെ
തൂവാലയെന്ന് പേരിട്ട്
മുഖം തുടയ്ക്കാതെ
ഞാനും മീനും വെള്ളത്തിനുള്ളിലേയ്ക്ക്
തിരിച്ചു പോകുന്നു!

വീണ്ടും എന്ന വാക്കിലേയ്ക്ക് തിരിച്ചുപോകുന്ന രണ്ടുപേർ

നീയെന്തിനാണ് എന്റെ മരത്തിനെ
ഇങ്ങനെ
ചരിച്ച് പിടിച്ചിരിയ്ക്കുന്നത്?

അതിന്റെ തണലുകൾ
വഴിയാകെ ഇറ്റു വീഴുന്നത്
നീ കാണുന്നുണ്ടോ?

മുടി നരയ്ക്കുന്ന ശബ്ദത്തിൽ
സംസാരിയ്ക്കുന്ന ഒരാൾ
വിളിച്ചു ചോദിയ്ക്കുന്നു

ആ ചോദ്യം നിറയെ
കറിവേപ്പിലയുടെ അരികുകൾ
പച്ചനിറത്തിന്റെ മണം

മണ്ണിനോട് കലഹിച്ച്
എന്നോ പിഴുതു വീണ
ഒറ്റമരത്തിന്റെ
പത്തുവേരുകളാവണം
അയാളുടെ വിരലുകൾ

അയാളോട് പരിചയമുള്ള
മരങ്ങളെല്ലാം
എണ്ണം കൂട്ടിയും കുറച്ചും
പൗപ്പത്ത് വേരിലേയ്ക്ക്
മാറിയിരുന്നിരിയ്ക്കണം

മഴത്തൂണുകളിൽ
വെള്ളത്തിന്റെ
വള്ളിച്ചെടികൾ
ഒച്ചയെടുത്ത് വളരുന്നിടത്ത്
പതിയെ അവർ തിരിയുന്നുണ്ട്

അഥവാ
അവർ അവിടെ
വേർപിരിയുകയാവണം

പിന്നീട് അവർ കണ്ടുമുട്ടുമ്പോൾ
അവൾ മുലഞെട്ടിൽ
അയാളുടെ ശിൽപ്പം
കൊത്തിവെച്ചിട്ടുണ്ട്

മുലകളിൽ പായൽ പിടിച്ചിരിയ്ക്കുന്നു

ചുരങ്ങൾ മാന്തി
അവൾ ഒരു ഗുഹയുടെ
സത്ത കൂടി
എടുത്തിരിയ്ക്കുന്നു

മഴയിപ്പോൾ പെയ്യുന്നത്
അവരുടെ മേൽവിലാസത്തിലാണ്

പരസ്പരം ഒട്ടി
അവർ
അനന്തതയിലേയ്ക്കുള്ള
ശൂന്യതയുടെ രണ്ട്
തപാൽ സ്റ്റാമ്പുകളായിരിക്കുന്നു

വീണ്ടും എന്ന വാക്ക്
പരസ്പരം വഴുക്കി
അവർക്ക് വീഴുവാൻ
കാലമുണ്ടാക്കിയ
പച്ചപ്പിന്റെ തനി പകർപ്പായിരിയ്ക്കാം

അവളിപ്പോഴും
അതേ മരം നിവർത്തിപ്പിടിച്ചിരിയ്ക്കുന്നു

അയാളുടെ നൃത്തത്തിന്റെ
ഉറവിടം കണ്ടെത്തിയ മാതിരി
അവൾ കിതയ്ക്കുന്നുണ്ട്

ശ് ശ്
നിശബ്ദതയ്ക്ക്
വെളിച്ചം വെച്ചത് പോലെ
മിന്നാമിന്നികൾ താണ് പറക്കുകയാണ്
കാണുന്ന ഒച്ച പോലും
ഇമകളുണ്ടാക്കരുത്

അടുത്ത അഞ്ചു ദിവസത്തെ
നിലാവ്
മുൻകൂറെടുത്ത്
അവരവരുടെ
രാത്രികളിലേയ്ക്ക്
പുലരാത്ത
വിധം
അവർ
തിരിച്ചു പോവുകയാവണം!

മുദ്രകളില്ലാത്തത്

വിത്തിന് വെളിയിൽ വന്ന്
ഒരു കടൽ
കിളിർത്തിരിയ്ക്കുന്നു

അരികിൽ
ജലയിലകളുടെ
പച്ചനീലിച്ച വെള്ളക്കതിർ
തളിർപ്പുകൾ

നടക്കാൻ പഠിക്കുന്ന
ശിശുക്കൾ വെയ്ക്കുന്ന
ആദ്യകാൽവെയ്പ്പുകൾ പോലെ
വെള്ളത്തിന് വെളിയിൽ
പിടിച്ചു വരുന്ന
ശിശിരകാലതിരമാലകളുടെ
ഗതകാലമൊട്ടുകൾ

നിറം തികയാത്തത് കൊണ്ടാവണം
പൊന്മാനാകാതെ പോയ
കിളിയുടെ ദുഃഖത്തിൽ
ആകാശത്തോളം
നീലനിറത്തിൽ
പങ്കുചേരുന്ന
അകലം

അതായത്
ഒരിത്തിരി പഴകിയ
ദുഷ്യന്ത നേത്രങ്ങൾ

നൃത്തത്തിന് പുറത്ത്
ഒരു കൂട്ടത്തിൽ ചേർക്കാതിരുന്ന
വൃത്തം കോർത്ത്
മരത്തിന് പുറത്ത്
ഒരേകാന്ത മരംകൊത്തി
ഉടലിൽ
തിരുവാതിര കൊത്തുന്നു

അതിൽ
ഓരോ ചുവടിലും
അവൾ ചേർത്ത
ശൂന്യത കോർത്തുനിർമ്മിച്ച
പ്രണയത്തിന്റെ
ഊഷരസുഷിരമായി
ഒരാൾ
ഒറ്റയ്ക്കിരിയ്ക്കുന്നു....

Monday, 1 August 2016

വാക്കിനെക്കുറിച്ച് രണ്ട് വാക്ക്

കഴിഞ്ഞ ജന്മത്തിൽ
ആരോ
അതിക്രൂരമായി
കൊലപ്പെടുത്തിയ ഒരാളാവണം
അയാൾ

അത് കൊണ്ട് അയാൾ
ഞാനാവാം
ഞാൻ കൊല്ലപ്പെടുന്നത്
വരെ
നിങ്ങളാവാം

അത് വരെ
കൊലയാളി
സമയമാകാം

അത്രയും നിസ്സഹായതയോടെ
ആ മരണം
നോക്കിനിൽക്കേണ്ടി വന്ന
അയാളുടെ വെളുത്തകുതിര
കറുത്ത്
കുതറി
രാത്രിയായതാവാം

അങ്ങിനെ എത്രയോ
ജന്മങ്ങളുടെ
നക്ഷത്രവെളിച്ചങ്ങൾ
കടന്നാവണം
ആ രാത്രി
അക്ഷരാർത്ഥത്തിൽ
കുതിരയെ
അനുസ്മരിപ്പിക്കുന്ന
എന്റെ
കവിതയിലെ
കറുത്ത വാക്കുകളായത്

കറുത്തതായത് കൊണ്ട്
ഒരു മരണത്തിനും
വിട്ടുകൊടുക്കാതെ
പരിക്കേറ്റിട്ടും
എന്നേയും കൊണ്ട്
കവിതകളിലൂടെ
ധീരമായി
മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നുത്

അട്ടഹസിക്കുന്ന ഇരുട്ടിന്റെ
പരിഹാസം
നിങ്ങൾ കേൾക്കുന്നുണ്ടാവും

കാലുകൾ ഇല്ലാത്ത
കുതിര എന്ന നിലയിൽ
അർഥം കുറച്ചുയർത്തി
വെയ്ക്കുന്ന
വാക്കുകളുടെ ഒച്ചകൾ
കവിതകളാകുന്നതാവും

അവ പിന്നെ
കടന്നു പോകുന
വഴികളിൽ
പൂവുകളായി വിരിയുന്നതാവും

വീണ്ടും തളിർക്കുവാൻ
വായനയുടെ ആമ്പൽപ്പൂക്കളായി
വെള്ളത്തിൽ
മാത്രം വാടിവീഴുന്നതാവും

കുതിച്ചു പായുന്ന
വാക്കുകളുടെ
കറുത്തകുതിരകൾ
പൂട്ടിയ
രഥങ്ങളാവണം വിരലുകൾ

നഖങ്ങൾ അന്നത്തെ
കേട്ട് തഴമ്പിച്ച
കുളമ്പടിയൊച്ചകളാവണം

കുതിരകളെന്നെ നിലയിൽ
തളരാത്ത വാക്കുകൾ
ഓരോ വരികളിൽ വെച്ചും
വെട്ടേൽക്കുമ്പോഴും
പരിക്കേറ്റ്
താഴെവീഴുമ്പോഴും
എഴുത്തുകാരനെന്ന നിലയിൽ
ഇപ്പോൾ നിസ്സഹായനായി നോക്കി
നിൽക്കുന്നത്
ഞാനാവണം!

Sunday, 3 July 2016

കാവലിനെക്കുറിച്ച് ചില പുന:വിചാരങ്ങൾ


ഒരു നനഞ്ഞ പട്ടാളക്കാരൻ
സ്വന്തം മണ്ണിലിട്ട്
അയൽരാജ്യത്തെ മഴയെ
ബലാൽസംഘം ചെയ്യുന്നത്
കണ്ടു നിൽക്കുകയാണ്
പോലെ എന്ന വാക്ക് ...

ഉപമയ്ക്ക് കണ്ണു നിറയുന്നു

പതിവ് പോലെ
മണ്ണ് നനയുന്ന മഴ

പട്ടാളക്കാരൻ വീണ്ടും
രാജ്യത്തിന് കാവൽ നിൽക്കുന്നു

അതിർത്തി ഒരു ഞരമ്പായി
ഓരോരുത്തരുടേയും
ഉടലിലൂടെ കടന്നുപോകുന്നു

അതിൽ കാക്കി നിറത്തിൽ
ഒഴുകുന്ന ചോര

ഇന്നലെ വെടികൊണ്ട് മരിച്ച
യുവാവിന്റെ നെഞ്ചത്ത്
പൂവായ് വിരിയാൻ പോയിരിക്കുകയാണ്
ചോരയിലെ ചുവപ്പ്

അയൽ രാജ്യത്ത്
ഉദിച്ച സൂര്യനെ വെടിവെച്ച്
വീഴ്ത്തിയ ഇരുട്ട്
ബങ്കറിനുളളിൽ ഉറക്കമാണ്

സ്വന്തം രാജ്യത്ത് ഉത്ഭവിച്ച നദി
അയൽ രാജ്യത്തിലേയ്ക്ക്
ഒഴുകിപ്പോകുന്നുണ്ട്

രാജാവിന്
ഭരിയ്ക്കാൻ ഒരു രാജ്യം
വേണം,
അതിന് അതിരുകൾ
ചുമന്നുകൊണ്ട് നടക്കാൻ
ജനങ്ങൾ വേണം,
അതിര് സംരക്ഷിക്കുവാൻ
ജനങ്ങളുടേയും
സൈനികരുടേയും
ജീവൻ വേണം

നോക്കൂ
കാക്കുന്ന രാജ്യം തെറ്റിപ്പോയ സൈനികർ
കണ്ണു തെറ്റിയപ്പോൾ,
മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സ്ത്രീകളാണ്
അവർ ചുമന്ന് കൊണ്ട് നടക്കുന്ന
തോക്കുകൾ

കൊലപ്പെടുത്തുന്നതിന് മുമ്പ്
അവർ കവർന്നെടുത്ത
മാനമാവും
അവരിപ്പോൾ കാക്കുന്ന
അതിരുകൾ

കഴിഞ്ഞിട്ടില്ല
രണ്ട് രാജ്യങ്ങളുടെയും
പതാക പുതപ്പിച്ച
ഒറ്റ സൈനികന്റെ
മൃതദേഹമാവണം


ഇപ്പോൾ
രണ്ടുരാജ്യങ്ങളിലേയും
ജനങ്ങൾ ....

Wednesday, 1 June 2016

ഉടൽമുദ്ര

എന്നോട് കലഹിച്ചു
എന്റെ മഴയോട്
തുള്ളികളോളം
വഴക്കിട്ട്
എന്നെ നനയ്ക്കുന്ന
വാക്കാണ്‌ നീ

തോരുമ്പോൾ
ഒരു നെടുവീർപ്പ് കൊണ്ട്
തുന്നിക്കെട്ടിയ
അന്തമില്ലാത്ത ഒരുവാക്കിന്റെ
ഒരരക്കെട്ടോളം നീളുന്ന
തുടർ ചലനങ്ങളുടെ
രണ്ടറ്റങ്ങളാവുകയാണ്
നമ്മൾ

എന്നാലും
ഓരോ തവണയും
മാരകമായി എന്നെ
കടിച്ചു മുറിവേൽപ്പിക്കുന്ന
നിന്റെ മുലകളിലെ ഉറുമ്പും കൂട്
കടന്ന്

വിരഹത്തിന്റെ
വിരലടയാളം പോലെ
സ്പർശിക്കുന്ന
വിരൽക്കാലതീരങ്ങളിൽ,

തിരമാലകളുടെ
രണ്ടിണച്ചുണ്ടുകൾ
തിരഞ്ഞ്..

സമുദ്രമൗനങ്ങൾ;

നമ്മുടെ ചോരുന്ന ജലയിടങ്ങളിൽ
രഹസ്യമായ് വെയ്ക്കുന്ന
രണ്ടുടൽ മുദ്രകളാവുകയാണ്
നമ്മൾ!

ആറിന് വെറുമൊരു അഞ്ചിന്റെ കുറവുള്ളത്

 ഋതു ആറിലും
പെടാത്ത ആഴ്ചയിലെ
ഏഴാമത്തെ ദിവസമായിരുന്നു
അത്

ഓരോ പക്ഷിത്തൂവലിനും
ഓരോരോ കിളികളെ വെച്ച്
അനുവദിച്ചു കൊടുക്കുന്നുണ്ടായിരുന്നു
പ്രഭാതം

പക്ഷിയ്ക്കും
തൂവലിനുമിടയിൽ
വല്ലാത്തൊരു ഭാരത്തോടെ
അനുവാദവും
പറന്നു നടക്കുന്നുണ്ടായിരുന്നു

അത്രയും മൃദുലമായി
പ്രഭാതവും
പക്ഷിത്തൂവലുകളാക്കപ്പെടുന്നു
ദിവസങ്ങൾക്ക്
വെളിയിൽ
പറന്നു നടക്കപ്പെടുന്നു

ഓരോ പക്ഷികളും
വെവ്വേറെആകാശങ്ങളെ
ക്കുറിച്ചുള്ള
ആശങ്കകൾ
കൂടുകൂട്ടുന്നുണ്ടായിരുന്നു

ആകാശത്തെ വേർതിരിക്കുവാൻ
അതിരായി
അത്രമേൽ സമാധാനപരമായി
ആകാശത്തേയ്ക്ക്
മരങ്ങൾ
അനുവദിക്കപ്പെടുന്നു!

- 2 -

മരങ്ങൾക്ക്
പുറത്ത്
ഇലകൾക്ക് വെളിയിൽ
ചില്ലകളേക്കാൾ
ഉയരത്തിൽ
പുതിയ ശിഖരങ്ങൾ
മുകളിലേയ്ക്ക്
നിർമ്മിക്കുന്ന
കൂടുകൾ

അവ തൂവലുകൾ
പോലെ
കളികൾക്ക്
കൈമാറുന്ന
മരങ്ങൾ

തൂവലുകൾ നിറയേ
ചില്ലകൾ അനുവദിക്കപ്പെടുന്നു
ചില്ലകൾ നിറയേ
കിളികൾ
കിളികളുടെ
പുറം നിറയെ ഇലകൾ

അവയ്ക്ക് പുതുപുത്തൻ
ആകാശങ്ങൾ;
ചിറകുകൾക്ക് പുറത്ത്
അനുവദിക്കപ്പെടുന്നു

ആകാശത്തിന്റെ ചുണ്ട് തിരഞ്ഞവ
വീണ്ടും
കിളിക്കുഞ്ഞുങ്ങളാക്കപ്പെടുന്നു

അവയുടെ കൊക്കുകളിൽ
പുതിയ അസ്തമയം
ഉൽപ്പാദിപ്പിക്കപ്പെടുന്നു

ദിവസന്തോറും
സ്ഥിരമായി
മാറ്റിവെയ്ക്കപ്പെടുന്ന
ഉദയം എന്ന
അവയവം

ഭാരക്കുറവ് കൊത്തി
തിന്ന്
ആദിവാസിക്കുഞ്ഞുങ്ങളെ
പോലെ
മേഘങ്ങളാക്കപ്പെടുന്ന
കിളിക്കുഞ്ഞുങ്ങൾ

അവ മീനുകളെ അനുകരിക്കുകയും
വെള്ളത്തിന് അടിമകളാക്കപ്പെടുകയും
ചെയ്യുന്നു

കൂടുകൾക്ക്
താഴെ
വേരോളം
മാഞ്ഞ് പോകുന്ന
മരങ്ങൾ

പുറത്ത് കാണാത്ത വിധം
പറക്കാൻ മാത്രം
പുറത്ത് വരും വിധം
അവിശ്വസനീയമാം വണ്ണം
വേരുകളിൽ
കൂടു കൂട്ടിയിരിക്കുന്ന
കിളികൾ !

- 3 -

മേഘങ്ങൾക്ക് മുകളിൽ
മിന്നാമിന്നികളുടെ
വല കെട്ടി
വെളിച്ചത്തിന്റെ ഇരപിടിച്ച നിലയിൽ
കാണപ്പെടുന്ന
നക്ഷത്രങ്ങൾ

അവയ്ക്ക്
താഴെ
ഇര പിടിക്കുന്ന മരങ്ങൾ

അതിൽ കുരുങ്ങിയ
ഇരകളെ
കിളികളായി
മരങ്ങൾ
ആകാശത്തേയ്ക്ക് പറത്തുന്നു

കാറ്റിന്റെ പേരിൽ
പച്ച നിറത്തിൽ
പീഡിപ്പിക്കപ്പെടുന്ന
ഇലകൾ

അവ വല്ലാതെ ഉലയുന്നു
ഉലയുന്ന ഇലകളെ
മഴകൊണ്ട് കെട്ടിയിടപ്പെട്ട നിലയിൽ
കണ്ടെത്തുന്ന
കാറ്റ്

കാറ്റടിയ്ക്കുന്നിടത്തെല്ലാം
പെയ്തു തോർന്ന പോലെ
'തെളിയുന്ന'
മഴയ്ക്കുള്ള സാദ്ധ്യതകൾ

- 4 -

രണ്ടുടൾ പൂക്കുന്ന
കുടയ്ക്ക് താഴെ
ഉയരം കുറച്ച് മഴ പെയ്തിരുന്നു

ദ്രവരൂപത്തിൽ താക്കോലുകൾ
പൂക്കുന്ന
ഉടൽ കിലുക്കങ്ങൾക്ക്
താഴെ
ആഴത്തിന്റെ പടവുകളിറങ്ങി
കടൽ

തലയിണയിലെ അക്വേറിയത്തിൽ
നീന്തുന്ന മീനുകൾ
വെള്ളത്തിന് വെളിയിൽ വന്ന്
ഉറങ്ങാത്തവരുടെ
ഉറക്കമുറങ്ങിക്കൊടുത്തിരുന്നു

ഉണരുന്നവർ
പതുപതുത്ത
വെളുത്തതൂവലുകൾ ഉള്ള
പകൽ പൊതിഞ്ഞെടുക്കുന്നു

എന്നിട്ടും


ഉറങ്ങുന്നവർക്കുള്ള
ചികിത്സ എന്ന നിലയിൽ
ഇടിയും മിന്നലുമുള്ള
മഴയുടെ ആവിർഭാവം

- 5 -

രോഗി എന്ന നിലയിൽ
മിന്നലിന്റെ തേൻ നുണഞ്ഞ
മഴത്തുള്ളികളെ
മുലകളാക്കുന്നതിനിടയിൽ
ഈശ്വരൻ കൈയ്യോടെ പിടിക്കപ്പെടുന്നു!

തോർന്ന മഴയുടെ മൊത്തവ്യാപാരി

ഉടലെടുക്കാതെ
ഒരാൾ
കടലെടുത്ത കരയുടെ
തീരത്തുകൂടെ
തനിയേ
നടന്നു പോകുന്നു

അയാൾ എടുക്കാതെ
പോയ
ഉടലിൽ നിറയെ
കത്തിക്കിടക്കുന്ന
തെരുവ് വിളക്കുകൾ

അവയിൽ നിന്നും ഇറ്റുവീഴുന്ന
വിയർപ്പിന്റെ മണമുള്ള
ബൾബിന്റെ തുള്ളികൾ

ആയ കാലത്ത്
അയാൾ
ധാരാളം ചെമ്പരത്തി മൊട്ടുകൾ
കത്തിച്ച് വലിയ്ക്കുകയും
ചുവന്ന നിറമുള്ള പുക
പുറത്തുവിടുകയും
ചെയ്തിരുന്നു

അവസാന കാലത്ത്
ഒരു
നിറമില്ലാത്ത ചുമയിലേയ്ക്കോ
കാലി ചായയിലേയ്ക്കോ
പോലും
പോയിരുന്നത്
പുക കുത്തിയായിരുന്നു

നല്ല നിലയിൽ ജീവിച്ചിരുന്നപ്പോൾ
അയാളുടെ
ഉടലിന് പുറത്തായിരുന്നു
എന്നും
ശ്വാസകോശവും അന്നനാളവും

അന്നൊക്കെ
വ്യാവസായിക അടിസ്ഥാനത്തിൽ
നാക്കിൽ
മുള്ളുകൾ
വളർത്തിയിരുന്നതായും
അവ
വൻതോതിൽ
മറിച്ച്
പനിനീർച്ചെടികൾക്ക്
കൊടുത്തിരുന്നതായും
എതിരാളികൾ
പറഞ്ഞു നടന്നിരുന്നു

എപ്പോഴും
മുൻ കാലുകൾ ഉയർത്തി മാത്രം
സഞ്ചരിച്ചിരുന്ന
രണ്ട് കുതിരകളിൽ
ഒരേ സമയം നാലുദിശകളിലേയ്ക്ക്
പാഞ്ഞു പോയിരുന്നത്
കണ്ടവരുണ്ട്

അന്നൊക്കെ
അയാൾ
തോർന്ന മഴയുടെ
മൊത്തവ്യാപാരിയായിരുന്നു

ഇന്നയാൾ
ആർക്കും വേണ്ടാത്ത
ഭൂമിയുടെ ഗോളാകൃതിയുടെ
വെറും
ചില്ലറ വ്യാപാരി!

Thursday, 5 May 2016

മേൽവിലാസം

വളരെ പ്രാകൃതമായി
അയ്യേ എന്നു തോന്നും വണ്ണം
ചുണ്ടിനും നാവിനും ഇടയിൽ വെച്ചൊട്ടിച്ച
ഒരു പഴയ കത്തിലെ
നനഞ്ഞു പോയ
മേൽവിലാസമാണ്
ഞാൻ

നീ സ്റ്റാമ്പായി
ഒട്ടിച്ച കടലിലെ,
തിരമാലകൾ
ഉള്ളടക്കം പോലെ
എന്നോ എന്റെയുള്ളിൽ
കടന്നു കൂടിയിട്ടുണ്ട്

ഇന്നെന്താ വിശേഷം
എന്നുള്ള നിന്റെ
മീൻ മണമുള്ള
വീട്ടമ്മചോദ്യത്തിന്റെ മുമ്പിൽ
ഒന്ന് വിയർത്ത്
തോർത്ത് മുറുക്കിക്കെട്ടി
നിന്റെ മുന്നിൽ
ഞാൻ
കുടഞ്ഞിടുന്ന
പുഴ
കടൽ
മഴ, കായൽ, കുളം


അങ്ങിനെ
ധാരാളം കള്ളം പോലുള്ള
വെള്ളങ്ങൾ!

ഭ്രാന്തൻ പാമ്പ് നൃത്തം വെയ്ക്കുമ്പോൾ

 ദൈവം പതിവായി
ഒളിച്ചൊളിച്ച് ഉമ്മ വെയ്ക്കാൻ
വരുന്നിടത്ത് നിന്നും
മൂന്നാമത്തെ വളവിലായിരുന്നു
എന്റെ വീട്

ദൈവം ഉമ്മ വെച്ചിരുന്നിടം
ഇപ്പോ ഒരു കാടാണ്
അവിടെ ഒരു പാമ്പാണിപ്പോൾ
പരസ്യമായി താമസം

കൊടിയ വിഷം
പലകടികളിൽ ഇറക്കി
വിഷമിറങ്ങിക്കഴിയുമ്പോൾ
പാമ്പല്ലാതായി മാറി
പാമ്പ്
ഇഴഞ്ഞിഴഞ്ഞ്
പരിഭ്രാന്തനായ്
എന്റെടുത്ത് വരും...
പത്തി താഴ്ത്തി

വന്ന്
ഭ്രാന്തമായി
നൃത്തം വെച്ച് തുടങ്ങും

അന്നേരം വന്യമായി ഞാൻ
പാമ്പിലൂടെ ഇഴയും

പാമ്പ് വെയ്ക്കുന്ന നൃത്തത്തെ
എന്റെ ഉടൽ ചെന്ന്
മറ്റൊരു പാമ്പായി
കൊത്തും

അന്നേരം പാമ്പ്
എന്റെ പാട്ടിലൂടെ ഇഴയും
എന്റെ വിഷത്തിൽ
വെള്ളം ചേർക്കും

വിഷം എന്നിൽ നിന്നും
ഒരു പുഴയായി ഒഴുകും

പാട്ടുകൾ കാടാകും
സംഗീതം വന്യമാകും

അപ്പോൾ
ഹൃദയം മകുടിയാകും
സ്വന്തം ചോര
പുതിയൊരു പാമ്പാകും

ഹൃദയ താളത്തിൽ
ചോര
നൃത്തം വെയ്ക്കും

ഇടയ്ക്കിടെ ഉടലിൽ
ആഞ്ഞാഞ്ഞു കൊത്തും

ആദ്യ ആർത്തവം പോലെ
മരണം കുറച്ച് നേരത്തെ
വയസ്സറിയിക്കുമ്പോൾ
ദുഃഖത്തെ
നാണമായി
കുറച്ച് പക്വതയോടെ
ഞാൻ
പരിഭാഷപ്പെടുത്തി വെയ്ക്കും

ഇതൊന്നുമറിയാതെ
എന്റെ ഹൃദയമിടിപ്പുകൾ
കൊത്തി തിന്നുന്ന
പക്ഷി
നിനക്ക് ആരോ വെച്ച വെടിയിൽ
പിടഞ്ഞു വീണ ഹൃദയത്തിൽ
ഞാൻ ബാക്കി വെച്ച
മിടിപ്പിന്റെ
പേരായിരുന്നു നീ....


പാറയുടെ പുറമ്പോക്കിൽ ഒരാൾ

ഞാനൊരു പാറ കാണുന്നു

പാറയുടെ കറുപ്പ്
പൊട്ടിച്ച നിലയിൽ
മറ്റൊരിടത്ത്
ചോപ്പ് നിറത്തിൽ
കാണപ്പെടുന്നു

കാണാതെ പോയിരിക്കുന്നു
പാറയുടെ ഉറപ്പ്

അവിടെ വെള്ളം പോലെ
ഇരുട്ട്
തളം കെട്ടിക്കിടക്കുന്നു

പാറ പൊട്ടിയ്ക്കുന്ന ഒച്ച
പാട്ട് പോലെ കേട്ട്
തലേക്കെട്ടുള്ള ഉച്ച
പാറപ്പുറത്ത്
മലർന്ന് കിടക്കുന്നു

ഘടികാരം വെച്ച്
ഉടച്ച പകൽ
ലോറിയിൽ കൊണ്ട് പോകുന്ന
പാറമടയിൽ നിന്ന്
തമിര് വെച്ച നിലയിൽ
തിരിച്ചിറങ്ങുമ്പോൾ

ചുമ്മാട് വെച്ച് ഒരാൾ
എന്റെ കണ്ണുകൾ
ചുമന്ന് കൊണ്ട് പോകുന്നത്
കാണുന്നു!

Tuesday, 26 April 2016

വിരൽതുമ്പി

ചുവരിൽ
ഒളിച്ചിരിക്കുന്ന ജാലകത്തെ
കണ്ടുപിടിച്ചു
മുറിക്കുള്ളിൽ
സാറ്റ് വെച്ച് കളിക്കുന്ന
കുട്ടി

അവർക്കിടയിലെ
കളിപോലെ
വളരുന്ന മുറി

മുറിയുടെ വളർച്ചയെ
പതിയേ മുറിച്ചു

മുറിവ്
ആഭരണങ്ങളാൽ
മറച്ചു

പുതിയൊരു മുറിയായി
മറ്റൊരു വീട്ടിലേയ്ക്ക്
ആർഭാടപൂർവ്വം
കെട്ടിച്ചു വിടുന്ന
കാലം

മുറിയിൽ
പുതിയൊരു കുട്ടിയായി
കുട്ടിക്കാലത്തിന്റെ
മുറിവായ്‌
അവൾ

അവളെ കാണാൻ
പ്രായത്തിന്റെ പ്രാർത്ഥനപോലെ
മിഴിപാതിയടച്ചു
വല്ലപ്പോഴും കടന്നുവരുന്ന
ജാലകം

അവൾ തിരിച്ചടയ്ക്കുമ്പോൾ
അവളെ
കണ്ടുപിടിക്കാൻ കഴിയാത്ത വണ്ണം
അവളിൽ
നോവിന്റെ സാറ്റ് വെയ്ക്കുന്ന
ജന്നൽ

ഉയർന്നു
കേൾക്കുന്ന തേങ്ങലിന്റെ
ഉടഞ്ഞ കുപ്പിവളക്കിലുക്കങ്ങൾ

ജാലക ചില്ലിന്നപ്പുറം
ആ കുപ്പിവളക്കിലുക്കത്തിൽ
അവളെ കണ്ടുപിടിക്കാൻ
എന്നോണ്ണം
പലപ്പോഴും പറന്നു വന്നിരിക്കുന്ന
ഭ്രാന്തിന്റെ തുമ്പി

വിരൽ കൊണ്ട് ജാലകത്തിന്റെ
കൊളുത്ത് നീക്കി
കണ്ടേ
പിടിച്ചേ എന്ന്
ഒന്ന് തൊട്ട തെറ്റിന്
ദ്രോണരെ പോലെ
പിടഞ്ഞ്മാറി
അവളുടെ വിരൽ
മുറിച്ചെടുത്തു
പറന്നു പോകുന്ന
തുമ്പി

അതിന്റെ സുതാര്യചിറകിൽ
ഇപ്പോഴും പറ്റിയിരിക്കുന്ന അവളുടെ
വിരലടയാളം

ആ അടയാളം എഴുത്തെന്നു
തെറ്റിദ്ധരിക്കാതിരിക്കുവാൻ
വേദന കൊണ്ട്
മായ്ച്ചു കളയുവാൻ
ശ്രമിക്കുമ്പോൾ

ചോര പറ്റി
പലപലനിറങ്ങളിൽ
ചിത്രശലഭമായ് പറന്ന
തുമ്പി
താഴേക്ക് എരിയുന്ന
തീയിൽ
ചെന്നിരുന്ന്
ചിറകുകരിച്ച്
വിരലെരിക്കുന്നു!

കിണർ തുന്നുമ്പോൾ

കത്രിക കൊണ്ട്
ജലം മുറിച്ചു
ഒരാൾ
ഒരു കിണർ
വെട്ടി തുന്നുന്നു

മീനിന്റെ വാലിന്റെ ആകൃതിയിൽ
മുറിച്ച
തിളങ്ങുന്നകത്രികയുടെ
പാറുന്ന പതാക

എത്ര കുറച്ചിട്ടും
പാകമാകാത്ത
തൊണ്ടയുടെ
ദാഹം

മൺവെട്ടിയിൽ ഒതുങ്ങാത്ത
ഒരുകുടംമണ്ണിന്റെ
അരക്കെട്ട്

അതിൽ പതിഞ്ഞിരിക്കുന്ന
വരണ്ട വിരലുകൾ
വിണ്ടുകീറിയ കാലുകളുടെ
പാടുകൾ

ഞെട്ടിൽ നിൽക്കുന്ന
മാങ്ങയിൽ
ഇറക്കി കൊടുക്കുന്ന
ഒരുകുല ആഴം

കുഴിക്കുന്തോറും
ഇളകിവരുന്ന
മാമ്പൂക്കൾ

മുല്ലപ്പൂമൊട്ടിന്റെ
കെട്ടിയ മാലയുടെ
മണം

കുഴിക്കുന്തോരും
അഴിക്കാനാവാത്ത വിധം
മുറുകുന്ന ഉറവയുടെ
കുരുക്ക്

ഒരു ദാഹത്തിനും പാകമാകാത്ത
കഴുത്ത്

ഉയരത്തിലേയ്ക്ക്
പിരിഞ്ഞുകയറുന്ന കയർ
ഒരുവശം കാണാതെ പോയത് കൊണ്ട്
കിണറ്റിൽ
ഉയരപ്പെടുത്താനാവാത്ത
ആകാശം

പകുതിയ്ക്ക് വെച്ച് മുറിച്ച
മൊട്ടുകൾ;
ഇതളുകൾ കൂടുതൽ വെച്ച്
താമരയാവുന്ന
നഗ്നത

വിരിഞ്ഞു പോകാതെ മൊട്ടിന്
വെയ്ക്കാൻ
വിട്ടു പോയ ബട്ടൺസ്
വെച്ച് പൂർത്തിയാകാത്ത
കിണറിന് ആരോ
കപ്പി തുന്നുന്നു...

Sunday, 17 April 2016

ഭ്രാന്തമായി ഒരു യാത്ര വായിക്കുന്നു


പോകുന്നിടം
അടയാളപ്പെടുത്താത്ത
ബോർഡ് വെച്ച്
ഒരു ബസ്സ്,
സ്റ്റാൻഡിൽ പിടിക്കുന്നു

അത് ചെസ്സ് ബോർഡിലെ
അപ്രതീക്ഷിതമായ
ഒരു കരുനീക്കത്തേ ഓർമ്മിപ്പിക്കുന്നില്ലേ

ഇനി അടുത്ത നീക്കം
നിങ്ങളുടെതാണ്

നിങ്ങൾ
അതിലും അപ്രതീക്ഷിതമായി
നിങ്ങളുടെ നീക്കം
മാറ്റിവെയ്ക്കുകയാണ്

നിങ്ങൾ കയറുന്നില്ല
എന്നിരിക്കട്ടെ

അതെ ഇരിക്കാൻ
ഇരിപ്പിടം കിട്ടാത്ത
യാത്രക്കാരനിൽ നിന്ന്
'കളി' നിന്ന് കാണുന്ന
കളിക്കാരനിലേയ്ക്ക്
നിങ്ങൾ മാറുകയാണ്

നിങ്ങൾ ഇറങ്ങുമ്പോൾ
നിങ്ങളുടെ സ്ഥലത്തേയ്ക്ക്
കയറുവാൻ നില്ക്കുന്ന
മറ്റൊരാളാണ് ഞാൻ…

അതവിടെ നിൽക്കട്ടെ!

അടുത്ത നീക്കം
നടത്തേണ്ടത് ബസ്സാണ്

നിങ്ങളെ ഒട്ടും
അതിശയിപ്പിക്കാതെ
ബസ്‌
ഒരു കറുത്തനീക്കം
നടത്തുന്നു…

പുകകൊണ്ട്!

കൂടാതെ
അതിനേക്കാൾ കറുത്ത ഒരു
അന്നൗൻസ്മെന്റ്

ബസ്സിന് വേണ്ടി
ബസ്സിന്റെ പേരിൽ

ശരിക്കും അത്
കളങ്ങളെ പോലെ
അതിൽ കയറി
പലയിടങ്ങളിൽ ഇറങ്ങിപോകേണ്ട
സ്ഥലങ്ങളാണ്

സമയത്തിന് ഒരു വിലയുമില്ല
അടുത്ത നീക്കം
നടക്കുന്നുമില്ല

കളി നിങ്ങൾ മതിയാക്കുന്നു

അതറിയാതെ
ബസ്സ്‌
തുടർന്നുകൊണ്ടിരിക്കുന്ന
കളി.

നാളെയാണ്
നാളെ…

അതൊരു അറിയിപ്പ് മാത്രമല്ല
പേടിപ്പെടുത്തുന്ന മുന്നറിയിപ്പ്
കൂടിയാണ്

ഭാഗ്യം നിങ്ങൾക്ക് ഇന്നുണ്ട്
ഭാഗ്യക്കുറി എടുക്കാത്ത
എടുത്ത ഭാഗ്യക്കുറികൾ അടിക്കാത്ത
ധാരാളം ഇന്നലെകളും
ഉണ്ടായിരുന്നു

ഇനി ബസ്സിലെ ജാലകങ്ങൾ
നിങ്ങൾക്ക് കീറിയെടുക്കാവുന്ന തരത്തിൽ
പറന്നുകൊണ്ടിരിക്കുന്ന ഭാഗ്യക്കുറികൾ
ആണെന്നിരിക്കട്ടെ

ഒരെണ്ണം കീറി നാലായി മടക്കി
കീശയിൽ വെച്ച് കഴിഞ്ഞു

കാണുന്ന സ്ഥലപ്പേരു വെച്ച്
എത്തേണ്ട ഇടം ഒത്തുനോക്കേണ്ടതാണ്

അറിയാത്ത സ്ഥലത്തേയ്ക്കുള്ള
യാത്ര അടിക്കും എന്നു
ഉറപ്പുള്ളതു കൊണ്ട് എടുക്കുന്ന
ലോട്ടറിയാണ്
ടിക്കറ്റ്

മുട്ടാതെ കടന്നു പോകുന്ന
ലോറിയ്ക്ക് സ്തുതി

ഇപ്പോൾ
ബസ്സ്‌ പുറപ്പെടുമ്പോൾ
ബസ്സിൽ നിന്നും കേൾക്കേണ്ട
ഇരമ്പൽ
പ്രത്യേകം അന്നൌൻസ് ചെയ്യപ്പെടുകയാണ്
ബസ്സിന്റെ പേരിൽ
കാർ വിൽക്കുന്ന
ഭാഗ്യക്കുറികൾ

ആദ്യം
ഓടിവന്നു കയറുന്നത്
നാല്‌ ടയറുകൾ

ഈശ്വര പ്രാർത്ഥന എന്ന് കൂട്ടിക്കോളൂ

പിന്നീട് ഉരുണ്ടുവന്ന് കയറുന്ന
രണ്ട് പ്രായമായ ടയറുകൾ

അവയ്ക്ക് ഇരിക്കാൻ
നീങ്ങിക്കൊടുക്കുന്ന പിൻടയറുകൾ

ഗീയർ വല്ലാതെ വിറയ്ക്കുന്നുണ്ട്
തണുപ്പുകൊണ്ടല്ല
അതിന്റെ കമ്പിയിലാണ്‌
കുതറുന്ന വണ്ടിയെ കെട്ടിയിട്ടിരിക്കുന്നത്

ചതുരത്തിലേയ്ക്ക് ടിക്കറ്റ് എടുത്തുകഴിഞ്ഞു
ജാലകങ്ങൾ
മണിയിലെയ്ക്ക് കാക്കി നിറത്തിൽ
കടന്നു വരുന്ന
ഒരു ചലനം

ആ ബസ്സിൽ കയറിയിട്ടേയില്ലാത്ത
ഒരാൾ
ആദ്യം ഇറങ്ങാൻ ആവശ്യപ്പെടുന്ന
അയാൾ
ഇത്രയും നേരം
നിങ്ങളിലെയ്ക്ക് യാത്ര ചെയ്ത പോലെ
നിങ്ങളായി
പുറപ്പെടാത്ത ബസ്സ്‌
നിർത്തുമ്പോൾ തന്നെ
അടപ്പില്ലാത്ത വാതിലുമായി
ഇറങ്ങി പോകുന്നു

ആകെയുണ്ടായിരുന്ന ഒരേയൊരു
വാതിൽ നഷ്ടപ്പെട്ട ബസ്‌

എന്താ യാത്രയ്ക്ക് ഭ്രാന്ത്‌ പിടിച്ചോ?

ചില യാത്രകൾ വന്യമായ വായനയാണ്
എഴുത്ത് ഭ്രാന്താകുമ്പോൾ
ചില വായനകൾ യാതനയും

എന്നാലും വായന ഒഴിവാക്കുവാനാവില്ല
പേരുകൾ ഒഴിവാക്കാം
സ്ഥലങ്ങൾ യാത്ര ചെയ്യുന്ന
കാലമാണ്

അത്രയും തണുപ്പിൽ
ജാലകങ്ങൾ ബസ്സിന് പുറത്തേയ്ക്ക്
തിളച്ചുതൂവുന്നത്
ഒരു കാഴ്ച്ചയാണ്
കാണുന്നില്ലേ

എന്നാൽ ഇനി
ഒരു കുട്ടിയ്ക്ക്
കാണാതെ പഠിച്ചോളൂ

ആവർത്തന പട്ടികയിലെ
ഇനിയും കണ്ടുപിടിക്കാത്ത
മൂലകമാണ്
നിറയെ ജാലകങ്ങൾ ഉള്ള ബസ്!  

ജലം മുറിച്ചു പുഴ കടക്കുന്ന ഒരാൾ

ജലം
ആകുവാനാകാതെ
അവിടെയും ഇവിടെയും
ഒഴുകിനടക്കുന്ന
ഒരാൾ

പുഴയെന്നാരും
വിളിക്കാത്തയാൾ

തുഴഞ്ഞിട്ടും
കരയെത്താത്തയാൾ
എന്നിട്ടും
തോണിയെന്നാരും
വിളിക്കാത്തയാൾ

കൃത്യമായി പറഞ്ഞാൽ
ഉള്ള പേരുപോലും
വിളിയ്ക്കുവാൻ ആരും
ഇല്ലാത്തയാൾ

പേരിന്റെ പരോൾ ലഭിക്കാത്ത ഒരാൾ

ഒളിച്ചിരിക്കുവാൻ
ഏണിവെച്ച് കയറി
വെള്ളത്തിൽ
തുള്ളികൊണ്ടയാൾ
പണിയുന്ന
സുഷിരങ്ങൾ

തിരിച്ചിറങ്ങുവാൻ
കയറുമ്പോഴേ
അഴിച്ചുകളയുന്ന
ഏണിപ്പടികൾ

പണിയുന്ന സുഷിരത്തിലൂടെ
ഇരച്ചുകയറുന്ന
സുഷിരങ്ങളുള്ള
വെള്ളം

വെള്ളം കുറവുള്ള വെള്ളം
വെള്ളമെന്ന ആചാരം
നനവ്‌ എന്ന അനാചാരം

അതിൽ
അലിഞ്ഞു പോയേക്കാവുന്ന
അയാളുടെ ഭൂതകാലം

ഭാവികാലത്തിന് കാത്തുനില്ക്കാതെ
വർത്തമാനത്തിലലിയുന്നയാൾ

കുറച്ചു വെള്ളമെടുത്തു
നിലാവുണ്ടാക്കുന്നു
ബാക്കിവെള്ളം
ചന്ദ്രനുണ്ടാക്കുവാൻ
വൃത്തത്തിൽ
മാറ്റിവെയ്ക്കുന്ന
അയാൾ

എന്നിട്ടും
നിലാവെന്നു
വിളിക്കപ്പെടാത്തയാൾ

വിളിക്കപ്പെടാത്ത
വിളികളുടെ മൂർച്ചയിൽ
തുള്ളികളാക്കപ്പെടുന്നയാൾ

മഴയെന്ന് വിളിക്കപ്പെടാത്തയാൾ

ജലം കൊണ്ടുണ്ടാക്കിയ
ഓടക്കുഴൽ
എന്ന സാധ്യതയിലേയ്ക്ക്
നീണ്ടുപോകുന്ന സന്ധ്യകൾ

അതിലേയ്ക്ക്
പാതിവെള്ളമായ
മീനിന്റെ
രൂപത്തിൽ
പടർന്ന്പിടിക്കുന്ന തീ

തീയിൽ
ചുണ്ടുകൊണ്ട്
പല നിറങ്ങളിൽ
അയാൾ
ഇടാൻ ശ്രമിക്കുന്ന
സുഷിരങ്ങൾ

അതിലൂടെ കേൾക്കുന്ന
തീപിടിക്കുന്നപാട്ടുകൾ

പാട്ട് കേട്ട് കേട്ട്
തീ അണയ്ക്കാൻ ശ്രമിക്കുന്ന
കാതുകൾ

കുമിള പോലെ
ഭാവിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുവാൻ
ശ്രമിക്കുന്ന
മരണമെന്ന
സുഷിരം

പണിയുന്തോറും
ഇന്നലെകളിലേയ്ക്ക് പോയി
മഴയായ്‌ തീരുന്ന
പണിതീരാത്ത സുഷിരങ്ങൾ

ഓരോ തവണയും
ഇന്നലെയിലെയ്ക്ക് പോയി
മഴയുടെ
തോർച്ച പണിയുന്ന
അയാൾ

പണിഞ്ഞു പണിഞ്ഞു
സുഷിരങ്ങളാവുന്ന
അയാളുടെ വിരലുകൾ

വെള്ളമാകുന്ന കാലുകൾ
പാതിപുഴയാകുന്ന അയാൾ
പാതി ജലം കടന്ന്
ഉടലാൽ ഒഴുകിത്തുടങ്ങുന്ന അയാൾ

അപ്പോഴൊക്കെ
വെറും പണിക്കുറവാകുന്ന
കടൽ

കടൽ
പണിഞ്ഞു തീരാത്ത
തിരമാലകൾ

കൊത്തികൊത്തി
വെള്ളം പണിഞ്ഞു,
പണിത പുതുവെള്ളത്തിൽ
നീന്തിപോകുന്ന മീനുകൾ

തീ പൂർണമായി
പിടിക്കുന്ന പഴയമീനുകൾ

കത്താത്തമുള്ളിന്റെ
ആകൃതിയിൽ
പിടച്ചിൽ ഒഴിച്ചിട്ട്
തെളിവെള്ളത്തിൽ
പുഴ ഒരുക്കുന്ന
വെള്ളാരംകല്ലുകൾ

കുന്നുകൂടുന്ന
മീനിന്റെ കൂണുകൾ

ചുറ്റിയൊഴുകുന്ന പുഴകൾ

ഉയരത്തിന്റെ കുറവ്
കൊണ്ട്
മേഘങ്ങളാകുവാൻ
കഴിയാതെ പോയ പാറകൾ

അവയ്ക്ക്‌ സ്ഥലം ഒഴിച്ചിട്ട്
ഒഴുകുന്നപുഴകൾ

പകുതിപുഴയായ അയാൾ
എന്നിട്ടും പൂർണമായി
ഒഴുകിതീരാത്ത അയാൾ
ഒഴുക്കിൽ പെട്ട് മരിച്ചുപോകാത്തയാൾ
മരിക്കാത്തയാൾ

എന്നിട്ടും
മരിച്ചവനായി
പലരും വിളിക്കുന്നയാൾ

ഇനി മരണം എന്നത്
ജലം ഏതുനിമിഷവും
എല്ലാ സുഷിരങ്ങളോടും കൂടി
അയാളിൽ
എഴുതിയേക്കാവുന്ന
ചതുരകുമിളയാവും…

 

Friday, 8 April 2016

പോലെ എന്ന വാക്ക് ചരിച്ചു ഉപമ വെള്ളം കുടിക്കുന്നു


കാലിന്റെ കുത്തികെട്ടഴിഞ്ഞ
ഒട്ടകത്തിന്റെ
അക്കങ്ങളുള്ള
കലണ്ടർ 


അതിലെ
ആനയാകാൻ അനുവാദമില്ലാത്ത
കുറച്ച് ദിവസങ്ങൾ
ഒരു ചെറിയഅവധി
മുറിച്ചു കടക്കുന്നു

മുന്നറിയിപ്പ് പോലെ മുന്നിൽ
കാണപ്പെടുന്ന
'കറുപ്പ് കുറച്ച്'
എന്ന
ബോർഡ്

ഇടയ്ക്ക്
കുറുക്ക് ചാടുന്ന
കടക്കുന്നതിനു മുമ്പ്
എന്നോ
ഒഴുകിതീർന്ന
പുഴ

ആകൃതിയോടൊപ്പം
എഴുത്തും മാഞ്ഞുപോയ
മൈൽക്കുറ്റി

നഷ്ടപ്പെട്ട
ദൂരത്തിന്റെ
ഉപമ

ഒത്തനടുക്കെത്തുമ്പോൾ
ഓർത്തെടുക്കുന്ന
കടലിന്റെ പ്രതീതി

വെള്ളം ചരിച്ചുകളഞ്ഞു
തോണിപോലെ
തുഴഞ്ഞു പോകാവുന്ന
കപ്പലിന്റെ പ്രതീക്ഷ

വല്ലാതെ വളർന്ന ശബ്ദം
ക്ഷൗരം ചെയ്ത്
നിശ്ചലതയിലേയ്ക്ക്
മടങ്ങിപോകുന്ന
പള്ളിമണിയുടെ ആത്മീയത

കുറച്ചു ദിവസങ്ങൾ കുറച്ച്
മണിക്കൂറുകൾ
കലണ്ടറിൽ
മുറിവേൽപ്പിച്ച്
കൊത്തുന്ന
ഒരു കൊല്ലത്തിന്റെ ശിൽപം

വെട്ടമില്ലാത്ത വഴി

നന്നായി ചെരിച്ചു
ഒരു ബൈക്ക്
വളവു തിരിയുന്നത് പോലെ,
ഉപമ
എന്ന വാക്ക് ചരിച്ചു
കവിത വെള്ളം കുടിക്കുന്നു!

Wednesday, 6 April 2016

അന്ധയായ നിലാവിനെ കുറിച്ച്


പതിവിലും ശാന്തമായിരുന്നു
ഇന്നലെ
നിലാവ്

മിഴിച്ചുവന്ന
പതിവിന്റെ
കുമിള

പൊട്ടുന്ന
അഞ്ച് ചുവന്ന പൊട്ടിട്ട
രാത്രി

ചതുരത്തിൽ വിടർന്നു
ചുവരിൽ
വൃത്തത്തിൽ
തെന്നിതെന്നി മാറുന്ന
ജാലകം

നക്ഷത്രത്തിലെയ്ക്ക്
നീളുന്ന
അതിന്റെ അദൃശ്യ
കേസരങ്ങൾ

സ്വകാര്യം പോലെ
കാണാതെ പോയ
ആകാശത്തിന്റെ
സുതാര്യത

ഒഴുകിപോകുന്ന
രാത്രിയുടെ
പുഴ

ഒന്നൂടി പോകണമെന്നുണ്ട്
ഇന്നലെയിലെയ്ക്ക്

കുമിളയിലൂടെ
പൊട്ടാതെ

തിരിച്ച്
എന്നെങ്കിലും
ഒഴുകിവന്നേക്കാവുന്ന
നാളെയിലൂടെ

പോകുന്നുമുണ്ട്
ജലത്തിന്റെ
ഓരത്തിലൂടെ
മണൽതരികളിൽ
മുത്തി
കാലടികൾ കൊളുത്തി

എത്താത്തതാണ്
നരയുടെ
പത പുതച്ചദൂരം കടന്ന്
വാർദ്ധക്യത്തിന്റെ ആനന്ദം

മരത്തിന്റെ കര
ഇലയുടെ തീരം
വെളുപ്പിന്റെ ആകൃതിയിൽ
പാതിശബ്ദമായി മാറിക്കഴിഞ്ഞ
ശംഖ്

കരയുടെയും
ജലത്തിന്റെയും
അറുപത്തിനാലു കളങ്ങൾ
ആറെന്നും
നൂറ്റൊന്നു എന്നും
രണ്ടുനിറങ്ങൾ

രാജാവ്തൊട്ട്
കാലാൾ വരെ
മാറ്റിയെഴുതപ്പെട്ട പഴങ്കഥ
പുഴയുടെ കരു
വസ്ത്രം നടത്തുന്ന നീക്കം
ആകാശത്തിന്റെ
ഇടവേള

അതാ
ചന്ദ്രന്റെ വിത്തുമായി
ഇന്നലെയിലെയ്ക്ക്
വീണ്ടും
പറന്നിറങ്ങുന്ന
നിലാവിന്റെ
അപ്പൂപ്പന്താടികൾ

നാളെയും
രണ്ടക്ഷരം മാത്രമുള്ള
നിലാവും
അവർ തിരയുന്ന
ഒരക്ഷരം

അതേ
പറയുന്നത്
ഇരുട്ടെന്ന ധൃതരാഷ്ട്രരെ കെട്ടി
കണ്ണ് മൂടിക്കെട്ടിയ
നിലയിൽ
എന്നും വിലാപം പോലെ
കാണപ്പെടുന്ന
ഗാന്ധാരി നിലാവിനെ
കുറിച്ച് തന്നെയാണ്!

Friday, 11 March 2016

അപരിചിത കാഴ്ച്ചകൾ


ഒരു ഗ്ലാസ്‌ ചൂടുള്ള രാവിലെ
നട്ടുച്ചപോലെ
കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു
പകൽ


ചായയുടെ ആകൃതിയിൽ
ചുറ്റിച്ചുചുറ്റിച്ചു
ചൂടാറിച്ചു
ആറ്റി ആറ്റി ഉദിച്ചുവരുന്ന
ആവി പറക്കുന്ന സൂര്യൻ

പഴുത്തമാങ്ങപോലെ
ദിവസത്തിന്റെ ഞെട്ടിൽ
പിടിച്ചിരിക്കുന്ന
പുലരിയുടെ ഒരു തുള്ളി

അത് പൂളിപ്പൂളി തിന്നുന്ന
തൊട്ടടുത്ത ദിവസത്തെ
ഒന്നുരണ്ടു
തീയതികൾ

കലണ്ടറിൽ രൂപപ്പെടുന്ന
ഒരു തിക്ക്
കറുത്ത ദിവസങ്ങളുടെ
തിരക്ക്

പരിക്കേറ്റത് പോലെ
അവധിയെടുത്തിരിക്കുന്ന
ചുവന്ന ദിനങ്ങൾ

പകലിലേയ്ക്ക്
മാറ്റിവെയ്ക്കപ്പെടുന്ന
ചില കറുത്തവാവുകൾ

ധൈര്യശാലികളായിരുന്നിരിക്കണം
നമ്മുടെ പൂർവ്വികർ
അവരെ പിടിച്ചു പശ്ചിമരാക്കുവാൻ
അവരെ പേടിപ്പിച്ച്
അടിമകളാക്കുവാൻ
ഇന്നലെയിലെയ്ക്ക് പോയ
പോക്കുവെയിൽ
പേടിച്ചു
തിരിച്ചു വന്നിരിക്കുന്നു

വെയിലിൽ രക്തത്തിന്റെ
പാടുകൾ

ഒഴുകുന്ന പുഴയ്ക്ക് പോലും
കരയിലേയ്ക്ക്
രൂപപ്പെടുന്ന നിഴലുകൾ

രാത്രിമുഴുവൻ ഉറക്കമിളച്ചു
പേടിയ്ക്ക്കാണാതെ പഠിച്ച ഇരുട്ട്
നേരം വെളുത്തപ്പോൾ
പേടിക്കാൻ
മറന്നു പോയത് പോലെ
കാണുന്ന നിഴലിൽ
ഒളിച്ചിരിക്കുന്നു

വെയിലിൽ നിന്നും
നിഴലിനെ പരതിയെടുക്കുന്ന
വിരലുകൾ

മിന്നാമിന്നികൾ കൊളുത്തിവെച്ച
വിരലുമായി
രാത്രിയുടെ ചുരം
കയറുന്ന
ചിലകൈയ്യുകൾ

കാണാതെ പോയ
ഓരോ വിരലിലും തിരമാലകൾ
തിരയുന്ന
കടൽ

കലണ്ടറിൽ കാണപ്പെടുന്ന
ഒരാഴ്ച്ച പോലെ
കടലിൽ രൂപപ്പെടുന്ന
കാലത്തിന്റെ
ഒരപരിചിതതിരമാല

ഉറക്കത്തിൽ കറുപ്പ് വരയ്ക്കുന്ന ഒരാൾ

അയാളുടെ പ്രായത്തിൽ
വന്നിരിക്കുന്ന ഒരീച്ച

വീടില്ലാതെ
തെരുവിൽ
ഉറക്കമുണർന്ന അയാൾ
നോക്കുവാൻ സമയമോ
കാലമോയില്ലാതെ
കിടന്നുറങ്ങിയ ജാലകം
തുറന്നിട്ട്‌
പുറംലോകം കാണുന്നു…

ഒറ്റയിതൾ തെറ്റിച്ചി

 നാലരച്ചു നീരെടുത്തു
മഞ്ഞനിറത്തിൽ
ഉരുളുന്ന
വേനൽ നാരങ്ങ


ഉരുളുന്നതിനിടയ്ക്ക്
ഉപമയുടെ മുള്ളുകൊള്ളാതിരിക്കുവാൻ
ഒന്നുമില്ലാത്തത് പോലെ
ഉരുണ്ടുമാറുന്ന ഭൂപ്രകൃതി

പച്ചനിറത്തിൽ
ഉരുകിയൊലിക്കുന്ന
ഇലകൾ

മണ്ണിലേയ്ക്കു കത്തി
വേരിലേക്ക്
ഉരുകിയിറങ്ങുന്ന
മെഴുകുതിരിമരങ്ങൾ

ഓറഞ്ച് പോലെ
തൊലിപൊളിച്ചു
ആൾക്കാരെക്കൊണ്ട്
നിർബന്ധിച്ചു
കഴിപ്പിക്കുന്ന
പശുവിൻപാലൊഴിച്ച
ചായ
അവർ നീട്ടി തുപ്പുന്ന
രാജ്യസ്നേഹത്തിന്റെ
കുരു

കിളിച്ച കുരുവിൽ ചവുട്ടി
മറിഞ്ഞുവീഴുന്ന കിളികൾ
ആകാശത്തിന്റെ
ദുപ്പട്ടയിട്ടസ്ത്രീകൾ
മുള്ളുകൊണ്ട്
മുറിഞ്ഞ
അവരുടെ വള്ളിച്ചെരുപ്പിട്ട
കാൽസ്തനങ്ങൾ

പട്ടുസാരിയുടെ നിറമുള്ള
തണൽ
മുല്ലപ്പൂമണത്തിന്റെ കരയുള്ള
നാടൻ പാട്ടിന്റെ വരിയുടുത്ത
നിഴൽ

പൂക്കളുടെ
അടപ്പ് തുറന്നു
ഭ്രാന്തിന്റെ സോഡാ
കുടുകുടെകുടിച്ചു
ചവർപ്പിന്റെ നെടുവീർപ്പിടുന്ന
മടുപ്പുകളുടെ
രാഷ്ട്രീയ കേസരങ്ങൾ

കാഴ്ച്ച തുറന്നിട്ട
ജാലകങ്ങൾസഞ്ചരിക്കുന്ന
സൂര്യനെന്ന തീവണ്ടി
ഭൂമിയിലെ
പൊള്ളുന്ന വെയിൽപാളങ്ങൾ

ഉറപ്പില്ലെങ്കിലും
നിർത്തിയേക്കാവുന്ന
വൈകുന്നേരമെന്ന
സ്റ്റേഷൻ

നമ്മൾ എന്ന വാക്കിൽ
വളരെ കുറച്ചുള്ള
കയറാൻ
കറുത്ത തലച്ചോറുമായി
കാത്തുനിൽക്കുന്ന
ഒരാൾ

സ്റ്റേഷനും
തീവണ്ടിക്കുമിടയിലെ
അയാളുടെ
ഹൃദയാകൃതിയിലുള്ള
മരണം

തിരമാലകളുടെ തീയിട്ട്
ഉപ്പിന്റെ കല്ലിട്ട്
ഉടൽ നിറയേ
ജലത്തിന്റെ കഷ്ണങ്ങളിട്ട്
കെട്ടിപ്പൊക്കുന്ന
ഒരു ആൺകടൽ

വെള്ളം തിരിച്ചിട്ട കടലിൽ
അഴുകാനിട്ടിരിക്കുന്ന
ഉടൽചകിരികൾ
മുള്ളുകളിൽ
അടുത്ത ജന്മത്തിന്
കൂടുകൂട്ടിയിരിക്കുന്ന
മീനുകൾ

അയാളുടെ
ചിരിയുടെഅസ്ഥിയുമായി
അസ്വസ്ഥതയുടെ
പാളങ്ങളിൽ
ബലിയിട്ട് മുങ്ങി നിവരുന്ന
ചെമ്പരത്തിമുഖച്ഛായയുള്ള
ഒരുവൾ

ഒറ്റയിതൽ
തെറ്റിച്ചി!

Thursday, 10 March 2016

രണ്ടുടലിഞ്ചികൾ

വീണിടത്ത് കിടന്നുരുളുകയാണ്
രണ്ടു ചുണ്ടുകൾ

പ്രണയത്തിന്റെ ആകൃതിയിലേയ്ക്ക്
രൂപപ്പെടുന്ന
ഒരു വാക്കിന്റെ വൃത്തം

അത് വൃണമായി കൊത്തിവെയ്ക്കുന്ന
ഉടലിടങ്ങൾ

വർത്തമാനകാലത്തിന്റെ
ഭാവി പോലെ
വൃത്താകൃതിയിൽ
ഉരുളുന്ന പ്രണയം

ഇടയ്ക്കൊന്ന്
നിർത്തിയിടാനായി മാത്രം
നെഞ്ഞിനകത്ത് രൂപപ്പെടുത്തുന്ന
പ്രണയത്തിന്റെ
ചതുരം

അവിടെ കാവ്യാത്മകമായി
ഭ്രാന്തെടുക്കപ്പെടുന്ന
വാക്കുകൾ
ചിന്തകൾ

വരികളിൽ നൃത്തം
ചെയ്യുന്ന
ഭ്രാന്തിന്റെ ശീലുകൾ

വയലറ്റിലേയ്ക്ക്
നിറം മാറ്റി വരയ്ക്കപ്പെടുന്ന
രാത്രികൾ

രാത്രിയുടെ
മിന്നാമിന്നികേസരങ്ങൾ

അധ്വാനിക്കുന്നവന്റെ തൊലിപ്പുറത്തേയ്ക്ക്
അഴിച്ചുകെട്ടപ്പെടുന്ന
കറുപ്പ്
ഒലിച്ചിറങ്ങുന്ന വിയർപ്പ്
അതിലെ നനഞ്ഞ മുത്ത്‌

വിശക്കുന്നവന്റെ നനഞ്ഞഭാഷ
അവന്റെ
വിയർപ്പുമണികൾ
കണങ്ങളായടങ്ങിയ
കവിതകൾ

പാടുന്ന
വയലിനുകൾ മാത്രം
പൂക്കുന്ന
രാത്രികൾ

ഭാരമില്ലാത്ത വിരലുകൾ
തൂവലുകളിൽ
പിടിക്കുന്ന
പക്ഷികൾ

ആകാശം തൊട്ടുനോക്കുന്ന ചിറകുകൾ

ഏകകോശജീവിയായി ചുരുങ്ങുന്ന
ആകാശം

കാണുന്നതിന് മുമ്പ്
കട്ടെടുക്കപ്പെട്ട
നാളെയുടെ സ്വപ്നങ്ങൾ
നിറമേഘങ്ങൾ

രാത്രിയുടെ ആർത്തവം പോലെ
നീളുന്ന അമാവാസി മാസങ്ങൾ

ആരോ അഴിച്ചെടുത്ത
ചന്ദ്രന്റെ വൃത്തം
തീണ്ടാരിപൌർണമികൾ


മേഘങ്ങളിൽ
ആകൃതി നഷ്ടപ്പെട്ട്
ഒളിച്ചിരിക്കുന്ന
അമീബചന്ദ്രൻ

ഇണചേരു ന്നതിനിടയിൽ
ചർമം ഏറ്റവും ഉള്ളിലായി മാറുന്ന
രണ്ടു ഉടലുകൾ

അവയവങ്ങൾ തോറും
ഉടഞ്ഞു പോയ പ്രകൃതി
പ്രായത്തിന്റെ വളർച്ചയരച്ച
മഞ്ഞളാകൃതികൾ

ചുണ്ടുകളുടെ ചില്ലയിൽ
കൂട് കൂട്ടിയിരിക്കുന്ന
വാക്കുകൾ
പിരിഞ്ഞു പോയ
നാക്കിന്റെ നാരുകൾ

ഭ്രാന്തെടുത്ത
വെറും വാക്കായി ചുരുങ്ങുന്ന
പ്രണയം

വെച്ച് തീരാത്ത
ഒരു ചുംബനത്തിലേയ്ക്ക്
കാണാത്തപ്പോഴെല്ലാം
പിരിഞ്ഞു പോകുന്ന
നമ്മൾ

മണ്ണിന്റെ മൈലാഞ്ചിയിട്ട
രണ്ടുടലിഞ്ചികൾ 

Monday, 15 February 2016

ആഴത്തിൽ ഒരു കള്ളം

ഇറ്റുന്നതിനിടയിൽ
ജലത്തിനെ
തുള്ളിയായി ധ്യാനിക്കുന്ന ഒരാൾ

മഴയായി അവൾ പ്രത്യക്ഷപ്പെടുന്നു

അത്രയും ഉയരത്തിൽ
ഭാരക്കുറവിന്റെ രണ്ടു
 ഉടൽമേഘങ്ങൾ

നിറങ്ങളിൽ
ശലഭങ്ങളുടെ ആകാശപ്രജനനം

മുകളിൽ
നിശ്ചലതതിരിച്ചിട്ട
നീലനിറത്തിന്റെ തണുതണുത്തതടാകം

ഉലയുന്ന രണ്ടു  ജലയുമ്മകൾ

ഒന്നെന്നിറ്റുന്ന രണ്ടു  മഴത്തുള്ളികൾ
ഒന്നൂടെ ഒന്നായി ഒന്നിലേയ്ക്കു
തുളുമ്പുന്ന രണ്ടുപേർ
ഒരേതുള്ളിയുടെ രണ്ടറ്റങ്ങൾ

തിരമാലകൾ കഴുത്തിലിട്ട്
അവൾ വെയ്ക്കുന്ന
ചലനരഹിത ജലനൃത്തങ്ങൾ

കാലിൽ കൊലുസ്സായി
തുളുമ്പുന്ന അവളുടെ കടൽ

ജലം വെയ്ക്കുന്ന മീൻ ചുവടുകൾ

സമയം അവളുടെ ജലപ്പൊട്ടിന്റെ
ചോപ്പ്

ഇനിയും എത്ര ആഴത്തിൽ
 വെള്ളപ്പെടണം ഞാൻ
ഇഷ്ടമാണെന്നൊരു കള്ളം
അവളിൽ നനയുവാൻ…

Thursday, 4 February 2016

പകൽ വിസ്മയം

ഒരു ദിവസം ഉറക്കമുണർന്ന്
നോക്കുമ്പോൾ…

കാണുന്നിടത്തെല്ലാം
കൂരിരുട്ട്

കൈയ്യിൽ കിട്ടിയ
ഒരു തീക്കൊള്ളിയുരച്ചു
നോക്കുമ്പോൾ,
കാണുന്നു…

വെളിച്ചത്തിൽ
തെളിയുന്ന ചുറ്റുപാട് പോലെ

തീപ്പട്ടികൂടിന്റെ
വെളിയിൽ
ഒട്ടിച്ചിരിക്കുന്ന
ഒരു പകലിന്റെ ചിത്രം!

ആ പകൽ വെളിച്ചത്തിൽ
പുറത്തിറങ്ങിനോക്കുമ്പോൾ
കാണുന്നു…

ഒളിച്ചുകളിക്കുന്നതിനിടയിൽ

ആരും കണ്ടുപിടിക്കാത്തത് പോലെ
വീടിന്റെ പിറകിൽ

തിളക്കം ഒളിപ്പിച്ച്,
പമ്മിയിരിക്കുന്ന;
ഒരു കൊച്ചുനക്ഷത്രം!

ആ നക്ഷത്രത്തിനെ
കണ്ടുപിടിച്ചത് പോലെ
ചെന്ന്
പതിയെ തൊടുമ്പോൾ…

അതിനുള്ളിൽ
ഒളിച്ചിരുന്നത് പോലെ,
ഇറങ്ങിവരുന്ന..
ഒരു വല്യനീലാകാശവും

പിറകെ
തുരുതുരെ ഇറങ്ങിവരുന്നു
ഒരു കുഞ്ഞുസൂര്യനും...
മേഘങ്ങളും!

Tuesday, 2 February 2016

ഭാവിയിലെ തൊഴിൽ


പച്ചനിറമുള്ള തത്തയുമായി
ഭാവി പ്രവചിക്കാനിരിക്കുന്ന
ഒരാൾ

അയാൾക്ക് തത്തയേക്കാൾ
പച്ചനിറം

പച്ചനിറം തന്നെ അയാൾ
പ്രവചിച്ചതാണെന്ന ഭാവം

പച്ചയുടെ ഭാവിയെന്നോണ്ണം
അയാൾക്ക്‌ തത്തയേക്കാൾ
ചുവന്ന ചുണ്ടുകൾ

തത്ത അയാളുടെ ചുണ്ടുകൾ
കൊണ്ട് മിണ്ടുന്നു

സംസാരത്തിന്റെ
ഭാവിപോലെ
അയാൾ മിണ്ടാതിരിക്കുന്നു

മൌനത്തിന്റെ ഭാഷ പോലെ
ഭാവിയേതുമില്ലാത്ത ഞാൻ
അയാളുടെ മുന്നിലൂടെ
കടന്നു പോകുന്നു

കടന്നു പോകുവാൻ ചീട്ടു പോലെ
ഞാൻ എടുക്കുന്ന ഓരോ ചുവടും
അയാളുടെ കൂട്ടിൽ കിടക്കുന്ന തത്തയുടെ
പകർപ്പ്
പച്ച നിറത്തിൽ എടുക്കുന്നു

അതിനെ ചീട്ടെടുക്കുവാൻ പഠിപ്പിക്കാതെ
ഇന്നലെയിലെയ്ക്ക് കാലം പറത്തിവിടുന്നു

ഞാനിപ്പോൾ തത്തകൾ പറക്കുന്ന
അത്രമേൽ ശൂന്യാമായ നീലാകാശം

അങ്ങിങ്ങ് കാണപ്പെടുന്ന
തെറ്റിയപ്രവചനങ്ങളുടെ മേഘങ്ങൾ

പെയ്യാനും പെയ്യാതിരിക്കുവാനുമുള്ള
ചില മഴസാധ്യതകൾ

അയാൾ എന്റെ ആകാശത്തിനെ
പച്ചനിറത്തിൽ
അടുത്തേയ്ക്ക് വിളിക്കുന്നു

ഞാൻ തത്തയെ പോലെ അയാളുടെ അടുത്തേയ്ക്ക്
കൂടെ അദൃശ്യതയുടെ കൂട്

പറന്നു പറന്നു
കൂട്ടിലേയ്ക്ക്‌ ഞാൻ കയറുമെന്ന് ഭയന്ന്
കൂട്ടിൽ കിടക്കുന്ന തത്ത
ചീട്ടെടുക്കാൻ
എന്ന വ്യാജേന പുറത്തേയ്ക്ക്
ചാടുന്നു

കുഴഞ്ഞ് വീണു മരിക്കുന്നു!

ഒരു പക്ഷേ മരണമാവും
ഭാവിയിൽ
ഒരു പ്രവചനത്തിന്റെയും ആവശ്യമില്ലാത്ത
ഭൂമിയിലെ തൊഴിൽ....

വെയ്ക്കാത്ത വീട്ടിലേയ്ക്ക് ഒരു വഴി

വീട് എന്നെഴുതുവാൻ
കാണുന്ന ഓരോ ചുവരുകളും
പെൻസിൽ പോലെ
നോക്കി കൂർപ്പിച്ച്
അപേക്ഷയുമായി നടക്കുന്ന ഒരാൾ

വീട് വെയ്ക്കുവാൻ പാടുപെട്ട്
നടക്കുന്ന അയാളുടെ ഓരോ കാലടിപ്പാടിലും
ഫയലുകൾപോലെ
'ഓരോ' കരിയിലകൾ
കൂനകൂടിക്കിടക്കുന്നു

തൂത്തുകൂട്ടിയാൽ ഒരു മുറ്റം കിട്ടുമായിരിക്കും
കിട്ടിയാൽ തന്നെ
ചുറ്റുമരങ്ങൾക്കെവിടെ പോകും
ഇനിയും തേഞ്ഞുതീർന്നിട്ടില്ല
വെട്ടിക്കളഞ്ഞ മരങ്ങളുടെ
കൂർത്തഅറ്റങ്ങൾ
വെട്ടിയ പെൻസിലിന്റെ
ആകൃതിയുള്ള
ചീളുകൾ പോലെ
മാഞ്ഞുതീരാത്ത
അവയുടെ തണലുകൾക്കിപ്പോൾ
കൂടുതൽ തെളിഞ്ഞ മഞ്ഞനിറം

ഇല്ലാത്ത പാടത്തേയ്ക്ക്
ഉള്ള വരമ്പുകൾ പോലെ
വഴി

പായൽ പോലെ
വിരലുകൾ പിടിച്ചു കിടക്കുന്ന
വഴുക്കുന്ന കാലുകൾ

ഓരോ ചുവടുകളിലും
ഇടറുന്നു
തെന്നുന്നു വഴുക്കുന്നു

വീഴാതെ
വഴികടന്നു
മുറ്റം കടന്നു
ചെരുപ്പഴിച്ചിട്ടിട്ട്
സ്വന്തം വീട്ടിലേയ്ക്ക്കയറാൻ
ചേരാത്ത സ്വന്തം കാലടിപ്പാടുകൾ
ചോരാതെ
ഓടിടാം എന്ന് വെച്ചാൽ
പൊട്ടിപ്പൊളിഞ്ഞ തെരുവുകൾ
കടന്നു
വെയ്ക്കാത്ത വീടെത്തും വരെ
പിടിക്കാൻ നടക്കുന്ന
ഓരോ കാലുകളും
പൊള്ളുന്ന വിധത്തിൽ
ടാറിട്ടിരിക്കുന്നു!

Sunday, 24 January 2016

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക്
കുന്നുമായി
വിളറിവിയർത്തു
കയറി
പോകുന്ന ഒരാൾ
അവിടെ എത്തുമ്പോൾ
അയാൾ ഇറക്കിവെച്ച കുന്നിൽ
അയാളറിയാതെ
ദൈവം
ഒരു ദേവാലയം
പണിഞ്ഞ് വെയ്ക്കുന്നു
ശിൽപ്പങ്ങളുടെ
കൊത്തുപണി ചെയ്ത
മേഘങ്ങൾ
മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ
വിശ്വാസത്തിന്റെ നെടുംന്തൂണുകൾ
അത്രയും വിശ്വാസിയാക്കി
അത്രയും താഴേയ്ക്ക്
അയാളെ
തള്ളിയിടുന്ന കാലം
2
സമയത്തിന്റെ
വളരെ ചെറിയ
ഒരു കോമേഴ്സ്യൽ
ബ്രേക്ക്‌
വിശ്വാസത്തിന്റെ കുറച്ചധികം
പരസ്യങ്ങൾ
3
കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം
പ്രാവുകളും പക്ഷികളുമായി
തിരിച്ചു അനായസേന
കുന്നുകയറുന്ന അയാൾ
അയാളിലെയ്ക്ക് തിരിച്ചുകയറുന്ന
പഴക്കമുള്ളചിരി
കയറുന്തോറും
അയാൾ
പടവുകൾ അഴിച്ചുകളയുന്നു
ചിരിച്ച ചിരി ഓരോന്നും
മായ്ച്ചു കളയുന്നു
അവസാന പടവും
അഴിച്ചു കഴിയുമ്പോൾ
വീണു പോകുന്ന
അയാൾ
അയാളുടെ ചിരികൊത്തിത്തിന്ന്
ചിറകുപേക്ഷിച്ചു
പറന്നുപോകുന്ന പ്രാവുകൾ
വെറും തൂവലുകളായി
നടന്നുപോകുന്ന കിളികൾ
പതിയെ പതിയേ
പ്രാവുകളുടെ ചിറകുകൾ
കൊണ്ടുണ്ടാക്കിയ
മണിയിലേയ്ക്ക്
അയാൾ കൂടുമാറുന്നു
ഓരോ മുഴക്കത്തിലും
ഇടിഞ്ഞു വീഴുന്ന
ക്ഷേത്രത്തിലെ പഴഞ്ചൻ
വിഗ്രഹമാവുന്നു
കൂടുതൽ കൂടുതൽ
കൂർത്തകല്ലുകളായി
താഴേയ്ക്ക്
തകർന്നുവീഴുന്നതിനിടയിൽ
കുറച്ചുകൂടി
സ്വതന്ത്ര്യമുള്ള ഒരാകാശം
അത്രയും പ്രതിധ്വനികളോട് കൂടി
ഒരു അവസാനചിരിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുന്നു!

രാത്രി മഞ്ഞ്

മഞ്ഞുണ്ടായിരുന്നു
അത്രയും തണുപ്പിച്ച്
ഓരോ അണുവിനേയും
രാത്രി
കെട്ടിപ്പുണരുന്നുണ്ടായിരുന്നു
എനിക്ക് മുകളിൽ
ഗുരുത്വാകർഷണത്തിന്റെ
ഞെട്ട് പോലെ
ഏതു നിമിഷവും
ഞാനടർന്നു വീണേക്കാവുന്ന
രണ്ടു ചുണ്ടുകൾ
അടർന്നു വീണത്‌ പോലെ
അവ ചുംബിച്ചു
വാരി പുതച്ചു
തണുത്തു വിറച്ചു
അന്തരീക്ഷത്തിൽ
അത്രയും ഉയരത്തിൽ
പിടിച്ചുനിൽക്കുവാൻ
ഞാൻ ശ്രമിക്കുന്നതിനിടയിൽ,
അത്രയും
ഉയരം കുറച്ചു
വിഭജിക്കുവാനുള്ള അക്കം പോലെ
എന്റെ അരികിലേയ്ക്ക്
ആകാശത്തിനെ തന്നെ
അവൾ
താഴ്ത്തിയിറക്കുന്നു
ജാലകത്തിന് വെളിയിൽ
ചില്ലിലൂടെ
ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന മഞ്ഞുതുള്ളികൾ
എന്നിലേയ്ക്കിറ്റിക്കുകയാണ്
അവൾ
എനിക്ക്
ചൂടു പിടിച്ച്‌ തുടങ്ങിയിരിക്കുന്നു

വെട്ടം കുറച്ചു
അവളുടെ ഉടലിലാകെ
ഞാൻ കൊളുത്തിവെയ്ക്കുന്ന
മെഴുകുതിരികൾ
ഉറങ്ങാത്തപ്പോൾ
ഒക്കെ
ഞങ്ങൾ
ഇണചേർന്നിരുന്നത് പോലെ
ഇണ ചേരാതിരുന്നപ്പോഴൊക്കെ
അരണ്ടവെളിച്ചത്തിൽ
ഞങ്ങൾ കണ്ടുകൊണ്ടിരുന്ന
ഒരിക്കലും നിറം ഉണങ്ങാത്ത
ചുവരിലെ ചിത്രങ്ങൾ
സംസാരിക്കുന്ന
ജലം പോലെ
അവ ചുവരിലുലയുന്നു

ഉറങ്ങുകയാണെന്ന് കരുതി
ഞങ്ങൾ കാണാതെ
ആ ചിത്രങ്ങൾ
ശബ്ദമില്ലാതെ
ഊരി വെച്ച്
നിലത്തേയ്ക്കിറങ്ങി
കിടക്കുകയാണ്
അടുത്തടുത്തുള്ള
രണ്ടു ചുവരുകൾ
ചുവരുകളുടെ
വസ്ത്രങ്ങൾ പോലെ
ചുറ്റും നിലത്ത്
നിറം അഴിഞ്ഞുകിടക്കുന്ന
ചിത്രങ്ങൾ
അത്രയും ചലനരഹിതമായി
മുടിയിലെ നരപോലെ
മിഴികളിൽ നിമീലിത നിറച്ചു
രതിയ്ക്കുള്ള ധ്യാനത്തിലാണ്
താഴെ കിടന്നു കഴിഞ്ഞ;
ചുവരുകൾ
ചുറ്റും ഉയർന്ന് കേൾക്കാവുന്ന
ഞങ്ങളുടെ ശ്വാസത്തിന്റെ
ശീൽക്കാരം മാത്രം
എങ്ങും നിശബ്ദത
പെട്ടെന്ന്
അത്രയും മൃദുവായി
മുലഞെട്ടൊരു പാട്ട്
എന്റെ ചുണ്ടിൽ വെയ്ക്കുന്നു!

Saturday, 9 January 2016

വെളുത്ത പേരുള്ള നഗരം

വെളുത്ത പേരുള്ള നഗരം
 -------------------
 നേരം ഇരുട്ടിയിട്ടില്ല
ഇതിൽ കൂടുതൽ ഇരുട്ടുമെന്ന്
പ്രതീക്ഷയുമില്ല

നഗരത്തിലെ ഇരുട്ടാണ്‌
ഇരുട്ടില്ലാതെ ഒരു നഗരവുമില്ല
 പകലുപോലും

 ഒഴിവാക്കുവാനാകാത്ത
ബാധ്യതകളുടെ കുറ്റബോധമാണ്
 മനസ്സിൽ

ഒഴിക്കുവാനല്ലെങ്കിലും
അരയിൽ ഒറ്റമണി ജപിച്ചുകെട്ടിയ
ഇരട്ടഉടലുള്ളപെണ്ണിനെ
നിർത്താതെ പൂജിക്കുകയാണ് ഞാൻ

അവൾ ഇടയ്ക്കിടയ്ക്ക്
 ചുമയ്ക്കുന്നുണ്ട്
പൂജമുടക്കുന്നുണ്ട്

അടുത്തുകൂടിനടന്നുപോയ
പൂച്ചയെ
എറിഞ്ഞുടയ്ക്കുന്നുണ്ട്

നാളീകേരം പോലെ ഉരുണ്ടുരുണ്ട്
 പൂച്ച മൂന്നു കണ്ണിൽ
 ഒച്ചവെയ്ക്കുന്നു

 ഓരോ ഒച്ചയും മീനുകൾ ആവുന്നുണ്ട്

പിടിച്ചപ്പോഴേ
 പുറമാകെ അരപ്പ്
 അരച്ച് പുരട്ടിയിട്ടുള്ളത് പോലെ
പിടയ്ക്കുന്നമീനുകൾ

കണ്ണുകൾ പോലും ആരുടെയോ
ചുവന്ന അരപ്പായിരുന്നുവെന്ന്‌
തിരിച്ചറിയുമ്പോൾ
മരണം പോലും പൂർത്തിയാക്കാതെ
 പിടപ്പ് പാതിയിൽ നിർത്തി
കൊതിപ്പിക്കുന്ന മണം
 പുറത്തു വിടുന്ന മീനുകൾ

വെളുത്ത പേരുള്ള നഗരം

പണ്ട് ഭരിച്ചിരുന്ന
മരിച്ചുപോയ രാജാവ്
മഴവില്ല് അനുവദിച്ചുകൊടുത്ത നഗരം

 ആ മഴവില്ല്
 നിലവിൽ വന്നിട്ടില്ല

ആകാശത്തിന്‌ സ്ഥലമില്ലാത്തതാണ്
കാരണം

അതുകൊണ്ട് നിറങ്ങൾ
വീട്ടിലിരിക്കുന്നു

വെളുപ്പ്‌ മാത്രം
പഴഞ്ഞൻ ശൈലിയിൽ
വവുരിട്ടു
മുല്ലപ്പൂ വെച്ച്
ഇരുട്ടുമ്പോൾ പണിയ്ക്ക് പോകും

ചെയ്യുന്ന ജോലിയുടെ പേരാണ്
കറുപ്പ്

അല്ലെങ്കിലും
നഗരത്തിലെ രാത്രിക്ക്
 നിയമസാധുതയില്ല

രാത്രി എല്ലായിടവും
ഇരുട്ടിലൂടെ മാത്രം കടന്നു പോകുന്നു

പോലീസുകാർ പാറാവ്‌ നിൽക്കുന്നു

പകൽ പുറത്തിറങ്ങി
കാഴ്ച നഷ്ടപ്പെട്ടവർ
കണ്ണ് തിരഞ്ഞ് രാത്രി പുറത്തിറങ്ങും

അവർ മൂങ്ങകളെ പോലെ
 ചോദ്യം ചെയ്യപ്പെടും
മൂളലുകൾ പോലെ മൊഴി
രഹസ്യമായി രേഖപ്പെടുത്തപ്പെടും

എന്റെ പൂജ കഴിഞ്ഞിട്ടില്ല
 മണി അഴിഞ്ഞുപോയ പെണ്ണ് 
കാശെണ്ണി നോക്കുന്നു
തുണിയെടുത്തുടുക്കുന്നു

 കറൻസിനോട്ടിൽ
കീശ വെച്ച് പിടിപ്പിച്ച ഭിക്ഷക്കാരൻ
 എന്നെ അവഗണിച്ച്
അവളുടെ നേരെ കൈനീട്ടുന്നു

അവൾ നഗരത്തിലെ
 ഏറ്റവും ഉയർന്നകെട്ടിടത്തിലെ
 അറുപത്തി ഒമ്പതാം നിലയിലെ
 അറുനൂറ്റി തൊണ്ണൂറ്റിരണ്ടാം മുറി
 മുറിച്ച്
അയാളുടെ കൈയ്യിൽ
വെച്ചുകൊടുക്കുന്നു

അവൾ മണിഅഴിഞ്ഞുപോയതറിയാതെ
കാശെണ്ണിവാങ്ങിയതറിയാതെ
നിർത്താതെ
 കിലുങ്ങിക്കൊണ്ടേയിരിക്കുന്നു…

Saturday, 2 January 2016

മഴവില്ലിന്റെ കുഞ്ഞ്

ആകാശചെരുവിൽ
 ഞാനും മഴവില്ലിന്റെ കുഞ്ഞും

 തിത്തിരിപക്ഷികളുടെ പാട്ടിന്റെ ഭാഷയിൽ 
കിലുകിലാ കുഞ്ഞു ചിരിക്കുന്നു

 മഴവില്ലിന്റെ കുഞ്ഞിന്‌ ഉറക്കമില്ല

 രാത്രിയെന്നും പകലെന്നും തീരെ ഇല്ലാത്ത
ആകാശത്തിന്‌
 കാണാത്ത കുഞ്ഞിനെ ഉറക്കണം
എന്നൊട്ടുമില്ല

 ചാന്ത് മാഞ്ഞുപോയ
സന്ധ്യയുടെ നെറ്റിയിൽ
തലേന്ന് പെയ്ത മഴത്തുള്ളികൾ വെച്ച്
കളിക്കയാണ് കുഞ്ഞ്

 വിരിയാറായ മന്ദാരമൊട്ടിൽ
 വീണ് തുടങ്ങി..
മഞ്ഞ്

 തണുപ്പിന്റെ ആദ്യതരി


 ഞാനിനിയും മോഷ്ടിച്ച് കഴിഞ്ഞിട്ടില്ല
 രണ്ട് നക്ഷത്രങ്ങൾ
തികച്ച്

 ഇന്നലെകൾ നിലാവിന് വിറ്റ്
പലപ്പോഴായി
മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ
ഇനിയും തിരിച്ചുകൊടുക്കാനുണ്ട്
അരചന്ദ്രന്റെ ബാക്കി 

ഉറക്കം വരുന്നില്ല...


നിറങ്ങൾ കാണാതെപഠിക്കുകയാണ്
പുലരാറായിട്ടും;
രാത്രി

 ഇനി എന്നാണാവോ…
 വസന്തത്തിന്റെ കേട്ടെഴുത്ത്!

Friday, 1 January 2016

ക്ഷേത്രങ്ങൾ പണിയുമ്പോൾ

ഗാന്ധിജിയുടെ മരണം
ഒരു പരാജയപ്പെട്ട
കൊലപാതകമായിരുന്നു

കൊലപാതകി പോലും
ഗാന്ധിജി കൊല്ലപ്പെടണം
എന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ല


ഗാന്ധിജിയെ കൊല്ലാനും വേണ്ടി
കൊലപാതകി അന്ന്
സ്വയം വളർന്നിട്ടുണ്ടായിരുന്നില്ല


(പിന്നെ അയാളെ ഒരു രാഷ്ട്രത്തെ
തന്നെ കൊല്ലാനും വേണ്ടി
നമ്മൾ വിഷം/മതം കൊടുത്തു വളർത്തി അത് വേറെ കാര്യം)

ഒന്ന് മുറിപ്പെടുത്തണം
എന്നെ ഉദ്ധേശിച്ചിട്ടുണ്ടാവുള്ളൂ

അത് കൊണ്ട് ഗാന്ധിജിയുടെ മരണം
ഉറപ്പിക്കേണ്ടത്
കുറെ പേരുടെ ആവശ്യമായിരുന്നു

അത് കൊണ്ട് തന്നെ സത്യത്തിനു വേണ്ടി
ഗാന്ധിജിയ്ക്ക് പിന്നെയും ജീവിച്ചിരിക്കേണ്ടി വന്നു

എങ്ങിനെ ജീവിച്ചിരിക്കുന്നു
എന്ന് ആരും ചോദിച്ചില്ല

സത്യത്തിനു വേണ്ടി ആയതു കൊണ്ട്
എന്തിനു ജീവിച്ചിരിക്കുന്നു
എന്ന് ഗാന്ധിജിയും ചിന്തിച്ചില്ല

പക്ഷെ മരണാനന്തര ജീവിതം
ഗാന്ധിജിയ്ക്കും ചോദ്യചിഹ്നം തന്നെയായിരുന്നു

പലർക്കു മുമ്പിലും
ആയ കാലത്ത്
ആ ജീവിതം
ആശ്ചര്യ ചിഹ്നം ആയിരുന്നപ്പോഴും

സഹനസമരം ചെയ്തപ്പോഴും
എന്റെ ജീവിതം തന്നെയാണ്
എന്റെ സന്ദേശം എന്ന് ഉത്ഘോഷിച്ചപ്പോഴും
ഗാന്ധിജി
ജീവിച്ചിരിക്കുവാൻ
ഇത്ര ബുദ്ധിമുട്ടിയിരുന്നില്ല

കുറേകാലം തപാൽ സ്റ്റാമ്പുകളിൽ
സര്ക്കാര് ഓഫീസുകളിലെ ചിത്രങ്ങളിൽ
നോട്ടുകളിൽ
ചില്ലറ
പണികൾ ചെയ്തു നോക്കി
അവര്ക്ക് പേര് പോലും വേണ്ടിയിരുന്നില്ല

വേണ്ടത് വെറും ജീവനില്ലാത്ത ചിത്രങ്ങളായിരുന്നു

ഉപേക്ഷിച്ചില്ല
പറയാതെ ഇറങ്ങി പോരുകയായിരുന്നു
വിലയില്ലാത്ത നോട്ടുകളിൽ നിന്ന്
കള്ളനെ പോലെ

തന്റെ പേരുള്ള തെരുവുകളിലൂടെ നടന്നു
തേരാപാര
ആരും തിരിച്ചറിഞ്ഞില്ല

തന്റെ രൂപമുള്ള പ്രതിമകളിൽ കയറി
താമസിച്ചു
വാടക കൊടുക്കേണ്ടി വന്നില്ല
ഓടിക്കേണ്ടി വന്നു കുറെ കാക്കകളെ

അവസാനം ജന്മ നാട്ടിൽ തന്നെ കിട്ടി
ചെറിയ ഒരു പണി

പട്ടേലിന്റെ പ്രതിമയായിരുന്നു

തിരിച്ചറിഞ്ഞപ്പോൾ
ആരോ
അവിടുന്നും പിരിച്ചു വിടുകായിരുന്നു

പിന്നെ ആരും കണ്ടിട്ടില്ല

അവസാനം തിരക്കി ചെന്നത്
സത്യമായിരുന്നു
സത്യത്തിനെ ആർക്കും വേണ്ടായിരുന്നു
അതുകൊണ്ടാവണം സത്യത്തിനെ തിരക്കി നടന്ന
ഒരാളെ അവസാനം
സത്യം തന്നെ തിരക്കി
ചെന്നത്

ഒടുവിൽ കണ്ടെത്തി

നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയത് പോലെ

ഗാന്ധിജി വിശ്വസിച്ചിരുന്നത് പോലെ
ഇന്ത്യയുടെ ആത്മാവിനെ പോലെ
ഒരു ഗ്രാമത്തിൽ

ധ്യാനത്തിലോ
എല്ലാവരും വിചാരിക്കും പോലെ രാജ്ഘട്ടിലോ
ഉദ്യാനത്തിലോ ആയിരുന്നില്ല
ഗാന്ധിജി

അ'ദ്വാ'നിക്കുകയായിരുന്നു

അതെ ഗോഡ്സേയ്ക്ക്
വെയ്ക്കുന്ന അമ്പലത്തിൽ
മൈക്കാട് പണിയിലായിരുന്നു
ഗാന്ധിജി!