Skip to main content

Posts

Showing posts from November, 2016

ആരാധന

ഞാനൊരിക്കലും തെറ്റിച്ചു നടന്നിട്ടില്ല കുപ്പായമോ അതിന്റെ കുടുക്കോ സ്ഥാനം തെറ്റിച്ചിട്ടിട്ടില്ല മറ്റൊരാളുടെ കുപ്പായക്കുടുക്ക് അനുവാദമില്ലാതെ അഴിച്ചിട്ടില്ല തെറ്റുകാരൻ അവനാണ് ഞങ്ങളുടെ തുന്നൽക്കാരൻ അയാൾ അറ്റമില്ലാത്ത നൂലിൽ തിരിച്ചിട്ട തുന്നൽ യന്ത്രങ്ങളിൽ തല തിരിഞ്ഞിരുന്നു മാത്രം എപ്പോഴും ഞങ്ങളുടെ കുപ്പായങ്ങൾ തുന്നുന്നു സ്വന്തമായി ഞങ്ങൾക്ക് വസ്ത്രങ്ങളില്ല സ്വന്തമായി അയാൾക്ക് യന്ത്രങ്ങളും ആകെയുള്ളത് നഗ്നതയ്ക്ക് സ്ത്രീധനം പോലെ കിട്ടിയ സ്വാതന്ത്ര്യമാണ് സ്വാതന്ത്ര്യത്തേക്കാൾ നഗ്നമായി ഞങ്ങളുടെ നാട്ടിൽ ഒന്നുമില്ല അത് ഞങ്ങളിൽ നിന്നും മറച്ചുപിടിക്കുവാൻ ഞങ്ങളെ ഓരോരുത്തരേയും കൊണ്ട് മറ്റാരുടേയോ അളവിൽ തുന്നിയ വസ്ത്രങ്ങൾ കാലാകാലങ്ങളായി ഞങ്ങളെ നിർബന്ധമായി ധരിപ്പിക്കുന്ന ചടങ്ങാണ് ജനാധിപത്യം ജനങ്ങളെന്ന നിലയിൽ ഞങ്ങളോരോരുത്തരുടേയും നഗ്നത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ശിശിരകാലമരങ്ങളെ മാതൃകയാക്കി ശരീരങ്ങളിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചു വാങ്ങി, താഴേയ്ക്ക് തിരിച്ചു തുന്നിയ കീശകളെ കുപ്പായമായി പ്രഖ്യാപിക്കുവാനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞിരിക്ക

പ്രണയം എന്ന് വിളിക്കുന്നതിനെ 'ചൊല്ലി' ഒരു പിൻകുറിപ്പ്

പ്രണയിക്കുന്ന രണ്ട് പേർ എനിയ്ക്ക് മുന്നേ നടന്നുപോകുന്നു എപ്പോഴും പ്രണയിക്കുന്നവർ കാലത്തിന് മുന്നേ നടന്നവരാകണം അവർക്ക് മുന്നേ നടന്നിട്ടുള്ളത് അവരുടെ കാൽപ്പാടുകൾ മാത്രമാവണം നടക്കുന്നതിനിടയിൽ അവർ തൊടുന്നു പരസ്പരം പിടിക്കുന്നു തമ്മിൽ നിൽക്കുന്നു നിൽക്കുമ്പോൾ അവരുടെ കാലടിപ്പാടുകളിൽ തൂവലുകൾ കൊഴിച്ചിട്ട കിളികൾ അവരുടെ ചുണ്ടുകൾ കൊണ്ട് ചിലയ്ക്കുന്നു. അവരുടെ വിരലുകളിൽ കൂടുകൂട്ടുന്നു.. എത്ര പെട്ടെന്നാണ് ആകാശം കുശുമ്പിന്റെ പര്യായപദമാവുന്നത് അവർക്കിടയിൽ തോരാത്ത ഒരു മഴ പണിതുവെയ്ക്കുന്നത് അതെന്തായാലും അവരിലൊരാൾ സ്പർശം കൊണ്ട് ഞാനാണ് തങ്ങളിൽ അകലമുണ്ടെങ്കിലും മറ്റേയാളുടെ ശൂന്യതയെ നിന്നേക്കൊണ്ട് പൂരിപ്പിക്കുവാനുള്ള എന്റെ വിനീതശ്രമത്തെയാവണം കാലം പ്രണയമെന്ന് വിളിക്കുന്നത്! 

ഭരണപ്പെടുത്തൽ

ട്രാഫിക്ക് സിഗ്നലിനടുത്ത് നിൽക്കുന്ന മരം മാറുന്ന നിറങ്ങളെ ചാഞ്ഞു നിൽക്കുന്ന സ്വന്തം ഇലകൾക്ക് എന്തിനെയാവും പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടാവുക? തെളിയുന്ന പച്ചയെ വെളിച്ചത്തിന്റെ ഇലകൾ എന്ന് അവ തെറ്റിദ്ധരിക്കുന്നുണ്ടാവുമോ? അവരുടെ പ്രകാശസംശ്ലേഷണ വേഗത കണ്ട് അസൂയപ്പെടുന്നുണ്ടാവുമോ? അപ്പോൾ കടന്നു പോകുന്ന പലനിറങ്ങളിലുള്ള വാഹനങ്ങളെ വസന്തങ്ങൾ എന്ന് അതിശയിക്കുന്നുണ്ടാവുമോ? വേഗത കുറച്ച് വിരിഞ്ഞു വരുന്ന മഞ്ഞയെ ഹായ് പൂക്കൾ! എന്ന് പറഞ്ഞ് കൊതിക്കുന്നുണ്ടാവുമോ? തൊടാൻ തുടങ്ങുമ്പോൾ ചോരയിലേയ്ക്ക് നിറം മാറുന്ന ചുവപ്പിനേ കണ്ട് ഭരണം എന്ന് ഭയക്കുന്നുണ്ടാവുമോ?

തിരിച്ചറിവുകൾ

ആകുലപ്പെടുവാനുള്ള ഒരവസരവും പാഴാക്കിക്കളയാത്തവരാവും വാഴ്ത്തപ്പെട്ടവരാൾ ഭൂമിയിൽ മനുഷ്യരായി ഉയർത്തപ്പെട്ടിട്ടുണ്ടാവുക ആകുലപ്പെടുവാൻ ഒരു പക്ഷേ നാളെ നമ്മളില്ലെങ്കിലൊ? നമ്മളേക്കാൾ നന്നായി ആകുലപ്പെടുവാൻ മറ്റൊരാൾക്ക് കഴിയില്ല എന്ന ധാരണ തന്നെയാവണം നാളെയും ജീവിച്ചിരിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടാവുക. ആകുലതകൾ നിറഞ്ഞ ഇന്നലെകൾ പിൻവലിയ്ക്കുവാൻ നാളെയ്ക്ക് വേണ്ടി ഇന്നെന്ന വരിയിൽ കൂടുതൽ കൂടുതൽ കാത്തുനിൽക്കുന്നവരാവുകയാണ് ഓരോ നിമിഷവും നമ്മൾ വരിയിൽ നിൽക്കുന്നവരൊക്കെ ഒരു പക്ഷേ കാത്തുനിൽക്കുവാൻ ആരുമില്ലാത്തവരാകണം ഒറ്റപ്പെടലല്ലാതെ അവർക്ക് കൂടുതൽ ഒന്നും പിൻവലിയ്ക്കുവാനുമുണ്ടാകില്ല എന്നിട്ടും അവർ വരിനിൽക്കുന്നത് നമ്മളിൽ ഒരാളായി തോളോട് തോളുചേർന്ന് നമ്മളോട് ഒട്ടി നിൽക്കുവാൻ മാത്രമാവും ഇപ്പോൾ നിങ്ങൾക്ക് കാണാനാവും കാത്തുനിന്നു കിളികളെ പിൻവലിച്ചു പറന്നുപോകുന്ന ഒരാൾ വരി നിന്ന് കാലുകൾ പിൻവലിച്ച് നടന്നു പോകുന്ന വേറൊരാൾ പുഴ പിൻവലിച്ച് ഒഴുകി പോകുന്നവർ കുടയുമായി വന്ന് മഴ പിൻവലിച്ച് നനഞ്ഞു കൊണ്ട് തിരിച്ചു പോകുന്ന പലർ ഒരാളായി വന്ന് അക്കങ്ങൾ പിൻവലിച്ചു പലരായി ചിതറി പോകുന്ന ചിലർ തനിയ്ക്ക് പിന്നിൽ നിൽക്കുവാനുള്ള ഒരു വരി

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത

കൂട്ടത്തിലിരിയ്ക്കുമ്പോൾ നിരന്തരമായ അവഗണന ആവശ്യപ്പെടുകയും അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിയ്ക്കുവാനാവാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തിരിയ്ക്കുന്ന ഒരാളും, കഴിഞ്ഞ മാസത്തിലെ ഒരു തീയതിയും. അങ്ങിനെ ഒറ്റയ്ക്കിരിക്കണം, അവഗണിക്കപ്പെടണം, എന്ന് തോന്നിയിട്ടാവണം; വിജനമായ പാർക്കിൽ ചെന്ന് ഒരാൾ തനിച്ചിരിയ്ക്കുന്നത് പോലെ കലണ്ടറിൽ നിന്നും ഇറങ്ങിവന്ന് ഒരു തീയതി അയാളുടെ അരികിലിരിയ്ക്കുന്നു. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പൊടുന്നനെ വിജനമായ ഒരിടമാകുന്ന അയാൾ കാറ്റടിയ്ക്കുമ്പോൾ ഇളകുന്ന കലണ്ടറിൽ ഒഴിഞ്ഞുകിടക്കുന്ന ആ തീയതിയുടെ കള്ളി അവിടെ ഏതെങ്കിലും കൂടില്ലാത്ത കിളി ചേക്കേറുമോ, കൂടു കൂട്ടുമോ; എന്ന ഭയം പുതിയ മാസമാവുന്നു ആ മാസത്തിൽ തീയതിയാവാനുള്ള ഒരു സാധ്യത തള്ളിക്കളയാനാവാത്ത വിധം അയാളുടെ ജീവിതമാവുന്നു കൈയ്യിലാകെയുള്ളത് മണ്ണിന്റെ ഒരിത്തിരി വിത്താണ് വിരലുകൾ കിളിർത്തുവന്നത് ഉടയോന്റെ നെഞ്ച് നടാൻ നിമിഷങ്ങളെണ്ണി കാത്തുവെച്ചത് കവിത എന്നത് അവഗണിക്കപ്പെടുവാനുള്ള എഴുത്തപേക്ഷയാവുന്നിടത്ത്, അവഗണന ഒരു തീയതിയാവണം അണയ്ക്കുവാനാവാത്ത വിധം ഏത് നിമിഷവും തീ പ