Tuesday, 15 August 2017

തീവണ്ടിത്തണുപ്പ്

തയ്യൽക്കടകൾ
കൂടിയാണ്
റെയിൽവേ സ്റ്റേഷനുകൾ

സമയത്തിന്റെ അളവെടുത്ത്
കടന്നുപോകുന്ന
തീവണ്ടികളുടെ
ചക്രങ്ങൾ കറക്കി,
അകലങ്ങളുടെ തുണിയിൽ
ജാലകങ്ങളും
വാതിലുകളും
തുന്നിക്കൊടുക്കുന്നുണ്ട്
അതിന്റെ
കാത്തുനിൽപ്പ്

നിനക്കറിയാം
അവസാന തീവണ്ടിയും
കടന്നുപോകുമ്പോൾ
തോർന്നു തുടങ്ങിയ
മഴ കുത്തിത്തുറന്ന്
ഇന്നും ഞാൻ
മോഷ്ടിച്ചേക്കും
ആരുടേയോ
കാത്തുനിൽപ്പുകളുടെ
തണുപ്പ്!

Saturday, 12 August 2017

പിൻകഴുത്ത് മോഷണം പോകുന്നു

ഒരു തുമ്പി വന്നിരിക്കുമ്പോൾ
കുളമായി മാറുന്ന
ഒരു കണ്ണാടിയുണ്ടായിരുന്നു
ചുവരിൽ

ഒന്നും എഴുതാനില്ലാത്തപ്പോൾ
എന്റെ വിരലുകളായിരുന്നു
ആ കുളത്തിലെ
മീനുകൾ

അപ്പോൾ കവിതകൾ
കൊക്കുകളായി
കുളമുണ്ടെങ്കിലും
ജലമുണ്ടെങ്കിലും
വിരലിന്റെ കരയിൽ
നോക്കിയിരിക്കും

അപ്പോൾ
അവളുടെ പൊട്ടുകൾ
കണ്ണാടിയുടെ പാതിയിൽ
ഓളങ്ങൾ വിരിയ്ക്കും
എന്നിട്ടും
പൂക്കളുടെ കുറുമ്പ് കാട്ടി
വിരിയാതിരിയ്ക്കും

വിരിയാത്തതിലുള്ള
പരാതി പറഞ്ഞിരിക്കുന്ന
വിരലുകളിലെ
നഖങ്ങൾ കാണാതെ
എന്നിലൊളിച്ച്
എന്നുള്ളിലേയ്ക്ക് കുളിച്ചുകയറുന്ന
അവളുടെ
പ്രതിബിംബത്തിന്
കയറിപ്പോകുവാൻ പാകത്തിന്
രാത്രിസമയം നോക്കി
കണ്ണാടിയിൽ
പടവുകൾ
പണിയുവാൻ വരാറുണ്ടായിരുന്നു
പകൽ ക്ഷേത്രമായി
കാണപ്പെടുന്നൊരു നക്ഷത്രം

അവിടെയും
കണ്ണാടിയ്ക്ക് പോലും
കണ്ണടച്ച്
തള്ളിക്കളയാനാവാത്ത വിധം
മറുകിന്റെ ആകൃതിയിൽ
അതേ നക്ഷത്രം
തുറന്നിട്ടിരിക്കുന്ന
അവളുടെ
പിൻകഴുത്ത്
മോഷണം പോകുവാനുള്ള
സാധ്യതകൾ!

Thursday, 10 August 2017

ബുദ്ധനപ്പുറം

ബുദ്ധാ
എനിക്ക്
നിന്നോട് പറയുവാനുള്ളത്
ഇത്രമാത്രം

നീ
എന്റെ മരം
എനിക്കൊഴിഞ്ഞുതാ
അതിലെ
കിളിക്കൂട്
ഒഴിഞ്ഞു പോ

ബുദ്ധാ ..
ഞാൻ,
നീയിറങ്ങിപ്പോയ
വീടുകളുടെ
കരം പിരിക്കുവാൻ
ചുമതലപ്പെട്ടവൻ

2

ഒരു പക്ഷിമാത്രം പറന്നുപോകുന്നു
അല്ല
പക്ഷിയല്ലത്
ബുദ്ധനാവും മുമ്പ്
നീ
ഇറങ്ങിപ്പോയ
രാത്രി

അറിയാം
ഇനി കൊഴിയുമൊരില

ഇല്ല
അതിലയാവില്ല
കാത്തിരിപ്പ്

നീ ഇറങ്ങിപോയപ്പോൾ
തകർന്നവീടുകളുടെ
പിരിഞ്ഞു കിട്ടുവാനുള്ള
കരത്തിലേയ്ക്ക്
എന്റെ
വേരുകളുടെ കൈകളുടെ
അനന്തമായ
ചിതലെടുത്ത
കാത്തിരിപ്പ്!

3

അതാ
ഒരാൾ

തീയതികളുടെ ജാരൻ
ചോരച്ചുവപ്പ് കൂട്ടി
അസ്ഥിവെളുപ്പൊരിത്തിരികുറച്ചു
ജീവിച്ചിരിക്കുന്നൊരാൾ

ചെവികളിൽ
ഈയം
കൺകളിൽ
മായം
ചുണ്ടിൽ
കാലാതിവർത്തിയാം
മൗനം

4

ഇനി
ഞാൻ
അയാളിൽ
ഒരാൾക്കൂട്ടം

നിയമപരമായി ജീവിച്ചിരിക്കാം
എന്നൊരു
പ്രതീക്ഷപോലും
നഷ്ടപ്പെട്ടവരുടെ ഒറ്റതിരിഞ്ഞകൂട്ടം

ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം
എന്ന ഉറപ്പിൽ
അനധികൃതമായി
ജനാധിപത്യത്തിന്
ഉപ്പും കപ്പവും
കൊടുത്ത്
ജീവിച്ചിരിക്കുന്നവർ!

Monday, 7 August 2017

മഴ രാമായണം

മുത്തശ്ശി വായിച്ചുനിർത്തിയിടത്തു
നിന്നും
രാമായണം
തുടർന്നുവായിക്കുന്നത്
മഴയാണ്

മുത്തശ്ശി നനഞ്ഞിരിക്കുന്നു

വിളക്ക് നനഞ്ഞിരിക്കുന്നു

അന്നു പെയ്ത
അതേ മഴ നനഞ്ഞ്
പ്രായമായ
സീതയിരിക്കുന്നു

കൈയ്യിൽ
പുസ്തക രൂപത്തിൽ
മണ്ണ്
മഴ
മനസ്സ്
ശീലങ്ങൾ

പത്ത് തലയും
നനഞ്ഞ്
അടുത്ത് രാവണനിരിക്കുന്നു

കണ്ണ് മാത്രം നനഞ്ഞ്
രാമൻ
മഴയത്ത്
നിൽക്കുന്നു........

Sunday, 6 August 2017

ജലമാകുന്നു

വിതറിയിട്ടുണ്ട്
കുറച്ച് തിരക്ക്

എങ്കിലും
ഏത് നിമിഷവും
വീണുപോയേക്കാവുന്ന
ഒരാൾക്കൂട്ടത്തിന്റെ
ചരിവിലാണ്

പിടിച്ചുനിൽക്കുന്നത്
കാണാതെ പോയ
മിടിപ്പിലാണ്

കാണുവാനായേക്കും
നിങ്ങൾക്ക്,
കുടിച്ചുകൊണ്ടിരിക്കുന്ന
മഗ്ഗിൽ
പിടിച്ചുനിൽക്കാൻ
ശ്രമിക്കുന്ന
ഒരാളെ

ലഹരിയാണ്
ആഴം

കടൽ പോലും
കുടിച്ച് കിടക്കുന്നത്

എന്നിട്ടും
കയറുകയാണ്
ജലത്തിന്റെ കുന്ന്
സമനില മറന്ന്

അടുത്ത ജന്മമെങ്കിലും
ജലമാകണം

മഴയായി
ഈ ജൻമം
മീൻകണ്ണിന്
മടുത്തിരിക്കുന്നു

എന്നിട്ടും
തുടങ്ങാത്ത
ജീവിതത്തിന്
ഹംമ്മിങ്ങ് പോലെ
നിലതെറ്റിവരുന്ന
കവിതകൾ!