Popular Posts

Monday, 28 April 2014

അപായ ചിഹ്നം ചേർത്തൊരു പ്രണയ ചിത്രം

ഒറ്റയ്ക്ക് നിന്ന്
മുഷിഞ്ഞ മുളംതണ്ട്‌
മഴയിൽ നിന്ന്
ഒരു തുള്ളി വെള്ളമെടുത്ത്
ഇരുളിൽ നിന്ന്
ഒരൊറ്റ നിറവും
അടർത്തിയെടുത്തു
മഴവില്ല് കൊഴിഞ്ഞ
മുഹൂര്ത്തം നോക്കി
വായു രൂപത്തിൽ
ഒരു മുരളി ഉണ്ടാക്കുന്നു

അതിലേക്കു ഹൃദയം എന്നോ 
ദൂരെ ഏതോ മരക്കൊമ്പിൽ 
ഒളിപ്പിച്ച അസ്തമയകിളി
ആരോ മറന്ന
മയിൽപീലിയുമായി
ഓർമ്മ  ചിറകിൽ
 പറന്നു വരുന്നു

ഒരു രാഗം എഴുന്നേറ്റ്
ഒഴിഞ്ഞു കൊടുത്ത
ഉഷ്ണസുഷിരത്തിൽ
കൃഷ്ണന്റെ നിറത്തിൽ
അത് അനിശ്ചിതത്ത്വത്തോളം
വലിയൊരു  കൂടുണ്ടാക്കുന്നു
എന്നിട്ട് മുട്ടയുടെ ആകൃതിയിൽ
പാട്ട് പാടുന്നു
കാറ്റത് കേട്ട് താളം പിടിക്കുന്നു
ദൂരെയൊരു വൻമരം കോമരം
തുള്ളുന്നു

അത് കണ്ടും കേട്ടും
നേരം വെയിലിനോടൊപ്പം
കറുത്തിരുളുന്നു
കറുത്ത വെയിലിനെ
അന്നത്തേയ്ക്കു വായുവിൽ
കുഴിച്ചു മൂടി എന്നും
അടുത്ത ദിവസം മാത്രം
നറുക്കെടുക്കുന്ന 
നാളെയെന്നൊരു  
ഭാഗ്യക്കുറിയും വാങ്ങി 
ചുവന്ന സൂര്യൻ
ബന്ധങ്ങളുടെ ഭാരമില്ലാതെ
കടന്നു പോകുന്നു

കണ്ണ് കാണാതെ
പിടി വിട്ട് 
താഴേക്ക്‌ വീണു പോകുമോ
എന്നൊരു പേടി
ആകാശം നക്ഷത്രങ്ങളാക്കി
ചുവരിൽ കെട്ടി തൂക്കുന്നു..
ആ നക്ഷത്രങ്ങൾ 
പകൽ നോമ്പ് നോക്കുന്നതായും 
രാത്രി ഇല്ലാത്ത മാമ്പഴങ്ങൾ
കട്ട് തിന്നുന്നതായും 
ആരോ സംശയിക്കുന്നു, 
ആ സംശയം പിന്നെ
വിളിക്കാത്ത 
ഒരു വിവാഹത്തിലേയ്ക്ക് 
സമ്മാനങ്ങൾ 
ഒന്നും കരുതാതെ
കൈവീശി നടക്കുന്നു

മരിച്ചോ എന്ന് പോലും
ഉറപ്പില്ലാത്ത വെയിലിന്റെ
വിധവപോലൊരു നിലാവ്
വെള്ള ഉടുത്ത്
മിഴി നീരുണക്കി    
കടന്നു വരുന്നു

ആകാശം ഇപ്പൊ
താഴെ വീഴും എന്ന്
നിമിഷങ്ങൾഎണ്ണി
സ്വപ്നം കണ്ടിരുന്ന ഭൂമി,
തന്റെ ഭാരം മുഴുവൻ
അളന്നു തിട്ടപ്പെടുത്തി
മനുഷ്യന്റെ കാലിൽ
കെട്ടി വെച്ച്
ഏതോ ചെടിയ്ക്ക്‌
ഇതൾ എണ്ണി
അളവെടുത്തു    
പൂവുണ്ടാക്കി
 കണ്ണിനു കാണാത്ത
നിറം കൊടുത്തു
കളിക്കുന്നു

ഭൂമിയും ആകാശവും
കൈവിട്ട സ്വപ്നം   
ഏതോ നിമിഷത്തിൽ
മരിച്ച പോലെ
വീണു പോകുന്നു

നിശാ ശലഭങ്ങൾ 
ശവമെടുക്കുവാൻ
കറുപ്പുടുത്തു 
പറന്നു വരുന്നു


ഓടകുഴൽ അന്നത്തെ 
കളി മതിയാക്കി 
പാട്ടിന്റെ കൂട്ടിലേയ്ക്ക്‌ 
വിശന്നു ചേക്കേറുന്നു
ഒരൊറ്റ നിമിഷം കൊണ്ട് 
കിളി വരുംവരായ്കകളിലെയ്ക്ക്    
ഹൃദയം ഇല്ലാതെ  
ഒറ്റയ്ക്കാകുന്നു
കണ്ണുനീരിൽ അത്
ആരാന്റെ നെഞ്ചത്ത്
അപായ ചിഹ്നം ചേർത്തൊരു
പ്രണയ ചിത്രം വരയ്ക്കുന്നു

Tuesday, 22 April 2014

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു
ഒരു പരിചയം ഇല്ലാത്ത ഒരു മഴ
അയല്ക്കാരന്റെ പറമ്പിൽ നിന്ന്
പെയ്യുന്നുണ്ട്

അത് കണ്ടു
തുണി ഉണക്കുവാൻ
എന്ന വ്യാജേന
ഞാനോ മുറ്റത്തേക്കിറങ്ങുവാൻ
നോക്കുന്നുണ്ട്

വിരിയ്ക്കുവാൻ എങ്ങും
തുണി ഒന്നും കാണാതെ
ഉടുതുണിയുടുത്ത്
മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട്

അത് കണ്ടു അയൽക്കാരൻ 
മുണ്ട് മടക്കി കുത്തി
പുറത്തേക്കിറങ്ങി
വരുന്നുമുണ്ട്

മനോഹരമായി പെയ്യുന്ന
മഴയെ നോക്കാതെ ഉടുതുണി
കണ്ടു വിയർക്കുന്നുണ്ട്‌,

മഴ കണ്ടു നില്ക്കുന്ന
വരണ്ട തുണി കണ്ടാകണം
മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട്
അത് കണ്ടു
മഴ ഒന്ന് തോര്ത്താതെ  തോരാതെ
എങ്ങോട്ടോ കേറി മറയുന്നുണ്ട്‌

മഴ തോര്ന്നോ പുഴ പൂത്തോ
പാടം നനഞ്ഞോ
ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട്

അങ്ങിനെ ആരോ പാടി
ഉലഞ്ഞു നിൽക്കേ
ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ
മുറ്റത്തു വീണ വെയിലും തൂത്തുവാരി
 മൂളിപ്പാട്ട്മൂളി  തണലുമുണ്ട്

അടുത്ത പറമ്പിലെ
നനഞ്ഞ മരത്തിൽ
മരംകയറ്റം എഴുതി പഠിച്ചു
കണ്ടിട്ടും മിണ്ടാതെ
അണ്ണാനുമുണ്ട്‌

എന്നിട്ടും ഞാനോ
നല്ലൊരു അയൽക്കാരൻ
വെറുതെ ഓർത്തു യേശുവിനെ
യേശുവോ ഓർത്തുവോ
എന്നെ അപ്പോൾ
അറിയില്ല ഞാൻ വെറും
അയൽക്കാരൻ
ഓർത്തുവോ അയൽക്കാരൻ
എന്നെ അപ്പോൾ
അറിയില്ല ഞാൻ വെറും
അടിയാളൻ

അപ്പോൾ അയൽവക്കത്തുനിന്നും
ഒരു വറുത്ത മീൻ മണം
എന്റെ വീട്ടിലേയ്ക്ക്
അതിക്രമിച്ചു കയറി പോയി
എന്റെ വീട്ടിലെ കറുത്ത പൂച്ച
മീൻ വറുത്ത വീട്ടിലേയ്ക്ക് ഓടികയറി
അത് കഴിഞ്ഞു അടുത്ത വീട്ടിൽ
അത് വരെ കണ്ടിട്ടില്ലാത്ത
ചെറിയൊരു പരിഭവ ചുണ്ടെലി
മുഖം വീർപ്പിച്ചു വെറുതെ
കെറുവിച്ചങ്ങിറങ്ങി  പോയി

ഒരു നിഷ്കളങ്കമായ പുഞ്ചിരി കരിയില
അപ്പോൾ കാറ്റടിച്ചു
പടിക്കൽ വന്നെത്തി നോക്കി
പിന്നെ ആരോ വിളിച്ചപോലെ
പരിയമ്പുറത്തൂടെ   തിരിച്ചു പോയി

പിരിവുകാർ
ചിരിച്ചും പിരിച്ചും
കടന്നു പോയി

വേനലും  പതിയെ
കടന്നു വന്നു
ചൂടോടെ
വേനലിൽ ചുംബിച്ച
 പൂവാക
ചുണ്ടത്ത് തീ  ആളി
വാടി വീണു  

അറിയുന്നു ഞാൻ

വെള്ളം ചോദിച്ചു അയൽക്കാരൻ
ഏതു നിമിഷവും കടന്നുവരാം
കൂടെ പെയ്യാൻ ഭയക്കുന്ന  
ഒരു മഴക്കോളുമുണ്ടാകാം 

മുറ്റത്തു നില്പ്പുണ്ട്
ധാരാളം വെള്ളം അഴിച്ചിട്ടു
ഇത് വരെ  വെട്ടിയിട്ടില്ലാത്ത
ഒരു മഴ കാണാകിണർ  
ഒരു ഒരു മിഴിയാഴം കുഴിച്ച്
ഒരു താലികയറിട്ടു
പരിശീലിപ്പിക്കുന്നുണ്ട് ഞാൻ    
എന്റെ ഒറ്റ നോട്ടത്തിനു
വീട്ടിനകത്തേയ്ക്ക്
കയറി പോകാൻ!