Popular Posts

Thursday, 17 July 2014

തീർത്ഥയാത്ര

ജീവിതത്തിന്റെ വിവിധ
അവസ്ഥകളിലേയ്ക്കു
ജലം പോലെ 
തീർത്ഥയാത്ര പോകുവാൻ
ടിക്കറ്റിന് വേണ്ടി
ഒരു തീവണ്ടി പോലെ
കാത്തു നില്ക്കുന്നു ഞാൻ

എനിക്ക് മുമ്പിൽ
നീണ്ടു കിടക്കുന്ന
ഐസ് ഇട്ടുറപ്പിച്ച
പൊള്ളുന്ന പാത
ഒരു തീപാളം

മുമ്പിൽ ഒരു തിക്കും
തിരക്കുമില്ലാതെ
കാത്തു നില്ക്കുന്നവർ
മരിച്ചവർ
ഒരു ചിത കടന്ന്
ടിക്കെറ്റിനു നീളുന്ന കൈകൾ

നിമിഷ സൂചി പോലെ
വിറയ്ക്കുന്ന കൈയുള്ള
സമയം
ടിക്കറ്റ്‌ പോലെ മുറിച്ചു തരുന്ന
മഴ പറ്റിയ ഒരു
പഴയആകാശം

പാളത്തിലൂടെ
താളത്തിൽ
ഒഴുകുന്ന ഒച്ച
അതു കേൾപ്പിച്ചു
കടന്നു വരുന്ന പുഴ


ഞാനെന്ന തീവണ്ടി പുഴയിലേക്ക്
ഇറങ്ങുന്നു
അല്ല തിരുത്തലോടെ കയറുന്നു


ഓളം തെറ്റിയ പാളങ്ങളിൽ 
പുഴയുടെ അവസാന  ബോഗ്ഗി 

മഴ ഒരു പച്ച സിഗ്നൽ
പുഴ വേഗം കൂട്ടുന്നു

എനിക്ക് മുമ്പേ
മരിച്ചവർ നിറയെ
പുഴയിൽ
ഞാൻ തനിയെ
കാത്തിരിക്കുവാൻ
ആരും ഇല്ലാത്ത
വസന്തം എന്ന് രേഖപ്പെടുത്തിയ
സ്റ്റേഷനുകൾ

ഇടയ്ക്കിടെ വേനലിന്റെ
അടയാളങ്ങൾ
പുഴ നിർത്തി ഇടുന്ന ഇടങ്ങൾ
പാലങ്ങൾ പുഴ മുറിച്ചു കടക്കുന്നു

ഇരുന്നിരുന്ന് മടുപ്പ്
മലർന്ന് കിടപ്പ്
പൊള്ളുന്ന പകൽ
കാറ്റിന്റെ താരാട്ട്
രാത്രി കറുത്ത മഞ്ഞ്
വെറും തളർന്ന ഇരുട്ട്

മിന്നാം മിന്നികൾ
സ്വപ്നം പറത്തുന്നു
ഉറക്കം ഉണരുമ്പോൾ
പുഴ എനിക്ക് മുകളിൽ
കമഴ്ന്നു കിടന്നൊഴുകുന്നു
ഞങ്ങൾക്കിടയിൽ
നീന്തൽ പഠിക്കുന്ന
മഴത്തുള്ളികൾ
മരണമെന്ന സ്റ്റേഷൻ

മഴയിലെ
തുള്ളി പോലെ
മനോഹര മരണം

ഇലയിൽ
അച്ചടിച്ച്‌ വരുന്ന
മഴയുടെ ചിത്രം
അന്നത്തെ പത്രം

ഇലയിൽ പറ്റിയ
മഴ തുള്ളികൾ
എന്നത്തേയും
ചൂടുള്ള വാർത്ത‍
മരിച്ചവരുടെ
പടം ഉള്ള
ചരമ കോളം

മഴവെള്ളം വീണ
ഇരിപ്പിടം വെടിപ്പാക്കി

പുഴയിൽ ചാരി ഇരിക്കുന്നു
മറ്റൊരു ഉണങ്ങിയ ജീവിതം
പുതിയ ജാലക കാഴ്ചകൾ

Wednesday, 9 July 2014

മരുന്ന്

മരുന്ന്
______________
ഏതു നിമിഷവും
വിഴുങ്ങിയേക്കാവുന്ന
മധ്യഭാഗത്ത്‌ വെട്ടുള്ള
വെളുത്ത ഗുളിക
പുതച്ചു കിടക്കുകയാണ്
ജീവിതം

അരികത്തൊരു മരം
ഏതു നിമിഷവും
നിലവിളി പടർന്നു
തീ പിടിക്കാൻ പാകത്തിന്
ഇല കൊഴിഞ്ഞ്
ഉണങ്ങി നില്പ്പുണ്ട്

കണ്ണുകളിൽ ഇഴയുന്ന
കണ്‍ പീലികൾ
ഉറുമ്പിനു വഴി പറഞ്ഞു
കൊടുക്കുന്നുണ്ട്

തുറന്ന
മരുന്ന് കുപ്പിയുടെ
കഴുത്തിൽ
അടപ്പിന്റെ ബാക്കി
പോലെ തിളങ്ങുന്നുണ്ട്
താലി പോലൊരു
കൊളുത്ത്

മരുന്നിനും മന്ത്രത്തിനും
മീതെ
പിടയ്ക്കുന്ന
ജീവൻ ഇപ്പോഴും
പിടിച്ചുനിർത്തുന്ന ഒന്ന്

Tuesday, 8 July 2014

ഋതുക്കളിൽ ചിലത് മാത്രം


പ്രായപൂർത്തി ആയി കഴിഞ്ഞാൽ
ശ്വസിക്കുന്ന വായുവിനു
ഇലയുടെ മണമാണ്
ആ ഇല  വരയ്ക്കുവാൻ
വിലയായി
ഒരു മരം മുഴുവൻ വേണമെന്നും
ഹേമന്തത്തിന്റെ നിറം
നിറയെ വേണമെന്നും
കടൽക്കരെ നിന്ന്  
വാശി പിടിച്ചത് അവളാണ്

അപ്പോൾ ഉപ്പു മാറ്റി  തിര കളഞ്ഞു
ഒരു കടലിനെ കായലാക്കുന്ന
തിരക്കിലായിരുന്നു അവൾ

അങ്ങിനെയാണ്
 നരച്ച മുടി വേരാക്കി
തലകീഴായി
ഒരു മരത്തിലേയ്ക്കു ഞാൻ
മതം മാറിയത്

അപ്പോൾ പൂത്തുലഞ്ഞത്
അവളാണ്
അത് കണ്ടാണ്‌
 കായലിനെ അവളുടെ
കണ്ണുകളോടെ ചേർത്ത്
രണ്ടു ഭാഗത്തേയ്ക്ക്  പിന്നി
ഒരു പുഴയാക്കി
ഞാൻ മാറ്റിയത്

ആ തിരക്കിനിടയിൽ ആണ്
അവൾ  ഒരു വസന്തത്തിന്റെ കൂടെ
ഒളിച്ചോടിയതും,
എന്നെ പുഴക്കരയിൽ
മറന്നു വച്ചതും

വസന്തം ബാക്കി വച്ച നിറം
എടുത്തു രക്തമാക്കി
ഒരു ശിശു ആയി
ശിശിരത്തിലെയ്ക്ക്
നിസ്സഹായനായി ഞാൻ
 തിരിച്ചു പോയത്,

അപ്പോൾ  വസന്തം മടുത്ത്
പുഴയെ ഉണക്കി
ഒരു കാറ്റത്ത് ഇട്ടു പാറ്റി  
മഴയാക്കുന്നുണ്ടായിരുന്നു
അവൾ
എന്റെ മരത്തിലെ
ഇലകളിലെ മഞ്ഞായി
മറ്റൊരു ഋതുവിന്റെ
പച്ചപ്പിലേയ്ക്ക് തിരിച്ചു വരാൻ 

Monday, 7 July 2014

മരത്തിന്റെ മിന്നാം മിന്നി വീട്

മഴ ഒന്ന് മാറി നിന്ന
തിരുവാതിര ഞാറ്റുവേല

പുര പണിയുന്ന ചിതലുകൾ

ഇലയനക്കം പോലെ
മണ്ണിന്റെ ശ്വാസോച്ച്വാസം

മിന്നാമിന്നികൾ
പാല് കാച്ചുന്നു

പുര പണിയാൻ പൂതി പെരുത്ത്‌ മരം

രണ്ടില  കിളിർത്ത് നിന്ന
 തൈയുടെ ദീർഘകാല വായ്പ്പ

ചീവിട് കുറിച്ച് തന്ന
നല്ല  മുഹൂര്ത്തം

വെളുത്ത വേര് കൊണ്ട്
അടിസ്ഥാനം

പദ്യത്തിലെ വൃത്തം
പകർത്തിയ   തടി കൊണ്ട്
തീർത്ത മുൻ ഭിത്തി

നൃത്തത്തിലെ മുദ്രകൾ
കൊത്തിയ ചില്ലകളാൽ ആരൂഡം  

പച്ച നിറത്തിന്റെ ഉത്സവം പോലെ
ഇലകൾ  മേഞ്ഞ മേൽകൂര

മിനുസം ഉള്ള കരിയില കൊണ്ട്
നീളെ പാകിയ തറ

ഇളം കാറ്റിൽ തീർത്ത  
 ഇരു പാളി ജനൽ

വെയിൽ ഉരുക്കി പണിത
ഒറ്റത്തടി വാതിൽ

വള്ളി പടർത്തി ചുവരിൽ
പൂശിയ ഇളം പച്ച നിറമുള്ള വെള്ള

കിളികൾക്ക് പാർക്കാൻ ചില്ലയിൽ
മാറി എരുത്തിൽ പോലെ തീർത്ത കൂട് 

മഴ വെള്ളത്തിൽ വരച്ച
ആഴമില്ലാ കിണർ

പുഴ നീട്ടി വളർത്തിയ
അഴകുള്ള  വഴി

തണൽ കൊണ്ട് മുറ്റം
പച്ചില ചെടികളാൽ
 അതിൽ പൂന്തോട്ടം

മേയുന്ന ആടുകളാൽ ചുറ്റിലും
കെട്ടിത്തിരിച്ച വേലി

മഞ്ഞു കൊണ്ട് പാല് കാച്ചി
വീട്ടിൽ താമസം തുടങ്ങുമ്പോൾ
ക്ഷണിക്കപെടാത്ത  അഥിതിയായി
വാതിൽക്കൽ വന്നു മുട്ടുന്നു
 വെള്ളി കെട്ടിയ
മൂങ്ങാമുഖം ഉള്ള മഴു  

Saturday, 5 July 2014

ഇന്ന്

ഇന്ന്
________

ഒരു കാലത്ത്
ബുദ്ധനും മുനിമാരും
യഥേഷ്ടം
തളിർത്ത്‌ കായ്ച്ചു കിടന്നിരുന്ന
തണൽ മരങ്ങൾ

അവരുപയോഗിക്കാതെ 
ഉപേക്ഷിച്ചു പോയ
കണ്ണീർ ഗ്രന്ഥികൾ കിളിർത്ത്
മതങ്ങളായി
മരങ്ങൾക്ക് മേലെ
വളർന്നു നില്ക്കുന്നു

ഒരു കാലത്ത് ബുദ്ധനിരുന്നിടം
ആരും തിരിഞ്ഞു നോക്കാതെ
മരത്തിന്റെ ചുവട്ടിൽ
തരിശു കിടക്കുന്നു

ഇലകളിൽ
തപസ്സിരിക്കുന്ന
കൊടുംവെയിൽ

മന്ദഹാസം ഇറ്റിയ
ചുണ്ടുകൾ ശാന്തത കൈവിട്ടു
വിശക്കുന്ന
കിളികളിലെയ്ക്ക് കരഞ്ഞു
ചേക്കേറിയിരിക്കുന്നു

ഇലയ്ക്കും വേരിനും ഇടയിൽ
നഷ്ടപ്പെട്ട തടികൾ തേടി
മരങ്ങൾ
കരിയിലകൾ കിളിർത്ത
വള്ളിച്ചെടികളായി
മണ്ണിൽ

മേഘങ്ങൾക്കും ഭൂമിയ്ക്കും
ഇടയിൽ
കാണാതെ പോകുന്ന
പ്രായമാകാത്ത
മഴത്തുള്ളികൾ

ഉമിനീരു വറ്റിയ മഴ

പ്രകൃതിയിൽ നിന്ന്
നിറങ്ങളെ അടർത്തി മാറ്റി
മതത്തിലേയ്ക്ക് ചേക്കേറിയ മനുഷ്യർ
മതത്തിന്റെ മടിയിൽ ഇരുന്നു
കലാപങ്ങൾക്ക് പേരിടുന്നു

ഒരേ നിറമുള്ള
രക്തവും നിറമില്ലാത്ത കണ്ണുനീരും
ഒരു മതവും നോക്കാതെ പരസ്പരം
കെട്ടിപ്പുണർന്നു
ഇരകളെ പോലെ തെരുവിൽ

Wednesday, 2 July 2014

നിളയുടെ ആധുനിക പോസ്റ്റർ


1)

മഴയുടെ പോസ്റ്റർ
__________________
ആകാശം എന്ന തീയേറ്ററിൽ
മഴ എന്ന സിനിമ
സൌജന്യമായി പ്രദർശിപ്പിച്ചിട്ടും
ഇറങ്ങി നനഞ്ഞു കാണുവാൻ
ആൾക്കാർ കുറവായത് കൊണ്ടാവും
കടലിലെ തിരയിലും
കായലിലെ ഓളത്തിലും
കിണറിന്റെ ആഴത്തിലും 
പുഴയുടെ ഒഴുക്കിലും
വഴിയിൽ കെട്ടികിടക്കുന്ന
കുഴിയിൽ പോലും
മഴയുടെ പോസ്റ്റർ ആയി
ജലം ഇപ്പോഴും
ഒട്ടിച്ചിരിക്കുന്നത്2)
ആധുനികതയ്ക്ക് പഠിക്കണം 
------------------------------------
മഴയെ വെള്ളമില്ലാതെ 
എഴുതാൻ പഠിക്കണം 

ജല സംരക്ഷണം
എന്ന് പറയുമ്പോഴും 
പുഴ എത്രമാത്രം വെള്ളമാണ് 
പാഴാക്കി കളയുന്നതു 
പ്രവാസിയെ പോലെ മഴ
കടലിൽ പണിയെടുത്തു
ആകാശത്ത് നിന്ന് സമ്പാദിച്ചു
കൊണ്ടുവരുന്ന ജീവജലം

വെള്ളം ഇല്ലാതെ പുഴകൾ
എന്നാണ് ഒന്ന്
ഒഴുകാൻ പഠിക്കുക

വായു ഇല്ലാത്ത ഇന്ന്
നാളയെ ശ്വസിക്കുന്നത് പോലെ3)

പാടി മുഷിഞ്ഞ നിള കഥ
__________________
വറ്റിവരണ്ട വരൾച്ചയിൽ
മണൽ മാറ്റി
ഒരു ജലത്തുള്ളി കുഴിച്ചിടത്തക്ക
വിധത്തിൽ ആഴത്തിൽ
അഗാത ഗർത്തം

പുക വരാതെ കത്തിക്കുവാൻ
അവസാനം ബാക്കി വച്ച കുറച്ചു വെള്ളം

കുളിപ്പിക്കാൻ ഒരു തുള്ളി
പോലും പാഴാക്കാതെ
പണ്ടെങ്ങോ ഒരു മാമാങ്ക പതിപ്പിന്
രക്തംപതപ്പിച്ച ഒഴുക്കിൽ
കുളിപ്പിചെടുത്ത ദേഹവുമായി
അഴുകാത്ത നിള

പഴയ പുഴക്കരയിൽ
ഒരുക്കി കിടത്തിയിരിക്കുന്നു
അരികിൽ ഇരുന്നു കരയുവാൻ
രാത്രിയിലും കത്തുന്ന
നിലാവെയിൽ

ഇനി അകലെ ആകാശത്തിൽ
നിന്ന് അവസാനമായി
ഒരു നോക്ക് കാണാൻ
ഒരു മഴബന്ധു കൂടി
വരാനുണ്ടത്രേ