Skip to main content

Posts

Showing posts from July, 2016

കാവലിനെക്കുറിച്ച് ചില പുന:വിചാരങ്ങൾ

ഒരു നനഞ്ഞ പട്ടാളക്കാരൻ സ്വന്തം മണ്ണിലിട്ട് അയൽരാജ്യത്തെ മഴയെ ബലാൽസംഘം ചെയ്യുന്നത് കണ്ടു നിൽക്കുകയാണ് പോലെ എന്ന വാക്ക് ... ഉപമയ്ക്ക് കണ്ണു നിറയുന്നു പതിവ് പോലെ മണ്ണ് നനയുന്ന മഴ പട്ടാളക്കാരൻ വീണ്ടും രാജ്യത്തിന് കാവൽ നിൽക്കുന്നു അതിർത്തി ഒരു ഞരമ്പായി ഓരോരുത്തരുടേയും ഉടലിലൂടെ കടന്നുപോകുന്നു അതിൽ കാക്കി നിറത്തിൽ ഒഴുകുന്ന ചോര ഇന്നലെ വെടികൊണ്ട് മരിച്ച യുവാവിന്റെ നെഞ്ചത്ത് പൂവായ് വിരിയാൻ പോയിരിക്കുകയാണ് ചോരയിലെ ചുവപ്പ് അയൽ രാജ്യത്ത് ഉദിച്ച സൂര്യനെ വെടിവെച്ച് വീഴ്ത്തിയ ഇരുട്ട് ബങ്കറിനുളളിൽ ഉറക്കമാണ് സ്വന്തം രാജ്യത്ത് ഉത്ഭവിച്ച നദി അയൽ രാജ്യത്തിലേയ്ക്ക് ഒഴുകിപ്പോകുന്നുണ്ട് രാജാവിന് ഭരിയ്ക്കാൻ ഒരു രാജ്യം വേണം, അതിന് അതിരുകൾ ചുമന്നുകൊണ്ട് നടക്കാൻ ജനങ്ങൾ വേണം, അതിര് സംരക്ഷിക്കുവാൻ ജനങ്ങളുടേയും സൈനികരുടേയും ജീവൻ വേണം നോക്കൂ കാക്കുന്ന രാജ്യം തെറ്റിപ്പോയ സൈനികർ കണ്ണു തെറ്റിയപ്പോൾ, മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സ്ത്രീകളാണ് അവർ ചുമന്ന് കൊണ്ട് നടക്കുന്ന തോക്കുകൾ കൊലപ്പെടുത്തുന്നതിന് മുമ്പ് അവർ കവർന്നെടുത്ത മാനമാവും അവരിപ്പോൾ കാക്കുന്ന അതിരുകൾ