Skip to main content

Posts

Showing posts from January, 2019

എന്തേ വരുവാൻ എന്നയിടത്ത് താമസിയ്ക്കുന്ന ഒരാൾ

ശലഭത്തിന്റെ നാലാമത്തെ നിലയിൽ താമസിയ്ക്കുകയായിരുന്നു ഞാൻ മൂന്ന് നിലകളും ഒഴിച്ചിട്ടിരിയ്ക്കുന്ന ശലഭത്തിന്റെ രണ്ടും മൂന്നും നിലകളിൽ മുറി പങ്കിട്ട് താമസിച്ചിരുന്നു ഒരു കാല് വയ്യാത്ത ഇന്നലെയും പണ്ടെന്ന കാലവും വൈകിവരുന്ന ശലഭത്തിന്റെ ഒന്നാമത്തെ നിലയിലായിരുന്നു ആകാശം താമസിച്ചിരുന്നത്. ചിലപ്പോൾ എന്ന വാക്ക് ചേർത്ത് എല്ലായ്പ്പോഴും വൈകി വരുന്ന ആകാശം എനിയ്ക്ക് താമസിക്കുവാൻ അധികം സ്ഥലമൊന്നും വേണ്ട മിന്നാമിന്നിയുടെ വെളിച്ചത്തിൽ വല്ലപ്പോഴും ചീവീടിന്റെ ഒച്ച തിളപ്പിച്ചുകഴിച്ച് താമസിച്ചിരുന്ന ഞാനായിരുന്നു നീയാകുന്നതിന് മുമ്പ് ഇപ്പോൾ പുൽച്ചാടികൾ കാലുകൾ കഴിഞ്ഞ് മാത്രം ചാട്ടത്തിനിടയ്ക്ക് കാട് ആവിഷ്ക്കരിയ്ക്കുന്ന ഇടത്താണ് എന്റെ നൃത്തത്തിനും കൂടി മുറിയില്ല മുറിയിൽ പൂക്കൾ അതും വാടകകൊടുക്കാത്തതിന് മണത്തോട് വഴക്കിടുന്ന പൂക്കൾ ഒഴിഞ്ഞുകൊടുത്തിട്ടില്ല ഇറക്കിവിടാനാവാത്ത വിധം എന്റെ ശവശരീരത്തിൽ എപ്പോഴോ ഒരു മുറിയെടുത്തിരിയ്ക്കുന്നു അതേ ശലഭം..