Skip to main content

Posts

Showing posts from January, 2021

കാതുകൾ രണ്ട് വാക്കുകൾ

കൊഴിഞ്ഞ് അന്തരീക്ഷത്തിൽ നിൽക്കുന്ന ഇലകൾക്ക് മരം വരച്ച് കൊടുക്കുകയായിരുന്നു ശിശിരം കഴിഞ്ഞ ഋതു കഴിഞ്ഞ എന്നത്  വേരുകളായി നിന്ന നിൽപ്പിൽ ശിശിരം നിൽക്കുന്നിടത്ത് ഒരാൽമരമാവുന്നു കാറ്റിൽ നിന്നും ശ്വാസത്തിലേയ്ക്ക് കലരും പേരയില മണമുള്ള വൈധവ്യം പച്ച കഴിഞ്ഞ് മഞ്ഞകലർന്ന ചോപ്പ് നിറമുള്ള അന്തരീക്ഷത്തിലേയ്ക്ക് കലരും മരങ്ങൾ എന്ന ഉടമസ്ഥരില്ലാത്ത ഇലകൾ കരച്ചിലിലേയ്ക്ക് അഴിച്ചിട്ട കാതുകൾക്കിടയിലൂടെ തുള്ളിച്ചാടി വരും സൂര്യനൊരാട്ടിൻ കുട്ടി ഇവിടെ പകൽ രണ്ട് കാതുകൾ കിഴക്കിന്റെ പ്ലാവിലകൾ ഭൂമി എവിടെയോ ഭ്രമണത്തെ പെറ്റെണീച്ച, പാടുകളുള്ള ഭൂഗുരുത്വാകർഷണത്തിന്റെ അമ്മ!

ഒന്നിന്റെ മുപ്പത്തിയൊന്നിന്റേയും

കുളിയ്ക്കുമ്പോൾ തേയ്ച്ച സോപ്പിന്റെ മണത്തിൽ നിന്നും ശരീരം പതിയെ മുക്തമാവുന്നത് പോലെ പുതുവർഷത്തിന്റെ ആശംസകളിൽ നിന്നും മുക്തമാവുന്ന  ജനുവരിയിലെ ആദ്യദിനം തീയതിയിലെ ഉടലെന്ന പോലെ ഒറ്റപ്പെട്ട ഒന്ന്  കുളിച്ചിട്ടില്ലെന്നോ സോപ്പ് തേച്ചിട്ടില്ലെന്നോ  ഉള്ള  ഏതോ പ്രാചീനതോന്നലിൽ പൊതിഞ്ഞുവെയ്ക്കുകയായിരുന്നു ശരീരം പൊതിഞ്ഞുവെയ്ക്കപ്പെട്ട ശരീരം പൊതിയഴിച്ച് എല്ലാ മാസവും പത്താം തീയതി വന്ന് നോക്കുമ്പോലെ വഴിയിലേയ്ക്കിറങ്ങി നോട്ടം തിരിച്ചുവന്ന് കിണറ്റിലേയ്ക്കിറങ്ങി പന്നൽച്ചെടികൾക്കിടയിൽ പച്ചനിറത്തിൽ ഇലനീട്ടി തൊടികൾക്കടിയിൽ നീറ്റിലുണ്ടാക്കി  ആഴം കാണാവുന്ന കിണറിന്റെ  വാവട്ടങ്ങൾ അതിൽ ആകാശത്തിന്റെ പ്രതിഫലനത്തെ നിർമ്മിച്ച് ഇടയ്ക്കിടെ ഇളകികിടന്നു ഒരു തോന്നൽ മറ്റൊരു തോന്നലിൽ പൊതിഞ്ഞുവെച്ച വിധം ഉള്ളിലെ ശൂന്യത ആകാശത്തിന്റെ ഏറ്റവും സ്വകാര്യമായ മടുപ്പ് കേട്ടുകിടന്നു ഇടയ്ക്ക് അതിനെ കെട്ടിപ്പിടിച്ചു മാമുണ്ണുന്നത് പോലെ തിരിച്ചു തീറ്റിപ്പിച്ചു ഒരു കിണ്ണം കോട്ടുവായ ആഴങ്ങളിലേയ്ക്ക് തൂക്കപ്പെട്ട ജലത്തിൽ നിർമ്മിച്ച മണി പോലെ  നിശ്ചലതയിലേയ്ക്കാടി നിശ്ശബ്ദതയിലേയ്ക്ക് ആഴത്തിൽ തൂക്കിയിട്ട കിണർ ചന്ദനത്തിരി പോലെ പെയ്യുന്ന തുള്ളികളിൽ