Skip to main content

Posts

Showing posts from February, 2015

നമ്മൾ ഇരുകൊമ്പിൽ മാങ്ങകളായി പിടിക്കുന്നു പരസ്പരം തിന്നുന്നു

ഒരു തിങ്കളാഴ്ച ആണെന്നുള്ള ആലസ്യത്തിൽ മാനത്ത് കുറച്ചു വൈകി ഉദിക്കുന്ന അലസചന്ദ്രൻ താഴെ വിജനതയിൽ ഒഴുകുന്ന തെളിനീർപുഴ കരയിലെ ഒരൊറ്റ മരം  നിലാവിന്റെ വെട്ടത്തിൽ; പുഴ- ഓളങ്ങളിൽ തെറ്റി കാണുന്ന വെട്ടിത്തിളങ്ങുന്ന സ്വപ്നം അതിൽ മരം; ചേറ്റിൽ തെറ്റി വിരിഞ്ഞ രാതാമര പുഴയോ; പൂത്തുലയുന്ന രാത്രി മഴ! നനയുന്ന ഇതൾ നാണങ്ങൾ തീപിടിച്ച ജലത്തുള്ളികൾ ജലശീൽക്കാരങ്ങൾ തോരാത്ത മഴയിൽ ഇടയ്ക്കിടെ നിർവൃതി കുട നിവർത്തി ഇതൾ കുടയുന്ന താമര തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ.. ആകാശം ആ സ്വപ്നം അരണ്ട വെളിച്ചത്തിൽ ഒളിച്ചു കണ്ട മാതിരി മേഘങ്ങൾ മാനത്ത് ഉരുണ്ടു കൂടുന്നു ഇടയ്ക്കിടെ തെളിയുന്ന ഒറ്റനക്ഷത്രത്തിന്റെ മൂക്കൂത്തിത്തിളക്കം അഴിച്ചിട്ട മുടിപോലെ ഇളകുന്ന മേഘങ്ങൾ ആരോ മുത്തി കുടുക്കഴിച്ച പോൽ താഴേക്കിറ്റുവീഴുന്ന ജലത്തുള്ളികൾ അതിന്റെ മുലയാഴങ്ങളിൽ ആരോ പരതിയ പോൽ തെളിയുന്ന വിരിയാൻ കൊതിക്കുന്ന ഞെട്ടറ്റ പൂമൊട്ടുകൾ.. അത് തട്ടിയെന്ന പോൽ പെട്ടെന്ന് ഇരു സ്വപ്നങ്ങളിൽ നിന്ന് ഒരുമിച്ച് ഞെട്ടി ഉണരുന്ന നമ്മൾ അടുത്തടുത്ത്‌ മുട്ടിഉരുമി നില്ക്കുന്ന മകരമാവിലെ ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ അതിൽ പെട്ടെന്ന്

മടങ്ങുന്ന കടത്തുകാരൻ

അന്നത്തെ കടത്തു കഴിഞ്ഞു എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന കടത്തുകാരൻ ഇന്ന് പക്ഷെ വെറും കൈയ്യോടെ ആദ്യം മരത്തിൽ നിന്ന് അഴിച്ചെടുക്കുന്ന തോണി പിന്നെ വേരിൽ നിന്നും കെട്ടഴിച്ചു വിടുന്ന മരം മരം ദൂരേയ്ക്ക് നിറയുന്ന കണ്ണുകൾ ഉറങ്ങുന്ന കുഞ്ഞിന്റെ വിരൽ പോലെ അതിലോലം തീരെ ശബ്ദം കേൾപ്പിക്കാതെ പുഴയിൽ നിന്നും വേർപെടുത്തുന്ന തോണി ഒന്ന് നിറയുന്ന പുഴ നനയുന്ന തോണി സഞ്ചിയിൽ മടക്കി വെയ്ക്കുന്ന അഴിച്ചെടുത്ത പുഴ കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം അവസാനം പറിച്ചെടുക്കുന്ന സൂര്യൻ തുടച്ചു കളയുന്ന- ബാക്കി വന്ന പോക്കുവെയിൽ സഞ്ചിയിലേയ്ക്ക് സൂര്യൻ പരക്കുന്ന ഒരോറഞ്ച് മണം നടുവൊന്നു നിവർത്തി പിന്നെ കുനിഞ്ഞു മടക്കി വെച്ച പുഴ ചരിച്ചു കുറച്ചു വെള്ളം കുടിക്കുന്ന കടത്തുകാരൻ ഒടുവിൽ മടക്കം കൈയ്യിൽ സഞ്ചി തോളിൽ വഞ്ചി പുഴ കിടന്ന വഴിയെ വീട്ടിലേയ്ക്ക് കുറുകെ കടക്കുന്നു പിടയ്ക്കുന്ന മീനുകൾ പിടയ്ക്കുന്ന നെഞ്ചു അപ്പോഴും കടവിൽ തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത നിസ്സഹായത ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ് പുഴ ഇല്ലാത്ത കരയിൽ നിന്നും തേങ്ങൽ കടന്ന് അതാ ഒരു കൂവലുയരുന്നു ....

തീവണ്ടിയുടെ ഒച്ചയിൽ പച്ചപ്പ്‌ തലവെയ്ക്കുന്നു!

കേരളത്തിൽ നിന്ന് തെക്കോട്ടേയ്ക്ക് പോകുന്ന പതിവ് തീവണ്ടി അതിന്റെ ഒറ്റപ്പെട്ട മൂലയിൽ കൃഷി ഉപേക്ഷിച്ച അവസാന കൃഷിക്കാരൻ അയാൾ ഉപേക്ഷിച്ച കൃഷിക്കും ചെയ്യുന്ന യാത്രക്കും ഇടയിലെ ഒഴിഞ്ഞ ഏക ഇരിപ്പിടം പാടത്തിന്റെ ഭൂപടം കൃഷിക്കാരനിൽ നിന്നും യാത്രക്കാരനിലേയ്ക്കുള്ള കുറയുന്ന ദൂരം ജനൽകമ്പിയിൽ ഇരിപ്പിടം കിട്ടാത്ത തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന അവസാനമഴയും ഉപേക്ഷിച്ച വെള്ളത്തുള്ളികൾ ഓരോ ജാലക കാഴ്ചയിലും വിടപറയാൻ മടിച്ച് കൂടെ വരുന്ന ശലഭങ്ങൾ, കൃഷിസ്ഥലങ്ങളുടെ ചിത്രങ്ങൾ അതിലെ കരിയാൻ മടിക്കുന്ന പച്ചപ്പുകൾ ഒരു ഒരു നീണ്ടചൂളംവിളിയിൽ അതിർത്തി കടക്കുന്ന തീവണ്ടി അതിർത്തി കടക്കുവാനാവാതെ തളർന്നു വീഴുന്ന കേരളത്തിന്റെ സ്വന്തം പച്ചപ്പുകൾ കടന്നു പോയ തീവണ്ടിയുടെ കടകട ഒച്ചയിൽ ഗത്യന്തരമില്ലാതെ തലവെയ്ക്കുന്ന അവസാനകർഷകനും ഉപേക്ഷിച്ചു പോയ പച്ചപ്പ്‌ പച്ചപ്പിന്റെ രക്തം പതിച്ചു കേരളത്തിലേയ്ക്ക് തെളിയുന്ന ചുവപ്പിന്റെ ഒരു പുതിയ വെളിച്ചം!

ഇലയും ജലവും സതീര്‍ത്ഥ്യപ്പെടുന്നു

ഇലയും ജലവും  ഒരുമിച്ചു പഠിച്ചതാണ്;  നാലാം ക്ലാസ്സിൽ.. ഇല പഠിച്ചു പഠിച്ചു  ഉയരത്തിലെത്തി ആലിലയായി.. മയിൽ‌പീലി വച്ച് കൃഷ്ണനായി. കുളക്കടവിൽ ചേല കട്ടില്ലെങ്കിലും ദാഹിച്ചു പഠിച്ചിട്ടും ദാരിദ്യം കൊണ്ട് ജലം എന്നും വേനലിൽ കുചേലൻ വേരിലൂടെ ഒരു നാൾ മരത്തിന്റെ മുകളിൽ ഓർമകളിൽ സതീര്‍ത്ഥ്യപ്പെടുമ്പോൾ അവിൽ നിറത്തിൽ പല നിലകളിൽ ഒരു ഇലനീല ജലമഴ!

തണൽ ചുമന്നു കൊണ്ടിടുകയാണ് ഉറുമ്പുകൾ

ഇലകൾ നഷ്ടപ്പെട്ട ഒരു മരത്തിന്റെ ചോട്ടിലേയ്ക്ക് മറ്റൊരു മരത്തിന്റെ ചുവട്ടിൽ നിന്നും തണൽ ചുമന്നു കൊണ്ടിടുകയാണ് ഉറുമ്പുകൾ ഞാൻ ആ ഉറുമ്പുകളെ ചുമക്കുന്ന ചുമട്ടുകാരൻ നീ ആ ചുമട് എന്റെ തലയിൽ താങ്ങി തരുന്ന തൊഴിലാളി നമ്മൾ കഠിനമായി അധ്വാനിച്ചു ജീവിക്കുന്നു അധ്വാനത്തിന്റെ ഇടവേളകളിൽ നമ്മൾ ഉറുമ്പുകളെ വരിതെറ്റാൻ പഠിപ്പിക്കുന്നു പക്ഷെ അവ ഉമ്മ വെച്ച് കളിക്കുന്നു നമ്മൾക്ക് വഴി തെറ്റുന്നു ഒച്ച പിച്ചയെടുത്ത് നമ്മൾ കഷ്ടപ്പെട്ട് വാങ്ങിയ നിന്റെ കാലിലെ ഇതുവരെ കിലുങ്ങിയിട്ടില്ലാത്ത കടലാസ്കൊലുസ്സ് പെട്ടെന്ന് കിലുങ്ങുന്നു ഉറുമ്പുകൾ അത് കേട്ട്ചിതറിയോടുന്നു അത് കണ്ട് തണൽ ഒരു നിമിഷത്തേയ്ക്ക് അലിഞ്ഞു വെള്ളമാകുന്നു മരം പൊടുന്നനെ പൂത്തു തളിർക്കുന്നു........

ദൈവം പുറത്താകുന്നു!.

സൂര്യനെ വെളിച്ചമടിച്ച്‌ തിരയേണ്ട മഞ്ഞിറ്റിറ്റു വീഴുന്ന; പുതു പുലരി നിറങ്ങളുടെ പരിധിക്കു പുറത്തേയ്ക്ക് പൂക്കാൻ കൊതിച്ചു പല ചെടികൾ മണം കൊണ്ട് കഴുകിയ ഇതളുകളിൽ തേൻ കൊണ്ട് ശലഭങ്ങളെ വരയ്ക്കുന്ന- വിരിഞ്ഞ പൂക്കൾ കിളിയുടെ കവിളിൽ നിന്നും ഇറ്റു വീഴുന്ന പാട്ടുകളും പെറുക്കി അറിവിന്റെ കൈയ്യും പിടിച്ചു ഈശ്വരൻ നടന്നു വരുന്നു പുതുതായി പണികഴിപ്പിച്ച ദേവാലയത്തിൽ ആദ്യ ദിവസം തന്നെ ചേരുവാൻ പുരോഹിതരുടെ നിരവധി ചോദ്യങ്ങൾ അവയ്ക്ക് സ്നേഹം കൊണ്ട് കൃത്യമായമറുപടി സന്ധ്യ കൊണ്ട് ഉച്ച വരയ്ക്കാനുള്ള മറ്റൊരു ലഘു പരീക്ഷ.. അതും പ്രഭാതത്തിൽ! എല്ലാം ജയിച്ചിട്ടും; പൂരിപ്പിക്കുവാൻ കൽപ്പിച്ചു നല്കിയ അപേക്ഷയിൽ മതത്തിന്റെ പേര് രേഖപ്പെടുത്തുവാൻ വിട്ടതിനു മതം നടത്തുന്ന ദേവാലയത്തിൽ നിന്നും ആദ്യ ദിവസം തന്നെ ദൈവം പാവം പുറത്താകുന്നു!...

ഒരു കുമ്പിൾ ജലം കൊണ്ടൊരു പുതിയ ദാഹം ഉണ്ടാക്കുന്നു

എന്റെ കൈയ്യിൽ  ഒരു കുമ്പിൾ വെള്ളം മനസ്സിൽ ഇരു കുമ്പിൾ ദാഹവും മനസ്സില്ലാ മനസ്സോടെ മനസ്സിനെ ദാഹത്തിൽ മുക്കിക്കൊല്ലുന്ന ഞാൻ പ്രായശ്ചിത്തമായി ദാഹത്തിനു ദേഹം കൊണ്ടുണ്ടാക്കുന്ന പ്രതിമ അതിനിടുന്ന ഉപ്പ് എന്ന പേര് ആ പ്രതിമയെ കടലിൽ പ്രതിഷ്ഠിക്കുന്ന ഞാൻ തിരിഞ്ഞു നോക്കാതെ തിരിച്ചു നടക്കുന്ന ഞാൻ തിരകൊണ്ട് അതിനും പൂജകൾ നടത്തുവാൻ ഓടിയെത്തുന്ന വിശ്വാസികൾ അവർക്കിടയിലെ ദൈവവിശ്വാസികൾ അന്ധ വിശാസികൾ എന്ന തിരയെ വെല്ലുന്ന തർക്കങ്ങൾ കടൽ വെള്ളത്തിൽ ഉപ്പിലും ദാഹം തീർക്കുവാൻ അവർ നടത്തുന്ന ദൈവീക ശ്രമങ്ങൾ അത് കേട്ട് ഇല്ലാതാകുന്ന ഞാൻ ഒരു പേരിലേയ്ക്ക് മാത്രമുള്ള എന്റെ തിരിച്ചു പോക്ക് കാത്തു വെച്ച വെള്ളം കൊണ്ട് സമാധാനത്തിനു വേണ്ടി സമാധാനമായുണ്ടാക്കുന്ന മഴയുടെ തോരാത്ത ശിൽപം അവ പോലും പങ്കു വെയ്ക്കുന്ന അകാലത്തിൽ മൂഡപ്രതിഷ്ഠകളാകേണ്ടി വരുമോ എന്ന ശിലാശില്പ ആശങ്കകൾ അവയെ വെറുമൊരു ധർമ സങ്കടമായി സംഗീതത്തിൽ ജലമായി മീട്ടുന്ന മഴ അത് കേട്ട് നിറഞ്ഞൊഴുകുന്ന പുഴകൾ മഴയുടെ ഒഴുകുന്ന ശില്പങ്ങൾ ഒഴുകാത്ത ശില്പങ്ങളെ കായലുകളാക്കി തരം തിരിക്കുന്ന തിരക്കുള്ള പുഴകൾ അത്

ഉത്സവം

ഉത്സവം നമ്മൾ കലണ്ടറിലെ ഒരേ ദിവസം നീ ആഴ്ച ഞാൻ തീയതി കലണ്ടറിലെ താളുകൾ നമ്മുടെ ശ്വാസം തട്ടി തീപിടിച്ച് മറിയുന്നു ചന്ദ്ര മരത്തിന്റെ ചുവട്ടിൽ നിലാവിന്റെ തണലിൽ നമ്മൾ ഞാൻ ഓരോ തവണയും നിന്റെ വസ്ത്രം നോട്ടം കൊണ്ട് കരിക്കുന്നു അരഞ്ഞാണമാക്കുന്നു നീ ആ ചാരവും വിയർപ്പും ചേർത്ത് പാദസരം വളർത്തി അതിൽ മണി കിളിപ്പിച്ചു അത് കിലുക്കി ചിരി ആണെന്ന് തെറ്റിധരിപ്പിച്ചു അരയോളം പൈജാമ തിരികെ വരയ്ക്കുന്നു നമ്മൾ ഉടൽ കത്തിയ്ക്കുന്നു നിഴലുകൾ തീ കായുന്നു ദിവസങ്ങൾ ഉത്സവമാക്കുന്നു

രഹസ്യം

ഒരു സായാഹ്നക്കടലാകെ ഒരു ഉത്സാഹത്തിരയിൽ പൊതിഞ്ഞെടുത്ത് ഭൂഗുരുത്വാകർഷണം മുഴുവൻ പൂക്കളാക്കി നിന്നടുത്തെയ്ക്ക് ഓടിയണയുകയാണ് ഞാൻ നീയോ ഒരു പുഴ വായിച്ചു അതിൽ നീ വളർത്തുന്ന മീനിനു കാതിൽ  കഥപറഞ്ഞു കൊടുക്കുകയാവാം ഒരു കൊടുങ്കാറ്റു പോലെ ഞാനെത്തി ഒരു കുളിര് കാറ്റിലേയ്ക്ക് വേഷം മാറുന്നതിനിടയിൽ ഒഴുക്കിനിടയിൽ  ഒരു കണ്ണുനീർത്തുള്ളി എടുത്ത്  വെച്ച്  പുഴ മടക്കി  ഉറങ്ങി പോകുന്ന നീ  നിന്റെ കണ്ണിന്നരികിൽ നീ തുറന്നു വെച്ചിരിക്കുന്ന സ്വപ്നങ്ങളുടെ നിഘണ്ടു മഴവെള്ളം കൊണ്ട് നീ അടയാളപ്പെടുത്തിയ പുഴയിലെ ഇഷ്ട ഭാഗങ്ങൾ നിന്റെ ചുണ്ടുകളിൽ നിന്ന് ചുംബനം തെറിച്ചു എപ്പോഴോ നനഞ്ഞു പോയ പുഴയുടെ പുറംചട്ട നീ വായിച്ചു നിർത്തിയ പാതിയിൽ ബാക്കി ഒഴുകുവാനാകാതെ ഓളങ്ങൾ ഇളക്കി ഞാൻ വായിക്കാത്ത നിന്റെ പുഴ നീ വായിച്ചതൊക്കെയും ഞാനറിയാതെ ഞാൻ പൊതിഞ്ഞു കൊണ്ടുവന്ന കടൽ പൊതിയഴിച്ചു കട്ടെടുക്കുന്നതിനിടയിൽ നിന്റെ മീൻ ഒരു പിടച്ചിലിൽ കണ്ടുപിടിക്കുന്നു... പുഴ  കടലിലേയെക്കൊഴുകുന്നതിന്റെ രഹസ്യം!

മീനിന്റെ തല കറങ്ങുന്ന പങ്കയാകുന്നു

കരയിലെ തീരാത്ത പട്ടിണി കാരണം കടലിൽ കൂലി പണിയ്ക്ക് പോകുന്നവരാണ് മീനുകൾ അവിടെയും തൊഴിലില്ലാതെ വിശന്ന് വലയുമ്പോൾ ഗത്യന്തരമില്ലാതെ ആദ്യം അവർ സ്വന്തം വയർ ചൂടാക്കി വിയർപ്പിലിട്ടു  ചുട്ടു തിന്നും പിന്നെയും തീരാത്ത വിശപ്പിന്റെ അസ്ഥികൂടം അവരുടെ ദേഹത്ത് തന്നെ വെള്ളത്തിൽ കിടന്ന് മുള്ളുകളായി  പുനർജനിക്കും അത് സ്വന്തം ദേഹത്തെ കുത്തി നോവിച്ചു കൊണ്ടിരിക്കും ആ നോവ്‌ ആത്മാവിന്റെ ആത്മഹത്യക്ക് പോലും വിശന്ന് തുടങ്ങും ഒരു മുക്കുവന്റെ വല കാണുവോളം അങ്ങിനെ മീനിന്റെ തല കാറ്റില്ലാതെ വിയർക്കുന്ന പങ്ക പോലെ കറങ്ങിക്കൊണ്ടിരിക്കും! 

ഗാന്ധിജി ഒരു ജലച്ചായ ചിത്രം

മഴ, അത് പെയ്യുന്നതിനിടയിൽ ഒരു നിമിഷം ഒന്ന് കണ്ണടച്ച് ധ്യാനിച്ചു നിന്നിരുന്നെങ്കിൽ വെടിയേല്ക്കുന്നതിന് മുമ്പുള്ള  ഗാന്ധിജിയുടെ നിശ്ചലദൃശ്യമായേനെ മേഘത്തിൽ നിന്നും  മഴനൂൽക്കുന്നതിനിടയിൽ അത് പക്ഷേ ചെയ്തു കാണില്ല വെടി കൊണ്ട ഗാന്ധിജി കഴിഞ്ഞ മഴ പോലെ എന്നും പുഴയാണ്,  ഇന്നും നിലനില്ക്കുന്ന അനേകം അനീതികൾക്കെതിരെ പലവിധ കപ്പങ്ങൾക്കെതിരെ ഉപ്പു സത്യാഗ്രഹത്തിന് എന്ന പോലെ കൊണ്ട വെടിയുണ്ടയുമായി കടലിലേയ്ക്ക് തന്നെ അഹിംസാത്മകമായി ചോര ചുവന്ന കലക്ക നിറത്തിൽ സബർമതി ഓർമ്മപ്പെടുത്തി ഒഴുകിക്കൊണ്ടേയിരിക്കുന്നു....