Skip to main content

Posts

Showing posts from January, 2022

ഏത് പൂക്കൾക്കിടയിൽ

അതിന്റെ ചന്ദ്രനേയും കൂട്ടി തലേന്നത്തെ നിലാവ്  വീടിന് പിറകുവശത്ത് പവിഴമല്ലിയാകുവാൻ വരുന്നിടത്ത് നാലിതളുള്ള ജാലകങ്ങൾ നോട്ടം പുരട്ടി കൊഴിഞ്ഞ് വീണ് മുല്ലയായി കിടക്കുന്നിടത്ത് വീട് ഒരു കടവാകുന്ന ഇടത്ത് ജാലകങ്ങൾ പിറകിൽ പുഴയാവുന്ന ഇടത്ത് വസന്തം ഒഴുക്കാവുന്ന പുഴയിൽ നീലനിറത്തിൽ, പൂക്കളുടെ കടത്തുകാരനാവുന്നു എന്നും ഓരോ തോണി അധികം വരുന്നു എന്റെ ഒന്നാം ഏകാന്തത എന്നും നീയാകുന്ന ഇടത്ത് പവിഴമല്ലിയെ രണ്ടാം ഏകാന്തതയാക്കുന്നു ഇന്നലെയുടെ കടത്തുകാരൻ എന്നും  ഇന്നലെയേയും അക്കരെ കടത്തുന്നു അങ്ങനെയിരിക്കേ അവിചാരിതമായി ഒരു ദിവസം അധികം വരുന്ന രണ്ടാം ഏകാന്തത ഒന്ന് ചിന്തിച്ചുനോക്കൂ അങ്ങനേയിരിക്കെ ഒരിക്കൽ തലേന്ന് ഉണ്ടായില്ല ഇന്നലെകൾ നഷ്ടപ്പെട്ടുപോയ ഒരാൾ ഇനി അങ്ങനെയൊരാൾ ഉണരുന്നത്  വേണ്ടാന്ന് വെയ്ക്കുകയാണെങ്കിൽ ഏത് പൂക്കൾക്കിടയിൽ അയാൾ  കൊഴിഞ്ഞുകിടക്കും?

മീനിനെ വിട്ട് പുഴയെ പിന്തിരിപ്പിക്കുവാൻ ശ്രമിയ്ക്കുന്നു

മീനിന് പിന്നാലെ സമയം മുന്നിൽ പുഴ ഞാനിരുപ്പ് നീട്ടുന്നു നീലനിറമുള്ള പകൽ  ഉടലിലെ തീർത്ഥാടന ഗ്രന്ഥിയ്ക്ക് വഴി വഴി തെറ്റിയ ശിശിരം കൂട്ടിവെയ്ക്കുന്നില്ല കൊഴിഞ്ഞ ഇലകൾ  നിശ്ശബ്ദതയുടെ മഞ്ഞുകാലത്തിന് വഴിതെറ്റിയിരിയ്ക്കുന്നു വഴി ചോദിയ്ക്കുന്ന മഞ്ഞുകാലത്തിന് ഇല കൊഴിച്ച്  വഴികാണിച്ചുകൊടുക്കുന്ന ഒറ്റ മരമാവുകയായിരുന്നു ഞാൻ കത്തുമ്പോൾ  തീ പിടിച്ച കടലാസ് വളയുന്നത് പോലെ എഴുതുമ്പോൾ   അക്ഷരങ്ങൾക്ക് താഴേ  വളയുന്നുണ്ടായിരുന്നു ഞാൻ കൈയ്യക്ഷരകോക്കാച്ചി വന്ന് പിടിച്ചുകൊണ്ടുപോകും എന്ന് പറഞ്ഞ് പേടിപ്പിച്ചിരുന്ന എന്റെ അക്ഷരവളവുകൾ  കണ്ണടച്ച് കയറിയിരുന്നാൽ കവിതയിലെത്തിയ്ക്കും എന്ന് വിചാരിച്ചിരുന്ന സങ്കടം എന്ന് പേരുള്ള വാക്കിന്റെ വരയൻകുതിര അത് കരകവിയുന്നതറിയാതെ പുഴയ്ക്കരികിൽ വാക്കുകൾക്കൊപ്പം മേയുന്നു. വിരഹത്തിന്റെ ആകൃതിയുള്ള കാപ്പിപ്പൊടി നിറമുള്ള കാതുകൾ ഒരു ചന്ദ്രക്കല മാത്രമെടുത്ത് എന്റെ കാപ്പിക്കപ്പിന്നരികിൽ വന്നിരിയ്ക്കുന്ന ആകാശം വിദൂരതയെ സൃഷ്ടിയ്ക്കും പുല്ലാങ്കുഴലിലെ ഒരു വിരലിനും അടിപ്പെടാത്ത സുഷിരം കാതുകളിൽ ചാരി ചുണ്ടുകൾ  ആ വിരഹത്തിന് കൂട്ടിരിയ്ക്കുന്നു കൈയ്യെത്താത്ത വിധം കുറച്ചുകൂടി മുകളിലേയ്ക്ക് വെച്ച പക്ഷിക്

കറുക്കുന്ന കാതുള്ളവൾ പാട്ടും

പഴയപാട്ടുകൾ കൊണ്ട് കാതുകഴുകുന്ന ഒരുവൾ അവളുടെ കറുക്കുന്ന കാതിന്നരികിൽ ചുണ്ടുകൾ മാത്രം ചുവന്നിരിയ്ക്കുന്നു ഞാൻ അവളുടെ കറുക്കുന്നപാട്ടുകൾ ഇട്ടുവെയ്ക്കും പെട്ടി അവളുടെ ചുണ്ടുകൾ, മൂളിപ്പാട്ട് മാറിയുടുക്കുവാൻ വരും ഇടം അവൾ കറുക്കുന്ന കാതുകളുടെ, കറുത്തുതീരാത്ത ഉടലിന്റെ ശേഖരമുള്ളവൾ അവൾക്ക് ബ്ലാക്ക് & വൈറ്റിന്റെ മൂക്കുത്തി അതിൽ പാട്ടിന്റെ മൂക്കൂത്തിക്കല്ല് അവൾ പാട്ടുകൾ കോരി പുറത്തേയ്ക്കൊഴിക്കുന്നു അവളുടെ ഗ്രാമ്പൂമണമുള്ള മറുക് വാക്കുകൾ കറുപ്പിയ്ക്കുന്നു നേരം മാത്രം വെളുപ്പിയ്ക്കുന്നു മറുകിന്റെ ചെമ്പരത്തീനിഴൽ സഞ്ചരിച്ച് സഞ്ചരിച്ച് നീങ്ങിനീങ്ങി പാട്ടിൽ ചെന്ന് തട്ടി ഉടൽ കറുക്കുന്നു മിന്നാംമിന്നിയ്ക്കും അവൾക്കും ഒരേ രാത്രി ഒരേ റവുക്ക രണ്ട് വ്യത്യസ്ത ഹൂക്കുള്ള ഇരുട്ടുകൾ.

ജീവിതം എന്ന ഒറ്റമൂലി

നിന്നെ ചുമന്ന്കൊണ്ടുവരുവാൻ ജമന്തിപ്പൂക്കളോട് ആവശ്യപ്പടുകയായിരുന്നു നിറം നിലത്തിട്ട്  വിടരുന്നത് നിലത്തിട്ട് ജമന്തിപ്പൂക്കൾ വളവിൽ ഓളത്തിന്റെ കലയുള്ള ചന്ദ്രൻ കലകളുടെ ചുഴിയാണ് നിശ്ചലതയിൽ മരണവെപ്രാളങ്ങളുടെ ആഴവും ഭൂമിയിലെ ഓരോ മനുഷ്യന്റേയും നോക്കുന്നതിന്റെ കാഴ്ച്ച അത് ചുമക്കുന്നു ഒളിച്ചു എന്ന ഉള്ളടക്കം ചേർത്ത് ചന്ദ്രക്കലയുടെ ആകൃതിയുള്ള ഭ്രാന്തിൽ മാനം അത് ഇരുട്ടിൽ സൂക്ഷിക്കുന്നു ജീവിതത്തോടുള്ള കലഹം നിലാവാക്കിയതിനാൽ ചന്ദ്രൻ കലരും ജലം എന്ന് നിലത്തെഴുതി ജീവിതം എന്ന ഒറ്റമൂലിയ്ക്ക് കാവലിരിയ്ക്കുന്നു

മേഘം കളഞ്ഞുകിട്ടും വിധം

ധമനികാലങ്ങളിലെ രക്തം ഹൃദയം ചുമന്ന് കവിതയാക്കും പോലെ ഉടമസ്ഥനെത്തിരഞ്ഞ് നടക്കും ആകാശം ഉണ്ടാക്കും, ശൂന്യതയുടെ യന്ത്രം കളഞ്ഞുകിട്ടിയ ഒരാൾ തൂവലുണ്ടാക്കുന്ന മെഷീൻ കളഞ്ഞുകിട്ടിയ പക്ഷി ആകാശം ഉപേക്ഷിയ്ക്കുന്ന കുപ്പത്തൊട്ടി തിരഞ്ഞുനടന്ന് അവസാനം നീലനിറത്തിൽ അയാളെ കണ്ടെത്തുക തന്നെ ചെയ്യും വിരലുകൾ കവിതയുടെ കങ്കാരു ജീവിതം അതിന്റെ സഞ്ചിമൃഗം ഋതുക്കൾ ചെമ്മരിയാടുകൾ ആറിടങ്ങളിൽ അവ മേയുന്നില്ല മേയുന്നതിന്റെ ശിൽപ്പങ്ങളിൽ ഇടയന്മാർ ഇടപെടുന്നില്ല അവരുടെ തോളിലെ വടി ഭൂഖണ്ഡങ്ങൾ കടക്കുന്നില്ല നാരങ്ങാനിറമുളള ചെമ്മരിയാടിൻ കൂട്ടങ്ങൾ. ഉന്മേഷങ്ങൾ എന്ന് നിറങ്ങൾ തിരുത്തും നാരങ്ങാമണമുള്ള ഇടയൻ എന്നെ കളഞ്ഞുകിട്ടിയ നീ എന്നൊരുവരി അന്നും നിന്റെ കവിതയിൽ  നാരങ്ങാമണത്തിൽ അധികം വരും ശൂന്യതയുടെ മോർച്ചറിയിൽ നിന്നും മഴ ഏറ്റുവാങ്ങും മിന്നലേറ്റവണ്ണം തുന്നിക്കെട്ടിയ ആകാശത്തിന്റെ ബോഡി തൽക്കാലം അതിലടക്കുവാൻ തുടങ്ങുവായിരുന്നു എല്ലാം തിരിഞ്ഞുനടക്കുന്ന ഒരാളുടെ പിറകുവശം പൊടുന്നനേ  മേഘമാവുന്നു.

പക്ഷിത്തൂവൽ ശേഖരം കൊണ്ട് അവളെ കൊള്ളയടിയ്ക്കും വിധം

നക്ഷത്രങ്ങൾ കാൽ നനയ്ക്കും ചന്ദ്രക്കലയിലെ കടവിനെ അവളുടെ മാലയിലെ  ലോക്കറ്റിന്റെ തണുപ്പിൽ നിന്നും കണ്ടെടുക്കുകയായിരുന്നു ഞാൻ സ്വർണ്ണം കാൽ നനയ്ക്കും ലോക്കറ്റ് അതായിരുന്നു അവളുടെ മാറിൽ കിടക്കുമ്പോഴെല്ലാം  ലോക്കറ്റുമായി തലവെച്ച് മാറുമ്പോഴും ഞങ്ങൾക്കിടയിലെ ധാരണ അപ്പോഴെല്ലാം അവൾ സ്വർണ്ണമായി സ്വർണ്ണത്തിനും മുകളിലേയ്ക്ക് തുളുമ്പീ അവൾ നനവ് നനഞ്ഞ നീല ചുണ്ടുകളും നനഞ്ഞിട്ടുണ്ട് അതിൽ മഴനനച്ച മാവില, ചേർത്തുവെയ്ക്കും മയക്കം തണുപ്പിൽ അതിന്റെ  സ്വർണ്ണമണം കുനുകുനേ . പൊട്ടിയ്ക്കുന്നതിന് മുമ്പ് കുയിൽ കുലുക്കിനോക്കും മഴയിട്ടു വെയ്ക്കും  വേഴാമ്പലിന്റെ കുടുക്ക അവളുടെ ലോക്കറ്റിൽ കൊത്തി മരംങ്കൊത്തി. അധികം ചിലയ്ക്കാത്ത പക്ഷിവശം ശബ്ദവും കുലുക്കങ്ങളുമായി ഞാനെന്റെ കാത് കൊടുത്തുവിടുകയായിരുന്നു അവൾ കൊടുത്തുവിട്ടു മാറത്ത് വെച്ച ചുണ്ടും ചൂടും ചന്ദ്രക്കലയും അടുത്തടുത്ത് അടുക്കിവെച്ച  ചെറിയചതുരങ്ങളിൽ അവളുടെ ഉടലിൽ പ്രാവുകളുടെ കൂടുകൾ നിർമ്മിക്കുന്ന പക്ഷിവളർത്തുകാരനാവുന്നു ഞാൻ ഇടയ്ക്കിടയ്ക്ക് പക്ഷിയും കുറച്ചുകൂടി ഏകാന്തത വേണമെന്ന് തോന്നിയാൽ ഒരു പക്ഷേ പക്ഷിയ്ക്ക് കൂടാവുന്നതുൾപ്പടെ മനുഷ്യൻ ചെയ്യുന്നതെല്ലാം ഇതിനിടയിൽ ചെയ്യുന്നു