Thursday, 19 June 2014

തിരച്ചിൽ

 നിലാവ്  പോലെ
 നര ഒളിച്ചു
കാറ്റ് കൊള്ളാനിറങ്ങിയ
രാത്രി പോലുള്ള
നിന്റെ
ഇരുണ്ട തലമുടി

നക്ഷത്രങ്ങൾ
രഹസ്യമായി പൂത്തിറങ്ങിയ
നിന്റെ മുടിയിലെ
മുല്ലപ്പൂക്കൾ

നിന്റെ മുഖത്തിന്റെ
മടിയിൽ
ജാരനെ പോലെ
പറ്റിചേർന്നു കിടക്കുന്ന
എന്റെ ചുണ്ടുകൾ

നിന്റെ നനുത്തചെവിയുടെ
താഴ്വാരങ്ങളിലും 
ഒരു ചോരനെ പോലെ
മുല്ലപ്പൂ ഗന്ധം വകഞ്ഞു
തിരയുന്നുണ്ടവ ഇപ്പോഴും

ഏതോ മഴയത്ത്
വിജനമായ ഒരിടവഴിയിൽ
എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക്
നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു
നിന്റെ  മഷിത്തണ്ട് മണമുള്ള
 ചുണ്ടിൽ നിന്നും വഴുതി
  എവിടെയോ കളഞ്ഞുപോയ
 നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

Thursday, 12 June 2014

വേനൽ


വേനൽ എന്ന ഹോട്ടലിൽ നിന്ന് 
നട്ടുച്ച ഭക്ഷണം കഴിക്കുന്നു 
ആഹാരത്തിന്റെ ചൂട് കുറച്ചു 
കുറഞ്ഞതിനു ആരോ കാലാവസ്ഥയെ 
തെറി പറയുന്നു 
സമയം ഘടികാരത്തിൽ 
അത് കേട്ട് വിയർത്തൊലിക്കുന്നു 
സഹികെട്ട് കാലാവസ്ഥ 
സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ
ചുവട്ടിൽ കൊണ്ടിരുത്തുന്നു
മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത്
നട്ട് പൂരിപ്പിക്കുന്നു
ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു
മരം മുകളിൽ നിന്ന്
കത്തി ജ്വലിക്കുന്നു,
ഉയരങ്ങളിൽ നില്ക്കുന്നത്
എന്തും കത്തും എന്നും
അത് താഴെ നില്ക്കുന്നവയെ
പൊള്ളിക്കുമെന്നും
ആരോ വേവുന്ന
തണലിന്റെ ഭാഷയിൽ
അടുപ്പത്ത് വച്ച് 

നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ
നിലാവത്ത് ഉറക്കമൊഴിഞ്ഞ്
പഠിച്ചിട്ടും
പൌർണമി പരീക്ഷയ്ക്ക്
വെട്ടത്തിന് ഉയർന്ന നിലയിൽ
വിജയിച്ചിട്ടും
 അമാവാസി പരീക്ഷയ്ക്ക്
ഇരുട്ടിന്റെ  മാർക്ക്
ചന്ദ്രന് എന്നും
വട്ട പൂജ്യം 

Wednesday, 11 June 2014

മടക്ക ശിൽപം

എല്ലാവരും ഉണ്ടായിട്ടും
അനാഥനെ പോലെ
ഏതോ പുഴ എവിടുന്നോ
കടത്തി കൊണ്ട് വന്നതാണ്

കടൽ എന്നത്
വളരെ ദൂരെ നിന്നു
വായിക്കാവുന്ന
ഏതോ അനാഥാലയത്തിന്റെ
 ബോർഡായിരുന്നു

അറബി
കടൽ സംസാരിക്കുന്ന
ഭാഷയും

എന്നാലും
എനിക്കിനി വയ്യ
അലയുന്ന  കടൽ ജീവിതം

എനിക്ക് ഓർക്കണം
ആ പഴയ  പുഴ ജീവിതം
വീണ്ടും ആ പുഴയുടെ രക്തമാവണം

അലിയണം
ഈ അലച്ചിൽ മതിയാക്കി
തിരിച്ചു പോകണം
പുഴയിലേക്ക്
അതിലെ ഒഴുക്ക്
വകഞ്ഞു മാറ്റി
നീന്തുന്ന മീനുകളുടെ
കണ്ണുകൾ തെളിക്കുന്ന
വെളിച്ചം കണ്ട്

പുഴയിലെ വഴിയിലൂടെ
പ്രകാശമില്ലാത്ത
തകരുന്ന  മിന്നലിൽ
എന്നും
പുതുക്കപ്പെടുന്ന  മഴയിലേയ്ക്ക്‌

അതിലെ
ഒരൊറ്റ മഴത്തുള്ളിയാകണം
ചിന്നി ചിതറിച്ച
ഇലകളിലൂടെ   നടന്നു
തിരിച്ചു മരം കയറി
മുകളിലേയ്ക്ക് മടങ്ങി പോകണം
ഒരൊറ്റ  തണുത്ത മഴയിലേയ്ക്ക്‌

അതിനിടയിൽ  പുഴയിൽ
പുതിയൊരു
 വെള്ളച്ചാട്ടത്തിന്റെ മരം
നടണം

ഘനീഭവിച്ചു
പയ്യെ പയ്യെ  പെയ്യിച്ച
അന്തരീക്ഷത്തിലേയ്ക്ക്

 ഒരു കാറ്റിന്റെ
 തോണി തുഴഞ്ഞു
ഒച്ച ഉണ്ടാക്കാത്ത
ഒരു നിശബ്ദ  ഇടിയിൽ
ഇടി ഒഴിഞ്ഞ
മേഘത്തിലെയ്ക്ക്
 തിരിച്ചു പോകണം
വന്ന വഴിയെ
അണുവിട തെറ്റാതെ

അതിനു മുമ്പ് അന്തരീക്ഷത്തിൽ
പുഴയ്ക്കും മഴയ്ക്കും ഇടയിൽ
ഒരു ശിൽപം ഉണ്ടാക്കണം
ഒഴുകുന്ന പുഴയിൽ
പെയ്യുന്ന മഴയുടെ

വീണ്ടും കാണുബോൾ
താരാട്ടു കൊണ്ട് കെട്ടിയ
തൊട്ടിലു    പോലെ
ചെറുതാകുമായിരുന്ന
വിശാലമായ ആകാശത്തിലേയ്ക്ക്
എനിക്കെന്റെ പഴയ  നക്ഷത്രത്തിന്റെ
അയൽക്കാരനാവണം

അവിടെ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി
ഇടയ്ക്കിടയ്ക്ക് മങ്ങുന്നതിന്റെ
രഹസ്യം  കണ്ടു പിടിക്കണം

 ആകാശം ഒരു അമ്മയോളം
ചെറുതാകുന്ന
രണ്ടക്ഷരത്തിന്റെ മടിയിലെ
കണ്ണ് ചിമ്മുന്ന കുഞ്ഞാകണം
അവിടെ സ്വന്തം
മാറത്തു  ഞെട്ടിൽ
നിലവിളക്ക് കൊളുത്തി
എരിയുന്ന അമ്മ മുഖം കാണണം

സ്നേഹമൊഴിച്ചുള്ള
വികാരങ്ങൾ മുണ്ഡനം ചെയ്ത തല
ഒരു കുഞ്ഞുഭിക്ഷുവിനെ
 പോലെ കുനിക്കണം
കണ്ണുകൾ കൊണ്ട് തീ അണക്കണം


പ്രണയ പാപങ്ങൾ പ്രസവിച്ചു
ചുവപ്പിച്ച ചോര
നിഷ്കളങ്കമായ ഒറ്റ ചുംബനത്തിൽ
വെളുപ്പിച്ചു
അമ്മിഞ്ഞ പാലാക്കണം
മാതൃത്വത്തിന്റെ  ചുണ്ടിലെ ഒരിക്കലും
മായരുതാത്ത പഴയ പുഞ്ചിരിപൂങ്കുല
പുതുക്കി തിരിച്ചു  നല്കണം

നിലാവ്  കൊളുത്തി വച്ച്
സൂര്യനെ അന്ന് പതിവിലും കുറച്ചു നേരത്തെ
ഒന്നൂതി അണയ്കണം
അതിലൂടെ പൂർണമായി മാഞ്ഞു പോണം

പൂക്കളെ പോലെ പല നിറമുള്ള
വെയിൽ കൊളുത്തി അതി രാവിലെ
പുതിയൊരു സൂര്യനെ പിന്നെയും
ആരെങ്കിലും  തെളിയ്ക്കുമായിരിക്കും      

Monday, 9 June 2014

സ്റ്റാറ്റസ് പോസ്റ്റുകൾ രണ്ടാമൻ

കടലാസ് ചെടിയുടെ കോപ്പിയടി  
പഠിക്കാതെ
അവിടെയും ഇവിടെയും
 കറങ്ങി നടന്നിട്ടും  ,
പരീക്ഷയ്ക്ക്
തോല്ക്കാതിരിക്കുവാൻ
അപ്പുറത്ത് നില്ക്കുന്ന
പനിനീര്ച്ചെടിയെ
ആരും അറിയാതെ
എത്തി നോക്കി    
മുള്ള് പോലും കളയാതെ
സ്വന്തം പേപ്പറിലേയ്ക്ക്
പകർത്തി എഴുതുന്നുണ്ട്
വേലിക്കൽ നില്ക്കുന്ന
കടലാസ് ചെടി


സസ്യാഹാരി
പുറമേ 
സസ്യാഹാരി എന്ന് 
തോന്നിക്കുമെങ്കിലും 
ആരും അറിയാതെ 
രഹസ്യമായി 
മത്സ്യം കഴിക്കുന്നവരാണ്‌ 
റോസാച്ചെടികൾ

അത് കൊണ്ട് തന്നെ 
മുള്ള് കളഞ്ഞില്ലെങ്കിലും 
പനിനീരിന്റെ 
അത്തർ പൂശാൻ 
അവർ  മറക്കാറില്ല


വെൽഡർ മിന്നൽ
നനഞ്ഞ തുള്ളികൾ
ഉണങ്ങാതെ ഒട്ടില്ല
എന്നറിയാതെ
ഇടി വെട്ടുമ്പോഴും
പെരുമഴയത്ത്
മഴ തുള്ളികൾ
വിളക്കി ചേർക്കുവാൻ
ശ്രമിക്കുന്നുണ്ട്
നനയുമ്പോഴും
ഉണങ്ങി മെലിഞ്ഞ മിന്നൽ 

തിരകൾ
ചിപ്പി പിടിച്ചു മുകളിൽ 
വെച്ചിട്ടും 
കാറ്റടിച്ചു തിരികെ 
വെള്ളത്തിൽ വീണു നനയുന്നുണ്ട് 
കടൽ കഴുകി 
തീരത്ത് ഉണങ്ങാൻ വിരിച്ചിടുന്ന 
തിരകൾ

ഉറക്കം
നിന്റെ സന്ധ്യമയങ്ങിയ
നെറ്റിയിലൂടെ കയറി 
ഉറക്കം തൂങ്ങിത്തുടങ്ങിയ മുടിയിലെ 
ഒറ്റയടിപ്പാതയിലൂടെ 
മുല്ലപ്പൂ മണം ശ്വസിച്ചു 
വരി വരിയായി 
മറവിയിലെ കറുപ്പിലേയ്ക്ക് 
നടന്നു മറയുന്ന 
എന്റെ ചുവപ്പ് മങ്ങി തുടങ്ങിയ 
ചുംബന സൂര്യന്മാർ

ദാമ്പത്യപുഴു
വളരുന്ന 
നട്ടെല്ല് മരത്തിൽ 
ഒരു ഇലഹൃദയത്തെ
രക്തമഴത്താലി കെട്ടി
താഴേയ്ക്ക് 
ഇഴഞ്ഞു ജീവിക്കുന്ന 
പുഴുവായി ദാമ്പത്യംമഴവിൽ 
സാരി
എനിക്ക്
വസ്ത്രം ധരിക്കാൻ അറിയാം
എന്നൊരു പ്രസ്താവന പോലെ
മഴയുടെ കല്യാണത്തിന് മാത്രം
ആകാശം എടുത്തുടുക്കുന്ന
സാരിയാണ് മഴവില്ല്

അതാവും
നിറം മങ്ങുമെന്ന് പേടിച്ചു
നനയ്ക്കാതെ 
മേഘത്തിനെ പോലും
അധികം കാണിക്കാതെ
ഒന്ന് വെയിൽ വെട്ടം കാണിച്ചു
പെട്ടെന്ന് ഉണക്കി
തിരികെ എടുത്തു മടക്കി
ആകാശ അലമാരിയിൽ
തിരിച്ചു സൂക്ഷിച്ചു
വയ്ക്കുന്നത്

ചോക്ലേറ്റുകൾ  
ഒരു ചിരി ഉറങ്ങിയിരുന്ന
രുചി ആയിരുന്നു
കുട്ടിക്കാലത്ത് ചൊക്ലെറ്റുകൾ

പിന്നെ എപ്പോഴോ നിന്റെ
ചുണ്ടുകൾ പ്രായപൂർത്തിയായി
ആ സ്ഥാനത്തിരുന്നു ഉറക്കമൊഴിഞ്ഞ്
വെളുക്കുവോളം പഠിക്കുവാൻ
വരുന്നത് വരെ
മേഘത്തിനു

എന്നും ഒരു അധികപ്പറ്റാണ്
അത്രമേൽ സൌമ്യമാണ്
ഓരോ മേഘവും

ഒന്നുമില്ലെങ്കിലും
ഭാരമില്ലാത്ത
മോഹങ്ങൾ നല്കി
വിളിച്ചുകൊണ്ടു വന്ന
ഭർത്താവിനെ
പോലൊരു വെയിൽ

പെട്ടെന്ന് മങ്ങി
എങ്ങോട്ടോ മുങ്ങി
ശൂന്യാകാശത്ത്
പാതിവഴിയിൽ
ഉപേക്ഷിക്കുമ്പോഴും

ഓരോ മഴയേയും
ചാറ്റൽ മഴയായി
പെറ്റു
പെരുമഴയായി
പോറ്റി വളർത്തുന്ന
അമ്മയല്ലേ

ഡൌണ്‍ലോഡ്
രാത്രികൾ
ഡൌണ്‍ലോഡ് ചെയ്യുന്നു, 
നിലാവിന്റെ
പുതിയ വേർഷൻ
അതായിരിക്കും 
ഉറക്കത്തിൽ സ്വപ്‌നങ്ങൾ
ഇത്രയും സ്ലോ


കള്ളക്കടത്ത്
കാറ്റടിച്ചാൽ കുലുങ്ങുമെങ്കിലും
മരങ്ങൾ ഭീകരന്മാരാണ്
കിളികളെ ഉപയോഗിച്ച്
മുട്ടയ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ചു
അവരിപ്പോഴും
കള്ളക്കടത്ത് നടത്തുന്നു

അഭിനയം
നക്ഷത്രങ്ങൾ എല്ലാം
താരങ്ങൾ ആയിട്ടും
വെളുപ്പിന് ഉദിച്ചു
പടിഞ്ഞാറു അസ്തമിച്ചു
ഇപ്പോഴും
അവാർഡ്‌ സിനിമയിലെ
അഭിനയം തന്നെ
ഒരു മാറ്റവും ഇല്ലാതെ ദിവസേന
കാഴ്ചവയ്ക്കുന്നത് കൊണ്ടാകും,
വെയിലും കൊണ്ട് 
കിഴക്ക് പടിഞ്ഞാറു നടന്നിട്ടും
ഒരു ഫ്ലഡ് ലൈറ്റ് ആയി പോലും
അഭിനയിക്കുവാൻ
സൂര്യന് ഇത് വരെ
ഒരു അവസരം
കിട്ടാതെ പോയത്

സംശയം
ഇലയിൽ ഒരു കാറ്റിൽ
തൂങ്ങി നിന്നിട്ടും വേര്
താഴെ മണ്ണിൽ തട്ടി നിന്നിരുന്നു
എന്ന സംശയത്തിന്റെ പുറത്തു
മുറിച്ചു മരണകാരണം
പോസ്റ്റ്‌ മോർട്ടം ചെയ്തു
കണ്ടു പിടിക്കുവാൻ വേണ്ടി മാത്രമാണ്
മരത്തിനെ മനുഷ്യൻ എന്നും
അറുത്തു നിലത്തിട്ടിട്ടുള്ളത്

തിരക്ക് 
തിരക്ക്
ഒറ്റപ്പെട്ടവന്റെ പോക്കെറ്റിൽ
പെട്ട് പോയ
ഒറ്റനോട്ടാണ്
ചില്ലറ മാറുക എന്നുള്ളത്
അയാളുടെ മാത്രം
സമയത്തിന്റെ
ജോലിയും

 ഇമ്പോസിഷൻ
ടീച്ചർ ഇന്നലെ 
സമയത്ത് 
ഒരു മരം നട്ടില്ല

കുട്ടികൾ ഇന്ന് 
അസമയത്ത് 
ഒരു കാട്
ഇമ്പോസിഷൻ 
നടുന്നു

ചുവന്ന തെരുവ്
സാഹിത്യം ഒരു
ചുവന്ന തെരുവാണ്
അവിടെ
വൃത്തം നോക്കാതെ
ഭാവന നോക്കി നടന്ന 
കവിയാണ്‌
കവിത ഇടിച്ചു
ഓണ്‍ലൈനിൽ കിടന്ന്
മരിച്ചു പോയത്


ലാമിനേറ്റ് ചെയ്ത പുഴ   
പരിസ്ഥിതി ദിനം,
ഉഷ്ണം,
വെയിൽ കൊളുത്തി,
ഉത്ഘാടനം ചെയ്യുന്നു;
വെള്ളം കൊണ്ട് 
ലാമിനേറ്റ് ചെയ്ത
പ്ലാസ്റ്റിക്‌ പുഴ!


കണ്ണീർക്കുട്ടി
മണ്‍സൂണ്‍ ക്ലാസ്സിൽ
കരഞ്ഞോണ്ട്
മഴയ്ക്ക്‌ പഠിക്കുന്നു
ജൂണ്‍ മാസത്തിൽ ജനിച്ചൊരു
കണ്ണീർക്കുട്ടി

തൊഴുത്ത്
പുഴ ഒരു തൊഴുത്താണ്
ഒറ്റ കൊമ്പുള്ള തോണികളെ
മണൽ കറന്നെടുത്തു
വെള്ളം കൊടുക്കാതെ
അഴിച്ചു കെട്ടുന്നിടം

സവർണ വെയിൽ 
നിറം ഇരുണ്ടതായത്
കൊണ്ടാകുമോ
തണലത്തു കയറി നില്ക്കാൻ
സവർണവെയിലിന്
ഇന്നും മടി

വണ്ടുകൾ ഗുണ്ടകൾ 
പുഷ്പങ്ങളുടെ
ചുവന്ന തെരുവിൽ
ശലഭങ്ങളോട് വില പേശുന്നു
ഗുണ്ടകളെ പോലെ
വണ്ടുകൾ

പുഴ എന്ന തെരുവ് 
പുഴയെന്ന തെരുവിലൂടെ
നടന്നു പോകുന്നു, വീടില്ലാത്ത മഴ!
അകലെ കടൽ നനയുന്നു

കാറ്റ് 
കടലിൽ
കാറ്റു കൊള്ളാൻ പോയപ്പോഴാണ്
ഒരു തിര വന്നു
കാലു പിടിച്ചത്
പിന്നെ ആ തിരയെ പിടിച്ചു
വെള്ളം ഊറ്റി
മതം മാറ്റിയാണ്
മറ്റൊരു കാറ്റാക്കി മാറ്റിയത്


ശിൽപം
നിന്റെ മൂക്കിലെ
ഇല്ലാത്ത മൂക്കൂത്തിയിലെ കല്ല്
കണ്ണ് കൊണ്ട് നോക്കി പൊട്ടിച്ച്
നിന്റെ കഴുത്തിന്‌ ചുറ്റും വിരിയുന്ന
താമര ഇതളുള്ള നാക്ക്‌ കൊണ്ട്
അതിൽ ഒരു ശിൽപം കൊത്തണം
പിന്നെ നിന്റെ മടിയിൽ കിടന്നു
മുടിയുടെ ഇളം കാറ്റ് ഏറ്റ്
വായാടി മുഹൂർത്തം നോക്കി
നമ്മുടെ ചുണ്ടുകൾ കോർത്ത്‌
ഇരു ചെവി അറിയാതെ
അതിനു ചുംബനം എന്ന് പേരിടണം


മഴവില്ലുകൾ
നിന്റെ ചുണ്ടുകൾ
ഭൂമിയിലെ ഒറ്റ നിറമുള്ള
മഴവില്ലുകൾ

ചുംബനങ്ങൾ
പുതിയ ചുംബനങ്ങൾ
എന്നും പകുത്തു തന്നിട്ടും
എന്തിനാണ് പഴയവ
ഉപേക്ഷിക്കുവാനാവാത്ത പോലെ
എന്നും നീ
എന്റെ ചുണ്ടിൽ
തിരിച്ച് നനച്ചിടുന്നത്


കാമുക ദുഃഖം
ബുദ്ധൻ വീട് വിട്ടിറങ്ങിയ
അതെ തെരുവിലെ
ആദ്യത്തെ വീട്ടിൽ
അതെ അർദ്ധരാത്രിക്ക് മുമ്പ്

വേണമെങ്കിൽ
ഒരു ആറു മണിക്കൂർ മുമ്പേ
എന്ന് കൃത്യമായി പറയത്തക്ക വിധം
ഒരു സന്ധ്യാസമയത്തു തന്നെ
കാമുക വേഷങ്ങൾ
എല്ലാം ഉപേക്ഷിച്ച്
ക്ഷീണിച്ചു വലഞ്ഞ ഒരു രൂപം
ഭർത്താവിനെ
പോലെ ചെന്നു കയറുന്നു

ദാമ്പത്യം എന്ന മതം
പുനസ്ഥാപിക്കുവാൻ വേണ്ടി മാത്രം
അന്നന്ന് ഓരോ വീട്ടിലും
തിരിച്ചു കയറേണ്ടി വരുന്ന
ഭർത്താക്കൻ മാർക്ക്
എല്ലാം ഒരേ മതം ആണെന്ന്
ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു

ബുദ്ധൻ അറിയുന്നുണ്ടാവുമോ
ബോധി മരം
വഴിയിലെങ്ങും
കാണാത്തത് കൊണ്ട് മാത്രം
ശരിക്കും ഇറങ്ങി പോകേണ്ട
വീടുകളിലേയ്ക്ക്
തിരിച്ചു തളര്ന്നു കയറിചെന്നു
ഭർത്താവാകേണ്ടി വരുന്ന
ബുദ്ധൻമാരുടെ കാമുക ദുഃഖം