Skip to main content

Posts

Showing posts from November, 2013

വാസ്കോഡ-ഗാമ വിമാനമിറങ്ങുമ്പോൾ

ജനിച്ചുവളർന്നത്‌- കുട്ടനാട്ടിലാണ്... ആറന്മുളയിലേക്കു- കെട്ടിച്ചുവിട്ടതാണ് സ്ത്രീധനമായിട്ട് കിട്ടിയത് മതമായിരുന്നു അത് സൌഹാർദമായി വരമ്പ് കെട്ടി- സൂക്ഷിച്ചതാണ് വയലായത് കണ്ണാടി പോലെ പവിത്രമായിരുന്നു ബന്ധങ്ങൾ മഴപെയ്യുമ്പോൾ തുള്ളികൾപോലും ഉടഞ്ഞുപോയിരുന്നില്ല അവ മണിപോലെ അവിടെ ചിതറിക്കിടക്കുമായിരുന്നു വെയില് വന്നു ഉണക്കി നെന്മണികളാക്കുന്നത്  വരെ നെന്മണികൾ കൊയ്തെടുക്കാൻ വേനൽ വരുന്നത് വൈക്കോൽക്കെട്ടുമായിട്ടായിരുന്നു അത് തിന്നാൻ ദേശാടനപൈക്കൾ വിരുന്നു വരുമായിരുന്നു അവ  ദേവാലയങ്ങൾ പ്രദക്ഷിണം വച്ച് സദ്യയുണ്ട് മയങ്ങിയിരുന്നു നെല്ലും വൈക്കോലും ഒഴിഞ്ഞ പാടത്തു കറുത്ത കുട്ടികളും വെളുത്ത ഇടയരും പിച്ച് ഒരുക്കി ക്രിക്കറ്റ് കളിച്ചിരുന്നു ആ പിച്ചിൽ ഒരു തദ്ദേശീയ പന്ത് അടിച്ചു വിരമിച്ച റണ്ണിനു വേണ്ടി ഓടുമ്പോഴാണ് ഒരു വിദേശ വിമാനം അവിടെ പറന്നിറങ്ങിയത് റണ്‍വേ വയലിലെ പിച്ചിലേയ്ക്ക്  തെന്നി മാറിയത് വിമാനത്തിൽ നിന്ന് ഭരണമണമുള്ള യാത്രക്കാർ- പുറത്തേക്കിറങ്ങിയത് അവർ അഴിമതിനിറമുള്ള കണ്ണട വച്ചിരുന്നു അവർ ഖുബൂസും മതത്തിന്റെനിറമുള്ള തൈരും അവിടെ നിന്നവർക്ക്‌

മരത്തിന്റെ തുമ്മൽ

മരത്തിനെ പിടിച്ചു മഞ്ഞു- സോപ്പ് തേയ്പ്പിച്ചു കണ്ണ് നീറി  മരം അവിടെ- നിന്നു ചിണുങ്ങി കാറ്റടിച്ചു തണുത്തു മരം- തടി കുടഞ്ഞു ചില്ലയിൽ അലക്കി വിരിച്ചിട്ട- ഇലകുലുങ്ങി ഉണങ്ങിയ ചില ഇലകൾ താഴെ വീണു അതിൽ അഴുക്കു മണ്ണും ചെളി പുരണ്ടു കാറ്റു അതെടുക്കുവാൻ ഓടി വന്നു, കാലൊന്നു തെറ്റി മുറ്റത്തു തെന്നിവീണു മുട്ടൊന്നു പൊട്ടി തെച്ചി ചോര വന്നു തൊടിയിലെ മുക്കുറ്റി- ത്തടവിനിന്നു. മുറ്റത്തു പെട്ടെന്ന് വെയിലു വന്നു ഒരു ആഭരണവും അണിയാതെ- സ്വർണക്കടയുടെ പരസ്യമായി അതു കണ്ടു മരം കണ്ണ്തള്ളി പർദ്ധയിട്ടമൊഞ്ചത്തി മേഘങ്ങൾ ചിരി വരച്ചു മൈലാഞ്ചികൈ കൊണ്ട് അതു മായ്ച്ചു നാണിച്ചു ഭൂമി പച്ച- നിറമുടുത്തു  ആകാശം ഗമയിൽ കൂളിംഗ് ഗ്ലാസ്‌ വച്ചു   അതാ മഴ വരുന്നെന്നൊരു വാർത്ത മിന്നലായി മഴകാണാൻ ഏവരും കാത്തു നിന്നു ചറ പറ പെട്ടെന്ന് മഴ തുടങ്ങി നനഞ്ഞ മരങ്ങൾ തുമ്മി തുടങ്ങി തുമ്മി തുമ്മി ഇലകൾ കൊഴിഞ്ഞു തുടങ്ങി ശിശിരം വന്നെന്നൊരു അശരീരി മുഴങ്ങി അതു കേട്ട് ആരോ തരിച്ചു നിന്നു ഒരു കറുത്തമീൻകാരൻ ചിറകടിച്ചപ്പോൾ അതു വഴി പറന്നു പോയി!    

മറ്റൊരു വണ്ടിക്കാള

ലാടം തറച്ച  ദുർഘട പാതയിൽ പാദരക്ഷകളില്ലാതെ ഓടുന്ന കാലുകൾ കൈകൾ പോലും കാലാക്കി വരിപോലെ സ്വപ്നവും ഉടച്ചു നീങ്ങുന്ന കാളകൾ അവ അയവിറക്കുന്നുണ്ട് ഒരു ഭൂതകാലം ഒരു പശുവിനെ സഖിയായി എന്നോ വരിച്ച കാലം പിന്നെ എന്നോ അത് ഒരു പശു എന്നുള്ള ധിക്കാരത്തിൽ ഉയർന്ന ലാടവും ധരിച്ചു കാലും അകിടും  ഉടലും ഉയർത്തി പുച്ചവും ആട്ടി തോന്നിയ പാതയിലൂടെ പതിയെ നടന്നു പോയ കാലം തന്നോടൊപ്പം ജീവിത ഭാരം ചുമക്കുന്നെന്നു സമൂഹത്തോടൊപ്പം അഭിമാനിച്ച കാലം അപ്പോൾ അത് സമ്പാദിച്ച അന്യന്റെ  ബീജത്തെ പശുവെന്ന ഔദാര്യത്തിൽ അതിനു സംരക്ഷിക്കുവാൻ സമ്പാദ്യം പോലെ ജീവിതം  പോലും ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന  കാലം ഓരോ ഭർത്താവും വെറുമൊരു ഈയമെന്നപേരിൽ വെറുതെ അറിഞ്ഞു വെറുത്ത  കാലം ഭാര്യയെന്ന പശുവിനു പേരുദോഷം കേൾക്കാതിരിക്കുവാൻ ചാരിത്ര്യം സംരക്ഷിക്കുവാനെന്നപേരിൽ പഴകിയ  ഈയമായി അവരുടെ മധ്യകർണങ്ങളിൽ ചൂടാക്കി ഉരുക്കി ഒഴിക്കുവാനായി ഉപയോഗിക്കപ്പെടുന്ന വെറുമൊരു വണ്ടിക്കാളയുടെ ജന്മം പേറുന്ന ലാട കാലം!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

രണ്ടു എപ്പിസോഡുകൾ

കല്യാണമണ്ഡപങ്ങൾ പണ്ടൊക്കെ താരദൈവങ്ങളുടെ പടം ഓടിയ കൊട്ടക ആയിരിന്നു അന്ന് പലരും ദേവാലയമെന്നു പേര്ചേർത്ത് വിളിച്ചിരുന്നു അന്നൊക്കെ വിഗ്രഹങ്ങൾ പോലും പുരോഹിതരെ ആരാധിച്ചിരുന്നു.... അപ്പോഴൊക്കെ പുരോഹിതർ പ്രേക്ഷകരെ കാണുന്ന തിരക്കിലായിരുന്നു അങ്ങിനെയാണ് ദൈവങ്ങൾ പടി ഇറങ്ങി പോയത്.... പ്രേക്ഷകർ കുറഞ്ഞു തുടങ്ങിയത്... അത് മുൻ കൂട്ടി കണ്ടു കൊണ്ടാകണം പണ്ടേ പല ദേവാലയങ്ങളും പേര് മാറ്റാതെ കല്യാണമണ്ഡപങ്ങൾ ആയി ഉപയോഗിച്ച്  തുടങ്ങിയിരുന്നത് ഇന്നും കല്യാണമണ്ഡപങ്ങളായി പിടിച്ചു നില്ക്കുന്നതും സിഗററ്റ്  വലിക്കുന്ന സ്ത്രീകൾ സിഗററ്റ്  വലിക്കുന്ന സ്ത്രീകളെ കാണുമ്പോൾ പുക പോലെ മോഹം ഉള്ളിൽ പൊങ്ങിയിട്ടുണ്ട് മാനത്തിന് അനാരോഗ്യമാണെന്നുള്ള മുന്നറിയിപ്പ് അറിഞ്ഞുകൊണ്ട് അവഗണിച്ചു ഒന്ന് വലിച്ചു നോക്കിയാൽ എന്താണെന്നു പരിഗണിക്കുമ്പോൾ അവർ വലിച്ചു എറിഞ്ഞ സിഗരറ്റുകളുടെ പല്ലും നഖവും അവരുടെ കാലിന്റെ അടിയിൽ ഞെരിഞ്ഞു അമരുന്നുണ്ടാവും അവർ സ്വയം ഏതോ കാലത്തിന്റെ കാലുകൾക്കിടയിൽ പിടയുന്നുണ്ടാവും... ഒരു മണം മാത്രം ബാക്കി വച്ച് പുക മാനം നോക്കി ഭൂതകാലത്തേക്ക് ഉടുപ്പില്ലാതെ പോകുന്നുണ്ടാവും 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാര്യയ