Sunday, 24 January 2016

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക്
കുന്നുമായി
വിളറിവിയർത്തു
കയറി
പോകുന്ന ഒരാൾ
അവിടെ എത്തുമ്പോൾ
അയാൾ ഇറക്കിവെച്ച കുന്നിൽ
അയാളറിയാതെ
ദൈവം
ഒരു ദേവാലയം
പണിഞ്ഞ് വെയ്ക്കുന്നു
ശിൽപ്പങ്ങളുടെ
കൊത്തുപണി ചെയ്ത
മേഘങ്ങൾ
മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ
വിശ്വാസത്തിന്റെ നെടുംന്തൂണുകൾ
അത്രയും വിശ്വാസിയാക്കി
അത്രയും താഴേയ്ക്ക്
അയാളെ
തള്ളിയിടുന്ന കാലം
2
സമയത്തിന്റെ
വളരെ ചെറിയ
ഒരു കോമേഴ്സ്യൽ
ബ്രേക്ക്‌
വിശ്വാസത്തിന്റെ കുറച്ചധികം
പരസ്യങ്ങൾ
3
കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം
പ്രാവുകളും പക്ഷികളുമായി
തിരിച്ചു അനായസേന
കുന്നുകയറുന്ന അയാൾ
അയാളിലെയ്ക്ക് തിരിച്ചുകയറുന്ന
പഴക്കമുള്ളചിരി
കയറുന്തോറും
അയാൾ
പടവുകൾ അഴിച്ചുകളയുന്നു
ചിരിച്ച ചിരി ഓരോന്നും
മായ്ച്ചു കളയുന്നു
അവസാന പടവും
അഴിച്ചു കഴിയുമ്പോൾ
വീണു പോകുന്ന
അയാൾ
അയാളുടെ ചിരികൊത്തിത്തിന്ന്
ചിറകുപേക്ഷിച്ചു
പറന്നുപോകുന്ന പ്രാവുകൾ
വെറും തൂവലുകളായി
നടന്നുപോകുന്ന കിളികൾ
പതിയെ പതിയേ
പ്രാവുകളുടെ ചിറകുകൾ
കൊണ്ടുണ്ടാക്കിയ
മണിയിലേയ്ക്ക്
അയാൾ കൂടുമാറുന്നു
ഓരോ മുഴക്കത്തിലും
ഇടിഞ്ഞു വീഴുന്ന
ക്ഷേത്രത്തിലെ പഴഞ്ചൻ
വിഗ്രഹമാവുന്നു
കൂടുതൽ കൂടുതൽ
കൂർത്തകല്ലുകളായി
താഴേയ്ക്ക്
തകർന്നുവീഴുന്നതിനിടയിൽ
കുറച്ചുകൂടി
സ്വതന്ത്ര്യമുള്ള ഒരാകാശം
അത്രയും പ്രതിധ്വനികളോട് കൂടി
ഒരു അവസാനചിരിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുന്നു!

രാത്രി മഞ്ഞ്

മഞ്ഞുണ്ടായിരുന്നു
അത്രയും തണുപ്പിച്ച്
ഓരോ അണുവിനേയും
രാത്രി
കെട്ടിപ്പുണരുന്നുണ്ടായിരുന്നു
എനിക്ക് മുകളിൽ
ഗുരുത്വാകർഷണത്തിന്റെ
ഞെട്ട് പോലെ
ഏതു നിമിഷവും
ഞാനടർന്നു വീണേക്കാവുന്ന
രണ്ടു ചുണ്ടുകൾ
അടർന്നു വീണത്‌ പോലെ
അവ ചുംബിച്ചു
വാരി പുതച്ചു
തണുത്തു വിറച്ചു
അന്തരീക്ഷത്തിൽ
അത്രയും ഉയരത്തിൽ
പിടിച്ചുനിൽക്കുവാൻ
ഞാൻ ശ്രമിക്കുന്നതിനിടയിൽ,
അത്രയും
ഉയരം കുറച്ചു
വിഭജിക്കുവാനുള്ള അക്കം പോലെ
എന്റെ അരികിലേയ്ക്ക്
ആകാശത്തിനെ തന്നെ
അവൾ
താഴ്ത്തിയിറക്കുന്നു
ജാലകത്തിന് വെളിയിൽ
ചില്ലിലൂടെ
ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന മഞ്ഞുതുള്ളികൾ
എന്നിലേയ്ക്കിറ്റിക്കുകയാണ്
അവൾ
എനിക്ക്
ചൂടു പിടിച്ച്‌ തുടങ്ങിയിരിക്കുന്നു

വെട്ടം കുറച്ചു
അവളുടെ ഉടലിലാകെ
ഞാൻ കൊളുത്തിവെയ്ക്കുന്ന
മെഴുകുതിരികൾ
ഉറങ്ങാത്തപ്പോൾ
ഒക്കെ
ഞങ്ങൾ
ഇണചേർന്നിരുന്നത് പോലെ
ഇണ ചേരാതിരുന്നപ്പോഴൊക്കെ
അരണ്ടവെളിച്ചത്തിൽ
ഞങ്ങൾ കണ്ടുകൊണ്ടിരുന്ന
ഒരിക്കലും നിറം ഉണങ്ങാത്ത
ചുവരിലെ ചിത്രങ്ങൾ
സംസാരിക്കുന്ന
ജലം പോലെ
അവ ചുവരിലുലയുന്നു

ഉറങ്ങുകയാണെന്ന് കരുതി
ഞങ്ങൾ കാണാതെ
ആ ചിത്രങ്ങൾ
ശബ്ദമില്ലാതെ
ഊരി വെച്ച്
നിലത്തേയ്ക്കിറങ്ങി
കിടക്കുകയാണ്
അടുത്തടുത്തുള്ള
രണ്ടു ചുവരുകൾ
ചുവരുകളുടെ
വസ്ത്രങ്ങൾ പോലെ
ചുറ്റും നിലത്ത്
നിറം അഴിഞ്ഞുകിടക്കുന്ന
ചിത്രങ്ങൾ
അത്രയും ചലനരഹിതമായി
മുടിയിലെ നരപോലെ
മിഴികളിൽ നിമീലിത നിറച്ചു
രതിയ്ക്കുള്ള ധ്യാനത്തിലാണ്
താഴെ കിടന്നു കഴിഞ്ഞ;
ചുവരുകൾ
ചുറ്റും ഉയർന്ന് കേൾക്കാവുന്ന
ഞങ്ങളുടെ ശ്വാസത്തിന്റെ
ശീൽക്കാരം മാത്രം
എങ്ങും നിശബ്ദത
പെട്ടെന്ന്
അത്രയും മൃദുവായി
മുലഞെട്ടൊരു പാട്ട്
എന്റെ ചുണ്ടിൽ വെയ്ക്കുന്നു!

Saturday, 9 January 2016

വെളുത്ത പേരുള്ള നഗരം

വെളുത്ത പേരുള്ള നഗരം
 -------------------
 നേരം ഇരുട്ടിയിട്ടില്ല
ഇതിൽ കൂടുതൽ ഇരുട്ടുമെന്ന്
പ്രതീക്ഷയുമില്ല

നഗരത്തിലെ ഇരുട്ടാണ്‌
ഇരുട്ടില്ലാതെ ഒരു നഗരവുമില്ല
 പകലുപോലും

 ഒഴിവാക്കുവാനാകാത്ത
ബാധ്യതകളുടെ കുറ്റബോധമാണ്
 മനസ്സിൽ

ഒഴിക്കുവാനല്ലെങ്കിലും
അരയിൽ ഒറ്റമണി ജപിച്ചുകെട്ടിയ
ഇരട്ടഉടലുള്ളപെണ്ണിനെ
നിർത്താതെ പൂജിക്കുകയാണ് ഞാൻ

അവൾ ഇടയ്ക്കിടയ്ക്ക്
 ചുമയ്ക്കുന്നുണ്ട്
പൂജമുടക്കുന്നുണ്ട്

അടുത്തുകൂടിനടന്നുപോയ
പൂച്ചയെ
എറിഞ്ഞുടയ്ക്കുന്നുണ്ട്

നാളീകേരം പോലെ ഉരുണ്ടുരുണ്ട്
 പൂച്ച മൂന്നു കണ്ണിൽ
 ഒച്ചവെയ്ക്കുന്നു

 ഓരോ ഒച്ചയും മീനുകൾ ആവുന്നുണ്ട്

പിടിച്ചപ്പോഴേ
 പുറമാകെ അരപ്പ്
 അരച്ച് പുരട്ടിയിട്ടുള്ളത് പോലെ
പിടയ്ക്കുന്നമീനുകൾ

കണ്ണുകൾ പോലും ആരുടെയോ
ചുവന്ന അരപ്പായിരുന്നുവെന്ന്‌
തിരിച്ചറിയുമ്പോൾ
മരണം പോലും പൂർത്തിയാക്കാതെ
 പിടപ്പ് പാതിയിൽ നിർത്തി
കൊതിപ്പിക്കുന്ന മണം
 പുറത്തു വിടുന്ന മീനുകൾ

വെളുത്ത പേരുള്ള നഗരം

പണ്ട് ഭരിച്ചിരുന്ന
മരിച്ചുപോയ രാജാവ്
മഴവില്ല് അനുവദിച്ചുകൊടുത്ത നഗരം

 ആ മഴവില്ല്
 നിലവിൽ വന്നിട്ടില്ല

ആകാശത്തിന്‌ സ്ഥലമില്ലാത്തതാണ്
കാരണം

അതുകൊണ്ട് നിറങ്ങൾ
വീട്ടിലിരിക്കുന്നു

വെളുപ്പ്‌ മാത്രം
പഴഞ്ഞൻ ശൈലിയിൽ
വവുരിട്ടു
മുല്ലപ്പൂ വെച്ച്
ഇരുട്ടുമ്പോൾ പണിയ്ക്ക് പോകും

ചെയ്യുന്ന ജോലിയുടെ പേരാണ്
കറുപ്പ്

അല്ലെങ്കിലും
നഗരത്തിലെ രാത്രിക്ക്
 നിയമസാധുതയില്ല

രാത്രി എല്ലായിടവും
ഇരുട്ടിലൂടെ മാത്രം കടന്നു പോകുന്നു

പോലീസുകാർ പാറാവ്‌ നിൽക്കുന്നു

പകൽ പുറത്തിറങ്ങി
കാഴ്ച നഷ്ടപ്പെട്ടവർ
കണ്ണ് തിരഞ്ഞ് രാത്രി പുറത്തിറങ്ങും

അവർ മൂങ്ങകളെ പോലെ
 ചോദ്യം ചെയ്യപ്പെടും
മൂളലുകൾ പോലെ മൊഴി
രഹസ്യമായി രേഖപ്പെടുത്തപ്പെടും

എന്റെ പൂജ കഴിഞ്ഞിട്ടില്ല
 മണി അഴിഞ്ഞുപോയ പെണ്ണ് 
കാശെണ്ണി നോക്കുന്നു
തുണിയെടുത്തുടുക്കുന്നു

 കറൻസിനോട്ടിൽ
കീശ വെച്ച് പിടിപ്പിച്ച ഭിക്ഷക്കാരൻ
 എന്നെ അവഗണിച്ച്
അവളുടെ നേരെ കൈനീട്ടുന്നു

അവൾ നഗരത്തിലെ
 ഏറ്റവും ഉയർന്നകെട്ടിടത്തിലെ
 അറുപത്തി ഒമ്പതാം നിലയിലെ
 അറുനൂറ്റി തൊണ്ണൂറ്റിരണ്ടാം മുറി
 മുറിച്ച്
അയാളുടെ കൈയ്യിൽ
വെച്ചുകൊടുക്കുന്നു

അവൾ മണിഅഴിഞ്ഞുപോയതറിയാതെ
കാശെണ്ണിവാങ്ങിയതറിയാതെ
നിർത്താതെ
 കിലുങ്ങിക്കൊണ്ടേയിരിക്കുന്നു…

Saturday, 2 January 2016

മഴവില്ലിന്റെ കുഞ്ഞ്

ആകാശചെരുവിൽ
 ഞാനും മഴവില്ലിന്റെ കുഞ്ഞും

 തിത്തിരിപക്ഷികളുടെ പാട്ടിന്റെ ഭാഷയിൽ 
കിലുകിലാ കുഞ്ഞു ചിരിക്കുന്നു

 മഴവില്ലിന്റെ കുഞ്ഞിന്‌ ഉറക്കമില്ല

 രാത്രിയെന്നും പകലെന്നും തീരെ ഇല്ലാത്ത
ആകാശത്തിന്‌
 കാണാത്ത കുഞ്ഞിനെ ഉറക്കണം
എന്നൊട്ടുമില്ല

 ചാന്ത് മാഞ്ഞുപോയ
സന്ധ്യയുടെ നെറ്റിയിൽ
തലേന്ന് പെയ്ത മഴത്തുള്ളികൾ വെച്ച്
കളിക്കയാണ് കുഞ്ഞ്

 വിരിയാറായ മന്ദാരമൊട്ടിൽ
 വീണ് തുടങ്ങി..
മഞ്ഞ്

 തണുപ്പിന്റെ ആദ്യതരി


 ഞാനിനിയും മോഷ്ടിച്ച് കഴിഞ്ഞിട്ടില്ല
 രണ്ട് നക്ഷത്രങ്ങൾ
തികച്ച്

 ഇന്നലെകൾ നിലാവിന് വിറ്റ്
പലപ്പോഴായി
മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ
ഇനിയും തിരിച്ചുകൊടുക്കാനുണ്ട്
അരചന്ദ്രന്റെ ബാക്കി 

ഉറക്കം വരുന്നില്ല...


നിറങ്ങൾ കാണാതെപഠിക്കുകയാണ്
പുലരാറായിട്ടും;
രാത്രി

 ഇനി എന്നാണാവോ…
 വസന്തത്തിന്റെ കേട്ടെഴുത്ത്!

Friday, 1 January 2016

ക്ഷേത്രങ്ങൾ പണിയുമ്പോൾ

ഗാന്ധിജിയുടെ മരണം
ഒരു പരാജയപ്പെട്ട
കൊലപാതകമായിരുന്നു

കൊലപാതകി പോലും
ഗാന്ധിജി കൊല്ലപ്പെടണം
എന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ല


ഗാന്ധിജിയെ കൊല്ലാനും വേണ്ടി
കൊലപാതകി അന്ന്
സ്വയം വളർന്നിട്ടുണ്ടായിരുന്നില്ല


(പിന്നെ അയാളെ ഒരു രാഷ്ട്രത്തെ
തന്നെ കൊല്ലാനും വേണ്ടി
നമ്മൾ വിഷം/മതം കൊടുത്തു വളർത്തി അത് വേറെ കാര്യം)

ഒന്ന് മുറിപ്പെടുത്തണം
എന്നെ ഉദ്ധേശിച്ചിട്ടുണ്ടാവുള്ളൂ

അത് കൊണ്ട് ഗാന്ധിജിയുടെ മരണം
ഉറപ്പിക്കേണ്ടത്
കുറെ പേരുടെ ആവശ്യമായിരുന്നു

അത് കൊണ്ട് തന്നെ സത്യത്തിനു വേണ്ടി
ഗാന്ധിജിയ്ക്ക് പിന്നെയും ജീവിച്ചിരിക്കേണ്ടി വന്നു

എങ്ങിനെ ജീവിച്ചിരിക്കുന്നു
എന്ന് ആരും ചോദിച്ചില്ല

സത്യത്തിനു വേണ്ടി ആയതു കൊണ്ട്
എന്തിനു ജീവിച്ചിരിക്കുന്നു
എന്ന് ഗാന്ധിജിയും ചിന്തിച്ചില്ല

പക്ഷെ മരണാനന്തര ജീവിതം
ഗാന്ധിജിയ്ക്കും ചോദ്യചിഹ്നം തന്നെയായിരുന്നു

പലർക്കു മുമ്പിലും
ആയ കാലത്ത്
ആ ജീവിതം
ആശ്ചര്യ ചിഹ്നം ആയിരുന്നപ്പോഴും

സഹനസമരം ചെയ്തപ്പോഴും
എന്റെ ജീവിതം തന്നെയാണ്
എന്റെ സന്ദേശം എന്ന് ഉത്ഘോഷിച്ചപ്പോഴും
ഗാന്ധിജി
ജീവിച്ചിരിക്കുവാൻ
ഇത്ര ബുദ്ധിമുട്ടിയിരുന്നില്ല

കുറേകാലം തപാൽ സ്റ്റാമ്പുകളിൽ
സര്ക്കാര് ഓഫീസുകളിലെ ചിത്രങ്ങളിൽ
നോട്ടുകളിൽ
ചില്ലറ
പണികൾ ചെയ്തു നോക്കി
അവര്ക്ക് പേര് പോലും വേണ്ടിയിരുന്നില്ല

വേണ്ടത് വെറും ജീവനില്ലാത്ത ചിത്രങ്ങളായിരുന്നു

ഉപേക്ഷിച്ചില്ല
പറയാതെ ഇറങ്ങി പോരുകയായിരുന്നു
വിലയില്ലാത്ത നോട്ടുകളിൽ നിന്ന്
കള്ളനെ പോലെ

തന്റെ പേരുള്ള തെരുവുകളിലൂടെ നടന്നു
തേരാപാര
ആരും തിരിച്ചറിഞ്ഞില്ല

തന്റെ രൂപമുള്ള പ്രതിമകളിൽ കയറി
താമസിച്ചു
വാടക കൊടുക്കേണ്ടി വന്നില്ല
ഓടിക്കേണ്ടി വന്നു കുറെ കാക്കകളെ

അവസാനം ജന്മ നാട്ടിൽ തന്നെ കിട്ടി
ചെറിയ ഒരു പണി

പട്ടേലിന്റെ പ്രതിമയായിരുന്നു

തിരിച്ചറിഞ്ഞപ്പോൾ
ആരോ
അവിടുന്നും പിരിച്ചു വിടുകായിരുന്നു

പിന്നെ ആരും കണ്ടിട്ടില്ല

അവസാനം തിരക്കി ചെന്നത്
സത്യമായിരുന്നു
സത്യത്തിനെ ആർക്കും വേണ്ടായിരുന്നു
അതുകൊണ്ടാവണം സത്യത്തിനെ തിരക്കി നടന്ന
ഒരാളെ അവസാനം
സത്യം തന്നെ തിരക്കി
ചെന്നത്

ഒടുവിൽ കണ്ടെത്തി

നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയത് പോലെ

ഗാന്ധിജി വിശ്വസിച്ചിരുന്നത് പോലെ
ഇന്ത്യയുടെ ആത്മാവിനെ പോലെ
ഒരു ഗ്രാമത്തിൽ

ധ്യാനത്തിലോ
എല്ലാവരും വിചാരിക്കും പോലെ രാജ്ഘട്ടിലോ
ഉദ്യാനത്തിലോ ആയിരുന്നില്ല
ഗാന്ധിജി

അ'ദ്വാ'നിക്കുകയായിരുന്നു

അതെ ഗോഡ്സേയ്ക്ക്
വെയ്ക്കുന്ന അമ്പലത്തിൽ
മൈക്കാട് പണിയിലായിരുന്നു
ഗാന്ധിജി!