(1)
ആത്മഗതം
-------------------
ഉത്തരം അറിയാത്ത
കുട്ടിയെ പോലെ
നീ
എന്റെ മുന്നിൽ
മുടി അഴിച്ചിട്ട്
തലകുനിച്ച്
എഴുന്നേറ്റ് നില്ക്കുന്നു
ഗൃഹപാഠം
ചെയ്യാത്ത കുറ്റത്തിന്
വഴക്ക് പറയാതെ
നോക്കി നോവിക്കാതെ
ഇരിക്കുവാനുള്ള ആഗ്യം
തകർന്ന മനസ്സുകൊണ്ട്
നീ കാണാതെ കാട്ടി
ഞാൻ
അടുത്ത കുട്ടിയിലേയ്ക്ക്
മെല്ലെ നടക്കുന്നു
കൂടെ
ചിഹ്നം നഷ്ടപ്പെട്ടിട്ടും
പ്രസക്തി നഷ്ടപെടാത്ത
ചോദ്യമായി
എന്റെ പ്രണയവും
തോല്ക്കാൻ എനിക്ക് മനസ്സില്ല
എന്നുള്ളത്
ബഹുവചനം നഷ്ടപ്പെട്ട
ഒരു പഴയ പാട്ടിന്റെ
വരികൾ മാത്രം അല്ല,
സ്നേഹം കൊതിക്കുന്ന
ഒരു ആത്മാവിന്റെ
നിശബ്ദ ഗദ്ഗദം കൂടിയാണ്
എന്നൊരു അശരീരി
ആത്മഗതം പോലെ
ഞാൻ മാത്രം കേൾക്കുന്നു
(2)
പ്രതീക്ഷ
________________
ഓരോ ഉച്ചയും
പരാജയപ്പെട്ട പ്രഭാതങ്ങളാണ്
പ്രഭാതങ്ങൾ
ഉണരാൻ വൈകി പോയ
നിഷ്കളങ്ക ബാല്യകൌമാരങ്ങളും
ഉണർന്നു വിജയിച്ചു
എന്ന് കരുതി
എത്തപ്പെടുന്ന
സായന്തനങ്ങൾ
ചിത വെട്ടം കൊളുത്തിയ
സന്ധ്യകളാണ്
അത് മരണഇരുട്ടിലേയ്ക്കുള്ള
വെറും വഴികാട്ടികൾ
എന്നാലും
ജീവിതമേ
ബാക്കി വച്ച ഓരോ പ്രഭാതവും
പുനര്ജനികളാണ്,
പ്രണയം നുകരാൻ സൌന്ദര്യം കാണാൻ
വീണ്ടും ഒരു കൊച്ചു തെറ്റ് ചെയ്തു
പശ്ചാത്തപിക്കാൻ
ആ തെറ്റിലേയ്ക്ക്
എന്നത്തേയും പോലെ ഇന്നും
ജീവിതം പുനരാരംഭിക്കട്ടെ
(3)
കൂർക്കം
_________
എന്റെ ശ്വാസങ്ങൾക്ക്
ആലിംഗന തൊട്ടിൽ കെട്ടി
ചുംബന താരാട്ട് മൂളി
മധുര സ്വപ്നം കാട്ടി
നിന്റെ ഇമകൾ കൊണ്ട്
പുതപ്പിച്ചു
നിന്റെ നിശ്വാസങ്ങളിൽ
ഉറക്കിയ നീ
ന്നാലും രാവിലെ
ഉറക്കം വിട്ടു ഞാൻ
എണീക്കുമ്പോ
ചോദിക്കട്ടെ
ഉറങ്ങിയിരുന്നോ നീ
ഇന്നലെ എങ്കിലും
ഞാൻ ഇതുവരെ
കണ്ടിട്ടില്ലാത്ത
കേട്ടിട്ടില്ലാത്ത
എന്റെ സ്വന്തം
കൂർക്കമേ
ഉറക്കത്തിന്റെ
തെറ്റിയ സ്പെല്ലിങ്ങ്
പോലുള്ള കൂർക്കമേ,
നിന്നെ ആരോ
ദു:സ്വപ്നം കാണുന്നു.......
(4)
കൃഷ്ണമണി
_________
നിന്നെ നോക്കി
തിരഞ്ഞെടുത്ത തെറ്റിന്
നീ എന്റെ
കാഴ്ച്ചയിൽ തേച്ച
കറുത്ത മഷി
നീലച്ചു കിടപ്പുണ്ടെന്റെ
കണ്ണുകളിൽ
നിന്നെ എന്റെ കണ്ണിലെ
കൃഷ്ണമണി ആയി
എന്നും
നോക്കുവാൻ മാത്രം
(5)
ആദ്യപ്രവാസി
______________
ആകാശം പ്രവാസിയാണ്..
മഴ;
ഭൂമിയ്ക്ക്
നനവിന്റെ ഭാഷയിൽ
എഴുതുന്ന
പ്രണയ ലേഖനവും
(6)
പാതി മഴ
__________
എന്റെ ആകാശത്ത്
ഞാൻ
മാറ്റി വയ്ക്കാറുണ്ടിപ്പോഴും
നിനക്കായിമാത്രം
ഞാൻ നനഞ്ഞ
പാതി മഴ!