Skip to main content

Posts

Showing posts from September, 2016

നിറങ്ങൾക്ക് പുറത്ത്

നിറങ്ങളിൽ ഊർജം നിറയ്ക്കുകയായിരുന്നു അവൾ നീലയിൽ മാത്രം കണ്ണുകളാവണം ഒരു തുള്ളി തുളുമ്പാതെ വെള്ളം നിറച്ചു വെച്ചിരിയ്ക്കുന്നു നിറം മാറുന്നോ എന്ന സാധ്യതകളിലേയ്ക്ക് നോക്കി നിന്നാവണം അത്രമേൽ കറുക്കേണ്ട രാത്രി പലദിവസങ്ങളിലും ഒരോന്തായി പോകുന്നുണ്ട് ഏകാന്തതയും ശൂന്യതയും നിറയ്ക്കുവാനാകാത്ത രണ്ട് നിറങ്ങളാണെന്ന് അവൾ തിരിച്ചറിഞ്ഞത് സ്വയം നിറഞ്ഞാവണം എന്നിട്ടും ഒരു കൊളളിയിൽ തീ നിറച്ച് അന്നന്ന് അവൾ അടുപ്പ് വരയ്ക്കുന്നുണ്ട് വെള്ളം കൊണ്ട് മേൽക്കൂര നിർമ്മിച്ച മുറിയിൽ അവൾ ഇപ്പോൾ തനിച്ചാണ് അതേ കാറ്റേറ്റ ഒരൊറ്റ മഴത്തുള്ളി അടുക്കളയിൽ ആകാശം അടച്ചു വെച്ചിരുന്ന കുപ്പികൾ ഏതാണ്ട് ഒഴിഞ്ഞിരിയ്ക്കുന്നു അതിൽ അടപ്പില്ലാത്ത രണ്ടു മൂന്ന് ജനാലകൾ മാത്രം സ്ഥാനം തെറ്റിച്ച് കാലം തുറന്നുവെച്ചിട്ടുണ്ട് അല്ലെങ്കിലും പല വീടിന്റേയും തുറക്കുന്നതും അടയുന്നതുമായ എല്ലാ വാതിലുകളും പണ്ടേ അടുക്കളയിലാണല്ലോ പൊതിയഴിയ്ക്കാത്ത നിലയിൽ രാത്രി വാങ്ങിക്കൊണ്ട് പോകുന്നുണ്ട് രണ്ട് മൂന്ന് പെൺമിന്നാമിന്നികൾ ദൂരെ നിലാവിനെ ആദരിയ്ക്കുന്ന കറുത്ത പക്ഷി അതിന്റെ തൂവലിൽ പറ്റിയിരിയ്ക്കുന്ന അവളുടെ അനാഥത്വത്തിന്റെ ഉറക്ക്പാട്ട് കാണുന്നു!

ശലഭശിവൻ

മഴ ഇറ്റിറ്റു വീഴുന്ന തുള്ളികൾ ചേർത്ത് കല്ലുമാലകൾ കോർക്കുകയായിരുന്നു ജലം അടയക്കാ നിറങ്ങളിൽ വെറ്റില ചവച്ചു ചുവന്ന് നിൽക്കുന്ന തളിരിലകൾ ജലപാതയിലൂടെ ഭാരം പേറി തോണിയായി നീങ്ങുന്ന മനസ്സ് പെയ്ത മഴയുടെ ശീലം പോലെ ഒഴുകിപ്പോകുന്ന അതേജലം കാണാതെ പോയ നീളം തിരഞ്ഞ് വീതിയിൽ കലങ്ങിയൊഴുകുന്ന പുഴകൾ നിശ്ചലത പച്ചകുത്തിയ പായൽ ഒളിച്ചു മുഖം നോക്കുന്ന കുളങ്ങൾ വെള്ളം കുടിച്ച പാടുകളിൽ തെന്നി വീണു കിടക്കുന്ന മിന്നൽ കടലിന്റെ അരക്കെട്ട് പോലെ പാതിനഗ്നനത ഉണക്കിയെടുത്തുടുക്കുന്ന തിരമാലകൾ അഗ്നിയുടെ സുതാര്യത കയറിയിറങ്ങിയ ചിറകുകൾ വെറുതെ എടുത്തുടുത്ത് പറക്കുന്ന തുമ്പികൾ പൂന്തോട്ടത്തിലേയ്ക്കിറങ്ങും മുമ്പ് അച്ചടിച്ച പൂക്കൾ നോക്കുന്ന ചെടികൾ അവ പലപല നിറങ്ങളിൽ പൂക്കുന്ന വായനശാലകൾ ഒരേസമയം നൂലും സൂചിയുമായി വാക്കും പ്രവർത്തിയും കോർക്കുന്ന തുന്നൽ നിറയെ നിറങ്ങളിൽ പൂത്ത് വിടർന്നു നിൽക്കുന്ന പൂക്കളുടെ മൊട്ട് തിരിഞ്ഞ് ചെടികളുടെ ഇന്നലെകളിൽ കൂടി നിലാവിനെ പോലെ തുളുമ്പുന്ന നമ്മൾ വസന്തമെഴുതി തെറ്റിച്ച തെറ്റിന് വിരിയാത്ത പൂക്കളുടെ മൊട്ടുകൾക്ക് കേട്ടെഴുത്തിട്ടു കൊടുക്കുന്നു, മരിച്ച മനുഷ്യരെ ആരും കാണാതെ സമയമാക്കി മാറ്റുന്ന പൂക്കൾ അത് കണ്ടെഴുത

ആരവങ്ങൾ ഉണ്ടാവുന്ന വിധം

ബുദ്ധന്റെ മജ്ജയിൽ നിന്നും ഇറ്റുവീഴുന്ന കാട്ടുതീയുടെ ഒരു തുള്ളി ബോധി മരത്തിന്റെ അസംഖ്യം ഇലകളിലൊന്നിൽ മാത്രം പച്ച നിറത്തിൽ തീപിടിയ്ക്കുന്നു. ഒന്നുമുണ്ടായില്ല ബുദ്ധനുണരുന്നു ഒരു കനലെരിയുന്നത് പോലെ കണ്ണുയരുന്നു പുരികം ചിതറുന്നു കണ്ണുകൾക്ക് ശിവന്റെ ഛായ മരങ്ങളിൽ ആദ്യമായി ബോധിമരത്തിൽ പുതിയൊരു തണലുണ്ടാവുന്നു തണൽ വീണു വീണ് തീയണയുന്നു തീ പിടിയ്ക്കും എന്ന് കരുതിയ ബോധിയിൽ പിടിച്ചുതുടങ്ങുന്ന ഇന്നലെയുടെ കായ്കൾ അന്നത്തെ കാലത്തിലൂടെ കുറച്ച് വൈകി കടന്നുപോകുന്ന അനേകം ജാലകങ്ങളുള്ള ഇന്നത്തെ തീവണ്ടി അതിന്റെ അവസാനബോഗിയിൽനിന്നും പുറത്തേയ്ക്ക് തെറിച്ചുവീണ വെളിച്ചത്തിൽ അന്നത്തെ രാത്രിയ്ക്ക് ചെറിയ ഒരു പൊള്ളലോടെ ഇന്ന് പുതുതായി തീ പിടിയ്ക്കുന്നു ഒറ്റ മുറിവിന് തീയിട്ട് എരിയുന്ന നാളങ്ങൾ ഓരോന്നായി അന്ന് ഇരുന്ന് ഊതിയണയ്ക്കുന്ന നിർവ്വാണ ബുദ്ധൻ ഓർമ്മയെന്ന നിലയിൽ ബോധിമരം ബോധോദയത്തോടൊപ്പം ബുദ്ധനിൽ നിന്നും ഒരു നിമിഷം റദ്ദു ചെയ്യപ്പെടുന്നു ചോദ്യചിഹ്നങ്ങളുടെ ഒരു പിടിച്ചാരം വിരലുകളുടെ വേലി കെട്ടിത്തിരിച്ച രണ്ടുടുലുകളിലൊന്നിൽ പുതിയ ബുദ്ധന്റെ പാതി അതിൽ അർദ്ധബുദ്ധന് പാതിനനഞ്ഞ ഗണപതീഛായ ഏകാന്തതയുടെ വിഗ്രഹത്തെ എടുത്തുകൊണ്ട് പോകുന

അയാളെക്കുറിച്ചു തന്നെ...

ഒരു സാധാരണക്കാരന് താങ്ങാനാവാത്ത വിധം മരണം എന്ന നിലയിൽ ആത്മഹത്യ എന്തൊരു ആർഭാടമാണ് ഇനിയൊരു മേഘത്തിന്റെ ചാണകം മെഴുകിയ ഒരിറ്റു തണൽ മുറ്റത്ത് തളർന്നു കിടക്കുന്നയാൾ ഓർക്കുന്നു എന്നിട്ടും ഒരിത്തിരി ഭാരക്കുറവിന് ദാഹിച്ചിരിയ്ക്കുന്ന പക്ഷിയ്ക്ക് വെള്ളത്തിന്റെ ചില്ല അത്രയും ലളിതമായ് അയാൾ കാട്ടിക്കൊടുക്കുന്നുണ്ട് അതിന്റെ തന്നെ നനഞ്ഞ തൂവലാകുന്നുണ്ട് തൂവലിന് പുറത്ത് പറക്കാൻ മറന്ന ആകാശമാവുന്നുണ്ട് അതുവരെ അടക്കം കഴിയുമ്പോൾ മാത്രം അപരന്റെ ഭാഷയിൽ സംസാരിയ്ക്കപ്പെടുന്ന വെറുമൊരു സായാഹ്നമാവണം അയാൾ!

അവ്യക്തമായ ഉപമയെ പോലൊരു പരിക്ക്

ഒന്നും വ്യക്തമായി കണ്ടില്ല ഏതോ തുള്ളികൾ ലംബമായി ഇറ്റുവീഴുന്നത് പോലെ രണ്ട് മൂന്ന് കിളികൾ തിരശ്ശീനമായി പറന്നു പോകുന്നതായി തോന്നി എന്നിട്ടും ഇറ്റുവീഴുന്ന തുള്ളികളുടെ ഉപമയിൽ പറക്കുന്ന കിളികൾ ചെന്നിടിയ്ക്കുമോ എന്ന് ഭയപ്പെട്ടു ഭയന്നാൽ കാണിക്കുവാനുള്ള കുരിശ് അന്തരീക്ഷത്തിൽ വരച്ച് കരുതി വെച്ചിരുന്നു സൂക്ഷിച്ചു നോക്കുമ്പോൾ ഇറ്റ് വീഴുന്നതെന്താണെന്ന് നോക്കി കിളികൾ സുരക്ഷിതമായി പറന്നു പോകുന്നു അതിൽ തിരിഞ്ഞുനോക്കാതെ പറന്ന മൈനയിൽ നിന്നു മാത്രം കുറച്ച് കിളികളുടെ തുള്ളികൾ മഞ്ഞനിറത്തിലിറ്റി താഴെ നിന്ന എനിയ്ക്കും മുകളിൽ പറക്കുന്ന കിളിയ്ക്കും ഒരേസമയം പരിക്കേറ്റിരിയ്ക്കുന്നു!  

പിന്നയോ?

പിന്നെ എന്താ ഞാനെന്റെ നനഞ്ഞ വാക്കുകളുമായി നിന്റെ നരച്ച മുടിയിഴകളിലൊന്നിലേയ്ക്ക് ഓടിക്കയറും അത് കാണാതെ ഉടൽ പൊളിച്ച് കറുപ്പ് പഴയ വിലക്കെടുക്കുന്ന ഒരാളൊട് വിലപേശുകയാവും നീ അപ്പോൾ!

ഒന്നിനും രണ്ടിനുമിടയിൽ മൂന്നിന്റെ സാധ്യതകൾ

നിലാവ് കീറിയുടുത്തവനാകണം അവൻ അവന്റെ തുടയിലൂടെ ഒരു പഴുതാരയിഴയുന്നു പഴുതാര നഗ്നൻ പഴുതാരയ്ക്കും അതിന്റെ അസംഖ്യം കാലുകൾക്കുമിടയിൽ അവൻ പാടിയ ഒരു പാട്ട് മടി പിടിച്ച് കിടക്കുന്നു അവന്റെ ഉള്ളിൽ നിന്നും പിടിച്ച തീയാകണം പഴുതാരയുടെ കാലുകളിൽ കെടാതെ കത്തിക്കിടക്കുന്നു ആരും തൊടാനില്ലാത്തത് കൊണ്ടാവണം അവന്റെ വിരലുകളിൽ പിടിച്ചു കിടക്കുന്ന വാടാത്ത തൊട്ടാവാടികൾ കൈയ്യാകെ മൂർച്ച കൂട്ടി മുരളുന്ന മുള്ളുകൾ ആരും കെട്ടിപ്പിടിക്കാനില്ലാത്തത് കൊണ്ടാവും ചുടുകട്ട ഇട്ട് കെട്ടിയ മാതിരി അങ്ങിങ്ങ് ഉടൽ വിണ്ട് കീറി തുടങ്ങിയിരിയ്ക്കുന്നു അവനാവില്ല ആരോ പരതി നോക്കിയിരിയ്ക്കുന്ന പാടുകൾ മനസ്സും എന്നോ ഉപയോഗിച്ച് തീർന്നിട്ടുണ്ടാവണം പതിവായി വരുന്ന പത്രക്കാരൻ വലിച്ചെറിഞ്ഞതാവും അടുത്ത് തുറക്കാതെ കിടക്കുന്നുണ്ട് രണ്ട് കണ്ണുകൾ അവനെ കണ്ടാൽ പേടിച്ചേക്കാവുന്ന ഒരു പൂച്ച അതിന്റെ അരണ്ട കണ്ണിലൂടെ അവനെ നോക്കുകയാണ് നോക്കുമ്പോൾ അവനും വെള്ളത്തിനുള്ളിലെ ഓരോ മൂന്നാമത്തെ മീനും ഒരേ മുള്ള് പങ്കിടുന്നതായി കാണുന്നു!

തിരക്കിന്റെ തുള്ളികളെക്കുറിച്ചോർത്ത് ഇറ്റുന്ന ചില വാക്കുകൾ

തല മാത്രം ചിതലെടുത്ത് കാലിലേയ്ക്ക് മടങ്ങിപ്പോകുന്ന കാലത്തിന്റെ ചിതലുകൾ പകുതിയോളം കട്ടിൽ തിരിച്ചിട്ട് ഉടൽ ഉറങ്ങാൻ കിടക്കുന്നു പൂർണ്ണമായും ഇരുട്ടാതെ രാത്രി തരിശ്ശിട്ടിരിയ്ക്കുന്ന ഇടങ്ങളിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ഉറക്കത്തിന്റെ തരികൾ ചരിത്രത്തിന്റെ അരിക് കൊണ്ടാവണം അങ്ങിങ്ങ് ഉടൽ മുറിഞ്ഞിട്ടുണ്ട് ഒരു പക്ഷേ അനുസരണയുടെ പരിക്കുകൾ അല്ലെങ്കിൽ വേദനയുടെ കൃത്രിമ ഉപഗ്രഹങ്ങൾ വിക്ഷേപിക്കപ്പെടുന്ന ഇടങ്ങൾ ഉറുമ്പിനേ പോലെ ഇര തേടാൻ വരിവരിയായി ഇറങ്ങി നടക്കുന്നുണ്ട് ജലം അഥവാ തിരക്കിന്റെ തുള്ളികളെക്കുറിച്ചോർത്ത് ഇറ്റുന്ന ചില വാക്കുകൾ ഓറഞ്ചിനും നിലാവിനുമിടയിലാവണം അടുത്ത സ്റ്റോപ്പ്.... പെയ്യാൻ മറന്ന മഴ തോരാൻ തിരക്ക് കൂട്ടുന്നത് പോലെ കയറുവാൻ മറന്ന ഒരാൾക്ക് ഇറങ്ങുവാൻ ഒരിത്തിരി തിരക്ക് കൂടുതൽ കൂട്ടേണ്ടതുണ്ട്!

കാണ്മാനില്ല

ഇതിലും നല്ലൊരു ആകാശം കാണാതെ പോകുന്നതിന് മുമ്പ് മരങ്ങൾക്ക് ഉണ്ടായിരുന്നിരിയ്ക്കണം വിരസമായ പുതിയ ആകാശം കണ്ട് മടുത്തിട്ടാവണം തണലുകളോട് പിണങ്ങി അകലങ്ങളിലേയ്ക്ക് നടന്നു പോകാൻ മരങ്ങൾ ആഗ്രഹിച്ചത് കാലം മായ്ക്കാൻ ശ്രമിച്ച ആ കാലടികൾ അതേ മരങ്ങളിൽ ഇലകളായി ഇപ്പോൾ പിടിച്ചിട്ടുണ്ട് ഉയരങ്ങളിലേയ്ക്ക് മാത്രം നടന്നു പോകാൻ പാകത്തിന് വേരുകൾ അത് തിരഞ്ഞ് പിടിച്ചു മായുന്നതിന് മുമ്പ് ചില്ലകളിൽ തിരികെ തൂക്കിയിടുന്നതാവാം! ചിലയ്ക്കുന്നതിന് മുമ്പ് കിളികളുടെ പേരെഴുതി വെയ്ക്കുന്ന ഇലകൾ കാറ്റ് വരുമ്പോൾ അത് പറഞ്ഞു കൊടുക്കുമെന്ന് ഭയന്ന് ചില്ലകൾ കുലുക്കി ഇലകൾ പൊഴിച്ചു കളയുന്നുണ്ട്; കിളികൾ പറക്കുന്നതിനിടയിൽ ചിറകിൽ നിന്നും കൊഴിയുന്ന തൂവലുകൾ അതറിഞ്ഞ് കാറ്റ് പക്ഷികൾക്ക് ശിക്ഷയായ് കൊടുക്കുന്നതാവാം അനന്തമായ വേരിന്റെയറ്റത്ത് ഒരു തുള്ളി വെള്ളത്തിന്റെ ശിൽപം കൊത്തി മഴ തളർന്നിരിയ്ക്കുന്നു ഇതിനിടയിൽ ഇതൊന്നും ശ്രദ്ധിക്കാതെ മരക്കൊമ്പിൽ ഇലയനക്കങ്ങൾ കൊണ്ട് കാറ്റ് പണിഞ്ഞു കൊണ്ടിരുന്ന അപ്പൂപ്പന്താടിയെ പണികഴിഞ്ഞ കാറ്റിനോടൊപ്പം തന്നെ കാണാതെപോയിട്ടുണ്ട്.......

ഞാനെഴുതേണ്ടിയിരുന്ന കവിതകളിൽ ഒന്ന്

അൽഷിമേഷ്സ് ബാധിച്ച മഴയെ പിടിച്ചു കൊണ്ട് നടക്കുകയാണ് ആകൃതി നഷ്ടപ്പെട്ട മേഘങ്ങൾ നനഞ്ഞു കൊണ്ടായാലും അറിയാവുന്ന ഒരു തുള്ളിമരുന്നു മഴയ്ക്ക് ഓർമ്മയിൽ നിന്നും കുറിച്ച് കൊടുക്കണമെന്നുണ്ട് ജലസന്ന്യാസം കഴിഞ്ഞ് താടിയും ജഡയും നീട്ടിവളർത്തി ഏതോ വെള്ളച്ചാട്ടത്തിൽ നിവർന്നിരിയ്ക്കുകയാണ് പുഴകൾ ചതുരത്തിലുള്ള ജലത്തിനെ തൂവാലയെന്ന് പേരിട്ട് മുഖം തുടയ്ക്കാതെ ഞാനും മീനും വെള്ളത്തിനുള്ളിലേയ്ക്ക് തിരിച്ചു പോകുന്നു!

വീണ്ടും എന്ന വാക്കിലേയ്ക്ക് തിരിച്ചുപോകുന്ന രണ്ടുപേർ

നീയെന്തിനാണ് എന്റെ മരത്തിനെ ഇങ്ങനെ ചരിച്ച് പിടിച്ചിരിയ്ക്കുന്നത്? അതിന്റെ തണലുകൾ വഴിയാകെ ഇറ്റു വീഴുന്നത് നീ കാണുന്നുണ്ടോ? മുടി നരയ്ക്കുന്ന ശബ്ദത്തിൽ സംസാരിയ്ക്കുന്ന ഒരാൾ വിളിച്ചു ചോദിയ്ക്കുന്നു ആ ചോദ്യം നിറയെ കറിവേപ്പിലയുടെ അരികുകൾ പച്ചനിറത്തിന്റെ മണം മണ്ണിനോട് കലഹിച്ച് എന്നോ പിഴുതു വീണ ഒറ്റമരത്തിന്റെ പത്തുവേരുകളാവണം അയാളുടെ വിരലുകൾ അയാളോട് പരിചയമുള്ള മരങ്ങളെല്ലാം എണ്ണം കൂട്ടിയും കുറച്ചും പൗപ്പത്ത് വേരിലേയ്ക്ക് മാറിയിരുന്നിരിയ്ക്കണം മഴത്തൂണുകളിൽ വെള്ളത്തിന്റെ വള്ളിച്ചെടികൾ ഒച്ചയെടുത്ത് വളരുന്നിടത്ത് പതിയെ അവർ തിരിയുന്നുണ്ട് അഥവാ അവർ അവിടെ വേർപിരിയുകയാവണം പിന്നീട് അവർ കണ്ടുമുട്ടുമ്പോൾ അവൾ മുലഞെട്ടിൽ അയാളുടെ ശിൽപ്പം കൊത്തിവെച്ചിട്ടുണ്ട് മുലകളിൽ പായൽ പിടിച്ചിരിയ്ക്കുന്നു ചുരങ്ങൾ മാന്തി അവൾ ഒരു ഗുഹയുടെ സത്ത കൂടി എടുത്തിരിയ്ക്കുന്നു മഴയിപ്പോൾ പെയ്യുന്നത് അവരുടെ മേൽവിലാസത്തിലാണ് പരസ്പരം ഒട്ടി അവർ അനന്തതയിലേയ്ക്കുള്ള ശൂന്യതയുടെ രണ്ട് തപാൽ സ്റ്റാമ്പുകളായിരിക്കുന്നു വീണ്ടും എന്ന വാക്ക് പരസ്പരം വഴുക്കി അവർക്ക് വീഴുവാൻ കാലമുണ്ടാക്കിയ

മുദ്രകളില്ലാത്തത്

വിത്തിന് വെളിയിൽ വന്ന് ഒരു കടൽ കിളിർത്തിരിയ്ക്കുന്നു അരികിൽ ജലയിലകളുടെ പച്ചനീലിച്ച വെള്ളക്കതിർ തളിർപ്പുകൾ നടക്കാൻ പഠിക്കുന്ന ശിശുക്കൾ വെയ്ക്കുന്ന ആദ്യകാൽവെയ്പ്പുകൾ പോലെ വെള്ളത്തിന് വെളിയിൽ പിടിച്ചു വരുന്ന ശിശിരകാലതിരമാലകളുടെ ഗതകാലമൊട്ടുകൾ നിറം തികയാത്തത് കൊണ്ടാവണം പൊന്മാനാകാതെ പോയ കിളിയുടെ ദുഃഖത്തിൽ ആകാശത്തോളം നീലനിറത്തിൽ പങ്കുചേരുന്ന അകലം അതായത് ഒരിത്തിരി പഴകിയ ദുഷ്യന്ത നേത്രങ്ങൾ നൃത്തത്തിന് പുറത്ത് ഒരു കൂട്ടത്തിൽ ചേർക്കാതിരുന്ന വൃത്തം കോർത്ത് മരത്തിന് പുറത്ത് ഒരേകാന്ത മരംകൊത്തി ഉടലിൽ തിരുവാതിര കൊത്തുന്നു അതിൽ ഓരോ ചുവടിലും അവൾ ചേർത്ത ശൂന്യത കോർത്തുനിർമ്മിച്ച പ്രണയത്തിന്റെ ഊഷരസുഷിരമായി ഒരാൾ ഒറ്റയ്ക്കിരിയ്ക്കുന്നു....