Popular Posts

Tuesday, 24 December 2013

ക്ലിയറൻസ് കവിതകൾ (വർഷാന്ത്യപ്പതിപ്പ്)

മഴ 
സ്കൂൾ, അവധിക്കു അടച്ചിട്ടപ്പോൾ
അലഞ്ഞു തിരിഞ്ഞ മേഘങ്ങൾ
ഇട്ടു അഴുക്കാക്കിയ വിഴുപ്പ്വസ്ത്രങ്ങളെ
നനച്ചു ആകാശത്ത്  അലക്കി വിരിക്കുമ്പോൾ
തുറന്ന സ്കൂളിന്റെ മുകളിൽ പെയ്യുന്നു
തുരു തുരെ തോരാത്ത കനത്ത മഴ

(അത് കൊണ്ടാവുമോ മഴയ്ക്ക്
നിറമുള്ള യുണിഫോംഇല്ലാത്തതു
സ്കൂളിൽ കയറ്റാത്തതും
യുണിഫോം നിര്ബന്ധം ഇല്ലാത്ത
ചോരുന്ന സർക്കാർ സ്കൂളിൽ മാത്രം
കുഞ്ഞു മഴ പഠിക്കാൻ വരുന്നതും
കുട്ടികൾ അവിടുന്ന് കൊഴിഞ്ഞു
പോകുന്നതും ?  ഏയ്‌ ആവില്ല അല്ലേ)

പുഴ അത് മഴ തന്നെ 
സൂര്യൻ 
വെയിൽ നീട്ടി 
വേനലെറിയുന്നു
പക്ഷികൾ
തൊണ്ടവരണ്ടു 
ദാഹിച്ചു ചിലയ്ക്കുന്നു 
മഴ മുഴക്കി വേഴാമ്പൽ 
മഴയ്ക്ക് യാചിക്കുന്നു 
പക്ഷിയ്ക്ക്  വേണ്ടി 
മഴ ചുരുട്ടി, 
അതു ചുരുക്കി
മേഘം
മരം പോലെ പെയ്യുന്നു  
മരംകൊത്തി 
അത് കൊത്തി 
മഴത്തുള്ളികളാക്കുന്നു 
അത് കണ്ടു 
പുഴ 
പിണങ്ങിച്ചിണുങ്ങുന്നു 
അത് കേട്ട് 
സഹികെട്ട്
വെള്ളം കൂട്ടി,
മഴ
നീട്ടി
പിന്നെ
പുഴ 
പെയ്യുന്നു!  


ഈയാമ്പുഴ
ഇന്നലെ പെയ്ത മഴയിൽ
പിറക്കുന്നു
ഇന്ന് പറക്കുന്ന
ഈയാമ്പാറ്റകൾ
കടലിൽ പടിഞ്ഞാറു കണ്ട
സൂര്യനെ നോക്കി
ശരിയായി ധരിക്കുന്നവ
ദീപമെന്ന്
കണ്ണാടി ചിറകു വീശി
അങ്ങോട്ട്‌ ഇഴയുമ്പോൾ
കാണുന്നവർ ധരിക്കുന്നവ
പുഴയാണെന്നു
ആയുസ്സ് അത്രയും
കുറവാണെന്നറിഞ്ഞിട്ടും
മനുഷ്യൻ
അറിയുന്നില്ലവ വെറും
ഈയാമ്പുഴ
മാത്രമെന്ന്കുഞ്ഞു മഴ വല്യതിര
കുട പിടിപ്പിച്ചായാലും
നടക്കുവാൻ
എത്ര പഠിപ്പിച്ചിട്ടും
കുട ഒന്ന് മാറ്റിയാൽ
വീണു പോകുന്നുണ്ട്
മഴ
നമ്മുടെ ശരീരത്തിലേക്ക്
മടിയിലേക്ക്‌
മനസ്സിലേക്ക്
നടക്കുവാൻ മടി കാണിക്കുമ്പോഴും
മുട്ടിൽ ഇഴയാൻ
മടി കാണിക്കാത്ത കുഞ്ഞി മഴ

കൈപിടിച്ച്
കൂടെ നടത്തി
ഇഴയാനും  
തുഴയാനും
നീന്തി
അടിച്ചിട്ടോടാനും  
എത്ര പഠിപ്പിച്ചാലും
അവസാനം
കരയിലേക്ക്  എത്ര തവണ
ഉന്തി ത്തള്ളി വിട്ടാലും
കടലോന്നു
തിരിഞ്ഞു തിരിച്ചു നടന്നാൽ
പിന്തിരിഞ്ഞു
പിറകേ ഓടി വരുന്നുണ്ട്
മടി പിടിച്ചു  
പേടിത്തൊണ്ടൻ വല്യതിര

ആഗോള താപനം
ഒരു നീണ്ട പെയ്ത്ത്
നിന്ന് പെയ്തു കഴിഞ്ഞാൽ
വിയർത്തു ഒലിക്കുന്നുണ്ട്
മഴ പോലും
ദാഹിച്ചു വലഞ്ഞു
തൊണ്ട വരണ്ടു
എടുത്തു ചാടുന്നുണ്ടവ
പുഴയിലേക്ക്
അവിടെ
പുഴയിലെ
മലിന ജലം കണ്ടു
കലങ്ങി പോകുന്നുണ്ട്
മനസ്സ് മണ്ണ് പോലെ
അങ്ങിനെ അറിയാതെ
ഒഴുകി പോകുന്നുണ്ടവ
കടലിലേക്ക്‌,
അവിടെ കടലിലെ ഉപ്പു വെള്ളം
കുടിച്ചു ദാഹം ഇരട്ടിച്ചു
തിരിച്ചു പോകുന്നുണ്ടവ
ആകാശത്തിലേക്ക്!

നാണം 
സ്ത്രീമുഖം ഉള്ള തൊട്ടാവാടിയും 
തൊട്ടാൽ ഉടൻ ചുരുണ്ട് കൂടുന്ന 
ആണട്ടയും മണ്ണിൽ നല്ല മുഹൂർത്തത്തിൽ 
പരസ്പരം തൊടാതെ
ഇണ ചേർന്നപ്പോൾ 
പിറന്ന 
ആദ്യ കണ്മണി ആയിരിക്കണം 
കൂസലില്ലാതെ എവിടെയും കയറി വരുന്ന നാണം 


പാലം
ഒരു പാലത്തിൽ 
തുഴ പോലെ പുഴ എടുത്തു വച്ച്
തോണിപോലെ തുഴഞ്ഞപ്പോഴാണ്
കടത്തു അപ്രത്യക്ഷമായത്
പുഴ മണലിലും മണൽ  
കോണ്‍ക്രീറ്റിലും 
കോണ്ക്രീറ്റ് പാലത്തിലും പെട്ടു 
നമ്മൾ എപ്പോഴോ 
നോക്കു കുത്തിയായി പോയത് 


പ്രവാസി
ഓരോ പ്രവാസിയും സഞ്ചരിക്കുന്ന ഒരു വാക്കാണ്‌
വെറുതെ അലഞ്ഞു  തിരിയുന്നവ
എന്നാലും എത്രയോ പ്രവാസവർഷം അകലെ അറിയാതെ എത്തപ്പെടുന്നവ
ഒരു ഉപഗ്രഹമായി മറ്റുള്ളവർക്ക് തോന്നപ്പെടുന്നവ 
നാട്ടിലെ മനക്കോട്ടയിൽ നിന്ന് നിയന്ത്രിക്കപ്പെടുമ്പോഴും  
മറ്റൊരു നാട്ടിലെ മണ്ണിൽ ഓരോ നിമിഷവും തകർന്നു വീഴുന്നവ
അപ്പോൾ മാത്രം മറുനാട്ടിൽ പ്പെട്ടുപോയ ഖബറാണെന്ന് സ്വയംതിരിച്ചറിയപ്പെടുന്നവ  
എങ്കിലും മൂടാൻമാത്രമായി സ്വന്തം നാട്ടിലെ ഒരു പിടി മണ്ണിന് തനിയെ കാത്തുകിടക്കുന്നവ
അത് കൊണ്ട് തന്നെ ഒരു മീസാൻ കല്ലിന്റെ തുണപോലും പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നവ

മുതലാളിത്ത മരം 
ഞാൻ ഒരു മനുഷ്യനാണ്
അടിസ്ഥാനപരമായി  തൊഴിലാളിയാണ്
എന്റെ മുതലാളി  ഒരു ബഹുരാഷ്ട്ര കുത്തകയാണ്
അത് വ്യസ്ഥാപിതമാണ് പല രാജ്യങ്ങളിലും പടര്ന്നു പന്തലിച്ചവയാണ്
അവ അവിടങ്ങളിൽ  ആഴത്തിൽ വേരോടിയിട്ടുട്ടുള്ളവയാണ്
മുതലാളിയുടെ നിറം പച്ചയാണ്
അടിസ്ഥാനപരമായും ആശയപരമായും  ഞങ്ങൾ വിരുദ്ധ ധ്രുവങ്ങളിലാണ്
അത് കൊണ്ടാണോ എന്നറിയില്ല എന്റെ ചോരയും ചേരിയും ചുവന്നതാണ് 

എന്റെ ജീവശ്വാസവും ആഹാരവും എല്ലാം മുതലാളിയുടെത് തന്നെയാണ്
മുതലാളിയുടെ തണലിലാണ് ജീവിതവും
മുതലാളിക്ക് വല്ലപ്പോഴും വേണ്ട കാർബണ്‍ ഡൈ ഒക്സൈഡിനു വേണ്ടിയാണ്
ചെല്ലും ചിലവും 

ഞങ്ങൾ മുതലാളിയുടെ സഞ്ചരിക്കുന്ന കാർബണ്‍ ഡൈ ഒക്സൈഡു നിര്മാണ ശാലകൾ മാത്രമാണ്
മുതലാളി തന്റെ ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവാണ്
ഞാൻ തിരിഞ്ഞിരുന്നു വണ്ടി ഓടിക്കുമ്പോൾ എല്ലാം മുതലാളി ത്രെഡ് മില്ലിൽ പുറകോട്ടു ഓടുന്നത് കാണാറുണ്ട്‌
ഞാൻ മരിച്ചാൽ എന്റെ ശവം പോലും മുതലാളിക്ക് ഉള്ളതാണ്
മുതലാളി അതിന്റെ മുകളിലും ഒരു മരം നടും
അതെ എല്ലാ മരവും ഒരു മുതലാളിയാണ്
മുതലാളിത്ത മരം!


നീല പരിഷ്കാരി ആകാശം 

മഴയെങ്ങും ഇല്ലെങ്കിലും
ദേഹം മുഴുവൻ മൂടിയ
കറുത്ത കുടകൾ കണ്ടു
തുടങ്ങിയപ്പോഴാണ്
കണ്ടാൽ സദാചാരി എന്ന്
തോന്നിക്കുമെങ്കിലും
പച്ച പരിഷ്കാരിയായ
നീല ആകാശം
മഴയായും വെയിലായും
മാറി മാറി വേഷം കെട്ടി
ഇടിഞ്ഞു ഇടിഞ്ഞു
താഴേ വീണു തുടങ്ങിയത്

അയ
ഞാൻ എത്രയോ കാലം ഇട്ടു കൊണ്ട് നടന്ന എന്നെ
കഴുകി  അലക്കി ഉണങ്ങാൻ
പണ്ടേ ആരോ വരച്ചിട്ടു  വരപോലെ ആയിപ്പോയ
അയപോലത്തെ കട്ടിലിൽ  വിരിച്ചിട്ടപ്പോൾ
ഉണങ്ങിയ തക്കം നോക്കി
കല്യാണം എന്ന് പറഞ്ഞു
എടുത്തിട്ട് കൊണ്ട് പോയത് നീയാണ്
ഇപ്പൊ ഉണങ്ങി ഉറങ്ങി കട്ടിലിൽ കിടക്കുന്നത് നീയും
മുഷിഞ്ഞു നനഞ്ഞു ഉറക്കം വരാതെ നിന്റെ
അയയിൽ കിടന്നു തൂങ്ങിയാടുന്നത് ഞാനും 

ഭ്രാന്തൻ മേഘം
ഉന്നതങ്ങളിൽ ഉള്ള
പിടിപാട് വച്ച് ആകാശം
മേഘങ്ങളിലൂടെ
മയക്കു മരുന്ന് കടത്തുന്നു
അത് കടത്തുന്നതിനിടയിൽ മേഘം
കട്ട് രുചിക്കുന്നു
കിറുങ്ങി മത്തടിച്ച മേഘം
കറങ്ങി നടക്കുന്നു
കരയുന്നു ചിരിക്കുന്നു ഓടുന്നു  അലറുന്നു
കെട്ടിപ്പിടിക്കുന്നു
പൊട്ടിത്തെറിക്കുന്നു
അവസാനം ഭ്രാന്ത് പിടിച്ചു
എവിടെയോ കാണാതെ പോകുന്നു

ലോട്ടറി 
കണ്ട സ്വപ്‌നങ്ങൾ
ലോട്ടറി കച്ചവടക്കാരന്റെ
കൈയ്യിലെ
അടിക്കാത്ത ലോട്ടറി ആയി
മിച്ചം വരുമ്പോഴാണ്
എടുക്കാത്ത ലോട്ടറി മാത്രം അടിക്കുന്ന
പ്രതീക്ഷയായി
ഉറക്കം മറ്റൊരു സ്വപ്നം നറുക്കെടുക്കുന്നത് 

ഐ ടി കൃഷി 

വിവര സാങ്കേതികത  എന്ന് പറയുന്നത്
സൌകര്യങ്ങളുടെ കൃഷിയാണ്
അത് വിളവെടുക്കുന്നത് സുഖങ്ങളാണ്
വിളയുന്നത്
ഉപഭോക്താവിന്റെ വിരൽ തുമ്പിലാണ്
അത് നിറയ്ക്കുന്നത് കോർപ്പറേറ്റ്
കളപ്പുരകളുടെ  ബാങ്ക് ബാലൻസുകളാണ്
അത് കുറയ്ക്കുന്നത് ദിവസങ്ങളും മണിക്കൂറുകളും
നിമിഷങ്ങളാക്കിയിട്ടാണ് എന്നിട്ടും അത്
നിലനിർത്തുന്നത്
തൊഴിലാളികളുടെ  ജോലി സമയം
മണിക്കൂറുകളിൽ നിന്ന്
ദിവസങ്ങളാക്കി
ഉയർത്തി തന്നെയാണ് 

ഹോം തീയേറ്റർ 
യുവത്വം പോലും
മുഖത്ത് സെറ്റ് ഇട്ടു ചെയ്തു
വാർദ്ധക്യം
ഡ്യുപ്പിനെ വച്ച് എടുത്ത്
കള്ളപ്പണം
സിനിമ നിർമാണം കൂടി
തുടങ്ങിയപ്പോഴാണ്
ജനം വീട്ടിൽ
തീയേറ്ററിന്റെ സെറ്റ് ഇട്ടു
സി ഡിയുടെ ഡ്യുപ്പിനെ വെച്ച്
പടം കണ്ടു തുടങ്ങിയത്


Monday, 23 December 2013

ഡിസംബറിലെ ആറ്

വർഷത്തിലെ
എല്ലാ മാസങ്ങളിലൂടേയും
ഒഴുകി പരന്നു കിടന്ന
ഒരു ആറുണ്ടായിരുന്നു
അത് ഒരു കലണ്ടറിൽ ഉറച്ച
ഓർമയായി പോയത്
ഒരു ഡിസംബർ ആറിനു
ശേഷമായിരുന്നു

മേഘം പോലെ
മകുടം ഉയർത്തിനിന്ന
ഒരു തണലുണ്ടായിരുന്നു
അത് പെയ്യാൻ അനുവദിക്കാതെ
തകർത്തു
കുറച്ചു കണ്ണീർ കണങ്ങൾ
ബാക്കി വെച്ച്
തുടച്ചു  മാറ്റിയത്
ഒരു ആറിന്റെ കരയിലായിരുന്നു

മതം ഇല്ലാതേയും ജീവിക്കുവാൻ
മതം പകുത്ത
ഒരു രാജ്യമുണ്ടായിരുന്നു
അതിനു മതേതരത്വം
എന്ന് പേരിട്ടു വിളിച്ചത്
അർദ്ധരാത്രിയിൽ ഉദിച്ച
സ്വതന്ത്ര സൂര്യന്റെ
വെള്ളിവെളിച്ചത്തിലായിരുന്നു

ജനിച്ച മതം ഏതായാലും
ജീവിക്കുവാൻ
അദ്ധ്വാനവിയര്പ്പിന്റെ
സുവർണനൂൽ ധരിച്ചു
അഴിമതി ചുമക്കേണ്ട
ജനങ്ങൾ ഉണ്ടായിരുന്നു
അവരെ എണ്ണൽ സഖ്യ പോലെ
ഒരുമിച്ചുകാണാതെ
അഞ്ചിന്റെ ന്യൂനപക്ഷം എന്നും
ഏഴിന്റെ ഭൂരിപക്ഷം എന്നും
വിഭജിക്കുവാൻ
ഒരു ആറു വേണമായിരുന്നു
അത് ഉത്ഭവിച്ചത്‌
ഏതോ ഒരു
തണുത്ത മനസ്സിലെ
അധികാര മോഹത്തിന്റെ
കാണാത്ത
കൊടുമുടിയിൽ നിന്നായിരുന്നു

ഭരിക്കുന്നവർക്ക് ഇരിക്കുവാൻ
അധികാരത്തിന്റെ
ഒരു കസേര വേണമായിരുന്നു
ആ കസേരക്ക് വേണ്ടി
അതിന്റെ അടിയിൽ
മിണ്ടാതെ ഇരിക്കുവാൻ
വാടകയ്ക്കെടുത്ത
ഒരു ചുണ്ട് വേണമായിരുന്നു
അതിൽ ഒട്ടിച്ചു വച്ചിരുന്ന
നിസ്സംഗ മൌനത്തിനെ
ദുരുപയോഗം ചെയ്തത്
ഡിസംബർ മാസത്തിലെ
അതേ ആറിൽ വെച്ചായിരുന്നു

കസേര മോഹിച്ചു
അധികാരം
സ്വപനം കണ്ടവര്ക്ക്
കസേരയിൽ എത്തുവാൻ
ചോരച്ചാൽ ഒഴുക്കുവാൻ
ഒരു പുഴ വേണമായിരുന്നു
അതിനു അവർ തിരഞ്ഞെടുത്തത്
ത്രേതായുഗത്തിലും ഒഴുകിയിരുന്ന
ഇതേ ആറിനെ തന്നെ ആയിരുന്നു

ഇരുകരകളെയും കൂട്ടി ഇണക്കി
ജീവജലം പകർന്നു തന്നിരുന്ന
ആറു മുറിച്ചപ്പോൾ
കരയിൽ ഒരു വശം നിന്ന
ന്യൂനപക്ഷം
നിമിഷ സൂചി പോലെ
നിയന്ത്രണം വിടാതെ
ഓടിയപ്പോൾ
അത് കണ്ടു മറുവശം നിന്ന
ഭൂരിപക്ഷം
മണിക്കൂർ സൂചി പോലെ
അനങ്ങിയപ്പോൾ
ഭാരതത്തിന്റെ
സമയം തെറ്റാതെ കാത്തത്
രണ്ടു സൂചികളുടെയും
മിടിക്കുന്ന ഹൃദയം
ഒന്നായത് കൊണ്ട് മാത്രമായിരുന്നു!

Saturday, 21 December 2013

പുഴയുടെ നിർധാരണം

പുഴയെ തോണി കൊണ്ടളന്നു ഒരു ടിപ്പർ ലോറി കൊണ്ട്
ഭാഗിച്ചപ്പോൾ ശിഷ്ടം മണലു കിട്ടി

ശേഷിച്ച മണലിനെ മഴ കൊണ്ട് ഗുണിച്ച്‌ ഇല്ലാത്ത പുഴയുടെ സ്ഥാനത്ത്
പൂജ്യം കൊടുത്തു കുഴികൾ  കൊണ്ടടച്ചപ്പോൾ  കടലുകിട്ടി

കടലിനെ വലയിട്ടു തിര മാറ്റി കരിമണൽ എടുത്തു വിദേശ ട്രോളെർ
കൊണ്ട് കടഞ്ഞപ്പോൾ ഒരു ലോഡ് പണം കിട്ടി

പിന്നെ ഒരു മരുഭൂമി ഫ്രീയും കിട്ടി

സമ്പാദിച്ചു ക്ഷീണിച്ചു ദാഹിച്ചപ്പോൾ വെള്ളത്തിന്‌ പണവുമായി
ചെന്നപ്പോൾ കുടിക്കുവാൻ ഒരു തുള്ളി വെള്ളം കിട്ടി

പിന്നെ മഴയ്ക്ക്‌ വേണ്ടി കാത്തിരുന്നപ്പോൾ  മഴയുടെ വരിസംഖ്യ അടച്ചിരുന്നില്ലെന്നു അറിയിപ്പ് കിട്ടി

പിന്നെ പിന്നെ മഴയ്ക്ക്‌ വേണ്ടി എടുത്തു കൂട്ടിയത്
ഒരു വെള്ളത്തുള്ളിയുടെ ഫോട്ടോസ്റ്റാറ്റുകൾ മാത്രം ആയിരുന്നു

Friday, 13 December 2013

മരണം വെറുമൊരു ഭൂഗുരുത്വാകർഷണം

ജീവിച്ചു ജീവിച്ചു ജീവിതം മടുത്തു തുടങ്ങിയപ്പോൾ, അവിവേകത്തിൽ
ഒരു മുഴം വേരിൽ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു മരം

നേരെ ചൊവ്വെ നില്ക്കുന്ന ഏതെങ്കിലും മനുഷ്യനിൽ
കുരുക്കിട്ടു പിടഞ്ഞു പിടഞ്ഞു മരിക്കുവാൻ കൊതിച്ചൂ മരം

അങ്ങിനെ നേരെ ചൊവ്വെ നില്ക്കുന്ന ഒരു മനുഷ്യനെയും
കണ്ടെത്തുവാൻ കഴിയാതെ നിരാശനായി തരിച്ചു നിന്നു മരം

സഹികെട്ട് നിന്ന മണ്ണിൽ വേര് ഉറപ്പിച്ചു അതിൽ കുരുക്കിട്ടു
ഭൂമിയിലേക്ക്‌ ചാടി ആത്മഹത്യചെയ്യാൻ തീരുമാനിച്ചു മരം

മണ്ണിൽ കിടന്നു മരണ വെപ്രാളത്തിൽ മരം പിടയുമ്പോൾ
മരത്തിനെ രക്ഷപെടുത്തുവാൻ വേണ്ടി മാത്രം കീഴ്മേൽ മറിഞ്ഞു ഭൂമി

ആകാശം കടലായി ഒരേ നിറവുമായി മേഘം തിരയായി തിരമാലയായി 
അടർന്നു വീണ  ഫലത്തിൽ ഭൂഗുരുത്വാകർഷണം  കണ്ടു പിടിച്ചു മനുഷ്യൻ

ഭൂഗുരുത്വാകർഷണം പോലും കണ്ടു പിടിക്കുന്നതിനു മുമ്പ് മരിക്കുവാൻ
ശ്രമിച്ചു പോയ തെറ്റിന്  മരിക്കാതെ  മണ്ണിൽ പിടയുന്നു മരങ്ങൾ ഇന്നും 

Monday, 9 December 2013

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു
ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു
സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു
ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു 

മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു
ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു
കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു 
ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു

ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു
നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു
ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു...
ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു
സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

Thursday, 5 December 2013

സ്നേഹമിട്ടായി


മുടിയിൽ മുല്ലമാലയും
അധരത്തിൽ പല്ലുമാലയും
ചാർത്തി നീ വരുമ്പോൾ
നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി

അലിഞ്ഞിരുന്നിട്ടും
നീ ഇമയുടെ കവറിൽ പീലി പോലെ
സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ
എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി

ഒരു ദിവസത്തെ ജോലിക്കൊടുവിൽ
ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ
ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി
എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

Wednesday, 4 December 2013

മാവായി പോയ മുത്തച്ഛൻ

മുറ്റത്തിത്തിരി
തണലുമെഴുകാൻ
മരം വളർത്തിയിരുന്നു
മുത്തച്ഛൻ
ഇത്തിരി വെയിലിന്റെ വൈക്കോലും
ബാക്കി വന്ന മഴയുടെ കാടിയും
കൊടുത്തു
മരം പോറ്റി വളർത്തിയിരുന്നു
മുത്തച്ഛൻ

പോത്തിനെ പോലൊരു
കാറ് വന്നപ്പോൾ
കാറിനെ കെട്ടുവാൻ
തൊഴുത്ത് പണിഞ്ഞപ്പോൾ
മുത്തച്ഛനറിയാതെ
അറുക്കുവാൻ കൊടുത്തു
മുത്തച്ഛൻ തണലു കറന്ന
കാതൽ വറ്റാത്ത വളർത്തു മരം

മരമങ്ങു പോയപ്പോൾ
തണലിന്റെ തണുപ്പ്
കുറഞ്ഞപ്പോൾ
ഉണങ്ങിത്തുടങ്ങി
മുത്തച്ഛൻ
തടികസ്സേരയിൽ  ഒറ്റപ്പെട്ടു
മുത്തച്ഛൻ
ഉമ്മറത്തേക്ക് മാറ്റിയിടപ്പെട്ടു
മുത്തച്ഛൻ

തടിയെല്ലാം എടുത്തു
കസേരയും പ്ലാസ്റ്റിക്കിന്
കൊടുത്തു കഴിഞ്ഞപ്പോൾ
പറക്കുന്ന
അപ്പൂപ്പൻതാടി പോലെ
പരിഭവം ആരോടും ഇല്ലാതെ
യാത്ര പോലും
ഒരാളോടും പറയാതെ
ഇന്നലെയിലെ
തൊടിയിലേക്കിറങ്ങി
ഇന്നില്ലാത്ത
മാവായിപ്പോയി
മുത്തച്ഛൻ 

Wednesday, 27 November 2013

വാസ്കോഡ-ഗാമ വിമാനമിറങ്ങുമ്പോൾ


ജനിച്ചുവളർന്നത്‌-
കുട്ടനാട്ടിലാണ്...
ആറന്മുളയിലേക്കു-
കെട്ടിച്ചുവിട്ടതാണ്

സ്ത്രീധനമായിട്ട് കിട്ടിയത്
മതമായിരുന്നു
അത് സൌഹാർദമായി
വരമ്പ് കെട്ടി-
സൂക്ഷിച്ചതാണ്
വയലായത്

കണ്ണാടി പോലെ
പവിത്രമായിരുന്നു
ബന്ധങ്ങൾ

മഴപെയ്യുമ്പോൾ
തുള്ളികൾപോലും
ഉടഞ്ഞുപോയിരുന്നില്ല
അവ മണിപോലെ
അവിടെ
ചിതറിക്കിടക്കുമായിരുന്നു
വെയില് വന്നു
ഉണക്കി
നെന്മണികളാക്കുന്നത്  വരെ

നെന്മണികൾ
കൊയ്തെടുക്കാൻ
വേനൽ വരുന്നത്
വൈക്കോൽക്കെട്ടുമായിട്ടായിരുന്നു
അത് തിന്നാൻ
ദേശാടനപൈക്കൾ
വിരുന്നു വരുമായിരുന്നു

അവ  ദേവാലയങ്ങൾ
പ്രദക്ഷിണം വച്ച്
സദ്യയുണ്ട്
മയങ്ങിയിരുന്നു

നെല്ലും വൈക്കോലും
ഒഴിഞ്ഞ പാടത്തു
കറുത്ത കുട്ടികളും
വെളുത്ത ഇടയരും
പിച്ച് ഒരുക്കി
ക്രിക്കറ്റ് കളിച്ചിരുന്നു

ആ പിച്ചിൽ
ഒരു തദ്ദേശീയ പന്ത് അടിച്ചു
വിരമിച്ച റണ്ണിനു വേണ്ടി
ഓടുമ്പോഴാണ്
ഒരു വിദേശ വിമാനം
അവിടെ പറന്നിറങ്ങിയത്

റണ്‍വേ വയലിലെ
പിച്ചിലേയ്ക്ക്  തെന്നി മാറിയത്

വിമാനത്തിൽ നിന്ന്
ഭരണമണമുള്ള യാത്രക്കാർ-
പുറത്തേക്കിറങ്ങിയത്

അവർ
അഴിമതിനിറമുള്ള
കണ്ണട വച്ചിരുന്നു

അവർ ഖുബൂസും
മതത്തിന്റെനിറമുള്ള തൈരും
അവിടെ നിന്നവർക്ക്‌
വച്ച് നീട്ടി-
അവർ വന്ന വഴി മറന്ന്
ആഡംബര വീടുകളിലേക്ക്
കയറിപോയി

അപ്പോൾ പാതി ഒഴുകിയ
ഒരു പുഴയും
ചേലാകർമം ചെയ്ത
ഒരു കൊടിമരവും
നിശ്ചല ദൃശ്യമായ
ഒരു വള്ളം കളിയും
പോകേണ്ട വഴി
മറന്നു തുടങ്ങിയിരുന്നു

പിന്നെ ചരിത്രത്തിൽ
നിന്ന് അത്
ഓർത്തെടുക്കുമ്പോൾ
അവിടെ
ഒരു കപ്പൽ
വന്നിറങ്ങി
പിറകെ
ഒരു കടപ്പുറത്തിന്റെ
കടലിരമ്പം
കേൾക്കാറായി

Saturday, 23 November 2013

മരത്തിന്റെ തുമ്മൽ

മരത്തിനെ പിടിച്ചു മഞ്ഞു-
സോപ്പ് തേയ്പ്പിച്ചു
കണ്ണ് നീറി  മരം അവിടെ-
നിന്നു ചിണുങ്ങി
കാറ്റടിച്ചു തണുത്തു മരം-
തടി കുടഞ്ഞു
ചില്ലയിൽ അലക്കി വിരിച്ചിട്ട-
ഇലകുലുങ്ങി

ഉണങ്ങിയ ചില ഇലകൾ
താഴെ വീണു
അതിൽ അഴുക്കു മണ്ണും
ചെളി പുരണ്ടു
കാറ്റു അതെടുക്കുവാൻ
ഓടി വന്നു,
കാലൊന്നു തെറ്റി
മുറ്റത്തു തെന്നിവീണു
മുട്ടൊന്നു പൊട്ടി
തെച്ചി ചോര വന്നു
തൊടിയിലെ മുക്കുറ്റി-
ത്തടവിനിന്നു.

മുറ്റത്തു പെട്ടെന്ന്
വെയിലു വന്നു
ഒരു ആഭരണവും
അണിയാതെ-
സ്വർണക്കടയുടെ
പരസ്യമായി
അതു കണ്ടു മരം
കണ്ണ്തള്ളി
പർദ്ധയിട്ടമൊഞ്ചത്തി
മേഘങ്ങൾ
ചിരി വരച്ചു
മൈലാഞ്ചികൈ കൊണ്ട്
അതു മായ്ച്ചു
നാണിച്ചു ഭൂമി പച്ച-
നിറമുടുത്തു 
ആകാശം ഗമയിൽ
കൂളിംഗ് ഗ്ലാസ്‌ വച്ചു  
അതാ മഴ വരുന്നെന്നൊരു
വാർത്ത മിന്നലായി
മഴകാണാൻ
ഏവരും കാത്തു നിന്നു

ചറ പറ പെട്ടെന്ന്
മഴ തുടങ്ങി
നനഞ്ഞ മരങ്ങൾ
തുമ്മി തുടങ്ങി
തുമ്മി തുമ്മി ഇലകൾ
കൊഴിഞ്ഞു തുടങ്ങി
ശിശിരം വന്നെന്നൊരു
അശരീരി മുഴങ്ങി
അതു കേട്ട് ആരോ
തരിച്ചു നിന്നു
ഒരു കറുത്തമീൻകാരൻ
ചിറകടിച്ചപ്പോൾ
അതു വഴി
പറന്നു പോയി!    

Thursday, 21 November 2013

മറ്റൊരു വണ്ടിക്കാള

ലാടം തറച്ച  ദുർഘട പാതയിൽ
പാദരക്ഷകളില്ലാതെ
ഓടുന്ന കാലുകൾ
കൈകൾ പോലും കാലാക്കി
വരിപോലെ സ്വപ്നവും
ഉടച്ചു
നീങ്ങുന്ന കാളകൾ

അവ അയവിറക്കുന്നുണ്ട്
ഒരു ഭൂതകാലം
ഒരു പശുവിനെ സഖിയായി എന്നോ
വരിച്ച കാലം
പിന്നെ എന്നോ അത്
ഒരു പശു എന്നുള്ള ധിക്കാരത്തിൽ
ഉയർന്ന ലാടവും ധരിച്ചു
കാലും അകിടും  ഉടലും ഉയർത്തി
പുച്ചവും ആട്ടി
തോന്നിയ പാതയിലൂടെ
പതിയെ നടന്നു പോയ കാലം

തന്നോടൊപ്പം
ജീവിത ഭാരം ചുമക്കുന്നെന്നു
സമൂഹത്തോടൊപ്പം
അഭിമാനിച്ച കാലം
അപ്പോൾ അത് സമ്പാദിച്ച
അന്യന്റെ  ബീജത്തെ
പശുവെന്ന ഔദാര്യത്തിൽ
അതിനു സംരക്ഷിക്കുവാൻ
സമ്പാദ്യം പോലെ
ജീവിതം  പോലും
ഒഴിഞ്ഞുകൊടുക്കേണ്ടി വന്ന  കാലം

ഓരോ ഭർത്താവും
വെറുമൊരു
ഈയമെന്നപേരിൽ
വെറുതെ അറിഞ്ഞു
വെറുത്ത  കാലം
ഭാര്യയെന്ന പശുവിനു
പേരുദോഷം
കേൾക്കാതിരിക്കുവാൻ
ചാരിത്ര്യം
സംരക്ഷിക്കുവാനെന്നപേരിൽ
പഴകിയ  ഈയമായി
അവരുടെ
മധ്യകർണങ്ങളിൽ
ചൂടാക്കി
ഉരുക്കി ഒഴിക്കുവാനായി
ഉപയോഗിക്കപ്പെടുന്ന
വെറുമൊരു
വണ്ടിക്കാളയുടെ
ജന്മം പേറുന്ന
ലാട കാലം!

Wednesday, 13 November 2013

നട തള്ളൽ


അമ്മയെ പിഴിഞ്ഞ്;
ആദ്യം എടുത്തത്‌ ,
മുലപ്പാലായിരുന്നു.
പിന്നെ പിഴിഞ്ഞപ്പോൾ;
കിട്ടിയത്,
പിരിഞ്ഞിരുന്നു;
എങ്കിലും അത്;
വിലപിടിപ്പുള്ള-
സ്വത്തായിരുന്നു..
പിഴിഞ്ഞ് പിഴിഞ്ഞ്;
പീര പോലെ,
കീറി തുടങ്ങിയപ്പോഴാണ്;
പഴന്തുണി...
എന്ന പരിഗണന,
കൊടുത്തു തുടങ്ങിയത്..
പിന്നെ അറിയാതെ-
എടുത്തു തുടച്ചപ്പോൾ,
ഇല്ലാതായത്;
സ്വന്തം മുഖമായിരുന്നു.
എന്നിട്ടും,
കണ്ടത്;
കണ്ണുനീരായിരുന്നു..
അത് ഉണങ്ങാനായിട്ടായിരുന്നു...
ഏതോ അമ്പലനടയിൽ,
വിരിച്ചിട്ടു മറന്നു പോയത്!

Tuesday, 12 November 2013

രണ്ടു എപ്പിസോഡുകൾ


കല്യാണമണ്ഡപങ്ങൾ

പണ്ടൊക്കെ താരദൈവങ്ങളുടെ പടം ഓടിയ
കൊട്ടക ആയിരിന്നു
അന്ന് പലരും ദേവാലയമെന്നു
പേര്ചേർത്ത് വിളിച്ചിരുന്നു
അന്നൊക്കെ വിഗ്രഹങ്ങൾ പോലും
പുരോഹിതരെ ആരാധിച്ചിരുന്നു....
അപ്പോഴൊക്കെ പുരോഹിതർ
പ്രേക്ഷകരെ കാണുന്ന
തിരക്കിലായിരുന്നു
അങ്ങിനെയാണ് ദൈവങ്ങൾ
പടി ഇറങ്ങി പോയത്....
പ്രേക്ഷകർ കുറഞ്ഞു തുടങ്ങിയത്...
അത് മുൻ കൂട്ടി കണ്ടു കൊണ്ടാകണം
പണ്ടേ പല ദേവാലയങ്ങളും പേര് മാറ്റാതെ
കല്യാണമണ്ഡപങ്ങൾ ആയി
ഉപയോഗിച്ച്  തുടങ്ങിയിരുന്നത്
ഇന്നും കല്യാണമണ്ഡപങ്ങളായി
പിടിച്ചു നില്ക്കുന്നതുംസിഗററ്റ്  വലിക്കുന്ന സ്ത്രീകൾ

സിഗററ്റ്  വലിക്കുന്ന
സ്ത്രീകളെ കാണുമ്പോൾ
പുക പോലെ
മോഹം
ഉള്ളിൽ പൊങ്ങിയിട്ടുണ്ട്
മാനത്തിന്
അനാരോഗ്യമാണെന്നുള്ള
മുന്നറിയിപ്പ്
അറിഞ്ഞുകൊണ്ട് അവഗണിച്ചു
ഒന്ന് വലിച്ചു നോക്കിയാൽ
എന്താണെന്നു
പരിഗണിക്കുമ്പോൾ
അവർ വലിച്ചു എറിഞ്ഞ
സിഗരറ്റുകളുടെ
പല്ലും നഖവും
അവരുടെ
കാലിന്റെ അടിയിൽ
ഞെരിഞ്ഞു അമരുന്നുണ്ടാവും
അവർ സ്വയം
ഏതോ കാലത്തിന്റെ
കാലുകൾക്കിടയിൽ
പിടയുന്നുണ്ടാവും...
ഒരു മണം മാത്രം
ബാക്കി വച്ച്
പുക
മാനം നോക്കി
ഭൂതകാലത്തേക്ക്
ഉടുപ്പില്ലാതെ
പോകുന്നുണ്ടാവും 
അപ്പോൾ മാനം നഷ്ടപ്പെട്ട
ഒരു  കാമം
പുകയില്ലാതെ
തീ മാത്രമായി 
ഒരു നെടുവീർപ്പു
കത്തിച്ചു വലിച്ചു
തിരിച്ചു
നടക്കുന്നുണ്ടാവും

Wednesday, 6 November 2013

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം
ഇരുട്ടുന്ന നേരങ്ങളിൽ
പല സമയങ്ങളിലായി
വന്നു കിടക്കുന്നുണ്ട്
ചില കണ്ണുകൾ
ചില കാലുകൾ
പല തലകൾ

തലകൾ എണ്ണി നോക്കിയാൽ
രാവണൻ ആയേക്കാം
അവയിൽ ചിലത്
ബുദ്ധമതം വരെ
സ്വീകരിച്ചിരിക്കാം
എന്നാലും അതിൽ ഒന്ന്
രാമന്റേതാകാം
അതെല്ലാം ഒരു കഴുത്തിലൊതുക്കി
ഒരു കട്ടിലിൽ
ഉറക്കാൻ കിടത്തിയേക്കാം

കട്ടിൽ ഒരു ഘടികാരമായി
മാറിയേക്കാം
ഉറക്കം ഒരു സീതയെ പോലെ
അകലേ അലഞ്ഞേക്കാം
അതറിഞ്ഞു കണ്ണുകൾ
തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം
അവ വെറുതെ
ഒരു കണ്‍പോള പുതച്ചേക്കാം

അത് ഉറക്കം എന്ന്
തെറ്റിദ്ധരിച്ചേക്കാം
അത് കണ്ടു മണിക്കൂറുകൾ
കടന്നു വന്നേക്കാം
അവയുമായി
ഒരു  അഭിശപ്ത നിമിഷത്തിൽ
ഇണ ചേർന്ന് പോയേക്കാം
അവ നിമിഷസൂചികളേക്കാൾ
വേഗത്തിലോടുന്ന
കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം
അവ മുട്ടിലിഴഞ്ഞു
ഏതോ അലാറം
തട്ടിപ്പൊട്ടിച്ചേക്കാം

അത് കേട്ട് രണ്ടു സൂചികൾ
പിടഞ്ഞു എഴുന്നേറ്റേക്കാം
അത് കട്ടിലിന്റെ രണ്ടു കാലുകൾ
അടർത്തി എടുത്തു
നടന്നു പോയേക്കാം
ഒരു കുളി കഴിഞ്ഞു
കുളിമുറി പോലെ
പുറത്തേക്കു വന്നേക്കാം
അപ്പോൾ തുവർത്താൻ
വിട്ടു പോയ ഒരു തലയിൽ
ഗർഭനിരോധന ഉറപോലെ
ഉപയോഗിക്കേണ്ടിയിരുന്ന
ഭാര്യയുടെ  രൂപം
തെളിഞ്ഞു വന്നേക്കാം
അത് ഉറപോലെ തന്നെ
ഗർഭിണി ആയിരിക്കാം
അപ്പോൾ അത്
ഉപയോഗിച്ച ഉറപോലെ
വലിച്ചെറിയേണ്ടിയിരുന്ന
രാവണ സമൂഹം
ഓർമ വന്നേക്കാം

തല അപ്പോഴും രാമന്റെതായേക്കാം
ആ തല സീതയെ  പോലെ
തുവർത്തി കളഞ്ഞേക്കാം
ബാക്കിതലകൾ പേന പോലെ
ഉപയോഗിക്കുവാൻ
എടുത്തു കഴുത്തിൽ  കുത്തി
പുറത്തേക്കു പോയേക്കാം
അപ്പോഴും അയാൾ
ലൈംഗിക സാക്ഷരത
നേടുവാൻ ശ്രമിക്കുന്ന
ഒരു ഭർത്താവുദ്യോഗസ്ഥൻ
ആയിരുന്നിരിക്കാം!

Wednesday, 30 October 2013

സാഡിസ്ടിന്റെ ഗ്രീറ്റിങ്ങ്സ്


അവൾ ഒരു  മനോഹരമായ സ്വപ്നത്തിലായിരുന്നു..

ഒരു ക്രിസ്തുമസ് ആശംസാകാർഡിലെ മഞ്ഞുപോലെ അവൾ ആ സ്വപ്നത്തിൽ പാറിനടന്നു. പതിയെ ഒരുകാറ്റ് എവിടുന്നോ ഒരുനേർത്ത സുഗന്ധം പരത്തി കടന്നുവന്നു. അവൾ ഒരു മാലാഖയെ പോലെ അത് കണ്ണ് പാതിഅടച്ചു ആസ്വദിച്ച് നിൽക്കുമ്പോൾ ആ കാറ്റിന് ശക്തി കൂടി വന്നു. അവൾ പെട്ടെന്ന് ആശംസാകാർഡിലേക്ക് മഞ്ഞായി തന്നെ ഒളിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എവിടുന്നോ ഒരു ലോറിയുടെ ഇരമ്പൽ കേട്ടു....  അത് കാറ്റിനേക്കാൾ വേഗത്തിൽ എവിടെനിന്നോ പാഞ്ഞെത്തി; പെട്ടെന്ന് കാര്ഡ് ആ ലോറിയുടെ ഭീമാകാരമായ ചക്രത്തിനടിയിൽ പെട്ടു.. ആ മനോഹരമായ കാർഡ്‌ നിമിഷനേരം കൊണ്ട്   വെറും ഒരു ടയറിന്റെ പാടായി മാറി.

അവൾ ഞെട്ടി ഉണര്ന്നു എല്ലാം ഒരു സ്വപ്നം ആയിരുന്നെന്നു വിശ്വസിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ഓർമയിലേക്ക് വഴുതി

അവളുടെ പേര് മേനി എന്നായിരുന്നു.. ആ പേര് എന്നും അവൾക്കു അപൂർണമായിരുന്നു.. മുഴുവൻ പേര് മേനിജീവൻ..

അവളുടെ എല്ലാമെല്ലാമായിരുന്നു ജീവൻ. അവളുടെ കളികൂട്ടുകാരൻ..
അവളുടെ ഫാന്റസി അവളുടെ സ്വപ്നം അവളുടെ ധൈര്യം അവളുടെ ജീവൻ പോലും അവനായിരുന്നു. അവളുടെ പ്രണയവും...
 വീട്ടുകാർക്കും അവരുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നില്ല. ഒരുമാതിരി എല്ലാ ബന്ധങ്ങളിലും വില്ലനായി കടന്നു വരാറുള്ള ജാതക പ്പോരുത്തം പോലും നോക്കിയത് ഒരു രസത്തിനായിരുന്നെങ്കിലും അത് നോക്കണമെന്ന് പറഞ്ഞത് അവനായിരുന്നു  അവര്ക്ക്  അത് ഉത്തമവും ആയിരുന്നു ...

എങ്കിലും ഒളിച്ചോടാം എന്നും... അതിന്റെ അനുഭവം അറിയണമെന്നും നിര്ബന്ധിച്ചത് അവനായിരുന്നു.. വീട്ടുകാരെ വേദനിപ്പിക്കുന്നതിന്റെ സുഖം അതിന്റെ പിന്നിൽ ഉണ്ടെന്നു അവൾ അപ്പോൾ അറിഞ്ഞിരുന്നില്ല.  അതിന്റെ ആവേശം മാത്രമായിരുന്നു അവളുടെ ഉളളിൽ. ഒളിചോടുമ്പോൾ ഒരുമിച്ചു മറ്റാരും അറിയാതെ ചെയ്യുന്ന സാഹസം അവന്റെ തീരുമാനങ്ങളോട് ഒട്ടി നിൽക്കുന്നതിന്റെ പൊരുത്തവും ഒരുമയും അവരുടെ ഭാവി ജീവിതം കൂടുതൽ ദൃഡമാക്കും എന്നവൾ വിശ്വസിച്ചു. അതിലെ ഫാന്റസി അവളെ ഉന്മത്തയാക്കി.

അവളുടെ ഓരോ ഫാന്റസിക്കും അവന്റെ സാഡിസ്റ്റ് ചിന്തകൾ ചേരുമ്പടിചേർന്ന് കൊണ്ടിരുന്നു. ആദ്യ രാത്രിയിൽ പോലും അവളുടെ ഫാന്റസി അവന്റെ സാഡിസവും ആയിട്ടായിരുന്നു രതി പങ്കിട്ടത്. ഒരു കുട്ടിക്കളി പോലെ ഒളിഞ്ഞും തെളിഞ്ഞും തുടങ്ങിയ അനാച്ചാദനകർമം പല ഘട്ടത്തിലും ഒരു വസ്ത്രാക്ഷേപത്തിന്റെ നിലയിലേക്ക് തരം താണിരുന്നു. അപ്പോഴക്കെ അവൾക്കു ദ്രൌപദിയുടെ ശ്ചായ തോന്നി. അവൻ ഒരേ സമയം ദുശ്ശാസനനും കൃഷ്ണനും ആയിട്ടും അവൾക്കു തോന്നി. രാത്രിക്ക് ലഹരി ഉണ്ടെന്നു പോലും അവൾക്കു തോന്നി.. രതി രാത്രിയുടെ ലഹരി ആണെന്ന് അവൾ സങ്കല്പ്പിച്ചു.
പിന്നെ പിന്നെ പ്രണയം ഒരു വൃണം പോലെ അവളിലേക്ക്‌  മാത്രം ഒതുങ്ങുന്നതും ആഴ്ന്നിറങ്ങുന്നതും  ഒരു സുഖമുള്ള വേദനയോടെയാണ് അവൾ തിരിച്ചറിഞ്ഞത്. കാരണം ജീവൻ പലപ്പോഴും അവളിൽ അവശേഷിപ്പിച്ചത് പാടുകൾ തന്നെ ആയിരുന്നു. ആദ്യം സ്പര്ശനപ്പാടുകൾ പിന്നെ ച്ചുംബനപ്പാടുകൾ പിന്നെ മുറിപ്പാടുകൾ പിന്നെ വെറും ഒരു പാടായി തന്നെ അവൻ മാഞ്ഞു പോകുന്നത് വരേയ്ക്കും 

ഞാൻ നിന്റെ ആരാണ്?

മധുവിധുവിന്റെ നിമിഷങ്ങളിലൊന്നിൽ ചോദിച്ചത് അവളായിരുന്നു.

അവനു ഉത്തരമായി പറയുവാൻ വാക്കുകൾ  അധികം ഒന്നും ഉണ്ടായിരുന്നില്ല.

വലിച്ചു കീറിയ അവളുടെ അടിവസ്ത്രത്തിൽ ചുംബിച്ചു അവൻ അതിനു ഉത്തരമായി വസ്ത്രം.... എന്ന് മന്ത്രിക്കുമ്പോൾ അവളുടെ ചെവിയിൽ ഒന്ന് അമര്ത്തി കടിച്ചിരുന്നു. ശരീരം മുഴുവൻ അനുഭവപെട്ട സുഖമുള്ള വേദനയിൽ പലയിടത്തും നീറ്റൽ അനുഭവപെട്ടെങ്കിലും അവന്റെ ചൂടുള്ള ശ്വാസം അവിടങ്ങളിൽ പതിഞ്ഞപ്പോൾ ഒരു സുഖം തോന്നി. ശരീരം ചൂടോടെ ചായ ആയി കുടിക്കുന്നതിന്റേയും തണുപ്പിച്ചു ശീതളപാനീയമായി സ്ട്രാ വച്ച് വലിച്ചു കുടിക്കുന്നതിന്റെയും സാദ്ധ്യതകൾ അവൾ തിരിച്ചറിഞ്ഞു.. പിന്നെ പിന്നെ ആ വേദനയും അതിന്റെ നീറ്റലും കല്ലിച്ച പാടുകളും തല്ലും തലോടലും അവൾക്കു  നിത്യസംഭവമായി ..

അതവൾക്ക്‌ പരിചയമുള്ളതുമായിരുന്നു കുട്ടിക്കാലം മുതൽ അവൻ അവളെ അങ്ങിനെ നുള്ളിയും പിച്ചിയും തോല്പ്പിച്ചും പറ്റിച്ചും കരയിപ്പിച്ചും ചിരിപ്പിച്ചും വേദനിപ്പിച്ചും ആശ്വസിപ്പിച്ചും  ആണ് കൂടെ കൊണ്ട് നടന്നിട്ടുള്ളത് പക്ഷെ എപ്പൊഴും കൂടെ വേണം അത് അവനു എത്ര പിണങ്ങിയാലും നിർബന്ധവും ആയിരുന്നു   

ആ ഇഷ്ടവും അടുപ്പവും പലപ്പോഴും കാണിക്കാറുള്ള ആത്മാർഥതയുമാണ്‌ അവൾക്കു അവനോടുള്ള പ്രണയവും വിശ്വാസവും ആയി മാറിയതും

മധുവിധുവിന്റെ ഉഷ്ണക്കാറ്റിൽ എപ്പോഴോ ആണ് അവർ ഒന്നിച്ചു ഒരു സിനിമ കണ്ടത് അതിലെ നായികയുടെ ഒരു രംഗം കണ്ടപ്പോൾ അവൾ തന്നെയാണ് അവന്റെ കയ്യിൽ അമര്ത്തി പിടിച്ചത്. പിന്നെ അവൾക്കു ആ നായികയുടെ വേഷം കെട്ടേണ്ടി വന്നു ഒരു ചിത്രം പോലെ കുളിച്ചൊരുങ്ങി, ചുവന്ന ബ്ലൌസ് ഇട്ടു, മുടി അഴിച്ചിട്ടു, മുല്ലപ്പൂ ചൂടി.. കാച്ചെണ്ണ കരയുള്ള വെള്ള മുണ്ട് ഉടുത്തു.... നെറ്റിയിൽ വലിയ സിന്ദൂര പൊട്ടിട്ടു കണ്ണെഴുതി നില്ക്കണം. പിന്നെ കടും നിറമുള്ള ബ്ലൗസുകൾ മാറിയിരുന്നു പക്ഷെ വേഷം അത് തന്നെയായിരുന്നു . പിന്നെ പിന്നെ ഫ്രെമുകൾ കൂടുതൽ ഇരുണ്ട നിറത്തിലായി അവ അരണ്ട വെളിച്ച്ത്തിലായി അവളെ പൂജിക്കാനെന്ന പോലെ വിവിധ നിറങ്ങളിൽ മദ്യക്കുപ്പികൾ അവളുടെ മുമ്പിലെത്തി അവളെ പോലെ തന്നെ അവ പിന്നെ വിവസ്ത്രരാക്കപ്പെട്ടു. അവന്റെ കാലുകൾ  കുപ്പിയുടെ വസ്ത്രത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച്   ലാസ്യ നൃത്തം വെയ്ച്ചു. അതിനിടയിലൂടെ അവൻ ഊതി വിട്ട പുക അവരുടെ മുമ്പിൽ  ഒരു മായിക ലോകം സൃഷ്ടിച്ചു. അത് രാവേറും തോറും ഒരു ഹോമാക്കളമായി മാറി. അതിൽ അവൾക്കു ശ്വാസം മുട്ടുമ്പോൾ അവന്റെ കണ്ണുകൾ മദ്യം പോലെ തിളങ്ങി. അവന്റെ ശ്വാസം നുര പോലെ പൊന്തി..  ആ മാറ്റങ്ങൾ അവൾക്കു അറിയാവുന്ന "അവനിൽ" നിന്ന് അപരിചിതനായ മറ്റൊരു ആളിലേക്കുള്ള ഒരു മാറ്റമായിരുന്നു ഒറ്റവാക്കിൽ അവനിൽ നിന്നും അയാളിലേക്കുള്ള മാറ്റം
ചിരിപ്പിച്ചു പൊട്ടിച്ചിരിച്ചിരുന്ന അവനിൽ നിന്നും... വേദനിപ്പിച്ചു ചിരി  പോലും ഐസ് ഇട്ടമാതിരി  നേർപ്പിച്ചിരുന്ന അയാളിലേക്കുള്ള മാറ്റം..വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവനിൽ നിന്നും   പല മൌനങ്ങൾ കൂട്ടി വച്ച് വാക്കുകൾ ഏച്ചു കെട്ടി വാചകങ്ങൾ തീർത്തിരുന്ന അയാളിലേക്കുള്ള ദൂരം ..അതിനിടയിലെ ഇടവേളകളിൽ വാക്കുകൾ കൂർപ്പിക്കുവാൻ ശ്രദ്ധിച്ചിരുന്ന പോലെ നാക്ക്‌ ദുർബലമായിരുന്നെങ്കിലും അതിൽ നിന്നും വരുന്ന വാക്കുകൾ അവളുടെ ശരീരത്തിനെ പോലെ മനസ്സിനെയും നോവിക്കുവാൻ ശ്രമിച്ചിരുന്നു...    അവസാനം അവളുടെ നെറ്റിയിലെ സിന്ദൂരം അയാളുടെ നാവു കൊണ്ട് മായ്ച്ചു കളയുന്നത് വരെ പലപ്പോഴും ആ ചടങ്ങുകൾ നീണ്ടു

അതിനിടയിൽ അണലികൾ ദേഹത്തിഴഞ്ഞു അവ വെട്ടിയിട്ടതുപോലെ പലപ്പോഴും നിലത്തു വീണു.. അവിടെ കിടന്നു തന്നെ അവ ഇഴഞ്ഞു മയങ്ങി   അതിനിടയിൽ അവളുടെ ദേഹത്ത് നാണയ വലിപ്പത്തിൽ ദംശനങ്ങളുടെ പാട് രക്തതുടിപ്പുകളോടെ പ്രത്യക്ഷപ്പെട്ടു. അതിൽ അവൻ പിറ്റേന്ന് പൂജയുടെ തെളിവുകൾ കണ്ടു. അവളുടെ ഫ്രൈമുകൾ രാവിൽ നിന്ന് പകലിലേക്ക് നീണ്ടു. പകലുകൾ ഓരോ ദിനാന്ത്യത്തിലും സ്ഫടിക ഗ്ലാസ്സുപോലെ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതും അതിൽ അവന്റെ ഉള്ളിലുള്ള നന്മ മുഴുവൻ ഒരു ഐസ് പോലെ  തണുത്തു ഉറയുന്നതും അതിന്റെ മുകളിൽ രാവിന്റെ മങ്ങിയ നിറം മദ്യം പോലെ പറക്കുന്നതും അതിൽ ഐസ് കഷ്ണങ്ങൾ പിടഞ്ഞു മുങ്ങി ഇല്ലാതാവുന്നതും രാവിന്റെ തിന്മ അവനെ കീഴടക്കുന്നതും അവൾ കണ്ണീരോടെ കണ്ടുനിന്നൂ 


അവളുടെ ദിവസങ്ങൾ പകലെന്ന ഫ്രൈമിലും രാവെന്ന ചിത്രത്തിലും തളയ്ക്കപ്പെട്ടു അതിൽ രതി എന്ന ആസ്വാദനക്കുറിപ്പുകൾ കൂര്പ്പിച്ചു എഴുതപ്പെട്ടു.. എന്നാലും ആ ഫ്രൈമിനുള്ളിൽ അവൾക്കു അനുഭവപ്പെടുന്ന ഒറ്റപ്പെടൽ ചിലപ്പോൾ സുരക്ഷിതത്വത്തിന്റെയും മറ്റു ചിലപ്പോൾ ഏകാന്തതയുടെ അരക്ഷിതാവസ്ഥയും മാറിയും തിരിഞ്ഞും തീർത്തു..  പകലത്തെ വർത്തമാനകാലങ്ങൾക്കും  രാത്രിയിലെ  ഭൂതകാലങ്ങൾക്കും ഇടയിലൂടെ  ഘടികാര സൂചികൾ പലവേഗത്തിൽ ഇഴഞ്ഞു..അതിനിടയിൽ അവളുടെ അവനിൽ നിന്ന് മദ്യത്തിന്റെ അയാളിലേക്ക് ജീവൻ കൂടുതൽ അടുത്തിരുന്നു അവളെക്കാൾ കൂടുതൽ സമയം മദ്യക്കുപ്പികളെ വിവസ്ത്രയക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അവൾ കൂടുതൽ വസ്ത്രങ്ങളിലേക്ക് മറയ്ക്കപ്പെട്ടു മറക്കപ്പെട്ടു തുടങ്ങിയിരുന്നു

നന്മയിലെ അവസാന ഐസും ഉരുകി തീരുന്ന ഏതോ നിമിഷത്തിലാണ് ഒരു തിരിച്ചുപോക്ക് അവൻ ആഗ്രഹിച്ചത്‌. രക്ഷപെടുവാനുള്ള ഒരു വഴി എന്ന നിലയിലാണ് അവൻ ചിത്ര രചന തുടങ്ങിയത്.  അപ്പോൾ പകലിനും രാത്രിയിക്കും ഇടയിലുള്ള സന്ധ്യയായിരുന്നു പകലിലേക്ക് ഇനി ഒരു തിരിച്ചു പോക്ക് രാത്രിയിൽ കൂടിയേ സാധ്യമാകൂ എന്ന് തോന്നിയത് അങ്ങിനെയാണ്. കുറെ ദിവസങ്ങൾക്കു ശേഷം ഒരു ദിവസം ജീവൻ പഴയ അവനായി തന്നെ ഒരു രാത്രി അവളോടൊപ്പം ഒരു പാട് കാര്യങ്ങൾ സംസാരിച്ചിരുന്നതും അവൻ വരച്ച പല ചിത്രങ്ങളും യഥാർത്ഥത്തിൽ ദിവസങ്ങളോളം നീണ്ടു നിന്ന മുറിവുകളായിരുന്നെന്നു അവൻ തിരിച്ചറിഞ്ഞതും

എന്നിട്ടും അവൻ സ്വയം ഒരു ഉണങ്ങാത്ത മുറിവായി മാറുമെന്നു അപ്പോഴും അവളോട്‌ ഒരു സൂചന പോലും കൊടുത്തുമില്ലായിരുന്നു..

അതിനടുത്ത ദിവസം അവൻ വരച്ചത് ഒരു സന്ധ്യയായിരുന്നു അതിൽ ഒരു ഒറ്റയടി പാതയുണ്ടായിരുന്നു അത് അങ്ങ് അകലെ ചക്രവാളത്തിൽ ചുംബിച്ചിരുന്നു അതിൽ ഒരു അസ്തമയ സൂര്യനുണ്ടായിരുന്നു അതിനു ചോരയുടെ നിറമായിരുന്നു..ഇത് നിന്റെ അവസാനത്തെ മുറിവാണെന്നും നിന്റെ എല്ലാ മുറിവും ഈ ചോരകൊണ്ട് ഉണങ്ങും എന്നും പറഞ്ഞു  അതിൽ അവന്റെ  വിരൽ ചേർത്ത് ഒരു മുറിവുണ്ടാക്കി. അപ്പോൾ അവൾ ശ്രദ്ധിച്ചിരുന്നു അത്  അവൻ തന്നെ ആയിരുന്നു.. അവളുടെ പഴയ ജീവൻ അവന്റെ രക്തത്തിൽ അവളുടെ കണ്ണീർ ചാലിച്ചു  അവൻ അതിൽ ഒരു റെയിൽവേ പാളം വരച്ചു ചേർത്തു അതിൽ കുറുകെ വരച്ച വരകൾക്ക് ആരുടെയോ വാരിയെല്ലിന്റെ ചായ തോന്നി. ചിത്രം പൂര്ത്തിയാകുന്തോറും അവൻ അയാളായി മാറുന്നുണ്ടായിരുന്നു അവസാനം   ശൂളം വിളിച്ചു ഒരു ട്രെയിനിന്റെ ശബ്ദം കേൾപ്പിച്ച് അയാൾ അവളുടെ ജീവിത നിന്ന് അന്ന് ഇറങ്ങി പോയി.

ആ രാത്രി ഉരുട്ടി വെളുത്തപ്പോൾ അവൾ അന്ന് വരെ മനസ്സിലാക്കി വച്ചിരുന്ന പല വാക്കുകളുടെയും അർഥം വിപരീതത്തിലേക്ക് മാറിയിരുന്നു എന്നിട്ടും ഒരു വാക്ക് അപ്പോഴും അതിൽ പെടാതെ പുതുതായി കടന്നു വന്നു..കൂട്ടം എന്ന ആ വാക്കും പതിയെ  അവളുടെ അർത്ഥത്തിൽ നിന്ന് വിപരീതത്തിലേക്ക് മാറിയപ്പോഴാണ് അവൾ അവൻ വരച്ചിട്ടു പോയ  മുറിവിന്റെ ചിത്രം  ആഴത്തിൽ അറിഞ്ഞത്

പിന്നെയും  അവിടെ സൂര്യനുദിച്ചിരുന്നു പക്ഷെ അത് പതിവ് പോലെ ആയിരുന്നില്ല അവളുടെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടായിരുന്നു

പിന്നെ അവളുടെ ദേഹത്ത് മുറിവുകൾ ഉണ്ടായില്ല . പക്ഷെ മനസ്സിലൊരു ഉണങ്ങാത്ത മുറിവ് ഉണ്ടായിരുന്നു. ഏതോ ഒരു സാഡിസ്റ്റ് വികലമാക്കിയ ചിത്രം പോലെ അവൾ ജീവിതചുമരിൽ  കൊളുത്തിയിടപ്പെട്ടു

പെട്ടെന്ന് അവൾ ഓര്മയുടെ ചിന്തയിൽ നിന്ന് ഉണര്ന്നു. കണ്ട സ്വപ്നം ഓര്മ വന്നു അവള്ടെ ദേഹത്ത് മുറിവ് പോലെ മൈലാഞ്ചി പാട് കണ്ടു ഞെട്ടി അത് ഒരു ടയറിന്റെ പാട് പോലെ മനോഹരമായിരുന്നു. പെട്ടെന്ന് മേശപ്പുറത്തിരിക്കുന്ന ഒരു ആശംസ കാര്ഡ് അവളുടെ കണ്ണിൽ പെട്ടു. അവൾ അറിയാതെ അവളുടെ കൈ മേശ വരെ നീണ്ടു. മഞ്ഞിന്റെ തണുപ്പുള്ള ആശംസ കാർഡിൽ മഞ്ഞു കണങ്ങൾ ഉരുണ്ടു കൂടിയിരുന്നു.. അതിൽ വിരൽപാടുകൾ പതിഞ്ഞപ്പോൾ വെള്ളത്തുള്ളികൾ കണ്ണുനീര് പോലെ താഴേക്ക്‌ പതിച്ചു. അവളുടെ കയ്യിലിരുന്നു കാര്ഡ് തണുത്തു വിറച്ചു  അവളുടെ ശ്വാസം പോലും വിറയ്ക്കുവാൻ തുടങ്ങി. ശ്വസിക്കുവാൻ ശ്രമിക്കുന്നത് പോലെ  കാർഡ് പകുതി തുറന്നിരുന്നു അതിൽ കോടമഞ്ഞിൽ നില്ക്കുന്ന മരങ്ങളെ പോലെ ചില അക്ഷരങ്ങൾ തെളിഞ്ഞു വന്നു അന്തരീക്ഷത്തിൽ പടരുന്ന മഞ്ഞു... കണ്ണുനീർ പോലെ വകഞ്ഞു അവൾ അത് വായിച്ചു ... അതിൽ ഇങ്ങനെ എഴുതിയിരുന്നു.

"ജീവിക്കുവാനുള്ള ഒരു അവസരവും പാഴാക്കരുത്.. കാരണം ജീവിതം തന്നെ ഒരു അവസരമാണ്" - നിന്റെ ജീവൻ

പ്രണയത്തിൽ നാണിച്ച വരികൾ

പ്രണയത്തെ കുറിച്ച്
കവിതയെഴുതുവാൻ
വരികൾ തേടിത്തിരയുമ്പോൾ
തട്ടിത്തടഞ്ഞു
മുമ്പിൽ വന്നുപ്പെട്ടുപോകുന്ന
ആദ്യവരികൾക്ക്
മുന്നോട്ടു വരാൻ
കഴിയാത്തവിധം
കള്ളനാണം

ആ നാണം കാലിന്റെ
പെരുവിരലിലൊന്നിൽ
കണ്ടു ഞാൻ പിടിക്കുമ്പോൾ
പിടഞ്ഞകന്നു മാറി
ഇമകളെ പോലെ
ഒളിച്ചു കളിക്കുന്നു
അത് കണ്ണുകളിൽ

എന്നാൽ അറിയാതെ
പിന്നിലൂടെ ചെന്ന്
കണ്ണുപൊത്തി
എത്തിപ്പിടിക്കാൻ
നോക്കുമ്പോൾ

നെഞ്ചിൽ
പിടയ്ക്കുന്ന കണ്ണാടിയിൽ
വൃത്തം
ഒരു വട്ടം നോക്കാതെ
ഉപമ
അലങ്കാരശങ്ക ഇല്ലാതെ

വെറുമൊരുവിരലിന്റെ
അറ്റം മുറിച്ചൊരു
അധരവർണ്ണ പൊട്ടുംകുത്തി
മുഖമൊന്നു
വെട്ടിത്തിരിച്ചു..
മുടി
ഒരു വശത്തേക്ക്
മുന്നോട്ടു
നീട്ടിയെഴുതി
മുമ്പിലേക്ക് തിരിയുന്നു
ഒരു കടലാസിലും
എഴുതുവാൻ കഴിയാത്തൊരു
അതി മനോഹര
പ്രണയകാവ്യം

അത് അധരം കൊണ്ട്
വായിച്ചു
കണ്ണടച്ച് കട്ടെടുത്തെഴുതുമ്പോൾ
ആരുടെയോ
കാൽപ്പെരുമാറ്റം കേട്ട്
മനസ്സില്ലാമനസ്സോടെ
ഒരു ഉമ്മ വെച്ച്
അത് മായ്ച്ചു കളഞ്ഞു
ഹൃദയം പറിച്ചെടുത്തു
ചുരുട്ടി കൂട്ടി
നെഞ്ചിൽ
ഇട്ടു
കളയേണ്ടി വരുന്നു  

Tuesday, 29 October 2013

മഴ ഉപ്പിലിട്ട കടൽഭരണി

കടൽ
മണ്ണിന്റെ ഉടലുള്ള
സംഭരണിയാണെന്നും  
എപ്പോഴും
ഉടഞ്ഞുതകരാവുന്ന
ഒരു മണ്‍ഭരണി    

അതിലുള്ളതെല്ലാം
എപ്പോഴും
പൊട്ടിഒലിക്കാം
ഭൂലോകം മുഴുവനും
തകർന്നടിയാം

ഇപ്പോൾ
ആ ഭരണിയിൽ
കേടാകാതിരിക്കുവാൻ
ഉപ്പിലിട്ടു
സൂക്ഷിച്ചിരിക്കുന്നു
നല്ല ഋതുക്കളിൽ
മേഘങ്ങളിൽ
കായ്ച്ച
കൊതിയൂറും
വാടാത്ത മഴക്കനികൾ

അധ്വാനിച്ച
വിയർപ്പുപ്പിൽ
ശരീരം കേടാകാതെ
സൂക്ഷിക്കേണ്ട
മനുഷ്യൻ

എന്നിട്ടും
കടലുപ്പ്‌ വാരി

അത് തിന്നു

കടലും ഉടലും
കടലാസ് പോലെ
ഉപയോഗിച്ച്
എഴുതിതള്ളിക്കളയുന്നു 

Sunday, 27 October 2013

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ
വസ്ത്രം മറച്ചു
നഗ്നത ധരിച്ചു
പുറത്തേക്കിറങ്ങുന്ന ചിലരുണ്ട്
ചില സൗന്ദര്യവർദ്ധകവസ്തുക്കൾ 
സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ
അവരുടെ ചുണ്ടുകൾ
കനലുപോലെ
തിളങ്ങുന്നുണ്ടാവും
നോക്കുന്നവരുടെ കണ്ണുകളെ
അവ
ഒരു സിഗരറ്റ് പോലെ
വലിച്ചു കൊണ്ട് പോകും
അനുഭൂതിയുടെ പുക പെരുക്കി
കണ്ണുകൾ കത്തികയറുമ്പോൾ 
വെറുതെ കാലടി കൊണ്ട്
ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട്

കൃത്രിമം
കൃത്രിമ പച്ചിലചായം
തേയ്ച്ചു 
സൌഹൃദ മരങ്ങളിൽ 
ഉണങ്ങി ഇരിക്കുന്ന 
ചില പുഞ്ചിരികളുണ്ട്
കണ്ടാൽ 
ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ 
ഒരു കാറ്റിന്റെ 
ഔദാര്യത്തിൽ ജീവിക്കുന്നവ 
എന്നിട്ടും
നമ്മളെ 
വെറുമൊരു
കാറ്റായി പരിഗണിക്കുന്നവ
ഓർമ നിറമുള്ള കരിയിലയായ്
അവഗണിക്കേണ്ടിവരുമ്പോൾ
പരിഭവം ഉള്ളിൽ തോന്നാറുണ്ട്

കള്ളനോട്ടം
ആദ്യനോട്ടത്തിൽ  സത്യമെന്ന്
ബോധ്യപ്പെടുമെങ്കിലും
പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ
തിരിച്ചറിയാതെ അതിൽ
തിരുകി വെയ്ക്കുന്നുണ്ട്
ധാരാളം കള്ളനോട്ടങ്ങൾ

വ്യാജനോട്ടുകൾ പോലെ
സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം
അവസാനം
കണ്ടുപിടിക്കപ്പെടുന്നവ
അപ്പോഴേക്കും
രക്ഷപെടാനാകാതെ
തിരിച്ചിറങ്ങാൻ കഴിയാത്തവിധം
പലരും
അകപ്പെട്ടുപോകാറുണ്ട്


ചോർച്ച
കാറുംകോളും ഒന്നുമില്ലാത്ത മുറിയിൽ
ശരീരം ചേർത്തടച്ചു കുറ്റിയിട്ടു
ഒരു ചോർച്ചയും ഇല്ലാതെ
ചേർന്ന് കിടക്കുമ്പോൾ
ഒരു മഴയും പെയ്യാതെ തന്നെ
നനഞ്ഞു കുതിരാറുണ്ട്
ശരീരവും മനസ്സും 

Saturday, 26 October 2013

കുടയ്ക്ക് വേണ്ടി പെയ്യപ്പെടുന്നവ

മഴ
ഒരു സവർണ്ണആചാരമാണ്
നിറം
വെളുത്തിട്ടാണ്‌

പെയ്യുന്നത്
 മന്ത്രം ചൊല്ലിയിട്ടാണ്
പൊഴിയുന്നതു
തലയ്ക്കു മുകളിൽ നിന്നാണ്,

ഉണ്ടാവും
വെള്ളി പൂണൂലും
കല്പ്പിച്ചു ഉണ്ടാവാറുണ്ട്
വെള്ളിടിയും
പുണ്യാഹവും

പറിച്ചു എറിയുന്നുണ്ടാവും
പൂക്കളും ഇലകളും

സവർണ്ണ ആചാരം
ആയതു കൊണ്ടാവും
ഇത് വരെ
ഇതൊന്നും
അനാചാരമായി ഗണിച്ചിട്ടില്ല

എന്നാലും
അത് നനയിക്കുന്നുണ്ട്
ചിലരെ
അവര് ദളിതരാണ്

സവർണ്ണ രാജ്യങ്ങളിൽ
മഴ
അങ്ങനെ പെയ്യാറില്ല,
അവിടെ
മഴ പോലും
സുവർണ്ണ വെയിലാണ്

വെയിലില്ലാത്തപ്പോൾ
നേരവും കാലവും നോക്കി
ചന്ദനം പോലെ
അവിടെ
പ്രസാദമായി
കൊടുക്കുന്നത്
പലപ്പോഴും
മഴ അരച്ച മഞ്ഞാണ്

മഴ
കഴിഞ്ഞാൽ
തൊട്ടടുത്ത
വരേണ്യ വര്ഗ്ഗം
കുടയാണ്

നിറം
കറുത്തിട്ടാകാം
പല വർണ്ണത്തിലുമാകാം
മഴയൊട്ടി ഒലിപ്പിച്ചിട്ടാണ്  നടപ്പ്

എന്നാലും പിടിക്കുന്നവരോട്
ഒരു
പനി  അകലമാണ് സൂക്ഷിക്കാറ്

നില്പ്പിലും ഇരിപ്പിലും നടപ്പിലും
സ്ഥാനം
അവരെക്കാൾ
ഒരു പിടിമുന്നിലെന്നാണ്  വെയ്പ്പ്
അത്  ഒരു പറഞ്ഞു വെയ്പ്പാണ്
മറന്നു പോകാതിരിക്കുവാനാണ്

ചിലപ്പോൾ മഴക്കും മേലേ
കേറി പിടിച്ചു കളയും
മഴയെക്കാൾ ആദ്യം ഉണ്ടായതു
താനാണെന്ന് കേറിപറഞ്ഞുകളയും  

പിടിക്കുന്നവരുടെ
തോളത്തും കയ്യിലും
ഇരിക്കുമ്പോഴും
ഭയപ്പെടുത്തുന്നുണ്ട്
പൂച്ച നഖം പോലെ
മുഖം  കൂർത്ത ചില ജാതി
പഴഞ്ഞൻ കമ്പിഞരമ്പുകൾ

എന്നിട്ടും
പിടിക്കുന്നവന്റെ
തലമാത്രം നനയാതെ
കാത്തു
കാലു മുഴുവൻ നനച്ചു
തോളിൽ കയറി ഇരുപ്പാണ്
കുട
എന്ന സ്ഥാനപ്പേരിൽ

സവർണ്ണർ പണ്ട്
കാര്യസ്ഥനായി
കൊണ്ട് നടന്നത് കൊണ്ട്
മേലാളനായി കാര്യമറിയാതെ
വെറുതെ ഇല്ലാത്ത മഴയ്ക്ക്
ഇപ്പോഴും മറ പിടിച്ചു
കൂടെ നടക്കുകയാണ്
സ്വന്തമായി
നിറം പോലും ഇല്ലാത്ത
നിവർത്തിയാൽ ഉടനെ വളഞ്ഞു
ചരിഞ്ഞു പോകുന്ന
മാനം നോക്കി കുട

Friday, 25 October 2013

കടലിന്റെ വിസ കച്ചവടം

കടലൊരു ബഹുരാഷ്ട്ര കുത്തകയാണിന്ന്
കടലാസ്സിൽ വിസ പോലും അടിച്ചുകൊടുക്കുന്നവൻ
കടലോരത്താകെ അതിൽപെട്ട് കുടുങ്ങിക്കിടക്കുന്നു
കായലെന്നു പേരിൽ  കിടപ്പാടം പണയപ്പെട്ടവർ

കടലെന്ന് വലിയ പേരും നിലയുംവിലയും ആകുംമുമ്പേ
പലയിടങ്ങളിലും കടലവിറ്റു വിലയില്ലാതെ കിടന്നവൻ
അന്നവിടെഎന്നോ കാറ്റ്കൊള്ളാൻ വന്ന അറബിയുടെ
കാലു പിടിച്ചു എങ്ങിനെയോ ഉരുവിൽ അക്കരെ കടന്നവൻ

പിന്നെ അവിടെ കൊച്ചുകൊച്ചു പണിയെടുത്ത്  പച്ച പിടിച്ചവൻ
പിന്നെപിന്നെ പതിയെ കച്ചവടംചെയ്തു വയറുപിഴച്ചവൻ
കോടിക്കണക്കിനു കാശിനു വാണിജ്യവ്യാപാരം നടത്തിയവൻ
വെള്ളംപോലെ കോടിക്കണക്കിന് പണംവാരിയെടുത്തവൻ

പിന്നെ കപ്പൽ വിമാന-അന്തർവാഹിനികൾ വാങ്ങിയവൻ
വിവിധ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്വന്തമായ് തുറന്നവൻ  
എന്നിട്ടും കിഴക്കൻ മലയിലെ ഒരുതുണ്ട് ഭൂമി വിറ്റ  പുഴയുടെ
പൈസ വാങ്ങിവച്ചു സമയത്ത് വിസ കൊടുക്കാതെ പറ്റിക്കുന്നവൻ

നാട്ടുകാർ അടക്കംപറയുന്നു പുഴയ്ക്കു ഉരുൾപൊട്ടി വസ്തു പോയെന്നു
പക്ഷെ ഒരു വിസക്ക് വേണ്ടി എഴുതികൊടുത്തെന്നു പുഴ സത്യംഒളിക്കുന്നു
അക്കരെചെന്ന്പച്ചപിടിക്കുവാൻ വിസ പ്രതീക്ഷിച്ചു കടലിലേക്കൊഴുകുന്നു
കടൽ  തന്റെതിരകളെ വിട്ടു തല്ലിക്കുന്നു ഉപ്പുതിന്നതിനാൽ വെള്ളംകുടിക്കുന്നു
കടലിന്റെ ജലസമ്മർദം കൂടുന്നു പിന്നെ ഉരുണ്ടുകൂടി കടൽക്ഷോഭം നടിക്കുന്നു

അത്കണ്ടു  പുഴ തളർന്നുവീഴുന്നു
കടൽ വെള്ളം കുടിക്കാൻകൊടുക്കുന്നു
പിന്നെഎപ്പോഴോ പുഴയുടെ ബോധംമറയുന്നു  
അപ്പോൾ പുഴയെ കടലിലേക്കെടുക്കുന്നു
പിന്നെ പുഴ എങ്ങോട്ടോ അപ്രത്യക്ഷമാകുന്നു
ശരീരം പോലും കിട്ടാതെ പുഴ വെറും ഓർമയാകുന്നു

അത്കണ്ടു കായൽ വിസ ചോദിയ്ക്കാൻമടിക്കുന്നു
വീടുംപറമ്പും പോയാലും ജീവൻ കൊതിക്കുന്നു
പേടിച്ചരണ്ടു ഇപ്പോഴും പുറമ്പോക്കിൽ  കെട്ടികിടക്കുന്നു
മീൻവളർത്തി കയർപിരിച്ചു വിനോദസഞ്ചാരം നടത്തുന്നു
എങ്ങിനെയൊക്കെയോ ജീവിച്ചുപോകുന്നു

എന്നിട്ടും കഥയറിയാതെ വിസമോഹിച്ചു വരുന്ന പുഴകളെ
കഴിവതും തടഞ്ഞുനിർത്താൻ ശ്രമിക്കുന്നു
അത് കേൾക്കാതെ മുന്നോട്ടുതന്നെ ഒഴുകുന്നപുഴകളെ
കണ്ണീരോടെ അഴിമുഖം കാണിച്ചു കായൽ നിൽക്കുന്നു      

വന്യജീവി

രാജവെമ്പാലയെ ഈയിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ
കണ്ടിട്ടില്ലാത്തവർ പറയും ദാ ഇത് വഴി ഇഴഞ്ഞു പോയി
വെറുതെയാണത് ചുമ്മാതെ പറയുവാ
പാമ്പ് ഇഴഞ്ഞിട്ടു എത്ര കാലമായി!!!

അവരിപ്പോൾ വടി കുത്തി നടപ്പാണ്
ആരുടെയെങ്കിലും മുമ്പിൽ ചെന്ന് പെട്ടുപോയാൽ
അവർ വടി എടുക്കാൻ പോയാൽ
പോയവർ അത് വഴി ഒറ്റപ്പോക്കാണ്
അത് കൊണ്ട് പാമ്പ് വടി കൊണ്ടാണ് നടപ്പ്
പത്തിയിൽ കാണും വിസിറ്റിംഗ് കാർഡും
രണ്ടു മൂന്നു പാമ്പ് പിടിത്തക്കാരുടെ നമ്പരും
ഒരേ ഒരു വ്യവസ്ഥ വെയ്ക്കും
പിടിച്ചാൽ തല്ലികൊന്നാലും
കാട്ടിൽ  കൊണ്ട് പോയി വിടരുത്!

പുതിയ തലമുറ ആനയെ കണ്ടിട്ടുണ്ടോ?
അയ്യോ കണ്ടാൽ മനസ്സിലാകില്ല!
കൊമ്പ് ഒന്നും കാണില്ല
കൊമ്പിൽ കമ്പി ഇട്ടു  ഒതുക്കി
തുമ്പി കൈ വച്ച് മറച്ചു ഗമയിലാ നടപ്പ്
ആനവാല് വേണമെങ്കിൽ കുടഞ്ഞിട്ടു തരും!
പക്ഷേ ഒരു അപേക്ഷ
പിടിച്ചു ആനക്കൊട്ടിലിൽ ഇടരുത്

സിംഹമോ? കണ്ടാൽ തിരിച്ചറിയില്ല!
ക്ലീൻ ഷേവാണ്! റാപ്പ് പോപ്‌ താരങ്ങളെ പോലെ
മുടി പോലും ചെരച്ചു വച്ചിരിക്കും!!
കണ്ടാൽ ഹായ് പറയും പക്ഷെ പിടിക്കരുത്..
പേടിയാണ് വനം വകുപ്പിന് കൈ മാറിയാലോ!

എന്താ കാര്യം?
ഇവര്ക്കൊക്കെ പേടി
വനത്തിൽ പോകാൻ!
അയ്യോ ഇതൊന്നും മൃഗങ്ങളല്ല!
ഇവരൊക്കെ മനുഷ്യരാണ്!!!
നമ്മുടെ ഇടയിൽ ഉള്ള
മറ്റു ചില  മൃഗങ്ങൾക്ക്
അവരെ
തിരിച്ചറിയാൻ കഴിയാതെ
തെറ്റിദ്ധരിക്കുന്നതാണ്!Wednesday, 23 October 2013

പ്രണയത്തൊഴുത്ത്

പ്രണയം വിശുദ്ധമായ പശുവാണ്‌
പശു തരുന്നത് സ്വാദിഷ്ടമായ പാലാണ്
പാലിന്റെ സ്വാദ് അനശ്വരമാണ്
പാല് നൈമിഷികമാണ് പിരിയും
പിരിഞ്ഞു പോകും 
പശു നിൽക്കുന്നത് ഏച്ചു കെട്ടിയ നാലു കാലിലാണ്
അത് കൊണ്ട് തന്നെ അതിനെ കുരിശായി ആരും കാണാറില്ല
കാരണം നിലത്തു കുത്താത്തത്  കാലായി അംഗികരിച്ചിട്ടില്ല
അത് കൊണ്ട് തന്നെ അത് ആരും ചുമക്കാറും ഇല്ല
അത് അകിടായി അടിയിൽ തൂങ്ങി കിടപ്പാണ്
അകിടിന് കാമ്പുകൾ നാലാണ്
സാധാരണ നടക്കുന്നത് കാലാണ്
ഇവിടെ നടക്കുന്നത് അകിടാണ്
അകിട് ഇവിടെ കാലാണ്
അകിട് കെട്ടി ഇടാനാണ്   പശുവിനെ വളർത്തുന്നത്‌
പശുവിനു ഇവിടെ തൊഴുത്തിന്റെ വേഷമാണ്
അകിട് ചുരക്കുന്നത് വരെ പ്രണയം പരിശുദ്ദമാണ്
പശു വിശുദ്ധമാണ്
അത് കഴിഞ്ഞാൽ മോരിലെ പുളി പോലെ
പഴമാംസത്തിലേക്ക് പശു പിരിഞ്ഞു പോകും 

Tuesday, 22 October 2013

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു
ചോരയായി ഇറ്റുന്നു
ചിതലെടുത്ത ഞരമ്പുകളിൽ
തുരുമ്പ് എടുത്തോഴുകുന്നു
എന്നിട്ടും മനുഷ്യന് പുഴ
വെറുമൊരു ഫയലു മാത്രം
വയൽ നനയ്ക്കാനും
മേലുകഴുകാനും
കാണാനും കേൾക്കാനും
കവിത എഴുതാനും

മതിമറന്നു തിരുത്തി എഴുതി
ഉപയോഗിച്ച ശേഷം സേവ്
ചെയ്യാൻ മറക്കുമ്പോൾ
അറിയാതെ മനുഷ്യന്റെ കൈ തട്ടി
ഡിലീറ്റ് ആയി പോകാതിരിക്കുവാൻ
പുഴ സ്വയം എടുത്തു വക്കുന്നുണ്ട്
ഒരു  "ബാക്കപ്പ്"
മലമുകളിലെവിടെയോ ഫോൾഡറിൽ
നീരുറവ  പോലെ  ഒരെണ്ണം

Sunday, 20 October 2013

ഹൃദയത്തിന്റെ പരുക്ക്


അധരങ്ങൾക്കിടയിൽ വിരിഞ്ഞ
ചുവന്നു തുടുത്ത ഒരു പുഞ്ചിരി 
നീ അറിയാതെ പറിക്കുവാൻ
എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ്
ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത്

വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ
നാണിച്ചോതുങ്ങി നിന്ന നഖത്തിൽ
ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ
പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ-
പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

Friday, 18 October 2013

ചില സമാന്തര സ്ലീപ്പർ വ്യവസ്ഥിതികൾ

ഓരോ തീവണ്ടിയും കടന്നുപോകുന്ന ഇടവേളകളിൽ പിടയുന്നുണ്ട്‌
ഇരുമ്പ് പാളത്തിനടിയിൽ അമർന്നു അതിൽ കൊരുക്കപ്പെട്ടു
അതിൽ എന്നോ അകപ്പെട്ടു പോയ ചില സ്ലീപ്പറുകൾ
അതിനെ വേശ്യാലയങ്ങൾ എന്നോ ശൌച്യാലയങ്ങൾ എന്നോ ആരും വിളിക്കാറില്ല
അതിൽ നിന്നും അവരെ രക്ഷപ്പെടുത്തണം എന്നും ആർക്കും നിർബന്ധമില്ല
എങ്ങോട്ടോ പുറപ്പെട്ട ചില യാത്രികരുടെ ആവശ്യമാണത്!
വ്യവസ്ഥിതിയുടെ ഭാഗമാണത്!

അത് പകരുന്നുണ്ട് സ്വന്തം ശരീരം കൽചീളുകളിൽ പിടയുമ്പോഴുംമെത്തയുടെ സുഖം..
സുഖത്തിലും ശുചിയായും സൂക്ഷിക്കുവാൻ വലിച്ചെറിയുന്നുണ്ട് പലരും അതിൽ വിസ്സർജിക്കുന്നതെന്തും!
ട്രെയിൻ കയറി ഇറങ്ങുമ്പോൾ  അറിയാതെ ഉയരാറുണ്ട് ചില ഞരക്കങ്ങൾ മൂളലുകൾ
എന്നാലും ആ നിമിഷത്തിലെ പതിവൃതയെ പോലെ കടത്തി വിടുന്നുണ്ട് ഒരു ട്രെയിൻ മാത്രം ഒരു നേരം
കിടന്നു കിടന്നു തടി എന്നോ മാറി കോണ്‍ ക്രീറ്റ്  ആകുമ്പോഴും
വെളുപ്പ്‌ ഇരുണ്ടു കറുപ്പാകുമ്പോഴും വികാരം പോലും ഉപേക്ഷിച്ചു പോകാറുണ്ട്
നേർത്ത ഞരക്കം പോലെ  ...

അവർക്ക് കുടിലുകൾ പോലും ഉണ്ടാവില്ല
ട്രെയിൻ കടന്നു പോകുമ്പോൾ ഉണ്ടാകും ഒരു മേല്ക്കൂര
എന്നാലും ചോർന്നോലിക്കുന്നുണ്ടാവും ഉടലാകെ
ചുട്ടുപൊള്ളുന്നുണ്ടാവും കൂരിരുട്ടിലും അകവും പുറവും..
ഒന്നു  തണുക്കുന്നതിനു മുമ്പ് കടന്നു വരുന്നുണ്ടാവും അടുത്ത ട്രെയിൻ

മുറിക്കപെട്ട വിലങ്ങുപോലെ ഉണ്ടാകും  ചില കൊലുസ്സുകൾ കൈവളകൾ
വെറുതെ കിലുങ്ങുവാൻ മാത്രം
അതിൽ പിടക്കുന്നുണ്ടാവും മുറിക്കപ്പെടാത്ത കാലുകളും കൈകളും ഒരു കഴുത്തും
അവയൊക്കെ പണി എടുക്കുന്നുണ്ടാവും അധികം പണിയെടുക്കാത്ത ഒരു വയറിനു
അതിലും ഉണ്ടാകും കത്തുന്ന വിശപ്പുകൾ..
വിശപ്പ്‌ എന്ന് പോലും അടയാളപ്പെടുത്താത്തവ..
ചിലപ്പോൾ കാമഭ്രാന്തെന്നു മാത്രം വിളിക്കപ്പെടുന്നവ!

Thursday, 17 October 2013

ആരാണ് എന്താണ്?

മുറ്റത്തിൻ മാനത്ത്‌-
മഴവില്ലായി..
പൂത്തു വിരിഞ്ഞുലഞ്ഞ-
പുഷ്പങ്ങളെ...
തല്ലിക്കൊഴിച്ചു-
പിച്ചവെച്ച-
കുസൃതികുരുന്നിനെ,
പിടിച്ചു;
മടിയിൽ-
ചേർത്തണച്ച്...
വൈരക്കല്ലിറ്റുന്ന-
ചെവിയിൽ
മുഖം ചേർത്ത്,
മെല്ലെ മൃദുവായി;
വാത്സല്യമായി;
മന്ത്രിച്ചു...
മഴയെന്നു,
പേരിട്ടു-
വിളിച്ചതാരോ?

സന്ധ്യയിൽ-
കുളിച്ചുതോർത്തി
കടന്നുവന്ന,
ചന്ദ്രികയുടെ...
പിറകിലൂടെ;
നടന്നുചെന്ന്,
അറിയാതെ
മറഞ്ഞു നിന്ന്
കണ്ണുപൊത്തി,
മങ്ങിയനിലാവിന്റെ-
ഓരത്ത് കൂടി
നിശബ്ദതയുടെ
തീരത്ത്
കൈ പിടിച്ചു
കിടത്തി ..
സ്നേഹത്തിന്റെ
മടിയിൽ
തലചായച്ചു
കിടന്നു
രാവിന്റെ
മുടിയിൽ
വിരലോടിച്ചുമെല്ലെ...
പ്രണയത്തിന്റെ
ലിപിയിൽ
ഹൃദയം
കുത്തികുറിച്ചതെന്തോ? 

Monday, 14 October 2013

ഡിസ്പോസിബിൾ കവിതകൾ

തല
ഒരു തല വച്ചത്  കൊണ്ട് മാത്രം
ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു
എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്..
ഉടൽ പറന്നു പോയത്

വഴി
ഓരോ ഇന്നും ഒരു വഴിയാണ്
എന്നും കാണുന്ന "ആ" പരിചയം വെച്ചാണ്
(കണക്കിന് "ഇ" ആണ് വേണ്ടത്
ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ
അറിയാമോ എന്ന് ചോദിക്കുമ്പോൾ
ഒന്നൂടി നീട്ടി ആാ എന്ന് പറയും
അപ്പോൾ ശരി "ആ" തന്നെ )
നമുക്ക് എത്ര വഴി തെറ്റിയാലും,
തെറ്റുന്നതെല്ലാം വഴിയാക്കി
വഴിക്ക് ആളു തെറ്റാതെ
അവസാനം മരണവീട്ടിൽ തന്നെ
കൊണ്ടെത്തിക്കുന്നത്

 കുട
വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു
പിന്നെ നടന്നപ്പോൾ
ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു
എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ

പേന
വാങ്ങിയപ്പോഴേ കീശ കീറി
എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും
അതിനൊരു കനവും കുറച്ചു ആഴവും
അതും ഇടനെഞ്ഞിൽ തന്നെ
നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം
എഴുതുവാൻ ഒഴിയാതെ കരിമഷിയും
എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ
അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും
വിളിച്ചു പോയത്പെണ്ണെന്നു
പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു
ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്കുന്നുണ്ട് ഒരു പേന
വെറുതെ കവിത എഴുതുവാൻ വേണ്ടി മാത്രം

ടിപ്പ്
ജീവിച്ചിട്ടിറങ്ങുമ്പോൾ മനുഷ്യൻ
ടിപ്പ് കൊടുക്കന്നത്‌ പതിവാണത്രെ
ഒട്ടും കുറച്ചില്ല
നാണം കെടാതിരിക്കുവാൻ
ഞാനും വച്ചു
ടിപ്പ്!
എന്നെ തന്നെ!!
ഇപ്പൊ നാണം കെട്ടതു അവരായിരിക്കും

Friday, 11 October 2013

മരണ നിക്ഷേപം

എല്ലാവരെയും ചതിച്ചു നടന്ന എന്നെ
അവസാനം എന്റെ ചുണ്ടും  ചെറുതായി ഒന്ന് ചതിച്ചു
ഒരിക്കലും ചിരിക്കാത്ത എന്റെ മുഖത്ത്
അത് ഒരു ചിരി മോർഫ് ചെയ്തു വച്ചു

ആ ചിരിക്കു പലവിധ വ്യാഖ്യാനങ്ങളും വന്നു
ഡാവിഞ്ചിക്ക് പഠിച്ചതാണെന്ന്  ചുണ്ട് കോട്ടി ചിലർ
സംതൃപ്ത ജീവിത അന്ത്യം! എന്ന് കൈ മലർത്തി ചിലർ
മരിക്കുവാൻ ഇനി പേടി വേണ്ട എന്നുള്ളതാകാം സത്യം
എന്ന് എപ്പോഴോ തോന്നിയ ഒരു തോന്നൽ
അങ്ങിനെ കഴിഞ്ഞ കാലത്തേ ആസ്തികൾ തിരിഞ്ഞു
നോക്കുമ്പോൾ കണ്ടു മരണത്തിനു വേണ്ടി ജീവിതത്തിൽ തന്നെ
പലപ്പോഴായി നടത്തിയ ചില പ്രവാസനിക്ഷേപങ്ങൾ

വിവിധതരം അസുഖങ്ങളിൽ
ബി പി യുടെ ഉയർന്ന ഷെയറുകളിൽ
കൊളസ്ട്രോളിന്റെ റിയൽ എസ്റ്റുകളിൽ
ഷുഗർ കമ്പനിയുടെ ഉടമസ്താവകാശങ്ങളിൽ
സമ്മർദ്ദങ്ങളുടെ കടപ്പത്രങ്ങളിൽ
ദാമ്പത്യത്തിന്റെ മ്വ്യുച്ച്വൽ ഫണ്ടുകളിൽ
മുഖപുസ്തകത്തിന്റെ മറവിൽ കസേരയോട്
സൊള്ളുന്ന പ്രുഷ്ട്ടത്തിന്റെ ഇരട്ടമുഖങ്ങളിൽ
അതിനു പാലൂട്ടാൻ ഇരിക്കുന്ന കുടവയറിൽ
ഭക്ഷണം കാണുമ്പോഴെല്ലാം വിശക്കുന്ന ലൈംഗികതയിൽ
ബോർഡിംഗ് ഹോസ്റ്റലിൽ സ്കൂളിൽ
നിർത്തി പഠിപ്പിച്ചതിന്റെ കണക്കു
അഭിമാനത്തോടെ പറയുന്ന അച്ഛനമ്മാരെ
അതെ നിലവാരമുള്ള വൃദ്ധ സദനങ്ങളിൽ
തലകുനിച്ചു നിക്ഷേപിച്ചതിന്റെ രസീതികളിൽ
സ്വന്തം ശവമടക്കിനു  രണ്ടു ദിവസം വൈകി ചെന്നിട്ടും
മുന്നിൽ ചെന്ന് പെട്ട തെറ്റിന്  ശവത്തിനെ കൊണ്ട്
എടുപ്പിച്ച  ഇൻഷുറൻസ് പോളിസികളിൽ 

 ജീവിതത്തിന്റെ മടുപ്പുകൾ ഓരോ ദിവസവും
മരണം എന്ന നിക്ഷേപത്തിലേക്ക് ഇതുപോലെ സ്വരുക്കൂട്ടിയതിനാൽ
ഇനി ഒരു വാർദ്ധക്യദൂരം നടക്കേണ്ടി വരില്ലെന്ന് ഓർത്തു
ചുണ്ടിൽ വിരിഞ്ഞ ചിരി കാലം മോർഫു ചെയ്തതാകാമെന്നൊരു തോന്നൽ

Wednesday, 9 October 2013

ഫ്രിഡ്ജിൽ വച്ച മഴ

മഴയെ കുറേ നാളായി കാണുന്നുണ്ട്  ഞാൻ
ഓർമ വച്ച നാൾ മുതൽ പെയ്യുന്നുമുണ്ടത്
എന്നാലും കഴിഞ്ഞ കുറേ ഏറെ നാളായി ശ്രദ്ധിക്കുന്നുണ്ട് ഞാൻ-
പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത

പെയ്യുന്ന മഴയിൽ  കാണുന്നു പലപ്പോഴും
ഏച്ചു നില്കുന്ന ചില  ഏറ്റകുറച്ചിലുകൾ
ആകാശത്തു കാണുന്ന മേഘങ്ങളുടെ അളവിലും, നോക്കിയാൽ കാണാം-
അനുവദിച്ചിട്ടുള്ളത് പെയ്യാറുമില്ലെന്നവ

അന്നന്നുള്ളത്  പെയ്യാതെ പൂഴ്ത്തിവെയ്ക്കുന്നുണ്ടവ
ആരുമറിയാതെ എങ്ങോട്ടോ മാറ്റുന്നുമുണ്ടവ
ഇന്നലെ തന്നെ; പെയ്ത മഴ, ഇന്ന് തനിയെ നുണയുമ്പോൾ, അറിയുന്നു-
ഫ്രിഡ്ജിൽ വച്ച് പഴകി, തണുപ്പ്; മാറ്റാതെ പെയ്തവ!

ഓർമയിൽ പോയി പണ്ടത്തെ മഴ തിരയുമ്പോൾ
അറിയുന്നു ഓർമ്മകൾ പോലും പഴകിയിട്ടുള്ളവ
കുട്ടികാലത്തെ പ്രണയത്തിനു മുമ്പുള്ള ഓർമ്മകൾ പലതുമിപ്പോഴും-
അയവിറക്കുമ്പോൾ, തണുപ്പ് മാറാത്ത  മഷിത്തണ്ടുകൾ!

Sunday, 6 October 2013

ചുവന്ന പൊട്ടിട്ട ടിപ്പർ ലോറി

നിന്റെ നെറ്റിയിൽ കത്തി കിടന്നത്
ഒരു ചുവന്ന പൊട്ടായിരുന്നു
അത് സീമന്ത രേഖയുടെ അടുത്തായിരുന്നു
ഒരു സീബ്ര എന്റെ മുമ്പിലൂടെ മുറിച്ചു ചാടിയിരുന്നു
എല്ലാ ധൃതിയുടെ ഇടയിലും അത്
ഞാൻ ശ്രദ്ധിച്ചിരുന്നു
പക്ഷെ നിന്നിലേക്ക്‌ എത്തുവാനുള്ള
എന്റെ ആവേശത്തിന്  ഇതെല്ലാം ഒരു തടസ്സമായിരുന്നു
അത് അറിയുവാൻ പിറ്റേന്നത്തെ പത്രം നോക്കേണ്ടി വന്നു
ചരമ കോളത്തിൽ
എന്റെ ചിത്രം
ചിരിക്കുന്നുണ്ടായിരുന്നു
നായകൻ ഞാനായിരുന്നെങ്കിലും
വില്ലൻ മൊബൈൽ ആയിരുന്നു  
അന്ന് മിസ്സ്‌ അടിച്ചത്...
നമ്മൾ പരിചയപ്പെട്ടത്‌ !
അതിലൊന്നും എനിക്ക് പരാതി ഇല്ലായിരുന്നു
പക്ഷെ
എന്റെ കൂടെ ചരമകോളത്തിൽ
അന്ന് യാത്ര ചെയ്തവരുടെ കൂട്ടത്തിൽ
ഒരു പുഴയും ഉണ്ടായിരുന്നു
പുഴ ഗര്ഭിണി ആയിരുന്നു
മൂന്നു മാസം പ്രായമായ മണൽ വയറ്റിലുണ്ടായിരുന്നു
പുഴ അന്നും ജോലിക്ക് ഇറങ്ങിയതായിരുന്നു
പുഴയുടെ വഴിയിലൂടെ പോയാൽ മണൽ മാഫിയ
ഗര്ഭം കലക്കുമായിരുന്നു
അത് പേടിച്ചിട്ടാണ് റോഡിലൂടെ ഒഴുകിയത്
പക്ഷെ അവിടെയും പുഴയേയും എന്നെയും ഒരുമിച്ചു
ഇടിച്ചു തെറിപ്പ്പ്പ്പിച്ചു
കടന്നു പോയത് ഒരു ടിപ്പർ ലോറി ആയിരുന്നു
അത് മണൽ നിറച്ചിരുന്നു!
വിധി!
പുഴ പോയതോടെ ആ ഒരു ദേശത്തെ
സംസ്കാരം കൂടി അനാഥമായി!
മരിച്ച പുഴ സന്തോഷവതിയാണിന്നു
പൊട്ടില്ലാത്ത പുഴയുടെ നെറ്റിയിൽ കിടന്നാണ്
ഈ കുറിപ്പെഴുതുന്നത്
ഹ്ല ഹ്ല ഹ്ല
ചിരിച്ചതല്ല
ഒരു പുഴ ഒഴുകിയതാണ്
അതെന്റെ കണ്ണിൽ നിന്നാണ്
നിന്റെ ചുവന്ന പൊട്ടു ഓർത്തു!

ഷണ്ഡൻനിഘണ്ടു
ഷണ്ഡൻ എന്ന പദത്തിന്റെ അർഥം തിരഞ്ഞാണ് ഷണ്ഡൻ നിഘണ്ടു തപ്പി വായനശാലയിൽ പോയത്
അപ്പോൾ നിഘണ്ടു അതിൽ ഇല്ലാത്ത പല പദങ്ങളുടെയും അർഥം തിരഞ്ഞു വേശ്യാലയത്തിൽ ആയിരുന്നു
പല വാക്കുകളുടെയും ത്രിമാന അർഥം അറിയണമെങ്കിൽ ഇനി വേശ്യാലയത്തിൽ തന്നെ പോകണം എന്ന് അവിടെ നിന്നും മടങ്ങി വന്ന നിഘണ്ടു പറയുന്നുണ്ടായിരുന്നു
യഥാർത്ഥ നിഘണ്ടുവിന്റെ ലിന്ഗവ്യാകരണം തിരയുകയായിരുന്നു ഷണ്ഡൻ അപ്പോൾ ഷണ്ഡൻ
ഷണ്ഡൻ പൊട്ടി കരഞ്ഞു വിധി കേട്ട്
തനിക്കു ജീവപര്യന്തം!
 അതും എന്തിനു?
തന്റെ ഷണ്ഡത്ത്വത്തിനു!!
സാരമില്ല... തടവിൽ ജീവിതത്തിൽ  തന്നെ ഏതാണ്ട് ശിക്ഷ കാലാവധി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു...
അടുത്ത കേസ് ഉടനെ ഉണ്ട് ..അതിനെങ്കിലും വെറുതെ വിടുമായിരിക്കും... അത് തന്റെ തെറ്റല്ല എന്ന് പൂര്ണ ബോധ്യവും ഷണ്ഡനു ഉണ്ടായിരുന്നു.
കേസ് വിളിച്ചു കുറ്റം പറഞ്ഞു
കുറ്റം കേട്ട ഷണ്ഡൻ പൊട്ടി ചിരിച്ചു.... ശിക്ഷ;അത് കൊണ്ട് തന്നെ ഷണ്ഡൻ  കേട്ടില്ല.
ശിക്ഷ വിധിച്ചു   "വധശിക്ഷ"!
ചെയ്ത തെറ്റ് "ജനിച്ചു"!!!

ശിക്ഷ വിധി കേട്ട ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് പെട്ടെന്ന് മറന്നുപോയ ജനം കല്ലെറിഞ്ഞു  അവനു അത് തന്നെ കിട്ടണം!!!!

Saturday, 5 October 2013

നവരാത്രി അനുഗ്രഹം


ഒരു മഞ്ഞുതുള്ളിയ്ക്ക് ജന്മമേകി
താമര ഇലയിൽ അഭയമേകി
ശ്വേതസത്യം ആദ്യം നാവിലെഴുതി
അമ്മതൻ മടിയിൽ വീണയാക്കി

അക്ഷരങ്ങൾ കോർത്തമ്മ പേരുമീട്ടി
അമ്മയെന്ന നാമം നാവുമാക്കി
വിരലുകൾ അമ്മ  പിടിച്ചു മെല്ലെ
അക്ഷരങ്ങൾക്കിടയിലൂടെ നടത്തി മെല്ലെ

അക്കങ്ങൾ ഒമ്പതും തംബുരുവാക്കി
ശൂന്യമാം തന്ത്രിയിൽ ശ്രുതി എഴുതി
അക്ഷര മുദ്രകൾ താമരയായി
ഓർമയിൽ കണ്ണുകൾ കൂപ്പി നിന്നു

സംഗീത സാന്ദ്രമാം മഴ പൊഴിഞ്ഞു
കാതിന്റെ ചെവിക്കുട തുറന്നു തന്നു
ചിരിയുടെ ചിലങ്കകൾ കുണുങ്ങി വന്നു
കലിയുടെ കോപവും കൂടി വന്നു

മൌനത്തിൻ ആയുധം ചുണ്ടിൽ തന്നു
അപ്പോഴും അമ്മ കാവൽ നിന്നു
നേർവഴികാണുവാൻ വിദ്യ തന്നു
ഏതു രാജ്യത്തിലും കൂടെ വന്നു

ഏതു താപത്തിലും തണലു തന്നു
കൂരിരുട്ടിലും നിലാചിരി വിരിച്ചു
ഏതക്ഷരത്തിലും ഒളിച്ചിരുന്നു
എപ്പോൾ വിളിച്ചാലും പുറത്തു വന്നു

എന്നാലും എപ്പോഴും കൂട്ടിനായി
മനസ്സിലുണ്ടാവണേ എന്നുമമ്മേ
അമ്മേ മഹാമായേ  ദേവി മഹാമായേ
സർവ്വം മഹാമായേ സരസ്വതിയേ...


Friday, 4 October 2013

നടത്തുവാൻ മൂന്നെണ്ണം

ജീവ മന്ത്രം
ജീവൻ നില നിർത്താൻ വേണ്ടി ഞാൻ
എപ്പോഴും ഒരു മന്ത്രം ജപിക്കാറുണ്ട്
അത് നിന്റെ പേരല്ല എന്റെ ശ്വാസമാണ്
അതായതു ഏതോ  മരത്തിന്റെ നിശ്വാസം

പ്രകൃതി സ്നേഹി 
പെണ്ണിനെ സ്നേഹിച്ചു നാണം  പോയപ്പോഴാണ്
മരത്തിന്റെ സ്നേഹിച്ചു മാനം നോക്കിയത്
അപ്പോഴാണ്‌ മരം ചുറ്റി പ്രേമിക്കാൻ തീരുമാനിച്ചത്
അങ്ങിനെയാണ് നാട്ടിൽ ഒരു പ്രകൃതി സ്നേഹി ഉണ്ടായതു
എന്നിട്ടും മനുഷ്യനേയും മരത്തിനെയും  തിരിച്ചറിയാൻ പഠിക്കാത്ത
മരംകൊത്തിസമൂഹത്തിനു കൊത്താൻ ട്യുഷൻ കൊടുക്കേണ്ടി വരുന്നു
കൊത്ത് മരത്തിന്റെ വെളിയിൽ കൊള്ളാൻ


ഹർത്താൽ
നടക്കുവാൻ ഏറെ ദൂരമുണ്ടെന്നറിഞ്ഞിട്ടും
അളക്കുവാൻ കാലുകൾ വെറും രണ്ടെന്നറിഞ്ഞില്ല
കാത്തു നില്ക്കുവാൻ നിമിഷങ്ങൾ ഏറെ ഉണ്ടെന്നറിഞ്ഞിട്ടും
നിമിഷങ്ങൾ ആരെയും കാത്തു നില്ക്കില്ലെന്നറിഞ്ഞില്ല
അവസാനം കാലുകൾ ചുരുട്ടി വെക്കുവാൻ പെട്ടി ഉണ്ടെന്നറിഞ്ഞപ്പോൾ
അത് ചുമക്കുവാൻ ആരെയും കിട്ടില്ലെന്നറിഞ്ഞില്ല
എങ്കിൽ മരണം ഒന്ന് മാറ്റി വയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ
ശ്മശാനത്തിനെ  ഹർത്താലിൽ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രസ്താവന

മത്സരം


റെഡി... വെടി... തുടക്കം

ഒരുപാട് മഴയെ ഞാൻ  കുടകൊണ്ട്‌ കുത്തി കൊന്നിട്ടുണ്ട്
മഴയുടെ ചോരപ്പാടു ഇറ്റുന്ന കുട ഞാൻ ഒളിപ്പിക്കാതെ
കയ്യിൽ നിവർത്തിപ്പിടിച്ചു നടന്നിട്ടുണ്ട്

പലകുല പൂക്കളെ ഞാൻ ഈ കൈ കൊണ്ട് ഇറുത്തു മണത്തിട്ടുണ്ട്
അതിന്റെ മണം ഞാൻ പലരെയും കൊണ്ട് നടന്നു കാണിച്ചിട്ടുണ്ട്
അത് കൊരുത്തു മാല കെട്ടി ഇട്ടു ഫോട്ടോ എടുത്തു നടന്നിട്ടുണ്ട്

പിടിക്കപ്പെട്ടിട്ടില്ല ....

ധാരാളം പെണ്ണുങ്ങളെ ഞാൻ പ്രണയിച്ചിട്ടുണ്ട് അവരാരും എന്നെ തിരിച്ചു പ്രണയിച്ചിട്ടില്ല,
പിടിച്ചടക്കിയിട്ടില്ല!
തന്നെ പ്രണയിക്കുന്ന പുരുഷന് വഴങ്ങി കൊടുത്താലും, തന്നെ സ്നേഹിക്കുന്ന പുരുഷനെ പ്രണയിക്കാറില്ലവർ!
തന്നെ  പ്രണയിക്കാത്ത മറ്റൊരു പുരുഷനെ പ്രണയിക്കുന്ന തിരക്കിലുമായിരിക്കുമപ്പോഴും അവർ
അത് കൊണ്ട് തന്നെ ഞാൻ ഇപ്പോഴും സ്ത്രീകളെ പ്രണയിച്ചുനടക്കാറുണ്ട്
എന്നെ തിരികെ പ്രണയിക്കാതിരിക്കുവാൻ വേണ്ടി മാത്രം!
ഒരു അറിയിപ്പ്
ക്ഷമിക്കണം തുടക്കത്തിൽ വെച്ച വെടി ഉന്നം തെറ്റി ഒരു മൽസരാർഥിക്ക് കൊണ്ടതിന്റെ സന്തോഷ സൂചകമായി ഒരു കുല മുന്തിരി കൊടുത്തു  ഈ മത്സരം അവസാനിപ്പിച്ചിരിക്കുന്നു! 

പ്രണയവ്യാധിക്ക് ഒരു പ്രതിരോധ കുത്തിവെപ്പ്

പ്രിയേ നിനക്ക് ഇപ്പോൾ ഓർമ്മയുണ്ടോ?
അന്ന് നമ്മൾ പ്രണയിച്ച ദിവസങ്ങൾ!
എന്ത് മനോഹരമായിരുന്നവയന്നു!
ഓർക്കുമ്പോൾ ഇപ്പോഴും മധുരതരം!

അന്ന് പ്രണയത്തിനെന്തെല്ലാം പരസ്യങ്ങൾ!
കഥയിലും കവിതയിലും സിനിമയിലും...
ജീവിത നാടകത്തിന്നിടയിലും
കലാലയങ്ങളിലും കാണിച്ചിരുന്നവ!

അന്നാ പരസ്യം കണ്ടു മോഹിച്ചു-
ജീവിതത്തിന്റെ വില കൊടുത്തു..
വാങ്ങി കബളിപ്പിക്കപ്പെട്ട നാം...
എന്നിട്ടത് വെറും പരസ്യമെന്നറിഞ്ഞപ്പോൾ!
അത് പോലും രഹസ്യമാക്കി മറച്ചുവച്ച നാം!

ഇന്നിപ്പോൾ മക്കൾക്കാ പകർച്ചവ്യാധി
പിടിപെടാതിരിക്കുവാൻ
ഓർക്കണം
അവർക്ക്...
പ്രണയവ്യാധിക്കെതിരെ
ഒരു പ്രതിരോധകുത്തിവെപ്പെങ്കിലും
എടുക്കുവാൻ ....
പ്രായമൊരുപത്തിരുപത്തോന്നാവും  മുമ്പേ!

Thursday, 3 October 2013

നേരെ ആകാത്തവ

എത്രനേരം അരി ഇട്ടാട്ടിയാലും
വെള്ളം എത്രശ്രദ്ധിച്ചു കുറേശ്ശെ ചേർത്തരച്ചാലും
ദോശയ്ക്ക് വേണ്ടി   മാവ് കനംകുറച്ച് മേഘം കലക്കിഒഴിച്ചാൽ
പരുവംതെറ്റി  കിട്ടുന്നത്  മഴനൂൽപലഹാരം തന്നെ

എത്രനീളൻ വര കുത്തും കോമയും ഇട്ടു  നീട്ടി പഠിപ്പിച്ചാലും
വെള്ളച്ചാട്ടത്തിൽ നേരെ  താഴേക്ക്‌ ചാടാൻ  പരിശീലിപ്പിച്ചിട്ടും
മഴ ഒന്ന് മാറി പുഴയോട് തനിയെ ഒഴുകാൻ പറഞ്ഞാൽ
പുഴയുടെ  പോക്ക്  ഇപ്പോഴും വളഞ്ഞുപുളഞ്ഞു തന്നെ

എത്രപ്രാവശ്യം നാലു വരയിൽ റോക്കറ്റ് പറത്തി കാണിച്ചിട്ടും
വരയിട്ടു മഴവില്ല് പോലും വളച്ചു പഠിപ്പിച്ചിട്ടും
മേഘമിപ്പോഴും ആകാശത്ത് പറക്കാനിറങ്ങിയാൽ
പോകുന്നത് അടുക്കുംചിട്ടയും ഇല്ലാതെ തന്നെ

എത്രകാലം അടക്കി കിടത്തിയാലും
മരിച്ചുകഴിഞ്ഞു  അച്ചടക്കം കിടത്തിപഠിപ്പിച്ചാലും
ജനിച്ചു കഴിഞ്ഞു ജീവിതം തുടങ്ങി കഴിഞ്ഞാൽ
മനുഷ്യരിപ്പോഴും ആത്മസംയമനം പാലിക്കാത്തവരു തന്നെ 

Sunday, 29 September 2013

ഫ്യൂസ് പോയത്

ഫ്യൂസ് 
കയറു കൊണ്ടാണ് വയറിംഗ് ചെയ്തത്
പൊസിറ്റിവും നെഗറ്റിവും എല്ലാം ശരിയായിരുന്നു
ഏരത്ത് വിട്ടുപോയില്ല കസേര ഇട്ടു തന്നെ കൊടുത്തു
ഹോല്ടെർ വളരെ പെർഫെക്റ്റ്‌ ആയിരുന്നു
കഴുത്തു ഇട്ടു ഒന്ന് തിരിച്ചു ഏരത്ത് കണക്ഷൻ ചവിട്ടി മാറ്റി
കറന്റ്‌ പാഞ്ഞു ഒരു ബൾബ്‌ ഫ്യൂസ് ആയീ
ആരുടേയും കാലിൽ കൊള്ളാതെ കുഴിച്ചിട്ടു
രണ്ടു മൂന്നു ദിവസത്തെ ഒരു അസൌകര്യം
പതിനാറു കഴിയാൻ കാത്തുനിന്നില്ല (സര്കുലർ ഉണ്ട്)
കുറഞ്ഞ വൈദ്യുതി ചിലവുള്ള  ഒരു പുതിയ  ബൾബ്‌

സിറിയ
ഉള്ളികൾ കരയുന്നു
ഉള്ളിൽ തീൻമേശ...
ആയുധങ്ങൾ മെഴുകുതിരി കൊളുത്തി...
പ്രാർത്ഥിച്ചു;
ഭക്ഷണം കഴിക്കുവാൻ .....
ഭക്ഷണം കഴിച്ചു!
കൈ കഴുകി ആയുധങ്ങൾ എഴുന്നേറ്റു പോയി
എച്ചിൽ പോലെ
മനുഷ്യർ
ബാക്കി...
ആരോഗ്യമുള്ള
ശവങ്ങളെ
പേടിക്കേണ്ട
ഉറങ്ങിക്കോളൂ  
അടുത്ത മെസ്സ്
ഇനി
മറ്റൊരുരാജ്യത്തിൽ

 സിനിമ
ദാമ്പത്യത്തിന്റെ ഇടവേളയിൽ വിരസത തോന്നി
കണ്ണീരോഴിക്കുവാൻ പുറത്തേക്കിറങ്ങി
വെളിയിൽ അപ്പോഴും കാത്തുനില്ക്കുന്നുണ്ടായിരുന്നു
ബ്ലാക്കിനു ടിക്കറ്റ്‌ എടുത്തു  പ്രണയങ്ങൾ

ചലച്ചിത്രം
ജീവിതം ഒരു ചലച്ചിത്രം
മരണം ഒരു നിശ്ചല ചായാഗ്രഹണം

കണ്ണ്

മനുഷ്യൻ ഇത്രപുരോഗമിച്ചിട്ടും
ഈസ്റ്റ്‌ മാൻ കളർ പോലെ ചുവപ്പിച്ചാലും
കണ്ണ് ഇപ്പോഴും ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് തന്നെ


കമ്പ്യൂട്ടർ വല്ക്കരണം 
യമലോകത്ത്‌ കമ്പ്യൂട്ടർ വല്ക്കരണം
ഘട്ടം ഘട്ടം ആയി വിജയത്തിലേക്ക്
മനുഷ്യന്റെ ആയുസ്സ് ഇനിയും കുറയുമെന്നർത്ഥം

മേൽവിലാസമില്ലാത്തവർ

എനിക്ക് പോകേണ്ടത് നാളെയിലേക്കാണ്
വന്നത് ഇന്നലെയിൽ നിന്നാണ്
എനിക്ക് ഇല്ലാത്തതു ഇന്നാണ്
എനിക്ക് വേണ്ടതും ഒരു ഇന്നാണ്
ഇന്നിൽ എനിക്ക് പകൽ വേണമെന്നില്ല
പക്ഷെ വേണം ഒരു രാത്രി
ഒരു രാത്രി മുഴുവനായി!
അവ ഉപേക്ഷിക്കുവാൻ കഴിയുന്നവ ആയിരിക്കണം
ഒരു പാട് പോലും ബാക്കി വയ്ക്കാതെ-
വലിച്ചെറിയുവാൻ കഴിയുന്നവ!
രാത്രിയിൽ;
അൽഷിമെർഴ് സു ബാധിച്ച
ലൈംഗികതയ്ക്കു കഴിക്കുവാൻ
പെണ്‍ഗുളിക വേണം
അത് മുല്ലപ്പൂ ചൂടിയിരിക്കണം...
അത് കഴിക്കുവാൻ ഓർമിപ്പിക്കുവാൻ-
സുഖശീതളിമയുടെ
രണ്ടു കാലുള്ള ഒരു കട്ടിലും വേണം
അതിനിടയിൽ എഴുതുവാൻ കുറച്ചു സൗകര്യം വേണം
അത് പോസ്റ്റ്‌ ചെയ്യുവാൻ
ഇരുട്ടിന്റെ ചുവന്ന നിറം ചാലിച്ച
ഒരു തപാൽപെട്ടി വേണം
ഓ മറന്നു
എഴുതുവാൻ ആദ്യം ഒരു മേൽവിലാസം വേണം
മേൽവിലാസം ഇല്ലാത്തവർ
എഴുതിയിട്ട് ഒരു കാര്യവും ഇല്ല
എഴുത്തായാലും കഥയായാലും കവിത ആയാലും
വായിക്കുവാൻ ആളു കാണില്ല
അഥവാ വായിച്ചാൽ മറുപടി കിട്ടില്ല
അത് കൊണ്ട് ഞാൻ ഇന്നലെയിലേക്ക് പോയി
ഒരു മേൽ വിലാസം പരതട്ടെ
കിട്ടിപ്പോയ് ഇന്നലെയുടെ  മേൽവിലാസം
അത് മറവി ആയിരുന്നു
ആശ്വാസം എനിക്കൊരു ഇന്ന് കിട്ടി ഇനി ഞാൻ പോകട്ടെ!
നാളെ കാണാം ഇന്നലെകൾ മറക്കാം
ആശംസകൾ;  നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ!

Friday, 27 September 2013

ലിപ്സ്റ്റിക് ഇട്ട ഹൃദയം

നീ എന്നോട് പിണങ്ങി
ചുണ്ട് കടിച്ചു തുറന്നു
ഒരു ചുംബനം മാത്രം എടുത്തു
ഒരു കോട്ടുവായിൽ അടച്ചു
എന്റെ ദേഹം വിട്ടു
നിന്റെ ഉടൽ എടുത്തു
പടി ഇറങ്ങി
പോകുമ്പോൾ-
എനിക്ക് ഉറപ്പുണ്ടായിരുന്നു;
നീ ഇന്ന് വരെ പോയി-
നാളെയുടെ
രാത്രിവണ്ടി വിളിച്ചു-
തിരിച്ചു വരുമെന്ന്...
അതെ അങ്ങിനെ നീ മടങ്ങി വന്നു!
പക്ഷേ
നിന്റെ ഹൃദയം
നീ അപ്പോഴും
ചുരുട്ടി അധരമായി പിടിച്ചിരുന്നു!
പക്ഷെ
ലിപ്സ്റ്റിക് പുരട്ടിയ നിന്റെ ഹൃദയം
തണുത്തുവിറക്കുന്നുണ്ടായിരുന്നു!
എന്റെ ഉടൽ പിഴിഞ്ഞ്
വിയർപ്പു   കുടഞ്ഞു
നീ എടുത്തിട്ട ഉടുപ്പിൽ
എന്റെ വരണ്ട ദാഹമുണ്ടായിരുന്നു
നിന്റെ കണ്ണ് പിഴിഞ്ഞ്
കണ്ണുനീർ കുടഞ്ഞു
ഞാൻ കണ്ട കാഴ്ച്ചയിൽ
നീയും!
അങ്ങിനെയാണ്
അന്ന് തുടങ്ങിയ  ചുംബനം
ഇന്നലെ പൂർണമായത്!
പക്ഷേ  ആ ചുംബനത്തിൽ
എന്റെ ഒരേഒരു മുഖം ഉടഞ്ഞു പോയിരുന്നു
അതിലൂടെ ദുരഭിമാനം ഒഴുകിപോയിരുന്നു
അഭിമാനത്തെ  തിരിച്ചുകൊണ്ട് വരുമ്പോൾ
കണ്ണീർബൾബിൽ ലൈറ്റിട്ടു
തേങ്ങുന്ന  കൂർക്കം
സൈറണ്‍മുഴക്കി
കടന്നുപോയ രാത്രിവണ്ടിയിൽ
ഇന്നിൽ ഇറങ്ങാതെ
ഉറങ്ങിപോയ
യാത്രക്കാരുണ്ടായിരുന്നു!

അദൃശ്യം

ആകാശത്ത് ആരും കാണാത്ത പലതുമുണ്ട്
മേഘങ്ങൾ പോകുന്ന പാളങ്ങളും
പലപ്പോഴും മേഘങ്ങൾ അതുവഴിപായുമ്പോൾ
ഇടി വെട്ടി മഴകളും മരിക്കാറുണ്ട്

ഭൂമിയിൽ അഴുകാതെ കിടക്കുന്ന പലതുമുണ്ട്
ഒന്ന് മുട്ടിയാലും   ജാതി മുഴയ്ക്കാറുണ്ട്
ജാതിയും മതവും ഇല്ലാതെ മനുഷ്യർ മരിക്കുമ്പോൾ
കുഴിച്ചിട്ട ഓർമയിലും ജാതിയുണ്ട്

കവിതയുടെ ലോകത്തും എഴുതികൂടായ്മയുണ്ട്  
പുറമേ നോക്കിയാൽ വൃത്തവും അലങ്കാരവും
പക്ഷെ ഭാഷ അറിയാത്ത ദളിതൻ എഴുതാതിരിക്കുവാൻ
ചമച്ച  വൃത്തത്തിൽ അനാചാരമുണ്ട്!  

Thursday, 26 September 2013

മരുഭൂമി

വീട് കാടിന്റെ നടുക്കായിരുന്നു
വീടിന്റെ മുന്നിൽ പുഴയുണ്ടായിരുന്നു
പുഴയിൽ അഴകുള്ള വെള്ളമുണ്ടായിരുന്നു
പക്ഷെ വീട് പുതുക്കിപ്പണിയണമായിരുന്നു
അതിനു വീട് ഒരു മരുഭൂമിക്കു
എഴുതി കൊടുക്കണമായിരുന്നു

ഇന്ന് എനിക്ക് വീടുണ്ട്
മരുഭൂമി ഒന്ന് കടക്കണം അത്ര മാത്രം
മരുഭൂമിയിൽ നിറയെ മരങ്ങളുണ്ട്
അത് മണൽ കൊണ്ട് നിർമിച്ചതാണെന്ന് മാത്രം

കാടിനെ കുറിച്ച്പറയുവാൻ ഒന്നുമില്ലെങ്കിലും
മരുഭൂമിയെ കുറിച്ച് പറയുവാൻ എനിക്ക്ഏറെയുണ്ട്

അതിനെനിക്കു നൂറു നാക്കുമുണ്ട്
ഓരോ ചാക്കിനും നൂറു കിലോ ഭാരമുണ്ട് 
അത് ചുമക്കുവാൻ നട്ടെല്ല് വേറെയുണ്ട്
ആഘോഷിക്കുവാൻ ക്ലബ്ബുകൾ ഏറെ ഉണ്ട്
വർഷം മുഴുവൻ ആഘോഷമാണെന്ന് മാത്രം  
ആഴ്ചയിൽ ദിവസങ്ങൾ ഏഴുമുണ്ട്
പക്ഷെ സൂര്യാസ്തമയം ആഴ്ചയിൽ ഒരിക്കൽ മാത്രം 
സൂര്യൻ അധികം ഉദിക്കാറുമില്ല
അഥവാ ഉദിച്ചാൽ കാണാറുമില്ല
രാത്രിയിൽ മണിക്കൂറുകൾ മൂന്നു മാത്രം
ഉറങ്ങുന്നവർ മുതലാളികൾ എന്ന്മാത്രം  
ആറുമാസത്തെ ശമ്പളം ഒരുമിച്ചു കിട്ടാറുണ്ട് 
അത് വർഷത്തിൽ ഒരിക്കലാണെന്നു മാത്രം 
സ്നേഹം വിൽക്കാനിവിടെ കടകളുണ്ട് 
കാറ്റിലും ഇവിടെ സ്നേഹമുണ്ട് 

അതൊക്കെ ഇരിക്കട്ടെ എവിടെയാണീ മരുഭൂമി?

ഓ അതോ അത് സ്വർഗത്തിന്റെ തൊട്ടടുത്താണെന്നു മാത്രം 
സ്വർഗമോ?
ഉം സ്വർഗം.. 
അത് മരണത്തിന്റെ അപ്പുറത്താണെന്നു മാത്രം 
സ്വർഗം എന്നാൽ മരിച്ചാലും;
മരിക്കാൻ മടിക്കുന്ന മനുഷ്യൻ
പുലർത്തുന്ന
മരണ പ്രതീക്ഷയാണെന്നു മാത്രം!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ
തളർന്നു കിടന്ന അധരത്തിൽ
കുറച്ചൊരു ലാളന കൂടുതൽ
പകർന്നു നൽകിയ പരിഭവത്തിൽ

രാവേറെ ചെന്നിട്ടും ഉറങ്ങാതെ
പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ
നിശ്വാസത്താരാട്ട് പാടി മെല്ലെ
ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം

അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി
ഏതോ അധികാരം ഉറപ്പിക്കുവാൻ
മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു
അമാവാസി നിറമുള്ള മുടിയഴക്

ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി
അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ
പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ
എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം

ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ
കീറി മെല്ലെ പരിശോധിക്കുമ്പോൾ
കണ്ടു ഹൃദയത്തിൽ മിടിക്കുന്ന
മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

Tuesday, 24 September 2013

മുള്ളാങ്ങള

മുള്ളാങ്ങള
വെളുപ്പിനുണർന്നു
മഞ്ഞിൽകുളിച്ചു
ഈറൻമുടി
വെയിലത്തുണക്കാൻ
വേലിക്കൽ
പൂത്തുലയണപെങ്ങൾക്ക്...

കാവലായി
നെഞ്ച് വിരിച്ചു
പേശി പെരുക്കി
മുഖം കൂർപ്പിച്ചു
ആരോടും മിണ്ടാതെ
നില്ക്കണ
മുള്ളാങ്ങള...

ആരും കാണാതെ
പിറകിലൂടെ
പൂവിറുക്കാൻ
വന്ന പൂവാലൻ വിരലിനെ
ഉടുപ്പിനു കുത്തിപിടിച്ച്‌
നെഞ്ചത്ത് കുത്തി
ചോര എടുക്കണ
നേരാങ്ങള!

Monday, 23 September 2013

വസ്ത്രമാഹാത്മ്യം ഉത്തരം

വസ്ത്രമാഹാത്മ്യം
ഒരു കൈകൊണ്ടു മറയ്ക്കാവുന്ന നാണമേ അവനു ഉണ്ടായിരുന്നുള്ളൂ
എന്നിട്ടും ഒരുടൽ നിറയെ അവൻ വസ്ത്രം ധരിച്ചു
എന്നിട്ട് വസ്ത്രത്തിന്റെ നാണം മറയ്ക്കാനാണ് അവൻ വിവാഹം കഴിച്ചത്
വിവാഹം തന്നെ അവനു ഒരു വസ്ത്രം ആയിരുന്നു
അത് പലപ്പോഴും അവനെ വിവസ്ത്രൻ ആക്കിയിരുന്നെങ്കിലും...

ഉടുത്തു കൊണ്ടിറങ്ങാൻ
നാണം മറയ്ക്കാൻ
കുളിര് മാറ്റാൻ
പ്രൌഡി കാണിക്കാൻ
അളവ് മാറ്റാൻ
എടുത്തിട്ട് അലക്കാൻ
വലിച്ചു കീറാൻ
വേണ്ടെന്നു തോന്നുമ്പോൾ ഉപേക്ഷിക്കുവാനും
പുതിയതൊന്നു വാങ്ങുവാനും സൌകര്യമുള്ള വസ്ത്രം
പക്ഷെ....
അവസാനം വസ്ത്രം അവനെ കൊണ്ട് പോയീ
പിന്നെ ശരീരം മുഴുവൻ പുതപ്പിച്ചു
വസ്ത്രം മാനമുള്ള ദേഹത്ത് മാത്രമേ കിടക്കൂ എന്ന് മാത്രം അറിയാതിരുന്ന അവനെ
അവന്റെ മാനം പോയപ്പോൾ വസ്ത്രം അവനെ കൊണ്ടങ്ങു പോയി കഴുത്തിൽ ഒരു ചെറിയ കുരുക്കിട്ടു ...
അത് വസ്ത്രം തിരിച്ചു അവന്റെ കഴുത്തിൽ കെട്ടിയ ഒരു ചെറിയ താലി മാത്രം  ആയിരുന്നു എന്ന് അവൻ അറിഞ്ഞപ്പോഴേക്കും വൈകിപോയിരുന്നു ആ കുരുക്ക് അവന്റെ കഴുത്തിൽ മുറുകിയിരുന്നു


ഉത്തരം
സ്വയം അന്ധനാണെന്നറിഞ്ഞിട്ടും അന്ധതയിൽ വിശ്വസിക്കുന്ന അന്ധവിശ്വാസിക്കും
അന്ധനല്ലാതിരുന്നിട്ടും തന്നെ പോലും വിശ്വസിക്കാത്ത ദൈവവിശ്വാസിക്കും
ചിന്തിക്കുന്നത് സ്വന്തം തലമാത്രം എന്ന് വാദിക്കുന്ന  യുക്തിവാദിക്കും
എത്രചിന്തിച്ചാലും വലുതാകാത്ത തലയേക്കാൾ
കഴിക്കുംതോറും വലുതാകുന്ന വയർ തന്നെ ഉത്തരം

Sunday, 22 September 2013

കലുങ്കുകാലം

ജീവിതം അന്നും ഉറക്കമുണർന്നു
കിളികൾ കലാലയമുറ്റങ്ങളിലേക്കു പറന്നു പോയി
ഓർമകൾക്ക്  മുറ്റത്തു ഒറ്റക്കിരുന്നു ചെറുതായി മുഷിവും തോന്നിത്തുടങ്ങി
ലുങ്കി എടുത്തുടുത്തു പിറകിലൂടെ വെറുതെ കലുങ്കിൽ ചെന്ന് ഇരുന്നു

വെള്ളം കലുങ്കിന്റെ അടിയിലൂടോഴുകി
അതിൽ കുറച്ചു വെള്ളം മാറി എന്തിനോ എവിടെയോ ശങ്കിച്ചു നിന്നു
വെള്ളം അടിച്ചവർ കലുങ്കിൽ മാറി ഇരുന്നു ശങ്ക തീർത്തു
സമയം എന്നിട്ടും സൂചി കുത്തി  അതിലൂടെയും ഇതിലൂടെയും  കടന്നുപോയി
കുറെ കഴിഞ്ഞു കലുങ്കും വന്നവഴി എന്തിനോ എണീറ്റുപോയി
ഞാൻ മാത്രം അപ്പോഴും അവിടെ ബാക്കിയായി
കലുങ്കിരുന്ന കല്ലിൽ വെറും പായലായി

പിന്നെ വന്നവര്ക്കു ഞാൻ വെറുംകലുങ്ക് മാത്രമായി
എന്നെ ചവുട്ടി അവർ കടന്നു പോയി
തോട്ടിലെ അവസാന വെള്ളത്തുള്ളിയും
കുളിച്ചു തലതോർത്തി യാത്രയായി
തോട് അവിടെ ഒരു  പഴങ്കഥയായി
കലുങ്ക് അവിടെ ഒരു പുരാവസ്തുവായി
ഞാൻ അവിടെ ഒരു നോക്കുകുത്തിയായി
ജീവിതം വെറുമൊരു   കടങ്കഥയുമായി

കലുങ്കിലൂടെ ബസ്സുകൾ പോയിരുന്നു
അതിൽ അവസാന ബസ്‌ അച്ഛനായിരുന്നു
അവസാന ബസ്‌ പോയാൽ പിന്നെ നടക്കണമായിരുന്നു
നടന്നു ചെന്നാൽ വഴിയിൽ കിടക്കണമായിരുന്നു
അതുകൊണ്ട് അവസാന ബസ്‌ പോകുന്നതിനു മുമ്പ്
വീട്ടിലേക്കു തനിയെ നടക്കുമായിരുന്നു

നടത്ത ഒഴിവാക്കുവാനാണ് കലുങ്ക് പിന്നെ വീട്ടിൽ കൊണ്ട് കുഴിച്ചിട്ടത്
കുഴിച്ചിട്ട കലുങ്ക് ആണ് വീട്ടിൽ പിന്നെ വളര്ന്നു വലിയ കിണറായത്
കലുങ്കിലെ  വെള്ളം  കിണറിൽ വീണു നിറഞ്ഞു പല തൊടിവെള്ളമായി
കലുങ്ക്മതിൽ ചുരുട്ടി ഉരുട്ടി  കൈകുത്തിഇരിക്കുവാൻ കൈവരിയുമാക്കി
ഇരുന്നിരുന്നു കിണറു കലുങ്ക് കാണാതെയായി
കലുങ്ക് കാണാതെ കിണറിനു ദാഹവുമായി 

ദാഹിച്ച കിണർ മരുഭൂമിയായി
മരുഭൂമിയിൽ ഞാൻ പ്രവാസിയായി
കിണർ ഇരുന്നിടത്ത്  പൈപ്പുവെള്ളവുമായി
പൈപ്പുവെള്ളം കുടിച്ചു കിണർ ദാഹം തീർത്തു
ഞാൻ ഇങ്ങും കിണർ  അങ്ങും ഞങ്ങൾ  വളരെ ദൂരെയായി
എന്റെ ദാഹം അപ്പോഴും  ബാക്കിയായി
വല്ലപ്പോഴും കിട്ടുന്ന ഒരു ഫ്ലൈറ്റ്
നാട്ടിലെ കലുങ്കിലേക്കു ദാഹം തീർക്കുവാൻ
വെറുമൊരു ഫ്ലൈഓവർ മാത്രമായി

Friday, 20 September 2013

അഭിനവകവി ഭഗീരഥൻ


അഭിനവഭഗീരഥൻ
നവഭഗീരഥൻ കസേരയിൽ തപസ്സു ചെയ്തു
വിദേശ മൂലധനഗംഗാപ്രവാഹമായി
വിദേശ ഗംഗയെ ജഡയിലേറ്റി
തലയൊന്നു കുനിച്ചു മൌനകണ്ഠനായി

കടല് കടഞ്ഞു കൂടംകുളവുമാക്കി
കടൽ സമ്പത്ത്പലയിടത്തും തുറന്നു കൊടുത്ത്‌
വിദേശട്രോളെറുകൊണ്ട് ഇസ്തിരിയിട്ടു
കല്ക്കരി തോണ്ടി കൈകൊണ്ടു പല്ല് തേച്ചു
ഓ ഒരു പച്ചപരിഷ്കാരി!


അഭിനവകവി
എഴുതിയ കവിതകളാൽ അളക്കപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ട കൈകളാൽ കല്ലെറിയപ്പെട്ടു
തലേക്കെട്ട് കെട്ടി നാവടക്കപ്പെട്ടു
എഴുതിയ കവിതകളിൽ അടക്കപ്പെട്ടു
പാവം!  സമർത്ഥനായ ഉദ്യോഗസ്ഥൻ..

Thursday, 19 September 2013

തലേക്കെട്ട്


ചില കവിതകൾ അങ്ങിനെയാണ്
ഇല്ലാത്തതിലൊക്കെ നമ്മളെ കൊണ്ട് ചാടിക്കും
എഴുതാത്തതൊക്കെ നമ്മളെ കൊണ്ട് വായിപ്പിക്കും
വായിച്ചു വായിച്ചു ഒരു വരി ആകുമ്പോൾ
ഒരു വഴിക്കാകും
അപ്പോൾ തോന്നിപ്പിക്കും
കവിത എഴുതാൻ ഒരു തലേക്കെട്ട് മതിയെന്ന്

കസേരക്ക് കാലു നാലാണെന്നാണ് വെപ്പ്
എന്നാൽ മൂന്നു കാലുള്ള കസേര കണ്ടിട്ടുണ്ടോ?
കസേരക്ക് കാലു തന്നെ വേണമെന്നില്ല
കസേര എന്നൊരു തലേക്കെട്ട് മതി
അതാണ് ഭരണം എന്ന കവിത


ചില കവികൾ ഇങ്ങനെയാണ്
തലേക്കെട്ടില്ലാത്തവർ
അവർ കവിത  എഴുതരുത്
എഴുതികഴിഞ്ഞാൽ
നാളെ ചിലർ ചോദിക്കും
ഇപ്പൊ എന്താ കവിത എഴുതാത്തെ?
ആരാണവർ?
നിങ്ങളുടെ കവിത ഒന്ന് പോലും വായിച്ചു നോക്കാത്തവർ

എഴുതിപ്പോയാൽ,

അത് വായിച്ചു ഹൃദയം പൊട്ടി ചിലർ
കല്ലാകും എന്നിട്ട് നിങ്ങളുടെ തലയിലിടും
എന്തിനു. പ്രതിഭ വറ്റിപ്പോയ കുടത്തിൽ  നിന്ന്
കല്ലിട്ടു  വെള്ളം കുടിക്കാൻ/കലക്കാൻ 

പെണ്ണെഴുത്തിന് ഒരു പുരുഷവായന

എഴുത്ത് വെറുതെ എന്തോ ആലോചിച്ചു കിടക്കുകയായിരുന്നു. തൊട്ടു മുന്നിൽ മറയായിനിന്ന പേജ് ഒന്ന്മറിഞ്ഞപ്പോഴാണ്; ഏതോ ബലിഷ്ടമായ വിരലിന്റെ സാന്നിദ്ധ്യം എഴുത്ത് തിരിച്ചറിഞ്ഞത്. എന്തും വായിക്കുവാനുള്ള ഉൽക്കടമായ ദാഹം ആ വിരലുകൾ കാണിക്കുന്നുണ്ടായിരുന്നു.

മറയ്ക്കപ്പെട്ടു കിടന്ന എഴുത്ത് ഒരു നിമിഷം കൊണ്ട് വിവസ്ത്രയായത് പോലെ അസ്വസ്ഥയായി, പെട്ടെന്ന് അനുവാദമില്ലാതെ അതിക്രമിച്ചു കടന്നുവരുന്നതെന്തും ഒരു പുരുഷനാണെന്ന് താൻ പണ്ട് എഴുതിയത് വെള്ളിടിപോലെ ഓർത്തുപോയി പൂർണമായും നഗ്നയാണ്‌ താനെന്നുള്ള പെട്ടെന്നുള്ള തിരിച്ചറിവ് വാക്കുകളെ എങ്ങിനെ എങ്കിലും വാരിക്കെട്ടാനോ ഒന്ന്ഒതുക്കിവയ്ക്കാനോപ്രേരിപ്പിച്ചു. പക്ഷെ തിരുത്തി, അല്ല; തന്റെ നഗ്നത തന്റെ സ്വകാര്യം പോലെ തന്റെ സ്വാതന്ത്ര്യമാണ്. എന്നിട്ടും സൌന്ദര്യം എന്ന സത്യം ആത്മവിശ്വാസം എന്ന മന്ത്രം ഇവ രണ്ടും തന്റെ വിജയത്തിന്റെ രഹസ്യം ആണെന്നുള്ള കാര്യം ഓർമവന്നു, ആ വെപ്രാളത്തിൽ അലസമായി കിടന്ന എഴുത്തിനു ഒരു ഗദ്യകവിത  എങ്കിലും ആയി കിടക്കണം എന്ന് തോന്നി.  ആരാണ് വന്നതെന്നോ എന്തിനാണ് വന്നതെന്നോ തിരിച്ചറിയുന്നതിനു മുമ്പ് വിരലുകൾ കണ്ണുകളായി മാറിയിരുന്നു. തന്റെ നഗ്ന സൌന്ദര്യം ആണോ അതിനു പ്രേരിപ്പിച്ചതെന്ന് എഴുത്തിനു ഒരു കുറ്റബോധം തോന്നി, അല്ലെങ്കിൽ വിരലുകൾ പെട്ടെന്ന്മറിച്ചു കടന്നുപോകാറാണ് പതിവ്.

കണ്ണുകളിൽ വല്ലാത്ത ഒരു നോട്ടം പ്രത്യക്ഷപ്പെട്ടത് പെട്ടെന്നായിരുന്നു.. എഴുത്തിലെ വാക്കുകൾ അക്ഷരങ്ങളായി കുതറി മാറാൻ ഒരു വിഫല ശ്രമം നടത്തി.. പക്ഷെ വായിക്കപ്പെടാൻ എവിടെയോ ഒരു ആഗ്രഹം ബാക്കി കിടന്നപോലെ അക്ഷരങ്ങൾ ആ കണ്ണുകൾക്ക്‌ മുമ്പിൽ പതിയെ വാക്കുകളായി വഴങ്ങികൊടുക്കുന്നത് എഴുത്ത് തിരിച്ചറിഞ്ഞു. നല്ല പരിചയമുള്ള ആളിനെ പോലെ അക്ഷരങ്ങൾ പിന്നെ പിന്നെ   വഴങ്ങിയപ്പോൾ  കണ്ണുകൾ ചിലപ്പോഴൊക്കെ മാന്യമായി, വേദനിച്ചപ്പോൾ അക്ഷരങ്ങൾ കുതറിയപ്പോൾ ചില്ലക്ഷരങ്ങൾ  കൊണ്ടപ്പോൾ കണ്ണുകൾ ക്രുദ്ധമായി..

കണ്ണുകൾക്ക്‌ വിരലുകളെക്കാൾ ശക്തി ഉണ്ടെന്നു എഴുത്തിനു അപ്പോഴാണ് മനസ്സിലായത്. ഒന്ന് ചിമ്മി കണ്ണ് പലപ്പോഴും കൂടുതൽ കരുത്താർജിക്കുന്നുണ്ടായിരുന്നു, അക്ഷരങ്ങളെയും വാക്കുകളെയും അവസാനം എഴുത്തിനെ തന്നെ പൂര്ണമായി വായിച്ചു കണ്ണുകൾ തിരിച്ചിറങ്ങുമ്പോൾ കണ്ണ് വെറുതെ ചിറി ഒന്ന് തുടച്ചു,  അതിന്റെ ചുണ്ടിൽ ഒരു ചിരി പുച്ഛമായി അപ്പോൾ പടര്ന്നിരുന്നു.

ചുളുങ്ങിയ കിടക്കവിരിപോലെ പാട് വീണ തന്റെ പേജിൽ പാതി തുറന്ന പുസ്തകമായി  കിടന്നു  ഒരു അനുഭവം  പോലെ കഴിഞ്ഞു പോയ നിമിഷങ്ങൾ പകർന്നത് വേദനയാണോ സുഖമാണോ, വേദനതന്നെയാണോ സുഖം? ഉടഞ്ഞത് തന്റെ അസ്ഥിത്വം ആണോ? അതോ തിരിച്ചറിഞ്ഞത് വായിക്കാൻ അറിയാത്ത കണ്ണുകളുടെ ദുരഭിമാനമാണോ? എന്നൊക്കെ നൂറുകൂട്ടം   കഥകൾ മെനഞ്ഞെടുക്കുകയായിരുന്നു എഴുത്തപ്പോൾ..   

Wednesday, 18 September 2013

കണ്ണിമാങ്ങാ മയിൽപീലി കഥ

കണ്ണിമാങ്ങാ
മിനിയാന്ന്
ഏതോബാല്യത്തിന്റെകൊമ്പിൽ
വച്ച്മറന്ന
കണ്ണിമാങ്ങാ
ഓർമത്തോട്ടികെട്ടി
എത്താത്തകൊതിയെറിഞ്ഞു
പറിച്ചപ്പോൾ-
അതിന്റെ നെഞ്ചത്ത്
ഉപ്പിലിട്ടിരിക്കുന്നു
കല്ലുപ്പ്ചേർത്ത്
ഒരു കുഞ്ഞു ഹൃദയം

(ബാല്യംനിർത്തി
പഠിച്ചമാവ്
മാറിപോയ
വെള്ളമൂറുന്ന
ഒരുനാവിന്റെ
ഓർമയ്ക്ക്)


മയിൽ പീലി ന്യൂ ജനറേഷൻ ട്വിസ്റ്റ്‌ 
പുസ്തകതാളുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്ന
മയിൽപീലി പ്രസവം നിര്ത്തിയതായിരുന്നെന്നു
മിസ്സ്‌കാളിലൂടെ പരിചയപ്പെട്ട ബുക്ക് അറിഞ്ഞിരുന്നില്ല

നോട്ട്ബുക്ക്‌ എന്ന് പറഞ്ഞപ്പോൾ മയിൽപീലിയും
മിനിമം ഒരു ലാപ്ടോപ് എങ്കിലും പ്രതീക്ഷിച്ചു
ഇത് വെറും  കീറിയ നോട്ട് ബുക്ക്‌

പക്ഷെ  ഒരു ഫോട്ടോസ്റ്റാറ്റിൽ അവർ  ഇരു ചെവി അറിയാതെ കാര്യം ഒതുക്കിസാധാരണക്കാരൻ

സാധാരണകുടുംബം
അരിക്കലത്തിൽ പലവയറുകളുടെ വിശപ്പ്‌ തിളച്ചുമറിഞ്ഞു
വിയർപ്പിൽ കഴുകി അടുപ്പത്തിട്ട അരി വെന്തുവറ്റി
ഒരു സൈക്കിളിൽ കാലൻ-കുട ആഞ്ഞുചവുട്ടി
കടമ്പകൾ കടന്നു വഴിമാത്രം അന്ന് വീടിന്റെ ഉമ്മറത്തെത്തി
പെരുവഴിയിലേക്ക്‌ നട്ടിരുന്ന കണ്ണുകളെ ഈറനണിയിക്കാൻ

സാധാരണക്കാരൻ
ഇരുട്ടിൽ നിന്ന് കടംവാങ്ങി അന്നും  വഴിവിളക്ക് വെട്ടം തെളിച്ചു
നാളത്തെ പലിശ ഓർത്തിടക്ക് വെറുതെ കാലൊന്നിടറി
വീഴാതിരിക്കുവാൻ വിളക്കുകാൽ വെട്ടത്തിൽ മുറുകെപ്പിടിച്ചു
മരിച്ചെന്നുകരുതി ഈച്ച വെട്ടത്തിൻ മുഖത്ത് വട്ടം ചുറ്റിപറന്നു
പരിഭവമില്ലാത്ത സാധാരണക്കാരൻ വഴിയിലപ്പോഴും ഈച്ചയടിച്ചു

സാധാരണക്കാരി
ഏതോ ഒരു സാധാരണക്കാരി കവിത എഴുതി വേശ്യയെ കുറിച്ച്
അതിനു വായനക്കാര് ഏറെ
ഏതോ ഒരു വേശ്യ കവിത എഴുതി തൊഴിലിനെ കുറിച്ച്
വായിക്കുവാനതിനു ആളില്ല
രണ്ടുപേരും  എഴുത്ത് തൊഴിലാക്കി  

Tuesday, 17 September 2013

പ്രണയ സ്വകാര്യം

മഞ്ഞൊരു
മഴയായി
പൊഴിഞ്ഞരാവിൽ
സമയസൂചി
രതിനൂലു കോർത്തനേരം!

നനഞ്ഞു;
ഒട്ടിയ,
പുടവയോന്നു,
ചന്ദ്രിക-
മറപോലും
ഇല്ലാതെ
മാറും നേരം!

നാണിച്ചു കണ്ണിൽ,
പരസ്പരംനോക്കി നാം,
അന്യോന്യം
മുഖമൊളിപ്പിച്ചു
നിന്ന
നേരം!

നാണംമറയ്ക്കുവാൻ,
മിഴിപൂട്ടിഏതോ-
പുടവ
നീ
എവിടെയോ;
തിരഞ്ഞ നേരം!

ചന്ദ്രിക അഴിച്ചിട്ട;
പുടവ
നിലാവായി
നിൻമേനിയാകെ
മറച്ചനേരം!

നാണംമറക്കുവാൻ,
കുളിരോന്നു മാറ്റുവാൻ
ഏതോമറുകിൽ,
നീ ഒളിച്ച നേരം!

ഓരോമറുകിലും;
നിന്നെകണ്ടെത്തുവാൻ
അധരംകൊണ്ടിരുളിൽ;
തിരഞ്ഞ നേരം!

മറുകുകൾ ഓരോന്നും,
മാറി; മാറി,
നീ ഒളിക്കുമ്പോൾ,
താഴ്വര ഒന്നിൽ;
ഞാൻ,
വീണനേരം!

അവിടുന്നോരധര;
ചൂട്പകര്ന്നു നീ
കുളിരാകെ
എൻ കരളിൽ
ചേർത്തനേരം!

കുളിരിൽ മയങ്ങി;
തണുത്തു
വിറച്ചു,
ഞാൻ
കിടന്നപ്പോൾ 
നിന്റെ,
ഒരു
മുടിയിഴയിൽ
മൂടി
പുതച്ച നേരം!

നിന്റെനാണത്തിൻ
ആഴങ്ങളിൽ
ഞാൻ
എന്റെ
നഗ്നത
മറച്ചനേരം!

മൈലാഞ്ചിയിട്ട
ഇരുകയ്യുംപൊത്തി
ഇരുട്ടും;
കരിമിഴി
അടച്ചനേരം!

പ്രണയം...
കാണാതെ,
നമ്മളിരുവരും
തങ്ങളിലോരുമിച്ചു
ഒളിച്ചനേരം!

അവസാനം,
പ്രണയം;
നമ്മളെ
തിരഞ്ഞു
കണ്ടെത്തുമ്പോൾ,
നാണിച്ചു
ദ്രവരൂപത്തിൽ
നാം ഒളിച്ച കാര്യം!