Skip to main content

Posts

Showing posts from May, 2018

സഹയാത്രികൻ

ചരിത്രത്തിന്റെ പൂവും മൊട്ടും വിരിയാനൊരിത്തിരി താമസിച്ചത് കിളിയാകണോ മരമാകണോ എന്ന ചിന്തയാവണം ഉണർത്തിയത് ശിൽപ്പങ്ങളായിരുന്നു ഫ്രണ്ട് ലിസ്റ്റിൽ ചിത്രങ്ങൾക്ക് വേണ്ടി കുറെ തിരഞ്ഞ് ശലഭമായതാണ് എന്തായാലും വേരായി ഇനി തിരിഞ്ഞുകിടക്കുന്നില്ല ഒരിലയ്ക്കും പകുക്കാൻ വിട്ടുകൊടുക്കാത്ത മരം പോലെ ചുറ്റും ഉപമയും കാറ്റും നിശ്ശബ്ദതയിലേയ്ക്കുള്ള യാത്രയിലാണ് ഇടയ്ക്ക് മൈൽ കുറ്റി പോലെ അതുവരെയുള്ള ഒച്ചകൾ രേഖപ്പെടുത്തിയ മഴ തിരിഞ്ഞ് നോക്കുന്നില്ല അതേ ഒരു പരുന്താണ് സഹയാത്രികൻ..

കുത്തിക്കെട്ടുള്ള നിലാവ്

ഇന്നലെത്തെ നിലാവിന്റെ ഒത്ത നടുക്കാണ് ഞാൻ നടുക്ക് കുത്തിക്കെട്ടുള്ളത് പോലെ ഇരുവശത്തേയ്ക്കും കവിഞ്ഞുകിടക്കുന്ന നിലാവ് കാറ്റടിച്ചാൽ ഏത് വശത്തേയ്ക്കും മറിയ്ക്കപ്പെടാം നിലാവ് കാറ്റുണ്ട് കൊണ്ടുകയറുന്നുണ്ട് ചുണ്ടുകളിൽ ഒരു പിരിയൻ ചിരി എന്നോ അറിയാതെ ചിരിച്ചതാണ് അവളതെടുത്ത് ചെരിച്ച് വെയ്ക്കുന്നുണ്ടാവും ചെരിഞ്ഞ്കിടക്കുന്നതിനിടയിൽ താളുകൾ മറിയാതെ, വായിച്ചുകൊണ്ടിരിയ്ക്കുന്ന ബുക്കിൽ ഭാരമായി ഞാനിപ്പോൾ ഏതുനിമിഷവും അവൾ തൊട്ടുമറിച്ചേക്കാവുന്ന പേജിന്റെ ഇടത്തെ മൂല എന്റെ ഉടൽ അവളുടെ ഏകാന്തതകൾ മേയുന്ന ഇടവും അത്രയും പതിയേ രാത്രി നുണക്കുഴിയുള്ള ബുദ്ധനാവുന്നു..

ഭ്രാന്തിന്റെ ശിൽപ്പം

ഭ്രാന്തെടുക്കുന്നതിൽ നിന്നും ഇന്നലെവരെ എന്നെ ഒരു പരിധിവരെ തടഞ്ഞിരുന്ന ഒരാളുണ്ടായിരുന്നു. അയാളിന്നലെ മരണം കൃത്യമായി, അളന്നെടുത്തത് പോലെ കൂടിയ അളവിൽ കൊല്ലപ്പെട്ടിരിയ്ക്കുന്നു അതും ഇരുചെവിയറിയാതെ അയാളുടെ ശവത്തിന് വരെ ഇപ്പോൾ ഭ്രാന്ത് കഴിഞ്ഞ ജന്മത്തിലെ ഭാഷയായിരുന്നു കൊല്ലപ്പെടുന്നത് വരെ ഒരു കവിതയും ഉടയുക എന്ന തെരുവ് സ്വയം വെയിൽ കെടുത്തി, മടങ്ങുന്ന സൂര്യൻ മടങ്ങുന്ന തൊട്ടാവാടി ഇലകൾ കടന്നുപോകുന്ന തീവണ്ടികളുടെ ജാലകങ്ങളാവുന്നു മഴയുടെ മുറ്റത്ത് അയാളുടെ എഴുത്തുകളുടെ കൈകുഞ്ഞ് നോവുകളിൽ വീടിന്റെ അഴിഞ്ഞഴിഞ്ഞ് പോകുന്ന വാതിൽ ഉടുപ്പിന്റെ കുടുക്ക് പോലെ മടിയിലിട്ട് തുന്നുന്ന അവൾ ഇല്ല എന്ന വാക്കിട്ട് ഒരു കിളിപ്പൊക്കം ഉയരത്തിൽ കെട്ടിപ്പൊക്കിയ, അടിസ്ഥാനത്തിന് മുകളിൽ എല്ലാ കൊത്തുപണികളും കഴിഞ്ഞ്, അനാച്ഛാദനം കാത്തുകിടക്കുന്ന അയാളിപ്പോൾ ആരുടേയോ ഭ്രാന്തിന്റെ ശിൽപ്പം.