Popular Posts

Wednesday, 31 December 2014

കാതുകൾ കഥ പറയുന്നു

എന്റെ  കാതുകൾ
ആരോ പൂമുഖത്തേയ്ക്കു
 വലിച്ചെറിഞ്ഞ  പത്രങ്ങൾ
പോലെ കാറ്റിലിളകി
ആരും വായിക്കാതെ കിടക്കുന്നു
കിടന്നു കിടന്നു മടുത്ത്
ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ
അവ രണ്ടിലകളായി മാറി
ചില്ലകളില്ലാത്ത മരത്തിൽ
പ്രണയിക്കുന്ന രണ്ടു കിളികൾക്ക്
തണലായി പോയിരിക്കുന്നു
മഴയുള്ളപ്പോഴൊക്കെ
ചെടിയുടെ  ഉടുപ്പെടുത്തിട്ടു
ഇടവഴികളിൽ മഷിത്തണ്ടിനു
പഠിക്കുന്ന മരങ്ങളുടെ
തരള ബാല്യങ്ങളുടെ ചാറ്റൽ
മഴക്കഥകൾ കേട്ടിരിക്കുന്നു

പണ്ട് കേട്ട കൊതിയൂറുന്ന
നല്ല  രണ്ടു പാട്ടുകളെ
കണ്ണി മാങ്ങകളാക്കി കൊത്തി
അവയിൽ കല്ലുപ്പ് ചേർത്ത്
നാട്ടു മാവിൻ ചിലമ്പിച്ച
ചില്ലകളിൽ കൊരുത്തിടുന്നു
പിന്നെ രണ്ടു പക്ഷികളെ പോലെ
മുമ്പും പിറകുമായി  മത്സരിച്ചു
 പറന്ന്  ചെന്ന്  നിന്റെ
ആടുന്ന കമ്മലുകളിൽ
കരൾ  ചേർത്തിരിക്കുന്നു..
ഇനി എന്റെ കേൾവികളിലെയ്ക്ക്
തിരികെ തളർന്നു
ചെക്കേറുന്നതിനു മുമ്പ്
നീ എന്നിൽ ചേർന്ന് നിൽക്കുമ്പോൾ
കേൾക്കേണ്ട
ഉടലുകൾ കിലുങ്ങുന്ന
ഒച്ച കേൾക്കാൻ
ഞാനെന്റെ കാതുകളെ
നിശബ്ദത കൊണ്ട്
ഉടച്ചു കളഞ്ഞ്
നിന്റെ സ്വകാര്യങ്ങളിൽ
ചിരി ചേർത്തുണ്ടാക്കിയ
രണ്ടു ഓട്ടുമണികൾ കെട്ടി തൂക്കുന്നു

Monday, 29 December 2014

പേടി

അന്തസ്സോടെ 
തല ഉയർത്തുന്നത് തന്നെ  
ഒരുകലയാണെന്ന് കരുതുന്ന നാട്ടിൽ
തല  നഷ്ടപ്പെട്ട ഒരു കൂട്ടം കലാകാരന്മാർ
കല ആവശ്യമില്ലാത്ത  അവസ്ഥയിൽ
ഇറ്റുവീഴുന്ന രക്തത്തുള്ളികൾക്ക് 

മഴത്തുള്ളിയുടെ നിറം 
കൊടുക്കുകയാണ്

ആകാശത്തിന്റെ അനന്ത സാദ്ധ്യതകൾ 

പ്രയോജനപ്പെടുത്തി 
മണ്ണിൽ വീഴുന്നതിനു മുമ്പ് തന്നെ 

അന്തരീക്ഷത്തിൽ വച്ച്
ചിതലെടുക്കുന്ന 
മഴത്തുള്ളികൾ 


ഒഴുക്ക് കൊണ്ട്
പുഴയ്ക്കു പുരട്ടുന്ന  
 മിന്നലിന്റെ  ചായം 

കുറ്റപ്പെടുത്തലുകളുടെ ദിശാസൂചി 
തറച്ചു തറച്ചു 
 ദിശകളിൽ നിന്ന് അപ്രത്യക്ഷമാ
വടക്ക് എന്നൊരു ദിക്ക് 
തെക്ക് മാത്രം ഉള്ള ദിക്കുകൾ 

വഴുതിവീണു പോയേക്കാവുന്ന
ഒരു നേർത്ത വരമ്പിന്റെ 
തെറ്റലിൽ നിന്ന് 
ഓരോരുത്തരും 
അവനവന്റെ മാത്രം നനഞ്ഞ ഉടലുകളെ 
പേടിയോടെ വേർപെടുത്തുന്നു..     

Saturday, 20 December 2014

ഉത്സവം സീസണ്‍ 2

ഒരുത്സവത്തിന്റെ
ഒത്ത നടുക്ക് നിന്ന്
ഒരു കൊച്ചു കുട്ടിയെ
പോലെ
കട്ടെടുക്കണം
നെറ്റിപ്പട്ടം കെട്ടിയ
ഒരു കൊമ്പനെ
ഇരു ചെവി അറിയാതെ
അവിടെ പകരം വയ്ക്കണം
കയറ്റം കയറുന്ന
ഒച്ച കയറ്റി കൊണ്ട് വരുന്ന
ഒരു തടി ലോറിയെ
തടിയെ ആനയോടൊപ്പം
കാട്ടിലേയ്ക്ക്
പറഞ്ഞയക്കണം
ഇലകൾ കൊണ്ട്
നെറ്റിപ്പട്ടം കെട്ടി
മുറിച്ച മരങ്ങൾക്ക്
തടി കൊണ്ട്
മുടങ്ങി കിടക്കുന്ന
ഉത്സവങ്ങൾ നടത്തുവാൻ!

Friday, 19 December 2014

മൂക്കൂത്തി

ഒരു മേഘത്തിന്റെ
കുഞ്ഞു കുറുമ്പിലേയ്ക്ക്
കൂടെ കൂടെ
മുഖം തിരിക്കുന്ന
വാവാചന്ദ്രൻ

അതിനെ ഒരു താമരക്കുളിരിന്റെ
ഒക്കത്തെടുത്ത്‌
നിലാവൂട്ടുന്ന അമ്മമാനം
 
ഇനി ഏതു സൌന്ദര്യത്തിന്റെ
കാഴ്ചയിലേയ്ക്ക്
മിന്നാമിന്നികൾ
അണിഞ്ഞ മോതിര വിരൽ മടക്കി
ആകാശം
കുഞ്ഞു ചന്ദ്രന്റെ കൗതുകനേത്രങ്ങളുടെ
ശ്രദ്ധ തിരിക്കും
എന്നുള്ള ആശങ്ക നനഞ്ഞ
എന്റെ തല
നിന്റെ മുടികൊണ്ട്‌
തുവർത്തുന്നതിനിടയിൽ

ആരും കാണാതെ
എന്റെ കണ്ണിലൂടെ
നിന്റെ മൂക്കൂത്തിയിലെയ്ക്ക്
ഒലിച്ചിറങ്ങുകയാണ്
ഒരു വൃശ്ചിക നക്ഷത്രം 

Wednesday, 17 December 2014

മഴപ്പാറ്റ

കവിതയുടെ
ഭാഷയിൽ
ഭ്രാന്ത് അർദ്ധനൃത്തം ചെയ്യുന്ന
വൃത്താകൃതിയുള്ള
തെരുവിൽ
പുഷ്പങ്ങളുടെ
കേടായ ഘടികാരങ്ങൾ
ഉരുകുന്ന മെഴുകുതിരി
വെളിച്ചത്തിൽ
മിന്നാമിന്നികൾ
നന്നാക്കിക്കൊടുക്കുന്ന
കടയുടെ മുന്നിലൂടെ
വായിലൂറുന്ന
കൊതിവെള്ളവും ഇറക്കി
കൈകൾ കൊണ്ട്
കാലുകളും വരച്ചു
വരകൾ കൊണ്ട് വഴിയും
തെളിച്ചു
വണ്ടിനെ പോലെ
ഒരു മഴത്തുള്ളിയും ഉരുട്ടി
കടന്നു പോവുകയാണ്
മഴപ്പാറ്റ
ഒരു മുല്ലപ്പൂവിന്റെ
ചില്ലിട്ട വെട്ടത്തിൽ ഉണക്കി  
ഇരു ചിറകാക്കി 
ഏതാനും മാത്ര 
പറക്കുവാൻ പാകത്തിന് 
പരത്തി എടുക്കുവാൻ മാത്രം

Tuesday, 16 December 2014

പാലപ്പൂവും നിമിഷവും

സ്വന്തമായി
സമയം കൃഷി ചെയ്തു
നിമിഷങ്ങൾ മാത്രം 
വിളവെടുക്കുന്ന
പൂക്കളുടെ നാട്ടിൽ,
വിരിഞ്ഞിരിക്കുന്ന
ഒരു വേള പോലും
പാഴാകാതിരിക്കുവാൻ
ഞെട്ടിൽ നിന്നടർന്നു കഴിഞ്ഞാൽ
കൊഴിഞ്ഞു താഴെ എത്തുന്ന
ചെറുമാത്രകളിൽ പോലും
കറങ്ങുന്ന ഒരു മേൽ പങ്കയായി
ജോലി ചെയ്യുന്നുണ്ട്
പാലപ്പൂവ്
എന്നാൽ അതിൽ ഒരു
ഘടികാരത്തിന്റെ
നിലച്ചകുരുക്കിട്ടാവും
പ്രണയിനിയുടെ സ്വകാര്യ
ആകാശത്തിൽ ഒരു മഴയായി
പെയ്യുവാൻ ഒന്നു
ദുർബലമാക്കി തരണേ
എന്ന് പ്രാർത്ഥിച്ചു കാത്തിരുന്ന
"ഒരു വിരസ നിമിഷം"
പ്രതീക്ഷകെട്ടു,
പാലപ്പൂമണത്തിൽ
മഞ്ഞിന്റെ
തണുത്ത ഭാഷയിൽ
ഭയത്തിന്റെ കുറിപ്പും
എഴുതി വെച്ച്
അറ്റകൈയ്ക്ക്
ആത്മഹത്യ ചെയ്തിട്ടുണ്ടാവുക!

Monday, 15 December 2014

ഭ്രാന്ത് .. മരുന്നെന്നും പറയാം


ചില നൃത്തങ്ങളിൽ
നേർപ്പിച്ച
ഭ്രാന്തിന്റെ
ചങ്ങലകളാണ്
ചിലങ്കകൾ
മുദ്രകൾ
നിസ്സഹായതയുടെ
അരങ്ങിൽ കോർത്ത
മനസ്സിന്റെ
മൂകഭാഷയും
നൃത്തച്ചുവടുകളാകട്ടെ
ചങ്ങലക്കിട്ട കാലുകളുടെ
രക്ഷപ്പെടാനുള്ള
താളനിബദ്ധമായ
ശ്രമങ്ങളും
സൂക്ഷിച്ചു നോക്കിയാൽ
കാണാം
രാത്രിയിൽ പോലും
ചിലങ്കമണികളുടെ
കണ്ണിൽ
നിന്നൂറുന്ന കണ്ണീർ
കിലുക്കങ്ങളായി സ്വയം
ചമയം ഇടുന്നത്
രാത്രിപോലും
ചമയം ഇട്ട പകലാണെന്ന്
നിലാവിന്റെ ഭാഷയിൽ
കലാപരമായി
പരിഭാഷപ്പെടുത്തുന്നത്
മേൽവിലാസമില്ലാത്ത വേദനയുടെ
ചെസ്സ്‌ നമ്പർ എപ്പോഴും
നെഞ്ചിൽ
രക്തത്തിന്റെ ആഴത്തിൽ
കുത്തി വച്ചിരിയ്ക്കുന്നത്
നൃത്തം കഴിഞ്ഞു
തളർന്നിരിക്കുമ്പോൾ പോലും
തിരിച്ചറിയാതിരിക്കുവാൻ
തിരശ്ശീല താഴുമ്പോൾ ഉള്ള
കയ്യടികളായി വേഷം
മാറുന്നത്
ഒരു മുറിവിന്റെ സർട്ടിഫിക്കറ്റിനായി
അവസാനം
മരണം വരെ
വേദനിച്ചു
കാത്തു നില്ക്കുന്നത്
അതെ കലയുടെ ഭാഷയിൽ
തലച്ചോറിൽ
പൂക്കുന്ന
ഓര്ക്കിഡ് പുഷ്പമാണ്‌
ഭ്രാന്ത്
മഴത്തുള്ളികൾ പോലും
വെള്ളം പോലെ 
പരമ്പരാഗതമായി
മരണം വരെ 
നൃത്തം അഭ്യസിച്ച
ഭ്രാന്ത് തന്നെയാണ്!

Sunday, 14 December 2014

തീയെ പാചകം ചെയ്യുമ്പോൾ

കത്തികയറുന്ന വിശപ്പിന്റെ
കുപ്പായത്തിലെ
ഒരിളകിയ ഹൂക്ക്, ഉപ്പു-
ചേർക്കുകയാണെന്റെ നാവിൽ
പാകത്തിന്
ഇലകളിൽ മഞ്ഞു തുള്ളികൾ
തിളച്ചു തുടങ്ങിയിരിക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
നീ ഒരു ചിരി ചേർക്കുന്നു
ഞാനാ ചിരിയിൽ വീണു കിടക്കുന്ന
നിന്റെ മൂക്കൂത്തിയിലെ കല്ലു പെറുക്കുന്നു
നീ ഒരു വിരിയിലെ ചുളിവു
ചേർക്കുന്നു
ഞാനൊരു ചിരിയിലെ വളവു നൂർക്കുന്നു
നീ ഒരു മുല്ലപ്പൂവിന്റെ മണം ചേർക്കുന്നു
ഞാനൊരു ആലിംഗനത്തിന്റെ മുറുക്കം ചേർക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
ഇപ്പോൾ തീ തന്നെ
നമ്മൾ ചേർന്ന് പാചകം
ചെയ്തു തുടങ്ങുന്നു
നീ കടലിൽ നിന്ന് പിടിച്ച
ഒരു പിടയ്ക്കുന്ന തിര
വെള്ളം കളഞ്ഞു
പിഴിഞ്ഞ് ചേർക്കുന്നു
ഞാനൊരു നിലാവിന്റെ കുളിര് അരച്ച് പുരട്ടുന്നു
നീ നേർപ്പിക്കാത്ത ഉമ്മനീര് നുണഞ്ഞുചേർക്കുന്നു
ഞാൻ നേരം വെളുക്കാത്ത സമയം അലിച്ചുചേർക്കുന്നു
ഇരുളിൽ
പാചകം കണ്ടു
ചേർന്ന് കിടന്നൊരു കട്ടിൽ
അടുപ്പ് പോലെ വെന്തു തിളക്കുന്നു
തിളച്ചു തിളച്ചു തന്ത്രികൾ വറ്റിയ
വീണയാകുന്നു
നമ്മളെ മാത്രം ഇരു തന്ത്രികൾ പോലെ കോർക്കുന്നു
നമ്മൾ ഈണങ്ങൾ പോലെ ചലിക്കുന്നു
വൈദ്യുതി സ്ഫുല്ലിംഗങ്ങൾ
പ്രവഹിക്കുന്ന നാദ ധാര
തീ കൊണ്ട്
വെന്ത വികാരത്തിന്റെ മണം വരയ്ക്കുന്നു
ഞാൻ നിന്റെ കക്ഷത്തെ
വിയർപ്പ് കൊണ്ട്
കൈക്കലയ്ക്കൊരു
തുണി തുന്നുന്നു
നമ്മൾ ആറിത്തുടങ്ങുമ്പോൾ
എന്നെ കുളിരിൽ പൊള്ളിച്ചു
കള്ളാ എന്ന് വിളിച്ചു
നീ എന്നിൽ നിന്നൊരു കഷ്ണം
നിന്റെ കുറുമ്പിലെയ്ക്ക് കട്ടെടുക്കുന്നു
അപ്പോൾ നമ്മൾ കറി വയ്ക്കുവാൻ
മറന്നു പോയ രണ്ടു മീനുകൾ
കടലാണെന്ന് കരുതി
നമ്മുടെ ഉടലിൽ
ഇണ ചേർന്നു തുടങ്ങുന്നു

Thursday, 11 December 2014

പിടച്ചിൽ

ജനൽ ഉപ്പിലിട്ടു
വച്ചിരിക്കുന്ന ഒരു
 ഭരണിയുണ്ട്
 വീട്ടിൽ

പകൽ
വെയിലടിച്ചു
കിറിഞ്ചുമ്പോൾ
വെറുതെ ഒന്ന്
തൊട്ടു നക്കാൻ
വെളിച്ചം
നാക്ക് നീട്ടുന്നതവിടെയാണ്

അപ്പോൾ
സൂര്യനൊരു പല്ലിയാവും
വെയിൽ വെറുമൊരു വാലാവും
മുറിച്ചിട്ട വെയിൽ
രാത്രിയിലും എന്റെ മുറിയിൽ
കിടന്നു പിടയ്ക്കും

പിടച്ചിൽ അസ്സഹ്യമാകുമ്പോൾ
നെഞ്ചിനെ അറുത്തിട്ടു
ഞാൻ പിടച്ചിലിനെ
സ്വതന്ത്രമാക്കും

മരിച്ചവാതിലുകളെ
ശരീരങ്ങളിൽ അടക്കം ചെയ്യുന്നതും
ലോകത്തിലെ എല്ലാ ജനാലകളും
ചിറടിച്ചു  പിറകെ
വെളിച്ചത്തിലേയ്ക്കു
പറന്നു  പോകുന്നതും
ഭിത്തികളില്ലാത്ത മുറിയിൽ
അന്നേരം  ഞാൻ
വെറുതെ
കിനാവ്‌ കാണും 

Wednesday, 10 December 2014

വിരലെഴുത്തുകൾ

1
കുറെ വീടുകളുടെ
ജാലകം ചേർത്ത് വച്ച് 
അതിൽ പല മുഖങ്ങളുടെ 
ഇളകുന്ന തിരശ്ശീലയിട്ട് 
ചില യാത്രകൾ തുന്നുന്നുണ്ട് 
താളത്തിൽ കുലുങ്ങുന്ന
തീവണ്ടി


2
ആകെ ഉണങ്ങിയ
മരമാണ് 
അപ്പൂപ്പൻ താടിയായി 
വേഷം കെട്ടി
ആകാശത്തേയ്ക്ക് 
പറന്നു പോയി
പിണങ്ങി നില്ക്കുന്ന മഴയ്ക്ക്‌ 
മടിച്ചു മടിച്ചു
ഒരു വിത്തിന്റെ 
ക്ഷണക്കത്ത് കൊടുക്കുന്നത്

3
മരം ഏതു സംഖ്യ കൊണ്ടാവും 
തന്റെ ചില്ലകളെ വിഭജിച്ചിരിക്കുക 
കാറ്റു ഒരു ഒറ്റ സംഖ്യ അല്ല 
അത് ഇലകൾ തീർത്ത് പറയുന്നുണ്ട് 
കാരണം അത് പലപ്പോഴും 
ഒരു അനക്കം ശിഷ്ടം വയ്ക്കുന്നുണ്ട്‌
ഒച്ച പിച്ച വെച്ച് വരുന്ന
വഴിയിൽ പോലും


4
മഴവെള്ളം 
എടുത്തു 
മീൻമുള്ള് കൃഷി ചെയ്യുന്ന 
ഓരോ കടലും 
എടുക്കുന്നുണ്ട് 
തിരയറിയാതെ
കരയിൽ നിന്ന്
കടമായിട്ടെങ്കിലും
വേനലിൽ
കരയാനിത്തിരി 
വിയർപ്പു
ചേർന്ന കണ്ണീരുപ്പ്

5
അയലത്തെ മുറ്റത്ത്‌
കഴുകി ഇട്ടിരിക്കുന്ന
ഉണങ്ങാത്ത പർദയിൽ 
നിന്നിറ്റിറ്റു വീഴുന്ന 
ജലത്തുള്ളികളെ 
ഒളിഞ്ഞു നോക്കി
പ്രണയിക്കുകയാണ്
അടുത്ത വീട്ടിലെ
സന്ധ്യവിളക്കിലെ
മുനിഞ്ഞു കത്തി
അണയാൻ മടിക്കുന്ന
തിരിനാളം

Tuesday, 2 December 2014

മഴവട്ട്

വെറുമൊരു മഴക്കോള്
 കാണുമ്പോൾ
കൈവിട്ടു മാനത്തേയ്ക്ക്‌
 പോകുന്ന മനസ്സ്
തട്ടി തിരിച്ചു വരുന്നത്
 നിന്നടുത്തേയ്ക്കാണ്

പിന്നെ നിന്റെ കൈപിടിച്ച്
ഒരേ വികാരത്തോടെ
മഴയെ പ്രണയിച്ചു
പ്രകോപിപ്പിക്കുകയാണ്
നമ്മൾ
ആ പ്രലോഭനത്തിൽ
താഴേയ്ക്ക്
വീണു പോകുന്ന
തുള്ളികളിൽ ചവിട്ടി
മഴയുടെ മുകളിലേയ്ക്ക്
കയറിപോകുന്നത്
നമ്മൾ ഒരുമിച്ചാണ്

അപ്പോൾ വഴുതി വീഴാതെ
പിടിക്കുവാൻ നീട്ടുന്ന
 കൈകളുടെ  തിളക്കം
വെട്ടിത്തിളങ്ങുന്ന
മിന്നലാവുകയാണ്

 മാഞ്ഞുപോകുവാൻ മടിച്ചു
നെഞ്ചിടിപ്പോടെ മാനത്ത്
പിടിച്ചു നില്ക്കുവാൻ
ശ്രമിക്കുന്ന
മിന്നലിന്റെ ആശങ്ക
ഇടിയാവുകയാണ്

നമ്മൾ മുകളിലെത്തി കഴിയുമ്പോൾ
 പെയ്തുകൊണ്ടിരിക്കുന്ന
മഴ നാണിച്ചു
നിന്ന് പോവുകയാണ്

പാതി പെയ്ത മഴത്തുള്ളികൾ
താഴെ വീഴുവാനാകാതെ
ആകാശത്ത്
നിശ്ചല ദൃശ്യമാവുകയാണ്

മഴ കീറി ഒട്ടിച്ച ആകാശം
എന്ന് അടക്കം പറയുന്ന നമ്മൾ

മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
മാഞ്ഞു പോകുവാനാകാതെ
ആകാശത്ത് ഒട്ടിപ്പോവുകയാണ്

കേട്ടെഴുത്തിൽ അക്ഷരം
തെറ്റിച്ച നക്ഷത്രങ്ങൾക്ക്          
വെളിച്ചം ഇമ്പോസിഷൻ
എഴുതാൻ കൊടുത്ത്
ആകാശത്തിൽ
ഒരു കടലാഴത്തിന്റെ
വിത്തും കുഴിച്ചിട്ടു
ചിമിഴാഴങ്ങളിൽ മുത്തം കൊണ്ടൊരു
മുത്തും കൊരുത്തിട്ടു
തിരകളിൽ ചവിട്ടി
സിരകളുടെ  പടികളിറങ്ങുന്നു
നമ്മൾ

പെട്ടെന്ന് സ്ഥലകാല ബോധം
 വീണ്ടെടുത്ത മേഘങ്ങൾ
 സൂര്യന്റെ കണ്ണ് പൊത്തി
ഇരുട്ടുണ്ടാക്കി
അത് വട്ടത്തിൽ
വെട്ടി ഒരു ഓട്ടയുണ്ടാക്കി  
  ഒരു ചന്ദ്രനെ എടുത്തുവെച്ച്
രാത്രിയാക്കുകയാണ്

പിന്നെ നടക്കുന്നതൊക്കെ  പരിധിക്കു
പുറത്താണെന്നുള്ള  മൃദുലസന്ദേശം
ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
കാറ്റ് നമ്മുടെ നിഴലുകളെ
ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
  

മരങ്ങൾ ഇലകളിൽ ആത്മഹത്യ ചെയ്യുമ്പോൾ

മരങ്ങളിൽ
കാടിന്റെ
ഏറുമാടങ്ങൾ

എന്നിട്ടും

ഒരു മരം തന്നെ
എത്ര തവണയാണ്
സ്വന്തം ഇലകളിൽ
പലസ്ഥലങ്ങളിൽ
തൂങ്ങിനില്ക്കുന്നത്

സ്വന്തം നഗ്നത പോലും
സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു
മറയ്ക്കുവാൻ ഒന്നുമില്ലാതെ
ഉള്ളതെല്ലാം
കണ്ണാടിച്ചിറകിൽ കുഴിച്ചിട്ട
തുമ്പികൾ

പൂവിതൾ ക്രച്ചസ്സിൽ
വികലാംഗ ശലഭം

വെയിൽ കനത്തിൽ
എങ്ങും
തളം കെട്ടിക്കിടക്കുന്ന
ദുഃഖം

പച്ചനിറത്തിൽ
 കാട് കത്തുന്നു