Popular Posts

Wednesday, 31 December 2014

കാതുകൾ കഥ പറയുന്നു

എന്റെ  കാതുകൾ
ആരോ പൂമുഖത്തേയ്ക്കു
 വലിച്ചെറിഞ്ഞ  പത്രങ്ങൾ
പോലെ കാറ്റിലിളകി
ആരും വായിക്കാതെ കിടക്കുന്നു
കിടന്നു കിടന്നു മടുത്ത്
ശബ്ദങ്ങൾ ഒന്നും ഇല്ലാതെ ഒരുച്ചയിൽ
അവ രണ്ടിലകളായി മാറി
ചില്ലകളില്ലാത്ത മരത്തിൽ
പ്രണയിക്കുന്ന രണ്ടു കിളികൾക്ക്
തണലായി പോയിരിക്കുന്നു
മഴയുള്ളപ്പോഴൊക്കെ
ചെടിയുടെ  ഉടുപ്പെടുത്തിട്ടു
ഇടവഴികളിൽ മഷിത്തണ്ടിനു
പഠിക്കുന്ന മരങ്ങളുടെ
തരള ബാല്യങ്ങളുടെ ചാറ്റൽ
മഴക്കഥകൾ കേട്ടിരിക്കുന്നു

പണ്ട് കേട്ട കൊതിയൂറുന്ന
നല്ല  രണ്ടു പാട്ടുകളെ
കണ്ണി മാങ്ങകളാക്കി കൊത്തി
അവയിൽ കല്ലുപ്പ് ചേർത്ത്
നാട്ടു മാവിൻ ചിലമ്പിച്ച
ചില്ലകളിൽ കൊരുത്തിടുന്നു
പിന്നെ രണ്ടു പക്ഷികളെ പോലെ
മുമ്പും പിറകുമായി  മത്സരിച്ചു
 പറന്ന്  ചെന്ന്  നിന്റെ
ആടുന്ന കമ്മലുകളിൽ
കരൾ  ചേർത്തിരിക്കുന്നു..
ഇനി എന്റെ കേൾവികളിലെയ്ക്ക്
തിരികെ തളർന്നു
ചെക്കേറുന്നതിനു മുമ്പ്
നീ എന്നിൽ ചേർന്ന് നിൽക്കുമ്പോൾ
കേൾക്കേണ്ട
ഉടലുകൾ കിലുങ്ങുന്ന
ഒച്ച കേൾക്കാൻ
ഞാനെന്റെ കാതുകളെ
നിശബ്ദത കൊണ്ട്
ഉടച്ചു കളഞ്ഞ്
നിന്റെ സ്വകാര്യങ്ങളിൽ
ചിരി ചേർത്തുണ്ടാക്കിയ
രണ്ടു ഓട്ടുമണികൾ കെട്ടി തൂക്കുന്നു

Monday, 29 December 2014

പേടി

അന്തസ്സോടെ 
തല ഉയർത്തുന്നത് തന്നെ  
ഒരുകലയാണെന്ന് കരുതുന്ന നാട്ടിൽ
തല  നഷ്ടപ്പെട്ട ഒരു കൂട്ടം കലാകാരന്മാർ
കല ആവശ്യമില്ലാത്ത  അവസ്ഥയിൽ
ഇറ്റുവീഴുന്ന രക്തത്തുള്ളികൾക്ക് 

മഴത്തുള്ളിയുടെ നിറം 
കൊടുക്കുകയാണ്

ആകാശത്തിന്റെ അനന്ത സാദ്ധ്യതകൾ 

പ്രയോജനപ്പെടുത്തി 
മണ്ണിൽ വീഴുന്നതിനു മുമ്പ് തന്നെ 

അന്തരീക്ഷത്തിൽ വച്ച്
ചിതലെടുക്കുന്ന 
മഴത്തുള്ളികൾ 


ഒഴുക്ക് കൊണ്ട്
പുഴയ്ക്കു പുരട്ടുന്ന  
 മിന്നലിന്റെ  ചായം 

കുറ്റപ്പെടുത്തലുകളുടെ ദിശാസൂചി 
തറച്ചു തറച്ചു 
 ദിശകളിൽ നിന്ന് അപ്രത്യക്ഷമാ
വടക്ക് എന്നൊരു ദിക്ക് 
തെക്ക് മാത്രം ഉള്ള ദിക്കുകൾ 

വഴുതിവീണു പോയേക്കാവുന്ന
ഒരു നേർത്ത വരമ്പിന്റെ 
തെറ്റലിൽ നിന്ന് 
ഓരോരുത്തരും 
അവനവന്റെ മാത്രം നനഞ്ഞ ഉടലുകളെ 
പേടിയോടെ വേർപെടുത്തുന്നു..     

Saturday, 20 December 2014

ഉത്സവം സീസണ്‍ 2

ഒരുത്സവത്തിന്റെ
ഒത്ത നടുക്ക് നിന്ന്
ഒരു കൊച്ചു കുട്ടിയെ
പോലെ
കട്ടെടുക്കണം
നെറ്റിപ്പട്ടം കെട്ടിയ
ഒരു കൊമ്പനെ
ഇരു ചെവി അറിയാതെ
അവിടെ പകരം വയ്ക്കണം
കയറ്റം കയറുന്ന
ഒച്ച കയറ്റി കൊണ്ട് വരുന്ന
ഒരു തടി ലോറിയെ
തടിയെ ആനയോടൊപ്പം
കാട്ടിലേയ്ക്ക്
പറഞ്ഞയക്കണം
ഇലകൾ കൊണ്ട്
നെറ്റിപ്പട്ടം കെട്ടി
മുറിച്ച മരങ്ങൾക്ക്
തടി കൊണ്ട്
മുടങ്ങി കിടക്കുന്ന
ഉത്സവങ്ങൾ നടത്തുവാൻ!

Friday, 19 December 2014

മൂക്കൂത്തി

ഒരു മേഘത്തിന്റെ
കുഞ്ഞു കുറുമ്പിലേയ്ക്ക്
കൂടെ കൂടെ
മുഖം തിരിക്കുന്ന
വാവാചന്ദ്രൻ

അതിനെ ഒരു താമരക്കുളിരിന്റെ
ഒക്കത്തെടുത്ത്‌
നിലാവൂട്ടുന്ന അമ്മമാനം
 
ഇനി ഏതു സൌന്ദര്യത്തിന്റെ
കാഴ്ചയിലേയ്ക്ക്
മിന്നാമിന്നികൾ
അണിഞ്ഞ മോതിര വിരൽ മടക്കി
ആകാശം
കുഞ്ഞു ചന്ദ്രന്റെ കൗതുകനേത്രങ്ങളുടെ
ശ്രദ്ധ തിരിക്കും
എന്നുള്ള ആശങ്ക നനഞ്ഞ
എന്റെ തല
നിന്റെ മുടികൊണ്ട്‌
തുവർത്തുന്നതിനിടയിൽ

ആരും കാണാതെ
എന്റെ കണ്ണിലൂടെ
നിന്റെ മൂക്കൂത്തിയിലെയ്ക്ക്
ഒലിച്ചിറങ്ങുകയാണ്
ഒരു വൃശ്ചിക നക്ഷത്രം 

Wednesday, 17 December 2014

മഴപ്പാറ്റ

കവിതയുടെ
ഭാഷയിൽ
ഭ്രാന്ത് അർദ്ധനൃത്തം ചെയ്യുന്ന
വൃത്താകൃതിയുള്ള
തെരുവിൽ
പുഷ്പങ്ങളുടെ
കേടായ ഘടികാരങ്ങൾ
ഉരുകുന്ന മെഴുകുതിരി
വെളിച്ചത്തിൽ
മിന്നാമിന്നികൾ
നന്നാക്കിക്കൊടുക്കുന്ന
കടയുടെ മുന്നിലൂടെ
വായിലൂറുന്ന
കൊതിവെള്ളവും ഇറക്കി
കൈകൾ കൊണ്ട്
കാലുകളും വരച്ചു
വരകൾ കൊണ്ട് വഴിയും
തെളിച്ചു
വണ്ടിനെ പോലെ
ഒരു മഴത്തുള്ളിയും ഉരുട്ടി
കടന്നു പോവുകയാണ്
മഴപ്പാറ്റ
ഒരു മുല്ലപ്പൂവിന്റെ
ചില്ലിട്ട വെട്ടത്തിൽ ഉണക്കി  
ഇരു ചിറകാക്കി 
ഏതാനും മാത്ര 
പറക്കുവാൻ പാകത്തിന് 
പരത്തി എടുക്കുവാൻ മാത്രം

Tuesday, 16 December 2014

പാലപ്പൂവും നിമിഷവും

സ്വന്തമായി
സമയം കൃഷി ചെയ്തു
നിമിഷങ്ങൾ മാത്രം 
വിളവെടുക്കുന്ന
പൂക്കളുടെ നാട്ടിൽ,
വിരിഞ്ഞിരിക്കുന്ന
ഒരു വേള പോലും
പാഴാകാതിരിക്കുവാൻ
ഞെട്ടിൽ നിന്നടർന്നു കഴിഞ്ഞാൽ
കൊഴിഞ്ഞു താഴെ എത്തുന്ന
ചെറുമാത്രകളിൽ പോലും
കറങ്ങുന്ന ഒരു മേൽ പങ്കയായി
ജോലി ചെയ്യുന്നുണ്ട്
പാലപ്പൂവ്
എന്നാൽ അതിൽ ഒരു
ഘടികാരത്തിന്റെ
നിലച്ചകുരുക്കിട്ടാവും
പ്രണയിനിയുടെ സ്വകാര്യ
ആകാശത്തിൽ ഒരു മഴയായി
പെയ്യുവാൻ ഒന്നു
ദുർബലമാക്കി തരണേ
എന്ന് പ്രാർത്ഥിച്ചു കാത്തിരുന്ന
"ഒരു വിരസ നിമിഷം"
പ്രതീക്ഷകെട്ടു,
പാലപ്പൂമണത്തിൽ
മഞ്ഞിന്റെ
തണുത്ത ഭാഷയിൽ
ഭയത്തിന്റെ കുറിപ്പും
എഴുതി വെച്ച്
അറ്റകൈയ്ക്ക്
ആത്മഹത്യ ചെയ്തിട്ടുണ്ടാവുക!

Monday, 15 December 2014

ഭ്രാന്ത് .. മരുന്നെന്നും പറയാം


ചില നൃത്തങ്ങളിൽ
നേർപ്പിച്ച
ഭ്രാന്തിന്റെ
ചങ്ങലകളാണ്
ചിലങ്കകൾ
മുദ്രകൾ
നിസ്സഹായതയുടെ
അരങ്ങിൽ കോർത്ത
മനസ്സിന്റെ
മൂകഭാഷയും
നൃത്തച്ചുവടുകളാകട്ടെ
ചങ്ങലക്കിട്ട കാലുകളുടെ
രക്ഷപ്പെടാനുള്ള
താളനിബദ്ധമായ
ശ്രമങ്ങളും
സൂക്ഷിച്ചു നോക്കിയാൽ
കാണാം
രാത്രിയിൽ പോലും
ചിലങ്കമണികളുടെ
കണ്ണിൽ
നിന്നൂറുന്ന കണ്ണീർ
കിലുക്കങ്ങളായി സ്വയം
ചമയം ഇടുന്നത്
രാത്രിപോലും
ചമയം ഇട്ട പകലാണെന്ന്
നിലാവിന്റെ ഭാഷയിൽ
കലാപരമായി
പരിഭാഷപ്പെടുത്തുന്നത്
മേൽവിലാസമില്ലാത്ത വേദനയുടെ
ചെസ്സ്‌ നമ്പർ എപ്പോഴും
നെഞ്ചിൽ
രക്തത്തിന്റെ ആഴത്തിൽ
കുത്തി വച്ചിരിയ്ക്കുന്നത്
നൃത്തം കഴിഞ്ഞു
തളർന്നിരിക്കുമ്പോൾ പോലും
തിരിച്ചറിയാതിരിക്കുവാൻ
തിരശ്ശീല താഴുമ്പോൾ ഉള്ള
കയ്യടികളായി വേഷം
മാറുന്നത്
ഒരു മുറിവിന്റെ സർട്ടിഫിക്കറ്റിനായി
അവസാനം
മരണം വരെ
വേദനിച്ചു
കാത്തു നില്ക്കുന്നത്
അതെ കലയുടെ ഭാഷയിൽ
തലച്ചോറിൽ
പൂക്കുന്ന
ഓര്ക്കിഡ് പുഷ്പമാണ്‌
ഭ്രാന്ത്
മഴത്തുള്ളികൾ പോലും
വെള്ളം പോലെ 
പരമ്പരാഗതമായി
മരണം വരെ 
നൃത്തം അഭ്യസിച്ച
ഭ്രാന്ത് തന്നെയാണ്!

Sunday, 14 December 2014

തീയെ പാചകം ചെയ്യുമ്പോൾ

കത്തികയറുന്ന വിശപ്പിന്റെ
കുപ്പായത്തിലെ
ഒരിളകിയ ഹൂക്ക്, ഉപ്പു-
ചേർക്കുകയാണെന്റെ നാവിൽ
പാകത്തിന്
ഇലകളിൽ മഞ്ഞു തുള്ളികൾ
തിളച്ചു തുടങ്ങിയിരിക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
നീ ഒരു ചിരി ചേർക്കുന്നു
ഞാനാ ചിരിയിൽ വീണു കിടക്കുന്ന
നിന്റെ മൂക്കൂത്തിയിലെ കല്ലു പെറുക്കുന്നു
നീ ഒരു വിരിയിലെ ചുളിവു
ചേർക്കുന്നു
ഞാനൊരു ചിരിയിലെ വളവു നൂർക്കുന്നു
നീ ഒരു മുല്ലപ്പൂവിന്റെ മണം ചേർക്കുന്നു
ഞാനൊരു ആലിംഗനത്തിന്റെ മുറുക്കം ചേർക്കുന്നു
അതെ നമ്മൾ പാചകം ചെയ്യുകയാണ്
ഇപ്പോൾ തീ തന്നെ
നമ്മൾ ചേർന്ന് പാചകം
ചെയ്തു തുടങ്ങുന്നു
നീ കടലിൽ നിന്ന് പിടിച്ച
ഒരു പിടയ്ക്കുന്ന തിര
വെള്ളം കളഞ്ഞു
പിഴിഞ്ഞ് ചേർക്കുന്നു
ഞാനൊരു നിലാവിന്റെ കുളിര് അരച്ച് പുരട്ടുന്നു
നീ നേർപ്പിക്കാത്ത ഉമ്മനീര് നുണഞ്ഞുചേർക്കുന്നു
ഞാൻ നേരം വെളുക്കാത്ത സമയം അലിച്ചുചേർക്കുന്നു
ഇരുളിൽ
പാചകം കണ്ടു
ചേർന്ന് കിടന്നൊരു കട്ടിൽ
അടുപ്പ് പോലെ വെന്തു തിളക്കുന്നു
തിളച്ചു തിളച്ചു തന്ത്രികൾ വറ്റിയ
വീണയാകുന്നു
നമ്മളെ മാത്രം ഇരു തന്ത്രികൾ പോലെ കോർക്കുന്നു
നമ്മൾ ഈണങ്ങൾ പോലെ ചലിക്കുന്നു
വൈദ്യുതി സ്ഫുല്ലിംഗങ്ങൾ
പ്രവഹിക്കുന്ന നാദ ധാര
തീ കൊണ്ട്
വെന്ത വികാരത്തിന്റെ മണം വരയ്ക്കുന്നു
ഞാൻ നിന്റെ കക്ഷത്തെ
വിയർപ്പ് കൊണ്ട്
കൈക്കലയ്ക്കൊരു
തുണി തുന്നുന്നു
നമ്മൾ ആറിത്തുടങ്ങുമ്പോൾ
എന്നെ കുളിരിൽ പൊള്ളിച്ചു
കള്ളാ എന്ന് വിളിച്ചു
നീ എന്നിൽ നിന്നൊരു കഷ്ണം
നിന്റെ കുറുമ്പിലെയ്ക്ക് കട്ടെടുക്കുന്നു
അപ്പോൾ നമ്മൾ കറി വയ്ക്കുവാൻ
മറന്നു പോയ രണ്ടു മീനുകൾ
കടലാണെന്ന് കരുതി
നമ്മുടെ ഉടലിൽ
ഇണ ചേർന്നു തുടങ്ങുന്നു

Thursday, 11 December 2014

പിടച്ചിൽ

ജനൽ ഉപ്പിലിട്ടു
വച്ചിരിക്കുന്ന ഒരു
 ഭരണിയുണ്ട്
 വീട്ടിൽ

പകൽ
വെയിലടിച്ചു
കിറിഞ്ചുമ്പോൾ
വെറുതെ ഒന്ന്
തൊട്ടു നക്കാൻ
വെളിച്ചം
നാക്ക് നീട്ടുന്നതവിടെയാണ്

അപ്പോൾ
സൂര്യനൊരു പല്ലിയാവും
വെയിൽ വെറുമൊരു വാലാവും
മുറിച്ചിട്ട വെയിൽ
രാത്രിയിലും എന്റെ മുറിയിൽ
കിടന്നു പിടയ്ക്കും

പിടച്ചിൽ അസ്സഹ്യമാകുമ്പോൾ
നെഞ്ചിനെ അറുത്തിട്ടു
ഞാൻ പിടച്ചിലിനെ
സ്വതന്ത്രമാക്കും

മരിച്ചവാതിലുകളെ
ശരീരങ്ങളിൽ അടക്കം ചെയ്യുന്നതും
ലോകത്തിലെ എല്ലാ ജനാലകളും
ചിറടിച്ചു  പിറകെ
വെളിച്ചത്തിലേയ്ക്കു
പറന്നു  പോകുന്നതും
ഭിത്തികളില്ലാത്ത മുറിയിൽ
അന്നേരം  ഞാൻ
വെറുതെ
കിനാവ്‌ കാണും 

Wednesday, 10 December 2014

വിരലെഴുത്തുകൾ

1
കുറെ വീടുകളുടെ
ജാലകം ചേർത്ത് വച്ച് 
അതിൽ പല മുഖങ്ങളുടെ 
ഇളകുന്ന തിരശ്ശീലയിട്ട് 
ചില യാത്രകൾ തുന്നുന്നുണ്ട് 
താളത്തിൽ കുലുങ്ങുന്ന
തീവണ്ടി


2
ആകെ ഉണങ്ങിയ
മരമാണ് 
അപ്പൂപ്പൻ താടിയായി 
വേഷം കെട്ടി
ആകാശത്തേയ്ക്ക് 
പറന്നു പോയി
പിണങ്ങി നില്ക്കുന്ന മഴയ്ക്ക്‌ 
മടിച്ചു മടിച്ചു
ഒരു വിത്തിന്റെ 
ക്ഷണക്കത്ത് കൊടുക്കുന്നത്

3
മരം ഏതു സംഖ്യ കൊണ്ടാവും 
തന്റെ ചില്ലകളെ വിഭജിച്ചിരിക്കുക 
കാറ്റു ഒരു ഒറ്റ സംഖ്യ അല്ല 
അത് ഇലകൾ തീർത്ത് പറയുന്നുണ്ട് 
കാരണം അത് പലപ്പോഴും 
ഒരു അനക്കം ശിഷ്ടം വയ്ക്കുന്നുണ്ട്‌
ഒച്ച പിച്ച വെച്ച് വരുന്ന
വഴിയിൽ പോലും


4
മഴവെള്ളം 
എടുത്തു 
മീൻമുള്ള് കൃഷി ചെയ്യുന്ന 
ഓരോ കടലും 
എടുക്കുന്നുണ്ട് 
തിരയറിയാതെ
കരയിൽ നിന്ന്
കടമായിട്ടെങ്കിലും
വേനലിൽ
കരയാനിത്തിരി 
വിയർപ്പു
ചേർന്ന കണ്ണീരുപ്പ്

5
അയലത്തെ മുറ്റത്ത്‌
കഴുകി ഇട്ടിരിക്കുന്ന
ഉണങ്ങാത്ത പർദയിൽ 
നിന്നിറ്റിറ്റു വീഴുന്ന 
ജലത്തുള്ളികളെ 
ഒളിഞ്ഞു നോക്കി
പ്രണയിക്കുകയാണ്
അടുത്ത വീട്ടിലെ
സന്ധ്യവിളക്കിലെ
മുനിഞ്ഞു കത്തി
അണയാൻ മടിക്കുന്ന
തിരിനാളം

Tuesday, 2 December 2014

മഴവട്ട്

വെറുമൊരു മഴക്കോള്
 കാണുമ്പോൾ
കൈവിട്ടു മാനത്തേയ്ക്ക്‌
 പോകുന്ന മനസ്സ്
തട്ടി തിരിച്ചു വരുന്നത്
 നിന്നടുത്തേയ്ക്കാണ്

പിന്നെ നിന്റെ കൈപിടിച്ച്
ഒരേ വികാരത്തോടെ
മഴയെ പ്രണയിച്ചു
പ്രകോപിപ്പിക്കുകയാണ്
നമ്മൾ
ആ പ്രലോഭനത്തിൽ
താഴേയ്ക്ക്
വീണു പോകുന്ന
തുള്ളികളിൽ ചവിട്ടി
മഴയുടെ മുകളിലേയ്ക്ക്
കയറിപോകുന്നത്
നമ്മൾ ഒരുമിച്ചാണ്

അപ്പോൾ വഴുതി വീഴാതെ
പിടിക്കുവാൻ നീട്ടുന്ന
 കൈകളുടെ  തിളക്കം
വെട്ടിത്തിളങ്ങുന്ന
മിന്നലാവുകയാണ്

 മാഞ്ഞുപോകുവാൻ മടിച്ചു
നെഞ്ചിടിപ്പോടെ മാനത്ത്
പിടിച്ചു നില്ക്കുവാൻ
ശ്രമിക്കുന്ന
മിന്നലിന്റെ ആശങ്ക
ഇടിയാവുകയാണ്

നമ്മൾ മുകളിലെത്തി കഴിയുമ്പോൾ
 പെയ്തുകൊണ്ടിരിക്കുന്ന
മഴ നാണിച്ചു
നിന്ന് പോവുകയാണ്

പാതി പെയ്ത മഴത്തുള്ളികൾ
താഴെ വീഴുവാനാകാതെ
ആകാശത്ത്
നിശ്ചല ദൃശ്യമാവുകയാണ്

മഴ കീറി ഒട്ടിച്ച ആകാശം
എന്ന് അടക്കം പറയുന്ന നമ്മൾ

മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ
മാഞ്ഞു പോകുവാനാകാതെ
ആകാശത്ത് ഒട്ടിപ്പോവുകയാണ്

കേട്ടെഴുത്തിൽ അക്ഷരം
തെറ്റിച്ച നക്ഷത്രങ്ങൾക്ക്          
വെളിച്ചം ഇമ്പോസിഷൻ
എഴുതാൻ കൊടുത്ത്
ആകാശത്തിൽ
ഒരു കടലാഴത്തിന്റെ
വിത്തും കുഴിച്ചിട്ടു
ചിമിഴാഴങ്ങളിൽ മുത്തം കൊണ്ടൊരു
മുത്തും കൊരുത്തിട്ടു
തിരകളിൽ ചവിട്ടി
സിരകളുടെ  പടികളിറങ്ങുന്നു
നമ്മൾ

പെട്ടെന്ന് സ്ഥലകാല ബോധം
 വീണ്ടെടുത്ത മേഘങ്ങൾ
 സൂര്യന്റെ കണ്ണ് പൊത്തി
ഇരുട്ടുണ്ടാക്കി
അത് വട്ടത്തിൽ
വെട്ടി ഒരു ഓട്ടയുണ്ടാക്കി  
  ഒരു ചന്ദ്രനെ എടുത്തുവെച്ച്
രാത്രിയാക്കുകയാണ്

പിന്നെ നടക്കുന്നതൊക്കെ  പരിധിക്കു
പുറത്താണെന്നുള്ള  മൃദുലസന്ദേശം
ചീവീട് ഒച്ചയിൽ കേൾപ്പിച്ചു
കാറ്റ് നമ്മുടെ നിഴലുകളെ
ഇരുട്ടിൽ ഒട്ടിച്ചു വയ്ക്കുന്നു
  

മരങ്ങൾ ഇലകളിൽ ആത്മഹത്യ ചെയ്യുമ്പോൾ

മരങ്ങളിൽ
കാടിന്റെ
ഏറുമാടങ്ങൾ

എന്നിട്ടും

ഒരു മരം തന്നെ
എത്ര തവണയാണ്
സ്വന്തം ഇലകളിൽ
പലസ്ഥലങ്ങളിൽ
തൂങ്ങിനില്ക്കുന്നത്

സ്വന്തം നഗ്നത പോലും
സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞു
മറയ്ക്കുവാൻ ഒന്നുമില്ലാതെ
ഉള്ളതെല്ലാം
കണ്ണാടിച്ചിറകിൽ കുഴിച്ചിട്ട
തുമ്പികൾ

പൂവിതൾ ക്രച്ചസ്സിൽ
വികലാംഗ ശലഭം

വെയിൽ കനത്തിൽ
എങ്ങും
തളം കെട്ടിക്കിടക്കുന്ന
ദുഃഖം

പച്ചനിറത്തിൽ
 കാട് കത്തുന്നു

Wednesday, 26 November 2014

മഴത്തുള്ളികൾ


സമയം ധൂർത്തടിച്ച്
പലപ്പോഴും
വർഷങ്ങളായി
പെയ്തോഴുകി പോകുന്ന
മറവിയുടെ പെരുമഴകൾ

അതിൽ നിന്നും
മാറിയ ചില്ലറ പോലെ
ഓർത്തെടുക്കുവാൻ
ചില ചില്ലകൾ
എടുത്തു വയ്ക്കുന്ന
നിമിഷങ്ങളുടെ
ചെറുതുള്ളികൾ

വെറുതെ
വന്നിരുന്നു
പറന്നുപോകുന്ന  
ചെറുകിളിയുടെ
അലസചിറകടികൾ
അപ്രതീക്ഷിതമായി
അതും അടർന്നു  വീഴുമ്പോൾ
ഉയർന്ന് താഴുന്ന തെങ്ങോലകൾ
അതുതിർക്കുന്ന
ചുടുനെടുവീർപ്പുകൾ

ആ നെടുവീർപ്പ്
അതെ ദു:ഖത്തോടെ
കിനാവിലെയ്ക്ക്
മഴത്തുള്ളികളോടെ
എടുത്തുവയ്ക്കുന്ന ഞാൻ

ഒരു ആലിംഗനത്തിന്റെ
കുളിരിൽ കുതിർത്ത്
ശരീരങ്ങളായി കീറി
പ്രണയിനിയുടെ
കാലുകൾ കൊണ്ട് മെടഞ്ഞ
മടിയിൽ കിടന്നു
ചുണ്ടുകൾ
കോർത്ത്‌ തീർത്ത 
ചുംബനസായാഹ്നത്തിലെയ്ക്ക്
ചായുമ്പോൾ
ഓർമ്മയുടെ ചോർച്ചയിൽ
നനയുവാൻ
മഴത്തുള്ളികൾ കൊണ്ടൊരു
തോരാമഴയുടെ
മേല്ക്കൂര
മേയ്ഞ്ഞെടുക്കുവാൻ മാത്രം  

Saturday, 22 November 2014

കൊഴിഞ്ഞു വീണ പ്രണയം

കൊഴിഞ്ഞു വീണ
പൂവിന്റെ ഇതളിൽ
മഞ്ഞു തുള്ളിയുടെ
ആഴത്തിൽ
ചോരയുടെ നിറം  കൊണ്ടെടുത്ത
കുഴിയിൽ
ഞാനെന്റെ
പ്രണയം എന്ന നുണയുടെ
അവസാനമണവും
അടക്കി കഴിഞ്ഞു

ഇനി വിഷത്തിന്റെ
സ്വപ്നം കഴിച്ചു
മരിച്ച എന്റെ ഉറക്കം
കളഞ്ഞ്
ഏകാന്തതയിലേക്ക്
മാത്രം വളരുന്ന
രാത്രി മരച്ചില്ലയിൽ
ഈ വെട്ടം അണഞ്ഞ
നിലാവിൽ ചാരി
ഒരിത്തിരിനേരം

നാളെ
വെയിൽ ഇലയാക്കി
ഈ രാമരങ്ങൾ
വരൾച്ചയിലേക്ക്
വേരാഴ്ത്തി  കത്തും മുമ്പേ
മഴത്തുള്ളിയേറ്റു മരിച്ച
തണുത്ത വെടിയുണ്ടയാകണം
ജീവിതമേ
നിന്റെ മാറിൽ തന്നെ

Friday, 21 November 2014

തൊട്ടാവാടി പൂച്ച

ഒച്ച കൊണ്ട്
മ്യാവൂ ശിൽപ്പം തീർത്ത്
ഒരുതൊട്ടാവാടിക്കരികിൽ
 തൊട്ടുതൊട്ടില്ല
എന്ന മട്ടിൽ
അതിൽ  വിരിഞ്ഞ പൂ പോലെ
കിടന്നുറങ്ങുന്ന കൊച്ചുപൂച്ച

ആ പൂച്ച കാണുന്ന
പൂപാത്രം നിറയെ
നിറഞ്ഞു തുളുമ്പുന്ന
വെളുത്ത പാലിന്റെ
നിറമുള്ള
അപ്പൂപ്പന്താടിസ്വപ്നം
ആ സ്വപ്നത്തെ നക്കി തുടയ്ക്കുന്ന
വെള്ളാരം കണ്ണുള്ള കുഞ്ഞുപൂച്ച
പൂച്ചയുടെ നാവുതട്ടി
ഇക്കിളികൊള്ളുന്ന
പഞ്ഞിസ്വപ്നം

ആ സ്വപ്നം തട്ടി
ഞെട്ടി ഉണരുന്ന
തൊട്ടാവാടി

ആ തൊട്ടാവാടി
പൂച്ചയെ പോലെ ഉണർന്ന്
ഇലകളെ  ഉണർത്താതെ
ഉറങ്ങുന്ന പൂച്ച അറിയാതെ
ദേ  കൊള്ളുന്ന
മുള്ളുകുടയുന്നു

Wednesday, 19 November 2014

വിധി

കൊഴിഞ്ഞു വീണ
മുല്ലപ്പൂക്കൾ പെറുക്കി
മാലകെട്ടുന്ന
ലാഘവത്തോടെ
ഒന്നും സംഭവിക്കില്ല
എന്നൊരു പേടിയിൽ
കണ്ണീരു കൊണ്ട്
അണകെട്ടി
ജീവിക്കുകയാണ് നമ്മൾ

നിറഞ്ഞൊഴുകുന്ന പുഴയ്ക്കു
മഴ കൊണ്ട്
വേലികെട്ടി
ഒഴുക്ക് തടഞ്ഞിടും പോലെ
നമ്മുടെ ജാതകം കൊടുത്തു
ആരുടെയോ തലയിലെഴുത്ത് വാങ്ങി
സ്വന്തം തുരുത്തിൽ
 വിഹ്വലതകൾക്ക്‌ കീഴെ
ഒരു  വിധിയുടെ പുറത്തു
പൂർണസുരക്ഷിതരാവുകയാണ്
നമ്മൾ

ചോർന്നുപോയ  വാക്കുകൾ
കൊണ്ട് നിർമിച്ച ഒരു കരാറിന്റെ
ചിതലെടുത്ത ഉറപ്പിന്റെ പുറത്തു
പുഴയുടെ അസ്ഥി ഒഴുക്കുവാൻ
കാത്തു വച്ചൊരു
 സംസ്ഥാനമാവുകയാണ് നമ്മൾ

ആശങ്ക അടിക്കണക്കിൽ അളന്നു
പഴിക്കാനൊരു ദുർവിധി
ബാക്കി വച്ച
ദുരവസ്ഥയിലേയ്ക്കു
നീറിനീറി
തനിയെ ഒരു കടലുടൽ
നിമജ്ജനം ചെയ്യുവാൻ
ഒരുങ്ങുകയാണ് നമ്മൾ


അതിവിശാലമായ
ലോകത്ത്
ജലത്തിന്റെ
നിലവിളികൾക്കു താഴെ
ജാഗരൂകരായി
ജീവിക്കുവാൻ
വിധിക്കപ്പെടുകയാണ്
മരണ ഭയത്തോടെ
കുറെയേറെ
നിസ്സഹായമനുഷ്യർ
നമ്മൾ

Tuesday, 18 November 2014

ധൂമ്ര വിഗ്രഹങ്ങൾ


പുലരികൾ!
വീടകങ്ങളിൽ;
അഴിച്ചു മാറ്റികെട്ടേണ്ടി വരുന്ന-
ജനലുകൾ,
പ്രകാശം..
വീടിന്റെ പിൻഭിത്തികൾ!

മഴ,
കണ്മുന്നിൽ
ഇറയത്തു കൂടി-
ഒലിച്ചുപോകുന്ന മുറികൾ!
കവിൾ മുറ്റങ്ങൾ


കണ്ണീരുകൾ,
മനസ്സുകൊണ്ട്;
ശരീരത്തിനെ
തളച്ചിടുന്ന ചങ്ങലകൾ
ബന്ധസ്നായുക്കൾ


രാത്രികൾ!
വികാര അപസ്മാരങ്ങൾ!
താക്കോലായി
പിടഞ്ഞു വീഴുന്ന
ശരീരങ്ങൾ;
താക്കോൽ പഴുതുകൾ..

വഴികൾ!
കിളിപ്പാട്ടുകൾ..
സഞ്ചരിക്കുന്നതിനിടയിൽ
പാട്ട് നിർത്തുന്ന കിളികൾ
കൊഴിയുന്ന പൂക്കളിൽ
പതിയുന്ന
വാടിയ  കാൽപ്പാടുകൾ..


ചടങ്ങുകൾ!
നെടുവീർപ്പുകൾ;
ചന്ദനത്തിരിവിരിപ്പുകൾ
മൌനങ്ങൾക്കിടയിലെ
ജന്മഇടവേളകൾ..


ധൂമ്ര വിഗ്രഹങ്ങളിൽ
കാക്കയുടെ കരച്ചിൽ  കോർത്ത്‌
കെട്ടിയിട്ട മാലകൾ
വെയിലിന്റെ നേർനിഴലുകൾ!

Tuesday, 11 November 2014

ഒരു അപേക്ഷ
പുഴയുടെ
വറ്റാത്ത ഛായയുമായി
ഇന്നലെകൾ
കണ്ണിൽ തറഞ്ഞു പോയ
ഓർമ്മചങ്ങാടങ്ങൾ

അതു പോലെ
വരണ്ട മണ്ണിൽ തറഞ്ഞു പോയ
വീടുകൾ
തുരുത്തുകൾ


വെള്ളം വറ്റിയ പുഴകൾ
വരൾച്ച കൊണ്ട്
വീട്ടിലേയ്ക്ക് വരയ്ക്കുന്ന
വഴിനീളങ്ങൾ

അവ
വീട്ടിലെയ്ക്കൊഴുകുന്ന
വെള്ളമില്ലാത്ത പുഴകൾ
പണ്ട്
പുഴയൊഴുക്കിലേയ്ക്ക്
നീണ്ടിരുന്ന
വീടിന്റെ വഴിവേരുകൾ

വീടിനകത്തേയ്ക്ക്
കയറി വന്നിരുന്ന കാറ്റ്
പ്രകൃതിയുടെ ഋതു ഭേദങ്ങളുടെ
ക്ഷണക്കത്തുകൾ  

മുറ്റങ്ങൾ
പുഷ്പങ്ങൾ വറ്റി
ഇറ്റുവാൻ   ഇല്ലാതെ പോയ
നറുതേൻമണങ്ങൾ


ഇല്ലാതായ തണലുകൾ
പറക്കുന്ന കിളികളുടെ
ചിറകുകൾ കൊണ്ട്
മരം വീശിയിരുന്ന വിശറികൾ


ചെറുപ്പകാലം
തൊഴിലിനും തൊഴിലില്ലായ്മയ്ക്കും
ഇടയിൽ ചുറ്റപ്പെട്ട് നഷ്ടപ്പെട്ട
ചുറുചുറുക്കുള്ള ദിനങ്ങൾ
ഒരു ഗ്രാമം മുഴുവൻ ചുറ്റി വന്നിരുന്ന
ഗണപതിമുഖമുള്ള ആലിലകൾ
പടവുകൾ അരയാലുകൾ


പകൽ പെയ്തിരുന്ന മഴ
വെയിൽ കൊടുത്തു വിട്ടിരുന്ന
അവധിക്കുള്ള അപേക്ഷകൾ
അത് പറന്നു പോകാതെ എടുത്തു വച്ച
കുഴിയാഴങ്ങൾ
കിണറുകൾ
മണ്ണിൽ കുഴിച്ചിട്ടിരുന്ന
നീലജലാകാശം

അതെ നമ്മൾ
കാലാകാലങ്ങളായി
പകുത്തു ശ്വസിച്ച
പച്ചപ്പുള്ള ഗ്രാമീണശ്വാസം
പക്ഷെ പിന്നെ
എല്ലാം സ്വന്തമാക്കാനുള്ള
ത്വരയ്ക്കിടയിൽ
ഉപേക്ഷ വിചാരിച്ച പ്രകൃതി
ഉയർന്ന് വന്ന പുതുനഗരങ്ങൾ

പിന്നെ പിന്നെ
 ജീവിതം
മരണം നീട്ടി കിട്ടാൻ
സ്വന്തം ശ്വാസത്തിൽ
ഓരോ നിമിഷവും
മറുമരുന്നായി
ദൂരെ ഏതോ മരത്തിന്
പ്രാണന്റെ ഭാഷയിൽ
എഴുതി കൊടുക്കേണ്ടി
വരുന്ന ജീവാപേക്ഷകൾ 

Wednesday, 5 November 2014

കാലുകളുടെ മൌനമാണ് നിൽപ്പ്

രായ്ക്ക് രാമാനം
ഒരു കാട്
വെളുപ്പിക്കുവാനുള്ള വെളുപ്പ്‌
എപ്പോഴുംചിരിയിൽ സൂക്ഷിക്കുന്ന
ചില രാഷ്ട്രീയ നേതാക്കൾ
അവരുടെ തുടർച്ചയായ ചിരിയിൽ
വെളുത്തുപോയ കാടുകൾ
അതിലെ ഉടയ്ക്കപ്പെട്ട ഊരുകൾ
അതിലെ തകർന്ന കുടികൾ
അവിടങ്ങളിൽ നിന്ന്
കൂട്ടത്തോടെ കുടിയിറക്കപ്പെട്ടവർ
വെറും കാലടി ഒച്ചകൊണ്ട്‌
പണ്ട് കാട്ടുമൃഗങ്ങളെ വരെ
തിരികെ ഓടിച്ചിരുന്നവർ
വെറും കിളികളുടെ ഒച്ച കൊണ്ട്
പുരയിടത്തിനു  ചുറ്റും
കിളിവേലി കെട്ടിയിരുന്നവർ

ഇന്ന്
സ്വന്തം കാലടി വെയ്ക്കുവാൻ
മണ്ണില്ലാതെ ഭൂമിയില്ലാതെ
മുന്നേ നടന്നു പോയ
മനുഷ്യന്റെ കാലടിപാടുകൾ
മൃഗങ്ങളുടെ കാൽപ്പാടുകളെ
പരസ്യമായി പ്രസവിക്കുന്ന
നഗരത്തിന്റെ പകലിൽ
ചെടികൾ പോലും
അടിവസ്ത്രം പോലെ
പൂക്കൾ വരെ മാറ്റുന്ന
സൂര്യൻ  വിയർത്ത  വെയിലിൽ
ഭരണ സിരാ കേന്ദ്രത്തിനു വെളിയിൽ
അപകടം  മാത്രം വില്ക്കുന്ന
തകർന്ന തെരുവോരത്ത്
പച്ച മണ്ണിനു വേണ്ടി
നിലനിൽപ്പിനായി
നിൽപ്പ് സമരം ചെയ്യുന്നു

എന്നിട്ടും ഇതൊന്നും കണ്ടില്ലാന്നു
നടിക്കുവോർ
അവരുടെ പകലിനെ അന്യമാക്കി
അവരുടെ പച്ചസൂര്യനെ സ്വന്തമാക്കി
ഓരോ സന്ധ്യയിലും
ആ സൂര്യനെ ബാറുകളിൽ കൊടുത്തു ,
നക്ഷത്രങ്ങളാക്കി ചില്ലറ മാറുന്നവർ ,
അത് എറിഞ്ഞു കൊടുത്തു
അവരുടെ ജീവിതം എന്നും
രാത്രിയുടെ  ഇരുട്ടിൽ നിലനിർത്തുന്നവർ

പണ്ട് ഓടി നടന്നു ഇവരുടെ വോട്ട് ചോദിച്ചവർ
വോട്ടു കിട്ടി ഭരണത്തിൽ എത്തിയോർ
 ഭരിക്കുവാൻ കസേര കിട്ടിയപ്പോൾ
ഭരിക്കുവാനുള്ള സൌകര്യത്തിന്
ഇരിക്കുവാൻ
നടന്നു വന്ന കാൽ പോലും
വഴിയിൽ ഒഴിവാക്കിയോർ

ഇനി നാളെ
ഇവരുടെ നില്ക്കുന്ന കാലുകൾ
നിന്ന് നിന്ന് മരമായി വളരും
അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
തിരിച്ചു  നടക്കും
അവ ആ നഷ്ടപ്പെട്ട ഭൂമികൾ തിരികെ
കൃഷിയുടെ ഭാഷയിൽ
സ്വന്തമാക്കും

അത് വരെ
കാലുകളുടെ മൌനമാകും
ഈ നില്പ്പ്
അപ്പോൾ മൌനങ്ങളുടെ ആകെ തുക
ഒരു ഭരണമാണെന്ന്
വെറുതെ വാഴ്ത്തപ്പെടുമ്പോൾ
സമരം കാണാതൊരു ഭരണം
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ
നിൽപ്പിന്റെ കുത്തൊഴുക്കിൽ
ആ  ഭരണം   ഒരിക്കൽ മൂടോടെ
അഴിമതി പുഴയിൽ തന്നെ
താനെ തനിയെ  ഒലിച്ചു പോകും
വിളഞ്ഞു പഴുത്ത  മലയാളഭാഷയിൽ
കുളിർ കാറ്റു പോലെ അന്ന്
ഒരു വിജ്ഞാപനം  പുറത്തിറങ്ങും
നിൽപ്പ് സമരം പൂർണ വിജയം

Tuesday, 4 November 2014

സ്വപ്നം


നല്ല  തിരക്കുള്ള  സമയം

റോഡിനു ഇരു വശത്തേക്കും നോക്കി
കൈ വിട്ടുപോകാതെ
ചേർത്ത്  പിടിച്ചു
സൂക്ഷിച്ചു
ഒരു കുട്ടിയെ
പെട്ടെന്ന്
തെരുവ് കടത്തുന്നത് പോലെ

മുറിച്ചു  കടക്കാൻ
ഒരു കട്ടിൽ മാത്രം ഉള്ള
വിജനമായ മുറിയിൽ
അപ്രതീക്ഷിതമായി
ധൃതിയിൽ നീ എന്നെ
ഒരു ചുംബനം കടത്തുന്നു

കുട്ടിയെ പോലെ ഞാൻ
പേടിച്ചരണ്ട എന്റെ കണ്ണുകൾ
കൈകൾ പോലെ എന്റെ ചുണ്ടുകൾ

പെട്ടെന്ന് രതി പോലെ
ഒരു വാഹനം
നമ്മളെ തൊട്ടു തൊട്ടില്ല
എന്ന മട്ടിൽ
ഉച്ചത്തിൽ ഒച്ചയുണ്ടാക്കി
വേഗത്തിൽ  കടന്നു പോകുന്നു

പേടിച്ചു സ്തബ്ദയായി പോകുന്ന  നീ

പല തരം   വികാരങ്ങൾ
വാഹനങ്ങൾ പോലെ
അവിടെ വന്നു ഒന്നിച്ചു കൂടി
നമുക്ക് ചുറ്റും ഒച്ച വെച്ച്
കടന്നു പോകുവാൻ
തിരക്ക് കൂട്ടുന്നു

ഉടനെ  തിരിച്ചു
നിന്റെ കൈപിടിക്കുന്ന ഞാൻ

പെട്ടെന്ന് നിശബ്ദമാകുന്ന തെരുവ്

വിദേശത്ത് വച്ച്
ഏതോ പൂന്തോട്ടത്തിൽ ചിത്രീകരിച്ച
ഗാന രംഗത്തിലെയ്ക്ക്
തെരുവ് മാറി
ചുവടു വയ്ക്കുന്നു

പൂക്കളെ പോലെ നിറമുള്ള
വാഹനങ്ങൾ
ഇതൾ വിടര്ത്തി സൌമ്യമായി
ചക്രം എന്ന ചെടിയിൽ
ചതുരത്തിൽ പാർക് ചെയ്യപ്പെടുന്നു

വായുവിൽ കുറച്ചു പൊങ്ങി
കാലുകൾ  ഉയർത്തി
പരസ്പരം കെട്ടിപ്പുണർന്ന് നില്ക്കുന്ന
നമ്മളെ
കട്ടിലിന്റെ മുഖചായ ഉള്ള ക്യാമറ
കുട്ടിയെ പോലെ മുട്ടിലിഴഞ്ഞ്
നിശ്ചല ദൃശ്യമാക്കി
സ്വപ്നത്തിലേയ്ക്കു പകർത്തുന്നുThursday, 23 October 2014

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്  

നിന്നെ സ്നേഹിക്കുവാനായി 
മാത്രം കൂർപ്പിച്ചവയാണ്
ഭൂമിയിലെ എല്ലാ മുള്ളുകളും 
എന്നെ പോലെ


കണ്ണാടി
നിന്റെ ചുണ്ടുകൾ 
രഹസ്യമായി മുഖം നോക്കുന്ന 
കണ്ണാടിയാണ് 
എന്റെ കാതുകൾ


തോരണം
ഒഴുകുന്ന പുഴയിൽ നിന്ന് 
ഇരുകൈ കൊണ്ട് 
ഉലയാതെ 
കോരി എടുക്കണം 
നിന്റെ നാണം കുണുങ്ങുന്ന 
പ്രതിച്ഛായ 
അതിൽ എനിക്കെന്റെ 
മുഖം കൊണ്ട് തീർത്ത
മഴമാല ചാർത്തണം
ഒരിക്കലും അടങ്ങി കിടക്കാത്ത
നിന്റെ കണ്‍പീലിയിൽ
മഴവില്ലരച്ച്
മയിൽപീലി വർണത്തിൽ
മൈലാഞ്ചി പുതപ്പിക്കണം
പിന്നെ എന്റെ കണ്ണിലെ
ഇമകൾ തുറന്ന്
എപ്പോഴും കാണുന്ന
സ്വപ്നത്തിലെ
മായാത്ത തോരണമാക്കണം


മഴയിൽ കുഴിച്ചിടണം

ആഴത്തിൽ കുഴിയെടുത്ത് 
മഴയിൽ കുഴിച്ചിടണം 
ജീവിച്ചു നശിപ്പിച്ച 
ചവിട്ടി നിൽക്കേണ്ട മണ്ണുകൾ

കണ്ണുകൾ

കണ്ണുനീർ 
തിളപ്പിക്കുന്ന അടുപ്പുകളാണ് 
കണ്ണുകൾ


വീടില്ലാത്ത വെയിൽ

സന്ധ്യ ആയാലും 
പോകുവാൻ 
ഒരു വീട് പോലും ഇല്ലാത്ത 
വെയിലുകളും ഉണ്ട് 
അതാണ്‌ പിന്നെ
ഏതെങ്കിലും 
തെരുവ് വിളക്കുകളിൽ
ബൾബോ ട്യൂബോ വിരിച്ചു 
പ്രാണികളെയും ആട്ടി 
ഉറക്കം വരാതെ 
കിടക്കുന്നുണ്ടാവുക


വെടിയുണ്ട

തൊട്ടു തൊട്ടില്ല 
എന്ന മട്ടിൽ വന്ന്
മരണത്തിലേയ്ക്കുള്ള 
വഴി ചോദിക്കുന്നു 
ഹൃദയാകൃതിയിൽ 
രക്തത്തിൽ പൊതിഞ്ഞ 
ഒരു വെടിയുണ്ട


വര

നീ കണ്ണടച്ച് തന്ന 
ചുംബനത്തിൽ 
എന്റെ കണ്‍ പീലികൾ വച്ച് 
കണ്ണ് 
വരച്ചു ചേർക്കുന്നു 
ഞാൻ

വേനൽമഴ

വേനൽ എന്ന 
പുസ്തകം പൊതിയുന്ന
ബ്രൌണ്‍ പേപ്പർ ആണ് 
വെയിൽ
അതിൽ ഒട്ടിച്ചാലും 
ഇളകി പോകുന്ന 
മഴയെന്ന നെയിംസ്ലിപ്


ഉറ 

ഓരോ മഴയത്തും 
ഒരു പുഴയോളം 
പഴവെള്ളം കടൽ 
എടുത്തു വയ്ക്കുന്നുണ്ട്‌ 
നാളത്തെ തിരയ്ക്ക് 
ഇന്നേ ഉറ ഒഴിക്കാൻ


രക്തഗ്രൂപ്പ്

ഓ പോസിറ്റീവ് 
മഞ്ഞു തുള്ളിയുടെ രക്തഗ്രൂപ്പ് 
ഏതു പൂവിനും ചേരും

ചുംബനമഴ

ആഴവും ഒഴുക്കും 
വഴുവഴുപ്പും ഉള്ള 
പുഴയാണ് ചുണ്ട് 
അവിടെ വിജനമായ 
അസമയത്ത് 
കുളിക്കാനിറങ്ങുന്ന 
മഴയാണ് ചുംബനം

പൂരിപ്പിക്കാൻ

മഴ 
ജലം പൂരിപ്പിക്കാതെ സ്ഥലംവിട്ട 
ആകാശം 

ബാർ കോഡ്

മഴ 
ആകാശത്തിൽ ജലത്തിന്റെ 
ബാർ കോഡ്

പഠിപ്പ്

ചിറകില്ലാതെ പറന്നു വന്ന്
ഒഴുക്കുള്ള പുഴയിൽ നീന്തൽ 
പഠിക്കുന്നു മഴത്തുള്ളി

കുഞ്ഞുമുള്ളുകൾ

നീ നിന്റെ കവിളിലെ 
നുണക്കുഴിയിൽ കഴുകി 
മനസ്സിന്റെ തൊട്ടാവാടിയിൽ 
കണ്പീലികൾ കണക്കെ
ഉണക്കാനിടുന്ന നിന്റെ
പ്രണയ മണമുള്ള 
നനുത്ത നാണം 
അതിൽ കാക്കപ്പുള്ളിയുള്ള 
എന്റെ ചുണ്ടുകൾ വന്നിരിക്കാതിരിക്കാൻ 
മന:പൂർവ്വം കൊരുത്തിടുന്ന
നുള്ളിന്റെ മുനയുള്ള കുറുമ്പിന്റെ
കുഞ്ഞുമുള്ളുകൾ


ക്ഷൗരം

ഒഴുക്ക് പതച്ച്
വെള്ളം പുതച്ചു
ഓരോ തവണയും
വളരുന്ന മണൽ
ക്ഷൗരം ചെയ്യുന്ന
നരച്ച പുഴ
 ജീവിതം

ഓരോ തവണയും 
രക്തം കൊണ്ട് 
പാടുപെട്ട് കത്തിച്ചെടുക്കുന്ന 
ഹൃദയം 
വെറുമൊരു 
ശ്വാസം കൊണ്ട് 
ഊതി അണയ്ക്കുന്ന
പാപത്തിനു 
അനുഭവിക്കുന്ന 
ശിക്ഷയായി ജീവിതം


പ്രതീക്ഷ

അവസാന പ്രതീക്ഷ എന്നോണം 
ഒരു മരത്തോളം കയറി, 
ജീവിച്ചിരിക്കുവാൻ വേണ്ടി മാത്രം 
ഇലകൾക്ക് കടം കൊടുത്ത ശ്വാസങ്ങൾ
തിരിച്ചു ചോദിക്കണം 
തന്നില്ലെങ്കിൽ ബാക്കി ശ്വാസം 
അങ്ങ് ഊതി കളഞ്ഞു 
മനുഷ്യന് എതിരായി 
മരങ്ങൾക്ക് വേണ്ടി മാത്രം 
മരച്ചോട്ടിൽ ഇരുന്നു 
ഭൂഗുരുത്വാകർഷണം
കണ്ടുപിടിച്ച ന്യൂട്ടനെ
ഇലയുടെ മുകളിൽ
കയറി നിന്ന്
വിശ്വാസത്തിന്റെ പുറത്തു
പരസ്യമായി വെല്ലുവിളിക്കണം


ഒറ്റപ്പെടൽ

ചില രാത്രികളിൽ
ഭീകര സ്വപനങ്ങളുടെ പരസ്യങ്ങൾക്കിടയിൽ
ഉറങ്ങാൻ വൈകി
സാവധാനം ഉണർന്നു വരുന്ന
വിരസ ദിവസങ്ങളിൽ
വല്ലാതെ ഒറ്റപ്പെട്ടു പോകാറുണ്ട്
അന്ന് ചിലപ്പോൾ ഒരു ആകാശം പോലും
ഒറ്റയ്ക്ക് ഏതെങ്കിലും ഒറ്റ നിറം 
വെയിലു കൊണ്ട് അടിച്ചു തീർക്കേണ്ടി വരും
വൈകുന്നത് വരെ ആ ആകാശം ഒറ്റയ്ക്ക്
ചുമക്കേണ്ടി വരും
ചിലപ്പോൾ ഒരു രോഗിയെ പോലെ ചുമച്ചു
പോയെന്നു വരും
അപ്പോൾ മേൽവേദന ഒന്നിറക്കി വയ്ക്കാൻ
മേൽവിലാസം ഇല്ലാത്ത
ഒരു ചിരി ചിരിച്ചെന്നു വരും
ആ ചിരി ആരും കൈപറ്റാതെ
ഭ്രാന്തൻ എന്ന മുദ്ര കുത്തി
ഒരു രൂക്ഷ നോട്ടത്തോടെ
തിരിച്ചു വന്നെന്നു വരും
അപ്പോൾ സങ്കടം ഒന്നിറക്കി വയ്ക്കാൻ
ഒരു തീവണ്ടി പാളത്തിന്റെ തണുപ്പിനെ
ആരെയും നോവിക്കാതെ ചുംബിക്കുവാൻ
ശ്രമിച്ചെന്നും വരും
ആ ചുംബനത്തിന്റെ കടുപ്പത്തിലാണ്
പാളങ്ങളുടെ കാഠിന്യം പോലും
മനസ്സലിഞ്ഞു ഏതോ പേരറിയാത്ത
പ്രണയിനിയുടെ മുലകൾ പോലെ
മൃദുലമായി പോയിട്ടുണ്ടാവുകതാലി

എന്റെ ഹൃദയമിടിപ്പുകൾ
ശ്വസോച്ച്വാസത്തിൽ കോർത്ത്‌
നിനക്കായി തീർത്ത താലി


അടക്കൽ

ഞാൻ മരിച്ചാൽ
നിന്റെ ചുണ്ടിൽ അടക്കണം
എന്റെ  ചിരി


അക്വേറിയം

കടുത്ത ദാഹം നോക്കി നില്ക്കുന്നു
നാരങ്ങ അല്ലികൾ നീന്തുന്ന
ഉപ്പിട്ട തണുത്ത ഒരു അക്വേറിയം


വിശപ്പിന്റെ ചിത്രം

ഓരോ മഴയും
എന്നോ കെട്ടു പോയ തീയാണ്
പൊള്ളുന്ന ചൂട് കൈവിട്ടു
തണുത്ത് താഴേക്ക്‌ വീണു പോയത്
ആകാശം സ്വപ്നം കണ്ടു
കത്തി മുകളിലേയ്ക്ക്
ഉയർന്നു പോയത്
അണയ്ക്കുവാൻ
ആരും ഇല്ലാത്തതു കൊണ്ട്
സ്വയം തണുത്ത്
അണഞ്ഞു പോയത്
ഭാരമില്ലാതെ
മേഘത്തിൽ ചെന്ന് തട്ടി
ശാപമോക്ഷം കിട്ടിയത്
കത്താൻ ഒന്നും
ഇല്ലാത്തതു കൊണ്ട് എന്നോ കെട്ടു പോയ
പേരില്ലാത്ത തീ
എന്നാലും ഓരോ തീയും
രക്തത്തിൽ
വെള്ളം ചേർത്ത്
ജീവ വായു ഊതി
അമ്മയെ പോലെ
ഏതോ വീട്ടമ്മ വരച്ച
എന്നും പൊള്ളുന്ന
അടുപ്പിലെ വിശപ്പിന്റെ
ചിത്രം തന്നെയാണ്


പുഴക്കരയിലെ തോണികൾ

നിന്നെ പിരിഞ്ഞു കഴിഞ്ഞാൽ
നീ തിരികെ വരുന്നത് വരെ
എന്റെ കണ്ണുകളാണ്
പുഴക്കരയിലെ തോണികൾ


ഊഴം
വെളുപ്പിനുണര്ന്ന ഉപ്പൻ
വിശന്ന്
ഭക്ഷണം തേടി നടക്കുന്നു
കണ്ണിൽ ഒന്നും കാണാഞ്ഞ്
ദാഹിച്ചു
പെയ്തിറങ്ങിയ മഴ
പിടിച്ചു വിഴുങ്ങുന്നു
എന്നിട്ടും വിശപ്പ്‌ മാറാതെ 
അവസാനം
സ്വന്തം കണ്ണ് ചുട്ടു തിന്നുന്നു
അപ്പോഴും വോട്ടിട്ട് തീരാതെ
വിശക്കുന്ന ജനം
കൈവിരലും കുടിച്ചു
വരിവരിയായി
ബൂത്തിൽ
ഊഴം കാത്തു നില്ക്കുന്നു


ഹർത്താൽ

വിജനത ഇട്ടു പൂട്ടിയ
പഴഞ്ചൻ തെരുവാണ്
ഹർത്താൽ,
അവിടെ
പാർട്ടികളുടെ തുറുപ്പു
ചീട്ടിറക്കി
കളിച്ചു തോറ്റ
കുണുക്കിട്ട താഴുകൾ, 
നാവു തുറക്കാൻ
മടിക്കുന്ന
താക്കോല് പോലുള്ള
ജനങ്ങളെ
കാത്തു കിടന്ന്
മുഷിയുന്നു


പൂത്തുലയുന്നത്

ഭൂമിയിലെ ഏറ്റവും മൂര്ച്ചയുള്ള
മുള്ളുകൾ കൂർപ്പിച്ചു
ഇരുനിറങ്ങളിൽ
പുഷ്പം പോലെ തീർത്ത
നിന്റെ കണ്ണുകൾ,
കാഴ്ച
എന്ന മണം പരത്തി
പുലരിയിലേയ്ക്കു വിടരുന്നു
തണുക്കുന്ന പ്രഭാതം
കുളിക്കാൻ മടിച്ചു
നീ ഒരു മഴയരച്ചു
മുടിയിൽ പുരട്ടുന്നു
മുടി മഴയാകുന്നു
നീ പുഴയാകുന്നു
മഴയ്ക്കും പുഴയ്ക്കും
ഇടയിൽ ഞാനെന്ന
പൂത്തുലഞ്ഞ തോണി
പകൽ മിച്ചം വച്ച നിറം
കൂട്ടി വച്ച് ഇന്നലെസന്ധ്യക്ക്
വിരിഞ്ഞ മുല്ലപ്പൂക്കൾ
പകലിനോട് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചു രാത്രി മുഴുവൻ
ഉറക്കം ഒഴിഞ്ഞു
കുളിക്കാതെ സുഗന്ധം
മോഹിച്ചു
നിന്റെ മുടിയിൽ നിന്ന്
ഒരു ഇഴ അടർത്തി
തലയിൽ ചൂടുന്നു


പ്രദക്ഷിണം

ഇലത്തിരിയിൽ
മഴത്തുള്ളി കത്തിച്ച; നിലവിളക്കുകൾ,
കാറ്റിന്റെ പ്രദക്ഷിണം