Wednesday, 25 February 2015

നമ്മൾ ഇരുകൊമ്പിൽ മാങ്ങകളായി പിടിക്കുന്നു പരസ്പരം തിന്നുന്നു

ഒരു തിങ്കളാഴ്ച ആണെന്നുള്ള
ആലസ്യത്തിൽ മാനത്ത്
കുറച്ചു വൈകി ഉദിക്കുന്ന അലസചന്ദ്രൻ
താഴെ വിജനതയിൽ ഒഴുകുന്ന തെളിനീർപുഴ
കരയിലെ ഒരൊറ്റ മരം 
നിലാവിന്റെ വെട്ടത്തിൽ; പുഴ-
ഓളങ്ങളിൽ തെറ്റി കാണുന്ന
വെട്ടിത്തിളങ്ങുന്ന സ്വപ്നം
അതിൽ മരം;
ചേറ്റിൽ തെറ്റി വിരിഞ്ഞ രാതാമര
പുഴയോ; പൂത്തുലയുന്ന രാത്രി മഴ!
നനയുന്ന ഇതൾ നാണങ്ങൾ
തീപിടിച്ച ജലത്തുള്ളികൾ
ജലശീൽക്കാരങ്ങൾ
തോരാത്ത മഴയിൽ ഇടയ്ക്കിടെ
നിർവൃതി കുട നിവർത്തി
ഇതൾ കുടയുന്ന താമര
തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ..
ആകാശം ആ സ്വപ്നം
അരണ്ട വെളിച്ചത്തിൽ ഒളിച്ചു കണ്ട മാതിരി
മേഘങ്ങൾ മാനത്ത്
ഉരുണ്ടു കൂടുന്നു
ഇടയ്ക്കിടെ തെളിയുന്ന ഒറ്റനക്ഷത്രത്തിന്റെ
മൂക്കൂത്തിത്തിളക്കം
അഴിച്ചിട്ട മുടിപോലെ ഇളകുന്ന മേഘങ്ങൾ
ആരോ മുത്തി കുടുക്കഴിച്ച പോൽ
താഴേക്കിറ്റുവീഴുന്ന ജലത്തുള്ളികൾ
അതിന്റെ മുലയാഴങ്ങളിൽ
ആരോ പരതിയ പോൽ
തെളിയുന്ന വിരിയാൻ കൊതിക്കുന്ന
ഞെട്ടറ്റ പൂമൊട്ടുകൾ..
അത് തട്ടിയെന്ന പോൽ
പെട്ടെന്ന് ഇരു സ്വപ്നങ്ങളിൽ
നിന്ന് ഒരുമിച്ച് ഞെട്ടി ഉണരുന്ന
നമ്മൾ
അടുത്തടുത്ത്‌ മുട്ടിഉരുമി നില്ക്കുന്ന
മകരമാവിലെ
ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ
അതിൽ പെട്ടെന്ന് നമ്മൾ രണ്ടു മാങ്ങകളായി പിടിക്കുന്നു
വെളുക്കുവോളം ഉപ്പുമ്മ ചേർത്ത്
പരസ്പരം കടിച്ചു തിന്നുന്നു!

7 comments:

 1. ഈ മാങ്ങകള്‍ പ്രേമാങ്ങകള്‍

  ReplyDelete
  Replies
  1. അജിത്‌ ഭായ് നന്ദി വളരെ നന്ദി അജിത്‌ ഭായിയുടെ ഒരു അഭാവം വ്യക്തമായി ഫീൽ ചെയ്തിരുന്നു പക്ഷെ എന്താ അജിത്‌ ഭായ് വരാത്തത് എന്ന് ചോദിക്കാനുള്ള ഒരു ധൈര്യം എഴുത്തിൽ ഇപ്പോഴും ഇല്ല, അത് കൊണ്ട് ഫേസ് ബുക്കിൽ വരും അജിത്‌ ഭായ് ഹാപ്പി ആയി ഇരിക്കുന്നോ എന്ന് ശ്രദ്ധിക്കും തിരിച്ചു പോരും സന്തോഷം കാണുമ്പോൾ അത് പോലെ ഓര്ക്കുന്ന മറ്റൊരു പേര്, തങ്കപ്പൻ ചേട്ടൻ, പിന്നെ സൌഗന്ധികം ഡിസംബർ കഴിഞ്ഞു കാണാം എന്നൊരു സന്ദേശം എവിടെയോ കണ്ടിരുന്നു സുഖായി ഇരിക്കുന്നു എന്ന് കരുതുന്നു

   Delete
 2. ഇത്രയും നല്ല ഒരു രാത്രിയുടെ ഭംഗി മുഴുവൻ ആസ്വദിയ്ക്കാതെ, കുടുക്കഴിച്ച മുലയാഴങ്ങളും വിരിയാൻ കൊതിയ്ക്കുന്ന പൂമൊട്ടുകളും കളഞ്ഞ് മാങ്ങകളായി മാറിയത് കഷ്ട്ടമായി പ്പോയി.

  ReplyDelete
  Replies
  1. തുറന്നു പറയാല്ലോ ബിപിൻ ചേട്ടായി കവിതയിൽ ഇപ്പോഴും സദാചാര വാദിയാണ് എന്നിലെ എഴുത്തുകാരൻ മുല എന്ന പദം ഉപയോഗിക്കാൻ (എഴുത്തിൽ ആണേ ) ഇന്നും നാണമാണ്
   മറ്റൊരു കവിതയിൽ മാത്രമേ ആ പദം ഞാൻ ഉപയോഗിച്ചിട്ടുള്ളൂ അതും കുറെ കഴിഞ്ഞു വന്നു എഡിറ്റ്‌ ചെയ്തു ഇടുകയായിരുന്നു അത് തലവച്ച തീവണ്ടി പാളം പ്രണയിനിയുടെ മുലകൾ പോലെ മ്രുദുലമായതു എന്ന വരികൾ അവിടെ മാറിടം എന്ന് എഴുതി ആണ് പോസ്റ്റ്‌ ചെയ്തത് എഡിറ്റിനു മുമ്പ് പക്ഷെ മുലയ്ക്കു ഒരു ആഴം എന്ന സങ്കല്പം മനസ്സിൽ തോന്നി അതാണ്‌ ആ വാക്കിന്റെ ഭംഗിയും വളരെ സ്നേഹം ഈ ആധികാരികമായ വിലയിരുത്തലിനു

   Delete
 3. ഇരുകൊമ്പുകളിൽ ചാഞ്ഞു പടർന്നുകയറുന്ന നമ്മൾ
  അതിൽ പെട്ടെന്ന് നമ്മൾ രണ്ടു മാങ്ങകളായി പിടിക്കുന്നു
  വെളുക്കുവോളം ഉപ്പുമ്മ ചേർത്ത്
  പരസ്പരം കടിച്ചു തിന്നുന്നു!

  ReplyDelete
  Replies
  1. ഡോക്ടര വളരെ നന്ദി ഈ വായനയ്ക്ക് എന്നും തരുന്ന സ്നേഹ പ്രോത്സാഹന പിന്തുണയ്ക്ക്‌

   Delete
 4. നനയുന്ന ഇതൾ നാണങ്ങൾ
  തീപിടിച്ച ജലത്തുള്ളികൾ
  ജലശീൽക്കാരങ്ങൾ
  തോരാത്ത മഴയിൽ ഇടയ്ക്കിടെ
  നിർവൃതി കുട നിവർത്തി
  ഇതൾ കുടയുന്ന താമര
  തുള്ളിച്ചിതറുന്ന വെള്ളത്തുള്ളികൾ..

  ReplyDelete