Skip to main content

Posts

Showing posts from March, 2019

നിന്റേതല്ലാത്ത

മഴച്ചാറ്റൽ കുത്തിക്കെട്ടുള്ള എന്റെ പുസ്തകമേ എന്റെ നെഞ്ചിന്റെ പുറഞ്ചട്ട കഴിഞ്ഞ് മടുപ്പുകളുടെ ആമുഖവും എന്റേതല്ലാത്ത മിടിപ്പും കഴിഞ്ഞ് ആ നിശ്ശബ്ദതയുടെ താള് ചുംബനം തൊടാതെ മറിയ്ക്കുമ്പോൾ പറയണേ. നിന്റേതല്ലാത്ത ഒരേകാന്തതയുണ്ടാവും അവിടെ.

ഉടലിൽ തെറ്റ് മേയാനിറങ്ങുന്ന ഇടങ്ങൾ

ഏതോ നക്ഷത്രം പിടിച്ചിട്ടുണ്ട് എറിഞ്ഞു കളഞ്ഞ രാത്രിയെ ഇന്നലെയുടെ കൂൺ പോലെ നിലാവിൽ പിടിച്ചുനിൽക്കുന്നു ചന്ദ്രൻ. ഞാനും പിടിച്ചുനിൽക്കുന്നുണ്ട് കവിതയിൽ. പുറത്ത് കവിത തഴച്ചുവളരുന്ന ഒച്ച അതെടുത്ത് അകത്തുവെയ്ക്കുന്നുണ്ട് ചില വിരലുകൾ കാട് ഏകാന്തതയുടെ വേര് അത് വല്ലപ്പോഴും പുറത്തെടുത്ത് സന്ധ്യയുടെ നിറം കൊടുത്ത് അകത്ത് വെയ്ക്കുമായിരുന്നു സ്വന്തമായി ഉണ്ടായിരുന്ന മറവികൾ ഉള്ളത് പരാജയത്തിന്റെ സൂചി എന്റെ പൊരുതലുകൾ എന്നും ഉള്ളിൽനിന്നും തുന്നിത്തന്നുകൊണ്ടിരുന്നതും അതാണ് വിരലുകളിൽ ഒന്നുമാത്രം അരുവി അതിന് ഒറ്റപ്പെടലിന്റെ ഒഴുക്ക് തെരക്കുകൊടുത്ത് വളർത്തിയതാവണം വിരലുകൾ ബാക്കിയുള്ളതെല്ലാം അനുവാദം പൊതുവേ നേരത്തിന്റെ കണക്കെടുത്ത് അനുവാദമില്ലായ്മകളോടുള്ള മാപ്പുചോദിപ്പുകളാണല്ലോ ജീവിതം ഇരുട്ടിയിട്ടുണ്ട് ഉടലിന്റെ വിലക്കുണ്ട് കൈകളിൽ വിലങ്ങും ഇനി വിരലുകളെ മേയ്ക്കുവാനിറങ്ങട്ടെ ഞാനും ഇതുവരെ ചെയ്ത തെറ്റുകളും.

പഴയത്

നീ പഴയ ഒരു ശിവൻ നിന്റെ ശ്മശാനം പഴയത് അതിൽ അടക്കപ്പെട്ട ശവങ്ങൾ പഴയത് നിന്റെ നൃത്തം പഴയത് ഢമരുകം പഴയത് നീ പഴക്കത്തെ അതിലും പഴയനോട്ടം കൊണ്ട് നോക്കി പുതുക്കുന്നവൻ നിന്റെ നോട്ടം പഴക്കം ശബ്ദം നിരോധിച്ചത് നിന്റെ ഉടലിൽ മഴയുടെ ഭസ്മം കഴുത്തിൽ വിഷത്തിന്റെ നഗ്നത നിന്നിൽ ഞാൻ ഇഴയുന്ന പാമ്പ് ജടയിൽ അഴിയുന്ന അടിമ അരക്കെട്ടിൽ അരക്കെട്ടഴിയുന്ന ശബ്ദത്തിൽ അരക്കെട്ടിന്റെ ശ്മശാനത്തിൽ ഞാൻ ഉറഞ്ഞകറുപ്പ് ഉലയുന്ന നീല ഉടലിലെ ഉലയുന്ന നീലയിൽ അലയുന്ന ജ്വാല കൺതടം നദി ഇമകളിൽ തടാകം പുരികം നദീതടം നീ ദിവസേന ഓരോ ഉടൽ കൊണ്ടു കളഞ്ഞിട്ടു വരുന്ന ഒരാൾ ഒരാൾദൈവം എനിയ്ക്ക് തൂവൽ കൊണ്ട് കളഞ്ഞിട്ടു വരുന്ന ദൈവത്തിന്റെ കുരുവിയാകുന്നു നേരം നീ നഷ്ടപ്പെടുന്നവയൊക്കെ പ്രണയമാക്കുന്നവന്റെ ദൈവം നിന്റെ നഷ്ടപ്പെടലുകളിൽ എന്റെ ശവത്തിന്റെ ചുണ്ട് അത് കൊണ്ട് നിനക്ക് അതിജീവനത്തിന്റെ തീ പിടിച്ച ചുംബനം.

തീവണ്ടിയുടെ ഫിലിംറോൾ

പുറപ്പെട്ട് പോകുന്ന പകൽ നീ നൃത്തത്തിന്റെ വേരുള്ള ഇലയുടെ ഗുഹ്യഭാഗമുള്ള മരം നീ ജാലകങ്ങൾ മേയുന്ന തീവണ്ടിയുടെ കാട് നീ ഓടക്കുഴൽ സുഷിരങ്ങൾ കൂട്ടിയിട്ട കുന്ന് നിന്നിൽ മേയുന്നു മീനുകൾ നിന്നിൽ നിന്നും കുന്നിറങ്ങുന്നു മഴ എന്തോ കണ്ട് പേടിച്ചിട്ടുണ്ട് നീ ഭ്രാന്തിന്റെ തകിട് കോർത്ത് നിന്നിൽ ജപിച്ചുകെട്ടുന്നുണ്ട് എന്റെ ചുണ്ടുകൾ നിന്നിൽ ഒഴുകുന്നു വെള്ളാരം കല്ലുകൾ പിടിയ്ക്കുന്ന പുഴ നീ ചില്ലകളുടെ ഒഴുക്കുള്ള കിളികളുടെ കടവുള്ള മരം നിന്റെ കരയിൽ കുത്തിയിരിക്കുന്നു ഇലനൊണച്ചിപകൽ നിന്നിൽ നനയുന്നു ഇലകൾ അതിന്റെ ഒച്ച തീവണ്ടിയുടെ വാതിലാവുന്നു വാതിലറിയാതെ തീവണ്ടി പിൻവലിയ്ക്കുന്ന വേരുകൾ നിന്നിൽ പിൻകഴുത്തുള്ള പാളങ്ങൾ നിന്റെ പകൽ പുഴയ്ക്കകം ഒഴിച്ചുവെച്ചിരിയ്ക്കുന്ന കുപ്പി അവിടെ വാതിൽ നിർത്തി മടങ്ങിപ്പോകുന്നതെല്ലാം തീവണ്ടി മടങ്ങിപ്പോയ തീവണ്ടി തൊട്ടാവാടിച്ചെടിയാവുകയും അതിൽ എന്റെ മിടിപ്പുകൾ വാതിലിന്റെ കൊത്തുപണി ചെയ്ത ഇലയാവുകയും ചെയ്തേക്കാം ഇറങ്ങരുത് ഇറങ്ങുക എന്നാൽ ഉള്ളുകൊണ്ടുള്ള മുള്ളാവുകയാണ് അത് നിന്റെ ഇമകൾ ഞാനെന്ന തീവണ്ടിയുടെ പ്ലാറ്റ്ഫോം ആകുന്നതങ്ങിനാവാം അവിടെ നമ്മൾ കൊണ്ടുനിർത്തപ

സമയമേ നിശ്ശബ്ദതയുടെ സൂചിയേ

രണ്ടുകവിൾ നി ശ്ശ ബ്ദത കുടിയ്ക്കാനെടുക്കുന്ന സമയം ചുണ്ടുകളുടെ ഘടികാരം മിണ്ടുക എന്നതിന്റെ നിമിഷസൂചി ചുംബനം ചുറ്റിവരാനെടുക്കുന്ന മണിക്കൂർ തലം ചുണ്ടുകളുടെ ഘടികാരം തൂക്കിയിട്ടു നടക്കുന്ന രണ്ടുചുവരുകളാകുന്നു മുഖങ്ങൾ മുഖത്തിന്റെ ചുവരും നഖത്തിന്റെ ജാലകവുമുള്ള ഒരാൾ വീടിനകത്ത് കൂടുകൂട്ടിയ മനുഷ്യൻ ഉടൽ സമയത്തിന്റെ നാൽക്കാലികൾ മുഖമുയർത്തി നോക്കുന്ന ഇടങ്ങൾ തണലിനടിയിലെ ഘടികാരമേ അതിന്റെ സമയം നട്ടുനനയ്ക്കുന്ന കറുത്ത സൂചിയേ പ്രാവിന്റെ നടത്തത്തിന്റെ പാവയാവുന്ന തണൽ ഉടൽ പെൻഡുലങ്ങൾ മഴ വളർത്തിയിരിക്കുന്നു തോർന്ന ഇടത്തിന്റെ ഗുഹകളിൽ പായലിന്റെ ഉടൽ തെന്നി വീഴും നിഴൽ നടത്തത്തിന്റെ പാവയുള്ള പ്രാവ് ഘടികാരങ്ങൾ പെൻഡുലങ്ങൾ മേയ്ക്കുവാനിറങ്ങുന്ന ഇടങ്ങൾ ഇടയ്ക്കിടെ ചന്ദ്രൻ പുറത്തേയ്ക്ക് വരുന്ന നിലാവിന്റെ ഗുഹ മരണമെന്ന അവയവം രാത്രി പ്രാവിന്റെ നടത്തം മേയ്ക്കുവാനിറങ്ങുന്ന ഒരിടം ഉടലാവുന്നു.

ഏകാന്തതയെ കുറിച്ച് അനന്തമായി

കുമ്പിൽ കുത്തി നനച്ചെടുക്കുന്നു. വയണയിലമണമുള്ള ഏകാന്തത. ഒരു പക്ഷേ നിന്റെ ഇന്നത്തെ മൂന്നാമത്തെ ഏകാന്തത ആദ്യത്തേത് രണ്ടും ഞാനെടുക്കുന്നു. അതും തോരുന്നതിനിടയ്ക്ക് ഇരുവശത്തും മഴയുള്ള ഒരിടവേള നീയെടുക്കുക വിരസത ഒരില മരം അവിടെ അത് പൂരിപ്പിക്കാതെ വിടുന്ന ഒരിടം അനന്തമായ ഇടവേള അടക്കം ചെയ്ത പെട്ടി ശവക്കുഴിയുടെ ആഴത്തിലേയ്ക്ക് ഇറക്കിവെച്ച് തീരാത്തത് മൺതരികൾ ചൊരിഞ്ഞു വീഴുന്ന ഒച്ച തരികൾ കുത്തനെവീഴുമ്പോഴും ഒച്ചമാത്രം ചെരിയുന്നത് ചെരിഞ്ഞ കാത് ചെരിവുള്ള പാട്ട് പാട്ടിന്  നടുവിൽ പാട്ടിനിടയിൽ കുത്തനെ കുത്തിനിർത്തിയ നിശ്ശബ്ദത ഓരോ വരിയിലും പാട്ടിലും മൺതരികൾവീഴുന്ന ശബ്ദം. ഒരിത്തിരി ഉയരത്തിൽ മഴ ചതുരത്തിലെടുത്ത കുഴിയാകുന്നു. അനന്തമായി തോരുന്ന മഴത്തുള്ളി അതിന് നിന്റെ വിരലിന്റെ വയലിൻ മണം..

രാത്രിമൂന്നാമൻ

എന്റെ കാതിന്റെ ഭാരത്തെ നോക്കിയിരിക്കുന്നു കേൾക്കുന്ന പാട്ടും ഭൂമിയുടെ നേരമ്പോക്കും ഇരുട്ട് കുന്നിമണികളെ വന്നെത്തിനോക്കുമ്പോലെ കൃഷ്ണമണിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉരുളുന്ന ഭാരമില്ലാത്ത നേരം അവൾ മഴവില്ലിന്റെ മണമുള്ളവൾ അവൾ ഭ്രാന്തിന്റെ മാലയിട്ട, എന്റെ മനസ്സിന്റെ ഫോട്ടോ അവളുടെ മടിയിൽ എന്റെ ആടുന്ന നാലുമയിലുകൾ അവളുടെ കാലുകൾക്ക് താഴേയ്ക്ക് ഉമ്മറപ്പടിയുടെ ഒഴുക്ക് അരികിൽ അവളുടെ ഉപബോധത്തിന്റെ പാളിയുള്ള എന്നിലേയ്ക്ക് തുറക്കുന്ന നാലുമണിജനൽ അരയ്ക്ക് താഴെ വൈകുന്നേരം മുകളിലേയ്ക്ക് ഓലപോലെ വിരിഞ്ഞുകിടക്കുന്ന രണ്ടുയിരുകൾ അടർന്നുവീണ മടലുകൾ പോലെ കീറിമെടഞ്ഞ രണ്ടുടലുകളുടെ നിസ്സഹായത നേരം അരക്കെട്ടിന് മുകളിലേയ്ക്ക് കൊളുത്തിവെച്ച രണ്ടുമെഴുകുതിരികൾ രാത്രി  മറ്റൊരു ദിവസത്തെ നക്ഷത്രം മൂന്നാമൻ ഇറ്റുവീഴും നടത്തങ്ങൾ..