Popular Posts

Friday, 26 April 2019

താഴുകൾ നിർമ്മിക്കപ്പെടുന്ന വിധം

ഒരു നിശ്വാസം
കുത്തിതുറന്നെടുക്കുന്നു.

ആശ്വാസങ്ങളുടെ താഴ്

നൃത്തത്തിന്റേയും
കാത്തിരിപ്പിന്റേയും
രണ്ടേരണ്ടു മുറികൾ

രണ്ടുനേരവും
നെടുവീർപ്പായ ഒരു മരം
അതിന് വേരിന്റെ താഴ്

കടവ് താഴേ വരത്തക്കവണ്ണം
പടവുകൾ താഴേയ്ക്കിടുന്നു
താഴെ വീഴുമ്പോലെ
ഇലകളും

കണ്ണെഴുതിയത്
പോലെ
അകലത്തായൊരു തോണി

അഥവാ

മറന്നുപോയവനെ
എപ്പോഴും
മരിച്ചനിലയിൽ
കാണപ്പെടുന്ന ഇടം

അവന്റെ
ഒറ്റത്തൂവൽ സെമിത്തേരി.

നമ്മളേക്കുറിച്ച്

നമ്മൾ അരക്കെട്ടുകളുടെ രണ്ട്
മ്യൂസിയങ്ങൾ

അതിൽ
ചലനങ്ങളാൽ ഉരുക്കിയൊഴിക്കപ്പെട്ട
നൃത്തത്തിന്റെ രണ്ടുകറുത്തീയങ്ങൾ

അതിൽതന്നെ
നീ എന്നോ
ഉരുകിയൊലിയ്ക്കുന്ന
ഈയക്കറുപ്പ്
വെയിലിന്റെ വക്കത്ത് വെച്ച്
ഉരുക്കി
ഉടലിന്റെ പുറത്തേയ്ക്ക്
കൊണ്ടുകളഞ്ഞ
മായ

അന്നുമുതൽ
നീ
എന്നോ എന്ന വാക്കിന്റെ കായ

ഞാൻ എന്നോ എന്ന വാക്ക്
പൊളിച്ചു നോക്കുമ്പോൾ
അതിൽ നിന്നും
എന്നും കിട്ടുന്നു
ഇന്ന്

തെറ്റാകാം
ശരിയാകാം

നീ എന്നോ ചെയ്ത
ആത്മഹത്യയാകുന്നു
ഞാൻ.

Friday, 19 April 2019

മടക്കം

അത്രയും നീണ്ടദൂരം
താണ്ടുവാനാകുമെന്ന് തോന്നുന്നില്ല
ഒറ്റയ്ക്ക് എന്ന് പേരുള്ള
ഒരു തീവണ്ടിയ്ക്ക്.

തീവണ്ടി മുറിച്ച്
ജാലകവുമായി
പാതിദൂരത്തിലിറങ്ങുന്നു

ആരും കേൾക്കുവാനില്ലാത്ത താരാട്ടിലേയ്ക്ക്
ഏകാന്തത കൊണ്ട്
ഒരു തീർത്ഥയാത്രയിലായിരുന്നു

തീവണ്ടിയുടെ ഗർഭപാത്രത്തിലുണ്ടായിരുന്ന
കുട്ടിയാവുന്നു

മെല്ലെ എന്ന ശബ്ദം കൊണ്ട് നിർത്തി
അകത്തു പെയ്യുന്ന മഴ
പുറത്ത്
സഹയാത്രികനാവുന്ന,
ഒരു പുരുഷനാവുന്നു
തീവണ്ടി

നട്ടാൽ കിളിർത്തേക്കും
നടുന്നില്ല,
കിളിർക്കുക മാത്രം ചെയ്യുന്നു

മഴയത്ത്
ഒരു പാട്ട് പഴകുന്ന ഒച്ച,
മിനുങ്ങുന്ന രാത്രിയിൽ

ഇടയ്ക്ക് കാണുന്ന മിന്നാമിന്നിയ്ക്ക്
ഗിറ്റാറായി
ഉടൽ വിട്ടുകൊടുത്ത്
മടങ്ങുന്നു.

Thursday, 18 April 2019

ആക്രിക്കാരി

പുരാതനമായ കവിതകളെടുക്കുന്ന
ഒരാക്രിക്കാരനാകുന്നു
വാക്ക്

അത് ഞാനെടുക്കുന്നു
ഇടയ്ക്കൊക്കെ ഞാനാകുന്നു

ചിലപ്പോഴൊക്കെ ‌
ഞാനവിടെയുണ്ടോ
എന്നത് വിളിച്ചുനോക്കുന്നു

വിളികേൾക്കുന്നതൊക്കെ
നീ

2

നീ
പഴയനൃത്തങ്ങൾ കൊടുക്കുവാനുണ്ടോ?
എന്ന് പുറത്തുനിന്നെവിടെയോ
വിളിച്ചുചോദിയ്ക്കുന്ന
ഒരുത്തി

ഞാൻ പഴയ നടത്തങ്ങൾ മാത്രം
കൊടുക്കുവാനുള്ള ഒരാൾ

ഉള്ളുമുഴുവൻ
കൊടുക്കുവാനുള്ളത് പോലെ
ഞാൻ പുറത്തേയ്ക്കിറങ്ങുന്നു

പഴയനടത്തങ്ങളെടുക്കുമോ?
വിളിച്ചുചോദിയ്ക്കുന്നു ഞാൻ

ചോദ്യം കൊണ്ട് ഞാനൊരു കുഞ്ഞ്

വാക്കുകൾ കൊണ്ടെന്നെ വാരി
നോക്കുകൾ കൊണ്ടെന്നെ കോരിയെടുക്കുന്ന
നീ

നീ നൃത്തത്തിന്റെ അമ്മ

നോട്ടം കൊണ്ട് നീ പഴയ
കെട്ടുപോയ തീകൾ
എടുത്തിരുന്ന
വീട്ടമ്മ

കെട്ടിട്ടില്ല
അതേപോലെ
പൊള്ളുന്ന
നിന്റെ ഉടൽ

ഞാൻ കൊടുത്ത വാക്കുപോലെ
ഒക്കത്തൊരു കുഞ്ഞ്

ഇപ്പോൾ
അവളും ഒരാക്രിക്കാരി
പഴയ പ്രണയങ്ങൾ
കൊടുക്കുവാനുണ്ടോ???

അതാണവളുടെ
ഇപ്പോഴത്തെ ഉറക്കെയുള്ള
ചോദ്യം!

Friday, 5 April 2019

മീനാശാരി

ഇലജ്യാമിതീയം

പകൽ
തികയാത്ത ദിവസം
കണക്കിൽ
പിറകിലായ കുട്ടിയുടെ
ഇൻസ്ട്രമെൻറ് ബോക്സിൽ
കയറി,
രക്ഷിതാക്കളുടെ ഇലയുള്ള
മരം
വേരെടുക്കാതെ
ശിശിരത്തിന്റെ ക്ലാസിൽ വരും

തലേന്ന്,
നിലാവിന്റെ കടമുള്ള രാത്രി

മൂർച്ച തീരെയില്ലാത്ത
കോമ്പസിനോട്
ഒരു റൂളിപ്പെൻസിലിന്റെ
കറുപ്പ്
കടം ചോദിയ്ക്കുന്ന ഇരുട്ട്

വരയോട് ചേർന്ന്
കുത്തുകളോട്  ചേർത്ത്
അക്ഷരങ്ങളേ സ്നേഹിച്ച്
അക്കങ്ങൾക്ക് മുനയിട്ട്
ജ്യാമിതീയങ്ങളോട്
മുഖം കറുപ്പിച്ച്
ക്ലാസിലിരിയ്ക്കുന്ന കുട്ടി
സമയം

അരികിൽ
ആശാരിച്ചെവി എടുത്തണിഞ്ഞ്
കോമ്പസിന്റെ
സുഷിരം

കുട്ടി
മരയാശാരിയായും
അദ്ധ്യാപകൻ അടുത്ത
പറമ്പിലെ മരമായും
അടുത്ത ജന്മത്തിലെ
ഒരൊഴിഞ്ഞ പീരിയഡിൽ
ക്ലാസിന് പുറത്തിറങ്ങും

രാത്രി പന്ത്രണ്ട് മണി

മാനത്ത്
മറ്റൊരു ദിവസത്തെ രാത്രിയുടെ പണിപൂർത്തിയാക്കിയ
നക്ഷത്രമേശിരി

വിശ്രമിയ്ക്കുന്ന ചന്ദ്രൻ

ചെവിയിൽ നിലാവിന്റെ പുകച്ചുരുൾ

അളവഴകുകൾ
കൃത്യമായിചേർത്ത്
തിരകളിൽ
പിറ്റേന്നത്തേയ്ക്കുള്ള കടൽ
കൃത്യമായി പണിഞ്ഞ്
വെള്ളത്തിൽ നീണ്ടുനിവർന്നുകിടക്കുന്ന
ചലനങ്ങളുള്ള കാലം

അരികളവുകളിൽ
ചീഞ്ഞുപോകാത്ത അന്നിന്റെ മീനാശാരി.